കൊവിഡാനന്തരം രാജ്യം എങ്ങോട്ട്?
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ ഏപ്രില്‍ 22 വരെ ആധാര്‍ ഇനേബിള്‍ഡ് സിസ്റ്റം വഴി 33 കോടി ജനങ്ങളിലേയ്ക്ക് 31285 കോടി രൂപ എത്തിച്ചു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ 10.25 കോടി വിവിധ പെന്‍ഷനുകള്‍, 1405 കോടി പി. എം കിസാന്‍, 16-146 കോടി പ്രോവിഡന്റ് ഫണ്ട് 162 കോടി നിര്‍മ്മാണ തൊഴിലാളികള്‍ 3497 കോടി ഇങ്ങനെ ആകെ 31235 കോടി രൂപ. ഇതിനെപ്പറ്റി അസീം പ്രേംജി ഇന്‍സ്റ്റിയൂട്ട് നടത്തിയിട്ടുള്ള പഠനത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് 39% അക്കൗണ്ടിലേയ്ക്ക് മാത്രമാണ് തുക എത്തിയിട്ടുള്ളൂ എന്നാണ്. ആധാര്‍ ഇനേബിള്‍ഡ് പെയ്‌മെന്റ് സിസ്റ്റത്തില്‍ സംഭവിച്ച തകരാറുകള്‍ കാരണം 25 കോടിയില്‍ അധികം ട്രാന്‍സാഷനുകള്‍ പൂര്‍ത്തിയാക്കാതെ അക്കൗണ്ടിലേക്ക് തന്നെ മടങ്ങിയെത്തുകയാണ് ഉണ്ടായത് – ഇതര സംസ്ഥാനതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രസ്സീവ് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്‍ സെക്രട്ടറിയാണ് ലേഖകന്‍
രാജ്യം അപ്രതീക്ഷിതമായി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ഉല്‍പ്പാദനവും വിതരണവും എല്ലാം സ്തംഭിച്ച അവസ്ഥയിലാണ്. തൊഴിലാളികളുടെയും കര്‍ഷകരുടെയും ചെറുകിട വ്യാപാരികളുടെയുമെല്ലാം ജീവിതം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ എത്തി തൊഴില്‍ ചെയ്യുന്ന തൊഴിലാളികളുടെ ജീവിതമാണ് ഏറ്റവും ദുരിതത്തിലായിരിക്കുന്നത്. ആത്മ നിര്‍ഭര്‍ ഭാരത് എന്ന പേരില്‍ വളരെ വൈകി പ്രഖ്യാപിച്ച കോവിഡ് പാക്കേജില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ദരിദ്രരായ ജനങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതികള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല കോര്‍പ്പറേറ്റുകളുടെ ലാഭതാല്‍പര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയും ചെയ്തു. കാര്‍ഷിക മേഖലയില്‍ കുത്തകകള്‍ക്ക് വഴിയൊരുക്കുകയും പ്രതിരോധ മേഖലയില്‍ സ്വകാര്യ നിക്ഷേപം വര്‍ദ്ധിപ്പിക്കുകയും ഖനികളും വിമാനത്താവളങ്ങളും സ്വകാര്യവല്‍ക്കരിക്കുകയും പരിസ്ഥിതി നിയമങ്ങള്‍ ഭേദഗതി ചെയ്യുകയും തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി മാറ്റുകയും ചെയ്ത് കൊണ്ട് ഇന്ത്യയിലും വിദേശത്തും ഉള്ള കോര്‍പ്പറേറ്റുകളുടെ ആഗ്രഹങ്ങള്‍ സഫലീകരിക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. കോര്‍പ്പറേറ്റുകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ എല്ലാം സാധിച്ചുകൊടുക്കുന്ന വിശ്വസ്ഥനായിട്ടാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. .
ഇന്ത്യയുടെ വിഭജനകാലത്തെ അനുസ്മരിപ്പിക്കുന്ന തൊഴിലാളികളുടെ കൂട്ടപലായനമാണ് നഗരങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേയ്ക്ക് നടക്കുന്നത്. കുട്ടികളും വൃദ്ധരും രോഗികളും ഗര്‍ഭിണികളും സ്ത്രീകളും പലായനം ചെയ്യുന്നവരില്‍പെടും വൃദ്ധരെയും രോഗികളേയും താങ്ങിപിടിച്ചും കുട്ടികളെ കൈയ്യില്‍ എടുത്തും വീട്ടുസാധനങ്ങള്‍ തലചുമടായി ചുമന്നും കാലില്‍ ചെരുപ്പ് പോലും ഇല്ലാതെയാണ് ഉത്തരേന്ത്യയിലെ കൊടിയ ചൂടില്‍ തൊഴിലാളികള്‍ നടന്ന് നീങ്ങിയത് യാത്രക്കിടയില്‍ വാഹനാപകടത്തില്‍ പെട്ടും ഭക്ഷണവും വെള്ളവും കിട്ടാതെ കുഴഞ്ഞ് വീണും ലക്ഷ്യസ്ഥാനത്ത് എത്താതെ നിരവധി പേര്‍ മരിച്ച് വീഴുന്നു. തളര്‍ന്ന് രാത്രിയില്‍ ട്രെയിന്‍ പാളത്തില്‍ കിടന്നുറങ്ങിയ 16 തൊഴിലാളികള്‍ മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ മരണമടഞ്ഞു. ഉത്തര്‍പ്രദേശില്‍ ട്രക്കില്‍ യാത്ര ചെയ്യുകയായിരുന്ന 24 തൊഴിലാളികള്‍ അപകടത്തില്‍പെട്ട് മരണപ്പെട്ടു. ശ്രമിക് ട്രെയിനുകളില്‍ വച്ചും തൊഴിലാളികള്‍ മരിക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങള്‍ ഭക്ഷണം കഴിക്കാതെ ഇരുന്നവരും രോഗങ്ങള്‍ ബാധിച്ച് പണമില്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കപ്പെടുന്നവരുമാണ് മരണപ്പെടുന്നത്. ഗ്രാമങ്ങളില്‍ എത്തുന്ന തൊഴിലാളികളെ കാത്തിരിക്കുന്നതും ദാരിദ്ര്യമാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടുകൂടി കോടിക്കണക്കിന് തൊഴിലാളികളാണ് പട്ടിണിയിലായത്. ഓരോ ദിവസവും തൊഴില്‍ ചെയ്ത് ലഭിച്ചിരുന്ന വരുമാനംകൊണ്ടാണ് തൊഴിലാളികള്‍ ജീവിച്ചിരുന്നത്. ലോക്ഡൗണിനെത്തുടര്‍ന്ന് തൊഴില്‍ ലഭിക്കാതെ ആയപ്പോള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു തൊഴിലാളികള്‍. തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് നാട്ടിലേക്ക് പോകാനുള്ള ട്രെയിന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ തൊഴിലാളികളോട് ആദ്യഘട്ടം ട്രെയിന്‍ കൂലിയും സര്‍ക്കാര്‍ ഈടാക്കി പിന്നീട് വ്യാപകമായ പ്രതിഷേധം ഉണ്ടായപ്പോഴാണ് തൊഴിലാളികള്‍ക്ക് ട്രെയിന്‍ യാത്ര സൗജന്യമാക്കിയത്. ഭക്ഷ്യ ഗോഡൗണുകളില്‍ ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു പറഞ്ഞിട്ടും അതുപയോഗിച്ച സാനിറ്റൈസര്‍ നിര്‍മ്മിക്കുന്നതിനെപ്പറ്റി ആലോചിച്ചിട്ടും തൊഴിലാളികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇന്ത്യയില്‍ 130 കോടിവരുന്ന ജനങ്ങളെ ലോക്ക്ഡൗണ്‍ ചെയ്യാനും ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിര്‍ത്തി വയ്ക്കാനും നരേന്ദ്രമോദി ആഹ്വാനം ചെയ്യുന്നത് നാല് മണിക്കൂര്‍ മുമ്പ് മാത്രമാണ്. രാജ്യം മുഴുവന്‍ അപ്രതീക്ഷിതമായി നിശ്ചലമാക്കുകയും ഉല്‍പാദന പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തപ്പോള്‍ നഗരങ്ങളിലെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ അനുഭവിച്ചത് വിവരണാതീതമായ ദുരിതങ്ങളാണ.് തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തണം എന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ല. സന്നദ്ധസംഘടനകളുടെ കാരുണ്യ ത്തിന് തൊഴിലാളികളെ വിട്ടുകൊടുത്തുകൊണ്ട് ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ് സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന്റെ വീഴ്ചയെപ്പറ്റിയുള്ള ഹര്‍ജികള്‍ തുടര്‍ന്നും കോടതിയുടെ പരിഗണനയ്ക്ക് വന്നപ്പോള്‍ കോടതിയും അവഗണിക്കുകയാണ് ഉണ്ടായത്. തൊഴിലാളികള്‍ റെയില്‍വെ ട്രാക്കില്‍ കിടന്നുറങ്ങിയാല്‍ ആര്‍ക്കാണ് തടയാന്‍ പറ്റുക എന്നാണ് കോടതി ചോദിച്ചത്. തൊഴിലാളികള്‍ നടക്കണോ വേണ്ടയോ എന്നകാര്യം സംസ്ഥാനങ്ങള്‍ തീരുമാനിക്കട്ടെ എന്നും കോടതി പറഞ്ഞു. തുടര്‍ന്നും കോടതി ഈ വിഷയത്തില്‍ ഇടപെട്ടെങ്കിലും ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പുരോഗതി ഒന്നും ഇല്ല.
കാര്‍ഷിക ചെറുകിട വ്യാപാരമേഖലയുടെയും ഫ്യൂഡലിസത്തിന്റെയും സ്വാശ്രിത സമ്പദ്‌വ്യവസ്ഥയുടേയും തകര്‍ച്ച, വന്‍കിട വികസന പദ്ധതികള്‍ക്ക് വേണ്ടിയുള്ള കുടിയൊഴിപ്പിക്കലുകള്‍ തുടങ്ങിയ കാരണങ്ങളാലാണ് തൊഴിലാളികല്‍ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളില്‍ എത്തിച്ചേരുന്നത്. മുതലാളിത്തത്തിന്റെ വളര്‍ച്ച മുതലാളിത്ത പൂര്‍വ്വ സമ്പദ്‌വ്യവസ്ഥകളെ എല്ലാം തകര്‍ക്കുകയും ഇതുമായി ബന്ധപ്പെട്ട് ജീവിച്ചിരുന്നവരെ നഗരങ്ങളിലെ ദരിദ്രരായ തൊഴിലാളികളാക്കിമാറ്റുകയും ചെയ്തു. കാര്‍ഷിക മേഖലയിലേയ്ക്കും ചില്ലറ വ്യാപാര രംഗത്തേക്കുമുള്ള കുത്തകളുടെ കടന്ന് വരവ് ഈ മേഖലെയ പൂര്‍ണ്ണമായ തകര്‍ച്ചയിലേയ്ക്ക് എത്തിക്കുകയും ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തികൊണ്ടിരുന്നവര്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരത്തിലേയ്ക്ക് കൂട്ടത്തോടെ പലായനം ചെയ്യുന്നതിന് കാരണമാകുകയും ചെയ്തു. കൃഷി ചെയ്തും കന്നുകാലി വളര്‍ത്തിയും മത്സ്യബന്ധനം നടത്തിയും വനവിഭവങ്ങള്‍ ശേഖരിച്ചും സ്വാശ്രിതരായി ജീവിച്ചുകൊണ്ടിരുന്നവരും സ്വാശ്രിത സമ്പത്ത് വ്യവസ്ഥക്ക് നേരെ ഉണ്ടായ കോര്‍പ്പറേറ്റ് ബലപ്രയോഗത്തെ തുടര്‍ന്ന് നഗരങ്ങളില്‍ എത്തിചേര്‍ന്നു. ഡാമുകള്‍, ഖനികള്‍, ദേശീയ പാതകള്‍, പവര്‍ പ്രോജക്ടുകള്‍, സ്‌പെഷ്യല്‍ എക്കണോമിക് സോണുകള്‍ തുടങ്ങി കോര്‍പ്പറേറ്റുകളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്ന വന്‍കിട വികസന പദ്ധതികള്‍ക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കും നഗരങ്ങളിലേയ്ക്ക് വരികയല്ലാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നു. ഫ്യൂഡലിസത്തിന്റെ കീഴില്‍ ചൂഷണം അനുഭവിച്ചുകൊണ്ടിരുന്ന അടിയാളരും, ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് നഗരത്തിലെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഭാഗമായിത്തീര്‍ന്നു.
നഗരങ്ങളിലേയ്ക്കുള്ള കുടിയേറ്റത്തിന്റെ വിവിധ ഘട്ടങ്ങള്‍
കൊളോണിയല്‍ കാലഘട്ടത്തില്‍ റെയില്‍ റോഡ് നിര്‍മ്മാണത്തിനും, തോട്ടങ്ങളില്‍ പണിയെടുപ്പിക്കു ന്നതിനും കൊളോണിയല്‍ ഭരണാധികാരികള്‍ ഗ്രാമീണ ജനതയെ ബലമായി പിടിച്ചുകൊണ്ട് പോയിരുന്നു. തദ്ദേശീയരായ കങ്കാണിമാര്‍ വഴിയാണ് കൊളോണിയല്‍ ഭരണാധികാരികള്‍ ഗ്രാമീണ ജനതയെ പിടിച്ചുകൊണ്ട് പോയിരുന്നത്. ജാര്‍ഖണ്ഡില്‍ നിന്നും ബീഹാറില്‍ നിന്നും ഛത്തീസ് ഖണ്ഡില്‍ നിന്നും കൊളോണിയല്‍ ഭരണാധികാരികള്‍ പിടിച്ചുകൊണ്ട് പോയവരുടെ പുതിയ തലമുറയാണ് ഡാര്‍ജിലിംഗിലേയും സില്‍ഗുരിയിലേയും ആസാമിലേയും തേയില തോട്ടങ്ങളില്‍ ഇപ്പോഴും തൊഴിലെടുക്കുന്നത് ഗ്രാമങ്ങളില്‍ നിന്ന് കടത്തികൊണ്ട് പോയവരില്‍ ഭൂരിപക്ഷവും ആദിവാസികളാണ്. കൊളോണിയല്‍ ഭരണാധികാരികള്‍ ആദിവാസികളുടെ ഭൂമിയിലേയ്ക്ക് അതിക്രമിച്ച് കയറുന്നതിനും പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനും എതിരായി ആദിവാസികള്‍ നടത്തിയിട്ടുള്ള സായുധ ചെറുത്തു നില്‍പ്പുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യന്‍ ഭരണകൂടവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെയും തൊഴിലിനെയും പൂര്‍ണ്ണമായി അവഗണിക്കുകയും മുതലാളിത്തത്തിന്റെ വളര്‍ച്ചക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കുകയും ചെയ്തു. ഇത് ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേയ്ക്ക് തൊഴില്‍ അന്വേഷിച്ച് എത്തുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായി. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കിത്തുടങ്ങിയ 90 കള്‍ക്ക് ശേഷം എല്ലാ മേഖലയിലും കുത്തകള്‍ക്ക് കടന്ന് വരുന്നതിന് അവസരം ഒരുക്കി. ചെറുകിട വ്യാപാര മേഖലയെയും കൃഷിയെയും പൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് എത്തിക്കുന്നതിനും വന്‍കിട വികസന പദ്ധതികള്‍ക്ക് വേണ്ടി തലമുറകളായി ജീവിച്ചുകൊണ്ടിരുന്ന പ്രദേശത്തുനിന്ന് ലക്ഷക്കണക്കിന് വരുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനും നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ കാരണമായി. വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, ഗതാഗതം തുടങ്ങി എല്ലാ സാമൂഹിക ക്ഷേമ മേഖലയില്‍ നിന്നും നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ പിന്‍മാറി. ഇത് ഗ്രാമീണ ജനസംഖ്യ കുറയുന്നതിനും നഗര ദരിദ്രരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനും ഇടയാക്കി. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളില്‍ എത്തിച്ചേര്‍ന്നവര്‍ ചേരികളില്‍ അടിഞ്ഞുകൂടുകയും തെരുവില്‍ അന്തിയുറങ്ങുകയും ചെയ്തു. തൊഴിലാളികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്ന വര്‍ദ്ധനവും ആവശ്യകതയില്‍ ഉണ്ടായിരിക്കുന്ന കുറവും കാരണം തൊഴിലാളികളുടെ വിലപേശല്‍ ശേഷി ഇല്ലാതാക്കുകയും തൊഴിലാളികള്‍ കുറഞ്ഞ കൂലിക്ക് തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഹോട്ടലുകള്‍, ഫാക്ടറികള്‍, കരിങ്കല്‍ ക്വാറികള്‍, ഇഷ്ടിക കളങ്ങള്‍, കെട്ടിട നിര്‍മ്മാണം വഴിയോര കച്ചവടം വീട്ടുജോലി വസ്ത്രനിര്‍മ്മാണം ചെരുപ്പ്, ബാഗ് എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയ വിവിധ മേഖലകളിലാണ് നഗരങ്ങളില്‍ നിന്ന് എത്തുന്ന തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നത്.
തൊഴിലാളികളുടെ തൊഴില്‍ അവകാശങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കപ്പെടുന്നു.
നിരവധി തൊഴിലാളികള്‍ തൊഴില്‍ സ്ഥലത്തുണ്ടാകുന്ന അപകടങ്ങളില്‍ പെട്ടും രോഗങ്ങള്‍ ബാധിച്ചും ഓരോ ദിവസവും മരണമടയുന്നു. ഫലപ്രദമായ ചികിത്സ ലഭിച്ചാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയൂമായിരുന്ന സംഭവങ്ങളില്‍ പോലും ചികിത്സിക്കാന്‍ പണം ഇല്ലാത്തതിനാല്‍ നിരവധി പേരാണ് മരണമടഞ്ഞ് കൊണ്ടിരിക്കുന്നത്. ടിന്‍ ഷീറ്റിട്ട കാറ്റും വെളിച്ചവും കയറാത്ത മുറികളിലാണ് ബഹുഭൂരിപക്ഷം തൊഴിലാളികളും താമസിക്കുന്നത്. ശുദ്ധജലവും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമല്ല. തിങ്ങിനിറഞ്ഞാണ് മുറികള്‍ക്കുള്ളില്‍ തൊഴിലാളികള്‍ താമസിക്കുന്നത് തൊഴില്‍ സ്ഥലങ്ങളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ മരണപെടുന്ന വര്‍ക്കും പരിക്ക് പറ്റുന്നവര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ല. വ്യവസായ മലിനീകരണവും കഠിനാധ്വാനവും പോഷക ആഹാരക്കുറവും തൊഴിലാളികളെ എളുപ്പത്തില്‍ രോഗികള്‍ ആക്കി മാറ്റുന്നു. മോശമായ ജീവിതസാഹചര്യങ്ങള്‍ തൊഴിലാളികളുടെ മരണസംഖ്യ വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നുണ്ട്. പൊതുവിതരണ സംവിധാനത്തിന്റെ നേട്ടം നഗരങ്ങളിലെ തൊഴിലാളികള്‍ക്ക് ലഭ്യമല്ല. നിരവധി തൊഴിലാളികള്‍ ജോലി ചെയ്തതിന് ശേഷം വേതനം ലഭിക്കാതെ കബളിപ്പിക്കപ്പെ ടുന്നു. സമൂഹത്തില്‍ പ്രളയകെടുതികളും യുദ്ധവും പകര്‍ച്ച വ്യാധികളും പോലുള്ള പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ സര്‍ക്കാരുകള്‍ തൊഴിലെടുക്കുന്ന ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നില്ല. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ദുരിതങ്ങള്‍ തൊഴിലാളികളുടെ ബുദ്ധിമുട്ട് വര്‍ദ്ധിപ്പിക്കുകയും മുന്‍പിലുള്ള എല്ലാ വഴികളും അടക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ കോര്‍പ്പറേറ്റുകള്‍ക്കും മുതലാളിമാര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. ആഗോള തലത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് തൊഴിലാളികളുടെ തൊഴില്‍ നഷ്ടമായപ്പോഴും ഇതുതന്നെയായിരുന്നു സ്ഥിതി. വിദ്യാഭ്യാസം, ആരോഗ്യം, പൊതുവിതരണം, ഗതാഗതം തുടങ്ങി എല്ലാ സേവന മേഖലകളും സ്വകാര്യ വല്‍ക്കരിക്കുന്ന നവഉദാരീകരണ കാലഘട്ടത്തിലാണ് കൊറോണ പടര്‍ന്ന് പിടിച്ചത്. പൊതുമേഖല ഒരു പരിധിവരെയെങ്കിലും നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ചികിത്സയും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാര്‍ ഭാഗീഗമായെങ്കിലും വിജയിച്ചു. കോവിഡ് പടര്‍ന്നു പിടിക്കുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പോലും സേവന മേഖലകള്‍ ദേശസാല്‍ക്കരിക്കുന്നതിനും തൊഴിലാളികള്‍ക്ക് അടിയന്തിരമായി സഹായം എത്തിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായില്ല. സര്‍ക്കാരിന്റെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കിക്കൊണ്ടും കോര്‍പ്പറേറ്റു കള്‍ക്ക് അധിക നികുതി ചുമത്തിയും സര്‍ക്കാരിന് പണം കണ്ടെത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതൊന്നും ഒരിക്കലും സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നില്ല. തൊഴിലാളികള്‍ ഗ്രാമത്തിലേയ്ക്ക് പോകുമ്പോള്‍ മരിച്ച് വീണുകൊണ്ടിരുന്ന സാഹചര്യത്തിലും കോര്‍പ്പറേറ്റുകളെ എങ്ങനെ തൃപ്തിപെടുത്തണം എന്നാണ് സര്‍ക്കാര്‍ ആലോചിച്ചത്.
ലോക്ഡൗണ്‍ കാലഘട്ടത്തില്‍ തൊഴിലാളികളെ പിരിച്ച് വിടരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനങ്ങള്‍ തൊഴിലാളികളെ പിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. ലോക് ഡൗണിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍ക്ക് വേതനം നല്‍കി തൊഴിലാളി കളെ നിലനിര്‍ത്താന്‍ കഴിയുന്നില്ല. വന്‍കിട കമ്പനികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും തൊഴിലാളികള്‍ക്ക് വേതനം നല്‍കാന്‍ കഴിയുമെങ്കിലും അവരും തൊഴിലാളികളെ പിരിച്ച് വിടുകയാണ്. തൊഴിലാളികളെ പിരിച്ചു വിടുന്ന വന്‍ ആസ്തിയുള്ള സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ് ചെയ്യുന്നത്.
കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന തൊഴില്‍ നിയമഭേദഗതി
എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിശ്രമം, എട്ട് മണിക്കൂര്‍ വിനോദം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് ലോകതൊഴിലാളി വര്‍ഗം ദീര്‍ഘനാള്‍ നടത്തിയ ത്യാഗോജ്വലമായ പോരാട്ടത്തെ തുടര്‍ന്നാണ് തൊഴില്‍ സമയം 8 മണിക്കൂര്‍ ആയി നിയമനിര്‍മ്മാണം നടത്തുന്നത്. ഈ നിയമം ഇപ്പോള്‍ ഭേദഗതി ചെയ്യുകയും കോര്‍പ്പറേറ്റുകളുടെ ആവശ്യത്തിന് അനുസരിച്ച് 12 മണിക്കൂര്‍ ആയി വര്‍ദ്ധിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കോവിഡിന്റെ പേരില്‍ തൊഴിലാളികള്‍ക്ക് സംഘടിക്കാനും പ്രതിഷേധിക്കാനും ഉള്ള എല്ലാ അവകാശവും നിഷേധിച്ച് കൊണ്ടാണ് ഇത് ചെയ്തത്. രാജ്യം സ്വാതന്ത്ര്യം ആയതോടുകൂടിയാണ് തൊഴില്‍ സമയം 8 മണിക്കൂര്‍ ആയി നിജപ്പെടുത്തിയിരിക്കുന്ന നിയമം പ്രാബല്യത്തില്‍ വന്നത്. കോളനി രാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് കോളൊണിയല്‍ ഭരണാധികാരികളുടെ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ ഒന്നും ബാധകമായിരുന്നില്ല. 1948 ലെ ഫാക്ടറീസ് ആക്ടിലാണ് തൊഴിലാളികളുടെ തൊഴില്‍ നിയമത്തെ സംബന്ധിച്ച വ്യവസ്ഥകള്‍ ഉള്ളത് ഈ നിയമപ്രകാരം തൊഴിലാളികള്‍ക്ക് 8 മണിക്കൂര്‍ മാത്രം തൊഴില്‍ ചെയ്താല്‍മതി. ഓവര്‍ ടൈം ചെയ്യുന്ന തൊഴിലിന് മണിക്കൂറിന് ഇരട്ടി വേതനം നല്‍കണം. പുതിയ നിയമപ്രകാരം തൊഴിലാളികള്‍ 4 മണിക്കൂര്‍ അധികം തൊഴില്‍ ചെയ്യണം. ഓവര്‍ ടൈം വേതനം ലഭിക്കുകയില്ല. നിലവിലുള്ള തൊഴിലാളികളെ കൊണ്ട് ഓവര്‍ ടൈം ജോലി ചെയ്യിക്കുമ്പോള്‍ നിരവധി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനും കാരണമാകും. രണ്ട് നൂറ്റാണ്ട് മുമ്പാണ് തൊഴിലാളി വര്‍ഗം 8 മണിക്കൂര്‍ തൊഴില്‍ എന്ന ആവശ്യം ഉന്നയിച്ചത്. പുതിയ സാഹചര്യത്തില്‍ തൊഴില്‍ സമയം ഇനിയും കുറയ്ക്കണം എന്ന ആവശ്യം തൊഴിലാളി വര്‍ഗ്ഗം ഉന്നയിച്ചു കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സര്‍ക്കാര്‍ തൊഴില്‍ സമയം വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ ദുരിതം പരിഹരിക്കുന്നതിന് ഫലപ്രദമായ നടപടി സ്വീകരിക്കുന്നതിന് പകരം തൊഴില്‍ സമയം വര്‍ദ്ധിപ്പിച്ചുകൊണ്ട് തൊഴിലാളികളെ ദ്രോഹിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ ആയി വര്‍ദ്ധിപ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പരിസ്ഥിതി നിയമങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാക്കി മാറ്റുന്നു.
പരിസ്ഥിതി നിയമങ്ങളും കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതിനുള്ള നീക്കമാണ് സര്‍ക്കാന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി മാര്‍ച്ച് 12 ന് കേന്ദ്രപരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം കരട് വിജ്ഞാപനം പുറത്തിറക്കി കഴിഞ്ഞു. ഈ കരട് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ പരിസ്ഥിതി നിയമം പ്രാബല്യത്തില്‍ വന്നാല്‍ കോര്‍പ്പറേറ്റുകള്‍ നടത്തുന്ന പ്രകൃതി വിഭവ ചൂഷണം വര്‍ദ്ധിക്കും. കോര്‍പ്പറേറ്റുകള്‍ക്ക് അനിയന്ത്രിതമായി പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിന് അവസരം ഒരുക്കുന്നതിന് വേണ്ടിയാണ് ഈ കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. പരിസ്ഥിതി അനുമതിയുടെ കാലാവധി 30 വര്‍ഷത്തില്‍ നിന്ന് 50 വര്‍ഷമാക്കുന്നതിനെപറ്റി കരടില്‍ പറയുന്നു. വ്യവസായങ്ങള്‍ക്ക് അനുമതി വാങ്ങുമ്പോള്‍ പരിസ്ഥിതി ആഘാതപഠനം നടത്തണം എന്ന നിയമത്തിനും ഭേദഗതി വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കരട് നോട്ടിഫിക്കേഷനില്‍ ഉണ്ട്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിവിധ വിധികളും കരട് വിജ്ഞാപനം പ്രാബല്യത്തില്‍ വന്നാല്‍ അപ്രസക്തമാകും. 500 ഖനികള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു. കോര്‍പ്പറേറ്റുകള്‍ നടത്തുന്ന പ്രകൃതി വിഭവചൂഷണം വര്‍ദ്ധിച്ചാല്‍ കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. നദികളും കിണറുകളും തോടുകളും വറ്റി വരളും. വനങ്ങള്‍ നശിപ്പിക്കപ്പെടും. മണ്ണിടിച്ചില്‍ ഉണ്ടാകും. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തപ്പെടും. ജലലഭ്യതയെയും ഇത് ബാധിക്കും. പ്രകൃതിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് വരുന്നവരുടെ തൊഴില്‍ നഷ്ടപ്പെടും.
കാര്‍ഷികമേഖലയില്‍ അഗ്രിബിസിനസ് കോര്‍പ്പറേറ്റുകള്‍ക്ക് അവസരം ഒരുക്കുന്നു
രാജ്യത്തെ ബഹുഭൂരിപക്ഷം പേരും തൊഴില്‍ ചെയ്യുന്നത് കൃഷിയും അതിനോടനുബന്ധിച്ച ചെറുകിട വ്യാപാരമേഖലയിലുമാണ്. കോവിഡുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന പാക്കേജില്‍ കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായി അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് താങ്ങുവില പ്രഖ്യാപിക്കുക കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളുക തുടങ്ങി കര്‍ഷകര്‍ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഒരു ആവശ്യവും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടുകൂടി കര്‍ഷകരുടെ ദുരിതങ്ങള്‍ വര്‍ദ്ധിക്കുകയാണ് ചെയ്തത്. കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ കഴിയുന്നില്ല. ഉല്‍പാദനവും സ്തംഭിച്ച അവസ്ഥയാണ് ഉള്ളത്. കാര്‍ഷിക രംഗത്ത് ഇപ്പോഴത്തെ അവസ്ഥ തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പശ്ചാത്തല വികസനവും മൃഗരോഗ സംരക്ഷണവും ഉള്‍പ്പെടെ 18000 കോടി രൂപയാണ് കര്‍ഷകര്‍ക്ക് വേണ്ടി കോവിഡ് പാക്കേജില്‍ മാറ്റിവച്ചിരിക്കുന്നത്. ഇത് വളരെ ചെറിയ തുകയാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. രാജ്യത്തിന് അകത്തും പുറത്തുമുള്ള അഗ്രി ബിസിനസ് കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിന് വേണ്ടി അവശ്യവസ്തു നിയമവും ഭേദഗതി ചെയ്യുകയാണ്. ഇതുവഴി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനും സംഭരിക്കുന്നതിനുമുള്ള എല്ലാ നിയന്ത്രണങ്ങളും ഇല്ലാതാകും. റിലയന്‍സിന് സര്‍ക്കാര്‍ ഉടമസ്ഥതയി ലുള്ള ഭക്ഷ്യഗോഡൗണുകള്‍ നിലവില്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. ആവശ്യവസ്തു നിയമം ഭേദഗതി ചെയ്യുന്നത് വഴി കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഗോഡൗണുകളില്‍ സംഭരിച്ചുകൊണ്ട് വില വര്‍ദ്ധിപ്പിക്കാന്‍ കഴിയും. പൊതുവിതരണ സമ്പ്രദായം തകരുന്നതിനും ഭക്ഷ്യസുരക്ഷിതത്വം ഇല്ലാതാകുന്നതിനും ഇത് കാരണമാകും.
ആരോഗ്യമേഖല കൈയ്യൊഴിയുന്നു
ആരോഗ്യമേഖലയുടെ സ്വകാര്യവല്‍ക്കരണത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമ്പോള്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് രാജ്യത്തെ തൊഴിലാളികളെയാണ്. കോവിഡിനെ തുടര്‍ന്ന് 1500 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. കോവിഡ് ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരിക്കലും ഈ തുകകൊണ്ട് കഴിയില്ല. ഈ കഴിഞ്ഞ ബഡ്ജറ്റില്‍ പ്രതിരോധത്തിന് മൂന്ന് ലക്ഷം കോടി മാറ്റിവച്ചപ്പോള്‍ ആരോഗ്യമേഖലയ്ക്ക് വേണ്ടി ഉണ്ടായിരുന്നത് 64000 കോടി രൂപ മാത്രമാണ്. ആരോഗ്യമേഖലയെ സ്വകാര്യവല്‍ക്കരിച്ചുകൊണ്ടും ചികിത്സ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയെ ഏല്‍പ്പിച്ചും സര്‍ക്കാര്‍ കയ്യൊഴിയുമ്പോള്‍ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികള്‍ക്കും ചികിത്സ നിഷേധിക്കപ്പെടുന്നു. കോവിഡ് ഉള്‍പ്പെടെയുള്ള ഏത് പകര്‍ച്ചവ്യാധി പടര്‍ന്ന് പിടിക്കുമ്പോഴും അത് ഏറ്റവും അധികം ബാധിക്കുന്നത് തൊഴിലാളികളെയാണ്. കോവിഡിന് മരുന്നോ വാക്‌സിനോ കണ്ടുപടിക്കുന്നത് വരെ രാജ്യം അടച്ചിടാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സാമൂഹിക അകലം പാലിച്ച് ജീവിക്കേണ്ടി വരും. ചെറിയ മുറികളില്‍ തിങ്ങിനിറഞ്ഞ് വൃദ്ധരും കുട്ടികളും സ്ത്രീകളും എല്ലാമായി കുടുംബത്തോടെയും അല്ലാതെയും താമസിക്കുന്ന തൊഴിലാളികള്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ കഴിയില്ല. രോഗം വരാതിരിക്കാന്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് അര്‍ദ്ധപട്ടിണിയിലായ തൊഴിലാളികള്‍ക്ക് പോഷക ആഹാരലഭ്യത ഉറപ്പ് വരുത്തികൊണ്ട് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയില്ല.
കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഗവണ്‍മെന്റ് ഹോസ്പിറ്റലിലെ ബെഡുകള്‍ മതിയാകാതെ വരും. തൊഴിലാളികള്‍ക്ക് ഒരിക്കലും സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചിലവ് താങ്ങാന്‍ കഴിയുകയില്ല. ഈ സാഹചര്യത്തില്‍ കോവിഡ് ചികിത്സ സൗജന്യമായി നല്‍കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടി ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നതിനും ഡോക്ടര്‍മാരും നേഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതിന്റേയും കാര്യത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായി പരാജയമാണ്.
ചെറുകിട വ്യാപാരമേഖല
ചെറുകിട വ്യാപാരവ്യവസായങ്ങള്‍ക്കായി സര്‍ക്കാര്‍ മൂന്ന് ലക്ഷംകോടിരൂപ ലോണ്‍ നല്‍കുന്നതിന് വേണ്ടി കോവിഡ് പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാല്‍ ഇപ്പോള്‍തന്നെ എടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ അവസ്ഥയിലാണ് ഭൂരിപക്ഷം സ്ഥാപനങ്ങളും. മാത്രമല്ല, വായ്പയെടുക്കുന്നതിനു വേണ്ടിയുള്ള ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാനും ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും കഴിയില്ല. ഈ സാഹചര്യത്തില്‍ വായ്പ നല്‍കാന്‍ ബാങ്ക് ഒരിക്കലും തയ്യാറാവില്ല.
ഗരീബ് കല്യാണ്‍ യോജന
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലൂടെ ഏപ്രില്‍ 22 വരെ ആധാര്‍ ഇനേബിള്‍ഡ് സിസ്റ്റം വഴി 33 കോടി ജനങ്ങളിലേയ്ക്ക് 31285 കോടി രൂപ എത്തിച്ചു എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ജന്‍ധന്‍ അക്കൗണ്ടുകള്‍ 10.25 കോടി വിവിധ പെന്‍ഷനുകള്‍, 1405 കോടി പി. എം കിസാന്‍, 16-146 കോടി പ്രോവിഡന്റ് ഫണ്ട് 162 കോടി നിര്‍മ്മാണ തൊഴിലാളികള്‍ 3497 കോടി ഇങ്ങനെ ആകെ 31235 കോടി രൂപ. ഇതിനെപ്പറ്റി അസീം പ്രേംജി ഇന്‍സ്റ്റിയൂട്ട് നടത്തിയിട്ടുള്ള പഠനത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത് 39% അക്കൗണ്ടിലേയ്ക്ക് മാത്രമാണ് തുക എത്തിയിട്ടുള്ളൂ എന്നാണ്. ആധാര്‍ ഇനേബിള്‍ഡ് പെയ്‌മെന്റ് സിസ്റ്റത്തില്‍ സംഭവിച്ച തകരാറുകള്‍ കാരണം 25 കോടിയില്‍ അധികം ട്രാന്‍സാഷനുകള്‍ പൂര്‍ത്തിയാക്കാതെ അക്കൗണ്ടിലേക്ക് തന്നെ മടങ്ങിയെത്തുകയാണ് ഉണ്ടായത്.
കോര്‍പ്പറേറ്റുകളുടെ ബാങ്ക് വായ്പ എഴുതിതള്ളുന്നു.
രാജ്യത്തെ 50 കോര്‍പ്പറേറ്റുകളുടെ 68.607 കോടി രൂപ റിസര്‍വ്വ് ബാങ്ക് എഴുതി തള്ളിയിരി ക്കുകയാണ് . ബാബ രാംദേവിന്റേയും മെഹുല്‍ ചോക്‌സിയുടെയും വായ്പ എഴുതി തള്ളിയിട്ടുണ്ട്. 13500 കോടി രൂപ ബാങ്ക് വായ്പ തട്ടിപ്പ് നടത്തി ഒളിവില്‍ പോയ ആളാണ് മെഹുല്‍ ചോക്‌സി. തൊഴിലാളികള്‍ ഓരോ ദിവസത്തേയും ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പ്രയാസപ്പെടുകയും കര്‍ഷകരും ചെറുകിട വ്യാപാരികളും കടക്കെണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബാങ്കുകളെ കബളിപ്പിച്ച് പണംതട്ടിയെടുത്തിട്ടുള്ളവരുടെ വായ്പ എഴുതി തള്ളുന്നത്.
ഗ്രാമീണ തൊഴിലുറപ്പ്പദ്ധതി
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 40000 കോടി രൂപ പാക്കേജില്‍ മാറ്റിവച്ചിട്ടുണ്ട്. ഈ തുക എപ്പോള്‍ ലഭിക്കുമെന്ന് ആര്‍ക്കും അറിയില്ല. നിലവില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ലഭിക്കുന്നത്. തുച്ഛമായ വേതനത്തിനാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ നിലവില്‍ തൊഴില്‍ ചെയ്യുന്നത്. 40000 കോടി രൂപ പാക്കേജില്‍ പ്രഖ്യാപിച്ചതുകൊണ്ടു മാത്രം ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ കഴിയില്ല.
കോവിഡുമായി ബന്ധപ്പെട്ട ആത്മ നിര്‍ഭര്‍ ഭാരത് പാക്കേജ് രാജ്യത്ത് പട്ടിണിയിലായ ബഹുഭൂരിപക്ഷം വരുന്ന തൊഴിലാളികളെ സഹായിക്കാന്‍ ആയിരുന്നില്ല യഥാര്‍ത്ഥത്തില്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പ് വരുത്തുന്ന ഒന്നും പാക്കേജില്‍ ഉണ്ടായിരുന്നില്ല. കോവിഡിനെത്തുടര്‍ന്നുള്ള ലോക് ഡൗണിനെ അവസരമാക്കിയെടുത്ത് രാജ്യത്തെ കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. തൊഴിലില്ലായ്മയും കര്‍ഷക ആത്മഹത്യകളും ദാരിദ്ര്യവും വര്‍ദ്ധിച്ച് വരുമ്പോള്‍ തീവ്ര വലതുപക്ഷ പ്രസ്ഥാനമായ ആര്‍.എസ്.എസിനാല്‍ നയിക്കുന്ന മോദിസര്‍ക്കാര്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തിയും അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിച്ചും യഥാര്‍ത്ഥ പ്രശ്‌നങ്ങളെ മറച്ച് വയ്ക്കാനാണ് ശ്രമിക്കുന്നത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in