അമ്മായി വേലായുധന്‍

മണിലാല്‍ എന്നുവെച്ചാല്‍ എല്ലാരുടേയും അമ്മായി.അങ്ങിനെ ചിലരുണ്ട്,എല്ലാര്‍ക്കും ഏതുനേരവും തൊടാന്‍ കഴിയുന്നവരായി.അയാള്‍ക്ക് മതവാദിയേയും മതേതരവാദിയേയും പോലീസിനെയും കള്ളനേയും കോണ്‍ഗ്രസിനേയും കമ്യൂണിസ്റ്റിനേയും ബന്ധുക്കളേയും ശത്രുക്കളേയും എന്തിനേറെ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ഒന്നിച്ച് സ്‌നേഹിക്കാന്‍ സാധിക്കും.എല്ലാവരും പറയും,നല്ല മനുഷ്യന്‍. ഈ പേരുസമ്പാദിക്കാന്‍ ഒരാള്‍ ഇത്ര പാടുപെടേണ്ടതുണ്ടോ.പണം സമ്പാദിക്കുന്നതുപോലെ ഒരാര്‍ത്തിയും നിലതെറ്റിയ മാനസികാവസ്ഥയും ഇതിനു പിന്നിലുണ്ടായിരിക്കും .ചികിത്സിച്ചുഭേദമാക്കാവുന്നതേയുള്ളു.ആയതിനാല്‍ ശത്രുക്കള്‍ കുറച്ചെങ്കിലും ഉള്ളവരാണ് രോഗാതുരമല്ലാത്ത മനുഷ്യര്‍. എല്ലാവരേയും ഇഷ്ടപ്പെടുകയെന്നത് ഒരാളുടെ കഴിവാവുക, മനുഷ്യര്‍ക്കിടയില്‍ സാദ്ധ്യതയില്ല. ദൈവത്തിനത് സാധിച്ചെന്നു വരാം,കാരണം അങ്ങിനെയൊന്നില്ലാത്തതിനാല്‍.അമ്മായി എന്നാണ് ഇക്കൂട്ടരെ കളിയാക്കി വിളിക്കുക. […]

maniമണിലാല്‍

എന്നുവെച്ചാല്‍ എല്ലാരുടേയും അമ്മായി.അങ്ങിനെ ചിലരുണ്ട്,എല്ലാര്‍ക്കും ഏതുനേരവും തൊടാന്‍ കഴിയുന്നവരായി.അയാള്‍ക്ക് മതവാദിയേയും മതേതരവാദിയേയും പോലീസിനെയും കള്ളനേയും കോണ്‍ഗ്രസിനേയും കമ്യൂണിസ്റ്റിനേയും ബന്ധുക്കളേയും ശത്രുക്കളേയും എന്തിനേറെ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും ഒന്നിച്ച് സ്‌നേഹിക്കാന്‍ സാധിക്കും.എല്ലാവരും പറയും,നല്ല മനുഷ്യന്‍. ഈ പേരുസമ്പാദിക്കാന്‍ ഒരാള്‍ ഇത്ര പാടുപെടേണ്ടതുണ്ടോ.പണം സമ്പാദിക്കുന്നതുപോലെ ഒരാര്‍ത്തിയും നിലതെറ്റിയ മാനസികാവസ്ഥയും ഇതിനു പിന്നിലുണ്ടായിരിക്കും .ചികിത്സിച്ചുഭേദമാക്കാവുന്നതേയുള്ളു.ആയതിനാല്‍ ശത്രുക്കള്‍ കുറച്ചെങ്കിലും ഉള്ളവരാണ് രോഗാതുരമല്ലാത്ത മനുഷ്യര്‍.
എല്ലാവരേയും ഇഷ്ടപ്പെടുകയെന്നത് ഒരാളുടെ കഴിവാവുക, മനുഷ്യര്‍ക്കിടയില്‍ സാദ്ധ്യതയില്ല. ദൈവത്തിനത് സാധിച്ചെന്നു വരാം,കാരണം അങ്ങിനെയൊന്നില്ലാത്തതിനാല്‍.അമ്മായി എന്നാണ് ഇക്കൂട്ടരെ കളിയാക്കി വിളിക്കുക. സ്വാഭാവികത കുറഞ്ഞവരെ എന്തിനാണ് സ്ത്രീലിംഗത്തില്‍ വിളിക്കുന്നതെന്ന് ഇനിയും മനസിലാവാത്ത കാര്യമാണ്.
എന്റെ കുട്ടിക്കാലം പലപ്പോഴും അമ്മായി വേലായുധനില്‍ തട്ടിത്തടഞ്ഞ് മുടന്തിയിട്ടുണ്ട് .നില്‍ക്കുക, കുടിക്കുക,കിടക്കുക എന്നതായിരുന്നു അമ്മായി വേലായുധന്റെ ദിനചര്യകള്‍.വീട്ടില്‍ ഭാര്യയുണ്ട് മക്കളുണ്ട് എല്ലാമുണ്ട്. വീടിന്റെ ബാധ കേറാത്ത മനുഷ്യനാണ് വേലായുധന്‍.ഭാര്യയാണെങ്കില്‍ എല്ലുമുറിയെ പണി ചെയ്യുന്നതു കാണാം,ഇതൊക്കെ പുല്ലുവിലയിലാണ് വേലായുധന്‍ എടുക്കുക.
എല്ലാവരുടേയും അമ്മായി ആണെങ്കിലും തിന്നാനും കുടിക്കാനും ചായാനുമൊക്കെ വീട്ടില്‍ തന്നെ വരണം.വീട് നിലനിര്‍ത്തണമെങ്കില്‍ ആരെങ്കിലും പണിക്കു പോകണം.അമ്മായി വേലായുധന് വീട് നിലനിര്‍ത്താന്‍ യാതൊരു ആഗ്രഹവുമില്ല.വീടുണ്ടെങ്കില്‍ കയറിക്കിടക്കാം,അല്ലെങ്കില്‍ വേറെവഴി നോക്കാം എന്നൊരു മട്ട്.
വേലായുധനെ രണ്ടുസ്ഥലങ്ങളില്‍മാത്രം കാണാം.രണ്ടും നാട്ടുകൂട്ടങ്ങള്‍ ചേരുന്ന സ്ഥലങ്ങളില്‍.കള്ളുഷാപ്പിലും ചായക്കടയിലും.രാവിലെ ചായക്കടയിലെത്തും.കള്ളുഷാപ്പു തുറന്നാല്‍ പിന്നെ പൂട്ടുവോളം അവിടെ.ഇതിനുള്ള കാശൊക്കെ വീട്ടിലുള്ളോള്‍ ഉണ്ടാക്കിക്കൊടുക്കണം.പുരുഷോത്തമനായ ഭര്‍ത്താവിനെ നിലനിര്‍ത്തേണ്ടത് തന്റെ മാത്രം കടമയാണെന്ന് ഭാര്യ ലീല വിചാരിച്ചുപോന്നു.
വിരിഞ്ഞനെഞ്ചും മുറ്റുള്ളതലമുടിയും വടിവൊത്ത സംസാരഭാഷയുമുള്ള വേലായുധനെ വീട്ടില്‍ വെച്ചുപോറ്റുന്നത് ഒരലങ്കാരമാണ്. അത് ഭൂമിയിലെ ഏറ്റവും വലിയകാര്യമായി ലീല കരുതുന്നു.കള്ളിനും വലിക്കുമുള്ള കാശ് നടുവൊടിഞ്ഞിട്ടാണെങ്കിലും ഉണ്ടാക്കിക്കൊടുക്കുന്നത് അതുകൊണ്ടല്ലെ.കറുത്ത് ഇടതൂര്‍ന്ന ശരീരമുള്ള ഒരാള്‍ വീട്ടില്‍ പാര്‍ക്കുന്നത് നായയെ വളര്‍ത്തുന്നതിലും ഭേദമാണ്,ചിലവിത്തിരി കൂടുമെന്നേയുള്ളു.
ഒരാണ്‍തുണയെന്നത് ഈ ലോകത്ത് അത്ര ചെറിയകാര്യമല്ലെന്ന് ലീലക്കറിയാം,പൊതുവെ പെണ്ണുങ്ങള്‍ക്കറിയാം.ലൈസന്‍സുള്ള പട്ടിക്ക് ആരെയും കടിക്കാം.
വേലായുധന്‍ പട്ടാളത്തിലോ ആസാമിലോ ആണെന്നായിരുന്നു ആദ്യമൊക്കെ നാട്ടുകാര്‍ കരുതിയിരുന്നത്.ഒരാഴ്ച നാട്ടില്‍ നില്‍ക്കും.കാണാതായാല്‍ പിന്നെ മാസങ്ങള്‍ കഴിഞ്ഞാലെ വേലായുധന്‍ തിരിച്ചുവരൂ.വന്നാല്‍ ചായക്കടയിലും കള്ളുകടയിലും പതിവുപോലെ കാണാം.എവിടെയായിരുന്നു എന്ന് വേലായുധനോടാരും ചോദിക്കില്ല.ലീലയോടു ചോദിച്ചാല്‍,ആര്‍ക്കറിയാം എന്നൊരു ആത്മഗതത്തോടുകൂടിയ കൈമലര്‍ത്തല്‍ കിട്ടും.നാട്ടുകാര്‍ക്ക് അത്ര മതി.വേലായുധന്‍ ഇല്ലാത്തതു കൊണ്ട് ഭൂലോകം തിരിയാതിരിക്കില്ല.തിരിഞ്ഞില്ലെങ്കില്‍ത്തന്നെ ആര്‍ക്കും അതൊരു പ്രശ്‌നവുമല്ല.
വേലായുധന്‍കഥക്ക് ട്വിസ്റ്റ് വരുന്നത് പിന്നെയും എത്രയോ കാലം കഴിഞ്ഞാണ്.ഏനാമ്മാവെന്നൊരു ദേശത്ത് കായല്‍ക്കരയിലും കോളുമണ്ടയിലും കിളുന്തുമീശയുള്ള ഞങ്ങള്‍ കൂട്ടുകാര്‍ ചവിട്ടുസൈക്കിളില്‍ ചുറ്റിത്തിരിയുമ്പോള്‍ കള്ളുഷാപ്പില്‍ കയറിയാലോ എന്നൊരു സാഹസികചിന്ത ഉടലെടുക്കുകയും കുറെ ചര്‍ച്ചകള്‍ക്കൊടുവില്‍ അത് തീരുമാനമാവുകയും ചെയ്തു.തുടക്കത്തില്‍ അങ്ങിനെയാണ് വേണോ വേണ്ടയോ എന്നൊരു ചര്‍ച്ച തുടങ്ങിവെക്കും.ആ പ്രായത്തില്‍ രണ്ടിനും സാദ്ധ്യതയുണ്ട്.പ്രായമേറി പക്വത വന്ന കാലത്ത് തീരുമാനം എടുത്തതിനുശേഷമായിരിക്കും ചര്‍ച്ച തുടങ്ങുക.കള്ളിന്റെ കാര്യത്തില്‍ മാത്രമല്ല പെണ്ണിന്റെ കാര്യത്തിലും അങ്ങിനെത്തന്നെ.
പെണ്ണുകെട്ടുന്നില്ല എന്ന് വീമ്പിളക്കിയവര്‍ കതിര്‍മണ്ഡപത്തിലേക്ക് മൂക്കുകുത്തിവീണ കാഴ്ച എത്രയോ കണ്ടിരിക്കുന്നു.ആ വീഴ്ചയില്‍ എല്ലാം തീരുന്നു,അങ്ങിനെയൊരു സന്തോഷമുണ്ട്. വല്ല കള്ളുഷാപ്പിലോ അമ്പലങ്ങളിലോ നീരുവറ്റിയ നിലയില്‍ വല്ലപ്പോഴും കണ്ടെങ്കിലായി.
ഞങ്ങള്‍ അഞ്ചുപേരുണ്ടായിരുന്നു.ആദ്യം കാശൊത്തുനോക്കി.പിന്നെ ഉയര്‍ന്ന ശ്വാസത്തോടെ ഷാപ്പില്‍ക്കയറി.പുറത്തുവരാത്ത ശബ്ദത്തില്‍ മൂന്നുകുപ്പി ഓര്‍ഡര്‍ ചെയ്തു.മീശകിളിര്‍ക്കാത്ത ഞങ്ങളെ രക്ഷാകര്‍തൃഭാവത്തില്‍ മാനേജര്‍ ഒന്നു നോക്കി.മുന്നിലിരിക്കുന്ന മീശക്കൊമ്പന്മാരേയും തലമൂത്തവരേയും നോക്കാതെ തലകുമ്പിട്ടാണ് ഞങ്ങള്‍ ഗ്ലാസിലേക്ക് ഒഴിക്കാന്‍ തുടങ്ങിയത്.പരിചയക്കുറവുകൊണ്ടും വിറകൊണ്ടും പകുതി ഗ്ലാസിനു പുറത്തേക്ക് ഒഴുകിക്കൊണ്ടിരുന്നു.ആ സമയത്താണ് അയാള്‍ പ്രത്യക്ഷപ്പെടുന്നത്,സാക്ഷാല്‍ വേലായുധന്‍.ഈ ചെകുത്താനെന്താ ഇവിടെ എന്നൊരു ചോദ്യം നാവിന്‍തുമ്പില്‍ തികട്ടിവന്നു.
അയാള്‍ ഞങ്ങളുടെ കയ്യില്‍നിന്നും ചെറിയകുടം വാങ്ങി പതിയെ ഒഴിച്ചുതന്നു.കള്ളെങ്ങനെ ഗ്ലാസിലേക്ക് ഒഴിക്കണം എന്നതിന്റെ ശാസ്ത്രീയമായ ക്ലാസായിരുന്നു വേലായുധന്‍ നടത്തിയത്.ഞാന്‍ മുഖം കുനിച്ചിരുന്നു.വേലായുധന്‍വഴി എന്റെ നാട്ടിലുംവീട്ടിലും കള്ളുകുടിയെന്നെ നാറ്റക്കഥ പാട്ടാവാന്‍ പോവുകയണ്.പക്ഷെ വേലായുധന്‍ മാന്യനായ ഒരു കള്ളുകുടിയനായിരുന്നു.അവിടെവെച്ച് കണ്ടതിന്റെ യാതൊരു ഭാവവ്യത്യാസവും അന്നും കാണിച്ചില്ല,പിന്നെയും കാണിച്ചില്ല .എല്ലാംകഴിഞ്ഞ് ഉയരം കുറഞ്ഞ വാതിലില്‍ തലതട്ടാതെ കുനിഞ്ഞുപുറത്തിറങ്ങി നിവര്‍ന്നുനില്‍ക്കുമ്പോള്‍ മുന്നില്‍ വേലായുധന്‍.ഉള്ളില്‍ നുരഞ്ഞ ധൈര്യത്തില്‍ ഞാന്‍ ഒരു പടികൂടി ഉയര്‍ന്ന് ചോദിച്ചു,വേലായുധന്‍ എന്താ ഇവിടെ.
വളരെ ലളിതമായി വേലായുധന്‍ പറഞ്ഞു,എനിക്ക് ഇവിടേം വീടുണ്ട്. അതിന്റെ അര്‍ത്ഥം എനിക്ക് പിടികിട്ടിയില്ല.പിന്നീട് പല ഷാപ്പുകളിലും വേലായുധനെ ഞാന്‍ മാത്രമല്ല പലരും കണ്ടുമുട്ടി.ആ ഷാപ്പുകളുടെ പരിസരത്തൊക്കെ വേലായുധന് വീടുകളുണ്ടായിരുന്നു.
വെറുതെ നടക്കുന്നവനെന്ന വേലായുധനെപ്പറ്റിയുള്ള അറിവില്ലായ്മക്ക് അതോടെ അവസാനമായി.അയാള്‍ വെറുതെ നടക്കുകയായിരുന്നില്ല.പതിവുപറ്റുള്ള ഷാപ്പിന്റെ അടുത്തെല്ലാം വേലായുധന് വീടുണ്ടായിരുന്നു.അവിടെ ഭാര്യയും മക്കളുമുണ്ടായിരുന്നു.ഓരോ ഭാര്യയും വിചാരിച്ചു തനി അവരാണെന്ന്.ഇത്രയേറെ ഭാര്യമാരെ പോറ്റിയിരുന്ന വേലായുധന്‍ ഒരു മടിയനല്ലെന്നു മാത്രമല്ല ഒരു കഠിനാദ്ധ്വാനി കൂടിയായിരിന്നു.ഇതിനൊക്കെയുള്ള ഊക്കും ഊര്‍ജ്ജവും കിട്ടിയത് ഇബ്‌നു ബത്തൂത്ത എഴുതിയതു പോലെ കേരവൃക്ഷത്തിന്റെ കേശഭാരത്തില്‍ നിന്നും കിനിയുന്ന കള്ളില്‍ നിന്നായിരിക്കാം.
മനുഷ്യനു ജീവിക്കാന്‍ ഒരു വീടു പോരെന്ന് ഇന്ന് മനസ്സിലാവുന്നുണ്ട്.വേലായുധന്‍ എന്ന മഹാമനസ്‌കനും കള്ളുകുടിയനും എനിക്ക് തന്ന പാഠം വിലപ്പെട്ടതാകുന്നു.
ഒരു കാര്യം കൂടി പറയാതെ വയ്യ,ഒരിക്കല്‍ വയ്യാണ്ട് കിടന്ന അമ്മാവനെ പരിചരിക്കാന്‍ പോയതായിരുന്നു വേലായുധന്‍,അമ്മാവന്‍ മരിച്ചപ്പോള്‍ അമ്മായിയെ കൂടെക്കൂട്ടുകയായിരുന്നു,അതിലുമുണ്ട് മഹാമനസ്‌കത.അങ്ങനെയാണ് അമ്മായിവേലായുധന്‍ എന്ന പേരുവന്നത്,അതായിരുന്നു വേലായുധന്റെ തുടക്കം.വഞ്ചിയില്‍ പഞ്ചാരച്ചാക്കുവെച്ചു,പഞ്ചാരക്കുഞ്ചുവെന്നു പേരുവന്നു എന്നു പാടുംപോലെയുള്ള ഒരു മനോഹരമായ ഈരടിയാണ് വേലായുധന്‍ എന്ന എന്റെ നാട്ടുകാരന്‍.

വണ്‍ ഫോര്‍ ദി റോഡ് : മദ്യപാനം അപരകാന്തിയെ ഇരട്ടിപ്പിക്കും.

(ഡീസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന മണിലാലിന്റെ ബാര്‍/ബേറിയന്‍സ്, മദ്യവും മലയാളിയും എന്ന പുസ്തകത്തില്‍ നിന്നും)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply