തത്വചിന്തകര്‍ ജീവിതത്തെ വ്യഖ്യാനിച്ചിട്ടേയുള്ളു, കൊറോണ അതിനെ മാറ്റിമറിക്കുകയാണ്

ഇതൊരു യുദ്ധമാണെന്ന ഔദ്യോഗിക വ്യവഹാരം അംഗീകരിച്ചാല്‍ തന്നെ ഭൂമിയെ ആവര്‍ത്തിച്ച് ഭസ്മമാക്കാന്‍ പോന്നത്രയും ആണവായുധങ്ങളും മറ്റു നശീകരണായുധങ്ങളും ശേഖരിച്ചു വെച്ചിട്ടുള്ള രാജ്യങ്ങളില്‍ ആവശ്യത്തിനു വേണ്ട വെന്റിലേറ്ററുകളും ആശുപത്രികളും കിടക്കകളും മരുന്നും ഇല്ലെന്ന വിരോധാഭാസം റെക്കോഡ് ചെയ്യപ്പെടണം. ചക്രവര്‍ത്തിമാരുടെ ശിലാഫലകങ്ങള്‍ പോല. വിഡ്ഢിയായ ഒരു ജീവജാതി കെട്ടിപ്പടുത്ത. തലതിരിഞ്ഞ നാഗരികതയെ പറ്റി വരും തലമുറകള്‍ക്ക് പഠിക്കാന്‍ അതുപകരിക്കും. മനുഷ്യന് പിഴച്ചതെവിടെയാണ്? ശരീരത്തിന്റെ കേവലമായ അസ്തിത്വം എന്ന ജന്തുജീവിതത്തിന്റെ പ്രാഥമിക പടുതിയിലേക്ക് എത്ര പെട്ടന്നാണ് നാം എടുത്തെറിയപ്പെട്ടത്. പൗരസമൂഹത്തിനുമേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള രാഷ്ട്രീയാധികാരത്തിന്റെ അമിതാധികാരപ്രയോഗമായി ഭയത്തിന്റെ ഉല്‍പ്പാദനത്തെ ചുരുക്കി കാണേണ്ടതില്ല, അങ്ങനെ ഒരു തലം അതിന് ഉണ്ടെന്നു സമ്മതിച്ചാല്‍ പോലും. ഭൂമിയില്‍ മനുഷ്യവാഴ്വിന്റെ അടിസ്ഥാന പ്രമാണങ്ങളെ കൊവിഡ് വൈറസ് അസ്ഥിരപ്പെടുത്തുന്നുണ്ട്. എലിപ്പത്തായത്തിലകപ്പെട്ട എലിയുടെ നിസ്സഹായാവസ്ഥക്ക് ഇപ്പോഴത്തെ മനുഷ്യാവസ്ഥയുമായി ചാര്‍ച്ചയുണ്ട്. എലിയുടെ കണ്ണുകളിലെ തിളങ്ങുന്ന ദൈന്യത ! വേട്ടക്കാരന്റെ മുന്നില്‍ പെട്ട ഇരയുടെ ഭയാക്രാന്തത. പരിണാമത്തിന്റെ ഏറ്റവും താഴ്ന്ന പടിയിലെ, അദൃശ്യമായ ഒരു അവക്ഷിപ്തമാണ് ഇവിടെ വേട്ടക്കിറങ്ങിയിരിക്കുന്നത്. പരിണാമ ചങ്ങലയിലെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഒരു ജീവജാതിയാണ് ഇവിടെ വേട്ടയാടപ്പെടുന്നത്. ലളിതമായ ഒരു തിരിച്ചിടല്‍ മാത്രം. സ്വപ്നസമാനങ്ങളായ മാളുകളും തിയറ്ററുകളും ഉദ്യാനങ്ങളും നഗരചത്വരങ്ങളും തെരുവീഥികളും ടെക്നോ പാര്‍ക്കുകളും ഹോളിവുഡും ബോളിവുഡും തീവണ്ടിയും വിമാനങ്ങളും കപ്പലുകളും ഉപേക്ഷിച്ച്, പ്രാചീനഭയത്തില്‍ നെട്ടോട്ടമോടുന്ന, സൃഷ്ടികളുടെ കൂട്ടത്തില്‍ കിരീടധാരിയായ ഈ ജീവി ഗുഹകളിലേക്ക് /മാളങ്ങളിലേക്ക് പിന്‍വാങ്ങിയിരിക്കുകയാണ്. ഘര്‍ വാപസി. അതോ പണിക്കുറ്റമുള്ള മനുഷ്യന്‍ എന്ന പ്രോജക്ടിനെ പടച്ചവന്‍ തന്നെ മടക്കിയെടുക്കുകയാണോ? മാര്‍ക്കറ്റിലിറങ്ങിയ ശേഷം മാന്യുഫാക്ച്ചറിങ്ങ് ഡിഫെക്ട് കണ്ടെത്തിയ ഒരു ബാച്ചിലെ ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ കമ്പനി പിന്‍വലിക്കുന്നതുപോലെ – ഡോ കെ ഗോപിനാഥന്‍ എഴുതുന്നു.

വര്‍ഷത്തില്‍ ശരാശരി മൂന്നാഴ്ചയില്‍ കൂടുതല്‍ ഹര്‍ത്താലില്‍ ഭയപ്പെടുത്തി കേരളീയ ജനജീവിതം സ്തംഭിപ്പിക്കുന്നതിലും വീടുകളില്‍ തളച്ചിടപ്പെടുന്നതിലും ശിക്ഷണം ചെയ്യപ്പെട്ട നമുക്ക് ഈ അടച്ചുപൂട്ടലില്‍ പരാതിപ്പെടാനവകാശമില്ല. ഈ വര്‍ഷം നാമത് മൊത്തത്തില്‍ കൊറോണക്ക് സമര്‍പ്പിക്കുന്നു എന്ന് കരുതിയാല്‍ മതി. തന്നെയുമല്ല, ഒരു ജനതയെ മുഴുവന്‍ ഭയചകിതരാക്കി, ലോക് ഡൗണ്‍ ചെയ്യുന്നതില്‍ കേരളമാണ് ലോകത്തിന് മാതൃകയെന്ന് അഭിമാനിക്കുകയുമാകാം. മറ്റു പലതിലുമെന്നപോലെ. ആരുടെ കുസൃതിയാണെങ്കിലും പായിപ്പാട്ട് ഓപ്പറേഷനാണ് മുഖ്യധാരാ സമൂഹത്തിന്റേയും ഭരണചക്രത്തിന്റേയും ശ്രദ്ധാകേന്ദ്രത്തിലേക്ക് നമ്മുടെ അതിഥി തൊഴിലാളികളെ എത്തിച്ചത്. അവര്‍ എങ്ങനെ ജീവിക്കുന്നു, അവരുടെ ആരോഗ്യം, ഭക്ഷണം എന്നതൊക്കെ നമ്മുടെ ഉത്കണ്ഠകളായി. അവര്‍ക്ക് അസുഖം വരാതിരിക്കേണ്ടത് ഇപ്പോള്‍ (അതെ, ഇപ്പോള്‍ മാത്രം) നമ്മുടെ ആവശ്യമായി മാറി. മുമ്പ്, കൊറോണക്ക് മുമ്പ് അവരെങ്ങിനെ ജീവിച്ചിരുന്നു എന്നത് നമ്മുടെ പരിഗണനയായിരുന്നില്ല. കൊറോണ, അതിനുമുമ്പും ശേഷവും എന്ന രീതിയില്‍ ലോകത്തെ പകുത്ത് നിര്‍ത്തിയിരിക്കുന്നു. മനുഷ്യന്‍ ഇക്കാലയളവില്‍ നേരിട്ട ഏതു പ്രതിസന്ധിയും ഉയര്‍ത്തിയതിനേക്കാള്‍ മൗലികവും ഗൗരവതരവുമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട് കൊവിഡ് 19 എന്നതില്‍ സംശയമില്ല

വിശേഷിച്ചും ആധുനികതയുടെ ആരംഭം തൊട്ടെങ്കിലും വഴിതെറ്റാന്‍ തുടങ്ങിയ ഒരു സാംസ്‌കാരിക പരിണാമപാതയില്‍ തെളിയുന്ന, അപായ സൂചനയുടെ റെഡ് ലൈറ്റാണോ ഈ മഹാമാരിയെന്ന ആലോചന പ്രസക്തമാണ്. പടച്ചതിനെതിരെ തിരിഞ്ഞ ഒരു പടപ്പിനു നേരെ കരുതല്‍ ആവശ്യപ്പെട്ട് തെളിയുന്ന ഒരു മഞ്ഞവെളിച്ചമെങ്കിലും. ഒരു യു ടേണിന് സമയമായോ? ആയെന്ന് ദശകങ്ങള്‍ക്ക് മുമ്പ് തര്‍ക്കോവ്സ്‌കിയെ പോലുള്ള ദാര്‍ശനികര്‍ പറഞ്ഞുവെച്ചിട്ടുള്ളതുമാണ്. മനുഷ്യകേന്ദ്രിതമായ ആധുനികതയുടെ ആസന്നമരണം അറിയാന്‍ സംവേദനികളുള്ള ആര്‍ക്കും തിരിച്ചറിയാനാവുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. കാലാവസ്ഥാമാറ്റം പോലെ കൊറോണയും പ്രകൃതിയിലെ ഏറ്റവും വിനാശകാരിയായ ഈ പടപ്പിനെ, മനുഷ്യനെ സംബന്ധിക്കുന്ന മൗലികമായ ഒരു തിരുത്തിവായനക്ക് പ്രേരിപ്പിക്കുകയാണ്. ആന്ത്രോപ്പോസീന്‍ യുഗത്തിലേക്ക് കടന്നു കഴിഞ്ഞ നാം പ്രകൃതി പ്രക്ഷേപിക്കുന്ന ഇത്തരം സൂചനകളെ ഗൗരവമായി പരിഗണിക്കേണ്ടിവരും. കൊറോണാനന്തരലോകം തിരുത്തലുകളുടേതാകാതെ തരമില്ല. പ്രകൃതി സംരക്ഷണം എന്ന മനുഷ്യാഹങ്കാരത്തിന്റെ ഞൊട്ട് വിദ്യയല്ല. പ്രകൃതിക്ക് സ്വയം സംരക്ഷിക്കാന്‍ പ്രാപ്തിയുണ്ട്. ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട സൃഷ്ടിയെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന മനുഷ്യനെ തുടച്ചുനീക്കിയിട്ടായാലും. ആ ഒരു ആത്യന്തിക പരിഹാരത്തിലേക്കുള്ള പ്രകൃതിയുടെ നീക്കം നീട്ടിവെക്കാനെങ്കിലുമാണ് ഭൂമിയിലെ മനുഷ്യന്റെ വാഴ്വില്‍ തിരുത്തുകള്‍ ആവശ്യമായിട്ടുള്ളത്. ഒരു തിരിച്ചുനടത്തം അനിവാര്യമായിരിക്കുന്നത്.

മനുഷ്യന് മൃഗങ്ങളെ വേട്ടയാടാമെങ്കില്‍, കൊല്ലാമെങ്കില്‍, അമേരിക്കക്ക് ഇറാഖിനെ അക്രമിക്കാം, അടിച്ചമര്‍ത്താം എന്ന് മേതില്‍. എങ്കില്‍ കൊറോണ വൈറസിന് മനുഷ്യരെ കൊന്നൊടുക്കുകയുമാവാം. കുറ്റപ്പെടുത്താന്‍ മനുഷ്യന് നൈതികന്യായങ്ങളില്ല. മനുഷ്യനുവേണ്ടി വിലപിക്കാന്‍ മറ്റൊരു ജീവജാതിക്കും ബാധ്യതയുമില്ല. എന്തൊരു ഏകാന്തത, ഒറ്റപ്പെടലാണ് കൊറോണ മനുഷ്യന് സമ്മാനിച്ചിരിക്കുന്നത്. അതിനിഷ്ഠൂരനും ഇംപീരിയലിസ്റ്റുമായ ഒരു ജീവജാതി, മനുഷ്യന്‍ അതിന്റെ വിധിയിലേക്ക് നടന്നു നീങ്ങുകയാണ്. കണ്ണോക്കിന് ഉറ്റവരും ഉടയവരും കൂട്ടിനില്ലാതെ അനാഥമായ ഒരു കൊറോണ ശവമടക്ക് പോലെ. ഇതൊരു യുദ്ധമാണെന്ന ഔദ്യോഗിക വ്യവഹാരം അംഗീകരിച്ചാല്‍ തന്നെ മനുഷ്യന്‍ ശേഖരിച്ചുവെച്ചിട്ടുള്ള ഏറ്റവും വലിയ അണുബോംബുകളും രാസായുധങ്ങളുമൊന്നും നമുക്ക് തുണയാവുന്നില്ല. ഒരു കൊട്ടത്തോക്കുപോലും പ്രതിരോധത്തിനില്ലാത്ത നിസ്സഹായത. വാളെടുത്തവന്‍ വാളാല്‍ ഒടുങ്ങുകയെന്നാവും. ഭൂമിയെ ആവര്‍ത്തിച്ച് ഭസ്മമാക്കാന്‍ പോന്നത്രയും ആണവായുധങ്ങളും മറ്റു നശീകരണായുധങ്ങളും ശേഖരിച്ചു വെച്ചിട്ടുള്ള രാജ്യങ്ങളില്‍ ആവശ്യത്തിനു വേണ്ട വെന്റിലേറ്ററുകളും ആശുപത്രികളും കിടക്കകളും മരുന്നും ഇല്ലെന്ന വിരോധാഭാസം റെക്കോഡ് ചെയ്യപ്പെടണം. ചക്രവര്‍ത്തിമാരുടെ ശിലാഫലകങ്ങള്‍ പോല. വിഡ്ഢിയായ ഒരു ജീവജാതി കെട്ടിപ്പടുത്ത. തലതിരിഞ്ഞ നാഗരികതയെ പറ്റി വരും തലമുറകള്‍ക്ക് പഠിക്കാന്‍ അതുപകരിക്കും. ഒരു ഇലയുടെ ആത്മവിശ്വാസത്തിലേക്കും ഉറുമ്പിന്റെ സാമാന്യബോധത്തിലേക്കും ഉയരുക മാത്രമാണ് മനുഷ്യന് മുമ്പിലുള്ള ഏക ഉപായം.

മനുഷ്യന് പിഴച്ചതെവിടെയാണ്? ശരീരത്തിന്റെ കേവലമായ അസ്തിത്വം എന്ന ജന്തുജീവിതത്തിന്റെ പ്രാഥമിക പടുതിയിലേക്ക് എത്ര പെട്ടന്നാണ് നാം എടുത്തെറിയപ്പെട്ടത്. മറ്റ് പല വൈറസുകളേക്കാള്‍ പ്രഹരശേഷി കുറഞ്ഞിരിക്കുമ്പോഴും എന്തുകൊണ്ടാണ് കൊറോണ നമ്മില്‍ ഇത്ര ഭയം നിറക്കുന്നത്, സംഭ്രാന്തിയുണ്ടാക്കുന്നത്? പൗരസമൂഹത്തിനുമേല്‍ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള രാഷ്ട്രീയാധികാരത്തിന്റെ അമിതാധികാരപ്രയോഗമായി ഭയത്തിന്റെ ഈ ഉല്‍പ്പാദനത്തെ ചുരുക്കി കാണേണ്ടതില്ല, അങ്ങനെ ഒരു തലം അതിന് ഉണ്ടെന്നു സമ്മതിച്ചാല്‍ പോലും. ഈ പ്രതിസന്ധി അതിലും ആഴവും പരപ്പുമുള്ള വായനകള്‍ ആവശ്യപ്പെടുന്നുണ്ട്. ഭൂമിയില്‍ മനുഷ്യവാഴ്വിന്റെ അടിസ്ഥാന പ്രമാണങ്ങളെ കൊവിഡ് വൈറസ് അസ്ഥിരപ്പെടുത്തുന്നുണ്ട്. എലിപ്പത്തായത്തിലകപ്പെട്ട എലിയുടെ നിസ്സഹായാവസ്ഥക്ക് ഇപ്പോഴത്തെ മനുഷ്യാവസ്ഥയുമായി ചാര്‍ച്ചയുണ്ട്. എലിയുടെ കണ്ണുകളിലെ തിളങ്ങുന്ന ദൈന്യത ! വേട്ടക്കാരന്റെ മുന്നില്‍ പെട്ട ഇരയുടെ ഭയാക്രാന്തത. പരിണാമത്തിന്റെ ഏറ്റവും താഴ്ന്ന പടിയിലെ, അദൃശ്യമായ ഒരു അവക്ഷിപ്തമാണ് ഇവിടെ വേട്ടക്കിറങ്ങിയിരിക്കുന്നത്. പരിണാമ ചങ്ങലയിലെ ഉച്ചസ്ഥായിയില്‍ നില്‍ക്കുന്ന ഒരു ജീവജാതിയാണ് ഇവിടെ വേട്ടയാടപ്പെടുന്നത്. ലളിതമായ ഒരു തിരിച്ചിടല്‍ മാത്രം. മനുഷ്യന്‍ കൊന്നു തള്ളിയ ലക്ഷകണക്കിന് ജീവജാതികളുടെയെല്ലാം അരൂപികളായ ആത്മാക്കള്‍ ഒറ്റയടിക്ക് പ്രതികാരത്തിനിറങ്ങിയ പോലെ. സ്വപ്നസമാനങ്ങളായ മാളുകളും തിയറ്ററുകളും ഉദ്യാനങ്ങളും നഗരചത്വരങ്ങളും തെരുവീഥികളും ടെക്നോ പാര്‍ക്കുകളും ഹോളിവുഡും ബോളിവുഡും തീവണ്ടിയും വിമാനങ്ങളും കപ്പലുകളും ഉപേക്ഷിച്ച്, പ്രാചീനഭയത്തില്‍ നെട്ടോട്ടമോടുന്ന, സൃഷ്ടികളുടെ കൂട്ടത്തില്‍ കിരീടധാരിയായ ഈ ജീവി ഗുഹകളിലേക്ക് /മാളങ്ങളിലേക്ക് പിന്‍വാങ്ങിയിരിക്കുകയാണ്. ഘര്‍ വാപസി. അതോ പണിക്കുറ്റമുള്ള മനുഷ്യന്‍ എന്ന പ്രോജക്ടിനെ പടച്ചവന്‍ തന്നെ മടക്കിയെടുക്കുകയാണോ? മാര്‍ക്കറ്റിലിറങ്ങിയ ശേഷം മാന്യുഫാക്ച്ചറിങ്ങ് ഡിഫെക്ട് കണ്ടെത്തിയ ഒരു ബാച്ചിലെ ഉല്‍പ്പന്നങ്ങള്‍ മുഴുവന്‍ കമ്പനി പിന്‍വലിക്കുന്നതുപോലെ.

പോസ്റ്റ് കൊറോണ ലോകം എങ്ങനെയിരിക്കുമെന്നത്, അവശേഷിക്കുന്ന മനുഷ്യരുടെ ഉത്കണ്ഠകളില്‍ പ്രധാനമാണ്. വ്യക്തിജീവിതങ്ങളുടെ നിരീക്ഷണ – നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ കൊറോണ കാലത്തെ അനിവാര്യതയായി സര്‍വ്വസമ്മതി നേടികഴിഞ്ഞിട്ടുണ്ട് – അപൂര്‍വ്വം പ്രതിഷേധങ്ങള്‍ ഒഴിവാക്കിയാല്‍. അക്കാര്യത്തില്‍ ചൈന ഇന്ന് വന്‍പ്രലോഭനമാണ്. ചൈനയാണ് നമ്മുടെ ഭാവി എന്ന ചിന്ത വൈറലാകുന്നുണ്ടോ? ഒരു കമാന്റിലൂടെ ഒരു സമൂഹത്തെ മുഴുവന്‍ നിശ്ചലമാക്കാന്‍ കഴിയുന്ന ചൈനയുടെ അടഞ്ഞ രാഷ്ട്രീയക്രമം അഭികാമ്യമെന്ന് ചില രാഷ്ട്രങ്ങളെങ്കിലും അടക്കം പറയാന്‍ തുടങ്ങിയിട്ടുണ്ട്. കൊവിഡ് വൈറസിനോട് മത്സരിച്ച് പരക്കുന്ന ഈ വൈറസ് ജനാധിപത്യസമൂഹങ്ങള്‍ ഇതിനകം നേടിയ നേട്ടങ്ങളെയെല്ലാം പുറകോട്ടടിപ്പിക്കാന്‍ പോന്നതാണ്. ജന്തുസഹജമായ കേവലനിലനില്‍പ്പ് മാത്രം ഏക പരിഗണന, അല്ലെങ്കില്‍ മുഖ്യപരിഗണനയായി മാറാവുന്ന ഒരു ഭാവിയില്‍, ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും സുതാര്യതയുമെല്ലാം ഒഴിവാക്കപ്പെടാവുന്ന അലങ്കാരങ്ങളായി തോന്നിയാല്‍ അത്ഭുതപ്പെടാനില്ല.

ഭയത്തിന്റെ വിത്തിറക്കലാണ് നൂറുമേനി വിളവെടുപ്പ് ഉറപ്പാക്കാവുന്ന ഏകകൃഷിയെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അനുസരണയും വിധേയത്വവും അതിന്റെ കൂടപ്പിറപ്പുകളാണ്. വിധേയരായ തൊമ്മികളാണ്. നാസികള്‍ക്കും സ്റ്റാലിനിസ്റ്റുകള്‍ക്കും അത് നന്നായറിയാം. അതിന് കൊറോണ തന്നെ വേണമെന്നില്ല. വര്‍ഗ്ഗീയത, സെക്യുലറിസം, കമ്യൂണിസം, അശാസ്ത്രീയം, ഹിന്ദുത്വ, ഇസ്ലാമികത… അങ്ങനെ എന്തും അതിനിണങ്ങും. ഭയത്തിന്റെ ഒരു പ്രോട്ടീന്‍ കവചം അവക്കുചുറ്റും ഉണ്ടായിരിക്കണമെന്നു മാത്രം. ആവശ്യപ്പെടുമ്പോഴൊക്കെ മതിലുകളാകാനും കോട്ടകളാകാനും ചങ്ങലക്കണ്ണികളാകാനും ആളുകള്‍ സ്വന്തം ശരീരങ്ങളെ വിട്ടുകൊടുക്കാന്‍ തയ്യാറായികൊള്ളും. വെട്ടിയും കുത്തിയും ബോംബെറിഞ്ഞും ‘ശത്രു’സംഹാരത്തിന് വിധേയരായ തൊമ്മികള്‍ മുന്നോട്ടുവരും. പണ്ഡിത പാമര ഭേദമില്ലാതെ. ‘കണ്ണൂര്‍ കോട്ട’പോലെ സോദ്ദേശകവിതകളും അവര്‍ രചിച്ചോളും! ജലദോഷപനിയൊഴിച്ച് കൊളളാവുന്ന ഏത് രോഗം വന്നാലും സ്വന്തം കീശയുടെ കനത്തിനൊപ്പിച്ച് അതിര്‍ത്തികള്‍ കടന്ന് അന്യനാടുകളെ ആശ്രയിക്കേണ്ടിവരുന്നതെന്തേ? പ്രത്യേകിച്ചു വടക്കെ മലബാറില്‍. ഭക്ഷണസാമഗ്രികളുമായി അതിര്‍ത്തികടന്ന് വരുന്ന ട്രക്കുകളെ കാത്തിരിക്കുന്ന വേഴാമ്പലുകളായി മാറിയ ഒരു ജനത ! ഒരാളെ കൊല്ലാന്‍ വെട്ടുന്ന വെട്ടുകളുടെ എണ്ണത്തില്‍ മാത്രമാണോ നാം ഇതുവരേയും മത്സരിച്ചത്? സ്വന്തം വീട്ടില്‍ ചികിത്സയും ഭക്ഷണവും ഉറപ്പാക്കുന്നതിലല്ലേ എന്നു തുടങ്ങിയ പല ചോദ്യങ്ങളും സംശയങ്ങളും കൊറോണ കാലം ഉയര്‍ത്തുമെങ്കിലും ആരും അത് ഏറ്റുപിടിക്കില്ലെന്ന് വിധേയരുടെ കാലാള്‍പ്പട ഉറപ്പുവരുത്തിക്കൊള്ളും. അഥവാ ഒന്നോ രണ്ടോ പിള്ളേര്‍ കുരുത്തക്കേട് കാട്ടിയാല്‍ യുഎപിഎ കുത്തിവെച്ച് ക്വാറന്റൈന്‍ ചെയ്യാവുന്നതുമാണ്.

ഭയം പൊലിപ്പിച്ചാണ് ഭരണകൂടങ്ങള്‍ അനുസരണയും അച്ചടക്കവും ഉല്‍പ്പാദിപ്പിക്കുന്നത്. കൊറോണാകാലം ഇതിന്റെ അനന്തസാധ്യതകള്‍ തുറന്നു കൊടുത്തിരിക്കുകയാണ്. ബൂര്‍ഷ്വായുടേയോ തൊഴിലാളി വര്‍ഗ്ഗത്തിന്റേയോ കൈകളിലാണെങ്കിലും അധികാരത്തിന് സമഗ്രാധിപത്യത്തിലേക്കുള്ള ഉന്മുഖത നൈസര്‍ഗ്ഗികമാണ്. ജലം താഴോട്ട് ഒഴുകുംപോലെ. ഒരു ജനതയെ മുഴുവന്‍, പൈഡ് പൈപ്പറെപോലെ തന്റെ ഇച്ഛക്കൊത്ത് ചലിപ്പിക്കാനും നിശ്ചലമാക്കാനും കഴിയുന്നത് ഏതൊരു ഭരണകൂടത്തിന്റേയും ആത്യന്തികസ്വപ്നമാണ്. കൊറോണാകാലം ഈ സാധ്യതയുടെ രുചി അറിയാന്‍ സഹായിച്ചിട്ടുണ്ട്. ക്വാറന്റിനിലുള്ളവരെ ചാപ്പ കുത്തുന്നത് ഒന്ന് വികസിപ്പിച്ചുനോക്കൂ. എല്ലാ പൗരന്മാരും മേതില്‍ സൂചിപ്പിച്ചപോലെ ഒരു ബ്രേയ്‌സ്‌ലേറ്റ് അണിയുന്നത് നിര്‍ബന്ധമാക്കിയാലോ? വ്യക്തിയുടെ വികാരവിചാരങ്ങളടക്കം എല്ലാ ചലനങ്ങളും 24 മണിക്കൂറുകളും റെക്കോഡ് ചെയ്യുന്ന ഒരു ബയോളജിക്കല്‍/ഡിജിറ്റല്‍ ബ്രെയ്സ്ലേറ്റ് ! അത് കണ്‍ട്രോള്‍ സെന്ററുമായി നിരന്തരബന്ധത്തിലും. ഫുക്കോയുടെ പനോപ്റ്റിക്കോണിനേക്കാള്‍ എത്രയോ വെടിപ്പും സൗന്ദര്യവുമുള്ള നിരീക്ഷണ സംവിധാനം. കൊറോണാനന്തരലോകം ഇങ്ങിനെ എന്തെല്ലാം അത്ഭുതങ്ങള്‍ നമുക്ക് സമ്മാനിക്കുന്നു എന്ന ചിന്താപരീക്ഷണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്.

അടച്ചുപൂട്ടലിന്റെ / ലോക് ഡൗണിന്റെ താല്‍ക്കാലികത അല്ലെങ്കില്‍ അപവാദം (Exception) നാളത്തെ ഭരണക്രമത്തിന്റെ സ്വാഭാവിക പരികല്‍പ്പനയും നിയമവും (Rule) ആയിക്കൂടെന്നില്ല. ഭയവും പ്രത്യയശാസ്ത്രപരമായ ആന്ധ്യവും വിധേയത്വവും ഒരു ജനതയെ കൊണ്ട് എന്തും ചെയ്യിക്കുമെന്ന് ധാരാളം സാക്ഷ്യങ്ങള്‍ ചരിത്രത്തിലുണ്ട്. അപരന്‍ രോഗാണുവാഹകനായ ഒരു ശരീരമായി, ഒരു ഏജന്റായി ന്യൂനീകരിക്കപ്പെട്ടു കൂടായ്കയില്ല. നൈതിക ഇച്ഛാശക്തിയുള്ള ഒരു വ്യക്തിയെന്നതിലുപരി ഒരു ജൈവയന്ത്രമായി മനസ്സിലാക്കപ്പെടുക ! ക്ലാസിക്കല്‍ സിവില്‍ സമൂഹത്തിന്റെ മരണത്തിലേക്കുള്ള യാത്രയായിരിക്കും അത് എന്നതില്‍ സംശയമില്ല. സ്വന്തം സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനുകളിലേക്ക് ഇതിനകം തന്നെ ചുരുങ്ങിവരാന്‍ തുടങ്ങിയ, പ്രതീതി ലോകത്തിലേക്ക് ഉന്മുഖമായി കഴിഞ്ഞിരിക്കുന്ന ലോകത്തിന് കൊറോണ പുതിയ ന്യായങ്ങളും വേഗങ്ങളും സംഭാവന ചെയ്യാനിടയുണ്ട്. മുഖാ – മുഖ സംവേദനങ്ങളും സ്പര്‍ശനക്ഷമമായ ബന്ധങ്ങളും ഇതിനോടകം ചുരുങ്ങി വന്നുകൊണ്ടിരിക്കുകയായിരുന്നു. പോസ്റ്റ് കൊറോണ ലോകത്തിലെ സാമൂഹ്യജീവിതത്തിന്റെ വ്യാകരണത്തില്‍ മൗലികമായ വ്യതിയാനങ്ങള്‍ ഇനിയും പ്രതീക്ഷിക്കാവുന്നതാണ്.

ആഗോളവല്‍ക്കരിക്കപ്പെട്ട് ഒരു ഗ്രാമമായി മാറി എന്നു കരുതിയ ലോകത്തെയാണ് കൊറോണ ചിതറിപ്പിച്ചത്. ഓരോ രാജ്യവും സ്വരക്ഷക്ക് എന്നതാണ് കൊറോണകാലത്തെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം. അമേരിക്കന്‍ സ്റ്റേറ്റുകള്‍ സ്വന്തം നിലയില്‍ കൊറോണക്കെതിരെപ്രതിരോധം ചമക്കേണ്ടിയിരിക്കുന്നു . ബ്രെക്സിറ്റിനുശേഷം യൂറോപ്യന്‍ യൂണിയന്റെ ശവപ്പെട്ടിയില്‍ കയറുന്ന, അവസാനത്തേതല്ലെങ്കിലും അതിന് തൊട്ടവസാനത്തെ ആണിയെങ്കിലുമാകുമോ കോവിഡ് 19 വൈറസ് എന്ന് സംശയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ പ്രതിരോധം പ്രധാനമായും ജില്ലാ, പഞ്ചായത്ത്, സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടുന്നതാണ്. സൂപ്പര്‍ സോണിക് വേഗതയില്‍ വിഭാവനം ചെയ്യപ്പെട്ട ഒരു ആധുനികാനന്തര ലോകം ഒരൊറ്റ സ്പിന്നിലൂടെ മദ്ധ്യശതകങ്ങളുടെ ജീവിതവേഗത്തിലേക്ക് പിന്‍വാങ്ങിയിരിക്കുകയാണ്. വ്യക്തികള്‍ക്കിടയില്‍ പരമാവധി അകലം എന്നതാണ് അതിജീവനത്തിന്റെ ഏകപോംവഴിയെന്നായിരിക്കുന്നു. ഇതെല്ലാം കൊണ്ടുവരുന്ന ദീര്‍ഘകാല പ്രത്യാഘാതം കൊറോണാനന്തര ലോകത്തിലെ മനുഷ്യജീവിതത്തില്‍ ഉണ്ടാകാനിടയില്ല. എല്ലാം വൈകാതെ പഴയ പടിയാകും എന്നു കരുതുന്നത് മൗഢ്യമായിരിക്കും.

വ്യക്തികള്‍ സാമൂഹ്യജീവിതത്തില്‍ നിന്ന് ചിതറി തെറിച്ചിരിക്കുന്നു എന്നു മാത്രമല്ല, താത്വികമായും വലിയൊരളവോളം പ്രായോഗികമായും എന്റെ രോഗത്തിന്റെ, മരണത്തിന്റെ ഏജന്റാണ് അപരന്‍. സാര്‍ത്ര് പറഞ്ഞ ‘അപരനാണ് നരകം’ എന്ന അവസ്ഥ ! ആഗോള ടെററിസം സമാനമായ ഒരു മാനസിക നില ഉല്‍പ്പാദിപ്പിച്ചിട്ടുള്ളത് മറക്കാറായിട്ടില്ല. പക്ഷെ അത് ഇത്രയും സാര്‍വ്വലൗകികവും സമഗ്രവും ആയിരുന്നില്ല. ഒരു പ്രത്യേക മതത്തിന്റേയോ പ്രദേശത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ ലൊക്കേഷനുകളില്‍ പരിമിതപ്പെട്ടതായിരുന്നു. കൊറോണ ഒരുപടി കൂടി മുന്നേറിയിരിക്കുന്നു. അത് ഒരു വ്യക്തിയെ അയാളുടെ ശരീരത്തിന്റെ തലത്തിലും ചിന്നിചിതറിപ്പിച്ചിരിക്കുകയാണ്. ഒരു ശരീരത്തിലെ കൈകള്‍ അതിന്റെ തന്നെ മുഖത്തിനും കണ്ണുകള്‍ക്കും വായക്കും ‘ശത്രു’വാണ്. ലേഡി മാക്ബത്തിനെപോലെ കൈകള്‍ ഇടക്കിടെ കഴുകികൊണ്ടിരിക്കണം. സുഗന്ധദ്രവ്യങ്ങളെ കൊണ്ടല്ല, സോപ്പു കൊണ്ടാണെന്നു മാത്രം. മസ്തിഷ്‌കം നിരന്തരം ഈ കല്‍പ്പന നല്‍കി കൊണ്ടിരിക്കുന്നു. ഒരു ശരീരത്തിലെ തന്നെ കൈകളെ മറ്റ് അവയവങ്ങള്‍ അവിശ്വസിക്കുന്നു. ശരീരഭാഗങ്ങള്‍ ചിതറി തെറിച്ച് പരസ്പരം മുഖാമുഖം നില്‍ക്കുന്നു. കൈകള്‍ എന്റെ തന്നെ അന്തകനായി മാറിയേക്കാം! നാം ശീലിച്ചുപോന്ന വ്യക്തി – ശരീര – സമൂഹ സങ്കല്‍പ്പങ്ങളില്‍ ഈ ചിതറലുകള്‍ കാതലായ മാറ്റങ്ങള്‍ക്ക് നിമിത്തമാവാനാണ് സാധ്യത. ഉത്ഭവവും നിലനില്‍പ്പും അന്ത്യവുമടങ്ങുന്ന പ്രപഞ്ചത്തിന്റെ മൗലികഭാവം എക്കാലത്തും അനശ്ചിതത്വം (uncertainity) തന്നെയായിരുന്നു. ഇന്നേവരേയും അതൊരു ദാര്‍ശനിക ചര്‍ച്ചയുടെ പരിധിയില്‍ വരുന്ന വിഷയമായിരുന്നതിനാല്‍ സാധാരണ മനുഷ്യജീവിതത്തില്‍ നിന്നും ഏറെ അകലെയായിരുന്നു. ‘ഒരു നിശ്ചയമില്ല ഒന്നിനും വരുമോ ദശ വന്ന പോല്‍….’ എന്ന മട്ട്. പക്ഷെ, കൊറോണ ആ സത്യത്തെ നമ്മുടെ ദൈനംദിന, അല്ല അനുനിമിഷ യാഥാര്‍ത്ഥ്യമാക്കി. അനുഭവവേദ്യമാക്കി. അത് തത്വചിന്തകരുടെ മാത്രം ഉല്‍ക്കണ് ഠയല്ലാതായി. പലചരക്കും പച്ചക്കറിയും വാങ്ങാന്‍ അങ്ങാടിയില്‍ പോകുമ്പോള്‍ പോലും സജീവമായി ഓര്‍ത്തിരിക്കേണ്ടും വിധം പൊള്ളുന്ന അനുഭവം. ഭയപ്പെടുത്തുന്നത്. മരണമെന്ന യാഥാര്‍ത്ഥ്യത്തെ, ജീവിതത്തിന്റെ സന്തത സഹചാരിയെ നാം ഇത്രയും അടുത്ത് അറിഞ്ഞിട്ടില്ല. കണ്ടിട്ടില്ല. ഭയമെന്ന വികാരത്തെ ഇത്രയും തീഷ്ണമായി നാം മുമ്പ് അനുഭവിച്ചിട്ടില്ല. കൊറോണ ഇതു രണ്ടും ചെയ്തിരിക്കുന്നു. തത്വചിന്തകര്‍ ലോകത്തെ, മനുഷ്യജീവിതത്തെ വ്യാഖ്യാനിച്ചിട്ടേയുള്ളു. കാള്‍ മാര്‍ക്സടക്കം. കൊറോണ അതിനെ മാറ്റി മറിക്കുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply