സ്ത്രീകളും നടത്തണം പ്രൈഡ് മാര്‍ച്ച്

പെണ്‍കുട്ടികള്‍ സ്വന്തം വീട്ടിലും, അഥവാ കല്യാണം കഴിച്ചാല്‍, ഭര്‍ത്താവിന്റെ വീട്ടിലും നിരന്തരം കുടുംബത്തിലെ തന്റെ സ്ഥാനം പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ട്. പേട്രിയാര്‍ക്കി കല്‍പ്പിച്ചു തരുന്ന ചുമതലകളില്‍പ്പെട്ട് ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെടാതിരിക്കാന്‍ ഇത് അനിവാര്യമാണ്.

കോളേജില്‍ മിടുക്കികളായി പാഠ്യ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട്, ലിംഗബോധത്തിന് അതീതമായ മികച്ച സൗഹൃദങ്ങളുള്ള പെണ്‍കുട്ടികള്‍ ജോലി നേടുന്നതിന് മുമ്പ് വിവാഹം കഴിക്കുകയും വിവാഹശേഷം തീരെ ഒതുങ്ങുന്നതും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിലേക്കു ജീവിതം ചുരുക്കുന്നതും ഈ കാലഘട്ടത്തിനു ചേരാത്ത, എന്നാല്‍ പലപ്പോഴും സംഭവിക്കുന്നതുമായ കാര്യമാണ്. ഇതെങ്ങനെ സംഭവിക്കുന്നു? ഭര്‍ത്താവ് തന്റെ വിദ്യാഭ്യാസവും കഴിവും കൊണ്ടു നേടാന്‍ പറ്റുന്ന ഏറ്റവും നല്ല ജോലിയോടെയും ഭാര്യ പലപ്പോഴും പഠനം പൂര്‍ത്തിയാക്കിയോ അല്ലെങ്കില്‍ പഠിച്ചു കൊണ്ടുതന്നെയോ കല്യാണം കഴിക്കുമ്പോള്‍ പെണ്‍കുട്ടി വ്യക്തി എന്ന നിലയില്‍ തന്റെ സാധ്യതകള്‍ ആരായുന്നതിന് മുമ്പുതന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍ അധികവും ഏറ്റെടുക്കേണ്ടിവരും. അഥവാ ഉദ്യോഗസ്ഥയാണെങ്കിലും കുടുംബത്തിലെ തന്റെ സ്ഥാനം, ചുമതലകള്‍ എന്നിവ നിരന്തരം negotiate ചെയ്യേണ്ടതുണ്ട്, ഇല്ലെങ്കില്‍ കുടുംബ ജീവിതത്തിന്റെ ഉത്തരവാദിത്തത്തില്‍ അമിതഭാരം സ്ത്രീയില്‍ വന്നുചേരും. തൊഴില്‍ ഇല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് ഇവരുടെ അവസ്ഥ ഭേദമാണല്ലോ. തന്റെയും കുടുംബാംഗങ്ങളുടെയും ഭൗതികമായ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് അപ്പുറം വളരാന്‍, സാമൂഹിക സ്ഥാനം നേടാന്‍, ഉദ്യോഗം സ്ത്രീയെ പ്രാപ്തയാക്കുന്നില്ല. ഇവര്‍ക്ക് ഭര്‍ത്താവിനോടുള്ള വിധേയത്വവും ആശ്രയത്വവും വലുതായി കുറയുന്നുമില്ല. അതിനു കാരണം സമൂഹവുമായി സമ്പര്‍ക്കം പുലര്‍ത്തി നില്‍ക്കുന്നത് കുടുംബത്തില്‍ ഭര്‍ത്താവാണ്. ഭാര്യയുടെ സമൂഹ സമ്പര്‍ക്കം അവരുടെ ഓഫീസില്‍/ തൊഴിലിടത്തില്‍ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്നു. അല്ലെങ്കില്‍ ഉദ്യോഗവുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഘടനകള്‍ ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഭംഗിയായി നിറവേറ്റുന്നതില്‍ അവസാനിക്കുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

സ്ത്രീധനമൊക്കെ ഏതാണ്ടെല്ലാ വിവാഹത്തിലും കൈമാറുമെങ്കിലും അതു പെണ്‍കുട്ടിയുടെ അച്ഛന്‍ വരനു/ വരന്റെ കുടുംബത്തിന് കൈമാറുന്ന രീതിയിലാണ്. വധുവിന് അതു തനിക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ പോലും പറ്റത്തില്ല. ഡോക്ടറാകാന്‍ പഠനം നടത്തിക്കൊണ്ടിരുന്ന വിസ്മയ പഠനാവശ്യത്തിനായി കുടുംബം കൊടുത്ത സ്ത്രീധനവുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരമായ തുകയ്ക്ക് ഭര്‍ത്താവിനോടും അമ്മയോടും കെഞ്ചേണ്ടിവന്നത് നമ്മള്‍ മറക്കാറായിട്ടില്ല. പക്ഷേ സ്ത്രീധനം വരന് അയാളുടെ വീട്ടില്‍ അന്നുവരെ ഇല്ലാത്ത ഒരു സ്ഥാനം നേടിക്കൊടുക്കുന്നുണ്ട്. നല്ലൊരു ജോലി ആണിനു കിട്ടി ഏറെ വൈകാതെ തന്നെ അയാള്‍ വിവാഹം കഴിക്കും. ആ സമയത്തും കുടുംബത്തിലെ അധികാരി അച്ഛനായിരിക്കും. സ്ത്രീധനമൊക്കെ കിട്ടി, ജോലിയില്‍ നിന്നുള്ള വരുമാനവും എല്ലാമായി പതുക്കെ ഒരു shifting of power from അച്ഛന്‍ to മകന്‍ സംഭവിക്കും. പേട്രിയാര്‍ക്കി എടുത്തവന്‍ പേട്രിയാര്‍ക്കിയാലേ എന്ന മട്ടില്‍ അതങ്ങു സംഭവിക്കും, അച്ഛന്‍ തന്തപ്പടിയാവും, ജനാധിപത്യ സംസ്‌കാരം പരിചയിച്ചിട്ടില്ലാത്ത കുടുംബ വ്യവസ്ഥയില്‍ അധികാരം എപ്പോഴും പണവും മറ്റു വിഭവങ്ങളും കൈയ്യേറുന്ന വ്യക്തിയുടെ കൈകളിലായിരിക്കും. അങ്ങനെ പുതിയൊരു അധികാരകേന്ദ്രമായി വളരുന്ന ഭര്‍ത്താവിന്റെ അടുത്തേക്കാണ് ജീവിതത്തെക്കുറിച്ച് മയില്‍പ്പീലി സ്വപ്നങ്ങളുമായി ഭാര്യ വരുന്നത്. വീട്ടില്‍ അമ്മ അച്ഛന് ചെയ്തു കൊടുക്കുന്ന ജോലികള്‍ കണ്ടു വളര്‍ന്ന ഉദ്യോഗസ്ഥനായ മകന്‍ ജോലിയില്ലാത്ത ഭാര്യയില്‍ നിന്ന് അത്തരം സേവനങ്ങള്‍ പ്രതീക്ഷിക്കാം, ജോലിയുള്ള ഭാര്യയ്ക്ക് ഇത്തരം പ്രതീക്ഷകളുടെ ഭാരമില്ല എന്നല്ല. ഭാര്യ വരുമാനം ഇല്ലാതെ ഭര്‍ത്താവിനെ സാമ്പത്തികമായി ആശ്രയിക്കുകയും സ്ത്രീധനം തന്റെ അവകാശമായി ഭര്‍ത്താവ് കാണുകയും ചെയ്യുമ്പോള്‍ ഭാര്യ പരിപൂര്‍ണമായും ആശ്രിതയായി മാറും. പറയുന്നതെല്ലാം കേള്‍ക്കാന്‍ താന്‍ ബാധ്യതസ്ഥയാണെന്ന് വിചാരിക്കും.

ഇതു ക്രമേണ വീട്ടുജോലികള്‍ അധികവും, അല്ലെങ്കില്‍ എല്ലാം തന്നെ, ഭാര്യയുടെ ഉത്തരവാദിത്തം ആകുന്ന നിലയില്‍ ചെന്നെത്തിക്കും. വീട്ടുജോലികള്‍ നിത്യേന, നിരന്തരം ചെയ്യുന്നത് മടുപ്പുളവാക്കും, ക്രിയാത്മകമായി മറ്റൊന്നും ചെയ്യാനില്ലാതെ ജീവിതം മുന്നോട്ടു പോകുമ്പോള്‍ പ്രത്യേകിച്ചും. അങ്ങനെ ജീവിച്ചു ജീവിച്ച് എപ്പോഴെങ്കിലും സ്വന്തം സമയം തന്റേത് മാത്രമായാല്‍പ്പോലും അതുകൊണ്ട് എന്തു ചെയ്യണം എന്നറിയാത്ത സ്ത്രീയെക്കാണുമ്പോള്‍ അവരുടെ സമയം മുഴുവന്‍ എടുത്ത കുടുംബജീവിതം ജീവിതത്തിന്റെ മറ്റു സാദ്ധ്യതകളില്‍ നിന്ന് അവരെ എത്രയോ അകറ്റിയിരിക്കുന്നു എന്നു ബോധ്യമാവും. ഭാര്യയെ പരിപൂര്‍ണമായും പേട്രിയാര്‍ക്കി ഉദ്ദേശിക്കുന്ന രീതിയില്‍ പാകമാക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഉള്‍പ്പെടെ ഭര്‍ത്താവിനു ഫുള്‍ സപ്പോര്‍ട്ട് കൊടുക്കും. ഭാര്യ തന്നെ എല്ലാ വീട്ടുജോലികളും ചെയ്യുന്നതും മക്കളും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും അതു സാധാരണവല്‍ക്കരിക്കുന്നതുമാണ് രീതി. തുടര്‍ന്നു പഠിക്കുകയോ ഏതെങ്കിലും തൊഴില്‍ മേഖലയില്‍ പ്രവേശിക്കുകയോ ചെയ്യാതെ, കുടുംബത്തെ മാത്രം ആശ്രയിച്ച് പൊതു ഇടങ്ങളില്‍ നിന്ന് അകന്നു കഴിയുന്ന സ്ത്രീജന്മം കുടുംബാംഗങ്ങളുടെ ചൂഷണത്തിന് വിധേയമായി ജീവിച്ച് അവസാനിക്കും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെണ്‍കുട്ടികള്‍ സ്വന്തം വീട്ടിലും, അഥവാ കല്യാണം കഴിച്ചാല്‍, ഭര്‍ത്താവിന്റെ വീട്ടിലും നിരന്തരം കുടുംബത്തിലെ തന്റെ സ്ഥാനം പ്രശ്‌നവല്‍ക്കരിക്കേണ്ടതുണ്ട്. പേട്രിയാര്‍ക്കി കല്‍പ്പിച്ചു തരുന്ന ചുമതലകളില്‍പ്പെട്ട് ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെടാതിരിക്കാന്‍ ഇത് അനിവാര്യമാണ്. ഇത് നിത്യേന, നിരന്തരം ചെയ്യുന്നതിലൂടെ മാത്രമേ വ്യക്തിയായി സ്വയം അവരോധിക്കാന്‍ സ്ത്രീക്കു കഴിയൂ. കുടുംബത്തിന് പുറമേയുള്ള സംഘം ചേരലും സ്ത്രീയ്ക്ക് അനിവാര്യതയാണ്. ഓണത്തിന് തിരുവാതിര കളിക്കാനും പഴയ സഹപാഠികളുമായി അടിപൊളിയായി ഡ്രസ്സ് ചെയ്തു lunch കഴിക്കാന്‍ പോകാനും one day ടൂര്‍ പോകാനുമായി മാത്രമാണ് വിവാഹശേഷം സ്ത്രീ സംഘം ചേരുന്നത് എന്നത് വലിയ പരിമിതിയാണ്. ഫേസ്ബുക്ക് പോലുള്ള നവ മാധ്യമങ്ങള്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നില്‍ക്കുന്ന സ്ത്രീകളുമായി ബന്ധപ്പെടാനുള്ള സാധ്യത പെണ്ണിന് തുറന്നു തരുന്നുണ്ട്. ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങള്‍ പകര്‍ത്തിയ ഫോട്ടോകള്‍ പങ്കിടുന്നതിനൊപ്പം വായനകള്‍ക്ക്, ചര്‍ച്ചകള്‍ക്ക്, സ്വന്തം ചിന്തകള്‍ക്ക്, ആലോചനകള്‍ക്ക് കേള്‍വിക്കാരെയും ഇവിടെ കിട്ടും എന്നത് വലിയ സാധ്യതയാണ്.

കൊല്ലത്ത് കഴിഞ്ഞ ദിവസം എല്‍ജിബിടിക്യൂഐഎ+ വ്യക്തികളുടെ പ്രൈഡ്മാര്‍ച്ച് നടന്നപ്പോള്‍ തോന്നിയ ആലോചന, ഇതുപോലെ കേരളത്തിലെ നാനാതുറകളില്‍ ഉള്ള സ്ത്രീകള്‍ ഒരുമിച്ച് ഒരു പ്രൈഡ്മാര്‍ച്ച് എന്നു നടത്തും എന്നുള്ളതാണ്. അനുപമ അജിത്ത് തന്റെ കുഞ്ഞിനെ തിരിച്ചു കിട്ടാനായി നടത്തിയ സമരം പോലെ കടുത്ത അനീതികളോടെ പൊരുതാനായി മാത്രം, അതും വളരെക്കുറച്ച് സ്ത്രീകള്‍ മാത്രമാണ്, ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നത്. നവ മാധ്യമങ്ങളുടെ സാധ്യതകള്‍ സ്ത്രീകള്‍ക്ക് ഒരുമിക്കാന്‍ അവസരം ഒരുക്കും എന്നു പ്രതീക്ഷിക്കാം.

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply