ജാര്‍ഖണ്ഡ് വേട്ട : മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടു

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

jharkhandജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ നിരപരാധികളെ കൊന്നുതള്ളിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു.  ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ കൂട്ടക്കൊലയില്‍ തിരിച്ചറിയാന്‍ സാധിച്ച ആറുപേരും ഒരു കേസില്‍പോലും പ്രതികളല്ലാത്ത സാധാരണക്കാരാണെന്നു തെളിഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. സംഭവത്തില്‍ വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ദേശീയ മനുഷ്യാവകാശ കമീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നോടെ പലാമു ജില്ലയില്‍ സിആര്‍പിഎഫും പൊലീസും നടത്തിയ സംയുക്തനീക്കത്തെ  സമീപകാലത്തെ വന്‍ മാവോയിസ്റ്റ് വേട്ടയെന്ന് അധികൃതര്‍ വിശേഷിപ്പിച്ചിരുന്നു. കൊട്ടിഘോഷിച്ച പലാമു സംഭവം വ്യാജഏറ്റുമുട്ടലാണെന്ന സംശയം സ്ഥിരീകരിക്കുന്ന വസ്തുതകളാണ് പുറത്തുവന്നിരിക്കുന്നത്. കൊല്ലപ്പെട്ടവരില്‍ നാലു കുട്ടികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഛത്ര ജില്ലയിലെ അധ്യാപകന്‍ ഉദയ് യാദ്, ബന്ധു നിരജ്യാദവ്, സന്തോഷ്യാദവ്, യോഗേഷ് യാദവ്, െ്രെഡവര്‍ മുഹമ്മദ് ഇസാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പേരില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സന്തോഷ് യാദവും യോഗേഷ് യാദവും മാവോവാദി നേതാവ് അനുരാഗിന്റെ ബന്ധുക്കളാണ്. ആര്‍.കെ.ജി എന്ന അനുരാഗിന് മാത്രമാണ് മാവോവാദിബന്ധം. 2013ല്‍ 10 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിയാണ് അനുരാഗ്. സന്തോഷ് യാദവിനും യോഗേഷ് യാദവിനും രാഷ്ട്രീയമായി അനുരാഗിനോട് വിയോജിപ്പായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ കാര്യക്ഷമത തെളിയിക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യഗ്രതയാണ് നിരപരാധികളുടെ കൂട്ടക്കുരുതിയിലേക്ക് നയിച്ചത്.
ആക്രമണം തുടങ്ങിയത് മാവോയിസ്റ്റുകളാണെന്ന് സിആര്‍പിഎഫും പൊലീസും വാദിക്കുന്നു. എന്നാല്‍, ശക്തമായ ഏറ്റുമുട്ടല്‍ നടന്നിട്ടും സംയുക്തസംഘത്തിലെ ഒരുദ്യോഗസ്ഥനുപോലും പോറലേറ്റിട്ടില്ല. കൊല്ലപ്പെട്ടവര്‍ സഞ്ചരിച്ച വാഹനത്തിന്റെ മുന്നിലും പിന്നിലുമായി ഇരുപത്തഞ്ചോളം വെടിയുണ്ട തറച്ചിട്ടുണ്ടെങ്കിലും ചോരപ്പാടുകളൊന്നുമില്ല. മൃതദേഹങ്ങളിലെ വെടിയേറ്റ സ്ഥാനങ്ങള്‍ തൊട്ടടുത്തുനിന്ന് നിറയൊഴിക്കുകയായിരുന്നെന്ന് വ്യക്തമാക്കുന്നു. അതുതന്നെയാണ് വ്യാജഏറ്റുമുട്ടലാണെന്ന വാദത്തിന് പ്രധാനതെളിവ്.
മൃതദേഹങ്ങള്‍ ആദ്യമെത്തിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ വിസമ്മതിച്ചതും വ്യാജ ഏറ്റുമുട്ടലാണ് നടന്നതെന്ന വാദത്തിന് ശക്തിയേകുന്നു. നിരപരാധികളായ ഉറ്റവരെ കൊന്നൊടുക്കിയ നടപടിക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ബന്ധുക്കള്‍. ലത്തേഹാറിലെ യുപി സ്‌കൂളിലെ താല്‍ക്കാലികാധ്യാപകന്‍ ഉദയ്യാദവിനെ പൊലീസ് ഏജന്റെന്ന് സംശയിച്ച് മാവോയിസ്റ്റുകള്‍ പലവട്ടം ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് സഹോദരന്‍ ഹൃദയ് യാദവ് പറഞ്ഞു. അതിന്റെ പേരില്‍ നാടുവിട്ടുപോവാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. മുതലാളിയുടെ വണ്ടിയോടിക്കുക മാത്രമാണ് മുഹമ്മദ് ഇസാസ് ചെയ്തതെന്ന് ഭാര്യാപിതാവ് ഇസ്ലാം മിയാന്‍ പറഞ്ഞു. തന്റെ മകന്‍ മാവോയിസ്റ്റല്ലെന്ന് തെളിയിക്കാന്‍ ഏതറ്റംവരെയും പോരാടുമെന്ന് നീരജിന്റെ അച്ഛന്‍ ഈശ്വര്‍ യാദവും പറഞ്ഞു.
അതേസമയം, ആരോപണം പൊലീസ് നിഷേധിച്ചു. ഉദയിന് മാവോവാദികളുമായി ബന്ധമില്ലെങ്കില്‍ എന്തിന് അനുരാഗിനൊപ്പം യാത്രചെയ്‌തെന്ന് പലാമു ഐ.ജി നടരാജന്‍ ചോദിച്ചു.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു വാഹനങ്ങളില്‍ സഞ്ചരിച്ച മാവോവാദികളെ സുരക്ഷാസേന തടഞ്ഞെന്നും അതില്‍ ഒരു വാഹനത്തില്‍നിന്ന് ഇറങ്ങിയവര്‍ വെടിയുതിര്‍ത്തുവെന്നുമാണ് പൊലീസ് ഭാഷ്യം.  കൊല്ലപ്പെട്ട കുട്ടികളെ പൊലീസ് തന്നെ തട്ടിക്കൊണ്ടുവന്നതാണെന്നും ആരോപണമുണ്ട്.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply