അധ്യക്ഷതെരഞ്ഞെടുപ്പോടെ ലഭിക്കുമോ കോണ്‍ഗ്രസ്സിനു പുതുജീവന്‍…?

എന്തൊക്കെയായാലും ഫാസിസത്തെ തടയാനുള്ള ഒരു രാഷ്ട്രീയമുന്നേറ്റം രാജ്യത്തുണ്ടാകുകയാണെങ്കില്‍ അതിന്റെ നിര്‍ണ്ണായകശക്തിയാകാന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ. ബിജെപിക്കെതിരെ ശക്തിയായ നിലപാടെടുക്കുന്ന ഡിഎംകെയും തൃണമൂലും പോലുള്ള പല പ്രാദേശിക പാര്‍ട്ടികളും ഇടതുപാര്‍ട്ടികളുമൊക്കെ അതില്‍ പങ്കാളികളായേക്കാം. അപ്പോഴും അതിന്റെ നേതൃത്വം കോണ്‍ഗ്രസ്സായിരിക്കും. അതിനാല്‍ തന്നെയാണ് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച മുഴുവന്‍ ജനാധിപത്യവിശ്വാസികളുടേയും ആശങ്കയാകുന്നതും അവര്‍ ആ പാര്‍ട്ടിയുടെ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയുന്നതും.

നമ്മെ നയിക്കേണ്ടവരെ നാം തന്നെ തെരഞ്ഞെടുക്കുന്നു എന്നതാണല്ലോ ജനാധിപത്യ സംവിധാനത്തെ മറ്റു രാഷ്ട്രീയ സംവിധാനങ്ങളില്‍ നിന്നു വ്യത്യസ്ഥമാക്കുന്ന ഒരു പ്രധാന ഘടകം. പല കാരണങ്ങളാലും ആ തെരഞ്ഞെടുപ്പ് രാഷ്ട്രീയമായി നൈതികരഹിതമാകാറുണ്ട് എന്നതു ശരിയാണ്. തെരഞ്ഞെടുക്കാന്‍ ബദലുകളില്ലാത്ത വിഷയവും ഉയര്‍ന്നുവരാറുണ്ട്. അപ്പോഴും ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവരുടെ ഭരണം എന്നത് പ്രധാനപ്പെട്ട ഒന്നാണ്. അതേസമയം ഇതംഗീകരിക്കുന്നവര്‍ പോലും ഗൗരവമായി കാണാത്ത മറ്റൊന്നുണ്ട്. ജനാധിപത്യത്തിന്റെ ചാലകശക്തിയെന്നു പറയാവുന്ന രാഷ്ട്രീപാര്‍ട്ടികളെ കുറിച്ചാണത്. ഈ സംവിധാനത്തില്‍ നിര്‍ണ്ണായകമായ വിഷയങ്ങളിലെല്ലാം തിരുമാനമെടുക്കുന്നത് രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്. എന്നാല്‍ അവക്കുള്ളില്‍ ജനാധിപത്യമുണ്ടോ, ആശയസമരങ്ങളുണ്ടോ, നേതൃത്വത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്നുണ്ടോ എന്നതൊന്നും നമ്മുടെ വിഷയമല്ല, ്തവരുടെ ആഭ്യന്തരകാര്യമാണെന്നാണ് പൊതുവിലുള്ള ധാരണ. ഞങ്ങളുടെ കാര്യം ഞങ്ങള്‍ തീരുമാനിക്കും, അതെകുറിച്ചാരും അഭിപ്രായം പറയേണ്ടതില്ല എന്നാണ് എല്ലാ പാര്‍ട്ടി നേതാക്കളും പറയുന്നത്.

തീര്‍ച്ചയായും ജനാധിപത്യത്തിനു അനുഗുണമായ ഒരു ചിന്താരീതിയില്ല ഇത്. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണെങ്കിലും ആരാണ് മത്സരിക്കേണ്ടതെന്നു തീരുമാനിക്കുന്നത് പാര്‍ട്ടികളാണ്. അതില്‍ നിന്ന് ഒരു തെരഞ്ഞെടുപ്പേ ജനങ്ങള്‍ക്കാവൂ. അതില്‍ ജനങ്ങള്‍ക്കഭിപ്രായം പറയാനൊരു വേദിയുമില്ല. തെരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയടക്കമുള്ള ഭരണാധികാരികള്‍ ആരാകണമെന്നും അവരെടുക്കേണ്ട നിലപാടുകള്‍ എന്താണെന്നും തീരുമാനിക്കുന്നതും പാര്‍ട്ടികള്‍ തന്നെ. എന്നിട്ടും ആ പാര്‍ട്ടികളുടെ നിലപാടുകളില്‍ അഭിപ്രായം പറയാന്‍ ജനങ്ങള്‍ക്കൊരു വേദിയുമില്ല. പാര്‍ട്ടി നേതൃത്വങ്ങളെ തെരഞ്ഞെടുക്കുന്നിലും ജനങ്ങള്‍ക്കു പങ്കില്ല. നിലവിലെ ജനാധിപത്യസംവിധാനം നേരിടുന്ന പല വെല്ലുവിളികളില്‍ ഒന്നാണ് ഇത്. ജനാധിപത്യം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ വിനിയോഗിക്കപ്പെടുന്നില്ല എന്നര്‍ത്ഥം.

ഇതിനിടയിലും മിനിമം നമ്മുടെ പാര്‍ട്ടികള്‍ ചെയ്യേണ്ടതായ ചിലതുണ്ട്. എന്നാലതുപോലും നടക്കുന്നില്ല. പാര്‍ട്ടി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതില്‍ ജങ്ങള്‍ക്ക് പങ്കില്ലെങ്കില്‍ കൂടി ആദ്യപടിയായി പാര്‍ട്ടി അംഗങ്ങള്‍ക്കെങ്കിലും പങ്കാളിത്തം നല്‍കുക, അതിനായി ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തുക, ആര്‍ക്കും മത്സരിക്കാനുള്ള അവസരം നല്‍കുക എന്നതാണത്. ഒറ്റവാക്കില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം നടപ്പാക്കുക എന്നതുതന്നെ. അക്കാര്യത്തില്‍ ഇന്ത്യയിലേയും കേരളത്തിലേയും അവസ്ഥ വളരെ മോശമാണ്. രാജ്യത്തെ ഏറ്റവും പ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് നേതൃത്വം മഹാഭൂരിപക്ഷം വര്‍ഷങ്ങളിലും നെഹ്‌റു കുടുംബത്തില്‍ ഒതുങ്ങിനിന്നു. അതൊരു അലിഖിത നിയമം പോലെയാണ് ഏതാണ്ടെല്ലാവരും കരുതിയതും കരുതുന്നതും. ബിജെപി നേതൃത്വങ്ങളെ തീരുമാനിക്കുന്നത് ആര്‍ എസ് എസ് ആണെന്നത് പരസ്യമായ രഹസ്യമാണ്. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത, മതരാഷ്ട്രത്തിനായി നിലകൊള്ളുന്ന ഒരു പാര്‍്ടടിയില്‍ നിന്നു മറ്റെന്തു പ്രതീക്ഷിക്കാന്‍? കമ്യൂണിസ്റ്റ് പാര്‍ട്ടികളിലേക്കുവന്നാലും സ്ഥിതി വ്യത്യസ്ഥമല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത, അതിനെ ബൂര്‍ഷ്വാ ജനാധിപത്യമെന്ന് അധിക്ഷേപിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലോകചരിത്രത്തില്‍ തന്നെ ഉള്‍പാര്‍ട്ടി ജനാധിപത്യം നിലനിന്നിട്ടില്ല. ഏറെക്കുറെ മരണം വരെ ഒരു നേതൃത്വം, അതിനു ശേഷം കഴിയുമെങ്കില്‍ അതേ കുടുംബത്തില്‍ നിന്നു തന്നെ അടുത്ത നേതൃത്വം. ഇതാണവരുടെ പൊതുരീതി. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങള്‍ എന്നു പറയാവുന്ന റഷ്യയിലും ചൈനയിലും വടക്കന്‍ കൊറിയയിലുമൊക്കെ ഇപ്പോഴും അതു തന്നെയവസ്ഥ. ഇന്ത്യയില്‍ ഒറ്റക്കു ഭരിക്കാനാവാത്തതിനാല്‍ രാഷ്ട്രീയമായി വിശ്വസിക്കാത്ത ജനാധിപത്യസംവിധാനത്തില്‍ പങ്കെടുക്കുമ്പോഴും പാര്‍ട്ടിക്കകത്തെ അവസ്ഥ വ്യത്യസ്ഥമല്ല. ജനാധിപത്യകേന്ദ്രീകരണമെന്ന പദമൊക്കെ കേവലം കേന്ദ്രീകരണമായി മാറുന്ന ചരിത്രമാണ് നിലവിലുള്ളത്. സിപിഎമ്മില്‍ അഥവാ വ്യത്യസ്ഥ നിലപാടുകള്‍ മുന്നോട്ടുവെക്കുകയും മത്സരിക്കാന്‍ തയ്യാറാകുകയും ചെയ്യുന്നവരുടെ ഭാവി എന്തായിരിക്കുമെന്നതിന് എത്രയോ ഉദാഹരണങ്ങള്‍. ഇപ്പോള്‍ നടക്കുന്ന സിപിഐ സമ്മേളനങ്ങളില്‍ ചില ജില്ലകളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ട്. എന്നാലതിനു പ്രധാന കാരണം ആശയപരമല്ല എന്നും ഗ്രൂപ്പിസമാണെന്നുമാണ് റിപ്പോര്‍ട്ടികള്‍.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പെഴുതുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇന്നു കോണ്‍ഗ്രസ്സ് കടന്നു പോകുന്നത് എന്നത് വ്യക്തമാണ്. കോണ്‍ഗ്രസ്സ് ഇന്നു നേരിടുന്ന പ്രതിസന്ധിയാകട്ടെ കേവലം ആ പാര്‍ട്ടിയുടെതല്ലെന്നും രാജ്യത്തിന്റേതാണെന്നും അന്ധമായി കോണ്‍ഗ്രസ്സ് വിരോധവുമായി നടക്കുന്നവര്‍ക്കൊഴികെ ആര്‍ക്കും മനസ്സിലാകും. രാജ്യത്ത് മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സാന്നിധ്യമുള്ളതും ഇരുപതു ശതമാനം വോട്ടുവിഹിതമുള്ളതുമായ പാര്‍ട്ടിയാണത്. ഇന്ത്യയെ പ്രതിപക്ഷമുക്തമായ ”ഭാരത”മാക്കാന്‍ ശ്രമിക്കുന്നവരുടെ ആദ്യടാര്‍ജറ്റ് സ്വാഭാവികമായും കോണ്‍ഗ്രസ്സ് തന്നെ. അതിനാല്‍ തന്നെ കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ എല്ലാവിധ ജനാധിപത്യവിരുദ്ധമാര്‍ഗ്ഗങ്ങളുമാണ് സംഘപരിവാറും കേന്ദ്രഭരണകൂടവും സ്വീകരിക്കുന്നത്. അത് കോടികളിറക്കി നേതാക്കളെ ചാക്കിട്ടുപിടിക്കുന്നതും സംസ്ഥാനസര്‍ക്കാരുകളെ തകര്‍ക്കുന്നതും മുതല്‍ കേന്ദ്ര ഏജന്‍സികളുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും കള്ളകേസില്‍ പെടുത്തുകയും വരെയെത്തി നില്‍ക്കുന്നു. എന്തൊക്കെ പറഞ്ഞാലും കോണ്‍ഗ്രസ്സിന്റെ പ്രധാന രാഷ്ട്രീമൂലധനമായ നെഹ്‌റു കുടുംബത്തിന്റെ വിശ്വാസത്തെ തകര്‍ക്കാനും നീക്കം നടക്കുന്നു. നിര്‍ഭാഗ്യവസാല്‍ ഇതിനോടൊന്നും ക്രിയാത്മകമായി പ്രതികരിക്കാന്‍ കോണ്‍ഗ്രസ്സിനാകുന്നില്ല എന്നുമാത്രമല്ല, രാഹുല്‍ ഗാന്ധിയടക്കമുള്ളവരെ രൂക്ഷമായി വിമര്‍ശിച്ച് ഗുലാം നബി ആസാദിനെപോലുള്ള സീനിയര്‍ നേതാക്കള്‍ പോലും പാര്‍ട്ടി വിടുന്നതുവരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അച്ചടക്കത്തോടെയുള്ള നീണ്ട കാത്തിരിപ്പിന് ശേഷവും, ജനാധിപത്യ രീതിയില്‍ പാര്‍ട്ടിക്കുള്ളില്‍ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ നടത്തിയ നിരന്തര ശ്രമങ്ങള്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടപ്പോഴാണ് ഗുലാം നബി ആസാദും കപില്‍ കപില്‍ സിബലുമൊക്കെ പുറത്തുപോകുതെന്ന് പറയുന്നത് ശരിയായിരിക്കാം. എങ്കിലും ഈ ആസുരകാലത്ത് ഇത്തരം നടപടി രാഷ്ട്രീയമായി ശരിയാണോ എന്ന ചോദ്യം അവശേഷിക്കുന്നു. സംഘപരിവാറിന് അവരുടെ രാഷ്ട്രീയ അജന്‍ഡ എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെയെല്ലാം അന്തിമഫലം.

ഇത്തരമൊരു സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പു വരുന്നു എന്നും നെഹ്‌റു കുടുംബം അതില്‍ നിന്നു മാറിനില്‍ക്കുമെന്നുമുള്ള വാര്‍ത്ത വന്നിരിക്കുന്നത്. തീര്‍ച്ചയായും സ്വാഗതാര്‍ഹമായ നീക്കമാണത്. പാര്‍ട്ടിയെ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ രാഹുലിന്റെ നേതൃത്വത്തില്‍ ഭാരതപര്യടനം ആരംഭിക്കാനിരിക്കുമ്പോഴാണ് ഈ തീരുമാനവും വന്നിരിക്കുന്നത്. തീര്‍ച്ചയായും ഈ യാത്രയും അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പും അതിനുള്ള തയ്യാറെടുപ്പുമെല്ലാം പാര്‍ട്ടിയെ സജീവമാക്കുമെന്നു കരുതാം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട് മത്സരരംഗത്തുണ്ടാകുമെന്നും വിജയിക്കുമെന്നുമാണ് പൊതുവിലുള്ള വിലയിരുത്തല്‍. G 23യില്‍ നിന്ന് ശശി തരൂരോ മനീഷ് തിവാരിയോ മത്സരരംഗത്തുണ്ടാകുമെന്നും കരുതപ്പെടുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ആരോഗ്യകരമായ മാര്‍ഗ്ഗമായിരിക്കുമെന്നും വര്‍ക്കിംഗ് കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പു നടത്തണമെന്നുമുള്ള ശശി തരൂരിന്റെ അഭിപ്രായം ഇന്നത്തെ സാഹചര്യത്തില്‍ വളരെ പ്രസക്തമാണ്. ഏറെവൈകിയാണെങ്കിലും നേതൃത്വം ഇക്കാര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നുവേണം കരുതാന്‍.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

എന്തൊക്കെയായാലും ഫാസിസത്തെ തടയാനുള്ള ഒരു രാഷ്ട്രീയമുന്നേറ്റം രാജ്യത്തുണ്ടാകുകയാണെങ്കില്‍ അതിന്റെ നിര്‍ണ്ണായകശക്തിയാകാന്‍ കോണ്‍ഗ്രസ്സിനേ കഴിയൂ. ബിജെപിക്കെതിരെ ശക്തിയായ നിലപാടെടുക്കുന്ന ഡിഎംകെയും തൃണമൂലും പോലുള്ള പല പ്രാദേശിക പാര്‍ട്ടികളും ഇടതുപാര്‍ട്ടികളുമൊക്കെ അതില്‍ പങ്കാളികളായേക്കാം. അപ്പോഴും അതിന്റെ നേതൃത്വം കോണ്‍ഗ്രസ്സായിരിക്കും. അതിനാല്‍ തന്നെയാണ് കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച മുഴുവന്‍ ജനാധിപത്യവിശ്വാസികളുടേയും ആശങ്കയാകുന്നതും അവര്‍ ആ പാര്‍ട്ടിയുടെ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയുന്നതും.

തീര്‍ച്ചയായും സംഘടനാപരമായ ചില നടപടികള്‍ കൊണ്ട് നേടാവുന്ന ലക്ഷ്യമല്ല ഇത്. രാഷ്ട്രീയമായ പല തിരുത്തലുകളും അനിവാര്യമാണ്. അതിലേറ്റവും പ്രധാനം ഹിന്ദുത്വരാഷ്ട്രീയത്തോടുള്ള നിലപാടു തന്നെയാണ്. രാജ്യത്ത് ഹിന്ദുത്വരാഷ്ട്രീയം ശക്തിപ്പെടുന്നതില്‍ കോണ്‍ഗ്രസ്സിന്, പ്രത്യേകിച്ച് രാജീവ് ഗാന്ധിയുടെ കാലം മുതലെങ്കിലും, വലിയ പങ്കുണ്ടെന്ന വിമര്‍ശനം തള്ളിക്കളയാവുന്നതല്ല. ഒരു ഘട്ടത്തില്‍ ഹിന്ദുത്വപ്രീണനത്തിനായി ബിജെപിയോട് കോണ്‍ഗ്രസ്സ് മത്സരിക്കുകയും ചെയ്തു. സ്വാഭാവികമായും വിജയം തീവ്രഹിന്ദുത്വവാദികള്‍ക്കായി. ഈ വിഷയത്തില്‍ ഇനിയെങ്കിലും സമ്പൂര്‍ണ്ണമായൊരു പുനപരിശോധനക്ക് പാര്‍ട്ടി തയ്യാറാകണം. മൃദുഹിന്ദുത്വമെന്നു വിശേഷിക്കപ്പെടുന്ന നിലപാടുകള്‍ ഉപേക്ഷിച്ച് ജനാധിപത്യത്തിനും മതേതരത്വത്തിനും സാമൂഹ്യനീതിക്കും ഫെഡറലിസത്തുനുമായുള്ള ശക്തമായ നിലപാടെടുക്കണം. അതിലൊരു വിട്ടുവീഴ്ചയുമരുത്. എങ്കില്‍ ഇപ്പോഴും നാല്‍പ്പതു ശതമാനത്തില്‍ താഴെ മാത്രം വോട്ടുവിഹിതമുള്ള ബിജെപിയുടെ രഥയാത്ര പിടിച്ചുകെട്ടാനുള്ള മുന്നേറ്റത്തിന് നേതൃത്വം കൊടുക്കാന്‍ കോണ്‍ഗ്രസ്സിനാകും. അതിനുള്ള ആര്‍ജ്ജവം അവര്‍ക്കുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. അതിനുള്ള ഉത്തരത്തിലാണ് കോണ്‍ഗ്രസ്സിന്റെ മാത്രമല്ല, രാജ്യത്തിന്റേയും ഭാവി എന്നാണ് ഉത്തരവാദപ്പെട്ടവര്‍ തിരിച്ചറിയേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply