നിയമസഭ ആവശ്യപ്പെടുമോ, ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍…..?

ഗവര്‍ണറും സര്‍ക്കാരും ഒരിക്കല്‍ കൂടി ഏറ്റുമുട്ടലിന്റെ പാതയിലാണ്. ഇതിനുമുമ്പും നിരവധി അഭിപ്രായഭിന്നതകള്‍ ഉണ്ടായിട്ടും ഗവര്‍ണര്‍ക്കെതിരെ കാര്യമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പല ബിജെപി ഇതര സംസ്ഥാനങ്ങളിലും സര്‍ക്കാരുകളും പല വിഷയങ്ങളിലും ഗവര്‍ണര്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും കേരള സര്‍ക്കാര്‍ മിക്കവാറും സന്ദര്‍ഭങ്ങളില്‍ നിലപാടുകളില്‍ വിട്ടുവീഴ്ച വരുത്തുന്നതായാണ് കാണാറുള്ളത്. ഇത്തവണ ചാന്‍സലര്‍ എന്ന പദവിയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ നീക്കം. ഫെഡറലിസവുമായി ബന്ധപ്പെട്ട പല തര്‍ക്കങ്ങളിലും പുറകോട്ടുപോയ സര്‍ക്കാര്‍ വിവാദമായ ഒരു ബന്ധുനിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണറുമായി കൊമ്പുകോര്‍ക്കുന്നത് എന്നതാണ് വിരോധാഭാസം.

അപ്പോഴും ബംഗാളും തമിഴ് നാടുമൊക്കെ ചെയ്തപോലെ ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നു നീക്കം ചെയ്യാനൊന്നും സര്‍ക്കാര്‍ തയ്യാറല്ല എന്നത് ശ്രദ്ധേയമാണ്. വൈസ് ചാന്‍സലര്‍ നിയമനങ്ങളില്‍ സര്‍ക്കാരിന് സ്വാധീനം ഉണ്ടാകുന്ന തരത്തില്‍ സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഭേദഗതി മാത്രമാണ് കൊണ്ടുവന്നത്. നിലവില്‍ സെര്‍ച്ച് കമ്മിറ്റിയില്‍ മൂന്നംഗങ്ങളാണുള്ളത്. ഗവര്‍ണറുടെ പ്രതിനിധിക്കും യുജിസി പ്രതിനിധിക്കും പുറമേ സര്‍വകലാശാല പ്രതിനിധിയുമാണ് അംഗങ്ങള്‍. സമിതിയിലെ മൂന്നില്‍ രണ്ടുപേരും കേന്ദ്രസര്‍ക്കാര്‍ താല്പര്യമുള്ളവരായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് താല്പര്യമുള്ളവരെ വൈസ് ചാന്‍സിലര്‍മാര്‍ ആക്കാനാവില്ല. ഈ ഭേദഗതി തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ നിയമിക്കാനാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ കുറ്റം പറയാനാകില്ല. നിയമസഭ പാസാക്കിയാലും ബില്ലില്‍ ഒപ്പിടില്ലെന്ന മുന്നറിയിപ്പ് ഗവര്‍ണര്‍ നല്‍കി കഴിഞ്ഞു എന്നത് വേറെകാര്യം.

പറയുമ്പോള്‍ ഗവര്‍ണര്‍ ഭരണഘടനാത്തലവന്‍ തന്നെയാണ്. പക്ഷെ അദ്ദേഹം ഭരണാധികാരിയല്ല. അതായത് ഗവര്‍ണര്‍ക്ക് എക്സിക്യൂട്ടീവ് പവര്‍ ഇല്ല എന്നര്‍ത്ഥം. ജനാധിപത്യത്തില്‍ അത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ് ഗവര്‍ണര്‍ക്കുള്ളത്. തീര്‍ച്ചയായും അവയോട് വിയോജിക്കാനും പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്. ഭരണഘടനയുടെ 200-ാം അനുച്ഛേദമനുസരിച്ച് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ക്ക് അയച്ചാല്‍ അദ്ദേഹത്തിന് ഒന്നുകില്‍ അതില്‍ സമ്മതം രേഖപ്പെടുത്തി തിരിച്ചയക്കാം. അല്ലെങ്കില്‍ നിരസിക്കാം. അതുമല്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കാം. പ്രസിഡന്റിന്റെ പരിഗണനയ്ക്ക് വിടാം. പക്ഷേ, പുനഃപരിശോധനയ്ക്കുശേഷം സര്‍ക്കാര്‍ അതേ തീരുമാനം വീണ്ടും അയച്ചാല്‍ കഴിഞ്ഞു, ഗവര്‍ണര്‍ അതില്‍ ഒപ്പിടണം. അത്തരത്തില്‍ നിരവധി സംഭവങ്ങള്‍ കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ നടന്നിട്ടുമുണ്ട്. ഇപ്പോഴത്തെ രാഷ്ട്രപതിയടക്കം ഗവര്‍ണറായിരുന്നപ്പോള്‍ ഈ അധികാരം ഉപയോഗിച്ചിട്ടണ്ട്. ജനാധിപത്യത്തില്‍ ജനങ്ങളോട് നേരിട്ടുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണ്‌ല്ലോ. സുപ്രീംകോടതി പോലും ഇക്കാര്യം ശരിവെച്ചിട്ടുമുണ്ട്. ഭരണഘടന അനുസരിച്ച് ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അധികാരങ്ങളൊന്നുംതന്നെ ഇല്ലെന്ന് സാക്ഷാല്‍ അംബേദ്കറും വ്യക്തമാക്കിയിട്ടുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍വ്വകലാശാലയിലേക്കു വരുകയാണെങ്കില്‍ ചാന്‍സലര്‍ സര്‍വകലാശാലാ തലവനാണ്. ചാന്‍സലര്‍ക്ക് സര്‍വകലാശാലകളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ ഉപദേശംകൂടാതെ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ട്. എന്നാല്‍ സര്‍വകലാശാലയുടെ ഭരണപരവുമായ ഉത്തരവാദിത്വവും ദൈനംദിന ചുമതലകളും വൈസ്ചാന്‍സലറിലാണ് നിക്ഷിപ്തമായിരിക്കുന്നത്. കാരണം അവ ചെയ്യേണ്ടത് അക്കാദമിക് മേഖലയില്‍നിന്നുള്ളവരായിരിക്കണം എന്നതുതന്നെ. ചാന്‍സലര്‍ക്ക് അര്‍ധ ജുഡീഷ്യലോ ജുഡീഷ്യലോ ആയ അധികാരങ്ങളുമില്ല.

വാസ്തവത്തില്‍ ഇപ്പോള്‍ ഉയരേണ്ടത് ഗവര്‍ണര്‍ എന്ന പദവി ജനാധിപത്യത്തില്‍ ആവശ്യമാണോ എന്ന ചോദ്യമാണ്. മുഖ്യമായും സിപിഐ മാത്രമാണ് ആവശ്യമല്ല എന്ന നിലപാട് എടുത്തിട്ടുള്ളത്. ഒരു ജനാധിപത്യ ഫെഡറല്‍ സംവിധാനത്തില്‍ അത്തരമൊരു പദവിക്ക് ഒരു പ്രസക്തിയുമില്ല എന്നതാണ് വസ്തുത. പരോക്ഷമായി അതംഗീകരിക്കുന്നതിനാലാണ് ഭരണകക്ഷി എന്നും അവര്‍ക്ക് അനിവാര്യമല്ലാത്ത, അല്ലെങ്കില്‍ തെരഞ്ഞെടുപ്പുകളിലും മറ്റും തോറ്റ മുതിര്‍ന്ന നേതാക്കള്‍ക്ക് ഗവര്‍ണ്ണര്‍ പദവി നല്‍കി അവരെ ഒതുക്കുന്നത്. കേന്ദ്രഗവണ്‍മെന്റില്‍ രാഷ്ട്രപതിക്ക് സമാനമായ അധികാരങ്ങള്‍ സംസ്ഥാന തലത്തില്‍ കൈയ്യാളുന്നതിന് ഇന്ത്യന്‍ ഭരണഘടന പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള പദവിയാണ് ഗവര്‍ണ്ണര്‍ എന്നാണ് വെപ്പ്. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ ഭരണനിര്‍വ്വഹണം നടത്തുന്നത് മുഖ്യമന്ത്രിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണെങ്കിലും നാമമാത്ര ഭരണത്തലവനായി ഗവര്‍ണ്ണറെ നിശ്ചയിച്ചിരിക്കുന്നു. സംസ്ഥാന ഭരണത്തിലെ എല്ലാ നടപടികളും ഗവര്‍ണ്ണറുടെ പേരിലാണ് നടക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും ഭരണകാര്യങ്ങളില്‍ ഗവര്‍ണറെ സഹായിക്കുന്നു എന്നാണ് വിശേഷിപ്പിക്കുന്നത്. നടക്കുന്നത് അങ്ങനെയല്ലെങ്കിലും.. കേവലം ആലങ്കാരികപദവി മാത്രമാണിത്.

ജനാധിപത്യ ഭരണ സംവിധാനത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്നവരാണ് ഭരിക്കേണ്ടത്. അല്ലാത്ത എന്തും രാജഭരണത്തിന്റെ അവശിഷ്ടം മാത്രമായേ കാണാനാകൂ. ഇന്ത്യയെപോലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരിടത്ത് അത് ഒഴിവാക്കപ്പെടേണ്ടതാണ്. ജനാധിപത്യത്തിന്റെ പരമിതികള്‍ തിരിച്ചറിഞ്ഞ്, തിരുത്തി മുന്നോട്ടുപോകാനാണ് നാം ശ്രമിക്കേണ്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ നാം പുറകോട്ടാണ് നടക്കുന്നത്. മാത്രമല്ല, ഫെഡറലിസം എന്നു പേരിനെങ്കിലും വിളിക്കപ്പെടുന്ന നമ്മുടെ ഭരണസംവിധാനത്തിനും ഒട്ടും അനുയോജ്യമല്ല, മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കുന്ന ഈ പദവി. സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കോ സര്‍ക്കാരിനോ ആ തെരഞ്ഞെടുപ്പില്‍ ഒരു റോളുമില്ല. മാത്രമല്ല ഇന്ത്യയില്‍ എത്രയോ തവണ തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യസര്‍ക്കാരുകളെ പിരിച്ചുവിടുന്നതില്‍ ഗവര്‍ണ്ണമാര്‍ പങ്കു വഹിച്ചിട്ടുണ്ട്. ഇനിയും അതാവര്‍ത്തിക്കുമെന്നുറപ്പ്. സര്‍ക്കാരിന്റെ നയം പ്രഖ്യാപിക്കാനും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനും മറ്റുമായി എന്തിനീ പദവി എന്ന ചോദ്യം, കൂടുതല്‍ ശക്തമാകുകയാണ്. അധികാരം പ്രയോഗിച്ചാല്‍ ജനാധിപത്യ ഫെഡറലിസ്റ്റ് വിരുദ്ധമാകുന്ന, അല്ലെങ്കില്‍ കേവലം റബ്ബര്‍ സ്റ്റാമ്പാകുന്ന പദവിയാണിത്. ഈ ഗവര്‍ണര്‍ തന്നെ പൗരത്വഭേദഗതി നിയമത്തില്‍ കേരള സര്‍ക്കാര്‍ നിലപാടിനെതിരെ സംസാരിക്കുകയും പിന്നീട് സര്‍ക്കാര്‍ നിലപാട് നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയതത് മറക്കാറായിട്ടില്ലല്ലോ. നിലവില്‍ ജനാധിപത്യ സംവിധാനത്തെ മറികടന്നെന്നു പറയാവുന്ന അധികാരമുള്ളത് ജുഡീഷ്യറിക്കാണല്ലോ. മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഏതെങ്കിലും ചീഫ് ജസ്റ്റീസ് വായിച്ചു കൊടുക്കട്ടെ എന്നു വെക്കുന്നതാണുചിതം. നയപ്രഖ്യാപനവും മറ്റും മുഖ്യമന്ത്രിതന്നെ അവതരിപ്പിക്കട്ടെ.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

വളരെ ഗൗരവമായ മറ്റൊരു രാഷ്ട്രീയപ്രശ്‌നവും ഇപ്പോള്‍ പ്രസക്തമാണ്. പ്രതിപക്ഷപാര്‍ട്ടികളെ തകര്‍ക്കാനും അവര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണത്തെ അട്ടിമറിക്കാനുമുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും ശക്തമാക്കിയിരിക്കുകയാണല്ലോ. അതിനായി തികച്ചും ജനാധിപത്യവിരുദ്ധമായും പണമൊഴുക്കിയും എംഎല്‍എമാരെ വിലക്കെടുക്കുന്നു. ഇ ഡി അടക്കമുള്ള ഏജന്‍സികളെ ഉപയോഗിക്കുന്നു. വ്യത്യസ്ഥനിലപാടുകളെടുക്കുന്നവരെ കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തുന്നു. ഒരു വശത്ത് നെഹ്‌റു കുടുംബത്തിന്റെ വിശ്വാസ്യത തകര്‍ത്ത് കോണ്‍ഗ്രസ്സിനെ നിലംപരിശാക്കാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് ആം ആദ്മിയുടെ അഴിമതി വിരുദ്ധമുഖം പിച്ചിചീന്താന്‍ ശ്രമിക്കുന്നു. ഗുജറാത്തില്‍ വരുന്ന നിയമസഭാതെരഞ്ഞെടുപ്പില്‍ പഞ്ചാബ് ആവര്‍ത്തി്കകുമെന്ന പ്രതീതി സൃ8ഷ്ടിക്കാന്‍ ആം ആദ്മിക്ക് കഴിഞ്ഞിട്ടുണ്ടെന്നത് അവര്‍ക്ക് പേടിസ്വപ്‌നമാണ്. കൂടാതെ ബീഹാറില്‍ തിരിച്ചടി കിട്ടിയെങ്കിലും സംസ്ഥാനസര്‍ക്കാരുകളെ തകര്‍ക്കാനുള്ള നീക്കം തുടരുകയാണ്. ഇപ്പോഴത്തെ ലക്ഷ്യം തെലുങ്കാനയാണെന്നാണ് വാര്‍ത്ത. വരുന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ ഏറെക്കുറെ പ്രതിപക്ഷമുക്തമാക്കി ഇന്ത്യയെ മാറ്റുകയാണ് അവരുടെ ലക്ഷ്യമെന്നുറപ്പ്. എന്നാല്‍ അക്കാര്യത്തില്‍ മറ്റുപല സംസ്ഥാനങ്ങളിലും പ്രയോഗിച്ച തന്ത്രങ്ങള്‍ കേരളത്തില്‍ വിജയിക്കില്ല എന്നതാണ് അവരുടെ പ്രധാന തലവേദന. ഏറെക്കുറെ തില്ല്യരായ രണ്ടുമുന്നണികള്‍ ഉള്ളതിനാല്‍ അവയെ മറികടക്കുക എളുപ്പമല്ല എന്ന് സംഘപരിവാറിനു കൃത്യമായി അറിയാം. തീവ്രമായ ഹിന്ദുത്വ രാഷ്ട്രീയത്തിനും കേരളത്തില്‍ കാര്യമായ വേരോട്ടം ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ബംഗാളിലും തമിഴ് നാട്ടിലും മറ്റും ശ്രമിക്കുന്ന പോലെ ഗവര്‍ണറെ മുന്നില്‍ നിര്‍ത്തിയുള്ള ഒളിപോരിന് അവര്‍ ശ്രമിക്കുന്നത്. അതുമായി ബന്ധപ്പെട്ട് യുഡിഎഫിനേയും എല്‍ഡിഎഫിനേയും പരമാവധി അകറ്റാന്‍ കഴിഞ്ഞാല്‍ അതും നേട്ടമാകുമല്ലോ. ഈ തന്ത്രമാണ് ഇരു മുന്നണികളും തിരിച്ചറിയേണ്ടത്. സത്യത്തില്‍ ഈ സാഹചര്യത്തില്‍ വേണ്ടത് ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ നിയമസഭ ആവശ്യപ്പെടുക എന്നതാണ്. എങ്കിലതുണ്ടാക്കുന്ന ചര്‍ച്ച ജനാധിപത്യത്തിനും ഫെഡറലിസത്തിനും ഏറെ ഗുണകരമായിരിക്കും. എന്നാല്‍ അതിനുള്ള രാഷ്ട്രീയ ആര്‍ജ്ജവം ഇരുമുന്നണികളില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല എന്നത് വേറെ കാര്യം. പകരം നിയമന അഴിമതികളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും തുടരാനാണ് സാധ്യത.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply