വൈശാഖന്‍ തമ്പിയുടേത് അരാഷ്ട്രീയ യുക്തിവാദം
ഉരുള്‍പൊട്ടല്‍ ദുരന്തത്തെപ്പറ്റി സ്വതന്ത്രചിന്തകനായ വൈശാഖന്‍ തമ്പി പറഞ്ഞത് തികച്ചും ശാസ്ത്രീയവും ഉചിതവും ആണോ? എങ്കില്‍ ഈ 10 ചോദ്യങ്ങള്‍ക്ക് അദ്ദേഹത്തിനു മറുപടിയുണ്ടോ എന്നു ചോദിക്കുന്നു പരിസ്ഥിതി പ്രവര്‍ത്തകനായ അശോകകുമാര്‍. വൈശാഖന്‍ തമ്പിയുടെ പോസ്റ്റിന്റെ ലിങ്ക് താഴെ…
വൈശാഖന്‍ തമ്പി എഴുതുന്നു,
1. ‘മണ്ണിന് ആഗിരണം ചെയ്ത് പിടിച്ചുനിര്‍ത്താന്‍ കഴിയാത്തത്ര (പൂരിതമായ അവസ്ഥ) വെള്ളം ഒരിടത്ത് എത്തുമ്പോഴാണ് അത് ഉരുളായി പൊട്ടിയൊഴുകുന്നത്. അതിന് അതിശക്തമായ മഴ പെയ്യേണ്ടതുണ്ട്. ‘
കിഴക്കന്‍ മലകളിലെ മണ്ണിന്റെ ജലാഗിരണ ശേഷി പണ്ടും ഇപ്പോഴും ഒരേ പോലെയാണോ സുഹൃത്തേ ? മണ്ണിന്റെ ജലാഗിരണ ശേഷി അവിടെ കുറഞ്ഞിട്ടില്ലേ? എങ്കില്‍ അതിനിടയാക്കിയ സാഹചര്യങ്ങള്‍ ഏവ? അത് പുന:സൃഷ്ടിച്ച് ആഘാതങ്ങള്‍ ലഘൂകരിക്കേണ്ടതില്ലേ?അതോ ഇനിയും മണ്ണിന്റെ ജലാഗിരണ ശേഷി നഷ്ടപ്പെടുത്തുന്ന പ്രവൃത്തികള്‍ തുടരണോ? ഇത്തരം അന്വേഷണങ്ങള്‍ നമ്മെ എത്തിക്കുന്നത് പശ്ചിമഘട്ടത്തില്‍ നടക്കുന്ന അശാസ്ത്രീയമായ ഭൂവിനിയോഗത്തിലേക്കായിരിക്കും. ഇനിയെങ്കിലും അതിനെപ്പറ്റി വിശദമായ അന്വേഷണം ആവശ്യമല്ലേ? കാരണം ഇനിയും മണ്ണിന്റെ ജലാഗിരണ ശേഷി കുറഞ്ഞാല്‍ ഉരുള്‍ പൊട്ടല്‍ സാധ്യത ഉയരും.മലനാട്ടിലെ മണ്ണ് അന്നും ഇന്നും നാളെയും മാറ്റമില്ലാത്ത ഒന്നായി കാണുന്നത് ശാസ്ത്രീയമായ കാഴ്ചപ്പാടാണോ?
2. വൈശാഖന്‍ തമ്പി : ‘ഭൂമിയുടെ ചെരിവ് 20 ഡിഗ്രി യിലേറെ വന്നാല്‍ ഉരുള്‍ പൊട്ടല്‍ സാധ്യത കൂടും. ‘
ചെരിവ് 20 ഡിഗ്രിയിലേറെ കൂടുന്ന വിധത്തില്‍ ഭൂമി തരം മാറ്റലുകള്‍ എവിടെയൊക്കെ സംഭവിച്ചിട്ടുണ്ട്? കെട്ടിടങ്ങള്‍ക്കു വേണ്ടി അതിദുര്‍ബ്ബല മേഖലകളില്‍ ഏറ്റവും കുറഞ്ഞത് കഴിഞ്ഞ 30 വര്‍ഷത്തിനകം എത്രയെത്ര വെട്ടി മാറ്റലുകള്‍ നടന്നു ? ഇവ ശാസ്ത്രീയമായ സ്ഥല പരിശോധന നടത്തിയാണോ അനുവദിച്ചത്?
3. വൈശാഖന്‍ തമ്പി : ‘ചിലതരം ഉപരിതല മണ്ണ് വെള്ളം കൂടുതല്‍ ആഗീരണം ചെയ്യും.’
ഉപരിതല മണ്ണ് ‘ആദ്യമേ തന്നെ ഇങ്ങനെയായിരുന്നോ? ഏകവിളത്തോട്ടങ്ങള്‍, ക്വാറികള്‍, അശാസ്ത്രീയ നിര്‍മ്മാണങ്ങള്‍ എന്നിവ ഉപരിതല മണ്ണില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ലേ? അങ്ങനെയെങ്കില്‍ ഇനിയും മണ്ണിനെ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഭൂവിനിയോഗം തുടരണോ? അതോ കൃഷിയിലും നിര്‍മ്മാണത്തിലും ഖനനത്തിലും മണ്ണു പരിപാലനം സാധ്യമാക്കുന്ന മാറ്റങ്ങള്‍ കൊണ്ടുവന്നു കൂടേ?
4. വൈശാഖന്‍ തമ്പി : ‘നമുക്കിവിടെ ചര്‍ച്ച ചെയ്യേണ്ടത്, ഉരുള്‍പൊട്ടലുകള്‍ ഒഴിവാക്കുന്നതിനെ കുറിച്ചല്ല, ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ്. ‘
അതായത് ഉരുള്‍പൊട്ടല്‍ ഒട്ടും തന്നെ നമുക്കു തടയാന്‍ കഴിയില്ല. അത് മനുഷ്യശേഷിക്ക് സാധ്യമല്ലാത്തതാണ്. മനുഷ്യനിര്‍മ്മിതമായ ഉരുള്‍ പൊട്ടലുകള്‍ എന്ന ഒന്ന് ഇല്ലേ? അശാസ്ത്രീയ ഭൂവിനിയോഗം മൂലം വരുന്ന – ഉരുള്‍പൊട്ടലിനെ പറ്റിയുള്ള പഠനങ്ങള്‍ എല്ലാം തന്നെ പൂര്‍ണ്ണമായും ഇദ്ദേഹം മൂടിവെയ്ക്കുന്നു. ഉരുള്‍ പൊട്ടലും ഖനനവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന നിരവധി പഠനങ്ങള്‍ പരിശോധിച്ച് തയ്യാറാക്കിയ ലേഖനം നോക്കുക (Mininig : A key Human cause of Landslides, Ouadadi Senoaci). മണ്ണിടിച്ചിലിനു കാരണമാകുന്ന മനുഷ്യ ഇടപെടലിന്റെ 50% വും ഖനനം വഴിയാണ് വന്നു ചേരുന്നത്.
5. തമ്പി : ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ അനുകൂലമായ സാഹചര്യങ്ങള്‍ ഉള്ളയിടത്ത് മനുഷ്യസാന്നിദ്ധ്യം ഒഴിവാക്കാന്‍ ശ്രമിക്കാം. എന്നാല്‍ ഇത് കേരളത്തില്‍ പ്രായോഗികമല്ല. കാരണം ഇവിടെ സ്ഥലം കുറവും ജനസാന്ദ്രത കൂടുതലും. ‘
അപകട സാധ്യതാ പ്രദേശങ്ങളില്‍ സാധാരണക്കാര്‍ പാര്‍ക്കാന്‍ ഇടയായ സാഹചര്യം തോട്ടങ്ങളിലെ തൊഴില്‍പരമായ സൗകര്യം മാത്രമാണോ? ആരുടെ കൈവശമാണ് ഇടനാട്ടിലും മലനാട്ടിലും തോട്ടം ഭൂമി? അവിടങ്ങളില്‍ സുരക്ഷിതമായ ഇടങ്ങളില്‍ കൂലിപ്പണിക്കാര്‍ക്കു ഒരു തുണ്ടു ഭൂമി വാങ്ങാന്‍ പറ്റാത്തതെന്തു കൊണ്ട്? ചെങ്ങറ സമരമെന്നും ആദിവാസി ഭൂസമരമെന്നും തമ്പി കേട്ടിട്ടുണ്ടോ? കേരളത്തില്‍ രണ്ടാം ഭൂപരിഷ്‌ക്കരണം ആവശ്യമാണെന്നു താങ്കള്‍ക്കു തോന്നിയിട്ടുണ്ടോ? അതായത് ഇടനാട്ടിലും മലനാട്ടിലും കണ്ണായ ഭൂമിയെല്ലാം തോട്ടങ്ങളെന്ന പേരില്‍ ഭൂപരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ടതും അതുമൂലം മറുവശത്ത് സ്വന്തം വീടു പൊളിച്ച് ആളുകള്‍ക്ക് ശവം മറവു ചെയ്യേണ്ട ഗതികേടുണ്ടെന്നതും നിങ്ങള്‍ക്കു അറിയുമോ?
നീതിപൂര്‍വകമായ ഭൂപരിഷ്‌ക്കരണം നടപ്പിലാക്കി അപകടസാധ്യതയുള്ള മണ്ണില്‍ നിന്നും സാധാരണ മനുഷ്യരെ മാറ്റിപ്പാര്‍പ്പിക്കുക എന്നതാണ് അവരെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്നും രക്ഷിക്കാനുള്ള മാര്‍ഗ്ഗം. ഭൂമിയില്ലാത്തതല്ല നീതിപൂര്‍വ്വം രണ്ടാം ഭൂപരിഷ്‌ക്കരണം നടപ്പിലാക്കി, തോട്ടങ്ങളെന്ന പേരില്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഹെക്ടര്‍ കണക്കിനു ഭൂമി പുനര്‍വിതരണം നടത്തുകയാണ് വേണ്ടത്. ഇതില്‍ തുച്ഛപാട്ടത്തിനു പൊതുഭൂമി കൈവശപ്പെടുത്തിയ വമ്പന്‍ പ്ലാന്റേഷനുകളും ഉള്‍പ്പെടും. അപകടം പിടിച്ച ഇടങ്ങളില്‍ താമസിക്കേണ്ട അവസ്ഥ സ്വയമങ്ങ് വന്നുചേര്‍ന്നതല്ല. ഭൂമി അന്യായമായി ചുരുക്കം ചിലര്‍ ‘ കൈക്കലാക്കിയതു കൊണ്ട് ഭൂമിയില്ലാത്ത സാധാരണക്കാര്‍ക്ക് മറ്റുവഴികള്‍ ഇല്ലാതായി.
6. തമ്പി എഴുതുന്നു: ‘അവിടെ റോഡ് വെട്ടരുത്, കെട്ടിടം വെക്കരുത് എന്നൊക്കെ തിരുവനന്തപുരം നഗരത്തിലിരിക്കുന്ന എനിക്ക് വേണമെങ്കില്‍ ഫെയ്‌സ്ബുക്കില്‍ എഴുതിവെക്കാം. ‘
പശ്ചിമഘട്ട പ്രദേശത്ത് റോഡ് വെട്ടരുതെന്നോ കെട്ടിടം വെയ്ക്കരുതെന്നോ ആരാണ് പറഞ്ഞത്? എവിടെ എങ്ങനെ റോഡും കെട്ടിടവും വെയ്ക്കണം എന്നതാണ് പ്രശ്‌നം. അതായത് മണ്ണിടിച്ചിലും നാശനഷ്ടങ്ങളും സംഭവിക്കാത്ത വിധത്തില്‍, അപകടങ്ങളെ ക്ഷണിച്ചുവരുത്താത്ത വിധത്തില്‍ വേണം അവിടങ്ങളില്‍ നാം ഇടപെടേണ്ടത്. അത്തരം ശാസ്ത്രീയ ഇടപെടല്‍ മാതൃകകള്‍ നമുക്കു മുന്നിലുണ്ട്. അതൊന്നും പരിഗണിക്കാതെ കുറച്ചു പേരുടെ താല്‍ക്കാലിക ലാഭം മാത്രം മുന്നില്‍ കണ്ട്, സര്‍വ്വ നിയമങ്ങളും ചവുട്ടിമെതിച്ച് ഭൂമിയെ മാറ്റിമറിക്കുന്നതിന്റെ പരിണതഫലമാണ് ഇപ്പോഴത്തെ പ്രകൃതിദുരന്തങ്ങള്‍. ലാഭം കൊയ്തവരും അതിന്റെ പങ്കുപറ്റി ഒത്താശ ചെയ്തവരുമല്ല ഇതിന്റെ ഇരകള്‍.
7. തമ്പി: ‘എന്തോ, നഗരങ്ങളില്‍ കഴിയുന്നവരുടെ സൗകര്യങ്ങള്‍ മലമ്പ്രദേശങ്ങളിലുള്ളവര്‍ക്ക് നിഷേധിക്കാന്‍ ഈയുള്ളവന് സാധിക്കുന്നില്ല.
‘
എത്ര വിശാലമായ സമഭാവന എന്ന നമ്മള്‍ ഇതിനെ പുകഴ്ത്തും. എന്നാല്‍ ആര്‍ക്ക് എന്തു രീതിയിലുള്ള വികസനം വേണമെന്ന് തീരുമാനിക്കാന്‍ അതാത് ജനസമൂഹങ്ങള്‍ക്ക് കൂടി അവകാശമുണ്ട്. നഗരത്തില്‍ ഇരിക്കുന്ന എനിക്ക് മറ്റുള്ളവരെ എന്നെപ്പോലെ വികസിപ്പിക്കാന്‍ അധികാരമുണ്ടോ? നഗരവാസിയായ എന്നെ മലപ്രദേശത്തുകാര്‍ അവരുടെ വക്താവ് ആക്കിയിട്ടില്ല. വികസനത്തിന്റെ സ്വയം നിര്‍ണ്ണയാവകാശം അതാത് ജനവിഭാഗങ്ങള്‍ക്കു കൂടി വിട്ടുകൊടുക്കേണ്ടതുണ്ട്. അതിനാണ് സ്വാതന്ത്ര്യം എന്നു പറയുന്നത്. തങ്ങള്‍ക്ക് ഏതു തരത്തില്‍ എന്തൊക്കെ വികസനം വേണമെന്നു തീരുമാനിക്കാനുള്ള പാകത ആദിവാസികള്‍ക്കും അടിത്തട്ടു ജനങ്ങള്‍ക്കുമുണ്ട്.
കോളനിവാഴ്ചയുടെ സന്തതിയാണ് ‘പുരോഗതി / വികസനത്തിന്റ ഏക പക്ഷീയമായ മുകളില്‍ നിന്നുള്ള അടിച്ചേല്‍പ്പിക്കല്‍. ഇതിന്റെ ശരിയായ അര്‍ത്ഥം വികസനത്തിന്റെ പേരു പറഞ്ഞ് ജനങ്ങളുടെ വിഭവങ്ങള്‍ കൊള്ളയടിച്ച് അവരെ നിത്യദരിദ്രരാക്കുക എന്നതാണ്. ഇതാണ് ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണം ചെയ്തത്. അതു തന്നെയാണ് ഓരോ പ്രാദേശിക സമൂഹത്തോടും അവര്‍ക്ക് വികസന സ്വര്‍ഗ്ഗമെന്ന വ്യാജേന റിസോര്‍ട്ട്- ക്വാറി സംഘങ്ങള്‍ക്കു വേണ്ടി ഇന്നത്തെ ഭരണകൂടവും വിഴിഞ്ഞത്തും തോട്ടപ്പള്ളിയിലും വയനാട്ടിലും ചെയ്തു കൂട്ടുന്നത്. അതുകൊണ്ട് പ്രാദേശിക ഭൂമിയും വിഭവങ്ങളും ഊറ്റിയെടുക്കുന്ന അടിച്ചേല്‍പ്പിക്കപ്പെട്ട വികസനമല്ല, പ്രാദേശിക ജനതയുടെ ജീവനും തൊഴിലും പരിസ്ഥിതിയും സംരക്ഷിക്കുന്ന വികസനം – അത് റോഡായാലും റെയിലായാലും തെരഞ്ഞെടുക്കാന്‍ പ്രാദേശിക ജനങ്ങള്‍ക്ക് സ്വയം നിര്‍ണ്ണയാവകാശമുണ്ട്. അതാണ് ശരിയായ ജനകീയാസൂത്രണം.
8. തമ്പി: ‘ പല രംഗങ്ങളിലെ വിദഗ്ദ്ധരുടെ കൂട്ടായ ആലോചനകളിലൂടെ ഉണ്ടാവേണ്ട തീരുമാനങ്ങളാണ്. കാലാവസ്ഥ, പരിസ്ഥിതി, ഭൂഗര്‍ഭശാസ്ത്രം, ജലവിഭവശാസ്ത്രം, തുടങ്ങിയ പല ശാസ്ത്രമേഖലകളിലെ വിദഗ്ദ്ധരും രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്‍ത്തകരും ഒക്കെ കൂട്ടായിവേണം അത്തരം ആലോചനകളും അവലോകനങ്ങളും നടത്താന്‍. ദുരന്തങ്ങള്‍ക്ക് ഞൊടിയിടയില്‍ ഒറ്റമൂലം കണ്ടെത്തി ഒറ്റമൂലി നിര്‍ദ്ദേശിക്കുന്നവരെ പറ്റുമെങ്കില്‍ ആ ഭാഗത്ത് അടുപ്പിക്കാതെ നോക്കണം. ‘
സുഹൃത്തേ , കൂട്ടായ ആലോചനകളും അവലോകനങ്ങളും വേണമെന്ന് നിയമമുണ്ടെങ്കിലും അതൊന്നും പാലിക്കാതെ നടത്തിയ ഇടപെടലുകളാണ് നമുക്കു ചുറ്റും ദുരന്തമായി പെയ്യുന്നത്. അതില്‍ കാലാവസ്ഥാ മാറ്റം മുതല്‍ ഇന്നലത്തെ ഉരുള്‍ പൊട്ടല്‍ വരെ ഉള്‍പ്പെടും. കൂട്ടായി ആലോചിക്കാത്തതും നിയമങ്ങള്‍ പാലിക്കാത്തതും അങ്ങനെ ചെയ്യണമെന്നു അറിയാഞ്ഞിട്ടല്ല . കോടതി ഉത്തരവ് വന്ന ിട്ടു പോലും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചു മാറ്റാത്ത ജനപ്രതിനിധികളുടെ നാടാണിത്.വയനാട്ടില്‍ അമ്പലവയലില്‍ ദുരന്തനിവാരണ അതോറിറ്റി നിരോധിച്ചിട്ടും അനധികൃത ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ജനങ്ങള്‍ 2016 ല്‍ പ്രക്ഷോഭം നടത്തിയിരുന്നു. ക്വാറികളുടെ പ്രവര്‍ത്തനം കുത്തനെയുള്ള ചെരിവുകളില്‍ ഉരുള്‍പൊട്ടലുണ്ടാക്കുമെന്നു അന്നേ ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം ക്വാറികളില്‍ നിന്നും അന്യസംസ്ഥാനങ്ങളിലേക്കും കല്ലുകള്‍ പോകുന്നു. മാത്രമല്ല ദുരന്ത നിവാരണ അതോറിറ്റിയുടെ വിലക്കിനെതിരെ കോടതിയില്‍ പോയി സ്റ്റേ മേടിക്കുന്നതു ക്വാറികളുടെ രീതിയാണ്. കേരളത്തിലെ ജിയോളജിസ്റ്റുകളില്‍ ഒട്ടുമുക്കാലും ക്വാറി കമ്പനികളുടെ കിമ്പളം പറ്റുന്നവരാണ്. കവളപ്പാറ ദുരന്തത്തിനു ശേഷം കോഴിക്കോട് യോഗം ചേര്‍ന്നപ്പോള്‍ ഈ ജിയോളജിസ്റ്റുകള്‍ ഒന്നടങ്കം പറഞ്ഞത് ക്വാറികള്‍ ഉരുള്‍ പൊട്ടലിനു കാരണമാകില്ല എന്നാണ്. റിട്ടയര്‍ ചെയ്യുന്ന പല ജിയോളജിസ്റ്റുകളു ക്വാറിക്കമ്പനികളുടെ ശമ്പളക്കാരായി ജോലി ചെയ്യുന്നുണ്ട്.
വയനാട്ടില്‍ സംസ്ഥാന തല പരിസ്ഥിതി ആഘാത പഠന സമിതി യാതൊരു പരിശോധനയും നടത്താതെ ക്വാറികള്‍ക്ക് അനുമതിപത്രം കൊടുക്കുന്നു. കഴിഞ്ഞ വര്‍ഷം 40 ലധികം കരിങ്കല്‍ ക്വാറികള്‍ക്ക് അതീവ പരിസ്ഥിതി ദുര്‍ബ്ബല ഇടങ്ങളില്‍ ഇവര്‍ അനുവാദം കൊടുത്തു. ചുവപ്പു കാറ്റഗറിയില്‍ പെട്ട സ്ഥലത്ത് പ്രവര്‍ത്തിച്ച ഒരു ക്വാറി ജില്ലാകളക്ടര്‍ നിരോധിച്ചെങ്കിലും പരിസ്ഥിതി ആഘാത പഠനസമിതി അതിന് അനുമതി നല്‍കി. പരിസ്ഥിതി സൗഹൃദ വികസനം പറയുന്നവരാരും ഒറ്റമൂലിക്കാരല്ല. അവര്‍ പറയുന്നത്, നമ്മുടെ രാജ്യം കൂടി പങ്കാളിയായി അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച ശാസ്ത്രീയമായ ഭൂവിനിയോഗ നിയമങ്ങളെ പറ്റി മാത്രമാണ്. അത്തരം ശാസ്ത്രീയ ഭൂവിനിയോഗം എല്ലാവര്‍ക്കും ഗുണം ചെയ്യുന്നതാണ്. കുറച്ചു പേര്‍ക്കു മാത്രം ലാഭമുണ്ടാക്കുന്നതും ബാക്കിയുള്ളവര്‍ക്ക് ദുരിതം വിതയ്ക്കുന്നതുമായിരിക്കില്ല അത്.
9. തമ്പി : ‘ അവിടത്തുകാര്‍ക്ക് താമസിക്കാനല്ല അവിടെ റിസോര്‍ട്ടുകള്‍ പൊങ്ങുന്നത് എന്നും, അത് പുറത്തുനിന്ന് കൂടും കുടുക്കയുമായി ആഘോഷിക്കാന്‍ അങ്ങോട്ട് വലിഞ്ഞുകേറി ചെല്ലുന്ന നമ്മളെപ്പോലുള്ളവര്‍ക്കാണ് എന്നും മനസ്സിലാക്കുക. ആ ഡിമാന്‍ഡ് ആണ് സപ്ലൈ ഉണ്ടാക്കുന്നത്. ‘
നമ്മള്‍ വയനാട്ടിലേയ്ക്കു യാത്ര പോകുന്നതിനാല്‍ അവിടെ നിയമലംഘനങ്ങള്‍ നടത്തി റിസോര്‍ട്ടുകളുണ്ടായി! കുറ്റം നമ്മുടേതാണ്. നമ്മള്‍ പുകവലിക്കുന്നതിനാല്‍ സിഗരറ്റ് കച്ചവടം വന്നു. നമ്മള്‍ മദ്യപിക്കുന്നതിനാല്‍ ബാറുകളും ബീവറേജസുകളും നിരന്നു. സിഗരറ്റും മദ്യക്കച്ചവടവും മാത്രമല്ല, ടൂറിസവും ഒരു വ്യവസായമായി നമുക്കിടയില്‍ സ്വാഭാവികമായി വളര്‍ന്നു വന്നതല്ല. ഇന്ത്യ മാതിരി മൂന്നാം ലോക രാജ്യങ്ങള്‍ക്ക് തൊഴിലും വരുമാനവുമുണ്ടാക്കാന്‍ ആഗോളവികസന ഏജന്‍സികള്‍ കഴിഞ്ഞ 30 വര്‍ഷമായി ചൂണ്ടിക്കാട്ടിയ ഒറ്റമൂലിയത്രേ ടൂറിസം വ്യവസായം. പ്രാദേശിക പരമ്പരാഗത -കാര്‍ഷിക തൊഴിലും പരിസ്ഥിതിയും തകര്‍ത്താണ് ടൂറിസം കൊഴുക്കുന്നത്. അതിന്റെ യഥാര്‍ത്ഥഗുണഭോക്താക്കാള്‍ ഏതാനും ചിലര്‍ മാത്രമാണ്.
കേരളത്തിലെ കാര്‍ഷിക വിഭവങ്ങള്‍ക്ക് ആഗോള കരാറുകള്‍ കാരണം വിലയിടിവു വന്ന് കാര്‍ഷിക മേഖല തകര്‍ന്നപ്പോള്‍ അടുത്ത രക്ഷാമാര്‍ഗ്ഗമായി ടൂറിസത്തെ വികസന ഏജന്‍സികള്‍ പ്രതിഷ്ഠിച്ചു. അങ്ങോട്ടേയ്ക്ക് നിക്ഷേപങ്ങളും പരസ്യപ്രചരണങ്ങളും എത്തി. അതുകൊണ്ടാണ് നിര്‍മ്മാണങ്ങള്‍ നിയമം മൂലം വിലക്കിയിരുന്ന മലയോര തോട്ടം ഭൂമിയില്‍ നിയമം തിരുത്തിമാറ്റി തോന്നുംപടി മണ്ണുമാന്തി റിസോര്‍ട്ടുകള്‍ കെട്ടിപ്പൊക്കിയത്. കാര്‍ഷികമേഖലയുടെ തകര്‍ച്ച കാരണം തൊഴിലില്ലായ്മയാല്‍ നട്ടം തിരിയുന്ന മനുഷ്യര്‍ ഓട്ടോ ഡ്രൈവറായും കാപ്പിക്കച്ചവടക്കാരായും ടൂറിസ്റ്റു കേന്ദ്രങ്ങള്‍ക്കു ചുറ്റും അഭയം തേടുന്നു വെന്നു മാത്രം. നമ്മുടെ തൊഴിലില്ലായ്മയെ മുതലെടുത്ത് പ്രകൃതി നശീകരണം നടത്തി കുറച്ചു പേര്‍ മാത്രം കൊള്ള ലാഭം നേടുന്ന പുത്തന്‍ വ്യവസായമാണ് മൂന്നാം ലോക രാജ്യങ്ങളില്‍ ടൂറിസം. വേമ്പനാട്ടു കായലിലെ മാലിന്യവും വയനാട്ടിലെ വന്യ സങ്കേതങ്ങളിലെ തിക്കും തിരക്കും വരുത്തി തീര്‍ക്കുന്ന വിപത്തുകള്‍ ഇനിയും വരാനിരിക്കുന്നേയുള്ളൂ. എട്ടും പൊട്ടും തിരിയാതെ വെറും കാഴ്ചക്കാരായി മാത്രം നേരം പോക്കുന്ന ഉത്തരവാദിത്വമില്ലാത്ത ഉപഭോക്താക്കളെയാണ് ടൂറിസം വ്യവസായം നമ്മുടെ നാട്ടില്‍ പെറ്റിടുന്നത്.
10. തമ്പി : ‘ അവിടെ ഉണ്ടെന്ന് പറയപ്പെടുന്ന ക്വാറി മാഫിയ മുതലാളിമാര്‍ പാറ പൊട്ടിച്ച് തിന്നുകയല്ല ചെയ്യുന്നത് എന്നും ഓര്‍ക്കേണ്ടതുണ്ട്. ലുലു മാളും മെട്രോയുമൊക്കെ ഉണ്ടാക്കാനുള്ള പാറ ഇടപ്പള്ളി ജംഗ്ഷനീന്നല്ല പൊട്ടിച്ചേക്കുന്നത്!’
കേരളത്തില്‍ എത്ര ക്വാറികള്‍ ഇന്നുണ്ട്. അതില്‍ നിയമവിധേയമായതും നിയമവിരുദ്ധമായതും എത്രയെണ്ണം ? നിര്‍ദ്ദിഷ്ഠ ശാസ്ത്രീയ മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഇവയെല്ലാം പാറഖനനം നടത്തുന്നത്? ഇവ നിയമപരമായി അനുവദിച്ച അളവില്‍ തന്നെയാണോ പാറഖനനം ചെയ്യുന്നത്? ടണ്‍ കണക്കിനു പാറപൊട്ടിക്കുമ്പോള്‍ പൊതുഖജനാവിന് ഇവര്‍ എത്ര രൂപ കൊടുക്കുന്നു? എന്താണിവരുടെ കൊള്ള ലാഭം? ഇത്തരം ചോദ്യങ്ങള്‍ വൈശാഖന്‍ തമ്പി എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ? അതോ ലുലു മാളിനും മെട്രോക്കും വേണ്ടി കരിങ്കല്ലു വേണമെന്ന ഒറ്റക്കാരണത്താല്‍ ഈ ചോദ്യങ്ങള്‍ എല്ലാവരും ഒഴിവാക്കണോ? കിഴക്ക് പാറയും കല്ലും ഉണ്ടെന്നു വെച്ച് താലൂക്കുകള്‍ തോറും ലുലു മാളും മെട്രോയും വരുന്നതാണോ വികസനം? ഭൂവിഭവങ്ങള്‍ പരിമിതമായ കേരളത്തില്‍ ഗതാഗതത്തിലും കെട്ടിട നിര്‍മ്മാണത്തിലും കുറേക്കൂടി പരിസ്ഥിതി സൗഹാര്‍ദ്ദപരമായ സമീപനമല്ലേ ഇനിയെങ്കിലും തിരയേണ്ടത്?
മാത്രമല്ല പാരിസ്ഥിതികമായി വിലപിടിപ്പുള്ളതും ദുര്‍ലഭവുമായ വിഭവങ്ങള്‍ പണം ഉണ്ട് എന്ന ഒറ്റക്കാരണത്താല്‍ ആര്‍ക്കും എത്ര വേണമെങ്കിലും ഉപയോഗിക്കാം എന്നത് നീതിയാണോ? ഇത്തരം വിഭവങ്ങളുടെ ഉപയോഗത്തിന് കര്‍ക്കശമായ നിയന്ത്രണം വേണ്ടതില്ലേ? അതായത് അപകടം പിടച്ചതും നീതിപൂര്‍വ്വകമല്ലാത്തതും കാലഹരണപ്പെട്ടതുമായ ഉപഭോഗ വികസനത്തിന്റെ പ്രത്യാഘാതമാണ് കാലാവസ്ഥാമാറ്റവും ഉത്തരാഖണ്ഡിലും വയനാട്ടിലും വരുന്ന ദുരന്തങ്ങളും. പ്രാദേശികമായ ഇത്തരം ദുരന്തങ്ങള്‍ കേരളത്തില്‍ മാത്രമല്ല ഒന്നോടിച്ചു നോക്കിയാല്‍ ലോകമാകെ, പ്രത്യേകിച്ചും മൂന്നാം ലോക രാജ്യങ്ങളില്‍ ഏറിവരികയാണ്. ഇവിടങ്ങളില്‍ ഉദ്യോഗസ്ഥ- രാഷ്ട്രീയ അഴിമതിയും കൂടി ഒത്തു ചേരുമ്പോള്‍ അത് കൂനിന്മേല്‍ കുരുവായി മാറുന്നു.
ഉണ്ടാക്കുക , ഉപയോഗിക്കുക, വലിച്ചെറിയുക എന്ന രേഖീയ പുരോഗതിയുടെ വികസന ശൈലി മാറ്റി , പുനരുപയോഗത്തിന്റെ ചാക്രികമായ വികസന ശൈലി കൊണ്ടുവരാതെ നമുക്കു മുന്നില്‍ മറ്റുവഴിയില്ല. ആമയിഴഞ്ചാന്‍ തോട്ടില്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ ശ്വാസംമുട്ടി ഒരാളും മുങ്ങിച്ചാകാതിരിക്കണമെങ്കില്‍ എല്ലാ മനുഷ്യര്‍ക്കും നമ്മുടെ ചുറ്റുപാടിനും നീതി ഉറപ്പാക്കുന്ന വികസനം കൂടിയേ തീരൂ. അതിനു നമുക്കു വേണ്ടത് ചരിത്രബോധമുള്ള ശാസ്ത്രജ്ഞാനവും നനവുള്ള സഹജീവി സ്‌നേഹവുമാണ്.
വൈശാഖന്‍ തമ്പിയുടെ പോസ്റ്റിന്റെ ലിങ്ക്
https://www.facebook.com/share/p/8hgjSa6a6U128uiJ/?mibextid=oFDknk
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in