ഇന്ന് അമ്മ എന്നോട് മിണ്ടിയില്ല, കരയുക മാത്രം ചെയ്തു.

കഴിഞ്ഞ ദിവസം ജയില്‍മോചിതനായ ശേഷം പേരളിവാളന്‍ എഴുതിയ കുറിപ്പ് – The Indian Express, Delhi..

എന്നെ മോചിപ്പിക്കാന്‍ രാവിലെ 10.40 ഓടെ സുപ്രീം കോടതി ഉത്തരവിട്ടപ്പോള്‍, സുഹൃത്തിനൊപ്പം അമ്മാവന്റെ വീടിനടുത്തുള്ള പൊതു ഹാളില്‍ കാത്തുനില്‍ക്കുകയായിരുന്നു ഞാന്‍. ഒടുവില്‍ കാത്തിരുന്ന വാര്‍ത്ത വന്നപ്പോള്‍ വീട്ടില്‍ പോകാന്‍ ധൃതിയായി. വീട്ടില്‍ ഇത്രയും വര്‍ഷം എനിക്കുവേണ്ടി പോരാടിയ അമ്മ കരയുകയായിരുന്നു.മൂത്ത സഹോദരിയും അവിടെയുണ്ടായിരുന്നു. അവള്‍ ഇങ്ങനെ കരയുന്നത് മുന്‍പ് ഞാന്‍ കണ്ടിട്ടില്ല. അല്‍പ്പം വൈകി വീട്ടിലെത്തിയ അനുജത്തിയും തമിഴ് അധ്യാപകനായി വിരമിച്ച അച്ഛനും വളരെ സന്തോഷത്തിലായിരുന്നു.

ഇന്ന് അമ്മ എന്നോട് മിണ്ടിയില്ല, കരയുക മാത്രം ചെയ്തു. അമ്മയെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചോയെന്ന് എനിക്ക് ഓര്‍മയില്ല. പക്ഷേ അമ്മയുടെ കൂടെ ഇരുന്ന് എനിക്ക് സംസാരിക്കണം. സുപ്രീം കോടതി ഉത്തരവ് വന്നിട്ട് മണിക്കൂറുകള്‍ മാത്രം. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള നിരവധി ഫോണുകള്‍ക്കു മറുപടി പറഞ്ഞ് ഞാന്‍ ക്ഷീണിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നീണ്ട നിയമ പോരാട്ടമാണ്. പക്ഷേ, അമ്മ എനിക്കായി എത്രമാത്രം പോരാടുന്നുവെന്ന് അറിയാവുന്നതിനാല്‍ ഞാന്‍ തളര്‍ന്നില്ല. 6×9 അടി സെല്ലിലെ ഏകാന്ത തടവില്‍ ഏകദേശം 11 വര്‍ഷമാണു ഞാന്‍ ചെലവഴിച്ചത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എനിക്ക് കാണാനും സംസാരിക്കാനും ഭിത്തികള്‍ മാത്രം. പതിവായി ഭിത്തിയിലെ ഇഷ്ടികകള്‍ എണ്ണുകയും, വാതിലുകളുടെയും കുറ്റികളുടെയും അളവുകള്‍ എടുക്കുകയും, കൊതിക്കുന്ന മണം സങ്കല്‍പ്പിക്കുകയും ചെയ്യുന്നത് എങ്ങനെയെന്ന് നേരത്തെ ആരോടോ ഞാന്‍ പറഞ്ഞിരുന്നു. ആ ദിവസങ്ങളിലാണ് എന്റെ ഇന്ദ്രിയങ്ങളെക്കുറിച്ച് ഞാന്‍ ബോധവാന്മാരാകാന്‍ തുടങ്ങിയത്. ജയിലില്‍ ഒരു കുഞ്ഞിനെ കാണാന്‍ കൊതിച്ച ദിവസങ്ങളുണ്ടായിരുന്നു. തടവുകാലത്തിന്റെ ആദ്യ ഘട്ടത്തില്‍ വീട്ടില്‍ ജനിച്ച കുഞ്ഞുങ്ങളെല്ലാം ഇപ്പോള്‍ മുതിര്‍ന്നവരായി മാറിയിരിക്കുന്നു.

എന്റെ സഹോദരിയുടെ കൗമാരക്കാരിയായ മകള്‍ സെഞ്ചോലൈ ഇപ്പോള്‍ എന്റെ കൂടെയുണ്ട്. ജയില്‍ മോചിതനാകുമ്പോള്‍ അവള്‍ക്ക് വിരുന്ന് നല്‍കണമെന്നും മധുരപലഹാരങ്ങള്‍ വാങ്ങണമെന്നും എന്നോട് പറഞ്ഞിരുന്നു. അതിനുള്ള ക്രമീകരണങ്ങള്‍ ഇതുവരെ ചെയ്തിട്ടില്ല. എന്റെ സഹോദരിമാരുടെ മക്കളായ അഗരനെയും ഇനിമൈയെയും ഞാന്‍ വല്ലാതെ മിസ് ചെയ്യുന്നു. അഗരന്‍ യുഎസിലാണ്. ഇനിമൈ കോളജില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയിലും. വിദേശത്തായിരുന്ന സെല്‍വ അണ്ണയെ (സെല്‍വരാജ്) ഞാന്‍ മിസ് ചെയ്യുന്നു. വധശിക്ഷയ്‌ക്കെതിരായ പോരാട്ടത്തില്‍ അമ്മയെ സഹായിച്ച നിസ്വാര്‍ത്ഥ വ്യക്തിയായിരുന്നു അദ്ദേഹം. പോരാട്ടത്തില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന ഡല്‍ഹിയിലെ അഭിഭാഷകനായ എസ് പ്രഭു രാമ സുബ്രഹ്മണ്യനെ ഞാന്‍ മിസ് ചെയ്യുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേസില്‍ നിന്നു മോചിതനായ എന്റെ സുഹൃത്തും സഹോദരനുമായ ശേഖര്‍ ഇപ്പോള്‍ വിദേശത്താണ്. 1999-ല്‍ മോചിതനായപ്പോള്‍ എനിക്ക് ഷൂസും ഒരു ഷര്‍ട്ടും ഒരു ജോടി ട്രൗസറും അവന്‍ സമ്മാനമായി നല്‍കിയത് ഞാന്‍ ഓര്‍ക്കുന്നു. ഞാന്‍ പുറത്തിറങ്ങുന്ന ദിവസം അവ ധരിക്കണമെന്ന് അവന്‍ പറഞ്ഞിരുന്നു. ഇന്നെനിക്ക് ആ വസ്ത്രങ്ങള്‍ പാകമല്ലാതായി. എങ്കിലും ഇപ്പോഴും അവ നിധിപോലെ സൂക്ഷിക്കുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടുവെന്നറിഞ്ഞ്, കേസ് നടത്തിപ്പിനായി സ്വന്തം സ്വര്‍ണമാല അയച്ചുതന്ന തേന്‍മൊഴി അക്കയെ ഓര്‍ക്കുന്നു. പിന്നീട് അര്‍ബുദം ബാധിച്ച് മരിച്ച അവരെ എനിക്ക് കാണാന്‍ അവസരമുണ്ടായില്ല.

1997ല്‍ സേലം ജയിലില്‍ എന്നെ സന്ദര്‍ശിച്ച് ”ഞാന്‍ നിങ്ങളോടൊപ്പമുണ്ട്” എന്ന കുറിപ്പ് കൈമാറിയ മാധ്യമ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ അന്തരിച്ച മുകുന്ദന്‍ സി മേനോനെ മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നില്‍ ചെലുത്തിയ സ്വാധീനം വിവരിക്കാനാവില്ല. എന്റെ പോരാട്ടത്തില്‍ താങ്ങായി നിന്നത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരായിരുന്നു. എന്നെ വിശ്വസിക്കുകയും അതിജീവനത്തിനായി പ്രചോദിപ്പിക്കുകയും ചെയ്ത ചുരുക്കം ചിലരില്‍ ഒരാള്‍ ജസ്റ്റിസ് കൃഷ്ണയ്യരായിരുന്നു. ജസ്റ്റിസ് കൃഷ്ണയ്യരുടെയും, ഞങ്ങള്‍ക്കു വധശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ച് 2011-ല്‍ സ്വയം തീകൊളുത്തിയ ഇരുപതുകാരി പി സെങ്കൊടിയുടെയും ഫൊട്ടോകള്‍ക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

എല്ലാവരോടും നന്ദി പറയുന്നു…. നീതിക്കു വേണ്ടി പോരാടാന്‍ നിര്‍ബന്ധിതരായ എല്ലാവര്‍ക്കും എന്റെ കഥ പ്രതീക്ഷ നല്‍കുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ജന്മനാടായ ജോലാര്‍പേട്ടില്‍ ചെറുപ്പത്തില്‍ ചെലവഴിച്ച മനോഹരമായ ദിവസങ്ങള്‍ ഞാന്‍ ഓര്‍ക്കുന്നു. അന്നും ഇന്നും തമ്മില്‍ ഒരു വലിയ വിടവ് കാണുന്നു – ഞാനിപ്പോള്‍ ഒരു മധ്യവയസ്‌കനാണ്, കൂടുതല്‍ പക്വതയും ജീവിതാനുഭവവുമുള്ള ഒരു മനുഷ്യനാണ്. ഞാന്‍ എങ്ങനെയാണ് വിടവ് നികത്താന്‍ പോകുന്നത്? എനിക്കറിയില്ല. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഞാന്‍ അവശേഷിപ്പിച്ച ചെറിയ കൂടല്ല എന്റെ നാട് ‘

കടപ്പാട് – The Indian Express, Delhi..

A G Perarivalan writes for @ieopinion: My hope was my mother… the life-saving plank in my arduous journey through a hurricane infested ocean
https://t.co/w5Zp8jr8Uz via @IndianExpress

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply