എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി

തീര്‍ച്ചയായും ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്ന് കാര്യമായി ആരും പറയുമെന്നു തോന്നുന്നില്ല. കാലം മാറുന്നതിനനുസരിച്ച് സ്വാഭാവികമായം ഉണ്ടാകേണ്ട വികസനം പോലും കേരളത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ കാലത്തും, മറ്റെല്ലാ മുഖ്യമന്ത്രിമാരുടേയും കാലത്തെപോലെ കുറെ വികസനപദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ വികസന നായകന്‍ എന്നു വിളിക്കാവുന്ന ഒരു മുഖ്യമന്ത്രിയും നമുക്കുണ്ടായിട്ടില്ല – ചാണ്ടിയടക്കം. അദ്ദേഹം ഒരിക്കലും ബുദ്ധിജീവിയോ സൈദ്ധാന്തികനോ മികച്ച പ്രഭാഷകനോ എഴുത്തുകാരനോ ഒന്നുമായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി മറ്റെല്ലാ മുഖ്യമന്ത്രിമാരില്‍ നിന്നു വ്യത്യസ്ഥനാകുന്നു എന്ന് അന്വേഷിക്കുമ്പോഴാണ് നമ്മള്‍ ജനാധിപത്യസംവിധാനത്തിന്റെ നേട്ടങ്ങളിലേക്കും കോട്ടങ്ങളിലേക്കും എത്തുക.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആര്‍ക്കും ലഭിക്കാത്ത രീതിയില്‍ ജനലക്ഷങ്ങളുടെ ആദരവാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ ചേതനയറ്റ ഭൗതികശരീരവുമായുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് കോട്ടയത്തെത്താന്‍ 27 മണിക്കുറിലധികം എടുത്തു എന്നതുമാത്രം മതി അതിനുള്ള തെളിവായി. അവിടെ നിന്ന് പുതുപ്പള്ളിയിലെത്താനെടുത്ത സമയവും കേരളം കണ്ടു. ഇതിന്റെ ഉത്തരം അന്വേഷിച്ചാല്‍ നാമെത്തുക ജനാധിപത്യസംവിധാനം ഇന്നു നേരിടുന്ന പ്രതിസന്ധിയിലേക്കാണ്. ഒപ്പം എങ്ങനെ ഉമ്മന്‍ചാണ്ടി ആ പ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിച്ചു എന്നതിലേക്കും.

തീര്‍ച്ചയായും ഉമ്മന്‍ ചാണ്ടി കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയാണെന്ന് കാര്യമായി ആരും പറയുമെന്നു തോന്നുന്നില്ല. കാലം മാറുന്നതിനനുസരിച്ച് സ്വാഭാവികമായം ഉണ്ടാകേണ്ട വികസനം പോലും കേരളത്തില്‍ ഒരു കാലത്തും ഉണ്ടായിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ കാലത്തും, മറ്റെല്ലാ മുഖ്യമന്ത്രിമാരുടേയും കാലത്തെപോലെ കുറെ വികസനപദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. എന്നാല്‍ വികസന നായകന്‍ എന്നു വിളിക്കാവുന്ന ഒരു മുഖ്യമന്ത്രിയും നമുക്കുണ്ടായിട്ടില്ല – ചാണ്ടിയടക്കം. അദ്ദേഹം ഒരിക്കലും ബുദ്ധിജീവിയോ സൈദ്ധാന്തികനോ മികച്ച പ്രഭാഷകനോ എഴുത്തുകാരനോ ഒന്നുമായിരുന്നില്ല. എന്നിട്ടും എന്തുകൊണ്ട് ഉമ്മന്‍ചാണ്ടി മറ്റെല്ലാ മുഖ്യമന്ത്രിമാരില്‍ നിന്നു വ്യത്യസ്ഥനാകുന്നു എന്ന് അന്വേഷിക്കുമ്പോഴാണ് നമ്മള്‍ ജനാധിപത്യസംവിധാനത്തിന്റെ നേട്ടങ്ങളിലേക്കും കോട്ടങ്ങളിലേക്കും എത്തുക.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞാല്‍ ജനകീയതയും ജനങ്ങളിലുള്ള വിശ്വാസവും സുതാര്യതയും പ്രതിപക്ഷബഹുമാനവുമാണ് ഉമ്മന്‍ചാണ്ടിയെ കേരളം ഇന്നോളം കണ്ട മറ്റു ഭരണത്തലവന്മാരില്‍ നിന്നു വ്യത്യസ്ഥനാക്കുന്നത്. ഒരു ജനാധിപത്യസംവിധാനത്തിലെ ഭരണാധികാരിക്കുവേണ്ട അവശ്യം ഗുണങ്ങള്‍ ഇവ തന്നെയാണ്. അദ്ദേഹം ജനങ്ങള്‍ക്കിടയിലാണ് ജീവിച്ചതെന്നു നാം രണ്ടുദിവസമായി ആയിരകണക്കിനുപേരില്‍ നിന്നു കേള്‍ക്കുന്ന വാചകം തന്നെ അതിനെ ശരിവെക്കുന്നു. ജനങ്ങളെ വിശ്വസിക്കുക, ഭയക്കാതിരിക്കുക എന്നതും അത്തരമൊരു ഭരണാധികാരിക്ക് അനിവാര്യമായ ഗുണമാണ്. എനിക്ക് ജനങ്ങളില്‍ വിശ്വാസമാണെന്നു അദ്ദേഹം എപ്പോഴും പറയാറുണ്ടല്ലോ. പറയുക മാത്രമല്ല, പ്രവര്‍ത്തിയിലും അതങ്ങനെയായിരുന്നു.

സുതാര്യതയിലേക്കുതന്നെ വരാം. ജനാധിപത്യസംവിധാനത്തില്‍ മന്ത്രിമാര്‍ക്കോ ജനപ്രതിനിധികള്‍ക്കോ അവരെ നിയന്ത്രിക്കുന്ന പാര്‍ട്ടികള്‍ക്കോ ജനങ്ങളില്‍ നിന്ന് എന്താണ് മറയ്്ക്കാനുള്ളത്. ഒന്നുമില്ല, ഉണ്ടാകരുത്. എന്നാല്‍ അതല്ലല്ലോ നടക്കുന്നത്. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശനിയമമനുസരിച്ചുപോലും നല്‍കാത്ത സന്ദര്‍ഭങ്ങള്‍ നമ്മള്‍ കണ്ടല്ലോ. എന്നാല്‍ ഉമ്മന്‍ ചാണ്ടി ചെയ്തത് മറ്റൊന്നായിരുന്നു. തന്റെ ഓഫീസില്‍ വെബ് ക്യാമറ വെച്ച് അവിടെ നടക്കുന്നതെല്ലാം ലോകത്തെവിടെയിരുന്നും ആര്‍ക്കും കാണാവുന്ന രീതിയില്‍ സജ്ജീകരിച്ച മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ജനങ്ങളില്‍ നിന്നു മറച്ചുവെക്കേണ്ടതായ ഒന്നും തനിക്കില്ലെന്ന പ്രഖ്യാപനം തന്നെയായിരുന്നു അത്. ആ നടപടിമൂലം അദ്ദേഹം നേരിട്ട പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കുമറിയാവുന്നതാണല്ലോ. എന്നാലും സ്വന്തം നിലപാട് അദ്ദേഹം തിരുത്തിയില്ല. പിന്നീട് സ്ഥാനമേറ്റ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിന്റെ പാത പിന്തുടരാന്‍ തയ്യാറായില്ല എന്നതും ഇതുമായി കൂട്ടിവായിക്കേണ്ടതാണ്.

എല്ലാവരും ആവര്‍ത്തിക്കുന്ന പോലെ അദ്ദേഹം ജീവിച്ചത് ജനങ്ങള്‍ക്കിടയിലായിരുന്നു. ജനാധിപത്യസംവിധാനത്തില്‍ ഒരു മുഖ്യമന്ത്രി ജീവിക്കേണ്ടത് അങ്ങനെതന്നെയാണ്. അല്ലാതെ നിരവധി വാഹനങ്ങളുടെ വ്യൂഹത്തിന്റെ അകമ്പടിയോടെ പാഞ്ഞുപോകുകയല്ല. മുന്‍കൂട്ടിയുള്ള അപ്പോയ്‌മെന്റ് ഇല്ലാതെ, ഒരു നേതാവിനേയും ആശ്രയിക്കാതെ ആര്‍ക്കും അദ്ദേഹത്തെ കാണാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. രാഷ്ട്രീയപാര്‍ട്ടികളാണ് ജനാധിപത്യത്തിന്റെ നട്ടെല്ല് എങ്കിലും അധികാരത്തിലിരിക്കുന്ന ഭരണാധികാരിയെ കാണാന്‍ ജനങ്ങള്‍ക്ക് എപ്പോഴും അവകാശമുണ്ടെന്നു അദ്ദേഹത്തിനു വ്യക്തമായ ധാരണയുണ്ടായിരുന്നു. അല്ലെങ്കിലത് ജനാധിപത്യമല്ല, പാര്‍ട്ടി ആധിപത്യമാകും എന്നദ്ദേഹം ധരിച്ചിരുന്നിരിക്കണം. ഒരിക്കല്‍ തനിക്കുനേരെ അക്രമണമുണ്ടായിട്ടും ആ നയത്തില്‍ നിന്നു പിന്മാറാന്‍ അദ്ദേഹം തയ്യാരായില്ല എന്നതും ഓര്‍ക്കേണ്ടതാണ്. മറിച്ച് അക്രമിച്ചയാള്‍ മാപ്പുചോദിച്ചതാണ് കേരളം കണ്ടത്. ഇതിന്റെയെല്ലാം തുടര്‍ച്ച തന്നെയാണ് സംസ്‌കാരചടങ്ങില്‍ ആചാരവെടിയോ ഔദ്യോഗിക ബഹുമതികളോ വേണ്ട എന്ന് അദ്ദേഹം തീരുമാനിച്ചതും. കാരണം അതെല്ലാം ഫ്യൂഡല്‍ – രാജഭരണത്തിന്റെ അവശിഷ്ടമാണെന്നും ജനാധിപത്യത്തിന് അനുയോജ്യമല്ല എന്നും അദ്ദേഹം തിരി്ച്ചറിഞ്ഞിരിക്കണം.

ഒരേസമയം ഒരുപാട് പ്രശംസകളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയ ഒന്നായിരുന്നു അദ്ദേഹത്തിന്റെ ജനസമ്പര്‍ക്ക പരിപാടി. 24 മണിക്കൂറൊക്കെ നിന്ന നില്‍പ്പില്‍ നിന്ന് ജനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും കഴിയുന്നത്ര പരിഹാരമുണ്ടാക്കുകയും ചെയ്തിരുന്ന ആ ജനസമ്പര്‍ക്കത്തെ കുറിച്ച് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അതേസമയം ക്ലര്‍ക്കുമാര്‍ ചെയ്യേണ്ടതായ കാര്യങ്ങളാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അതില്‍ രാജഭരണത്തിന്റെ സൂചന കാണാമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ആ വിമര്‍ശനത്തില്‍ കഴമ്പുണ്ടാകാം. പക്ഷെ മറ്റൊന്നുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചാര്‍ജ്ജെടുത്ത ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് പറഞ്ഞ വാചകം വളരെ പ്രസിദ്ധമാണല്ലോ. നിങ്ങളുടെ മുന്നിലെ ഓരോ ഫയലിനുപുറകിലും ഓരോ ജീവിതമുണ്ടെന്നോര്‍ക്കണമെന്ന്. പിന്നീട് പലപ്പോഴും അദ്ദേഹമത് ആവര്‍ത്തിച്ചു. ഏതാനും ദിവസം മുമ്പുപോലും. കമ്പ്യൂട്ടറൈസേഷന്‍ ഇത്രമാത്രം മുന്നോട്ടുപോയിട്ടും ഇപ്പോഴും അവരുടെ മുന്നിലെ ഫയല്‍ മലക്കു വലിയ ഇടിവില്ല എന്നതാണ് വസ്തുത. ഉള്ളില്‍ ഫ്യൂഡല്‍ മനസ്സുമായി ജീവിക്കുകയും സംഘടിതശക്തിയാല്‍ എന്തിനേയും എതിര്‍ത്തു തോല്‍പ്പിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരെ വിശ്വാസമി്ല്ലാത്തതിനാലായിരിക്കണം ജനങ്ങളോടാണ് തന്റെ പ്രാഥമിക ഉത്തരവാദിത്തമെന്നു വിശ്വസിച്ച ഉമ്മന്‍ ചാണ്ടി അത്തരമൊരു ശൈലി സ്വീകരിച്ചത്.

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ – വ്യക്തി ജീവിതത്തില്‍ ഏറെ പ്രശ്‌നങ്ങളുണ്ടാക്കിയ സോളാര്‍ കേസിനെ അദ്ദേഹം നേരി്ട്ട ശൈലി മാത്രം കണ്ടാല്‍ മതി, ജനാധിപത്യത്തില്‍ ജനങ്ങളില്‍ ഒരു ഭരണാധികാരിക്കുള്ള വിശ്വാസം ബോധ്യമാകാന്‍. ആരും തകരുന്ന സന്ദര്‍ഭത്തില്‍പോലും പതറാതെ നിലയുപ്പിക്കുകയും അപ്പോഴും അടിസ്ഥാനരഹിത ആരോപണമുന്നയിച്ചവരോടും അതിനെ ഏറെ ആഘോഷിച്ച മാധ്യമങ്ങളോടും അദ്ദേഹം പുലര്‍ത്തിയ സഹിഷ്ണത സമാനതകളില്ലാത്തതാണ്. ജനാധിപത്യത്തിന്റെ മറ്റൊരു അടിസ്ഥാന ഘടകമായ പ്രതിപക്ഷ ബഹുമാനത്തെയാണ് അത് വെളിവാക്കുന്നത്. പ്രതിപക്ഷവും മാധ്യമങ്ങളും ഉണ്ടെങ്കിലേ ജനാധിപത്യം പൂര്‍ണ്ണമാകൂ എന്നദ്ദേഹം മനസ്സിലാക്കിയിരുന്നു. ഇന്നു ഇന്ത്യയിലും കേരളത്തില്‍പോലും നടക്കുന്ന സംഭവങ്ങള്‍ ശ്രദ്ധിച്ചാല്‍ ആ വ്യത്യാസം ബോധ്യമാകും. അതുപോലെതന്നെയാണ് നീതിന്യായസംവിധാനത്തില്‍ നിന്നു അദ്ദേഹം കൃത്യമായ അകലം പാലിച്ചതും. ഒരു കേസിലും അവയെ സ്വാധീനിക്കാന്‍ അദ്ദേഹം ശ്രമിച്ചില്ല. സോളാര്‍ അന്വേഷണ കമ്മീഷനുമുന്നില്‍ മണിക്കൂറുകളോളം ഇരുന്നു കൊടുത്ത അദ്ദേഹത്തിന്റെ ചിത്രംതന്നെ അതിനുള്ള തെളിവാണല്ലോ.

ജനകീയസമരങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനവും പരാമര്‍ശിക്കാതെ വയ്യ. ഒരു ജനകീയ സമരത്തേയും സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമമെന്നോ തീവ്രവാദികളുടെ നീക്കമെന്നോ അദ്ദേഹം ആരോപിച്ചിട്ടില്ല. സമരനേതാക്കളുമായി എത്രതവണ വേണമെങ്കിലും ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തയ്യാറായിരുന്നു. അതിനു പലപ്പോഴും ഗുണവുമുണ്ടായിട്ടുണ്ട്. ഈ ലേഖഖന് നേരിട്ടറിയാവുന്ന ഒരു സമരത്തെ മാത്രം പരാമര്‍ശിക്കാം. നഗരമാലിന്യങ്ങള്‍ സമീപഗ്രാമങ്ങളില്‍ കൊണ്ടുതട്ടുന്നതിനെതിരെ കേരളത്തില്‍ നിരവധി സമരങ്ങള്‍ നടന്നിട്ടുണ്ടല്ലോ. ഇപ്പോഴും നടക്കുന്നുണ്ട്. അത്തരത്തിലുള്ള ആദ്യസമരമായിരുന്നു തൃശൂരിലെ ലാലൂരില്‍ നടന്നത്. കാല്‍ നൂറ്റാണ്ടിലേറെ ആ സമരം നീണ്ടുനിന്നു. സമരം തീര്‍ക്കാന്‍ ആന്റണിയും വി എസും അടക്കമുള്ള മുഖ്യമന്ത്രിമാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് അതിനായി. സമരക്കാരുടെ ആവശ്യങ്ങള്‍ ഏറെക്കുറെ അംഗീകരിച്ച് പ്രശ്നപരിഹാരം കണ്ടത് ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു. സമരപന്തലിലേക്ക് അദ്ദേഹം നേരിട്ട് ഫോണ്‍ വിളിച്ച സന്ദര്‍ഭങ്ങള്‍ പോലും ഉണ്ടായിട്ടുണ്ട്. ജനാധിപത്യസംവിധാനത്തില്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പിന്തുണയില്ലെങ്കിലും ജനങ്ങള്‍ സ്വന്തം മുന്‍കൈയില്‍ നടത്തുന്ന പോരാട്ടങ്ങളോട് ഭരണാധികാരികള്‍ സ്വീകരിക്കേണ്ട സമീപനത്തിനു ഉത്തമ മാതൃകയായിരുന്നു അദ്ദേഹം കാണിച്ചത്. അതേസമയം അന്ധമായി ഇടതുപക്ഷത്തോട് ഒട്ടിനില്‍ക്കുന്ന കേരളത്തിലെ പല സിവില്‍ സമൂഹ പ്രസ്ഥാനങ്ങളും എഴുത്തുകാരും ബുദ്ധിജീവികളും മറ്റും അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. സോളാര്‍ കേസിലും മറ്റും അദ്ദേഹം നിരപരാധിയെന്നു വിശ്വസിച്ചിട്ടും മൗനം പാലിക്കുകയായിരുന്നു. ജനാധിപത്യസംവിധാനത്തിനു അപകടകരമാണ് ഈ സമീപനം എന്നു പറയാതെ വയ്യ. പലരും ഇപ്പോള്‍ പശ്ചാത്തപിക്കുന്നതായ വാര്‍ത്തകളും വന്നല്ലോ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീര്‍ച്ചയായും കക്ഷിരാഷ്ട്രീയമേഖലയിലെ ചാണക്യന്‍ കൂടിയായിരുന്നു ഉമ്മന്‍ചാണ്ടി. അതേകുറിച്ചൊക്കെ ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടല്ലോ. ഇടതുപക്ഷത്തെ നേരിടുന്നതിനൊപ്പം പാര്‍ട്ടിക്കകത്തെ ഗ്രൂപ്പിസത്തിലും അദ്ദേഹം വഹിച്ച പങ്ക് പ്രശസ്തമാണ്.. കരുത്തരായിരു്‌നന കരുണാകരനേയും അദ്ദേഹത്തിന്റെ ഗ്രൂപ്പിനേയും തളര്‍ത്തുന്നതിന്റെ മുന്‍നിരയില്‍ ആന്റണിയായിരുന്നെങ്കിലും പുറകിലെ കുശാഗ്രബുദ്ധി ഉമ്മന്‍ ചാണ്ടിയുടേതുതന്നെയായിരുന്നു. അപ്പോഴും തെരഞ്ഞെടുപ്പുപോലുള്ള നിര്‍ണ്ണായകവേളകളില്‍ ഒറ്റകെട്ടായി പാര്‍ട്ടിയെ നിലനിര്‍ത്തുന്നതിലും അദ്ദേഹത്തിന്റെ പങ്ക് പ്രധാനമാണ്. അരനൂറ്റാണ്ടിലേറെകാലം നിയമസഭാംഗമായും അതില്‍ കുറെകാലം മന്ത്രിയും മുഖ്യമന്ത്രിയുമൊക്കെയായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും പുതുപ്പള്ളിയോടുള്ള അദ്ദേഹത്തിന്റെ ബന്ധവും ആര്‍ക്കുമറിയാവുന്നവതന്നെ. അതെകുറിച്ചൊന്നും ഈ കുറിപ്പില്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. ജനാധിപത്യസംവിധാനത്തില്‍ മാതൃകയായ ആ ഭരണാധികാരിയുടെ ഓര്‍മ്മകള്‍ക്കുമുന്നില്‍ ഒരു പ്രണാമം മാത്രം അര്‍പ്പിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply