അഞ്ചിടങ്ങളില്‍ അങ്കത്തട്ടൊരുങ്ങുമ്പോള്‍

അതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന ഉത്തരേന്ത്യക്ക് രാഷ്ട്രീയച്ചൂട് പകര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യപനമെത്തിയതോടെ നേതാക്കളും അണികളും സജീവമായി. രണ്ടര വര്‍ഷം പിന്നിട്ട കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലെന്നു വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയുടെ ഹൃദയമായ ഉത്തര്‍പ്രദേശിന്റെ വികാരം എന്താകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ സീറ്റുകള്‍ തൂത്തുവാരിയതാണ് ബി.ജെ.പിയെ കേവല ഭൂരിപക്ഷം നേടിക്കൊടുത്തതും നരേന്ദ്ര മോഡിയെ ശക്തനാക്കി മാറ്റിയതും. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കും മോഡിക്കും ഒരേപോലെ നിര്‍ണായകം. വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയങ്ങങ്ങളെ നോട്ട് […]

eeഅതിശൈത്യത്തിന്റെ പിടിയിലമര്‍ന്ന ഉത്തരേന്ത്യക്ക് രാഷ്ട്രീയച്ചൂട് പകര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യപനമെത്തിയതോടെ നേതാക്കളും അണികളും സജീവമായി. രണ്ടര വര്‍ഷം പിന്നിട്ട കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലെന്നു വിശേഷിപ്പിക്കാവുന്ന തെരഞ്ഞെടുപ്പില്‍ ഉത്തരേന്ത്യയുടെ ഹൃദയമായ ഉത്തര്‍പ്രദേശിന്റെ വികാരം എന്താകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ സീറ്റുകള്‍ തൂത്തുവാരിയതാണ് ബി.ജെ.പിയെ കേവല ഭൂരിപക്ഷം നേടിക്കൊടുത്തതും നരേന്ദ്ര മോഡിയെ ശക്തനാക്കി മാറ്റിയതും. അതിനാല്‍ ഈ തെരഞ്ഞെടുപ്പ് ബി.ജെ.പിക്കും മോഡിക്കും ഒരേപോലെ നിര്‍ണായകം. വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പ് വിജയങ്ങങ്ങളെ നോട്ട് പരിഷ്‌കാരം ജനം സ്വീകരിച്ചതിന്റെ തെളിവായി വിശേഷിപ്പിച്ച ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടേത് അതിസാഹസമായോ എന്നും ഈ തെരഞ്ഞെടുപ്പുകള്‍ തെളിയിക്കും. ഇതുതന്നെയാകും എല്ലാവരുടെയും തുറുപ്പുചീട്ട്.
ദേശീയതലത്തില്‍ ദുര്‍ബലമായ കോണ്‍ഗ്രസിന് മണിപ്പുര്‍, ഉത്തരാഖണ്ഡ് ഭരണം നിലനിര്‍ത്താനായാല്‍ ആത്മവിശ്വാസം തിരികെപ്പിടിക്കാം. പഞ്ചാബ് കൂടി പിടിക്കാനായാല്‍ അത് ഇരട്ടിക്കുകയും ചെയ്യും.

ഉത്തര്‍പ്രദേശ്

ബി.ജെ.പിയും ബി.എസ്.പിയും തമ്മിലുള്ള മത്സരമാകും നടക്കുകയെന്ന വിലയിരുത്തല്‍ ഉള്‍പ്പാര്‍ട്ടി പോരിലൂടെ സമാജ്‌വാദി പാര്‍ട്ടിയുടെ മുഖ്യമന്ത്രിയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ അഖിലേഷ് യാദവ് അതിജീവിച്ചിരിക്കുന്നു.
അഖിലേഷിന്റെ പ്രതിച്ഛായ ഉയര്‍ത്താനുള്ള അതിസമര്‍ഥമായ രാഷ്ട്രീയ നാടകമാണ് അച്ഛനും പാര്‍ട്ടിയധ്യക്ഷനുമായ മുലായം സിങ് സംവിധാനം ചെയ്തു നടപ്പാക്കിയതെന്ന വാദം നിലനില്‍ക്കുമ്പോഴും അഖിലേഷിന്റെ നേതൃത്വത്തില്‍ പാര്‍ട്ടിയും തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാകുകയാണ്. ഭരണപരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പാര്‍ട്ടിയിലെ മറുചേരിക്കു ചാര്‍ത്തിക്കൊടുത്ത് അഖിലേഷ് വിശുദ്ധ പരിവേഷം നേടിയതോടെ ഭരണത്തുടര്‍ച്ചയ്ക്കുള്ള സാധ്യത ചര്‍ച്ചയായിത്തുടങ്ങി. 19 ശതമാനം വരുന്ന മുസ്ലിം വോട്ടുകള്‍ ആര്‍ക്ക് ലഭിക്കുമെന്നതും ഭരണപരാജയങ്ങളുടെ സാധ്യത നിര്‍ണ്ണയിക്കുന്നതാണ്.
സമാജ്‌വാദി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തിയപ്പോള്‍ ബി.ജെ.പിക്ക് ആങ്കയാണുണ്ടായതെന്നത് യാഥാര്‍ഥ്യം. എസ്.പി. ശക്തമായി ഗോദയിലുണ്ടെങ്കില്‍ മുസ്ലിം വോട്ടുകള്‍ ബി.എസ്.പിയുമായി പങ്കിട്ട് വിഭജിക്കപ്പെടുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍. വിധി നിര്‍ണയിക്കാവുന്ന യാദവ, ബ്രാഹ്മണ വോട്ടുകളിലും ബി.ജെ.പി. കണ്ണുവയ്ക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡി നേരിട്ട് നടത്തുന്ന പരിവര്‍ത്തന്‍ സമ്മേളനങ്ങളില്‍ വന്‍ തോതിലുള്ള ജനപങ്കാളിത്തം ബി.ജെ.പിയ്ക്ക് പ്രതീക്ഷയ്ക്ക് വക നല്‍കുന്നുണ്ടെങ്കിലും ബിഹാറിലെ ജനസാഗരം വോട്ടാകാതിരുന്നത് നേതൃത്വത്തിന് നടുക്കുന്ന ഓര്‍മ കൂടിയാണ്. ബി.എസ്.പി. മായാവതിയേയും എസ്.പി. അഖിലേഷിനേയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിമാരായി ഉയര്‍ത്തിക്കാണിക്കുമ്പോള്‍ ബി.ജെ.പി. മോഡിയുടെ കരുത്തിലാണ് പ്രചാരണം തുടരുന്നത്. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി അവതരിപ്പിച്ച ഷീലാ ദീക്ഷിത് സഹാറ ഡയറി പ്രശ്‌നത്തോടെ രാഹുല്‍ ഗാന്ധിയുടെ ഗുഡ് ബുക്കിനു പുറത്താണ്. അഖിലേഷാകും നല്ല മുഖ്യമന്ത്രിയെന്നു പ്രഖ്യാപിച്ച് ഷീല പിന്മാറ്റം പറയാതെപറയുകയും ചെയ്തു.
അമിത് ഷാ ഉത്തര്‍പ്രദേശില്‍ കാമ്പ് ചെയ്താണ് പ്രചാരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍നിന്നു കരകയറാന്‍ മോഡി അമിത് ഷാ ടീമിന് യു.പിയിലെ വിജയം അനിവാര്യമാണ്. നോട്ട് നിരോധനം ഉത്തര്‍പ്രദേശില്‍ തിരിച്ചടിയാകില്ലെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നേതൃത്വം. രാജ്യവ്യാപകമായി ജനങ്ങള്‍ എ.ടി.എമ്മുകള്‍ക്കു മുന്നില്‍ വരി നിന്നപ്പോഴും ഉത്തര്‍പ്രദേശില്‍ നോട്ട് ക്ഷാമം ഉണ്ടാകാതെ നോക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതേസമയം ഗ്രാമീണ മേഖലകളിലെ ഉത്പാദനമേഖലയ്ക്ക് സംഭവിച്ച നഷ്ടവും വാണിജ്യ മേഖലയ്‌ക്കേറ്റ തിരിച്ചടിയും ബി.ജെ.പിയെ പ്രതികൂലിമായി ബാധിച്ചേക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. ബി.ജെ.പിയുടെ പ്രധാന വോട്ട് ബാങ്കായി കണക്കാക്കുന്ന വ്യാപാരികള്‍ നോട്ട് നിരോധനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായത് തെരഞ്ഞെടുപ്പില്‍ എങ്ങിനെ സ്വാധീനിക്കുമെന്നതും നേതൃത്വത്തെ ആശങ്കയിലാക്കുന്നു.

പഞ്ചാബ്

ഉത്തര്‍പ്രദേശില്‍ കാര്യമായ പ്രതീക്ഷ വച്ചുപുലര്‍ത്താത്ത കോണ്‍ഗ്രസിന് പഞ്ചാബിലാണു കണ്ണ്. ബി.ജെ.പി ശിരോമണി അകാലിദള്‍ സഖ്യത്തിന്റെ ഭരണത്തിനെതിരേ പഞ്ചാബില്‍ ശക്തമായ വികാരമുണ്ട്. ഇതു പ്രയോജനപ്പെടുത്താന്‍ സാധിക്കന്നതിലായിരിക്കും
കോണ്‍ഗ്രസിന്റെ സാധ്യതകള്‍. ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ വലിയ തോതിലുള്ള പ്രചാരണവുമായി രംഗത്തെത്തിയിരുന്നെങ്കിലും കാര്യമായ ചലനമൊന്നുമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ബി.ജെ.പിയില്‍ നിന്ന് രാജിവച്ച നവജ്യോത് സിംഗ് സിദ്ദുവിനും ഭാര്യയ്ക്കും സീറ്റ് നല്‍കി കളത്തിലിറക്കി കോണ്‍ഗ്രസ് സജീവമായിക്കഴിഞ്ഞു. ദേശീയ തലത്തില്‍ സ്വാധീനം നഷ്ടമായ കോണ്‍ഗ്രസിന് ആകെയുള്ള പ്രതീക്ഷയാണു പഞ്ചാബ്.

ഗോവ

ക്രിസ്ത്യന്‍ ന്യൂനപക്ഷ സംസ്ഥാനമെങ്കിലും ഗോവയില്‍ കരുത്ത് ഹിന്ദുത്വയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബി.ജെ.പിക്കു തന്നെയാണ്. അധികാരം നിലനിര്‍ത്തുമെന്ന് ബി.ജെ.പി. ക്യാമ്പ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും സംഘപരിവാറിനകത്തെ തമ്മില്‍ത്തല്ല് പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറെ സ്വാധീനമുള്ള ആര്‍.എസ്.എസ്. നേതാവ് സുഭാഷ് വിലിങ്കര്‍ അടുത്തിടെ ബന്ധം ഉപേക്ഷിച്ച് പുറത്തുവന്ന് സമാന്തര സംഘടനയ്ക്കു രൂപം നല്‍കിയത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനത്തെ സ്വാധീനിച്ചേക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. ആം ആദ്മി പാര്‍ട്ടിയും ഗോവയില്‍ കാലുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഡല്‍ഹിക്കു പുേേറ ഗോവയിലും പഞ്ചാബിലും സാന്നിധ്യമറിയിച്ച് ദേശീയ പാര്‍ട്ടിയാകുകയാണ് അവരുടെ ലക്ഷ്യം.

ഉത്തരാഖണ്ഡ്

രാഷ്ട്രീയ പരീക്ഷണങ്ങള്‍ക്കും കുതികാല്‍വെട്ടിനും ഒട്ടനവധി തവണ വേദിയായ ഉത്തരാഖണ്ഡ് ഇത്തവണ കോണ്‍ഗ്രസില്‍ നിന്നു പിടിച്ചെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിടുകയും തുടര്‍ന്ന് സുപ്രീംകോടതി ഇടപെട്ട് പുനഃസ്ഥാപിക്കുകയും ചെയ്തത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാളയത്തിലെ പടയിലൂടെ കോണ്‍ഗ്രസ് പരാജയപ്പെടുമെന്നും ഭരണം പിടിക്കാന്‍ സാധിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അരുണാചലില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒന്നടങ്കം ബി.ജെ.പിയില്‍ ചേര്‍ന്ന് മന്ത്രിസഭ രൂപീകരിച്ചത് ഉത്തരാഖണ്ഡിലെ പ്രചാരണത്തിന് ബി.ജെ.പിക്ക് ആത്മവിശ്വാസമാകുന്നു.

മണിപ്പൂര്‍

കോണ്‍ഗ്രസിനാണ് ആധിപത്യമെങ്കിലും ഇതുവരെ കാലുറപ്പിച്ചിട്ടില്ലാത്ത ബി.ജെ.പി. തികഞ്ഞ ആത്മവിശ്വസത്തിലാണ്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ അസമില്‍ നേടിയ വന്‍ വിജയം മണിപ്പൂരില്‍ ചലനമുണ്ടാക്കുമെന്നും ഇത് അധികാരത്തിലെത്താന്‍ സഹായിക്കുമെന്നുമാണ് അവരുടെ പ്രതീക്ഷ.
വര്‍ഷങ്ങള്‍ നീണ്ട നിരാഹാര സമരത്തിലൂടെ ലോകശ്രദ്ധ നേടിയ ഇറോം ശര്‍മിള തെരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങുന്നുവെന്നതും മണിപ്പൂരിനെ ലോകശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു. മുഖ്യമന്ത്രി ഓക്രം ഇബോബി സിങ്ങിനെതിരേ മത്സരിക്കാനാണ് ഇറോമിന്റെ തീരുമാനം. തീവ്രവാദ സംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണിപ്പൂരില്‍ ഇവരുടെ എതിര്‍പ്പ് അവഗണിച്ചാണ് ഇറോം ശര്‍മിള സമരം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നുന്നത്.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply