മസ്ജിദ് തോഡോയെ ഭാരത് ജോഡോ മറികടക്കുമോ

സഖ്യരാഷ്ട്രീയത്തിന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന് രാഹുല്‍ നിര്‍ദ്ദേശിക്കുന്ന ബദല്‍ എന്താണ്? ആ ബദല്‍ ഇല്ലാത്തപക്ഷം ബിജെപിയെ പരാജയപ്പെടുത്താനാവില്ല എന്ന രാഹുലിന്റെ വാദം കൃത്യമായിരിക്കേ. മുഹബ്ബത്ത് കി ദുക്കാന്‍ (സ്‌നേഹത്തിന്റെ പീടിക) എന്ന സങ്കല്പത്തിന് ഒരു രാഷ്ട്രീയ ഗണമായി നിലനില്‍ക്കാനാവുമോ? തന്റെ യാത്രാ നിയോഗത്തെ രാഹുല്‍ അടയാളപ്പെടുത്തിയത് അങ്ങനെയാണല്ലോ. ഏതാണ്ട് എല്ലാവരും വളരെ സിനിക്കലായി ഈ പ്രയോഗത്തെ ചിരിച്ചുതള്ളുകയുണ്ടായി. കൂടുതല്‍ ഗൗരവത്തോടെ ഈ വിശേഷണത്തെ പരിഗണിക്കേണ്ടതുണ്ട്

ക്രിസ്തുമസ്സിന്റെ തലേന്ന് ഭാരത് ജോഡോ യാത്രാസംഘം ദില്ലിയില്‍ ചുവപ്പ് കോട്ടയിലെത്തി. നൂറില്‍പ്പരം ദിവസങ്ങളുടെ നടത്തക്കുശേഷം മൂവായിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടി കന്യാകുമാരി കടല്‍ക്കര മുതല്‍ യമുനാതീരം വരെ നടന്നെത്തുമ്പോള്‍ യാത്ര ബാക്കിവെക്കുന്നതെന്ത്? പുതുവര്‍ഷത്തില്‍ ദില്ലി കടന്ന് യാത്രികര്‍ യമുനാതീരം കടന്ന് സത്‌ലജിന്റേയും ബ്യാസിന്റേയും റാവിയുടേയും നദീതടങ്ങള്‍ താണ്ടി റിപ്പബ്ലിക്ക് ദിനത്തിന്റെയന്ന് ഝലം നദിക്കരയില്‍ ശ്രീനഗറില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തും. യാത്രയുടെ സ്വച്ഛമായ ഒഴുക്ക് അവസാനിച്ച് യാത്രക്കാര്‍ അധികാര രാഷ്ട്രീയത്തിന്റെ ചുഴികളിലേക്ക് പ്രവേശിക്കുമ്പോള്‍ ബാക്കി നില്‍ക്കുന്നത് എന്തായിരിക്കും? യാത്രയുടെ ഏതൊക്കെ പാഠങ്ങളായിരിക്കും വരുംകാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തെ സ്വാധീനിക്കുക?

രാജസ്ഥാന്‍ ആള്‍വറിലെ ഒരു റാലിയിലാണ് രാഹുല്‍ഗാന്ധി തന്റെ യാത്രാ നിയോഗത്തെ ഇങ്ങനെ അടയാളപ്പെടുത്തിയത്. വെറുപ്പിന്റെ അങ്ങാടിയില്‍ (നഫ്രത്ത് കി ബാസാര്‍) ഞാന്‍ സ്‌നേഹത്തിന്റെ പീടികയിടുന്നു (മുഹബ്ബത് കി ദുക്കാന്‍). പണ്ട് കബീര്‍ പറഞ്ഞിട്ടുണ്ട്: ”കബീര്‍ ഘടാ ബാസാര്‍ മേം, മാംഗേ സബ്കീഖൈര്‍/ന കാഹു സെ ദോസ്തി, ന കഹു സെ ബെയ്ര്‍ (കബീര്‍ നില്‍ക്കുന്ന ബാസാറില്‍, എല്ലാവര്‍ക്കും നന്മ നേര്‍ന്നുകൊണ്ട്” (അയാള്‍ ആര്‍ക്കും സൗഹൃദം വാഗ്ദാനം ചെയ്യുന്നില്ല, വിദ്വേഷം നേരുന്നുമില്ല). കബീര്‍ നെയ്ത്തുകാരനായിരുന്നു; വസ്ത്രവും കവിതയും നെയ്‌തെടുത്തുകൊണ്ട് ജീവിതഗീത പറഞ്ഞുതന്നു. അവധൂതര്‍ക്ക് സാധ്യമാകുന്ന അനുവദനീയമായ ആശാപാശങ്ങളില്ലാത്ത മധ്യനിലയില്‍ ഇടംകണ്ടെത്തി. മുഹബ്ബത്തിന്റെ കട ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ നിലപാടാണ്. വെറുപ്പിന്റെ ചന്തയില്‍ അതിനിടം കണ്ടെത്തുക ദുഷ്‌ക്കരം? അതിനുള്ള സാധ്യതാപരീക്ഷണം തന്നെയാണ് ഭാരത് ജോഡോ യാത്ര.

