അരുവിപ്പുറം പ്രതിഷ്ഠക്ക് 125 വയസ്സാകുമ്പോള്‍..

ഡേവീസ് വളര്‍ക്കാവ്‌ പ്രാധാന്യം ആയിരത്തിലധികം വര്‍ഷങ്ങളായി ജാതിമേധാവിത്വത്തിന്റെ പടിയില്‍ അമര്‍ന്ന് കഴിഞ്ഞിരുന്ന കേരളീയ സമൂഹത്തെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിക്കുന്ന സംഭവങ്ങളുടെ നാന്ദി കുറിക്കുന്നത് 1888-ല്‍ അരുവിപ്പുറത്തെ പ്രതിഷ്ഠയിലൂടെയാണല്ലോ. ആയതിന് നേതൃത്വം നല്‍കിയതോ ധ്യാനനിരതനും കര്‍മ്മയോഗിയുമായ നാരായണ ഗുരുവും. 1888 മുതല്‍ 1928 വരെയുള്ള കേരളീയ സാമൂഹ്യ മുന്നേറ്റങ്ങളെ സ്വാധീനിച്ച ഈ വ്യക്തിത്വവും, ചിന്തകളും ആധുനിക കേരളം അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്നും സഹായകമാണെന്നത് ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ നാനാവിധത്തില്‍ വികൃതമാക്കപ്പെട്ട ശ്രീനാരായണ ദര്‍ശനത്തെ ആയതിന്റെ […]

sree

ഡേവീസ് വളര്‍ക്കാവ്‌

പ്രാധാന്യം
ആയിരത്തിലധികം വര്‍ഷങ്ങളായി ജാതിമേധാവിത്വത്തിന്റെ പടിയില്‍ അമര്‍ന്ന് കഴിഞ്ഞിരുന്ന കേരളീയ സമൂഹത്തെ പരിവര്‍ത്തനത്തിന്റെ പാതയിലേക്ക് നയിക്കുന്ന സംഭവങ്ങളുടെ നാന്ദി കുറിക്കുന്നത് 1888-ല്‍ അരുവിപ്പുറത്തെ പ്രതിഷ്ഠയിലൂടെയാണല്ലോ. ആയതിന് നേതൃത്വം നല്‍കിയതോ ധ്യാനനിരതനും കര്‍മ്മയോഗിയുമായ നാരായണ ഗുരുവും. 1888 മുതല്‍ 1928 വരെയുള്ള കേരളീയ സാമൂഹ്യ മുന്നേറ്റങ്ങളെ സ്വാധീനിച്ച ഈ വ്യക്തിത്വവും, ചിന്തകളും ആധുനിക കേരളം അഭിമുഖീകരിക്കുന്ന ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇന്നും സഹായകമാണെന്നത് ശ്രദ്ധേയമാണ്. അതിനാല്‍ തന്നെ നാനാവിധത്തില്‍ വികൃതമാക്കപ്പെട്ട ശ്രീനാരായണ ദര്‍ശനത്തെ ആയതിന്റെ തനിമയില്‍ വീണ്ടെടുക്കേണ്ടത് കേരളീയ സാമൂഹ്യ ജീവിതത്തെ പ്രത്യാശയോടെ നോക്കിക്കാണുന്നവരുടെ ചുമതലകളിലൊന്നായി മാറുന്നു.
നാരായണഗുരുവും യുക്തിവാദികളും
കേരളത്തിലെ യുക്തി വാദി പ്രസ്ഥാനം നാരായണഗുരുവിനെ ഒരു യുക്തിവാദിയായാണ് അവതരിപ്പിക്കാറ്. ഇക്കൂട്ടരുടെ നിരീശ്വര – ശാസ്ത്ര – ഭൗതികവാദ പ്രചാരണത്തിന് അംഗീകാരം കണ്ടെത്താന്‍ നാരായണഗുരുവിനെ കൂട്ടുപിടിച്ചു കാണാറുണ്ട്. ഇവരുടെ യുക്തി വാദകുപ്പായം ബലമായി അണിയിക്കുകയാണിവര്‍ ചെയ്തുവരുന്നത്. മതത്തെ നിഷേധിക്കുന്നതിലൂടെ അവയുടെ സത്തയായ ആത്മീയതയെപ്പോലും നിഷേധിക്കുന്ന യുക്തിവാദികള്‍ക്ക് വളച്ചൊടിക്കാതെ യുക്തിവാദിയാക്കാനാവില്ല. പ്രസിദ്ധരെ കൂട്ടുപിടിച്ച് തങ്ങളുടെ ന്യൂനതകളുടെ പരിഹരിക്കാനാകുമെന്ന വ്യാമോഹമോ, അജ്ഞതയോ ആണ് ഇവയുടെ പിന്നിലുള്ളതെന്ന് കരുതേണ്ടി വരും. നാരായണഗുരുവിനെ മാത്രമല്ല സോക്രട്ടീസ്, കണ്‍ഫ്യൂഷ്യസ്, ബുദ്ധന്‍ എന്നിവരെയും ബര്‍ട്രാന്‍ഡ് റസ്സല്‍, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ എന്നിവരെയും ഇത്തരത്തില്‍ ഇവരുടെ കുപ്പായം അണിയിക്കുന്നത് കാണാവുന്നതാണ്. ഒരു യുക്തി ദര്‍ശനത്തിന്റെ അഭാവത്തില്‍ ഇക്കൂട്ടര്‍ കാണിക്കുന്ന ചെയ്തികള്‍ നമ്മില്‍ നിരാശയും സഹതാപവും ജനിപ്പിക്കും വിധമാണ്.
ഗുരുവും ശിഷ്യഗണങ്ങളും
ഗുരുവിന്റെ സന്യാസി ശിഷ്യഗണത്തില്‍ ബഹുഭൂരിപക്ഷവും അവതാരമായും അമാനുഷിക പ്രതിഭയായും ആണ് ഗുരുവിനെ കാണാന്‍ ഇഷ്ടപ്പെടുന്നത്. സെമിറ്റിക് മതഗ്രന്ഥങ്ങളിലെ തിരുവെഴുത്തുകളില്‍ വരാനിരിക്കുന്ന രക്ഷകനെക്കുറിച്ച് കുറിച്ചിരിക്കുന്ന പോലെ വജ്രകോപോപനിഷത്തില്‍ ഗുരുവിന്റെ അവതാരവും ലക്ഷ്യവും പ്രവചിച്ചിരിക്കുന്നുവെന്നുവരെ ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ഇവര്‍ക്ക് ശ്രീനാരായണന്‍ ആത്മ സാക്ഷാത്കാരം നേടിയ ഒരു ഗുരു മാത്രമല്ല ആരാധനാ മൂര്‍ത്തി കൂടിയാണ്. പൂജയും മണിയടിയും കെടാവിളക്കും പുഷ്പമാലിന്യങ്ങളും പ്രാര്‍ത്ഥനയും ഒക്കെ അതിനാല്‍ തന്നെ മംഗളമായി നടന്നുവരുന്നു. അതിന്റെ ഫലമായി ആദരവിനും ആയിത്തീരലിനും പകരം ആരാധന വരുന്നു. നമ്മുടെ കര്‍ത്തവ്യം നിരന്തര സ്തുതികളായി ചുരുങ്ങുന്നു. ജീവിതത്തിന്റെ വിശാല തീരങ്ങളില്‍ നിന്ന് ശിലയുടെ കഠിനതയലേക്ക് ഗുരുധര്‍മ്മം മാറുന്നു. ഗുരു പുതിയൊരു ദൈവമായി ജീര്‍ണ്ണിക്കുന്നു.
ഈഴവസമുദായവും ഗുരുവും
ഗുരുവിന്റെ ആശയങ്ങളേയും പ്രവര്‍ത്തനങ്ങളേയും ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയത് കേരളത്തില്‍ ഈഴവ സമുദായമാണ്. ഒട്ടേറെ ഉപജാതികളിലായിക്കഴിഞ്ഞിരുന്ന സമുദായങ്ങളെ ഈഴവരായി ഒരുമിപ്പിച്ചെടുക്കുന്നതിന് എളുപ്പം സാധിച്ചു. ഗുരു ജനിച്ചതും അധികവും സംബോധന ചെയ്തതും ഈ സമുദായവുമായി ബന്ധപ്പെട്ടായിരുന്നുവെന്നതും ഈ വിഭാഗത്തിന് ഗുരുവെ ഉപയോഗിക്കാന്‍ കൂടുതല്‍ അവസരം നല്‍കി . ഇവര്‍ക്കിടയില്‍ 1903-ല്‍ സ്ഥാപിക്കപ്പെട്ട ശ്രീനാരായണ ധര്‍മ്മപരിപാലനയോഗം മുഖേന സമുദായം എന്ന നിലയില്‍ ശക്തരാകുകയും അവകാശങ്ങള്‍ നേടുകകയും ചെയ്തുവെങ്കിലും ഗുരുനിന്ദ ചെയ്ത ഏറ്റവും കൊടിയ അധര്‍മ്മം ചെയ്തതും ഈ സംഘടനയാണ്. അരുവിപ്പുറത്തെ പ്രതിഷ്ഠയെക്കുറിച്ച് പ്രചരിപ്പിച്ച പച്ചനുണകള്‍ ഇതിനൊരു ഉദാഹരണമാണ്.
1888ലെ അരുവിപ്പുറം പ്രതിഷ്ഠക്കുശേഷം സവര്‍ണ്ണര്‍ ഗുരുവിനെ ചോദ്യം ചെയ്‌തെന്നും മറുപടിയായി ഞാന്‍ ഈഴവ ശിവനെയാണ് പ്രതിഷ്ടിച്ചതെന്നും മറ്റും പറഞ്ഞുവെന്ന് ഇവര്‍ കാലങ്ങളായി പ്രചരിപ്പിച്ചു വരുന്നു. അത്തരത്തിലൊരു ചോദ്യം ചെയ്യല്‍ നടക്കാന്‍ ഇടയില്ല തന്നെ. രാജാധികാരം നിലനിന്നിരുന്ന കാലത്ത് ഇക്കാര്യത്തില്‍ നടപടിയെടുക്കുക ഭരണസംവിധാനമായിരിക്കും. അത്തരത്തിലൊരു ഇടപെടല്‍ രാജാവിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മാത്രമല്ല പില്‍ക്കാലത്ത് ഭരണകൂടം അതിന്റെ നീതിന്യായ സംവിധാനത്തില്‍ – കോടതിയില്‍ പോലും ഹാജരാകേണ്ട എന്ന പരിഗണന ഗുരുവിന് നല്‍കിയിട്ടുണ്ട്. ഇനി ഈ കഥ ശരിയാണെന്ന് സമ്മതിക്കുക. എങ്കിലും ഗുരുവിനെ ചോദ്യം ചെയ്തവര്‍ക്ക് പ്രതിഷ്ഠക്കൊപ്പം ”ജാതിഭേദം മതദ്വേഷമേതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ പ്രസ്ഥാനമാണിത്.” എന്ന് സ്വന്തം കൈയ്യക്ഷരത്തില്‍ എഴുതിയ ഒരാള്‍ കൊടുക്കുന്ന മറുപടി എന്തായിരിക്കും. അതേ ഗുരു ചെയ്തിട്ടുള്ളൂ. ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. ‘നാം നമ്മുടെ ശിവനെ’ എന്നാണ് പറഞ്ഞിരിക്കുന്നത്. അത് പ്രതിഷ്ഠക്കുള്ള അധികാരം ചോദ്യം ചെയ്തപ്പോഴല്ല.
ഇങ്ങനെ വളരെ തന്ത്രപൂര്‍വ്വം ഈഴവശിവനും, ഈഴവ സമുദായവുമൊക്കെ ഒത്തുചേര്‍ന്ന് കെട്ടിപ്പടുത്ത് ഒരു സമുദായത്തിന്റെ മാത്രമാക്കി മാറ്റിയത്. എസ്.എന്‍.ഡി.പി യാണ്. ധര്‍മ്മ പരിപാലനം പുറത്തുപോകുകയും ഈഴവ സമാജം മറ്റൊരു പേരില്‍ വളരുകയുമാണ് ഉണ്ടായത്. അതുവഴി മറ്റു മതവിഭാഗങ്ങളിലേക്ക് നാരായണ ഗുരുവിന്റെ ചിന്തകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. മുഴുവന്‍ മലയാളികളുടേയും ഗുരു ഒരു സമുദായ പരിഷ്‌കര്‍ത്താവുമാത്രമായി ശുഷ്‌ക്കിച്ചു പോയി. ഈഴവരുടെ നേതാവായി മാത്രമേ പലരും ഗുരുവിനെ പരിഗണിക്കുന്നുള്ളൂ, അതിനു കാരണം ക്രിസ്തുവിന്റേയോ നബിയുടേയോ ജീവിതത്തിന്റെ പരിപൂര്‍ണ്ണതയോ, പൗരോഹിത്യത്തിന്റെ ഭീഷണിയോ മാത്രമല്ല, കൂടുതലും അതിനു കാരണക്കാര്‍ ഈ സംഘടനകളാണ്.
നവതി ആഘോഷിച്ചത് ഭക്തി പരിപാലനയോഗത്തിന്റെയോ സമുദായപരിപാലനയോഗത്തിന്റേയോ ഒക്കെയാണ്. ധര്‍മ്മ പരിപാലനത്തിന്റെ ആ കടിഞ്ഞൂല്‍ കുഞ്ഞ് ചാപിള്ളയായിരുന്നു. കുമാരു കുമാരനാശാനാകുന്ന മായാജാലം ശ്രദ്ധിച്ചാല്‍ ഇത് മനസ്സിലാക്കാം. ഇതുവഴി അനന്തമായൊരു കാലത്തിന്റെ മഹാപ്രവാഹം നൂറുവര്‍ഷത്തെ ആയുസ്സുമാത്രമായി വരണ്ടുപോയി. മലനാടിന്റെ ഗതികേട്!
ശ്രീനാരായണനും ബുദ്ധിജീവികളും
നാരായണദര്‍ശനത്തിന്റെ മൂല്യവും അപചയവും പഠിക്കാന്‍ കഴിവുള്ള ബുദ്ധിജീവികളാകട്ടെ ഇന്ത്യയിലെ നവോത്ഥാന നായകന്മാരിലൊരാളായിപ്പോലും ഇപ്പോഴും ഗുരുവിനെ പരിഗണിച്ചിട്ടില്ല. ജനിച്ചുവളര്‍ന്ന സമുദായത്തിലെ ദുഷിച്ച ചില പ്രവണതകളെ എതിര്‍ത്ത ബംഗാളിലെ രാജപദവിയുള്ളവരെ ഇന്ത്യന്‍ നവോത്ഥാനത്തിന്റെ നക്ഷത്രമായി വിവരിക്കാന്‍ ഇവര്‍ക്ക് ഒട്ടും മടിയില്ല. എത്രയോ വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ജനിക്കുകയും വിവിധ ജനവിഭാഗങ്ങളില്‍ സ്വാധീനം ചെലുത്തുകയും ചെയ്ത കേരളീയ നവോത്ഥാനത്തിന്റെ രാജ ശില്‍പ്പിക്ക് ഇനിയും കയറ്റം കാത്ത് കഴിയേണ്ട ഗതികേടാണിന്ന്. ഈ പക്ഷപാതിത്വം പുതിയ തലമുറയുടെ ചരിത്രബോധത്തെ എങ്ങനെ വികലമാക്കുന്നു എന്നാലോചിക്കുന്നത് ഇതിന്റെ പിറകിലുള്ള അടിയൊഴുക്കുകള്‍ മനസ്സിലാക്കുന്നതിന് സഹായിക്കും.
ഇന്ത്യന്‍ നവോത്ഥാനം ബംഗാളില്‍ നിന്നാരംഭിക്കുന്നുവെങ്കിലും അതിനേക്കാള്‍ ശക്തമായും ജനകീയമായും തീര്‍ന്നത് അതിനുശേഷം ഉയര്‍ന്നുവന്ന മഹാരാഷ്ട്രയിലെ മഹാത്മ ജ്യോതിബാ ഫൂലേയുടെ നേതൃത്വത്തിലുള്ള ധാരയാണ്. ഏറ്റവും ശ്രദ്ധേയമായത് ഏറ്റവും ഒടുവില്‍ പിറവിയെടുത്ത കേരളത്തിലെ നവോത്ഥാന ശ്രമങ്ങളാണ്. അധ:സ്ഥിതരുടെ അവര്‍ണ്ണരുടെ നേതൃത്വത്തിലാണത് ഉയര്‍ന്നു വന്നത്. മാത്രമല്ല അതിന്റെ സ്വാധീനം അലയടിച്ചിരുന്നു. കേരളീയ ജീവിതം തങ്ങളെ ബലമായി മൂടിയിട്ടിരുന്ന അന്ധകാരത്തിന്റെ കരിമ്പടക്കെട്ടുകള്‍ കുടഞ്ഞു കളഞ്ഞ് എണീറ്റത് ഇവിടത്തെ സവിശേഷതയാണ്. സര്‍വ്വസ്പര്‍ശിയും സമഗ്രവുമായിരുന്നു കേരളീയ നവോത്ഥാന ധാരകള്‍. അതിനു നേതൃത്വം നല്‍കിയതോ നാരായണഗുരുവും. ഇവിടെ ലിഖിത ചരിത്രവും മിക്കവാറും ഇന്ത്യന്‍ ചരിത്രകാരന്മാരും നാരായണ ഗുരുവിനോട് നീതി പുലര്‍ത്തിയിട്ടില്ല.
ചരിത്രകാരന്മാരും ദാര്‍ശനികരും
പ്രാദേശികമായ ഈ തഴയല്‍ എല്ലാ രംഗത്തും കണ്ടുവരുന്നു. പഴയചരിത്രവും പ്രതാപവും പറയുന്നിടത്ത് ഗുപ്ത-മൗര്യ സാമ്രാജ്യങ്ങളെ വര്‍ണ്ണിക്കുകയും ദക്ഷിണേന്ത്യയിലെ വിജയനഗര സാമ്രാജ്യത്തെ പരാമര്‍ശിക്കാതിരിക്കുകയും അശോകനും ചന്ദ്രഗുപ്തനും കടന്നുവരുന്നിടത്ത് വിഷ്ണുദേവരായര്‍ക്ക് അയിത്തം കല്‍പിക്കുകയും ചെയ്യുന്നത് കാണാവുന്നതാണ്.
ദാര്‍ശനികരും പക്ഷപാതിത്വം പേറുന്നവരാണ്. യാസ്‌ക്കനേയും ദയാനന്ദ സരസ്വതിയേയും പറ്റി പറയുന്നു. തിരുവുള്ളവര്‍ വിസ്മരിക്കപ്പെടുന്നു. ദക്ഷിണേന്ത്യയിലെ കണ്‍ഫ്യൂഷ്യസാണ് തിരുവുള്ളവര്‍. തിരുക്കുറള്‍ അക്കാല ചിന്തകരെയും, പിന്നീടുണ്ടായ ചിന്തകരേയും, പിന്നീടുണ്ടായ ചിന്തകരേയും സ്വാധീനിച്ചതായി കാണാം. നാരായണ ഗുരുവിനെ വള്ളുവര്‍ വളരെ സ്വാധീനിച്ചിട്ടുണ്ട്. തിരുക്കുറളിന്റെ മൊഴിമാറ്റം ഗുരു നടത്തിയിട്ടുണ്ട്. ഈയടുത്ത കാലത്ത് വര്‍ഗ്ഗീയവിഷം എല്ലായിടത്തും ഒഴുകിയപ്പോള്‍ കേരളത്തില്‍ അല്‍പ്പം വ്യത്യസ്തത തിരിച്ചറിഞ്ഞ ചില ചരിത്രകാരന്മാര്‍ പുസ്തക കൂമ്പാരങ്ങളില്‍ നിന്നും തല പുറത്തിട്ട് നോക്കിയപ്പോള്‍ ഗുരുവിന്റെ ആശയവും സ്വാധീനവും കണ്ടു. റിവൈലിസത്തിനെതിരെ എഴുതുമ്പോള്‍ റിനൈസന്‍സ് ആകാം എന്ന് പലര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. ചിലരൊക്കെ കേരളത്തിലെ നാരായണഗുരു എന്ന് കുറിച്ചുതുടങ്ങിയിട്ടുമുണ്ട്. ഭാഗ്യം!
പത്രധര്‍മ്മം
ഈയടുത്തകാലത്ത് മതേതരത്വത്തെപ്പറ്റി ഈയുള്ളവര്‍ ഒരു ലേഖനം മലയാളത്തിലെ ഒരു ദിനപത്രത്തില്‍ എഴുതിയതില്‍ ഭരതീയ സംസ്‌കാരത്തിന്റെ സ്വര്‍ണ്ണഖനികള്‍ എന്നു പറഞ്ഞ് വേദങ്ങളുടേയും ഉപനിഷത്തുകളുടേയും നാട് എന്ന് എഴുതിത്തുടങ്ങി, ബുദ്ധന്‍ ജിനന്‍ തിരുവള്ളുവര്‍ വിവേകാനന്ദന്‍ ടാഗൂര്‍ നാരായണഗുരു എന്നിവര്‍ ജനിച്ച നാട് എന്നെഴുതിയിരുന്നു. അച്ചടിച്ചുവന്നപ്പോള്‍ നാരായണഗുരു ഇല്ല പോലും. ടാഗോറിനെപ്പോലൊരാള്‍ ഗുരുവിനെക്കുറിച്ച് അത്യാദരവോടെ കുറിച്ചിരിക്കുന്നത് വായിച്ചിട്ടുള്ള ഒരാള്‍ക്ക് എങ്ങനെയണ് ഈ സെന്‍സര്‍ഷിപ്പ് ഉള്‍ക്കൊള്ളാനാവുക. ഇതാണ് പത്രങ്ങളുടെ അവസ്ഥ. ഇത് പത്രധര്‍മ്മമാണെന്ന് വിചാരിക്കാനാവില്ല.
വിശ്വവിജ്ഞാന കോശത്തിലെ തെറ്റ്
സാഹിത്യപ്രവര്‍ത്തന സഹകരണസംഘം 1972ല്‍ പ്രസിദ്ധീകരിച്ച വിശ്വവിജ്ഞാന കോശത്തില്‍ അരുവിപ്പുറം പ്രതിഷ്ഠയെക്കുറിച്ചുള്ള വര്‍ഷം കാണിച്ചിരിുന്നത് 1904ല്‍ ആണ്. 20 വര്‍ഷത്തിനു ശേഷം ഇറക്കിയ രണ്ടാം പതിപ്പിലും ഈ തെറ്റ് ആവര്‍ത്തിക്കുന്നതായി കാണാം. ഇത്രകാലമായിട്ടും ഇത് തിരുത്തുവാനുള്ള ഇടപെടല്‍ ഇതിന്റെ വായനക്കാരില്‍ നിന്ന് ഉണ്ടായില്ല എന്നതിനര്‍ത്ഥം നമ്മുടെ സാംസ്‌ക്കാരിക രംഗത്ത് ജീര്‍ണ്ണത പെരുകിയെന്നതാണ്. ജാഗ്രതയുള്ള ഒരു ജനതക്കേ സംസ്‌ക്കാരത്തെ പുഷ്ടിപ്പെടുത്താനാകൂ.
ഇതൊരു അച്ചടിപ്പിശകോ പതിനാറുവര്‍ഷത്തെ വ്യത്യാസമോ മാത്രമായി കാണുന്നുവെങ്കില്‍ നാം ചില വക്രീകരണങ്ങളില്‍ പെട്ടുപോകാനിടയുണ്ട്. 1902ല്‍ ആണ് സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിക്കുന്നത്. മദ്രാസ്സില്‍ ചെയ്ത പ്രസംഗത്തില്‍ മലബാറിനെ ഭ്രാന്താലയമെന്ന് ആക്ഷേപിക്കുന്നതും, അതിനുശേഷമാണ് കേരളത്തെ ഭ്രാന്താലയത്തില്‍ നിന്നും മോചിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നതെന്ന് തെറ്റിദ്ധരിക്കാനിടയുണ്ട്. 1903ല്‍ തന്നെ എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. അതിനുമുമ്പ് 1888ല്‍ അരുവിപ്പുറത്തുനിന്ന് നവോത്ഥാനത്തിന്റെ നീരൊഴുക്ക് ആരംഭിച്ചിരുന്നു. ആയത് ഒഴുകിയെത്തി സമതലങ്ങളെ ഫലഭൂയിഷ്ഠമാക്കിക്കൊണ്ടിരിക്കുകയായിരുന്നു. കേരളത്തില്‍ 1904ല്‍ ഈ ചരിത്രമാണ് തെറ്റിദ്ധാരണക്കും ആശയക്കുഴപ്പത്തിനും ഇടവരുംവിധം വിശ്വവിജ്ഞാന കോശം വിളമ്പിത്തന്നത്. അതിനെ അനുകരിച്ച് ഒട്ടേറെ ലേഖനങ്ങളില്‍ പിന്നീട് ഈ തെറ്റ് പരന്നുകിടക്കുന്നുണ്ട്. ഇത് മറ്റൊരു ദുരന്തം.
ദേശീയപ്രസ്ഥാനവും ഗാന്ധിയും ഗുരുവും
നവോത്ഥാന പ്രസ്ഥാനത്തില്‍ നിന്ന് ദേശീയ പ്രസ്ഥാനത്തിലേക്കുള്ള കാല്‍വെയ്പ്പിലെ ഉറച്ച ചുവടുകള്‍ വെക്കപ്പെടുന്നത് നവോത്ഥാനത്തിന്റെ വിളക്കേന്തിയവരിലൂടെ തന്നെയാണ്. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന ഉല്‍പതിഷ്ണുത്വമാണ് ദേശീയ സമരത്തിന്റെ നായകത്വം ഏറ്റെടുത്തത്. ദേശീയ നേതാക്കളില്‍ ഗാന്ധിജിയെ സ്വാധീനിച്ച ഒട്ടേറെ വ്യക്തിത്വങ്ങളില്‍ നാരായണ ഗുരുവിനും സ്ഥാനമുണ്ട്. ഇത് മറച്ചു വെയ്ക്കപ്പെടുന്നു. 1925ലെ കൂടിക്കാഴ്ചയില്‍ ജാതിയെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ടായെങ്കിലും ജാതി പ്രശ്‌നത്തില്‍ പിന്നീട് ഗാന്ധിക്ക് ഏറെ മാറ്റമുമുണ്ടായിട്ടുണ്ട്. ജാതി മേധാവിത്വത്തിനെതിരായ പ്രത്യക്ഷ സമരമുറകള്‍ ഗാന്ധി നടത്തി വരുന്നതും, അതുവരെ കൊണ്ടു നടന്നിരുന്ന കുടുമ കളയുന്നതും ശ്രദ്ധേയമാണ്. ഹരിജന്‍ പ്രസിദ്ധീകരണം ഹരിജനോദ്ധാരണം എന്നിവയില്‍ ഗാന്ധി മുഴുകി. ഗുരുവും ഗാന്ധിയില്‍ നിന്ന് സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യക്ഷ സമരങ്ങളെ സ്വീകരിച്ചതായി കാണാം. ഖദര്‍ ഉടുക്കാനാരംഭിച്ചതും ആശ്രമത്തിലേക്ക് ചര്‍ക്ക ഏര്‍പ്പെടുത്തിയതും ഈ കൂടിക്കാഴിചക്ക് ശേഷമാണ്. ഒട്ടേറെ ഗുരുശിഷ്യന്മാര്‍ ദേശീയ പ്രസ്ഥാനത്തിന്റെ സമര ഭടന്മാരായി. നവോത്ഥാന കാലത്തെ ഒട്ടേറെ സ്വപ്നങ്ങളെ ഏറ്റെടുക്കാന്‍ ദേശീയ പ്രസ്ഥാനം വഴി സാധിക്കുകയും ചെയ്തു. ദേശീയ പ്രസ്ഥാനത്തിലെ സവര്‍ണ്ണ താല്‍പ്പര്യം വിസ്മരിക്കാനാവുന്നതല്ല.
കമ്മ്യൂണിസ്റ്റുകളും നവോത്ഥാനവും
തുടര്‍ന്ന് കേരളീയ സമൂഹത്തില്‍ ഉയര്‍ന്നു വന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നവോത്ഥാന പൈതൃകം ആണ് പിന്തുടരുന്നതെന്ന് അവകാശപ്പെടാറുണ്ടെങ്കിലും അവയില്‍നിന്ന് എത്രയോ കാതം അകന്നുപോയിരിക്കുന്നുവെന്ന് നിരീക്ഷകര്‍ക്ക് ബോധ്യപ്പെടാന്‍ വിഷമമില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിനുശേഷം ഒട്ടേറെ അവകാശപോരാട്ടങ്ങളില്‍ കേരളീയ സമൂഹം മുന്നോട്ട് പോയെന്നത് നിത്യസ്മരണീയമാണ്. പക്ഷേ, ഇക്കൂട്ടര്‍ കേരളീയ ചിന്താ മണ്ഡലത്തില്‍ ഏല്‍പ്പിച്ച വരള്‍ച്ച പില്‍ക്കാലത്ത് ഒട്ടേറെ ദുരന്തങ്ങള്‍ക്ക് ഇടവരുത്തുന്നതിന് കാരണമാകുകകൂടി ചെയ്തുവരുന്നു. ഭൗതികമാത്ര വാദത്തെ ദാര്‍ശനിക ചക്രവാളത്തില്‍ പ്രതിഷ്ഠിക്കാനുള്ള തീവ്ര ശ്രമങ്ങളും മതവിരോധമായി മാറിയ മതേതരത്വത്തിനുവേണ്ടിയുള്ള വാദവും വൈദേശിക ആശയസ്വാധീനത്തിന്റെ സ്വാധീനമാണ്. ഇത് നവോത്ഥാന പൈതൃകത്തിന്റെ നിഷേധവുമാണ്.
ആത്മീയ-ഭൗതിക സംഘര്‍ഷത്തെ സമന്വയിപ്പിച്ച കേരളീയ പൈതൃകവും സംഘടിത മതത്തിനുമപ്പുറം അവയുടെ ആന്തര സത്തയായ ആത്മീയതയുടെ ഐക്യവും മുന്നോട്ടുവച്ച നവോത്ഥാന ചിന്തകളുടേയും തുടര്‍ച്ചയല്ല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് കാണാവുന്നതാണ്. ജാതി മേധാവിത്വത്തിനെതിരായ നവോത്ഥാനകാല മുന്നേറ്റങ്ങള്‍ക്ക് ശേഷം ഇന്നും ഇവര്‍ പോലും ഒന്നും ചെയ്യുന്നില്ല എന്ന് പരാതിപ്പെട്ടാല്‍ അതിലേറെ തെറ്റില്ല. പിന്നെ എന്താണ് തുടരുന്നതെന്ന് വ്യക്തമല്ല.
വൈരുദ്ധ്യാത്മക ഭൗതിക വാദത്തെ വൈരുദ്ധ്യമാത്രവാദമായി മനസ്സിലായി സമരം മാത്രം കണ്ടുകൊണ്ട് ഐക്യത്തെ നിഷേധിച്ച ഇവരുടെ ചെയ്തികള്‍ ദാര്‍ശനിക മേഖലക്ക് വരുത്തിയ അപചയം വിലയിരുത്തപ്പെടേണ്ടതാണ്. ഇവര്‍ ദൈ്വതവാദികളായിപ്പോയത് എന്തുകൊണ്ടാണെന്ന് ആര്‍ക്കറിയാം.
മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് മാര്‍ക്‌സ് പറഞ്ഞതായി പറഞ്ഞ് മതത്തിനെതിരെ ആശയ സമരം നടത്തിയവര്‍ സ്വന്തം അനുയായികളില്‍ ആഴത്തില്‍ വേരോടിയ അനുഷ്ഠാനത്തേയും ആത്മീയാനുഭാവത്തേയും പറിച്ചുമാറ്റാന്‍ ശ്രമിക്കയായിരുന്നു. പകരമൊരു വ്യക്തിത്വ വികാസത്തിന്റെ, അതുവഴി പുതിയൊരു അദ്ധ്യാത്മികതയെ കണ്ടെത്താനോ വളര്‍ത്താനോ ഇവര്‍ക്കായില്ല താനും. സംഘടിത മതം വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെടുമ്പോള്‍ ഫലപ്രദമായ ഒരു പരിഹാരം നിര്‍ദ്ദേശിക്കാനാകാതെ രാഷ്ട്രീയമായ പല അനുഷ്ഠാനങ്ങളും മന്ത്രങ്ങളും കൊണ്ട് ഇവയെ നേരിടാമെന്ന് മോഹിച്ച് പിന്നീട് നിരാശപ്പെട്ടു കഴിയുകയേ ഇവര്‍ക്ക് ഇനി വഴിയുള്ളൂ.
കുറ്റം മാര്‍ക്‌സിസത്തിന്റേതെന്ന് പറയാവുന്നതല്ല. അത് രൂപപ്പെട്ടത് മറ്റൊരു പരിസ്ഥിതിയിലാണ്. പ്രശ്‌നം ദേശീയ മാര്‍ക്‌സിസത്തിന്റേതാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്നല്ല മാര്‍ക്‌സ് പറഞ്ഞത്. മതം ജനങ്ങളെ മയക്കുന്നു എന്നാണ്. മതവിരോധം അതിനാല്‍ തന്നെ അനിവാര്യമല്ല. മനുഷ്യനെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന മതത്തെ മാര്‍ക്‌സ് അംഗീകരിച്ചിരുന്നു. ബഹുജനങ്ങളെ സ്വാധീനിക്കുന്ന ഒരു ആദര്‍ശാത്മകത അവക്കുണ്ടെന്നും ആശ്വസത്തിനും അക്രമത്തിനും അവ ഇടവരുത്തുമെന്നും മനസ്സിലാക്കിയിരുന്നു. നമുക്ക് ചുറ്റുമുള്ള കമ്മ്യൂണിസ്റ്റുകള്‍ അവരുടെ പൈതൃകമായി ഇക്കാര്യത്തില്‍ അറിഞ്ഞോ അറിയാതെയോ സ്വീകരിച്ചത് ഇവിടെ പ്രചരിക്കപ്പെട്ട യുക്തിവാദത്തിന്റെ വരണ്ട അംശങ്ങളെയാണ്.
മദ്യവിപത്ത്
നവോത്ഥാനകാലത്തെ കേരളീയ സമൂഹം ദുഷിച്ചു നാറുന്നത് തടയപ്പെടുന്നത് മദ്യത്തിനെതിരായ സമരങ്ങളിലൂടെയും കൂടിയാണ്. ഗുരുവിന്റെ മദ്യത്തിനെതിരായ നിലപാട് മദ്യവിപത്തിനെതിരായ സമരങ്ങളില്‍ ഇന്നും ശക്തി പകരുന്നതാണ്. ഈ നവോത്ഥാന പൈതൃകം ദേശീയപ്രസ്ഥാനം സ്വീകരിക്കുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഈയടുത്ത് ചെത്തുതൊഴിലാളി യൂണിയന്റെ 50-ാം വാര്‍ഷികം സമുചിതമായി ആഘോഷിക്കുകയാണ് ചെയ്തത്. ആയതിന്റെ ശക്തി പ്രകടനത്തിനു ശേഷം നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ കേരളത്തിലെ പ്രസിദ്ധരായ സാംസ്‌കാരിക നായകന്മാര്‍ പങ്കെടുക്കുന്നു.
ഇന്ന് മദ്യത്തിന്റെ പ്രശ്‌നത്തില്‍ ഏറ്റവും പിന്തിരിപ്പന്‍ നയം സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തെപ്പറ്റി പറയാന്‍ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ കഴിഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയാണ് ചൂണ്ടിക്കാണിക്കേണ്ടി വരിക.
പരിസ്ഥിതിയും സ്ത്രീയും.
പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്ന രീതിയാണിന്നും ഇക്കൂട്ടര്‍ക്ക്. ഇക്കാര്യത്തില്‍ മുതലാളിത്തവും കമ്മ്യൂണിസവും യോജിപ്പിലാണ്. വളരെ വിചിത്രമായ ഐക്യം. സമരമോ കള്ളമുതലിന്റെ തുല്യവിതരണത്തിന്റെ പ്രശ്‌നത്തില്‍ മാത്രവും, അതും ചുരുങ്ങി ചിലര്‍ക്കായി വരികയാണ്.
നവോത്ഥാനകാലത്തെ ഗുരുവിന്റെ പരിസ്ഥിതിക ചിന്തകളുടേയോ പ്രകൃതിദര്‍ശനത്തിന്റേയോ വിദൂരമായ അടുപ്പം പോലും ഇവര്‍ക്കില്ല. എന്നതാണ് അവസ്ഥ. കൂടുതല്‍ ഉല്‍പാദനത്തിലും ഉപഭോഗത്തിലും ആണിവര്‍ക്ക് താല്‍പ്പര്യം. പ്രകൃതിയേയും അത്യാവശ്യത്തേയും പരിഗണിക്കുന്നില്ല.
സ്ത്രീയായി ജനിച്ചതിനാല്‍ അനുഭവിക്കേണ്ടി വരുന്ന അവഗണനയും പീഡനവും ചൂഷണവും അവസാനിപ്പിക്കാനുള്ള പെണ്‍പോര് അംഗീകരിക്കാനാകാത്ത വിധം പുരുഷമേധാവിത്വം നിറഞ്ഞതാണ് ഈ പ്രസ്ഥാനങ്ങള്‍. ഇത് കേരളീയ നവോത്ഥാന പാരമ്പര്യത്തിലെ സ്‌ത്രൈണസംസ്‌കൃതിയുടെ നിഷേധമാണ്. എന്നിട്ടും തങ്ങള്‍ നവോത്ഥാനത്തിന്റെ തുടര്‍ച്ചയാണെന്നു തന്നെ ഇവര്‍ ഇന്നും പറഞ്ഞുവരുന്നു.
ഗുരു ധര്‍മ്മം വീണ്ടെടുക്കുക
ഇങ്ങനെ നാനാവിധത്തില്‍ വിവിധവേദികളില്‍ വികൃതമാക്കപ്പെട്ട, സങ്കുചിതമാക്കപ്പെട്ട, ഉഫപയോഗിക്കപ്പെട്ട ശ്രീനാരായണ ദര്‍ശനത്തെ എങ്ങിനെയാണ് യുവതലമുറ സ്വീകരിക്കേണ്ടത്.?
ഇന്ന് തുടര്‍ന്നുവരുന്ന നിലയില്‍ തന്നെയോ? അതോ ഗുരുവിന്റെ ചിന്തകളേയും ജീവിതത്തേയും പ്രവര്‍ത്തനങ്ങളേയും അതിന്റെ തനിമയില്‍ മനസ്സിലാക്കിക്കൊണ്ടോ? ഇപ്പറഞ്ഞതാണെങ്കില്‍ നാരായണഗുരുവിനെ പലരില്‍ നിന്നും വീണ്ടെടുക്കേണ്ടതുണ്ട്. എങ്കിലേ നമുക്ക് കാഴ്ചശക്തി തെളിഞ്ഞു കിട്ടൂ.
അതാണ് ആദ്യം നടക്കേണ്ടത്. കേരളം വീണ്ടും സാംസ്‌കാരികമായി വരള്‍ച്ചയിലേക്ക് നീങ്ങുന്ന ഇന്നത്തെ അവസരത്തില്‍ ഇതൊരു ജീവിതധര്‍മ്മമായി ഏറ്റെടുക്കാന്‍ പീതാംബരധാരികളെ കേരളം ഉറഅറുനോക്കുന്നുവെന്ന് പ്രത്യാശയോടെ കുറിക്കുന്നു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Discussion | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply