മലയാള സിനിമ കാസര്‍ഗോഡ് എത്തുമ്പോള്‍

മംഗലാപുരത്തുനിന്നുള്ള മയക്കുമരുന്നിനെ ലക്ഷ്യമിട്ടാണ് മലയാള സിനിമ കാസര്‍ഗോട്ടേക്കു പോകുന്നതെന്ന ഒരു നിര്‍മ്മാതാവിന്റെ പ്രസ്താവനയാണ് ഈ കുറിപ്പിനു പ്രകോപനമായത്.

തലസ്ഥാനനഗരിയില്‍ നിന്ന് ഏറ്റവും ദൂരെ, സംസ്ഥാനത്തിന്റെ ഒരറ്റത്ത് സ്ഥിതി ചെയ്യുന്നതുമൂലം വികസനത്തില്‍ ഏറെ പുറകിലായ, പിന്നോക്കജില്ലയാണ് കാസര്‍ഗോഡ് എന്നാണല്ലോ പൊതുവിലയിരുത്തല്‍. ഒരുപക്ഷെ കാസര്‍ഗോഡ് ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിതങ്ങളുടെ പേരിലായിരിക്കും. ഏറെ ചര്‍ച്ചചെയ്യപ്പെ ആ വിഷയങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല. എന്നാല്‍ തങ്ങള്‍ പിന്നോക്കക്കാരല്ല എന്നിതാ ആവര്‍ത്തിച്ചു തെളിയിക്കുകയാണ് കാസര്‍ഗോട്ടെ സിനിമാലോകം. ‘തിങ്കളാഴ്ച നിശ്ചയ’ത്തിനും ‘ന്നാ താന്‍ കേസ് കൊട് ‘ നും ശേഷം പുറത്തുവന്ന ‘മദനോത്സവും’ കൂടി കണ്ടവര്‍ ഈ അഭിപ്രായത്തെ എതിര്‍ക്കുമെന്നു തോന്നുന്നില്ല.

ഒരുവിഭാഗം രാഷ്ട്രീയക്കാര്‍ക്ക് പേരു കേള്‍ക്കുമ്പോള്‍ തന്നെ ചോരതിളക്കുന്ന, എന്നാല്‍ രാഷ്ട്രീയക്കാരടക്കം ബഹുഭൂരിപക്ഷം പേരും ഏറെ ഇഷ്ടപ്പെട്ട ‘സന്ദേശ’ ത്തിനുശേഷം കണ്ട ഏറ്റവും മികച്ച രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രമാണ് സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത മദനോത്സവം എന്നുറപ്പിച്ചു പറയാം. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കി രതീഷ് ബാലകൃഷ്ണനാണ് ഈ പൊളിറ്റിക്കല്‍ സറ്റയറിന്റെ തിരകഥയൊരുക്കിയത്. പതിവുപോലെ ജീവിച്ചിരിക്കുന്ന ആരെപറ്റിയുമല്ല ഈ സിനിമ എന്നൊക്കെ എഴുതി കാണിക്കുന്നുണ്ടെങ്കിലും ആരംഭം മുതല്‍ മിക്കവാറും എല്ലാകഥാപാത്രങ്ങളും നമുക്ക് സുപരിചിതരാണ്. ഏതു തെരഞ്ഞെടുപ്പിലും എവിടെയെങ്കിലും മത്സരിക്കാനെത്തുന്ന, പേരുമറ്റൊന്നാന്നെണെങ്കിലും മലയാളിക്കു പരിചിതനായ രാഷ്ട്രീയ നേതാവ് മദനന്‍ മഞ്ഞക്കാരനെ തോല്‍പ്പിക്കാന്‍ എതിരാളികള്‍ അതേപേരിലുള്ള മദനന്‍ എന്ന ചെറുപ്പക്കാരനെ തട്ടിക്കൊണ്ടുവന്ന് നോമിനേഷന്‍ കൊടുപ്പിച്ചിച്ച്, ക്വട്ടേഷന്‍ ഗുണ്ടകളുടെ സഹായത്തോടെ ഒളിവില്‍ തമാമസിപ്പിക്കുന്നതും മദനനെ കണ്ടെത്താന്‍ മദനന്‍ മഞ്ഞക്കാരന്റെ ഗുണ്ടകള്‍ രംഗത്തിറങ്ങുന്നതും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് വളരെ രസകരമായി സിനിമയില്‍ അവതരിപ്പിക്കുന്നത് കോഴിക്കുഞ്ഞുങ്ങളെ മനോഹരമായി പെയ്ന്റടിച്ച്, വളരെ ബുദ്ധിമുട്ടി ജീവിക്കുന്ന മദനനെ അതിമനോഹരമായി അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂടാണ്. മദനന്‍ മഞ്ഞക്കാരനായി പ്രത്യക്ഷപ്പെടുന്നത് ബാബു ആന്റണിയും. ഓര്‍ത്തോത്തു ചിരിക്കാന്‍ ഈ ചിത്രത്തെ മാറ്റിയെടുത്തത് രാജേഷ് മാധവനും രഞ്ജി കാങ്കോലും അവതരിപ്പിച്ച ക്വട്ടേഷന്‍ നമ്പൂതിരിമാരാണ്. ന്നാ താന്‍ പോയി കേസ് കൊട് സിനിമയില്‍ ജഡ്ജിയെ അവിസ്മരണീയമാക്കിയ പി പി കുഞ്ഞികൃഷ്ണന്‍ മദദന്റെ ഇളേപ്പനായി ഈ സിനിമയിലും ഗംഭീരമായി അഭിനയിച്ചു. സിനിമയിലെ ഓരോ രാഷ്ട്രീയക്കാരും സംഭവങ്ങളും നിരന്തരമായി മലയാളികള്‍ കാണുന്നവയാണ്. വളരെ സ്വാഭാവികമായ രീതിയില്‍ അവയെ അവതരിപ്പിക്കാനായി എന്നതുതന്നെ സിനിമയുടെ വിജയത്തിന്റെ അടിസ്ഥാനകാരണം. കാസര്‍ഗോട്ടെ ബളാല്‍ ഗ്രാമവും നാട്ടുവഴികളും ഭാഷയും ശൈലിയുമെല്ലാം ചിത്രത്തെ അത്യാകര്‍ഷകമാക്കുന്നു.

ശുദ്ധഹാസ്യത്തിന്റെ അകമ്പടിയോടെ ശക്തമായ രാഷ്ട്രീയവിമര്‍ശനം നടത്തിയ ന്നാ താന്‍ കോസ് കൊട് സിനിമയുടെ സംവിധാനവും തിരകഥയും രതീഷ് ബാലകൃഷ്ണന്റേതുതന്നെയായിരുന്നു. റോഡിലെ കുഴിയാണ് സിനിമയിലെ പ്രധാന കഥാപാത്രം. റിലീസ് ചെയ്യുന്ന സമയത്തുതന്നെ സംസ്ഥാത്തുടനീളം റോഡിലെ കുഴികള്‍ ചര്‍ച്ചാവിഷയമായിരുന്നത് സിനിമക്ക് സഹായകരമായി എന്നതു യാഥാര്‍ത്ഥ്യമാണ്. സിനിമക്കെതിരെ കടുത്ത സൈബര്‍ അക്രമണത്തിനും അതു കാരണമായി. സിനിമ ഏറെസമയവും സംഭവിക്കുന്നത് കോടതിമുറിക്കുള്ളിലാണ്. വളരെ സ്വാഭാവികമായ കോടതി ദൃശ്യങ്ങള്‍. നിയമവും നീതിയും പാവപ്പെട്ടവര്‍ക്ക എത്രയോ അകലെയാണെന്ന ഗൗരവമായ വിഷയം കൂടിയാണ് ഹാസ്യത്തില്‍ ചാലിച്ച് സംവിധായകന്‍ പറയുന്നത്. ബോബന്‍ കുഞ്ചോക്കോയുടെ വ്യത്യസ്ഥമായ മുഖവും ഈ സിനിമയിലൂടെ പ്രേക്ഷകര്‍ കണ്ടു. ഈ സിനിമക്കും ഏറെ മാസം മുമ്പാണ് സംസ്ഥാനപുരസ്‌കാരം നേടിയ കാസര്‍ഗോഡ് ചിത്രം തിങ്കളാഴ്ച നിശ്ചയം മലയാളി കണ്ടത്. അതിസാധാരണമായ ഒരു വിഷയത്തെ അതിസാധാരണമായി ചിത്രീകരിച്ചതാണ് ഈ സിനമയുടെ യഥാര്‍ത്ഥവിജയം. കാഞ്ഞങ്ങാട്ടെ ഒരു വീട്ടിലെ പെണ്‍കുട്ടിയുടെ വിവാഹത്തലേന്ന് നടക്കുന്ന സംഭവങ്ങള്‍ മാത്രമാണ് സിനിമയിലുള്ളത്. അതാകട്ടെ ഏറെക്കുറെ പുതുമുഖങ്ങളായ, നാട്ടുകാരായ നടീനടന്മാരിലൂടെ. ഹാസ്യത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനം തന്നെയാണ് ഇതിലും പ്രേക്ഷകര്‍ അനുഭവിക്കുന്നത്. ഒപ്പം കാസര്‍ഗോഡിന്റെ താരതമ്യങ്ങളില്ലാത്ത അനുഭവവും.

സത്യത്തില്‍ മംഗലാപുരത്തുനിന്നുള്ള മയക്കുമരുന്നിനെ ലക്ഷ്യമിട്ടാണ് മലയാള സിനിമ കാസര്‍ഗോട്ടേക്കു പോകുന്നതെന്ന ഒരു നിര്‍മ്മാതാവിന്റെ പ്രസ്താവനയാണ് ഈ കുറിപ്പിനു പ്രകോപനമായത്. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തും കോഴിക്കോടും വള്ളുവനാടും കൊച്ചിയും തൊടുപുഴയും എന്തിന് കണ്ണൂര്‍ പോലും സിനിമാ നിര്‍മ്മാണ കേന്ദ്രങ്ങളായപ്പോള്‍ ഇല്ലാതിരുന്ന, ഒരു വിഭാഗത്തിന്റെ വേവലാതിയാണ് ഈ പ്രസ്താവനയിലൂടെ പുറത്തുവരുന്നത്. കാസര്‍ഗോഡിനോടുള്ള അവജ്ഞക്കൊപ്പം അവിടെനിന്ന മികച്ച സിനിമകള്‍ പുറത്തുവരുന്നതുകൂടിയാണ് ഈ വിഭാഗത്തെ പ്രകോപിപ്പിക്കുന്നത്. വാസ്തവത്തില്‍ പിറവി, ബോംബെ, മധുരനോമ്പരക്കാറ്റ്, തൊണ്ടിമുതല്‍ തുടങ്ങി പല മികച്ച സിനിമകളും കാസര്‍ഗോഡ് നിന്നു പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നിരവധി സിനിമകളുടെ നിര്‍മ്മാണം അവിടെ പുരോഗമിക്കുന്നു എന്നതാണ് ഈ മേലാളവര്‍ഗ്ഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. മദനോത്സവത്തിന്റെ സംവിധായകന്‍ സുധീഷ് ഗോപിനാഥ് ഇതിനു മറുപടി പറഞ്ഞിട്ടുമുണ്ട്. ‘അധികം പകര്‍ത്തപ്പെടാത്ത കാസറഗോഡിന്റെ ഉള്‍ നാടുകളുടെ ദൃശ്യഭംഗിയും സാംസ്‌കാരിക ശേഷിപ്പുകളുടെ കാഴ്ചകളും, ജനങ്ങളുടെ സഹകരണവും ഒക്കെയാവാം സിനിമ പ്രവര്‍ത്തകരെ ഇവിടേയ്ക്ക് നോക്കാന്‍ പ്രേരിപ്പിച്ചത്. നാടകങ്ങളിലൂടെ വൈഭവം തെളിയിച്ച കുറെ കലാകാരന്മാര്‍, തെയ്യം പോലുള്ള അനുഷ്ടാനാ കലകള്‍ ഈ നാട്ടിലെ കലാകാരന്മാര്‍ക്ക് നല്‍കിയ ഊര്‍ജ്ജമുള്ള ശരീര ഭാഷ, ഉത്തര മലബാറിലെ സാഹിത്യ /കല /നാടക /സാംസ്‌കാരിക പ്രവര്‍ത്തകരുടെ സൗഹൃദ കൂട്ടായ്മ, കാസറഗോഡ് മണ്ണില്‍ നിന്നും സിനിമ മോഹവുമായി വണ്ടി കയറി പോയ ചെറുപ്പക്കാര്‍ പ്രതിബന്ധങ്ങള്‍ താണ്ടി വളര്‍ന്നു സ്വതന്ത്ര സംവിധായകരും, കാസ്റ്റിംഗ് തീരുമാനിക്കുന്നവരും ഒക്കെ ആയതുമൊക്കെയാണ് സിനിമ ഇവിടേയ്ക്ക് വന്നതിന്റെ മറ്റു ചില അനുകൂല ഘടകങ്ങള്‍ . വലിയ നടന്മാര്‍ക്ക് പോലും അച്ചടി മലയാള ഭാഷ തങ്ങളുടെ പ്രകടനങ്ങള്‍ക്ക് വലിയ തടസമായിരുന്നു. കഥാപരിസരം സ്വന്തം നാടായപ്പോള്‍, ഭാഷ സ്വന്തം സംസാരഭാഷ ആയപ്പോള്‍ ഉത്തര മലബാറിലെ നടന്മാര്‍ വലിയ കഴിവുകള്‍ സ്‌ക്രീനില്‍ പ്രകടിപ്പിച്ചു മിന്നും താരങ്ങളായി. സിനിമ തങ്ങളുടെ ഒരു സാംസ്‌കാരിക പ്രവര്‍ത്തനം കൂടിയാണെന്നും സുധീഷ് ഗോപിനാഥ് പറയുന്നു. സത്യത്തില്‍ കാസര്‍ഗോഡിനോട് മാത്രമല്ല, ഉത്തരകേരളത്തോടുതന്നെ സിനിമാലോകവും പൊതുവില്‍ കേരളവും കാണിക്കുന്ന മോശം സമീപനം തന്നെയാണ് മാമുക്കോയക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പ്രമുഖരൊന്നും എത്തിയില്ല എന്ന വിമര്‍ശനത്തിലൂടേയും പുറത്തുവരുന്നത്. അതിനെല്ലാം സിനിമയിലൂടെ മറുപടിപറയുകയാണ് കാസര്‍ഗോട്ടുകാര്‍ എന്നതാണ് മദനോത്സവത്തിന്റെ ഏറ്റവും വലിയ പ്രസക്തി.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply