മാപ്പ്, അരുണാറോയി, ഞങ്ങള്‍ പ്രബുദ്ധ മലയാളികളാണ്
വിവരാവകാശത്തെ കേവലം ചില രേഖകള്‍ കൈമാറുന്ന പ്രക്രിയ മാത്രമായാണ് നാം ധരിച്ചു വെച്ചിട്ടുള്ളത്. ഒരു അവകാശം ഉണ്ടായതു കൊണ്ടായില്ല. നിരന്തര ഉപയോഗം കൊണ്ടുമാത്രമേ അത് കാര്യക്ഷമമാവുകയുള്ളു. അത് ഉപയോഗിക്കാനുള്ള അറിവും വേണം. അത് ആവശ്യക്കാരനിലെത്തണം. ഉപയോഗിക്കാന്‍ ധൈര്യവും വേണം. സമര്‍ത്ഥമായ ഉപയോഗവും പ്രധാന ഘടകമാണ
നിലനില്ക്കുന്ന എല്ലാ നിയമങ്ങളേയും ഭരണനിര്‍വ്വഹണ പ്രക്രിയയേയും ജനകീയ ഇടപെടല്‍ കൊണ്ട് സക്രിയമാക്കാനുള്ള ഒരു പാട് സാദ്ധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് അറിയാനുള്ള അവകാശം അംഗീകരിക്കപ്പെട്ടത്. നമ്മുടെ ഭരണ നിര്‍വ്വഹണ ഏജന്‍സികള്‍ അവര്‍ക്കിഷ്ടമുള്ളത് ചെയ്യാന്‍ അധികാരമുള്ളവരല്ല. അവരുടെ ഓരോ പ്രവര്‍ത്തനങ്ങളും ജനങ്ങളോട് അക്കൗണ്ടബിള്‍ ആണ്. അതുമായി ബന്ധപ്പെട്ട് കാര്യകാരണമുള്ള മറുപടി, ആവശ്യപ്പെടുന്നവര്‍ക്കു രേഖാമൂലം നല്‌കേണ്ടവരുമാണ്. പക്ഷെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പ്രാപ്തിയുള്ളവരുണ്ടാവണം; ജനങ്ങള്‍ ഒറ്റയ്ക്കും കൂട്ടായും…
വിവരാവകാശത്തെ കേവലം ചില രേഖകള്‍ കൈമാറുന്ന പ്രക്രിയ മാത്രമായാണ് നാം ധരിച്ചു വെച്ചിട്ടുള്ളത്. ഒരു അവകാശം ഉണ്ടായതു കൊണ്ടായില്ല. നിരന്തര ഉപയോഗം കൊണ്ടുമാത്രമേ അത് കാര്യക്ഷമമാവുകയുള്ളു. അത് ഉപയോഗിക്കാനുള്ള അറിവും വേണം. അത് ആവശ്യക്കാരനിലെത്തണം. ഉപയോഗിക്കാന്‍ ധൈര്യവും വേണം. സമര്‍ത്ഥമായ ഉപയോഗവും പ്രധാന ഘടകമാണ്. നിര്‍ഭാഗ്യവശാല്‍ ജനങ്ങളെ എന്നും ആശ്രിതവത്സലരാക്കി നിലനിര്‍ത്തുകയാണ് മുഖ്യധാരാരാഷ്ട്രീയ താല്പര്യം, അവരോടൊപ്പം നില്ക്കുന്ന ബ്യൂറോക്രസിയും അതുതന്നെ ആഗ്രഹിക്കുന്നു.
നമ്മുടെ ആക്റ്റിവിസ്റ്റുകള്‍, നവസാമൂഹ്യ പ്രവര്‍ത്തകര്‍ പരാതികള്‍ തെരുവിലിറങ്ങി പറയുന്നത് ദിവസവും കേള്‍ക്കുന്നുണ്ട്. എന്നാല്‍ ക്വാറി വിരുദ്ധ സമരത്തിലും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തിലും വിവരാവകാശ രേഖകളുടെ സഹായത്താല്‍ ഉണ്ടായ ചില സാമൂഹ്യ ഇടപെടലുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ജനകീയ പോരാട്ടങ്ങളില്‍ കാര്യമായ പ്രാധാന്യം വിവരാവകാശത്തിനു കേരളത്തില്‍ കിട്ടിയിട്ടേയില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
കേരളത്തിലെ സിനിമാരംഗത്ത് രൂപപ്പെട്ട ശ്രദ്ധേയമായ വനിതാ കൂട്ടായ്മയാണ് വിമണ്‍ കളക്റ്റിവ് ഇന്‍ സിനിമ. അവര്‍ അവരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് അടുത്ത കാലത്ത് പൊതുവേദിയില്‍ എത്തി. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മറ്റി റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ വനിതാ കമ്മീഷനും മന്ത്രിയും അത് പറ്റില്ലെന്നു പറയുന്നു. ഈ റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്ന് ഒരു നിയമനിര്‍ദ്ദേശവുമില്ല. നിയമ വിലക്കില്ലാത്ത ഒരു റിപ്പോര്‍ട്ട് പുറത്തു വിടില്ലെന്നു പറയാന്‍ വനിതാ കമ്മീഷനും മന്ത്രിക്കും അധികാരമുണ്ടോ?
അനുപമ എന്ന സ്ത്രീയുടെ കുഞ്ഞിനെ സര്‍ക്കാര്‍ അറിവോടെ തട്ടിക്കൊണ്ടുപോയി. കോടതി ഇടപെട്ടപ്പോള്‍ കുട്ടിയെ തിരികെയെത്തിച്ചു. ആ കുറ്റകൃത്യത്തിമേല്‍ ഒരു കേസ്സ് പോലും ഉണ്ടാവാത്തതെന്ത്? സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നടന്ന ഒരു കുറ്റകൃത്യത്തെക്കുറിച്ച് നല്‍കിയ പരാതിയിലെ തുടര്‍നടപടികള്‍ അന്വേഷിക്കാന്‍ അവര്‍ക്കും ആയില്ല. ഔദ്യോഗിക സംവിധാനങ്ങളുടെ വീഴ്ചകളില്‍ അതിജീവിതങ്ങള്‍ അവരുടെ അവകാശ സംരക്ഷണത്തിനു സാധ്യമായ വഴികളുപയോഗിച്ച് നേരിട്ട് പോരാടുകയല്ലേ വേണ്ടത്?
ജനങ്ങളെ ബാധിക്കുന്ന ഏതൊരു പദ്ധതിയുടേയും വിവരങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കേണ്ടതാണെന്നു വിവരാവകാശ നിയമം പറയുന്നു. എന്നാല്‍ കേരള ചരിത്രത്തില്‍ നടക്കാന്‍ പോകുന്ന ഏറ്റവും വലിയ നിക്ഷേപമായ കെ റയില്‍ പദ്ധതിയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. രാജ്യത്ത് നിലനില്ക്കുന്ന ഒരു നിയമത്തെ അപഹാസ്യമാക്കിക്കൊണ്ട് ഭരണഘടനയെ, ജനാധിപത്യത്തെ അവഹേളിച്ച് ഭരണാധികാരി പറയുന്നത് ഏറ്റുപാടുകയാണ് ന്യായീകരണത്തൊഴിലാളികളായ സൈബര്‍ പോരാളികള്‍: പുറത്തുവിടാന്‍ പാടില്ലാത്തതാണത്രേ പ്രോജക്ട് രേഖകള്‍. ഈ നിഷേധാത്മകതക്ക് നിയമപരമായ കുരുക്കുകളിടാന്‍ പറ്റേണ്ടതായിരുന്നു നാം ആക്റ്റിവിസ്റ്റുകള്‍ക്ക്. ജനാധിപത്യത്തെ, ഭരണനിര്‍വ്വഹണത്തെ ഉത്തരവാദിത്തമുള്ളതാക്കാന്‍ കഴിയുന്ന അറിയാനുള്ള അവകാശത്തെ അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളിലും അവകാശികളിലും എത്തിക്കാന്‍ കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്?
ഭരണ സംവിധാനങ്ങള്‍ നുണയുടെ കൂമ്പാരങ്ങളുയര്‍ത്തും. അതിനെപ്പറ്റി ചോദിക്കാന്‍ അവകാശമുള്ളപ്പോഴും ചോദിക്കാന്‍ നാം മലയാളികള്‍ പ്രാപ്തിയില്ലാത്തവരായിപ്പോയതെങ്ങനെയാണ്? തിരഞ്ഞെടുപ്പ് കാലത്തെ മാധ്യമ ഔദാര്യത്തില്‍ മാത്രം കിട്ടുന്ന കുറഞ്ഞ ചില ദിവസങ്ങളായിരിക്കുന്നു ജനകീയ ഭരണത്തിലെ പൗര പങ്കാളിത്തം. ചില സംവാദാവസരങ്ങള്‍ മാത്രം. ഭരണത്തില്‍ മുഖ്യ പങ്കാളിത്തം വഹിക്കേണ്ട ജനങ്ങള്‍ വെറും കാണികളായി മാറ്റപ്പെട്ടിരിക്കുന്ന ഒരവസ്ഥയില്‍നിന്നു ജനാധിപത്യത്തെ പൗരന് ഇറങ്ങിക്കളിക്കാനുള്ള ഒരിടമാക്കിയത് അറിയാനുള്ള അവകാശമാണ്. ഇതോടെ പ്രാദേശിക ഭരണകൂടം മുതല്‍ ഉന്നതപദവികള്‍ വരെ ചോദ്യം ചെയ്യപ്പെടാവുന്നതായി.
നിയമ നിര്‍മാണത്തോടൊപ്പം അതിന്റെ ഉപയോഗത്തെ ജനകീയമാക്കാനുള്ള നിയമപരമായ ബാദ്ധ്യത കൂടി പറഞ്ഞുവെച്ചിട്ടുണ്ട്. എന്നിട്ടും അറിയാനുള്ള അവകാശം വന്നു 16 വഷത്തിനു ശേഷമാണ് അതിന്റ പ്രവര്‍ത്തന റിപ്പോര്‍ട്ട് നമ്മുടെ നിയമസഭ ആവശ്യപ്പെടുന്നത് തന്നെ. അതും നിരന്തരമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മാത്രം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ 5 ദശകങ്ങളായി ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളുടെ മര്‍മ്മങ്ങള്‍ നോക്കി അതിസമര്‍ത്ഥമായി ഇടപെടുന്ന ഒരു സന്നദ്ധ പ്രവര്‍ത്തകയാണ് അരുണാറോയി. രാജ്യം കണ്ട എല്ലാ നിയമങ്ങള്‍ക്കും മേലെ overriding(അതിപ്രഭാവം) എന്നൊരു വാക്ക് വളരെ ബോധപൂര്‍വ്വം എഴുതിച്ചേര്‍ത്തുകൊണ്ട് ജനങ്ങളെ അവരുടെ പ്രസ്ഥാനം കൃത്യമായി അധികാരികളാക്കി. ഒപ്പം തന്നെ ദുര്‍ബ്ബല വിഭാഗത്തിന്റെ ദാരിരിദ്യ നിര്‍മാര്‍ജ്ജനത്തിന്ന് കൊണ്ടുവന്ന തൊഴിലുറപ്പു പദ്ധതിയും.
ജനകീയ ഇടപെടലുകളിലൂടെ നിയമനിര്‍മാണം നടത്താനുള്ള വമ്പന്‍ പരീക്ഷണം കൂടി അവര്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചു. അവര്‍ നല്കിയ നിയമ പരിരക്ഷയും പോരാട്ടത്തിന്റെ നേട്ടങ്ങളും ഇന്ത്യയിലെ അവശേഷിക്കുന്ന ഇടതു തുരുത്തായ കേരളത്തില്‍ ഇനിയും എത്തിയിട്ടില്ല, കഷ്ടം!
ഒരു വര്‍ഷം 80 ലക്ഷത്തിലേറെപ്പേര്‍ ഉപയോഗിച്ചു വരുന്ന, ഇതിനിടയില്‍ 90 പേരുടെ ജീവന്‍ ബലി കൊടുക്കേണ്ടി വന്ന ഒരു അവകാശത്തെ ഇനിയും ഫലപ്രദമായി ഉപയോഗിക്കാന്‍ അറിയാത്തവരാണ് നമ്മള്‍ മലയാളികള്‍. ഉത്തരേന്ത്യയില്‍ റേഷന്‍ സാധനങ്ങള്‍ കിട്ടാതെ വരുമ്പോള്‍ ചോദ്യം ചെയ്യാന്‍ ഗ്രാമീണ സ്ത്രീകള്‍ പഠിക്കുമ്പോള്‍, ഞങ്ങള്‍ ഇടതു ജനാധിപത്യ ഭരണകാലത്തും മന്ത്രി മന്ദിരങ്ങളില്‍ വിനീത വിധേയരായി തിരുമുഖം പാര്‍ക്കാനായി ശുപാര്‍ശക്കത്തിനായി ഓടുകയാണ്.
മാപ്പ്, അരുണാറോയി, ഞങ്ങള്‍ വെറും ഇന്ത്യാക്കാരല്ലല്ലോ, പ്രബുദ്ധ മലയാളികള്‍!
(കടപ്പാട് – പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in