അതെ, ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍ തന്നെയാണ്

രാഷ്ട്രീയ എതിരാളികളെ തറപറ്റിക്കാന്‍ എന്തു കുതന്ത്രവും പ്രയോഗിക്കാന്‍ ഫാസിസ്റ്റുകള്‍ തയ്യാറാകുമെന്നതിന് ലോകചരിത്രത്തിലെ എത്രയോ സംഭവങ്ങള്‍ സാക്ഷി. അതിനായി ചിലപ്പോള്‍ ജനാധിപത്യസംവിധാനങ്ങള്‍ ഉപയോഗിക്കാനും ചിലപ്പോള്‍ അവയെ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് ദുരുപയോഗം ചെയ്യാനും വേണ്ടിവന്നാല്‍ അവയെ അട്ടിമറിക്കാനും അവര്‍ തയ്യാറാകും. അവസരത്തിനൊത്ത് ഇതിലേതുമാര്‍ഗ്ഗവും അവര്‍ അവലംബിക്കും. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്തില്‍ നിന്നു വന്നിരിക്കുന്ന കോടതിവിധി. ജനാധിപത്യ – ജുഡീഷ്യറി സംവിധാനങ്ങളെ തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച് ദുരുപയോഗം ചെയ്യുക എന്ന തന്ത്രമാണ് ഈ വിഷയത്തില്‍ അവര്‍ പ്രയോഗിച്ചിരിക്കുന്നത്. ഫാസിസ്റ്റുകളുടെ ഇത്തരം തന്ത്രങ്ങളും ലക്ഷ്യങ്ങളും തിരിച്ചറിഞ്ഞ് ഒന്നിക്കാനും ജനാധിപത്യസംവിധാനത്തിലൂടെ അവരെ അട്ടിമറിക്കാനും ഇന്ത്യയിലെ പ്രതിപക്ഷം തയ്യാറാകുമോ എന്ന ചോദ്യം തന്നെയാണ് ഈ സംഭവവും ഉയര്‍ത്തുന്നത്.

മോദി എന്ന സമുദായത്തെ രാഹുല്‍ അധിക്ഷേപിച്ചു എന്ന വാദം തന്നെ സാമാന്യ നിയമബോധവും നീതിബോധവുമനുസരിച്ച് നിലനില്‍ക്കാത്തതാണെന്ന് രാജ്യത്തെ പ്രമുഖ നിയമജ്ഞരും രാഷ്ട്രീയ നേതാക്കളുമൊക്കെ ചൂണ്ടികാണിച്ചുകഴിഞ്ഞു. അപകീര്‍ത്തി കേസില്‍ പരാതിക്കാരന്‍ അപകീര്‍ത്തിക്ക് ഇരയായ ആള്‍ തന്നെയാകണമെന്നതാണ് പ്രാഥമിക വിഷയം. രാഹുല്‍ വിമര്‍ശിച്ചത് പ്രധാനമന്ത്രിയെയാണ്. അദ്ദേഹമാണ് പരാതി നല്‍കേണ്ടിയിരുന്നത്. എന്നാല്‍ നല്‍കിയത് ഇതൊന്നുമായി ഒരു ബന്ധവുമില്ലാത്ത മറ്റൊരു മോദി. രാഹുലിന്റെ പ്രസംഗം കര്‍ണാടകത്തിലെ കോലാറിലായിരുന്നു. ക്രിമിനല്‍ നടപടിചട്ടം 202 പ്രകാരം സൂറത്ത് കോടതിയല്ല കേസ് കേള്‍ക്കേണ്ടത്. നടപടികളിലേക്ക് കടക്കേണ്ടതും സൂറത്ത് കോടതിയല്ല. എന്നാല്‍ എന്തുകൊണ്ട് സൂറത്ത് എന്ന ചോദ്യത്തിനുത്തരം ഏതൊരു കൊട്ടുകുട്ടിക്കുമറിയാം. ശിക്ഷ വിധിച്ചതാകട്ടെ പുതിയ മജിസ്ട്രേട്ട്. ജുഡീഷ്യറിയെപോലും കൈയിലൊതുക്കാന്‍ ഫാസിസ്റ്റുകള്‍ക്ക് കഴിയുന്നു എന്ന വിമര്‍ശനം തന്നെയാണ് യാഥാര്‍ത്ഥ്യമാകുന്നത്. അത്തരത്തില്‍ പല സംഭവങ്ങള്‍ക്കും കഴിഞ്ഞ വര്‍ഷങ്ങളില്‍ നാം സാക്ഷ്യം വഹിച്ചതുമാണല്ലോ.

രാഹുല്‍ഗാന്ധിയെ എല്ലാ ഭാഗത്തുനിന്നും വളഞ്ഞിട്ട് അക്രമിക്കുന്ന തന്ത്രമാണ് സംഘപരിവാര്‍ കുറച്ചുകാലമായി സ്വീകരിച്ചിരിക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഭാരത് ജോഡോ യാത്രക്കുശേഷം അത് കൂടുതല്‍ രൂക്ഷമായിരിക്കുന്നു. രാഷ്ട്രീയം പറഞ്ഞ് രാഹുലിനെ നേരിടാനാകില്ലെന്ന് അവര്‍ക്കറിയാം. അതിനാലാണ് ഈ കേസുപോലുള്ള തരം താണ രീതികള്‍ സ്വീകരിക്കുന്നതും ലോകസഭാഗത്വം നഷ്ടപ്പെടുന്ന രീതിയില്‍ ഏറ്റവും പരമാവധി ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുന്നതും. രാഹുലിന് ചെറിയ ശിക്ഷ വിധിക്കുന്നത് മോശം സന്ദേശം നല്‍കും, ജനപ്രതിനിധിയായ അദ്ദേഹം അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത് സമൂഹത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കുമെന്നതിനാല്‍ ചെറിയ ശിക്ഷ നല്‍കാന്‍ കഴിയില്ല, അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ക്കും പരാമര്‍ശങ്ങള്‍ക്കും വലിയ ജനശ്രദ്ധ ലഭിക്കും, ഈ സാഹചര്യത്തില്‍, ലഘുവായ ശിക്ഷ നല്‍കിയാല്‍ അത് സമൂഹത്തിന് മോശം സന്ദേശം നല്‍കും തുടങ്ങിയ കോടതി വചനങ്ങള്‍ ചിരിക്കാനല്ലാതെ മറ്റെന്തിനാണ് വക നല്‍കുന്നത്?

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

രാഹുലിന്റെ വസതിയില്‍ പോലീസിനെ ഉപയോഗിച്ച് അനാവശ്യമായ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് അടുത്ത ദിവസമായിരുന്നു. ജോഡോ യാത്രയുടെ ഭാഗമായി, തന്നെ വന്നു കണ്ട ചില സ്ത്രീകള്‍, തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ തന്നോട് പറഞ്ഞു എന്ന രാഹുലിന്റെ പരാമര്‍ശത്തിന്റെ പേരിലായിരുന്നു അത്. കള്ളന്മാരെ കുറിച്ചുള്ള പരാമര്‍ശം പോലെ ആരും സാധാരണനിലക്കു പറയുന്ന കാര്യങ്ങളല്ലാതെ മറ്റെന്താണ് ഇതും? ഇത്തരം പ്രസംഗങ്ങള്‍ക്കൊക്കെ കേസെടുക്കുക.യാണെങ്കില്‍ ആരെങ്കിലും അതില്‍ നിന്നു രക്ഷപ്പെടുമോ? എന്നാല്‍ തങ്ങളുടെ ജൈത്രയാത്രക്കു ഭീഷണിയാകുമെന്നവര്‍ക്കു തോന്നിയ രാഹുലിനെ തളക്കുക മാത്രമാണ് ലക്ഷ്യമെന്നു വ്യക്തം. മാത്രമല്ല, ആഗോള കുറ്റവാളിയെന്നു ബോധ്യപ്പെട്ട, മോദിയുടെ വലംകൈ കൂടിയായ അദാനിക്കെതിരായ രാഹുലിന്റേ.യും കോണ്‍ഗ്രസ്സിന്റേയും നീക്കവും സംഘപരിവാറിനു തലവേദനയാകുന്നു എന്നു വ്യക്തം.

തികച്ചും അടിസ്ഥാനരഹിതമാണ് രാഹുല്‍ കേബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലുള്ള വിവാദവും. അദ്ദേഹം ഇന്ത്യയെ അപമാനിച്ചു സംസാരിച്ചു എന്നാണ് വിമര്‍ശനം. ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് സ്ഥാപനപരമായ ഘടന ആവശ്യമാണെന്നും പാര്‍ലിമെന്റ്, സ്വതന്ത്രമാധ്യമങ്ങള്‍, നീതിന്യായസംവിധാനം എന്നിവയെല്ലാം ജനാധിപത്യത്തില്‍ അത്യന്തോപേക്ഷിതമാണെന്നും ഇവക്കുമേലുണ്ടാകുന്ന നിയന്ത്രണങ്ങള്‍ ആ സംവിധാനത്തെ തകര്‍ക്കുമെന്നും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകള്‍ ഇളക്കുന്ന തരത്തിലുള്ള അക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നുമാണ് പ്രധാനമായും അദ്ദേഹം പറഞ്ഞത്. കൂടാതെ വലിയ ഭൂവിസ്തൃതിയുള്ള വ്യത്യസ്ത സംസ്‌കാരങ്ങളുള്ള നിരവധി സംസ്ഥാനങ്ങളാണ് ഇന്ത്യയിലുള്ളതെന്നും അത്തരമൊരു രാജ്യത്തിന്റെ മുന്നോട്ടുപോക്കിനു കൂടിയാലോചനകള്‍ ആവശ്യമാണെന്നും അത്തരം സംവാദങ്ങള്‍ക്കുള്ള സാധ്യതകളാണ് രാജ്യത്ത് ഇല്ലാതാകുന്നതെന്നും പാര്‍ലിമന്റില്‍ പോലും സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രതിപക്ഷനേതാക്കള്‍ക്കെതിരെ നിരന്തരമായി നടപടികളെടുക്കുന്നു, ന്യൂനപക്ഷങ്ങള്‍ അക്രമിക്കപ്പെടുന്നു, മാധ്യമങ്ങളുടെ വായ് മൂടികെട്ടുന്നു. ഇന്ത്യന്‍ ജനാധിപത്യം മഹത്തരമാണെന്നും അതിനെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കുകയാണ് തങ്ങളെന്നുമാണ് അദ്ദേഹമവിടെ അടിവരയിട്ടു പറഞ്ഞത്.

ഈ പ്രസംഗത്തിന്റെ പേരിലാണ് രാഹുലിനെതിരെ സംഘടിതമായ അക്രമണം ഇപ്പോള്‍ നടക്കുന്നത്. അദ്ദേഹത്തെ പാര്‍ലിമെന്റില്‍ സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല. അദ്ദേഹമെന്താണോ പറഞ്ഞത് അതുതന്നെയാണ് നടക്കുന്നത്. ലോകം വിരല്‍ത്തുമ്പിലായ ഇക്കാലത്ത് മറ്റുരാജ്യങ്ങളില്‍പോയി തെറ്റായ കാര്യങ്ങള്‍ പറഞ്ഞ് രാജ്യത്തെ അപമാനിച്ചെന്നാണ് സംഘപരിവാറും കേന്ദ്രസര്‍ക്കാരും പറയുന്നത്. സത്യത്തില്‍ അതു ചെയ്തത് സാക്ഷാല്‍ നരേന്ദ്രമോദിയായിരുന്നു. അദ്ദേഹം ആദ്യമായി അധികാരമേറ്റതിനെ തുടര്‍ന്ന് പല രാജ്യങ്ങളിലും പോയി, ഇതുവരേയും ഇന്ത്യയുടെ അവസ്ഥ നാണം കെട്ടതായിരുന്നു, ഇനിയതു മാറുമെന്നൊക്കെ പ്രസംഗിച്ചത് മറക്കാറായിട്ടില്ലല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സത്യത്തില്‍ രാഹുല്‍ പറഞ്ഞതുതന്നെയണ് യാഥാര്‍ത്ഥ്യം. ഇന്ത്യന്‍ ജനാധിപത്യം അപകടത്തില്‍ തന്നെയാണ്. അതിനെ രക്ഷിക്കാന്‍ ഇനിയാര്‍ക്കു കഴിയുമെന്നതാണ് ചോദ്യം. അതിനുള്ള അവസരമാണ് 2024ലെ ലോകസഭാ തെരഞ്ഞെടുപ്പ്. അത്തരമൊരു മഹത്തായ സന്ദര്‍ഭം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലുണ്ട്താനും. 1977 തന്നെ. തീര്‍ച്ചയായും ജയപ്രകാശ് നാരായണനെ പോലുള്ള ഒരാളുടെ അഭാവം ഇന്നുണ്ട്. എന്നാല്‍ അന്നത്തേക്കാള്‍ അതിരൂക്ഷമാണ് ഇന്നത്തെ സാഹചര്യമെന്നു തിരിച്ചറിഞ്ഞ് ഒന്നിച്ചുനിന്ന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷം തയ്യാറാകുമോ എന്നതുതന്നെയാണ് ആവര്‍ത്തിച്ച് ആവര്‍ത്തിച്ചുയരുന്ന ചോദ്യം. എന്നാല്‍ പ്രതീക്ഷാ നിര്‍ഭരമായ മറുപടിയല്ല കാണുന്നത്. രാഹുലിനെതിരായ നീക്കങ്ങളെപോലും ബിജെപി തന്ത്രമായി വ്യാഖ്യാനിക്കുന്ന പ്രതിപക്ഷനേതാക്കളുണ്ട്. മറ്റു നേതാക്കളെ അപ്രസക്തരാക്കാനാണത്രെ ബിെജപിയുടെ നീക്കം. സമീപദിവസങ്ങളിലെ സംഭവവികാസങ്ങളില്‍ പോലും രാഹുലിനും കോണ്‍ഗ്രസ്സിനുമൊപ്പം നില്‍ക്കാന്‍ പല പ്രതിപക്ഷ പ്രസ്ഥാനങ്ങളും തയ്യാറായിട്ടില്ല. മറിച്ച് മൂന്നാം മുന്നണിയുണ്ടാക്കി ത്രികോണ മത്സരം സൃഷ്ടിക്കാനാണ് അവരുടെ നീക്കം. എങ്കില്‍ അതാരെയാണ് സഹായിക്കുക എന്നു തിരിച്ചറിയാന്‍ സാമാന്യ രാഷ്ട്രീയബോധം പേരേ? മമതാ ബാനര്‍ജി, നിതഷ് കുമാര്‍, ചന്ദ്രശേഖര്‍ റാവു, ശരത് പവ്വാര്‍, അഖിലേഷ് യാദവ് തുടങ്ങിയ പ്രാദേശിക പാര്‍ട്ടി നേതാക്കളെല്ലാം കിനാവു കാണുന്നത് പ്രധാനമന്ത്രി പദമാണ്. ആ അതിമോഹത്താല്‍ അവര്‍ ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ തന്നെയാണ് കൂട്ടുനില്‍ക്കുന്നത്. ആം ആദ്മി, ഡി എം കെ, ആര്‍ ജെ ഡി, സി പി എം പോലുള്ള ഏതാനും പാര്‍ട്ടികള്‍ മാത്രമാണ് ഇന്നലത്തെ സംഭവവികാസങ്ങളില്‍ പ്രതികരിച്ചത്.

ഇപ്പോഴും ബിജെപി കഴിഞ്ഞാല്‍ ഇന്ത്യയില്‍ മിക്ക സംസ്ഥാനങ്ങളിലും സ്വാധീനമുള്ള ഏകപാര്‍ട്ടി കോണ്‍ഗ്രസ്സാണ്. അതുപോലെ അഖിലേന്ത്യാ നേതാവ് എന്ന് വിശേഷിപ്പിക്കപ്പെടാന്‍ അര്‍ഹതയുള്ള നേതാവ് രാഹുലാണ്. എന്തൊക്കെ പരിമിതികളുണ്ടെങ്കിലും ഈ യാഥാര്‍ത്ഥ്യമെങ്കിലും തിരിച്ചറിഞ്ഞ്, വര്‍ത്തമാനകാല രാഷ്ട്രീയ കടമ തിരിച്ചറിഞ്ഞ് നിലപാടെടുക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ തയ്യാറാകുന്നില്ലെങ്കില്‍ അട്ടിമറിക്കപ്പെടാന്‍ പോകുന്നത് ഇന്ത്യന്‍ ജനാധിപത്യമായിരിക്കുമെന്നു തിരിച്ചറിയാന്‍ വലിയ രാഷ്ട്രീയനിരീക്ഷകനൊന്നുമാവേണ്ടതില്ല. മിനിമം ജനാധിപത്യം ബോധം മാത്രം മതി. അതുണ്ടാകുമോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply