വടക്കാഞ്ചേരിസംഭവവും 60 തികഞ്ഞ പെണ്‍കേരളവും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ssss

വടക്കാഞ്ചേരിസംഭവം വീണ്ടും കേരളത്തെ പിടിച്ചുലക്കുകയാണ്. സൂര്യനെല്ലി മുതലാണ് ഇവിടെ കൂട്ടബലാല്‍സംഗങ്ങള്‍ ‘സാധാരണ’ സംഭവമായി മാറിയത്. എന്നാല്‍ മിക്കസംഭവങ്ങളിലും പ്രതികള്‍ രക്ഷപ്പെടുകയാണ് പതിവ്. അതിനുള്ള പ്രധാനകാരണം പീഡിപ്പിക്കപ്പെട്ടാല്‍ ആ സ്ത്രീയുടെ എല്ലാം പോയി, ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല എന്ന കപടമായ സദാചാരബോധമാണ്. സത്യത്തില്‍ മാനം പോകുന്നത് ബലാല്‍സംഗം ചെയ്ത പുരുഷന്റേതാണ്. എന്നാല്‍ ചാരിത്ര്യം, പാതിവ്രത്യം തുടങ്ങിയ കാലഹരണപ്പെട്ട സങ്കല്‍പ്പങ്ങളില്‍ സ്ത്രീകള കെുടുക്കിയാണ് കുറ്റവാളികള്‍ രക്ഷപ്പെടുന്നത്. ഈ കെണിയില്‍ നിന്ന് രക്ഷപ്പെടാതെ ഇനിയും സ്ത്രീകള്‍ക്ക് മുന്നോട്ടുപോകാനാകില്ല. ഈ സംഭവത്തിലും മുഖംമറച്ച് ക്യാമറക്കുമുന്നിലെത്തിയ യുവതിയും ഭര്‍ത്താവും ചുമക്കുന്നത് ഇതേ സദാചാരബോധമാണ്. സ്ത്രീകള്‍ക്കെതിരായ ഏറ്റവും ക്രൂരമായ അക്രമമാണ് ബലാല്‍സംഗം. കുറ്റവാളികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണം. എന്നാല്‍ എല്ലാം നഷ്ടപ്പെട്ടു എന്ന ചിന്തമാറാതെ അതിനാകില്ല. മാധവിക്കുട്ടി പറഞ്ഞപോലെ ഡെറ്റോള്‍ ഉപയോഗിച്ച് കുളിച്ച് രംഗത്തുവരാനും നീതിക്കായുള്ള പോരാട്ടം തുടരാനുമാണ് ഇരകളടക്കമുള്ളവര്‍ തയ്യാറാകേണ്ടത്.
60 തികഞ്ഞ പെണ്‍കേരളത്തിന്റെ അവസ്ഥ എന്താണെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ബലാല്‍സംഗം ചെയ്തവരേക്കാള്‍ ഭീകരമായാണ് പോലീസ് വാ്ക്കുകള്‍ കൊണ്ട് ഈ യുവതിയെ പീഡിപ്പിച്ചത്. മനുഷ്യന്‍ എന്ന നിലയിലുള്ള ഐഡന്റിറ്റിയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള നീതിനിഷേധവും അവഗണനകളും ആധുനിക യുഗത്തിലും അനുഭവിക്കുന്നു എന്നത് തന്നെയാണ് ലിംഗനീതി സമത്വവുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ നേരിടുന്ന കാതലായ പ്രശ്‌നം. 60 വര്‍ഷമായിട്ടും പുരുഷകേരളം ഇത് ഗൗരവത്തോടെ കാണുന്നില്ല എന്നതാണ് ഖേദകരം.
സാമൂഹ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും സാന്നിദ്ധ്യം ഉണ്ടെങ്കിലും അധികാര പങ്കാളിത്തം, ചലന സ്വാതന്ത്ര്യം, തൊഴില്‍ നീതി, സാമൂഹ്യ പരിഗണനകള്‍, വ്യവസ്ഥാപിത മതകുടുംബ വിദ്യാഭ്യാസ സദാചാര സ്ഥാപനങ്ങള്‍ തുടങ്ങി സര്‍വ്വ മേഖലകളിലും അടിസ്ഥാനപരമായി ഇത് നിലനില്‍ക്കുന്നുണ്ട്. പക്ഷേ അത് തിരിച്ചറിയുന്നതില്‍ കേരള സമൂഹം ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ല. പരിസ്ഥിതി സമര ചെറുത്തുനില്‍പുകള്‍ക്ക് കിട്ടുന്ന അംഗീകാരവും പിന്തുണയും ലിംഗനീതിക്കുവേണ്ടിയുള്ള ചെറുത്തുനില്‍പ്പുകള്‍ക്ക് പൊതുവേ കേരളത്തില്‍ ലഭിക്കുന്നില്ല എന്നത് അതിനുദാഹരണമാണ്. തൊഴില്‍ മേഖലകളില്‍ സ്ത്രീകളെ കൂടുതലായി കൊണ്ടുവരുന്നതിന്റെ മൂലധന താല്‍പര്യം അസംഘടിതര്‍ എന്ന സൗകര്യത്തില്‍ കൂടുതല്‍ തൊഴില്‍, കുറഞ്ഞ ശമ്പളം തുടങ്ങിയവയ്‌ക്കെതിരെ ഈ മേഖലയില്‍ ഉണ്ടാകുന്ന സമരങ്ങള്‍ക്ക് പൊതുസമൂഹത്തിന്റെ പ്രത്യേകിച്ചും സ്ത്രീ സമൂഹത്തിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നത് ഇവിടങ്ങളില്‍ സ്ത്രീ സമൂഹം അനുഭവിക്കുന്ന ലിംഗപ്രശ്‌നങ്ങളുടെ യഥാര്‍ത്ഥ മുഖം തുറന്നിടുന്നുണ്ട്. ലിംഗനീതിക്കുവേണ്ടിയും സദാചാര പോലീസിങ്ങിനെതിരെയും കാമ്പസുകളില്‍ പെണ്‍കുട്ടികളുടെ നേതൃത്വത്തില്‍ ഉയര്‍ന്നുവരുന്ന സമരങ്ങളോടുള്ള പൊതു സമൂഹത്തിന്റെ നിലപാടുകളും ഇതിനോട് ചേര്‍ത്ത് വായിക്കുക. മതങ്ങളുടെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരെ (ശബരിമല പ്രവേശനമായായും പള്ളി പ്രവേശനമായാലും) കേരളത്തിന് പുറത്ത് സമരങ്ങളും ശബ്ദങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ ഇവിടെ സ്ത്രീ സംഘടനകള്‍ അടക്കം നിലപാട് വ്യക്തമാക്കാതെ നില്‍ക്കുകയാണ്.
ആര്‍ത്തവവുമായി ബന്ധപ്പെട്ട സമരം, വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചര്‍ച്ചകള്‍. തെരഞ്ഞെടുപ്പിലെ സ്ത്രീകളുടെ സ്ഥാനാര്‍ത്ഥിത്വം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പൊതുവെ ആരും ഏറ്റെടുക്കാറില്ല. അതിനുള്ള അന്വേഷണങ്ങളും സ്ത്രീകളുടെ മുന്‍കയ്യില്‍ നടക്കുന്നില്ല. അടിസ്ഥാനപരമായി നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധത ഇവര്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
പുരുഷാധിപത്യം സൃഷ്ടിച്ച, സ്ത്രീയുടെയും പുരുഷന്റെയും തലയില്‍ കെട്ടിയേല്‍പ്പിച്ച മൂല്യങ്ങളെയും സങ്കല്‍പങ്ങളെയും സ്ത്രീപക്ഷത്തുനിന്നുകൊണ്ട് ചോദ്യം ചെയ്യേണ്ടതുണ്ടെങ്കിലും അതിനെ മറികടക്കാനുള്ള സംഘടിത ശേഷി ഇന്നും കേരളത്തിലെ സ്ത്രീകള്‍ കൈവരിച്ചിട്ടില്ല. പൊതുവേ ആണ്‍കോയ്മയുടെ കാഴ്ചപ്പാടിനനുസരിച്ചാണ് ലിംഗനീതിയുടെ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നത്. ഭയപ്പെടുത്തി ഒതുക്കുക, എപ്പോഴും സംരക്ഷണം കൊടുക്കുക, സദാചാര പോലീസിങ്ങ് നടത്തുക എന്നതിനപ്പുറം മറ്റൊന്നും ഇവിടെ സംഭവിക്കുന്നില്ല. ലൈംഗിക പീഡനങ്ങളുമായി ബന്ധപ്പെടുത്തിയാണ് സ്ത്രീ പ്രശ്‌നങ്ങള്‍ എപ്പോഴും ചര്‍ച്ച ചെയ്യുന്നത്. ഇതുകൊണ്ട് സ്ത്രീകളുടെ ശാക്തീകരണം സംഭവിക്കുകയില്ല. പൊതു ഇടങ്ങളും സഞ്ചാരങ്ങളും തൊഴില്‍ ഇടങ്ങളും കുറേക്കൂടി സ്ത്രീ സൗഹൃദപരമാകണം, കായിക ശാക്തീകരണത്തിന് കൂടി ഉതകുന്ന വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കണം, (സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പൊതുവിനോദത്തിനുള്ള ഇടങ്ങളും ക്ലബ്ബുകളും ലഭ്യമാകുന്ന തരത്തിലുള്ള കാഴ്ചപ്പാട് ഇല്ലാത്തതുകൊണ്ട് കൂടിയാണ് പുതുതലമുറക്കാര്‍ ഇന്റര്‍നെറ്റിലൂടെയുള്ള സദാചാര പ്രശ്‌നങ്ങളിലേക്ക് തിരിയുന്നത്). പൊതു ടോയ്‌ലറ്റുകള്‍ ഒരുക്കുക, കുറ്റകൃത്യങ്ങളില്‍ എത്രയും പെട്ടെന്ന് നിയമശിക്ഷാ നടപടികള്‍ കൈക്കൊള്ളുക, ലിംഗനീതിക്ക് പ്രാധാന്യം നല്‍കി പാഠ്യപദ്ധതി പരിഷ്‌കരിച്ച് വ്യാപിപ്പിക്കുക, സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങളുടെ സമീപനങ്ങളില്‍ മാറ്റം കൊണ്ടുവരിക, സ്ത്രീകളെ മാത്രം ബോധവല്‍ക്കരിച്ച് നന്നാക്കിയേക്കാം എന്ന പൊതുസമീപനം മാറ്റിവെച്ച് ബോധവല്‍ക്കരണത്തില്‍ രണ്ട് കൂട്ടര്‍ക്കും തുല്യപ്രാധാന്യം നല്‍കുക, വീടകങ്ങളിലായാലും പൊതു ഇടങ്ങളിലായാലും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളെ ഗൗരവത്തോടെ കാണുക. (ലൈംഗീക ചുവയുള്ള നോട്ടം പോലും തങ്ങള്‍ക്കെതിരായുള്ള കുറ്റകൃത്യമാണെന്ന് സ്ത്രീകള്‍ക്ക് ബഹുഭൂരിപക്ഷത്തിനും അറിയില്ല). ടെലിവിഷനുകളിലും പൊതുഇടങ്ങളിലും ഇവയെ ഒക്കെ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുക. ഇത്തരത്തിലുള്ള അനവധി നിരവധി ചര്‍ച്ചകളിലൂടെയും ഇടപെടലുകളിലൂടെയും ലിംഗനീതി പ്രശ്‌നത്തെ ഉയര്‍ത്തിക്കൊണ്ട് വരലും പരിഹാരം തേടലും അടിയന്തിര പരിഗണന അര്‍ഹിക്കുന്ന ഒന്നായി അധികൃതരും പൊതുജനങ്ങളും കാണേണ്ടിയിരിക്കുന്നു. സാമൂഹ്യ രാഷ്ട്രീയ വൈയക്തിക മണ്ഡലങ്ങളില്‍ കാലാകാലങ്ങളായി അടിയുറച്ച സ്ത്രീവിരുദ്ധതയെ അത്ര എളുപ്പത്തില്‍ തുടച്ചുമാറ്റാനാവില്ല എന്നതുകൊണ്ടുതന്നെയാണ് നിരന്തരമായ ചര്‍ച്ചകളും കണിശമായ ഇടപെടലും വേണ്ടിവരുന്നത്.
ഉയര്‍ന്ന സാക്ഷരതയും ജീവിതനിലവാരവും ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സ്ത്രീകളുടെ പദവികളെ സംബന്ധിച്ച് ഗൗരവമായ അന്വേഷണങ്ങളും സൂക്ഷ്മപഠനങ്ങളും നടക്കേണ്ടത് അനിവാര്യമായി വന്നിരിക്കുന്നു. കേരളത്തിലെ ‘കാണാതായിക്കൊണ്ടിരിക്കുന്ന പെണ്‍കുട്ടികളുടെ’ എണ്ണം സ്ഥിതിഗതികള്‍ സുഖകരമല്ല എന്ന ഓര്‍മ്മപ്പെടുത്തലുകളിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്. 1991 മുതല്‍ 2011 വരെയുള്ള ജനസംഖ്യാ കണക്കെടുപ്പില്‍ 06 വരെയുള്ള കുട്ടികളില്‍ പെണ്‍കുട്ടികളുടെ എണ്ണം 958960നും ഇടയ്ക്കാണ് എന്ന വസ്തുത വരാനിരിക്കുന്ന തലമുറയില്‍ സ്ത്രീകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവരുത്തും എന്നതാണ് കാണിക്കുന്നത്. മൊത്തം ജനസംഖ്യയില്‍ സ്ത്രീകളുടെ സംഖ്യ 1084 എന്ന നിലയിലാണെങ്കില്‍ കൂടിയും മൂന്ന് തുടര്‍ച്ചയായ സെന്‍സസുകളിലും പെണ്‍കുഞ്ഞുങ്ങളുടെ സംഖ്യ കുറഞ്ഞുവരുന്നത് ആശാവഹമായ സംഗതിയല്ല. തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ സാന്നിദ്ധ്യം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണെന്നതും പൊതുരംഗങ്ങളില്‍ നിന്ന് സ്ത്രീകളെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്താനുള്ള പ്രവണത ഏറിവരുന്നുണ്ടെന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. ജനസംഖ്യയില്‍ 52%ത്തോളം വരുന്ന സ്ത്രീകളില്‍ നിന്നും സംസ്ഥാന രൂപീകരണത്തിന് ശേഷം ഒരൊറ്റ വനിതാ മുഖ്യമന്ത്രിയും കേരളം ഭരിച്ചിട്ടില്ല എന്നതും സംസ്ഥാന നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം 6% മുതല്‍ 14% വരെ മാത്രമായിരുന്നുവെന്നതും ഒക്കെ കേരളത്തിന്റെ ഉയര്‍ന്ന സാമൂഹ്യജീവിത നിലവാരത്തെ സ്ത്രീകളുടെ സാമൂഹ്യ പദവി ഉയര്‍ത്തുന്നതിലേക്ക് പരിഭാഷപ്പെടുത്താന്‍ സഹായിച്ചിട്ടില്ല എന്ന് തിരിച്ചറിയേണ്ടതുണ്ട്.
സ്ത്രീ കേന്ദ്രീകൃതങ്ങളായ സദാചാര സങ്കല്പങ്ങള്‍ ഉടച്ചുവാര്‍ക്കുക, കുടുംബങ്ങളിലെ സ്ത്രീപുരുഷ ബന്ധങ്ങളെ ജനാധിപത്യവല്‍ക്കരിക്കുക, കുടുംബം എന്ന സ്ഥാപനത്തെ ജനാധിപത്യവത്കരിക്കുന്നതിനായി കോഹാബിറ്റേഷന്‍ പോലെയുള്ള സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുക., വിദ്യാഭ്യാസ മേഖലയില്‍ ആണ്‍പെണ്‍ ബന്ധങ്ങളെ സൗഹൃദപരവും ജനാധിപത്യപരവും ആക്കാനായി ചെറുപ്പം മുതല്‍ വേര്‍തിരിച്ചിരുത്തി പഠിപ്പിക്കുന്ന രീതി മാറ്റുക, പൊതുഇടങ്ങള്‍ പകലും രാത്രിയും സ്ത്രീയെ ഭയപ്പെടുത്തുന്ന ഇടങ്ങളായി മാറിയിട്ടുണ്ട്. അതുമാറ്റി എല്ലായിടങ്ങളിലും (പൊതുനിരത്തും, ഇടവഴികളും, കടല്‍ത്തീരവും, സിനിമാശാലയും) അധികാരവും അവകാശവും പ്രഖ്യാപിക്കാനും നേടിയെടുക്കാനും കഴിയുക, സ്വന്തം ശരീരത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമുള്ള ഭയവും അപകര്‍ഷതയും ഇല്ലാതെ വളരാന്‍ ചെറുപ്പം മുതല്‍ പരിശീലനം നല്‍കുക, . അധികാരസ്ഥാനങ്ങളിലുള്ള സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കുക, സ്ത്രീകളെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്ന രാഷ്ട്രീയ കുറ്റകൃത്യം അവസാനിപ്പിക്കുകയും എല്ലാ തെരഞ്ഞെടുപ്പുകളിലും പകുതി സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവുകയും ചെയ്യുക, പുരുഷന്റേത് മാത്രമായിരുന്ന തൊഴില്‍ മേഖലകളിലും ഉല്പാദനമേഖലകളിലും ഇന്ന് സ്ത്രീ ഉണ്ടെങ്കിലും സാമ്പത്തിക അധികാരവും സ്വത്തധികാരവും പരിമിതമായ തോതില്‍ മാത്രം കയ്യാളുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുക, സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക വകുപ്പ് രൂപീകരിക്കുക തുടങ്ങിയ അടിയന്തിരാവശ്യങ്ങളാണ് ഷഷ്ടിപൂര്‍ത്തിയാഘോഷിക്കുന്ന കേരളം വൈകിയ വേളയിലെങ്കിലും ചെയ്യേണ്ടത്. അല്ലെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply