കോവിഡാഘാതലോകം മനുഷ്യന്റെ മാനസിക നില മാറ്റുമോ?
കോവിഡാഘാതലോകത്തുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ പ്രധാനമായും ചെറിയ ആന്തരിക സംഘര്‍ഷങ്ങള്‍ മുതല്‍ വിഷാദരോഗങ്ങള്‍, ഉത്കണ്ഠരോഗങ്ങള്‍. ദീര്‍ഘകാല പിരിമുറുക്ക രോഗങ്ങള്‍ വരെ കാണും. ഗുരുതരമായ ആന്തരികാരോഗങ്ങള്‍ അനുഭവിക്കുന്നവരുടെ നില കൂടുതല്‍ പരിതാപകരമാകും. സാമൂഹ്യ സ്ഥാനാന്തരങ്ങള്‍, സാമൂഹ്യ സാമ്പത്തിക പരാധീനതകള്‍ എല്ലാം അനന്തരാഘാത പിരിമുറുക്കരോഗങ്ങള്‍ക്ക് കാരണമാകുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ ഗൃഹാന്തരീക്ഷത്തിലേയ്ക്ക് ഒതുങ്ങികൂടേണ്ടിവരുന്നു, മുന്‍പുണ്ടായിരുന്ന പലരുമായുള്ള ലൈംഗിക സാധ്യതകള്‍ നഷ്ടപ്പെടുന്നു. അത് ലൈംഗിക അസഹിഷ്ണുത സൃഷ്ടിക്കും – സൈക്കോളജിസ്റ്റ് പ്രസാദ് അമോര്‍ എഴുതുന്നു.
മഹാമാരികള്‍ മനുഷ്യന്റെ ജൈവമായ പരിണാമത്തിലും പെരുമാറ്റത്തിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. മാറുന്ന പരിതഃസ്ഥിതികള്‍ക്കനുസരിച്ചു് ജീവിക്കാന്‍ വേണ്ട സ്വഭാവ വൈജാത്യങ്ങള്‍ മനുഷ്യര്‍ ഓരോ അവസ്ഥയിലും പരുവപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതൊന്നും മനുഷ്യന്റെ നൈസര്‍ഗ്ഗിക പ്രകൃതത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. കോവിഡാഘാതലോകത്തും മനുഷ്യന്റെ ശരീരത്തിലെ ജൈവധര്‍മങ്ങളും ജൈവരാസപ്രവര്‍ത്തനങ്ങളും അതേപടി തുടരും. അതേസമയം മനുഷ്യര്‍ പറ്റമായി അടുത്തടുത്ത് ജീവിക്കുന്ന രീതികളില്‍, രോഗ സാംക്രമണത്തിന് ഹേതുവാകുന്ന പെരുമാറ്റങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരും, ലോകത്തിലെ കുറെ മനുഷ്യസമൂഹങ്ങളെങ്കിലും സ്വയം പര്യാപ്തമായ ആവാസവ്യവസ്ഥകളിലൂടെ ജീവിക്കാന്‍ ശ്രമിക്കും.
അസംഘടിതരാകുന്ന മനുഷ്യര്‍
മനുഷ്യസമൂഹങ്ങള്‍ അവയുടെ ഓരോ പരിണാമഘട്ടത്തിലും ജീവിതത്തെ നിര്‍ണ്ണയിച്ചത് സംഘടിതശക്തിയിലാണ്. ഒരു സമൂഹസംഘത്തിലെങ്കിലും അംഗമായി പറ്റമായി ജീവിക്കുന്ന സാമൂഹ്യമൃഗമായ മനുഷ്യന്‍ രാജ്യത്തിന്റെയും ഭൂഖണ്ഡങ്ങളുടെയും അതിര്‍ത്തികള്‍ ഭേദിച്ചുകൊണ്ട് വലിയ സമൂഹമായി ഇടകലര്‍ന്ന് ജീവിക്കുന്ന ഒരു കാലഘട്ടമാണിത്.
മനുഷ്യസമൂഹങ്ങള്‍ നിലനില്‍ക്കുന്നത് വിവിധ ആശയസംഹിതകളിലൂടെയാണ്. ആശയസംഹിതകള്‍ സാമൂഹ്യ ഉല്‍പ്പന്നങ്ങളാണ്. അത് യാഥാര്‍ത്ഥ വസ്തുതകള്‍ക്ക് പകരം നല്‍കുന്നു. സ്വാതന്ത്ര്യം, നന്മ, ഒരുമ മുതലായ ആശയങ്ങള്‍ക്ക് മനുഷ്യസമൂഹത്തില്‍ ലഭിക്കുന്ന സ്വീകാര്യത മനുഷ്യരെ പരസ്പര വ്യത്യസ്ഥതക്കിടയിലും പാരസ്പര്യത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. സമൂഹം അംഗീകരിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ഇത്തരത്തിലുള്ള ആശയങ്ങളുടെ ബലത്തിലാണ് മതവിശ്വാസങ്ങള്‍, രാജ്യാന്തരബന്ധങ്ങള്‍ എല്ലാം സാധ്യമാകുന്നത്. ഓരോ മനുഷ്യനും ഒറ്റയ്ക്കായാല്‍ അവര്‍ പലതരം അസൗകര്യങ്ങള്‍ അനുഭവിക്കും .മനുഷ്യര്‍ക്ക് അപ്പം കൊണ്ട് മാത്രം ജീവിക്കാന്‍ സാധ്യമല്ല. തന്റെ ജൈവപരമായ ഉല്‍ക്കര്‍ഷത്തെ സാധൂകരിക്കുന്നതിന് വേണ്ടിയുള്ള പരസ്പ്പര പ്രവര്‍ത്തനങ്ങള്‍ സാധ്യമാകണം. മനുഷ്യര്‍ അകലെ അകലെ പരസ്പരം ഒറ്റപ്പെട്ട ചെറിയ ചെറിയ സാമൂഹ്യഗ്രൂപ്പില്‍ ഒതുങ്ങിക്കൂടി ജീവിക്കേണ്ടിവരുമ്പോള്‍ അവര്‍ നാളിതുവരെ അനുഭവിച്ചുവരുന്ന പല ആനൂകുല്യങ്ങളും അസാധ്യമാകും.
ഇപ്പോഴത്തെ സവിശേഷമായ സാഹചര്യങ്ങളുടെ പ്രേരണയ്ക്കനുസരിച്ചു ഓരോ സമൂഹവും അതിന്റെതായ തന്ത്രങ്ങള്‍ക്ക് രൂപം നല്‍കും. പാരസ്പര്യത്തില്‍ ജീവിച്ച ജനവിഭാഗങ്ങള്‍ ചെറിയ സമൂഹങ്ങളായി വിഘടിക്കുകയും താന്താങ്ങളുടെ പരിമിതമായ ചട്ടക്കൂടിലേയ്ക്ക് ഒതുങ്ങിക്കൂടുകയും ചെയ്യേണ്ടിവരുമ്പോള്‍ മനുഷ്യരിലെ വിഭാഗീയതകള്‍ കൂടുതല്‍ ശക്തമാകും. കുറെ പേര്‍ ഗൃഹാന്തരീക്ഷത്തിലിരുന്ന് ജീവസന്ധാരണത്തിനുള്ള വക കണ്ടെത്തേണ്ടിവരുന്നു . അത് നിലവിലുള്ള ഗാര്‍ഹികപ്രശ്നങ്ങള്‍ വഷളാക്കും.ആധുനിക ഇലക്ട്രോണിക് വിനിമയോപാധികളുമായുള്ള സഹവാസമുണ്ടെങ്കിലും അതിലൂടെ മനുഷ്യന്റെ ജീവിതശേഷി യാന്ത്രികമായി ഉല്‍പാദിപ്പിക്കാന്‍ കഴിയില്ല .മനുഷ്യന്റെ സ്വാന്തനത്തിനും സ്പര്‍ശനത്തിനൊന്നും അത് പകരമാകുന്നില്ല. മനുഷ്യരും ബാഹ്യലോകവും തമ്മിലുള്ള ബന്ധം രൂപപ്പെടുന്നത് സാങ്കേതികവിദ്യകളിലൂടെയാകുമ്പോള്‍ മനുഷ്യര്‍ക്ക് ആ അവസ്ഥയുമായി പൊരുത്തപ്പെടേണ്ടതുണ്ട്. പൊരുത്തപ്പെടുക എന്ന പ്രക്രിയ ജീവിവര്‍ഗ്ഗങ്ങളിലും പരിതഃസ്ഥിയിലും പുതിയ സാധ്യതകള്‍ സൃഷ്ടിച്ചുകൊണ്ടാണ് നടക്കുന്നത്. യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ സ്വത്വത്തിലുള്ള ജൈവപരമായ വികാരങ്ങളും സ്‌നേഹം, തന്മയീത്വം, കാമനകള്‍ ഭാവനാരൂപങ്ങളും എല്ലാം വ്യത്യസ്ത മനുഷ്യരുമായുള്ള ബാഹ്യലോക ബന്ധം വഴി ആര്‍ജ്ജിച്ചെടുക്കുന്നതാണ്. നിലവിലുള്ള അവസ്ഥ അത്തരം സാധ്യതകളെ പരിമിതപ്പെടുത്തുമ്പോള്‍ മനുഷ്യന്‍ സ്വയം ജയിലിലടയ്ക്കപ്പെടുകയാണ്.
വൈജാത്യങ്ങള്‍ പ്രകടമാകുന്ന സമൂഹങ്ങളുമായും പരസ്പരപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നത് മനുഷ്യന്റെ ജൈവശാസ്ത്രപരമായ ചോദനകള്‍ ആധുനിക പൊതുബോധത്തിലേയ്ക്ക് നിയന്ത്രിക്കപ്പെടുന്ന സാധ്യതകളും, നീതിനിര്‍വ്വഹണ സംവിധാനത്തിന്റെ പ്രയോഗവുമാണ്. എന്നാല്‍ ഒരു മഹാമാരി ഒരു സമൂഹത്തില്‍ എളുപ്പം സാംക്രമിക്കുന്നതും ആ പശ്ചാത്തലവും അവിടത്തെ ആളുകളുടെ പെരുമാറ്റ സ്വഭാവങ്ങളിലും സാംസ്‌കാരികമായും ഉള്ള വ്യത്യാസങ്ങളും എല്ലാം അപകടകരമായി കാണുന്ന സ്ഥിതി വിശേഷം സ്വന്തം കുലത്തെയും സംസ്‌കാരത്തെയും സംബന്ധിച്ചുള്ള തീവ്രദേശബോധവും വംശീയ ചിന്താഗതികളും മനുഷ്യരെ പ്രബലമായി ആശ്ലേഷിക്കാന്‍ ഇടയാക്കാം .
ആന്തരികസംഘര്ഷങ്ങളും രോഗാവസ്ഥകളും
പ്രതികൂലമായ പരിതഃസ്ഥിതി മനുഷ്യന്റെ ജൈവാവസ്ഥയെ സ്വാധീനിക്കുകയും തന്മൂലം പലവിധ സംഘര്‍ഷ രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കോവിഡാഘാതലോകത്തുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങള്‍ പ്രധാനമായും ചെറിയ ആന്തരിക സംഘര്‍ഷങ്ങള്‍ മുതല്‍ വിഷാദരോഗങ്ങള്‍, ഉത്കണ്ഠരോഗങ്ങള്‍. ദീര്‍ഘകാല പിരിമുറുക്ക രോഗങ്ങള്‍ വരെ കാണും. ഗുരുതരമായ ആന്തരികാരോഗങ്ങള്‍ അനുഭവിക്കുന്നവരുടെ നില കൂടുതല്‍ പരിതാപകരമാകും. സാമൂഹ്യ സ്ഥാനാന്തരങ്ങള്‍, സാമൂഹ്യ സാമ്പത്തിക പരാധീനതകള്‍ എല്ലാം അനന്തരാഘാത പിരിമുറുക്കരോഗങ്ങള്‍ക്ക് കാരണമാകുന്നു. ഓരോരുത്തര്‍ക്കും അവരവരുടെ ഗൃഹാന്തരീക്ഷത്തിലേയ്ക്ക് ഒതുങ്ങികൂടേണ്ടിവരുന്നു, മുന്‍പുണ്ടായിരുന്ന പലരുമായുള്ള ലൈംഗിക സാധ്യതകള്‍ നഷ്ടപ്പെടുന്നു. അത് ലൈംഗിക അസഹിഷ്ണുത സൃഷ്ടിക്കും.
ബിഹേവിയര്‍ ഇമ്മ്യൂണിറ്റിയുടെ സൂക്ഷ്മതലങ്ങള്‍
അന്യവര്‍ഗ്ഗത്തിലും ഗോത്രത്തിലും പെട്ടവര്‍ അപകടകാരികളാകാമെന്നു കരുതി അവരെ അകറ്റുന്നതിനും സ്വയം സംരക്ഷിക്കുന്നതിനുമുള്ള ജനിതക വാസന പലപ്പോഴും സാമൂഹിക ജീവികള്‍ക്ക് സ്വന്തം വര്‍ഗ്ഗത്തിനോട് തന്നെ ശത്രുതയായി വികസിച്ചുവരുന്നു. ദുദ്രഗതിയിലുള്ള നഗരവല്‍ക്കരണത്തില്‍ വൈജാത്യമുള്ള മനുഷ്യഗോത്രങ്ങളെല്ലാം തന്നെ സങ്കലനപ്പെടുമ്പോഴും അസാദൃശ്യമുള്ളവരെ അകറ്റിനിര്‍ത്താനുള്ള പെരുമാറ്റങ്ങള്‍ ഓരോ വ്യക്തിയും പ്രകടിപ്പിക്കുന്നു. ജൈവലോകത്തെ സംവേദനേന്ദ്രിയങ്ങളിലൂടെ അന്യരെ വേര്‍തിരിച്ചറിഞ്ഞു പ്രതിരോധിക്കുന്ന ബിഹേവിയര്‍ ഇമ്മ്യൂണിറ്റി സംവിധാനം വ്യക്തികള്‍ക്കും ഗോത്രങ്ങള്‍ക്കുമുള്ള ഒരു ജനിതകാനുകൂല്യമാണെങ്കിലും അത് സങ്കീര്‍ണമായ പല പെരുമാറ്റങ്ങള്‍ക്കും കാരണമാകുന്നു. മനുഷ്യരെല്ലാം തങ്ങളുടെ ശരീരം നിലനിക്കുന്നു എന്ന യാഥാര്‍ഥ്യം തിരിച്ചറിയുന്നു. ശാരീരിക വൈജാത്യങ്ങളെയും സാമൂഹിക സാംസ്‌കാരിക വ്യത്യാസങ്ങളെയും വേര്‍തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ സൂക്ഷ്മമായ പെരുമാറ്റ പ്രത്യേയ്കതകളായി മാറുന്നു. രോഗം പരത്തുന്ന അന്യര്‍ എന്ന ബോധം, രോഗാണുക്കള്‍, രോഗവാഹകരായ മനുഷ്യര്‍ ,വൃത്തി ഹീനമായ അന്തരീക്ഷം, ശുചിത്വ മില്ലാത്തവര്‍, അനാരോഗ്യമുള്ള/വിവിധ രോഗപീഡ അനുഭവിക്കുന്ന വ്യക്തികള്‍ തുടങ്ങിയ അകറ്റിനിര്‍ത്തേണ്ടിവരുന്ന എല്ലാം അതിരുകളിലും ഭയവും വെറുപ്പും അസഹിഷ്ണുതയും ചേര്‍ന്ന വൈകാരികാനുഭവങ്ങളായി ഉള്‍ക്കൊള്ളുന്ന പെരുമാറ്റങ്ങള്‍ ഉരുത്തിരിയുകയാണ്. സാമൂഹികമായി പെരുമാറുമ്പോള്‍ മനുഷ്യര്‍ കൂടുതല്‍ ജാഗ്രരാകുന്നു.നാളിതുവരെ അശ്രദ്ധമായി കണ്ടിരുന്ന പലതും സവിശേഷമായി പരിഗണിക്കുന്നു. വ്യത്യസ്ത സാംസ്‌കാരിക സാഹചര്യത്തിലും വിശ്വാസങ്ങളിലും ജീവിക്കുന്നവരോട് അസഹിഷ്ണുത കാണിക്കും. മനുഷ്യര്‍ തമ്മിലുള്ള ശാരീരിക പെരുമാറ്റങ്ങള്‍ നിയ്രന്തിക്കപ്പെടുന്ന സാഹചര്യത്തില്‍ ലഭ്യമായ സാമൂഹിക വിനിമയങ്ങള്‍ പോലും ശുഷ്‌കവും അസംതൃപ്തവുമാകും. മനുഷ്യന്റെ ജൈവലോകത്തെ പ്രാചീനമായ സംവേദനേന്ദ്രിയങ്ങള്‍ കൂടുതല്‍ സംവേദനക്ഷമമാകുകയാണ്. അത് അദൃശ്യ ശത്രുവായ സൂക്ഷ്മജീവികളുടെ വ്യാപാരങ്ങള്‍ തേടിക്കൊണ്ടിരിക്കും.
ജീവജാലങ്ങളെയും മനുഷ്യരെയും സംബന്ധിച്ച് മനുഷ്യര്‍ വളര്‍ത്തിക്കൊണ്ടുവന്ന വംശീയതയുടെയും മാനസികമായ വ്യത്യസ്തതകളുടെയും ബുദ്ധിപരവും ശാരീരികവുമായ അസമത്വത്തിന്റെയും ആയ സങ്കല്‍പ്പങ്ങള്‍/ മുന്‍വിധികള്‍ മനുഷ്യരെ സ്വാധീനിക്കും. അതിന്റെ പ്രതിസ്പന്ദനങ്ങള്‍ പെരുമാറ്റത്തില്‍ നിഴലിക്കും. ഇടുങ്ങിയ ധാര്‍മ്മിക ചിന്തകളും പ്രാകൃത ഗോത്രബോധവും മനുഷ്യവ്യവഹാരങ്ങളില്‍ പ്രതിഫലിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in