നടന്നു തുടങ്ങിയ ദിവസങ്ങളില്‍ പലര്‍ക്കും രാഹുല്‍ഗാന്ധി യാത്രയിലുടനീളമുണ്ടാകുമോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ഇതിനിടെ ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും ദില്ലിയിലും തിരഞ്ഞെടുപ്പുകളുണ്ടായി. എല്ലായിടത്തും പ്രധാനമന്ത്രി മോദി ബിജെപിക്ക് വേണ്ടി വോട്ട് ചോദിച്ചിറങ്ങി- പ്രധാനമന്ത്രിയായി, ബിജെപി നേതാവായി, വെറും ഗുജറാത്തി രാഷ്ട്രീയക്കാരനായി. ഒന്നുരണ്ട് റാലികളിലല്ലാതെ രാഹുലിന്റെ സാന്നിധ്യം ഈ തിരഞ്ഞെടുപ്പുകളിലുണ്ടായിട്ടില്ല. ഗുജറാത്തില്‍ ബിജെപി എക്കാലത്തേയും വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും ജയിച്ചു. ഹിമാചലിലും ദില്ലിയിലും തോറ്റു. ഗുജറാത്തില്‍ ആപ്പിന്റെ മുന്നേറ്റം കോണ്‍ഗ്രസ്സിനെ ക്ഷീണിപ്പിച്ചു. ദില്ലിയിലെ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് ജയങ്ങള്‍ മുസ്‌ലിം ഭൂരിപക്ഷമുള്ള ഏതാനും വാര്‍ഡുകളിലേക്ക് ഒതുങ്ങി. ജയിച്ച രണ്ട് കൗണ്‍സിലര്‍മാര്‍ ആപ്പിലേക്ക് കാലുമാറിയെങ്കിലും ഇരുപത്തിനാലു മണിക്കൂറില്‍ കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി- സമുദായം ബഹിഷ്‌ക്കരിക്കുമെന്ന ഭീതിയെത്തുടര്‍ന്ന്. ഈ കൗണ്‍സിലര്‍മാരുടെ തിരിച്ചുവരവാണ് ദില്ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ്സിന് ലഭിച്ച വലിയ സന്ദേശം. പാര്‍ട്ടിയെ കൈവിട്ടിരുന്ന മുസ്‌ലിം വോട്ടുകള്‍ വലിയ അളവില്‍ തിരിച്ചുവന്നിരിക്കുന്നു- പ്രത്യേകിച്ചും കലാപമേഖലയായിരുന്ന വടക്കുകിഴക്കന്‍ ദില്ലിയിലും ഷാഹിന്‍ബാഗ് ഉള്‍പ്പെടുന്ന തെക്കന്‍ ദില്ലിയിലും. ഹിമാചലിലാകട്ടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ ബലാബലങ്ങളില്‍ കോണ്‍ഗ്രസ്സ് ജയിച്ചു. ഗുജറാത്തിനെ നഫ്രത്തിന്റെ ബാസാര്‍ ആക്കിക്കൊണ്ടു തന്നെയായിരുന്നു ഇക്കാലമത്രയും ഭരിച്ചശേഷവും ബിജെപി പ്രചരണം അഴിച്ചുവിട്ടത്. 2002 ‘അവരെ പാഠം പഠിപ്പിച്ച’ കഥ പലയിടത്തും ആഭ്യന്തരമന്ത്രി അമിത് ഷാ പറയുകയുണ്ടായി. ഈ കഥ പറഞ്ഞതിന്റെ പേരിലാണല്ലോ തിസ്ത സെതല്‍വാദും ആര്‍ബി ശ്രീകുമാറും അറസ്റ്റ് ചെയ്യപ്പെട്ടത്! മത്സരിക്കാതെ കോണ്‍ഗ്രസ്സ് ഗുജറാത്ത് ബിജെപിക്ക് ഒഴിഞ്ഞുകൊടുത്തു എന്നായിരുന്നു പാര്‍ട്ടിയ്‌ക്കെതിരെ വന്ന ആരോപണം. അതിന്റെ ഉത്തരവാദി തിരഞ്ഞെടുപ്പിനിടയില്‍ നടക്കാന്‍ പോയ രാഹുല്‍ ഗാന്ധിയും!

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചട്ടക്കൂട്ടിനപ്പുറത്താണ് ഭാരത് ജോഡോ യാത്ര എന്ന് രാഹുല്‍ പറയുന്നു. തന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ പുതിയൊരു politics of healing (ശമനത്തിന്റെ രാഷ്ട്രീയം) ലക്ഷ്യമിടുന്നുണ്ട് എന്ന് രാഹുലിന്റെ പ്രസംഗങ്ങളില്‍ സൂചനയുണ്ട്. പാര്‍ട്ടി രാഷ്ട്രീയത്തിനപ്പുറത്ത് സിവില്‍ സമൂഹത്തിന്റെ പ്രതിനിധികളുമായും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുമായും രാഹുല്‍ യാത്രയില്‍ സംവദിക്കുന്നുമുണ്ട്. ഡി.എം.കെ. മുതല്‍ ശിവസേന, എന്‍.സി.പി. നേതാക്കളും മക്കള്‍ നീതി മൈയം നേതാവ് കമലഹാസനും വരെ യാത്രയില്‍ പങ്കെടുത്തിരുന്നു. ദില്ലിയിലെ പത്രസമ്മേളനത്തില്‍ രാഹുല്‍ യാത്രാനന്തര രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പറഞ്ഞത് പ്രസക്തമാണ്: കോണ്‍ഗ്രസ്സിന് മാത്രമാണ് ബിജെപിക്ക് ഒരു പ്രത്യയശാസ്ത്ര ബദല്‍ നല്‍കാന്‍ കഴിയുക. പ്രാദേശിക പാര്‍ട്ടികള്‍ക്ക് തങ്ങളുടെ പരിമിതവട്ടത്തിലെ രാഷ്ട്രീയത്തിനപ്പുറം ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണ്ണയിക്കാവുന്ന അളവില്‍ കാഴ്ചപ്പാടുകളില്ല.

രാഹുലിന്റെ ഈ വാദം ഇപ്പോഴത്തെ ഇന്ത്യന്‍ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. ബിജെപി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ദേശീയതയ്ക്ക് ഒരു ബദല്‍ പ്രത്യയശാസ്ത്ര കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ പ്രാദേശിക രാഷ്ട്രീയത്തിന് കഴിയണമെന്നില്ല. ബിജെപിയുടെ ദേശീയതയോടുള്ള ചെറുത്തുനില്‍പ് വലിയ അളവില്‍ വന്നുകൊണ്ടിരിക്കുന്നത് ഇന്ത്യയുടെ ഫെഡറല്‍ യൂണിറ്റുകളില്‍ നിന്നും ഉപദേശീയതാ രാഷ്ട്രീയത്തില്‍ നിന്നുമായിരിക്കേതന്നെയാണ് രാഹുല്‍ ഉന്നയിക്കുന്ന ദേശീയ ബദല്‍ എന്ന വാദം പ്രസക്തമാകുന്നത്. ഭാരത് ജോഡോ യാത്രയോട് ഡിഎംകെ, ശിവസേന, സമാജ്‌വാദി പാര്‍ട്ടി നിതീഷ് കുമാര്‍, ആര്‍ജെഡി, രാഷ്ട്രീയ ലോക്ദള്‍, നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി എന്നിവര്‍ സഹകരിക്കുന്നതില്‍ നിന്നും മനസ്സിലാക്കേണ്ടത് കോണ്‍ഗ്രസ്സ് മുന്നോട്ടുവെക്കുന്ന ഒരു ദേശീയ ബദലുമായി തങ്ങളുടെ പ്രാദേശിക രാഷ്ട്രീയത്തെ കൈവിടാതെ തന്നെ സഹകരിക്കാന്‍ അവര്‍ തയ്യാറായേക്കും എന്നാണ്. ആന്ധ്രാ തെലങ്കാനാ പാര്‍ട്ടികളും മമതാ ബാനര്‍ജിയും മാത്രമാണ് ഇപ്പോഴും ഭാരത് ജോഡോ യാത്രയോട് അനുഭാവം പുലര്‍ത്താതെ തുടരുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതൊക്കെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ആവശ്യകതകള്‍. സഖ്യരാഷ്ട്രീയത്തിന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന് രാഹുല്‍ നിര്‍ദ്ദേശിക്കുന്ന ബദല്‍ എന്താണ്? ആ ബദല്‍ ഇല്ലാത്തപക്ഷം ബിജെപിയെ പരാജയപ്പെടുത്താനാവില്ല എന്ന രാഹുലിന്റെ വാദം കൃത്യമായിരിക്കേ. മുഹബ്ബത്ത് കി ദുക്കാന്‍ (സ്‌നേഹത്തിന്റെ പീടിക) എന്ന സങ്കല്പത്തിന് ഒരു രാഷ്ട്രീയ ഗണമായി നിലനില്‍ക്കാനാവുമോ? തന്റെ യാത്രാ നിയോഗത്തെ രാഹുല്‍ അടയാളപ്പെടുത്തിയത് അങ്ങനെയാണല്ലോ. ഏതാണ്ട് എല്ലാവരും വളരെ സിനിക്കലായി ഈ പ്രയോഗത്തെ ചിരിച്ചുതള്ളുകയുണ്ടായി. കൂടുതല്‍ ഗൗരവത്തോടെ ഈ വിശേഷണത്തെ പരിഗണിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു.

നമ്മുടെ കാലത്തെ hypermasculine രാഷ്ട്രത്തിന് അനുയോജ്യമായ ഒരു പ്രയോഗമല്ല മുഹബ്ബത് കി ദുക്കാന്‍. ഒരു രാഷ്ട്ര നേതാവില്‍ നിന്നും കാഡറുകളോ ജനങ്ങളോ സ്‌നേഹത്തിന്റെ സന്ദേശമൊന്നും പ്രതീക്ഷിക്കുന്നില്ല എന്നാണ് നമ്മള്‍ കരുതുന്നത്. ശാസനാമൂര്‍ത്തിയും ശിക്ഷകനും സംരക്ഷകനും (കരുതലോടെ ആയ്‌ക്കോട്ടെ) ആയ ഒരു നേതാവാണ് പഥ്യം. അകലത്തിലാണ് അയാള്‍ നിലകൊള്ളുന്നത്. വിദൂരമായ പ്രസംഗപീഠത്തിലോ ഹിമവാന്റെ അപാരതയിലോ ബോഡിഗാര്‍ഡുകളുടെ നടുക്കോ നിലനിന്നുകൊണ്ട് അണികളെ/ജനങ്ങളെ കരുതലോടെ 24ഃ7 പരിഗണിക്കുന്ന നേതാവിന്റെ സങ്കല്പത്തിനപ്പുറത്ത് ചിന്തിച്ചുനോക്കിയാലോ?

എല്ലാവരും ക്രൂദ്ധരായിരിക്കുന്ന – ഏതോ പ്രാചീനമായ സാംസ്‌കാരിക ദുഃഖം മുതല്‍ അയല്‍പക്കത്തെ ഇതരമതസ്ഥന്‍ വരെ ക്രോധത്തിന് കാരണക്കാരാകാം- ഒരു കാലമാണ് നമ്മുടേത്. രാമനും ഹനുമാനുമെല്ലാം ക്രൂദ്ധരാണ്. ബുള്‍ഡോസറാണ് സര്‍ക്കാരിന്റെ പ്രതീകം. ഇഷ്ടമില്ലാത്തതിനെയെല്ലാം വെറുക്കുക. തകര്‍ക്കുക. ഏറ്റവും വലുത് എന്ന് സങ്കല്പിച്ചുകൊണ്ട് പുതിയവ പണിയുക. അത് അയോധ്യയില്‍ രാമമന്ദിരത്തിന്റെ രൂപത്തിലാവാം, ദില്ലി പാര്‍ലമെന്റ് മന്ദിരം എന്ന പേരിലാവാം. ഇതിനിടയില്‍ അപരവല്‍ക്കരിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ മറ്റനേകം സ്വത്വങ്ങള്‍ പേറുന്നവര്‍. ഒരു യൂണിറ്റേറിയന്‍ ചിന്താപദ്ധതിയും രാഷ്ട്രീയവും നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംഘടനകള്‍ സൃഷ്ടിച്ചിരിക്കുന്നത് വെറുപ്പിന്റെ, പേടിയുടെ ഒരു ലോകമാണ്. ഈ രാഷ്ട്രീയം അനുശാസിക്കുന്ന അനുസരണയും അടിമത്തവും ശ്വാസം മുട്ടിക്കുന്നതാണ്. ഇത്തരമൊരു അന്തരീക്ഷത്തില്‍ ‘മുഹബ്ബത്തിന്റെ’ രാഷ്ട്രീയം വിപ്ലവകരം തന്നെയാണ്. സത്വര രാഷ്ട്രീയ നേട്ടങ്ങള്‍ക്കപ്പുറത്ത് ശമനത്തിന്റെ സാധ്യത ആ സങ്കല്പം ഉള്‍ക്കൊള്ളുന്നുണ്ട്.

ഇത്തരമൊരു രാഷ്ട്രീയത്തിന് സ്വതന്ത്ര ഇന്ത്യയില്‍ സമാനതകളില്ല. ഗാന്ധിജിയില്‍ മുഹബ്ബത്ത് കി ദുകാന്‍ ഉണ്ടായിരുന്നു. കല്‍ക്കത്തയിലും നവ്ഖാലിയിലും ദില്ലിയിലും മറ്റനേകം ഇടങ്ങളിലും നമ്മളത് കണ്ടതാണ്. വിഭജനത്തിന്റെ നീറ്റല്‍ ഒരു വലിയ പുണ്ണായി മാറി ഇന്ത്യന്‍ രാഷ്ട്രീയത്തെ ഹിന്ദുവര്‍ഗ്ഗീയതയുടെ തമോഗര്‍ത്തത്തിലേക്ക് സ്വാതന്ത്ര്യാനന്തരം തള്ളിയിടാത്തത് ഈ മുഹബ്ബത്ത് കാ ദുക്കാനില്‍ നിന്നുള്ള ഊര്‍ജ്ജപ്രവാഹം കൊണ്ടാണ്. സ്‌നേഹത്തിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കയാലാണ് ഗോഡ്‌സെ ഗാന്ധിയെ കൊന്നതും.

പിന്നീട് ഇത്തരമൊരു രാഷ്ട്രീയം പൊന്തിവരുന്നത് മാര്‍ട്ടിന്‍ ലൂതര്‍കിംഗിന്റെ 1960 കളിലെ പ്രവര്‍ത്തനങ്ങളിലാണ്. 1960 കളില്‍ കിംഗിന്റെ വംശീയ വിദ്വേഷത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനധാര സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയുമായിരുന്നു. ഉപദേശിയായിരുന്ന കിംഗ് ക്രിസ്തീയമായ സ്‌നേഹ-സാഹോദര്യ സങ്കല്പങ്ങളെ രാഷ്ട്രീയ-സാമൂഹ്യ മൂല്യങ്ങളായി അവതരിപ്പിച്ചുകൊണ്ടാണ് തന്റെ വംശീയ വിരുദ്ധ (antiractsi ) രാഷ്ട്രീയത്തിന് പുതിയ മുഖം നല്‍കിയത്. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലുടനീളം ഈ സ്‌നേഹധാരയുടെ രാഷ്ട്രീയം നമുക്ക് കാണാവുന്നതാണ്. ആറുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന വാഷിംഗ്ടണ്‍ മാര്‍ച്ചിലും അക്കാലത്തെ സിവില്‍റൈറ്റ്‌സ് പ്രസ്ഥാനത്തിലും കിംഗിന്റെ സ്‌നേഹസന്ദേശം നിര്‍ണ്ണായകമായി പ്രവര്‍ത്തിക്കുന്നുണ്ട്. കിംഗിന്റെ വിഖ്യാതമായ I have a dream പ്രസംഗം മാത്രമല്ല മഹാലിയ ജാക്‌സണ്‍, ജൊവാന്‍ ബേസ്, ബോബ് ഡിലന്‍ എന്നിങ്ങനെ ഗായകരുടെ സാന്നിധ്യവും വാഷിംഗ്ടണ്‍ മാര്‍ട്ടിന്റെ അഭൂതപൂര്‍വ്വമായ പ്രചാരത്തിന് കാരണമായി. ഭാരത് ജോഡോ യാത്ര അതിന്റെ സ്വഭാവത്തില്‍ കിംഗിന്റെ പ്രചരണ പരിപാടികളെ ഓര്‍മ്മിക്കുന്നുണ്ട്. കിംഗിന്റെ രാഷ്ട്രീയസന്ദേശം അമേരിക്കയെ വലിയ വംശീയ കലാപങ്ങളില്‍ നിന്നും രക്ഷപ്പെടുത്തി. അറുപതുകളിലേയും എഴുപതുകളിലേയുമൊക്കെ സിവില്‍ റൈറ്റ്‌സ് പ്രസ്ഥാനത്തിന്റെ ഊര്‍ജ്ജം കിംഗ് ഉയര്‍ത്തിപ്പിടിച്ച സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശത്തില്‍ നിന്നാണ്. അമേരിക്കന്‍ രാഷ്ട്രീയം പാടേ മാറുകയും എന്തിന് ഈ നൂറ്റാണ്ടില്‍ ബരാക്ക് ഒബാമയെപ്പോലൊരു പ്രസിഡന്റിനെ സാധ്യമാക്കുകയും ചെയ്തു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗാന്ധിജിയുടെ ‘സര്‍വ്വോദയം’ എന്ന ‘സ്‌നേഹസന്ദേശ’ത്തേക്കാള്‍ രാഹുലിന്റെ പ്രഖ്യാപനങ്ങളും പെരുമാറ്റരീതികളും അനുവര്‍ത്തിക്കുന്നത് കിംഗിന്റെയും സിവില്‍ റൈറ്റ്‌സ് പ്രസ്ഥാനങ്ങളുടെ രീതികളെയാണ്. ഗാന്ധിയില്‍ ഒരു പരിവ്രാജകനുണ്ടായിരുന്നു. നിര്‍മ്മമനായ ഒരു തത്വജ്ഞാനിയും. നിര്‍ഗുണ്‍ ഭക്തിസമ്പ്രദായത്തിന്റെ ധാര ഗാന്ധിജിയിലുണ്ട്. ഇതേ പാറ്റേണ്‍ തന്നെയാണ് ഗാന്ധിജിയുടെ സര്‍ഗ്ഗാത്മകത ഇല്ലാതിരുന്ന വിനോബാഭാവേ തന്റെ ഭൂദാന യാത്രകളിലും അനുവര്‍ത്തിച്ചുപോന്നത്. ചന്ദ്രശേഖറിന്റെ ഭാരത് യാത്രയും അതിന്റെ സാമ്പ്രദായിക സ്വഭാവം കൊണ്ട് ജനതയെ ഇളക്കിമറിച്ചില്ല.

(രാഹുല്‍ വൈരാഗിയല്ല. വളരെ ലൗകികനായ മനുഷ്യന്റെ പരിവേഷമാണ് താടിനീട്ടി തണുപ്പിനോട് മല്ലിട്ടുകൊണ്ട് ടീഷര്‍ട്ടില്‍ നടക്കുമ്പോഴും അയാള്‍ സ്വീകരിച്ചിരിക്കുന്നത്. എല്ലാവരോടും ചിരിച്ചും സൗഹൃദത്തോടെയും പെരുമാറുന്നു. അയാള്‍ തോളില്‍ കൈയ്യിടുമ്പോഴും ചേര്‍ത്തുപിടിക്കുമ്പോഴും ഒട്ടും അസ്വാഭാവികത തോന്നുന്നില്ല. നിഷ്‌ക്കളങ്കമെന്നോ കുസൃതിയെന്നോ കുട്ടിക്കളിയെന്നോ തോന്നിപ്പിക്കുന്ന പ്രകൃതം മറ്റ് നേതാക്കളില്‍ നിന്നും വ്യത്യസ്തമായ ഒരു ജനകീയത രാഹുലിന് നല്‍കിയിട്ടുണ്ട്. യാത്രയുടെ സ്വീകാര്യതയെ അത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു.)

ഇന്ത്യയെ ഇളക്കിമറിച്ച വലിയ യാത്ര അദ്വാനിയുടെ രഥയാത്രയായിരുന്നു. രാമക്ഷേത്രം എന്ന അജണ്ട ഉയര്‍ത്തിയത് സാഹോദര്യത്തിന്റെ സന്ദേശമായിരുന്നില്ല. സ്വാഭാവികമായും മസ്ജിദ് തോഡോ എന്ന മുദ്രാവാക്യത്തില്‍ അതവസാനിച്ചു. 2024 ജനുവരി 1 ന്  പള്ളി തകര്‍ത്ത ഇടത്ത് പുതിയ രാമക്ഷേത്രം ഉയരുമെന്ന് അമിത്ഷാ പ്രഖ്യാപിച്ചിട്ടുണ്ട്. അദ്വാനിയുടെ രഥയാത്രയുടെ ഉപസംഹാരം(closure) ആയിരിക്കും ക്ഷേത്രത്തിന്റെ ഉദ്ഘാടനം. അങ്ങനെ നോക്കുമ്പോള്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിന് തുടക്കമിട്ട ഒരു യാത്രയുടെ അവസാനത്തില്‍ സ്‌നേഹത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുന്ന മറ്റൊരു യാത്ര ഇന്ത്യയില്‍ അരങ്ങേറുകയാണ്. മസ്ജിദ് തോഡോയില്‍ നിന്നും ഭാരത് ജോഡോയിലേക്കുള്ള രാഷ്ട്രീയദൂരം വളരെ വലുതാണ്. അതിന് പലതലങ്ങളുണ്ടുതാനും. ഒന്ന് ജോഡോ യാത്ര നല്‍കുന്ന സാഹോദര്യത്തിന്റെ സന്ദേശം. രണ്ട്, അത് നേടിയിരിക്കുന്ന രാഷ്ട്രീയ-പൊതുസമൂഹസമ്മിതി; മൂന്ന്, രാഷ്ട്രീയ നേതൃത്വം എങ്ങനെയായിരിക്കണം എന്ന് വേറിട്ടൊരു ചിന്ത അവതരിപ്പിക്കാനുള്ള ശ്രമം; നാല്, സാമുദായിക മൈത്രി രാജ്യതാല്പര്യത്തിന് എത്രയും പ്രധാനപ്പെട്ട ഘടകമാണെന്ന സന്ദേശം; അഞ്ച്, രാഷ്ട്രീയ സംഘാടനത്തെ ടിവി ചര്‍ച്ചകളില്‍ നിന്നും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ നിന്നും വീണ്ടും തെരുവുകളിലേക്ക് കൊണ്ടുവരാനുള്ള ശ്രമം. ഈ രാഷ്ട്രീയത്തോട് വരും ദിനങ്ങളില്‍ ഇന്ത്യന്‍ ജനത എങ്ങനെ പ്രതികരിക്കണമെന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ ഭാവി.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply