ജോലിസമ്മര്‍ദ്ദം : പരിഹാരം വിപസ്സന ധ്യാനം

ദൈവത്തെ ആശ്രയിച്ചാല്‍ ജോലി സമ്മര്‍ദ്ദം കുറക്കാമെന്നു പറയുന്ന ബഹു:ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് ഒരു മറുപടി

പ്രമുഖ ബഹുരാഷ്ട്ര അക്കൗണ്ടിംഗ് കമ്പനിയായ ഇ.വൈ യില്‍ ജോലി ചെയ്തിരുന്ന മലയാളിയായ അന്ന സെബാസ്റ്റ്യന്‍ എന്ന ഇരുപത്തെട്ടുകാരി കടുത്ത മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൂനെയില്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആവുകയും അവിടെ വച്ച് മരണം സംഭവിക്കുകയും ചെയ്ത വാര്‍ത്ത വന്നത് ഈയടുത്താണ്. ഉറങ്ങുവാന്‍ പോലും സമയം കിട്ടാതിരുന്ന തരം ജോലി ഭാരമാണ് അന്നയുടെ കമ്പനി നല്‍കിയിരുന്നത് എന്ന വാര്‍ത്തകള്‍ പിന്നീട് പുറത്തു വന്നു തുടങ്ങി.. മനുഷ്യത്വ രഹിതമായ തൊഴില്‍ സംസ്‌കാരമാണ് അന്നയെ ഇല്ലാതാക്കിയത് എന്നുള്ളതാണ് വാസ്തവം.

ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ ഭരണഘടനയില്‍ ഉള്‍ചേര്‍ത്ത 8 മണിക്കൂര്‍ ജോലി എന്ന നിയമത്തിന് വിരുദ്ധമായി കൂടുതല്‍ സമയം ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്ന നിരവധി മനുഷ്യര്‍ ഇന്ത്യയിലുണ്ട്. പ്രതികരിച്ചാല്‍ തൊഴില്‍ നഷ്ടമാകും എന്ന ഭീതിയില്‍ അവര്‍ കൂടുതല്‍ സമയം ജോലി ചെയ്യുവാന്‍ വിധിക്കപ്പെടുന്നു.. ഇത് അവരെ കടുത്ത ട്രോമയിലേയ്ക്കാണ് നയിക്കുന്നത്. ഇത്തരം അവസ്ഥകള്‍ എത്തരത്തിലാണ് ഇന്ത്യന്‍ തൊഴില്‍ സമൂഹങ്ങളെ ബാധിച്ചത് എന്നതിന്റെ വേദനിപ്പിക്കുന്ന ഉദാഹരണമാണ് അന്നയുടെ മരണം. അമിതജോലിഭാരം മൂലം ഒരു പെണ്‍കുട്ടി ഇല്ലാതായിട്ടും നമ്മുടെ ധനമന്ത്രി അതിന്റെ കാരണങ്ങള്‍ വിലയിരുത്താന്‍ ശ്രമിക്കാതെ പ്രസ്തുത വിഷയത്തിലേയ്ക്ക് ദൈവത്തെകൊണ്ടുവരികയാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് നാനായിടങ്ങളില്‍ നിന്നും ഉയര്‍ന്നു വരാവുന്ന ചോദ്യങ്ങളെ ഒറ്റയടിക്ക് ഒഴിവാക്കുവാന്‍ ദൈവം എന്ന വാക്കിന് പവര്‍ ഉണ്ടെന്നുള്ള തന്ത്രമാണ് നിര്‍മല സീതാരാമന്‍ ഉപയോഗിച്ചത്.ഒരു ദൈവത്തിന്റെയും പിന്‍ബലമില്ലാതെ നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഇവിടുത്തെ ജനങ്ങള്‍ മാനസിക സൗഖ്യം നേടിയിരുന്നു എന്ന സത്യം സവര്‍ണതയും ജാതിയും ഒന്നിച്ചു ചേര്‍ത്ത് തുന്നിയ പുതപ്പിനടിയില്‍ മറയ്ക്കപ്പെട്ടു.

ഇന്ത്യയ്ക്ക് അതിസമ്പന്നമായ ഒരു ആധ്യാത്മിക പാരമ്പര്യവും, സംസ്‌കാരവും ഉണ്ട്. ഇന്ത്യയില്‍ മനുഷ്യകുലം കൃഷി ചെയ്യാന്‍ തുടങ്ങിയ കാലം മുതല്‍ അതായത് ഏകദേശം 8500 വര്‍ഷം കൊണ്ട് കെട്ടിപ്പടുത്തതാണ് ആ സംസ്‌കാരം. അത് സിന്ധു നദീതട സംസ്‌കാരം എന്ന് അറിയപ്പെടുന്നു. ഈ സംസ്‌കാരത്തില്‍ ഒരിടത്തുപോലും ദൈവമോ ദൈവചിന്തയോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

സിന്ധുനദീതടസംസ്‌കാരത്തെ പേര് മാറ്റി സരസ്വതിനദീ തടമെന്ന് നാമകരണം ചെയ്ത് മഹത്തായ സിന്ധുനദീ തടസംസ്‌കാരത്തിന്റെ ഓര്‍മ്മകളെ പോലും വാഷ്ഔട്ട് ചെയ്യാനുള്ള പ്രവണതയും അണിയറയില്‍ നടക്കുന്നതിനെ നമ്മളിവിടെ ഓര്‍ത്തുവയ്‌ക്കേണ്ടതുണ്ട്. കാരണം നിര്‍മല സീതാരാമന്‍ അവര്‍ മുന്നോട്ടു വയ്ക്കുന്ന ബ്രാഹ്മണിക് ആശയത്തെ ജനങ്ങളുടെ തലച്ചോറിനുള്ളിലേയ്ക്ക് ആഴത്തില്‍ കടത്തിവിടാന്‍ തന്നെയാകണം മേല്പറഞ്ഞ തരത്തിലുള്ള പ്രസ്താവന നടത്തിയത്. അല്ലെങ്കില്‍ പിന്നെ ഇത്തരം സന്ദര്‍ഭങ്ങളില്‍ ദൈവത്തെ തിരുകി കയറ്റേണ്ട കാര്യമില്ലല്ലോ. ദൈവം, ആത്മീയത എന്നിവ ഭയം, പാപം എന്നിവയുമായി കൂട്ടിക്കലര്‍ത്തി ഇന്ത്യന്‍ മനസിലിട്ടുകൊടുത്താല്‍ അത് കത്തിക്കയറും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. യഥാര്‍ത്ഥ വിഷയത്തെ അഭിസംബോധന ചെയ്യേണ്ടതിനു പകരം ദൈവത്തിന് ഇട്ടുകൊടുത്താല്‍ ഏത് വലിയ ബുദ്ധിജീവിയുടെയും നാവടപ്പിക്കാനും അതിലുപരി പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നു വന്നേക്കാവുന്ന ചോദ്യങ്ങളില്‍ നിന്നും അതിവിദഗ്ധമായി രക്ഷപെടാനും സാധിക്കും എന്ന ചാണക്യതന്ത്രമാണ് അവര്‍ സ്വീകരിച്ചത്. യുക്തിസഹമായി ചോദ്യം ചെയ്യാന്‍ വരുന്നവരെ വൈകാരികത കൊണ്ട് കീഴ്‌പ്പെടുത്തി ദൈവത്തെ മുന്‍നിര്‍ത്തി കളിക്കുന്ന സ്വന്തം രാഷ്ട്രീയം ഒളിച്ചു കടത്തുവാന്‍ അവര്‍ ഈ അവസരം വിനിയോഗിച്ചു എന്നുള്ളതാണ് വാസ്തവം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മനുഷ്യന്‍ ഉണ്ടായ കാലം മുതല്‍ മനസ്സും ഉണ്ടാകുമല്ലോ. അപ്പോള്‍ മാനസിക അസ്വസ്ഥതയും സമ്മര്‍ദ്ദവും ഉണ്ടാകുന്നത് സ്വാഭാവികം. അന്ന് മുതല്‍ മനുഷ്യന്‍ അവന് അവന്റെ മനസിന്റെ അസ്വസ്ഥതകളെ പരിഹരിച്ച് സ്വസ്ഥത എങ്ങനെ നേടിയെടുക്കാം എന്ന ഗവേഷണം ആരംഭിച്ചിരിക്കുമല്ലോ. അങ്ങനെ പലരും പലതരത്തിലുള്ള ദര്‍ശനങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അങ്ങനെ ഏതാണ്ട് ഒന്‍പതോളം ദര്‍ശനങ്ങള്‍ ഇന്ന് ലഭ്യമാണ്. അതില്‍ ഏറ്റവും പ്രചാരത്തില്‍ ഉണ്ടായിരുന്ന ദര്‍ശനം ബൗദ്ധമാര്‍ഗ്ഗത്തിലെ ‘വിപസ്സന/വിപശ്യന’ അഥവാ ‘നിരീക്ഷണ ധ്യാനമാണ്’. പില്‍ക്കാലത്ത് ഗൗതമബുദ്ധന്‍ അതിനെ ‘അഷ്ടാംഗമാര്‍ഗ്ഗം’ എന്ന പേരില്‍ ശാസ്ത്രീയമായി വ്യവസ്ഥാപിതമായി ചിട്ടപ്പെടുത്തി. ‘ശീലം-സമാധി-പ്രജ്ഞ ‘എന്ന അതിന്റെ ക്രമത്തിന് വളരെ അധികം പ്രാധാന്യവും അര്‍ത്ഥവും ഉണ്ട്.

ലോകത്തിലുടനീളം ‘അഷ്ടാംഗമാര്‍ഗ്ഗം’ പരിശീലിപ്പിക്കുന്ന വിപസ്സന കേന്ദ്രങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ മാത്രം 130ല്‍ പരം കേന്ദ്രങ്ങള്‍ ഉണ്ട്. കേരളത്തില്‍ മാത്രം അത് മൂന്നെണ്ണം. ഓണ്‍ലൈനായും വിപസ്സനയുടെ പരിശീലനം കൊടുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വീട്ടിലിരുന്നും നമുക്ക് പരിശീലനം നേടാന്‍ സാധിക്കും. അതില്‍ ഒന്ന് സ്‌കൂള്‍ ഓഫ് അഷ്ടാംഗ മാര്‍ഗ്ഗയാണ്. ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും ജോലി സമ്മര്‍ദ്ദം കുറയ്ക്കാനായി 10 ദിവസത്തെ ഈ സൗജന്യ പരിശീലനത്തിനാണ് പോകാറ്.

സമൂഹത്തിലെ ഉന്നതരായ ആളുകളെല്ലാം തന്നെ ഈ പരിശീലന കേന്ദ്രത്തില്‍ എത്താറുണ്ട്. ബുക്കിംഗ് ഓപ്പണ്‍ ചെയ്താല്‍ അര ദിവസം കൊണ്ട് തന്നെ മുഴുവന്‍ സീറ്റും തീരുകയും ചെയ്യും. വരേണ്യവര്‍ഗ്ഗത്തിന്റെ ഇടയില്‍ അത്രയും ജനകീയമായ മനഃശാസ്ത്ര പരിശീലന പരിപാടിയാണിത്.

മനസ്സാന്നിധ്യം കൈവിടാതെ കൂടുതല്‍ സമയം നില്‍ക്കാനും എല്ലാറ്റിന്റെയും അനിത്യമായ പ്രകൃതം തിരിച്ചറിയാനും മാനസിക പാറ്റേണുകളും അറ്റാച്ച്‌മെന്റുകളും എങ്ങനെ മാനസിക അസ്വസ്ഥതയും ഉത്കണ്ഠയും സമ്മര്‍ദ്ദവും ഉണ്ടാക്കുന്നുവെന്ന് മനസ്സിലാക്കാനും ഈ പരിശീലനം ഊന്നല്‍ നല്‍കുന്നു. ഈ അവബോധം വളര്‍ത്തിയെടുക്കുന്നതിലൂടെ, പരിശീലകര്‍ മാനസിക വ്യക്തത, വൈകാരിക സന്തുലിതാവസ്ഥ, ആത്മീയ ഉള്‍ക്കാഴ്ച എന്നിവ കൈവരിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു. ആത്യന്തികമായി മാനസിക അസ്വസ്ഥതകളില്‍ നിന്നുള്ള മോചനത്തിലേക്ക് നയിക്കുന്നു.

പക്ഷെ വരേണ്യ വര്‍ഗ്ഗത്തില്‍ മാത്രം ഒതുങ്ങി പോകുകയും സാധാരണക്കാര്‍ക്ക് ഇത് ഇന്നും അപ്രാപ്യമാകുന്നതും എന്തുകൊണ്ട് ?

കള്ളവും ചതിയുമില്ലാത്ത, മനുഷ്യര്‍ക്ക് തമ്മില്‍ വേര്‍തിരിവില്ലാത്ത, ഒരു കാലം നമ്മള്‍ എല്ലാ ഓണക്കാലത്തും കേള്‍ക്കാറുണ്ടല്ലോ. മൗര്യ സാമ്രാജ്യമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ കാലഘട്ടം എന്ന് പറയുന്നത്. അന്ന് വിപസ്സനയായിരുന്നു ഒരു ക്ഷേമരാഷ്ട്രത്തിന് വേണ്ടി രാജാവ് ജനങ്ങളുടെ ഇടയില്‍ പ്രചരിപ്പിച്ചിരുന്നത്. അക്കാദമികമായി കുട്ടികള്‍ക്ക് പഠിപ്പിച്ചിരുന്നത്. പക്ഷേ യുറേഷ്യന്‍ ജൂതരടക്കമുള്ള വിദേശ അധിനിവേശശക്തികള്‍ മൗര്യസാമ്രാജ്യത്തെ തകര്‍ക്കുകയും ശരിയായ വിപസ്സന ധ്യാന പഠനത്തെ അടിമുടി ഇല്ലാതാക്കുകയും ചെയ്തതോടു കൂടി സാധാരണക്കാരില്‍ നിന്ന് വിപസ്സന ധ്യാനം അകലുകയായിരുന്നു.

വിപസ്സന ധ്യാനവുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ താഴ്ന്ന നിലവാരവും തുച്ഛമായ ഗുണം മാത്രമുള്ളതും അശാസ്ത്രീയവുമായ ‘യോഗ’യെയാണ് പിന്നീട് വന്ന സവര്‍ണ്ണ ഭരണകൂടങ്ങളെല്ലാം പകരമായി മുന്നോട്ട് വച്ചത്. ഇന്നും അഷ്ടാംഗമാര്‍ഗ്ഗമെന്ന ഉദാത്തമായ ആധ്യാത്മിക പഠന ശാഖയെ മറച്ചു വെക്കുന്നത് കോര്‍പ്പറേറ്റ് മുതലാളിമാര്‍ സ്പോണ്‍സര്‍ ചെയുന്ന അമൃതാനന്ദമയി, ജഗ്ഗി വാസുദേവ്, രവിശങ്കര്‍ തുടങ്ങിയ ആളുകളിലൂടെ യോഗയെ പ്രചരിപ്പിച്ചു കൊണ്ടാണ്.

മോഡിയും അമിത് ഷായും യോഗിയും ഒറ്റക്കാലില്‍ നിന്ന് കൊണ്ട് യോഗദിനത്തില്‍ പരാക്രമം കാണിക്കുന്നത് വെറുതെയല്ല എന്നര്‍ത്ഥം.

അമ്പലവും, ദൈവവിശ്വാസവും ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നതും ഇതിന്റെ ഭാഗമായാണ്. എല്ലാ സമ്മര്‍ദ്ദങ്ങളും തരണം ചെയ്ത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടിംഗ് പോലുള്ള ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ ഒരു പെണ്‍കുട്ടിയ്ക്ക് ജോലി സമ്മര്‍ദ്ദം കാരണം ജീവന്‍ പൊലിഞ്ഞപ്പോള്‍ തന്റെ സവര്‍ണ്ണ രാഷ്ട്രീയം ചുളുവില്‍ വില്‍ക്കുകയാണ് നിര്‍മല സീതാരമനും കൂട്ടരും ചെയ്ത്. എന്നാല്‍ വിപസ്സന ധ്യാനത്തില്‍ യുക്തിക്ക് നിരക്കാത്തതോ അശാസ്ത്രീയമോ വിശ്വാസമോ അന്ധവിശ്വാസമോ ഒന്നും തന്നെയില്ല. ‘വിപസ്സന’ എന്നാല്‍ സാക്ഷീഭാവത്തോടെയുള്ള നിരീക്ഷണം അല്ലെങ്കില്‍ ‘detached observation’ എന്നാണ് അര്‍ത്ഥമാക്കുന്നത്, അതില്‍ ശ്വാസം, ശാരീരിക സംവേദനങ്ങള്‍, ചിന്തകള്‍, മനസ്സിന്റെ പ്രതികരണങ്ങള്‍ എന്നിവയില്‍ മുഴുകാതെ വേറിട്ട് മാറി നിന്ന്, സ്വപ്രകൃതവും അവബോധവും ജ്ഞാനവും വികസിപ്പിക്കുന്നതിന് നിരീക്ഷണവിധേയമാക്കുന്നു.

സ്വന്തം മനസ്സിന്റെയും ശരീരത്തിന്റെയും പ്രക്രിയകളെ നിരീക്ഷിച്ചു പഠിച്ച്, അസ്വസ്ഥതയ്ക്കു കാരണം കണ്ടെത്തി അതിനേ പരിഹരിക്കുക എന്നത് മാത്രമാണ് വിപാസ്സനയില്‍ ചെയ്യുന്നത്. കാരണം ഇല്ലാതെ ഒന്നും ഉണ്ടാവില്ലല്ലോ. വളരെ ശാസ്ത്രീയമായ ഒരു പഠന ശാഖയാണ് വിപസ്സന. ഇംഗ്ലീഷില്‍ വിപസ്സനയുടെ, മൈന്‍ഡ്ഫുള്‍നസ് (mindfulness) എന്ന ലഘുവായ പതിപ്പ് ക്ലിനിക്കല്‍ സൈക്കോജിസ്റ്റുകള്‍ പോലും ഇന്ന് ഉപയോഗിക്കുന്നുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഒരു കാര്യം കൂടി പറഞ്ഞു കൊള്ളട്ടെ. ഇന്ത്യയിലെ സവര്‍ണ്ണ മാധ്യമങ്ങളൊക്കെ തന്നെ ഇവിടുത്തെ പട്ടികജാതി വര്‍ഗ്ഗങ്ങള്‍ക്ക് സ്വന്തമായി പാരമ്പര്യവും സംസ്‌കാരവും ഇല്ലാത്തവരായി ചിത്രീകരിക്കുന്നുണ്ട്. ഈയടുത്ത് പോലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അറിവിന്റെ നിറകുടമാകേണ്ടവര്‍ പോലും ജാതി അധിക്ഷേപം നടത്തുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ വിപസ്സന ധ്യാനമാണ് അവരുടെ പൈതൃകവും സംസ്‌കാരവും. ഇക്കാര്യം മറച്ചു വെച്ച് കൊണ്ടാണ് സവര്‍ണ്ണ മാധ്യമങ്ങള്‍ ഒക്കെ തന്നെ ഇവരെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത്. സ്വന്തം കാലില്‍ നില്‍ക്കാനും സ്വാഭിമാനത്തോടെ തലയുയര്‍ത്തി ജീവിക്കാനും ആഗ്രഹിക്കുന്നു എങ്കില്‍ ഇവിടുത്തെ തദ്ദേശീയ (SC/ST/OBC/പരിവര്‍ത്തിത മൈനോറിറ്റി) ജനതയോട് പറയാനുള്ളത് അവരുടെ വേരുകള്‍ കണ്ടെത്തി അവയിലേക്ക് തിരിച്ചു പോവുക എന്ന് തന്നെയാണ്. ഒരു പൈസയും ചിലവില്ലാതെ ഇന്ത്യയില്‍ ഉടനീളം 10 ദിവസം ഭക്ഷണവും താമസവും നല്‍കി വിപസ്സനയുടെ പരിശീലനം നല്‍കുന്നുണ്ട്. അവിടെ പോകുക എന്നത് മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്. രാവിലെയും വൈകുന്നേരവും സന്ധ്യാദീപം തെളിച്ച് രാമനാമം ജപിച്ചു, ഇല്ലാത്ത അദൃശ്യ ശക്തിയില്‍ അഭയം പ്രാപിക്കുന്നതിനു പകരം എന്താണ് നമ്മുടെ പൂര്‍വികര്‍ സ്വന്തം മാനസ്സിക അസ്വസ്ഥതയ്ക്കു പരിഹാരം കാണാന്‍ രണ്ടു നേരവും ചെയ്തിരുന്നത് എന്ന് മനസ്സിലാക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്.

മികച്ച തൊഴില്‍ സംസ്‌കാരവും എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളിച്ച്, ക്ഷേമ രാഷ്ട്രവും എങ്ങനെയാണ് സൃഷ്ടിക്കേണ്ടത് എന്നറിയില്ലെങ്കില്‍ പ്രവിചന്ദ്ര എസ്. ഷാ യുടെ ‘Vipasana Meditation And its Application in Social change – വിപസ്സന ധ്യാനവും സാമൂഹിക മാറ്റത്തില്‍ അതിന്റെ പ്രയോഗവും’ എന്ന പുസ്തകം സഹായകമാകും.ഇവിടുത്തെ സാധാരണ ജനങ്ങള്‍ക്ക് ഇവയെക്കുറിച്ചൊക്കെ അവബോധം വന്നു തുടങ്ങി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ സീതാരാമനും കൂട്ടര്‍ക്കും *മാനസ്സിക സമ്മര്‍ദ്ദം* ഉണ്ടാകുന്നുണ്ടുവെങ്കില്‍ തീര്‍ച്ചയായും അടുത്തുള്ള വിപസ്സന കേന്ദ്രങ്ങള്‍ അവര്‍ക്ക് സന്ദര്‍ശിക്കാവുന്നതാണ്.

അറിവ് നേടുക, തിരിച്ചറിവ് നേടുക, പ്രബുദ്ധരാകുക!, പ്രക്ഷുബ്ധരാകുക, സംഘടിക്കുക!*

രഞ്ജിത്ത് ചട്ടഞ്ചാല്‍, ജനറല്‍ സെക്രട്ടറി, ബാംസെഫ് കേരള

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ജോലിസമ്മര്‍ദ്ദം : പരിഹാരം വിപസ്സന ധ്യാനം

  1. Avatar for രഞ്ജിത്ത് ചട്ടഞ്ചാല്‍

    Very good article. Congrats n best wishes to TheCritic.in Team.

  2. When I solved my friend’s problem, I had the procedure done with his advice and saw the effect.

Leave a Reply