എന്തുകൊണ്ട് കെ ദാമോദരന്‍?

ജനാധിപത്യവിരുദ്ധമായ പാര്‍ട്ടിചട്ടക്കൂടു നിലനിലനിര്‍ത്തി തന്നെ, മുതലാളിത്തത്തിന്റേതെന്ന് അവര്‍തന്നെ വിമര്‍ശിക്കുന്ന എല്ലാ ജീര്‍ണ്ണതകളിലൂടേയും കേരളത്തിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കടന്നുപോകുമ്പോഴാണ് കെ ദാമോദരന്‍ കൂടുതല്‍ പ്രസക്തനാകുന്നത്. ഇന്ന് അദ്ദേഹത്തിന്റെ ഓര്‍മ്മദിനം… Repost

കേരളം വളരെ പ്രാധാന്യത്തോടെ സ്മരിക്കേണ്ട ഒരു ദിനമാണ് കടന്നു പോയത്. ജൂലായ് 3. എന്നാലതുണ്ടായില്ല. കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളം കണ്ട, ഒരുപക്ഷെ കേരളചരിത്രം ഇന്നോളം കണ്ട ഏറ്റവും ശ്രദ്ധേയനായ ജൈവബുദ്ധിജീവി കെ ദാമോദരന്റെ ഓര്‍മ്മദിനമാണ് ഉദ്ദേശിച്ചത്. പതിവുപോലെ കാനം രാജേന്ദ്രന്‍ ജനയുഗത്തില്‍ ഒരു കുറിപ്പെഴുതി എന്നല്ലാതെ കേരളം പോയിട്ട്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ പോലും ദാമോദരനെ സ്മരിക്കുന്നില്ല എന്നതാണ് ഖേദകരം.

തീര്‍ച്ചയായും കേരളത്തിലുടനീളം ദാമോദരന്‍ അനുസ്മരണം നടന്നു. എന്നാലത് അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളെ കേന്ദ്രീകരിച്ചായിരുന്നില്ല എന്നതാണ് തമാശ. പി എന്‍ പണിക്കരുടെ സ്മരണാര്‍ത്ഥം കേരളമാകെ ആചരിക്കുന്ന വായനാപക്ഷത്തിന്റെ ഭാഗമായി, മുകളില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മിക്കവാറും വായനശാലകളില്‍ ഈ ദിവസം ദാമോദരനെ സ്മരിക്കുകയുണ്ടായി. എന്നാല്‍ വായനശാലകള്‍ക്കു ലഭിച്ച നിര്‍ദ്ദേശം മലബാര്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനു അടിത്തറ പാകാന്‍ പ്രവര്‍ത്തിച്ച കെ ദാമോദരനെ സ്മരിക്കുക എന്നായിരുന്നു. അല്ലാതെ മലബാറില്‍ നിന്നു വിശ്വപൗരനായി മാറിയ അദ്ദേഹത്തിന്റെ ധൈഷണിക സംഭാവനകളെ സ്മരിക്കാനായിരുന്നില്ല. അത്തരമൊരു സ്മരണ ഈ ഉത്തരവ് നല്‍കിയവര്‍ക്കടക്കം ഭീഷണിയാണെന്നതാണ് യാഥാര്‍ത്ഥ്യം. അതോടൊപ്പം മറ്റൊന്നു കൂടി ഈ ഉത്തരവ് നല്‍കിയവര്‍ മറക്കുന്നു. പി എന്‍ പണിക്കരേക്കാള്‍ മുമ്പേ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപടുക്കാന്‍ പ്രവര്‍ത്തിച്ചത് ദാമോദരനായിരുന്നു. എന്നാലദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല മലബാറായിരുന്നു. പണിക്കരുടേത് തിരുവിതാംകൂറും.

എങ്കില്‍ എന്താണ് ഇന്നു ദാമോദരന്റെ പ്രസക്തി? തീര്‍ച്ചയായും ഒറ്റവാചകത്തില്‍ പറയാവുന്ന ഒന്നല്ല അത്. കേരളത്തിലെ മുഖ്യധാരാരാഷ്ട്രീയത്തോടൊപ്പം കമ്യൂണിസ്റ്റ് രാഷ്ട്രീയവും ഏറെ ജീര്‍ണ്ണിച്ച കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, അധികാരത്തിനും സമ്പത്തിനും മുന്നില്‍ പ്രത്യയശാസ്ത്രത്തിനോ ധൈഷണികതക്കോ ഒരു സ്ഥാനവുമില്ലാത്ത നേതാക്കളാല്‍ പ്രസ്ഥാനങ്ങള്‍ നിയന്ത്രിക്കപ്പെടുമ്പോള്‍, സ്വന്തമായി ചിന്താശേഷിയില്ലാതെ, നേതാവിനോ നേതാക്കള്‍ക്കോ തല പണയം വെച്ചവരുടെ കൂട്ടമായി പാര്‍ട്ടികള്‍ മാറുമ്പോള്‍ അതിനെല്ലാമുള്ള ഉത്തരം തേടാവുന്ന ആദ്യനാമം ദാമോദരന്റേതാകും. അത് കുടിലില്‍ ജനിച്ച് കൊട്ടരത്തിലെത്തുന്ന ഇന്നത്തെ നേതാക്കളില്‍ നിന്ന് വ്യത്യസ്ഥമായി കൊട്ടാരത്തില്‍ ജനിച്ച് താഴെക്കെത്തിയ ഒരാളായിരുന്നു അദ്ദേഹം എന്നതിനാലല്ല. കേരളത്തിനു അദ്ദേഹം നല്‍കിയ ധൈഷണിക സംഭാവനകളേയും പാര്‍ട്ടിക്കകത്തു നടത്തിയ ആശയസമരങ്ങളുടേയും പേരിലാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരളം വളരെ പ്രബുദ്ധമാണെന്നല്ലോ വെപ്പ്. എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? ഒരു കാലത്ത് കേരളത്തെ മാറ്റിമറിച്ച നവോത്ഥാനകാലഘട്ടത്തിനു ശേഷം എടുത്തുപറയത്തക്ക, മാതൃകയാക്കാവുന്ന ഏതെങ്കിലും രാഷ്ട്രീയനേതാവോ സാംസ്‌കാരിക നായകനോ നായികയോ നമുക്കുണ്ടോ എന്ന പരിശോധന എവിടെയാണ് നമ്മെ എത്തിക്കുക? നൂറുകണക്കിന് വാള്യങ്ങള്‍ എഴുതികൂട്ടിയ രാഷ്ട്രീയനേതാക്കള്‍ നമുക്കുണ്ടാകാം. എന്നാലവയില്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം, അതാതുകാലത്തെ രാഷ്ട്രീയ നിലപാടുകളെ സാധൂകരിക്കാനെഴുതിയതല്ലാതെ, സൈദ്ധാന്തികമോ ഫിലോസഫിക്കലോ ആയ എന്തുണ്ടെന്ന് ചോദിച്ചാല്‍ ഉത്തരമെന്തായിരിക്കും? മറുവശത്ത് പാര്‍ട്ടിയേയും നേതാക്കളേയും സ്തുതിച്ച് പട്ടും വളയും വാങ്ങാത്തവരല്ലാതെ എത്ര മൗലിക ബുദ്ധിജീവികളും എഴുത്തുകാരും നമുക്കുണ്ടായിട്ടുണ്ട്? കെ ദാമോദരനും എം ഗോവിന്ദനും കെ വേണുവും പോലെ വിരലിലെണ്ണാവുന്നര്‍ മാത്രം.

കേരള മാര്‍ക്്‌സ് എന്നായിരുന്നു ദാമോദരന്‍ അറിയപ്പെട്ടിരുന്നത്. പാര്‍ട്ടിയില്‍ അംഗമാകുന്ന ആദ്യമലയാളി. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്ത വ്യക്തി. ആദ്യത്തെ വിദ്യാര്‍ത്ഥി നേതാവ്. പതിനെട്ടാം വയസ്സില്‍ നെഹ്‌റുവിന്റെ ജീവചരിത്രമെഴുതി, പതിനെട്ടു വയസ്സാകാത്തതിനാല്‍ ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന സ്വാതന്ത്ര്യസമരപോരാളി, തോപ്പില്‍ ഭാസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിക്കുമുന്നെ പാര്‍ട്ടിക്കായി പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ്… ഇതൊക്കെയാണല്ലോ ആദ്യകാല ദാമോദരനെ കുറിച്ച് പറയാറ്. വീടുമായുള്ള ബന്ധം ഏറെക്കുറെ അവസാനിച്ചശേഷം, കാശി വിദ്യാപീഠത്തില്‍ പോയി പഠിക്കുകയും പുരോഗമസാഹിത്യപ്രസ്ഥാനത്തിന്റെ കുലപതി പ്രേചന്ദിനെ പരിചയപ്പെടുകയും ചെയ്തതാണ് സത്യത്തില്‍ ദാമോദരന്റെ ജീവിതം മാറ്റി മറിച്ചത്. തിരിച്ചെത്തിയ അദ്ദേഹം കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടേയും പിന്നീട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും പ്രധാന നേതാക്കളിലൊരാളായി മാറുകയായിരുന്നു. എന്നാല്‍ മരണം വരെ അദ്ദേഹം ഇരുന്നുവെന്നു പറയാവുന്ന ഏക അധികാര കസേര കുറച്ചുകാലത്തെ രാജ്യസഭാംഗത്വം മാത്രമായിരുന്നു എന്നതുതന്നെ എന്തുകൊണ്ട് ദാമോദരന്‍ എന്ന ചോദ്യത്തിനു മറുപടിയാണ്.

മൗലികമായി ചിന്തിക്കുന്ന ഒരാള്‍ക്കും നിലനിന്നുപോകാവുന്ന ഒന്നല്ല കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സ്റ്റാലിനിസ്റ്റ് ചട്ടക്കൂട് എന്നതാണ് പാര്‍ട്ടിയും അതിന്റെ തുടര്‍ച്ചയായി കേരളവും ഇന്ന് ദാമോദരനു അര്‍ഹമായ പ്രാധാന്യം നല്‍കാത്തത് എന്നതുതന്നെയാണ് അടിസ്ഥാനകാരണം. പിളര്‍പ്പിനുശേഷം സിപിഐയില്‍ തുടര്‍ന്നതിനാല്‍ മാത്രമാണ് ഇപ്പോഴും സംസ്ഥാനസെക്രട്ടറി അദ്ദേഹത്തെ ഒരു ദിവസമെങ്കിലും സ്മരിക്കുന്നത്. അല്ലെങ്കില്‍ അതുമുണ്ടാകില്ല. തുടക്കം മുതലെ തെറ്റെന്നു തോന്നുന്ന പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ അദ്ദേഹം പോരാടിയിരുന്നു. ചിലപ്പോഴൊക്കെ അതിശക്തമായ സംഘടനാ ചട്ടക്കൂടുകളെ ഭേദിച്ച് അവ പുറത്തുവരുകയും ചെയ്തിരുന്നു. ക്വിറ്റ് ഇന്ത്യാസമരത്തില്‍ പാര്‍ട്ടി എടുത്ത നിലപാട് ശരിയല്ല എന്നു വാദിച്ചതുമുതല്‍ ഈ പോരാട്ടം ആരംഭിക്കുന്നുണ്ട്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍, ഈ സ്വാതന്ത്ര്യം നുണയാണെന്നു വാദിച്ച് സായുധപോരാട്ടം നടത്താനുള്ള ആഹ്വാനത്തോടും അദ്ദേഹം യോജിച്ചില്ല. റഷ്യയില്‍ നിന്ന് സ്റ്റാലിന്‍ അയക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളേയും അദ്ദേഹം അന്നുതന്നെ എതിര്‍ത്തിരുന്നു.

പാര്‍ട്ടിചട്ടക്കൂടുമായുള്ള ദാമോദരന്റെ സംഘര്‍ഷത്തിന്റെ ഉദാഹരണമായി ചൂണ്ടികാണിക്കുന്ന ഏറെ പ്രശ്‌സ്തമായ സംഭവമാണല്ലോ ആദ്യ ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് കൊല്ലം ചന്ദനത്തോപ്പില്‍ കശുവണ്ടി തൊഴിലാളികള്‍ക്കുനേരെ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍. തെറ്റായിരുന്നു എന്നു ബോധ്യമായിട്ടും അതിനെ ന്യായീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതും ആ ഉത്തരവാദിത്തം വെടിവെപ്പിനെ ഏറ്റവും എതിര്‍ത്ത ദാമോദരനെ തന്നെ ഏല്‍പ്പിച്ചതും അദ്ദേഹമതിനു നിര്‍ബന്ധിതനായി ന്യായീകരിച്ചത് പ്രസംഗിച്ചതും അതിനുശേഷം വീട്ടിലെത്തിയപ്പോള്‍ അതോര്‍ത്ത് ഓക്കാനും വന്നതും വഴക്കടിച്ചതുമൊക്കെ താരിഖ് അലിയുമായി നടത്തിയ പ്രസിദ്ധമായ സംഭാഷണത്തില്‍ അദ്ദേഹം പറയുന്നുണ്ടല്ലോ. പലപ്പോഴും അവസാനം പിന്മാറേണ്ടിവന്നിരുന്നെങ്കിലും ഈ പോരാട്ടം അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരുന്നു. അതാകട്ടെ കേരളത്തിലോ ഇന്ത്യയിലോ ഒതുങ്ങിയതുമില്ല. റഷ്യയില്‍ പോയി ക്രൂഷ്‌ചേവിനെ പോലും നേരിട്ട് വിമര്‍ശിച്ച വ്യക്തിയാണദ്ദേഹം. എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം തടയുകയും അവരെ തുറങ്കിലടക്കുകയും ചെയ്ത നടപടിയെയായിരുന്നു രൂക്ഷ മായി അദ്ദേഹം വിമര്‍ശിച്ചത്. കൃത്യമായി മറുപടി പറയാനാവാതെ ക്രൂഷ്‌ചേവ് എണീറ്റുപോകുകയായിരുന്നു. സോവിയറ്റ് യൂണിയന്‍ ചെക്‌സ്ലോവാക്യയെ അക്രമിച്ചത് അംഗീകരിക്കാതെ ലഘുലേഖ പ്രസിദ്ധീകരിച്ച ദാമോദരനെതിരെ പാര്‍ട്ടി നടപടി എടുത്ത ചരിത്രവുമുണ്ടല്ലോ.

റഷ്യയില്‍ മാത്രമല്ല, ചൈനയില്‍ പോയി ചൗ ഇന്‍ ലായിയെ വിമര്‍ശിക്കാനും ദാമോദരന്‍ ധൈര്യം കാട്ടി. അതേസമയം വിയറ്റ്‌നാമിലെ പാര്‍ട്ടിനേതാവ് ഹോചിമീന്‍ അദ്ദേഹത്തിനു പ്രിയങ്കരനായിരുന്നു. വിയറ്റ്‌നാമില്‍ പാര്‍ട്ടി അധികാരത്തിലേറിയിട്ടും എന്തുകൊണ്ട് ഇന്ത്യയില്‍ അതു സംഭവിക്കുന്നില്ല എന്നതിനെകുറിച്ചുള്ള തന്റെ ചോദ്യത്തിനുള്ള ഹോചിമീന്റെ മറുപടി ദാമോദര്‍ ഉദ്ധരിക്കുന്നത് ഏറെ പ്രസിദ്ധമാണല്ലോ. ‘അവിടെ നിങ്ങള്‍ക്ക് ഗാന്ധിയുണ്ടായിരുന്നതിനാല്‍.. ഇവിടെ ഞാനാണ് ഗാന്ധി’. താനും ഗാന്ധിയും സ്വന്തം നാട്ടിലെ സാമൂഹ്യ സാഹചര്യങ്ങളെ കൃത്യമായി വിശകലനം ചെയ്തവരാണെന്നും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അതിനായില്ല എന്നുതന്നെയാണ് ഹോചിമീന്‍ ഉദ്ദേശിച്ചത് എന്നു വ്യക്തം. ഇന്നും പാര്‍ട്ടിക്കു തിരുത്താന്‍ കഴിയാത്ത തെറ്റായി അതു തുടരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഉദാഹരണം ഇന്ത്യയിലെ ജാതിവ്യവസ്ഥ തന്നെ. എന്തിനേറെ, അക്കാര്യത്തില്‍ ദാമോദരന്‍ പോലും കാര്യമായി പറഞ്ഞിട്ടില്ലല്ലോ.

നിരന്തരമായി കലഹിക്കുന്ന ഒരാളെ പാര്‍ട്ടിക്ക് ആവശ്യമില്ലാത്തതിനാലാകും വലിയ ഉത്തരവാദിത്തങ്ങളൊന്നും ദാമോദരനെ ഏല്‍പ്പിച്ചിരുന്നില്ല. അതുകൊണ്ടു കൂടിയാകണം ഉജ്ജ്വലമായ നിരവധി രചനകള്‍ നമുക്ക് ലഭിച്ചത്. കമ്യൂണിസ്റ്റുകാര്‍ പൊതുവില്‍ ഒഴിവാക്കുന്ന ഇന്ത്യന്‍ ഫിലോസഫിയെ കുറിച്ചുള്ള ഭാരതീയചിന്ത, ഇന്ത്യന്‍ ഫിലോസഫി പോലുള്ള ഗ്രന്ഥങ്ങള്‍ മാത്രം മതി ദാമോദരനെ അനശ്വരനാക്കാന്‍. കൂടാതെ മനുഷ്യന്‍, കമ്മ്യൂണിസം എന്ത് എന്തിന്?, കമ്മ്യൂണിസവും ക്രിസ്തുമതവും, മാര്‍ക്‌സിസം (പത്തു ഭാഗങ്ങള്‍), കേരളത്തിലെ സ്വാതന്ത്ര്യസമരം, ധനശാസ്ത്ര ത്വത്തങ്ങള്‍, എന്താണ് സാഹിത്യം, ചൈനയിലെ വിപ്ലവം, പുരോഗമന സാഹിത്യം എന്തിന് ?, കേരള ചരിത്രം, സാഹിത്യ നിരൂപണം, ഇന്ത്യയും സോഷ്യലിസവും, ഇന്ത്യയുടെ സാഹിത്യാഭിവൃദ്ധി, ഇന്നത്തെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി , സോഷ്യലിസവും കമ്മ്യൂണിസവും, ഭാരതീയ ദര്‍ശനത്തിലെ വ്യക്തിയും സമൂഹവും, മാര്‍ക്‌സും ഹെഗലും ശ്രീശങ്കരനും, മാര്‍ക്‌സ് ഇന്ത്യയിലേക്ക് തുടങ്ങി നാല്‍പ്പതില്‍പരം കനപ്പെട്ട കൃതികള്‍. ധാര്‍മ്മികമൂല്യങ്ങള്‍ എന്ന കൃതി പൊതുവില്‍ കമ്യൂണിസ്റ്റുകാര്‍ പറയാത്ത, എന്നാല്‍ അവര്‍ക്കുണ്ടാകേണ്ട ധാര്‍മ്മിക മൂല്യങ്ങളെ കുറിച്ചാണെന്നു പ്രത്യേകം പറയണം. പ്രത്യേകിച്ച് ഇന്ന്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിശാലമായി പറഞ്ഞാല്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനകത്തെ ജനാധിപത്യവല്‍ക്കരണത്തിനായുള്ള പോരാട്ടമായിരുന്നു ദാമോദരന്റെ രാഷ്ട്രീയജീവിതം. ലോകമാകെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കകത്തും കമ്യൂണിസ്റ്റ് രാജ്യങ്ങളിലും നിലനിന്നിരുന്നത് ജനാധിപത്യവിരുദ്ധമായ ചട്ടക്കൂടാണെന്ന് അദ്ദേഹം അന്നേ തിരിച്ചറിഞ്ഞിരുന്നു. അന്ന് അതത്ര പ്രകടമായിരുന്നു എന്നു പറയാനാകില്ലെങ്കിലും ക്രാന്തദര്‍ശിയായ അദ്ദേഹത്തിനത് കഴിഞ്ഞു. അതിന്റെ പേരില്‍ പാര്‍ട്ടി വിട്ട് പോരാനൊന്നും തയ്യാറായില്ലെങ്കിലും എഴുത്തിലേക്ക് കൂടുതല്‍ ശ്രദ്ധിക്കുകയാണ് അദ്ദേഹം ചെയ്തത്. മാത്രമല്ല, ഇനിയും തനിക്ക് നുണപറയാനാകില്ല എന്നും അവസാനകാലത്ത് അദ്ദേഹം പറഞ്ഞിരുന്നു. ഐ സി എച്ച് ആര്‍ ഫെലോഷിപ്പിന്റെ ഭാഗമായി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം രചിക്കുന്നതിനിടയിലായിരുന്നു 64-ാം വയസ്സില്‍ അദ്ദേഹത്തിന്റെ അന്ത്യം. അദ്ദേഹം പ്രതീക്ഷിച്ചതു തന്നെയാണ് പിന്നീട് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ നടന്നത്. ചൈനയിലും സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലുമെല്ലാം നടന്നത് ജനാധിപത്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങളായിരുന്നല്ലോ. അവക്കുമുന്നില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഭരണത്തിന്റേയും എല്ലാ ഉരുക്കുകോട്ടകളും തകരുന്നതും ലോകം കണ്ടു. ഒപ്പം പലരാജ്യങ്ങളും കമ്യൂണിസ്റ്റ് രാഷ്ട്രീയചട്ടക്കൂടിനകത്ത് മുതലാളിത്ത പാത സ്വീകരിക്കുകയും ചെയ്തു.

ജനാധിപത്യവിരുദ്ധമായ പാര്‍ട്ടിചട്ടക്കൂടു നിലനിലനിര്‍്ത്തി തന്നെ, മുതലാളിത്തത്തിന്റേതെന്ന് അവര്‍തന്നെ വിമര്‍ശിക്കുന്ന എല്ലാ ജീര്‍ണ്ണതകളിലൂടേയും ഇന്ന് കേരളത്തിലെ മുഖ്യധാരാ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ കടന്നുപോകുമ്പോഴാണ് കെ ദാമോദരന്‍ കൂടുതല്‍ പ്രസക്തനാകുന്നത്. തീര്‍ച്ചയായും കാനം രാജേന്ദ്രനെപോലുള്ളവരും ദാമോദരനെ സ്മരിക്കുമെങ്കിലും ഇക്കാര്യം പറയാന്‍ മടിക്കുമല്ലോ. കേരളത്തിലെ മിക്കവാറും എഴുത്തുകാരുടേയും ബുദ്ധിജീവികളുടേയും അവസ്ഥയും വ്യത്യസ്ഥമല്ല. അവരെല്ലാം കുഴലൂത്തുകാരാകുന്ന കാഴ്ചയാണ് കാണുന്നത്. അതേസമയം ഇന്നു ദാമോദരന്‍ ഉണ്ടായിരുന്നു എങ്കില്‍, ആഗോളതലത്തിലേയും ഇന്ത്യയിലേയും കേരളത്തിലേയുമൊക്കെ സാഹചര്യത്തില്‍ എന്തു നിലപാടായിരിക്കും സ്വീകരിക്കുക എന്നുറപ്പിച്ചു പറയാനാകില്ല. അന്നു പാര്‍ട്ടിക്കകത്തു മാത്രമാണ് പോരാടിയതെങ്കില്‍ ഇന്ന് അദ്ദേഹം പുറത്തും പോരാടുമായിരുന്നു എന്നുതന്നെ കരുതുന്നതായിരിക്കും ശരി. കാരണം ‘എന്റെ ആരാധ്യപുരുഷന്‍ സ്റ്റാലിനായിരുന്നു. ആ വിഗ്രഹം തകര്‍ന്നു തരിപ്പണമായി. തകര്‍ന്ന വിഗഹത്തിന്റെ സ്ഥാനത്ത് , പുതിയൊരു വിഗ്രഹം – അത് തകരാത്തതായാലും പ്രതിഷ്ഠിക്കാന്‍ ഞാനിഷ്ടപ്പെടുന്നില്ല. കാരണം ഞാനിപ്പോള്‍ വിഗ്രഹാരാധനയിലേ വിശ്വസിക്കുന്നില്ല’ എന്ന് ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ അദ്ദേഹം എഴുതിയിട്ടുണ്ടല്ലോ..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply