കേരളത്തില്‍ നഗര നയ കമ്മീഷന്‍ രൂപീകൃതമാകുമ്പോള്‍
കാലാവസ്ഥ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച ഒരു സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന ഒരു പ്രദേശം എന്ന നിലയിലും സംസ്ഥാനത്തിന് ഒരു നഗരനയം അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ തീരുമാനം. ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന ഒരു സമൂഹം എന്ന നിലയില്‍, കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ഒരു ആഗോള കാഴ്ചപ്പാടും വികസിപ്പിക്കണം.
കേരളത്തിന്റെ നഗരവത്കരണത്തിന്റെ വിവിധ വശങ്ങള്‍ മനസിലാക്കുന്നതിനും ഭാവിയിലേക്കുള്ള സാധ്യതകളും വെല്ലുവിളികളും വിലയിരുത്തുന്നതിനുമായി ഒരു നഗരനയ കമ്മീഷന്‍ രൂപീകരിക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്ഥമായ പല സവിശേഷതകളും കേരളത്തിനുണ്ടെന്നു പറയാറുണ്ടല്ലോ. അതിലൊന്നാണ് നഗരവല്‍ക്കരണം. മറ്റു സംസ്ഥാനങ്ങളിലെ നഗരവല്‍ക്കരണം പ്രധാനമായി അവിടങ്ങളിലേക്ക് ഗ്രാമങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ തുടര്‍ച്ചയാണ്. കേരളത്തിലും ആ പ്രവണതയുണ്ടെങ്കിലും അതല്ല പ്രധാനം. നമ്മുടെ നഗരങ്ങള്‍ വളര്‍ന്ന്‌വളര്‍ന്ന് ഗ്രാമങ്ങളെ ഇല്ലാതാക്കുകയാണ്. ഫലത്തില്‍ കേരളം ഒന്നടങ്കം ഒരു നഗരമാകുന്ന അവസ്ഥയിലേക്ക്ാണ് നീങ്ങുന്നത്. തീര്‍ച്ചയായും ആദിവാസിമേഖലകളടക്കം ഒരു പാട് പ്രദേശങ്ങള്‍ വ്യത്യസ്ഥമാണ്. എങ്കിലും സംസ്ഥാനത്തിന്റെ മഹാഭൂരിഭാഗവും ഒറ്റനഗരത്തിന്റെ സ്വഭാവത്തിലേക്ക് നീങ്ങുകയാണ്. അതിനാല്‍ തന്നെ വ്യത്യസ്ഥമായൊരു നഗരനയം നമുക്കാവശ്യമാണ്. അതിന് ഈ തീരുമാനം സഹായകരമാകുമെങ്കില്‍ നന്ന്.
കാലാവസ്ഥ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച ഒരു സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന ഒരു പ്രദേശം എന്ന നിലയിലും സംസ്ഥാനത്തിന് ഒരു നഗരനയം അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ തീരുമാനം. ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന ഒരു സമൂഹം എന്ന നിലയില്‍, കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ഒരു ആഗോള കാഴ്ചപ്പാടും വികസിപ്പിക്കണം. അതിനാല്‍ തന്നെ ദേശീയവും, അന്തര്‍ ദേശീയവുമായ പ്രവര്‍ത്തന അനുഭവമുള്ള വിദഗ്ദ്ധര്‍ ഉള്‍കൊള്ളുന്ന ഒരു കമ്മീഷന്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നവകേരള നിര്‍മ്മിതിയിലെ സുപ്രധാന ചുവടുവെപ്പായിരിക്കും സമഗ്രമായ നഗരനയം രൂപീകരിക്കാനുള്ള ഈ നീക്കമെന്നാണ് സര്‍ക്കാര്‍ അവകാശവാദം. അതൊക്കെ കാത്തിരുന്നു കാണാം.
മറ്റു പല സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കാര്യമായി വന്‍നഗരങ്ങളില്ലാത്ത സംസ്ഥാനമാണ് കേരളം. നമുക്കൊരു മുംബൈയോ ഡെല്‍ഹിയോ ഇല്ലല്ലോ. കൊച്ചിയെ കുറിച്ചൊക്കെ നമ്മള്‍ അഭിമാനം കൊള്ളാറുണ്ടെങ്കിലും ്‌തൊന്നും രാജ്യത്തെ വന്‍നഗരങ്ങളുടെ അടുത്തൊന്നും എത്തില്ല. അതേസമയം വന്‍നഗരങ്ങള്‍ വികസിക്കുമ്പോള്‍ കൂടെ വളരുന്ന ചേരികളും ഇവിടെ കുറവാണ്. മറ്റു മിക്ക സംസ്ഥാനങ്ങളിലും കാണുന്നപോലെ കാര്യമായ നഗര – ഗ്രാമ വ്യത്യാസം കേരളത്തിലില്ല്. ജീവിത സൗകര്യങ്ങളിലും നിലവാരത്തിലും ഗതാഗതസൗകര്യങ്ങളും പാര്‍പ്പിടങ്ങളിലുമൊക്കെയുള്ള അന്തരം കുറവാണ്. പ്രവാസികള്‍ ഏറെ കൂടുതലായതിനാല്‍ സംസ്ഥാനത്തുടനീളം നഗര ഗ്രാമവ്യത്യാസമില്ലാതെ പൂട്ടികിടക്കുന്ന വീടുകളും ഫ്‌ളാറ്റുകളും ഏറെയാണ്. രാജ്യത്തുതന്നെ വലിയ വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ നാം മുന്നിലാണ്ജനസാന്ദ്രതയിലും ഭൂമിയുടെ വിലയിലും വളരെ മുന്നിലായതിനാല്‍ വ്യവസായിക വികസനത്തിന്റെ സാധ്യത കുറവ്. നിലവിലെ സാധ്യതകളനുസരിച്ച് വികസിക്കാവുന്ന മേഖലകളും വികസിക്കുന്നില്ല. ഉദാഹരണമായി ഐടി തന്നെ. അക്കാര്യത്തില്‍ എത്രയോ പുറകിലാണ് ഇപ്പോഴും കേരളം. ഭൂമിയുടെ വില വളരെ കൂടുതലായതിനാല്‍ കൃഷി വികസിക്കാനും ഇനി കാര്യമായ സാധ്യതയില്ല. വാണിജ്യമാണ് വികസിക്കുന്നത്. എന്തിനും ഏതിനും ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ. അതാകട്ടെ കൂടുതല്‍ രൂക്ഷമാകുകയുമാണ്. ഇവയെല്ലാം കമ്മീഷന്‍ പരിഗണിക്കുമെന്നു കരുതാം. ദേശീയ ജനസംഖ്യാ കമ്മിഷന്‍ കണക്കനുസരിച്ച് 2035 ഓടെ 92.8 ശതമാനത്തിന് മുകളില്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറുമത്രെ.
നവ കേരള നഗര നയം രൂപീകരിക്കുമെന്ന് . ധനകാര്യ മന്ത്രി 2023ലെ ബഡ്‌ജെറ്റ് പ്രസംഗത്തില്‍ പ്രസ്താവിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കരട് നഗര നയത്തിന്റെ ചട്ടക്കൂട് 2018ല്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗര വികസനം സംസ്ഥാന വിഷയമായതിനാല്‍ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗര നയം പ്രസിദ്ധപ്പെടുത്തണമെന്ന് ആ റിപോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും. കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിതെളിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ കമ്മീഷന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും ഉപയോഗിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അതിനായി ഒരു നഗര നയ സെല്‍ രൂപീകരിക്കും. നഗര പഠനത്തില്‍ അന്തര്‍ദേശീയമായി ശ്രദ്ധിക്കപ്പെടുന്ന മികവിന്റെ ഒരു കേന്ദ്രമായി കിലയുടെ നഗരഭരണ പഠന കേന്ദ്രത്തെ അര്‍ബന്‍ കമ്മീഷന്‍ പ്രവര്‍ത്തനത്തിലൂടെ മാറ്റിയെടുക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
കേരളത്തിന്റെ നഗരവല്‍ക്കരണ സ്വഭാവവും മാതൃകകളും മനസിലാക്കുക, നഗര വികസനത്തിന്റെ സ്ഥലപരമായ പ്രത്യാഘാതവും സവിശേഷതകളും മനസ്സിലാക്കികൊണ്ട് ശാസ്ത്രീയമായ നഗരാസൂത്രനത്തിന് സഹായകമായ ഉചിതമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുക, വിവിധങ്ങളായ നഗരവല്‍ക്കരണ പ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായിക്കാന്‍ ഉതകുന്ന പ്രാദേശിക നഗര ഭരണനിര്‍വ്വഹണ ചട്ടക്കൂട് തയ്യാറാക്കുക, കാലാവസ്ഥാവ്യതിയാനത്തെ മുന്‍ നിര്‍ത്തി മാനുഷിക മുഖമുള്ള നഗര വികസനം സാധ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുക, സാങ്കേതികമായി നവീകരിച്ചതും പ്രൊഫഷണല്‍ സമീപനമുള്ളതുമായ ഭരണ സേവന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നതിന് നഗരസഭകളെ സഹായിക്കുന്നതിന് വിശദമായ പഠനങ്ങള്‍ നടത്തി നിര്‍ദേശങ്ങള്‍ നല്‍കുക., നഗരവല്ക്കരണവുമായി ബന്ധപ്പെട്ട വ്യവസായം, ഭാവനനിര്‍മ്മാണം, ഭൂവിനിയോഗം, മാലിന്യ പരിപാലനം, പൈതൃക സംരക്ഷണം തുടങ്ങി വിവിധ മേഖലകളെ ബന്ധപ്പെടുത്തി കേരള നഗര വല്‍ക്കരണം വിശകലനം ചെയ്യുക., വിവിധങ്ങളായ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദേശിക്കുക തുടങ്ങിയവയൊക്കെയാണ് കമ്മീഷനോട് ആവശ്യപ്പെടുക.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയം കമ്മീഷന്റെ ശ്രദ്ധയില്‍ പെടുത്തിയി്ടടുണ്ടോ എന്നറിയില്ല. . അത് മാലിന്യ സംസ്‌കാരണത്തെ കുറിച്ചാണ്. ഇക്കാര്യത്തില്‍ വളരെ പുറകിലാണ് കേരളത്തിലെ നഗരങ്ങള്‍. ചെറിയ നഗരങ്ങളായിട്ടുപോലും രാജ്യത്തെ വന്‍നഗരങ്ങളോട് താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യം ബോധ്യമാകും. രണ്ടുനേരമെങ്കിലും കുളിക്കുന്ന, സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നവരാണ് നമ്മള്‍ എന്നാണ് വെപ്പ്. എന്നാല്‍ പൊതുസ്ഥലങ്ങളുടെ അവസ്ഥയോ? സ്വന്തം മാലിന്യം പൊതുയിടങ്ങളിലേക്ക് വലിച്ചെറിയുന്നതാണ് പൊതുവില്‍ നമ്മുടെ രീതി. നഗരസഭകള്‍ക്കാകട്ടെ മാലിന്യപ്രശ്‌നത്തിനു പരിഹാരം കാണാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ല. മാലിന്യവിഷയവുമായി എത്രയോ സമരങ്ങള്‍ കേരളത്തില്‍ നടന്നു. എന്നിട്ടും ബ്രഹ്മപുരങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഈ കമ്മീഷന്‍ പ്രധാന അജണ്ടയായി ഈ വിഷയം പരിഗണിക്കുമെന്നു കരുതാം.
ഗതാഗതവുമായി ബന്ധപ്പെട്ടും നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ഗഗര – ഗ്രാമ വ്യത്യാസം കുറവായതിനാല്‍ വാഹനസാന്ദ്രതയില്‍ കേരളം വളരെ മുന്നിലാണല്ലോ. അവയെ ഉള്‍ക്കൊള്ളാവുന്ന റോഡുകളല്ല നമ്മുടേത്. ഇവിടത്തെ സാഹചര്യത്തില്‍ അതുണ്ടാക്കുക അത്ര എളുപ്പവുമല്ല. അതോടൊപ്പമാണ് തീരെ ട്രാഫിക് കള്‍ച്ചര്‍ ഇല്ലാത്ത നമ്മുടെ ഡ്രൈവിംഗും റോഡുകളുടെ മോശം അവസ്ഥയും. ഫലത്തില്‍ റോഡപകടങ്ങളില്‍ കൂടുതല്‍ പേര്‍ മരിക്കുകയും എന്നന്നേക്കുമായി കിടപ്പിലാകുകയും ചെയ്യുന്ന പ്രദേശം കൂടിയാണ് കേരളം. അവരില്‍ ഭൂരിഭാഗവും ചെറുപ്പക്കാരും കാല്‍നടക്കാരും ഇരുചക്രവാഹവനക്കാരും. പൊതുഗതാഗത സംവിധാനത്തിനും കാല്‍നടക്കാര്‍ക്കും തീരെ പ്രാധാന്യം കൊടുക്കാത്ത ഗതാഗത നയമാണ് നാമിപ്പോഴും പിന്തുടരുന്നത്. ഏറ്റവും പരിഗണന സ്വകാര്യ കാറുകള്‍ക്കാണ്. വലിയൊരു ഭാഗം വീടുകളിലും ഒന്നില്‍ കൂടുതല്‍ കാറുകളും കാണാം. എന്തെങ്കിലും ഗതാഗത സ്തംഭനമുണ്ടായാല്‍ പൊതുവാഹനങ്ങളെ വഴി തിരിച്ചുവിടുന്നതില്‍ നിന്നു തന്നെ അത് വ്യക്തമാണ്. മിക്ക വികസിത രാജ്യങ്ങളും പൊതുഗതാഗതത്തിനാണ് പ്രധാന്യം കൊടുക്കുന്നത്. ഇക്കാര്യത്തിലും കമ്മീഷന്റെ ഇടപെടലുണ്ടാകുന്നത് ഗുണകരമായിരിക്കും. ഒരു ചെറിയ മഴ പെയ്യുമ്പോഴേക്കും ഉണ്ടാകുന്ന വെള്ളക്കെട്ടും പ്രധാന പ്രശ്‌നമാണ്.
ഈ കമ്മീഷന്റെ പരിധിയില്‍ വരില്ലെങ്കിലും പ്രസക്തമായ മറ്റൊരു വിഷയമുണ്ട്. നഗരവല്‍ക്കരണത്തോടൊപ്പം ഉണ്ടാകേണ്ട സാംസ്‌കാരിക വികാസമാണ്. ്അക്കാര്യത്തില്‍ നമ്മള്‍ വളരെ പുറകിലാണ്. ഇപ്പോഴും മറ്റുള്ളവരുടെ വ്യക്തിപരമായ വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുകയും അവരുടെ വ്യക്തിത്വും സ്വാതന്ത്ര്യവും അംഗീകരിക്കാതിരിക്കുകയും സദാചാര പോലീസിംഗ് നടത്തുകയും ചെയ്യുന്ന പൊതുപ്രവണതയാണ് നമുക്കുള്ളത്. അക്കാര്യത്തിലും കാര്യമായ നഗര – ഗ്രാമ വ്യത്യാസമില്ല. രാജ്യത്തെ വന്‍നഗരങ്ങളിലൊക്കെ തുറിച്ചുനോട്ടമോ കാര്യമായ അക്രമങ്ങേളാ നേരിടാതെ സ്ത്രീകള്‍ക്കും ഇതര ലിംഗ – ലൈംഗിക വിബാഗങ്ങള്‍ക്കും കഴിയുമ്പോള്‍ ഇവിടത്തെ അവസ്ഥ കഷ്ടമാണ്. ഇപ്പോഴും LGBTQI വിഭാഗങ്ങളില്‍ പെട്ടവര്‍ വലിയൊരു ഭാഗം കേരളത്തില്‍ ജീവിക്കാനാവാതെ ചെന്നൈയിലും ബാംഗ്ലൂരിലുമാണ് ജീവിക്കുന്നത്. നഗരജീവിതത്തിറെ അവിഭാജ്യഭാഗമായ നൈറ്റ് ലൈഫ് ഇപ്പോഴും നമുക്ക് അന്യമാണ്. ്ത്തരത്തിലൊരു നീക്കം നടന്ന തിരുവനന്തപുരം മാനവീയം വേദിയില്‍ എന്താണ് സംഭവിച്ചതെന്നു നാം കണ്ടു. രാത്രി എട്ടും ഒമ്പതുമാകുമ്പോള്‍ ശൂന്യമാകുന്നതാണ് ഗ്രാമ – നഗര വ്യത്യാസമില്ലാതെ നമ്മുടെ തെരുവുകള്‍. അവയാകട്ടെ സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായും അന്യമാണ്. ഇത്തരം വിഷയങ്ങളില്‍ ആവശ്യം സാംസ്‌കാരികവും മാനസികവുമായി വികാസമാണ്. പക്ഷെ ഇപ്പോഴും നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധമെന്നൊക്കെയുള്ള ഗൃഹാതുരത്വവരികള്‍ നാം പാടിനടക്കുന്നത്. അതിനുമാറ്റം വരുത്താതെ നഗര നയ കമ്മീഷന്‍ കൊണ്ടൊന്നും കാര്യമായ വ്യത്യാസമുണ്ടാകില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in