
ജെന്‍-സി തെരുവുകള്‍ കീഴടക്കുമ്പോള്‍
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
സെപ്തംബര്‍ മാസത്തിന്റെ ആദ്യവാരത്തിലെപ്പോഴോ കാഠ്മണ്ഡുവിലെ തെരുവുകളിലൊന്നില്‍ ഒരു മന്ത്രിവര്യന്റെ കാര്‍ ഒരു 11 വയസ്സുകാരിയെ തട്ടിത്തെറിപ്പിച്ച് നിര്‍ത്താതെ കടന്നുപോയി. കുട്ടി മരിച്ചില്ല, പക്ഷേ പോലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവറെ ഇരുപത്തിനാലു മണിക്കൂറിനകം വിട്ടയച്ചു. നിസ്സാരസംഭവമെന്ന് പ്രധാനമന്ത്രിയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായ ഖഡ്ഗ പ്രസാദ് ശര്‍മ്മ ‘ഒലി’ പ്രസ്താവന നല്‍കി. അതായിരുന്നു തുടക്കം. അധികാരി വര്‍ഗ്ഗത്തിന്റെ ‘who cares’ നിലപാടിനെതിരെ രോഷം അണപൊട്ടിയതോടെ ഭരണകൂടം സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇരുപത്തിയാറോളം മൊബൈല്‍ ആപ്പുകള്‍- ഫേസ്ബുക്ക്, എക്‌സ് ഉള്‍പ്പെടെ- നിരോധിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെറുപ്പക്കാര്‍- സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ- തെരുവുകളിലേക്ക് ഒഴുകിയെത്തി. നിരോധനാജ്ഞ അവഗണിച്ച് പ്രകടനത്തിന് മുതിര്‍ന്ന ആള്‍ക്കൂട്ടത്തിന് നേരെ പോലീസുകാര്‍ വെടിയുതിര്‍ത്തു. പത്തൊമ്പത് ചെറുപ്പക്കാര്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടു. അതിനുള്ളില്‍ അക്രമാസക്തരായ ജനക്കൂട്ടം-ജെന്‍-സി (gen Z) എന്ന് വിളിപ്പേര്- പല സര്‍ക്കാര്‍ മന്ദിരങ്ങളും തകര്‍ത്തു. നേപ്പാളിന്റെ അധികാരവര്‍ഗ്ഗത്തിന്റേത് എന്നറിയപ്പെടുന്ന കെട്ടിടങ്ങളും ജനപ്രതിനിധികളും അവരുടെ കുടുംബാംഗങ്ങളും കലാപകാരികളുടെ അപ്രീതിക്ക് ഇരയായി. നാല്‍പ്പത്തിയെട്ടു മണിക്കൂറില്‍ നേപ്പാളിലെ ഭരണമുന്നണി രാജിവെച്ചു. മൂന്നു ദിവസത്തിനുള്ളില്‍ സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി ജന്‍സീയുടെ താല്പര്യപ്രകാരം നേപ്പാള്‍ സൈന്യാധിപന്റെ ഒത്താശയോടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. പുതിയ ഭരണാധികാരിയുടെ ആദ്യ നടപടികളില്‍ അഴിമതികള്‍ക്കെതിരെ അന്വേഷണ പ്രഖ്യാപനവും പഴയ പ്രതിനിധി സഭയെ പിരിച്ചുവിട്ട് പുതിയ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് 5ന് തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനങ്ങളും ഉള്‍പ്പെട്ടിരുന്നു. അങ്ങനെ കഴിഞ്ഞ നാലു പതിറ്റാണ്ടിലെ മൂന്നാമത്തെ വിപ്ലവം ഒരാഴ്ചയ്ക്കുള്ളില്‍ നേപ്പാളിന്റെ ഭരണത്തലവര തന്നെ മാറ്റിയെഴുതി. 1990ലെ ജന ആന്തോളന്‍ (ജനകീയ പ്രക്ഷോഭം) രാജഭരണം ഇല്ലാതാക്കുകയും 2005ലെ പ്രക്ഷോഭം നേപ്പാളിനെ മതേതര റിപ്പബ്ലിക് ആക്കുകയും ചെയ്തുവെങ്കില്‍ ആ രണ്ട് പ്രക്ഷോഭങ്ങളിലും സജീവപങ്കാളിത്തവും നേതൃത്വവുമുണ്ടായിരുന്ന രാഷ്ട്രീയ പാര്‍ട്ടികളാണ്- കമ്മ്യൂണിസ്റ്റുകാരും മാവോയിസ്റ്റുകളും നേപ്പാള്‍ കോണ്‍ഗ്രസ്സും അവരില്‍പ്പെടും- മൂന്നാം വിപ്ലവത്തിന്റെ ഇരകളായത്. വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെത്തിന്നുന്നു എന്ന വരികള്‍ എത്ര അര്‍ത്ഥവത്താണ്! ജെന്‍സിയുടെ ഊഴം വരാനിരിക്കുന്നതേയുള്ളൂ.
ജെന്‍-സി എന്നാല്‍ 1997നും 2012നും ഇടയ്ക്ക് ജനിച്ചവരുടെ തലമുറ. ടീനേജുകാര്‍ മുതല്‍ മുപ്പതുകളുടെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നവര്‍ വരെ ഇതില്‍പ്പെടും. മൊബൈലും ഇന്റര്‍നെറ്റും പരിചയിച്ചും അവകളാല്‍ രൂപപ്പെട്ടും ഉയര്‍ന്നുവന്ന തലമുറയാണ് ജെന്‍-സി. പഴയ അധികാര ശ്രേണികളോട് അവര്‍ പൊരുത്തപ്പെടണമെന്നില്ല. സാമൂഹ്യമാധ്യമങ്ങളുടെ അനാര്‍ക്കിസം രൂപപ്പെടുത്തിയതാണ് അവരുടെ അഭിരുചികള്‍. കുടുംബത്തിന്റേയോ ജാതിയുടേയോ പണത്തിന്റേയോ പദവിയുടേയോ അധികാരത്തിന്റേയോ പ്രിവിലേജുകള്‍ അവര്‍ അംഗീകരിക്കുന്നില്ല; അതവരെ ഭയപ്പെടുത്തുന്നുമില്ല. ഇതൊരു സാമാന്യതത്വമായി കണ്ടാല്‍ മതി. സാമ്പ്രദായിക അര്‍ത്ഥത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അവരൊരുങ്ങാത്തതിനാല്‍ ജെന്‍-സി അരാഷ്ട്രീയരെന്ന് മുദ്രകുത്തുന്നവരെ ഞെട്ടിച്ചുകൊണ്ടാണ് കാഠ്മണ്ഡുവിലെ തെരുവുകള്‍ അവര്‍ പിടിച്ചെടുത്തത്. ഒരു പതിറ്റാണ്ടുകാലം നേപ്പാള്‍ സൈന്യത്തോട് പൊരുതി അധികാരം പിടിച്ചെടുത്ത മാവോയിസ്റ്റുകള്‍ അവരുടെ മുന്നില്‍ തോറ്റു മടങ്ങുകയാണുണ്ടായത്. പഴയ അധികാരി വര്‍ഗ്ഗത്തെ പൂര്‍ണ്ണമായും നിരാകരിച്ചുകൊണ്ട് പുതിയ ഭരണം സാധ്യമാക്കാമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ. ലോകമെമ്പാടും ജനാധിപത്യവിരുദ്ധരായ സ്വേച്ഛാധിപതികള്‍ അധികാരം കൈപ്പിടിയിലൊതുക്കുന്ന ഈ കാലത്ത് ജനാധിപത്യമൂല്യങ്ങളെ മുന്‍നിര്‍ത്തി അവരെ വെല്ലുവിളിച്ച് തെരുവിലിറങ്ങുന്ന ചെറുപ്പത്തിന് ഹുറെ വിളിക്കാതിരിക്കാന്‍ നമുക്ക് കഴിയുമോ?
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
നേപ്പാള്‍ ഒറ്റപ്പെട്ട സംഭവമല്ല. ഒരു കൊല്ലം മുമ്പാണ് ബംഗ്ലാദേശിലെ ചെറുപ്പക്കാര്‍ ഷേക്ക് ഹസീനയുടെ ഭരണം അട്ടിമറിച്ചത്. ഇന്ത്യയുടെ സുഹൃത്തായിരുന്നു എന്നതിനാല്‍ അവരുടെ ഭരണത്തിലെ അഴിമതിയും അധികാര അപ്രമാദിത്തവും അവഗണിക്കാന്‍ കഴിയില്ലല്ലോ! പോലീസ് അതിക്രമങ്ങള്‍ക്കും അസംഖ്യം മരണങ്ങള്‍ക്കും ശേഷമാണ് ഢാക്കയിലെ ചോരച്ചാലുകള്‍ നീന്തി ബംഗ്ലാദേശിന്റെ ചെറുപ്പം അധികാരം പിടിച്ചെടുത്തത്. അതിനുംമുമ്പ് സമാനമായ രീതിയില്‍ ശ്രീലങ്കയില്‍ ഭരണമാറ്റമുണ്ടായി. തമിഴ്ക്കുരുതിയില്‍ യുദ്ധവും തിരഞ്ഞെടുപ്പും ജയിച്ച രാജപക്‌സേ കുടുംബം ഭ്രഷ്ടരാക്കപ്പെട്ടു. 2008നും 2012നും ഇടയ്ക്ക് മധ്യേഷ്യയില്‍ അരങ്ങേറിയ അറബ് വസന്തത്തിന്റെ സ്വഭാവ പ്രത്യേകതകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും നമുക്ക് കാണാവുന്നതാണ്. അവിടുത്തെപ്പോലെ ഇവിടെയും വസന്തത്തിന്റെ വരവറിയിച്ചത് യുവത തന്നെയാണ്.
എന്നാല്‍ അറബ് വസന്തത്തിന്റെ പാഠം പ്രധാനമാണ്. അവിടെ എല്ലായിടത്തും ഭരണകൂടങ്ങള്‍ തൂത്തെറിയപ്പെട്ടു. എന്നാല്‍ ഒരിടത്തും അത് ജനാധിപത്യഭരണത്തിന്റെ സ്ഥാപനത്തിലേക്ക് നയിച്ചില്ല. എന്നുമാത്രമല്ല പഴയ സെക്കുലര്‍ സ്വേച്ഛാധിപതികള്‍ക്ക് പകരം മതരാഷ്ട്രവാദികളും മറ്റുമാണ് പലയിടത്തും ഭരണത്തിലെത്തിയത്. ലിബറല്‍ ജനാധിപത്യത്തിന് വലിയ വേരോട്ടമുണ്ടാകാതിരുന്നതാകാം പിന്നോട്ടടിക്കലിന് കാരണമായത്. ജനാധിപത്യത്തിന്റെ സ്ഥാപനങ്ങള്‍ – രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും ജനാധിപത്യമൂല്യങ്ങളെ ബഹുമാനിക്കുന്ന പട്ടാളവും പോലീസും കോടതികളും – ഇല്ലാത്തപക്ഷം വിപ്ലവം പ്രതിവിപ്ലവമായിത്തീരാന്‍ താമസിക്കില്ല എന്നതാണ് അനുഭവപാഠം.
നേപ്പാളിലെ സെപ്തംബര്‍ വിപ്ലവം കാഠ്മണ്ഡു താഴ്‌വരയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഫലമായിരുന്നുവെന്നു കാണാം. അതിന്റെ പുറകില്‍ വിദേശ ശക്തികള്‍ എന്ന കഥ പലരും മെനഞ്ഞിരുന്നു. അറബ് വസന്തത്തിലും ശ്രീലങ്കയിലും ബംഗ്ലാദേശിലുമൊക്കെ പണ്ട് ഇന്ദിരാഗാന്ധി പറഞ്ഞുപോന്നിരുന്ന Foreign hand കാണുന്നവരുണ്ട്. ഉണ്ടായിരിക്കാം. എക്കാലത്തും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും മറ്റ് പോസ്റ്റ്- കൊളോണിയല്‍ രാഷ്ട്രങ്ങളിലും പടിഞ്ഞാറന്‍ ഭരണകൂടങ്ങളുടെ ‘കറുത്ത കൈ’ കാണപ്പെട്ടിട്ടുണ്ട്. പക്ഷേ, യുവതയുടെ വിപ്ലവങ്ങളൊക്കെയും വിദേശശക്തികളാല്‍ സൃഷ്ടിക്കപ്പെടുന്നവയാണ് എന്ന നിരീക്ഷണം അലസ വായന മാത്രമല്ല അരാഷ്ട്രീയത കൂടിയാണ്. കാഠ്മണ്ഡുവിന്റെ കാര്യം പരിശോധിക്കുമ്പോള്‍ അരനൂറ്റാണ്ട് കാലമായി ജനാധിപത്യ സംഘാടനവും സമരങ്ങളും- പലതും രക്തരൂക്ഷിതം തന്നെയായിരുന്നു- നടന്ന ഇടമായിരുന്നു. ബാഹ്യശക്തികളുടെ ഇടപെടലോ സ്വാധീനമോ ഒക്കെയുണ്ടായിരിക്കുമ്പോഴും തദ്ദേശീമായ ജനാധിപത്യ ബോധ്യങ്ങള്‍ അവിടത്തെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നുണ്ട്. സിവില്‍ സമൂഹത്തിന്റെ ഇടപെടലുകള്‍ തന്നെയാണ് അഴിമതിയും അധികാരപ്രമത്തയും നിറഞ്ഞ- ഇന്ത്യയടക്കം ഏതു മൂന്നാംലോക രാജ്യത്തും കാണാവുന്നതുപോലെ- ഭരണവര്‍ഗ്ഗത്തെ നിലക്കുനിര്‍ത്തുന്നത്. മഹാരാജാവ് മുതല്‍ ആള്‍ദൈവം വരെയുള്ളവരെ ഒരു പരിധിക്കപ്പുറം അംഗീകരിക്കാനോ ബഹുമാനിക്കാനോ തയ്യാറല്ലാത്ത ജെന്‍-സിയില്‍ കാണാവുന്നതും പൗരരാഷ്ട്രീയം നേപ്പാളില്‍ ഇടപെട്ടിരുന്ന അതേ മൂല്യബോധം തന്നെയാണ്. ബാഹ്യശക്തികള്‍, എന്‍ജിഒകള്‍ എന്നിവരുടെ ചട്ടുകങ്ങളാണ് കലാപകാരികളായ യുവത എന്നുപറയുന്നവര്‍ ടെക്‌നോളജി രൂപം നല്‍കിയ, അത് പരുവപ്പെടുത്തിയ ഒരു തലമുറയാണ് ജെന്‍-സി എന്നകാര്യം മറന്നുപോകുന്നു. അവര്‍ രാഷ്ട്രീയപാഠങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുമാണ് സ്വീകരിക്കുന്നത്. അഴിമതിയും തൊഴിലില്ലായ്മയും സ്വേച്ഛാധിപത്യവും കുടുംബവാഴ്ചയും കണ്ടുമടുത്ത് കൊളമ്പിലും ഢാക്കയിലും ഇന്‍ഡോനേഷ്യയിലുമൊക്കെ തെരുവിലിറങ്ങിയ മനുഷ്യരെ സോഷ്യല്‍ മീഡിയയില്‍ അവര്‍ കാണുന്നുണ്ട്. സോഷ്യല്‍ മീഡിയ തന്നെയാണ് സംഘാടനത്തിനും അവര്‍ ഉപയോഗിക്കുന്നത്. 1990 കളില്‍ തോക്കിന്‍കുഴലിലൂടെ വിപ്ലവം എന്നാണ് നേപ്പാള്‍ കേട്ടതെങ്കില്‍, മൊബൈല്‍ ഫോണില്‍ കൂടെ വിപ്ലവം എന്നാണ് ഇന്നവര്‍ പറയുന്നത്. അതുകൊണ്ടാണ് ഒലി സര്‍ക്കാര്‍ സോഷ്യല്‍ മീഡിയക്കും ആപ്പുകള്‍ക്കും തടയിടാന്‍ ശ്രമിച്ചത്. നേപ്പാള്‍ യുവത അതിനെ രാഷട്രീയ നടപടിയായിക്കണ്ടുകൊണ്ട് രാഷ്ട്രീയമായി പ്രതികരിക്കുകയാണുണ്ടായത്. സംഘാടനത്തിന്റെ സ്വഭാവം അതിനെ ഹിംസാത്മകമാക്കിത്തീര്‍ത്തു എന്നത് മറ്റൊരു കാര്യം.
ഇതെഴുതുമ്പോള്‍ ലഡാക്കിലെ ‘വിപ്ലവകാരി’ സോനം വാംഗ്ചുക്ക് ദേശീയ സുരക്ഷാനിയമത്തിന്റെ ചാപ്പയുമായി രാജസ്ഥാനിലെ ജോഥ്പൂര്‍ ജയിലിലാണ്. വാങ് ചുക്ക് ലഡാക്കില്‍ കലാപത്തിന് ശ്രമിച്ചു എന്നാണ് സര്‍ക്കാര്‍ ആരോപിക്കുന്നത്. ലഡാക്കിന് സംസ്ഥാനപദവി അല്ലെങ്കില്‍ ഭരണഘടനയുടെ ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തി സ്വതന്ത്ര ഭരണാവകാശം എന്നീ അജണ്ടകള്‍ മുന്‍നിര്‍ത്തി ഉണ്ണാവ്രതമിരിക്കുകയായിരുന്നു വാംഗ്ചുക്ക്. അതിനുംമുമ്പ് ഇതേ അവകാശങ്ങള്‍ക്ക് വേണ്ടി ലഡാക്കില്‍നിന്നും ദില്ലിയിലേക്ക് വാംഗ്ചുക്ക് കാല്‍നട പ്രതിഷേധയാത്ര നടത്തിയിരുന്നു. ലഡാക്കിന്റെ മണ്ണ് വിഭവങ്ങള്‍ അന്യവല്‍ക്കരിക്കപ്പെടാതിരിക്കാനാണ് ഭരണഘടനയുടെ ആറാംപട്ടികയില്‍ തന്റെ ദേശത്തേയും ഉള്‍പ്പെടുത്തണമെന്ന് വാംഗ്ചുക്ക് പറയുന്നത്.
ഒരുകാലത്ത് മോദി സര്‍ക്കാരിന്റെ ഇഷ്ടതാരമായിരുന്നു വാംഗ്ചുക്ക്. കാഷ്മീരിന്റെ ക്ഷുഭിതയൗവ്വനത്തിനൊരു ക്രിയാത്മക ബദല്‍ എന്ന മട്ടില്‍ അന്ന് ജമ്മു കാഷ്മീരിന്റെ ഭാഗമായിരുന്ന ലഡാക്കിലെ ശ്രീനഗര്‍ വിരുദ്ധനായിരുന്ന ബുദ്ധമത അനുയായിയായ വാംഗ്ചുക്കിനെ സര്‍ക്കാര്‍ സംവിധാനം ഉയര്‍ത്തിക്കാട്ടി. അദ്ദേഹത്തിന്റെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍- സോളാര്‍ ഊര്‍ജ്ജപദ്ധതികളും ഓര്‍ഗാനിക് കൃഷിയും സ്‌കൂളുമാണ്-രാഷ്ട്രീയപ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടതുണ്ടെന്നും അല്ലാതെ പൗരസ്വാതന്ത്ര്യവും മനുഷ്യാവകാശവും ഭരണാവകാശവുമൊന്നും പറഞ്ഞു നടക്കലല്ല രാഷ്ട്രീയ പ്രവര്‍ത്തനവും രാഷ്ട്ര നിര്‍മ്മാണമെന്നും സര്‍ക്കാര്‍ പറഞ്ഞുവെച്ചു.
ശ്രീനഗറില്‍ നിന്നും സ്വാതന്ത്ര്യം എന്ന അവകാശപ്രഖ്യാപനം വാംഗ്ചുക്കിനെ ദില്ലിക്ക് പ്രിയങ്കരനാക്കി. 2019ല്‍ 370-ാം വകുപ്പ് റദ്ദ് ചെയ്യുകയും കാഷ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി മോദിസര്‍ക്കാര്‍ വിഭജിക്കുകയും ചെയ്തപ്പോള്‍ വാംഗ്ചുക്ക് ആ നീക്കത്തെ സ്വാഗതം ചെയ്തിരുന്നു. ചൈനാതിര്‍ത്തിയിലുള്ള ലഡാക്ക് ഇന്ന് സ്വയം ഭരണത്തിന് സമരം ചെയ്യുന്നു. പുറംനാട്ടുകാരും കമ്പനികളും തങ്ങളുടെ ഭൂമി അന്യാധീനപ്പെടുത്തുമെന്ന ഭീതിയിലാണ് ബൗദ്ധര്‍ അധികംപാര്‍ക്കുന്ന ലെഹ് പ്രദേശവും ഷിയ മുസ്‌ലിങ്ങളുടെ ആവാസകേന്ദ്രമായ കാര്‍ഗിലിലേയും ജനതയും പ്രതിഷേധിക്കുന്നത്. ഉദ്യോഗസ്ഥഭരണം മാത്രമുള്ള ലഡാക്കില്‍ തങ്ങള്‍ തിരഞ്ഞെടുത്ത തദ്ദേശവാസികളുടെ ഭരണം ആവശ്യപ്പെടുന്നു. ആ സമരത്തിന്റെ ആള്‍രൂപമായി വാംഗ്ചുക്ക് മാറുകയാണുണ്ടായത്. ഭരണകൂടത്തിന്റെ മെല്ലെപ്പോക്കിനോടുള്ള തൊഴില്‍രഹിതരായ ചെറുപ്പക്കാരുടെ പ്രതികരണമാണ് ഒരിക്കലും കലാപഭൂമിയല്ലാതിരുന്ന ലഡാക്കില്‍ പോലീസ് വെടിവെപ്പിന് കാരണമായത്. നാലാള്‍ മരിച്ചു; സമരക്കാര്‍ ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തു. ബിജെപിയുടെ കാഷ്മീര്‍ നയം ഇത്രയും രൂക്ഷമായി ഇതിനുമുമ്പ് ലഡാക്കില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ലഡാക്കിലെ സെപ്തംബര്‍ വിപ്ലവത്തിന്റെ സന്ദര്‍ഭം ഇതൊക്കെയാണ്.
സോനം വാംഗ്ചുക്കിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഭരണാധികാരികള്‍ പറഞ്ഞത് അദ്ദേഹം അറബ് വസന്തത്തെക്കുറിച്ചും കാഠ്മണ്ഡുവിലെ സെപ്തംബര്‍ വിപ്ലവത്തെക്കുറിച്ചുമൊക്കെ സംസാരിച്ചുകൊണ്ട് ചെറുപ്പക്കാരെ തെരുവിലേക്ക് ഇറക്കിവിട്ടുവെന്നാണ്. ഒരു ജന്‍-സി കലാപം ഇന്ത്യയിലും ആവര്‍ത്തിച്ചു കൂടായ്കയില്ല എന്നാണോ?
എക്കാലത്തും വിപ്ലവത്തിന്റെ വാന്‍ഗാര്‍ഡുകള്‍ അതാതുകാലത്തെ ജന്‍-സികളാണ്- 15 നും 28 നും ഇടയ്ക്ക് വയസ്സുള്ളവരാണ് ഇന്നത്തെ ജന്‍-സികള്‍. 27-ാമത്തെ വയസ്സില്‍ തൂക്കുമരത്തിലേക്ക് നിര്‍ഭയം നടന്നുകയറിയ ഭഗത്‌സിംഗ് അല്ലേ ഇന്ത്യയില്‍ ഇന്നും വിപ്ലവത്തിന്റെ പ്രതിരൂപം? ക്വിറ്റ് ഇന്ത്യാ സമരകാലത്ത് രാംമനോഹര്‍ ലോഹ്യയ്ക്ക് 32 വയസ്സേയുള്ളു. പില്‍ക്കാലത്തെ ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വമായിരുന്നു ’42ലെ ജന്‍ – സി. ഗുരുവായൂര്‍ സത്യാഗ്രഹകാലത്ത് ജന്‍-സികളായിരുന്നു പി.കൃഷ്ണപിള്ളയും എകെജിയും. അടിയന്തിരാവസ്ഥക്കാലത്ത് പ്രതിരോധം തീര്‍ത്തവരില്‍ അന്നത്തെ ചെറുപ്പക്കാരുണ്ട്. പോസ്റ്റ് 2014 കാലത്ത് രോഹിത് വെമുല പ്രക്ഷോഭവും എന്തിന് സിഎഎ വിരുദ്ധ സമരങ്ങളും നയിച്ചവരില്‍ ജന്‍-സികളുണ്ടായിരുന്നു. 80 കളില്‍ അവര്‍ അസമില്‍ സര്‍ക്കാര്‍ രൂപീകരിച്ചു.
എന്നാല്‍ ഒരു സമ്പൂര്‍ണ്ണ ഭരണമാറ്റം സാധ്യമാക്കുന്ന തെരുവുകലാപത്തിനുള്ള അവസരം പല കാരണങ്ങളാല്‍ ഇന്ത്യയില്‍ സാധ്യമല്ല എന്ന് കരുതേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സ്റ്റേറ്റിന്റെ ഫെഡറല്‍ സ്വഭാവം തന്നെയാണ് മുഖ്യകാരണം. ലഡാക്കില്‍ ചെറുപ്പക്കാര്‍ തെരുവിലിറങ്ങുമ്പോള്‍ അവര്‍ക്ക് സാഹോദര്യം പ്രഖ്യാപിക്കാന്‍ പോലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ള ചെറുപ്പക്കാര്‍ തയ്യാറല്ല. എത്ര ചെറുപ്പക്കാരാണ് കഴിഞ്ഞ പതിറ്റാണ്ടിനുള്ളില്‍ തടവിലാക്കപ്പെട്ടത്. ഏത് യുവജനസംഘടനയാണ് അവര്‍ക്കുവേണ്ടി സംസാരിക്കാന്‍ തയ്യാറായിട്ടുള്ളത്? അവരെ ദേശവിരുദ്ധരെന്ന് മുദ്രകുത്തി ഒറ്റപ്പെടുത്തുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ്സോ ഡിവൈഎഫ്‌ഐയോ സമരം ചെയ്തിട്ടുണ്ടോ? ഈ സെക്‌ടേറിയനിസം കക്ഷിരാഷ്ട്രീയത്തിന്റെ കൂടപ്പിറപ്പാണ്. മുഖ്യധാരാ രാഷ്ട്രീയത്തിനെ തള്ളിപ്പറഞ്ഞുകൊണ്ടാണ് ചെറുപ്പക്കാര്‍ ശ്രീലങ്കയിലും ഢാക്കയിലും കാഠ്മണ്ഡുവിലും തെരുവുകള്‍ കൈയ്യടക്കിയത്. സമാനമായ സമരങ്ങള്‍ ഇന്ത്യയില്‍ ലക്ഷ്യം കാണാറില്ല. മദിരാശിയെ പ്രകമ്പനം കൊള്ളിച്ച ജെല്ലിക്കെട്ട് സമരം ഓര്‍മ്മയില്ലേ? എവിടെപ്പോയി ആ ചെറുപ്പക്കാര്‍? തൊഴിലില്ലായ്മയെക്കുറിച്ച് വീര്‍പ്പുമുട്ടി പാര്‍ലമെന്റില്‍ മുദ്രാവാക്യം മുഴക്കിയ നാലഞ്ചു ചെറുപ്പക്കാര്‍ ജയിലിലാണ്. അവരുടെ ശബ്ദത്തിന് തുടര്‍ച്ചകളേയുണ്ടായില്ലല്ലോ!
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടിയന്തിരാവസ്ഥയുടെ എഴുപതുകളില്‍ വിലക്കയറ്റം അതിരൂക്ഷമായിരുന്നു. ഇന്നത്, സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം നാമമാത്രമാണ്. സ്വാതന്ത്ര്യ ധ്വംസനത്തിന് ഒരു മടിയും കാണിക്കാത്ത സര്‍ക്കാറുകള്‍പോലും ക്ഷേമപദ്ധതികള്‍ക്ക് പണം കണ്ടെത്താറുണ്ട്. മോദി സര്‍ക്കാറിന്റെ നിലനില്‍പ്പിലും ഉത്തരേന്ത്യയില്‍ ലഭിക്കുന്ന ജനപിന്തുണയിലും അത് നടപ്പാക്കിപ്പോരുന്ന റേഷന്‍ സംവിധാനത്തിന്റെയും ക്ഷേമ പദ്ധതികളുടെയും സ്വാധീനമുണ്ട്. ക്ഷേമ പദ്ധതികളുടെ രാവണന്‍ കോട്ടയ്ക്കുള്ളില്‍ കറങ്ങുന്ന മനുഷ്യര്‍ക്ക് സ്വാതന്ത്ര്യ പ്രഖ്യാപനം ഒന്നും ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. വാസ്തവമിതാണ്. ഇന്ത്യയുടെ അയല്‍പക്കത്തുള്ള മിക്ക രാജ്യങ്ങളിലേക്കാള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും ക്ഷേമപദ്ധതികളും ഇവിടെ പ്രവര്‍ത്തനക്ഷമമാണ്. കൃത്യമായി നടന്നുപോരുന്ന തിരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ഇക്കാലമത്രയും വിശ്വാസമര്‍പ്പിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യന്‍ വിപ്ലവം- അതൊരു passive revolution മാത്രമാണ് എന്ന വിമര്‍ശനം മറക്കരുത്- പതിഞ്ഞ കാലത്തില്‍ പാടിപ്പോരുന്ന ഒരു രാഗമാണ്. പാര്‍ലമെന്ററി സംവിധാനവും കൃത്യമായ ഇടവേളകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളും ഭരണഘടനയും സംവരണവും മറ്റ് അവകാശങ്ങളുമൊക്കെ അതിന്റെ കാലപ്രമാണങ്ങളെ നിയന്ത്രിക്കുന്നു. അത് തെറ്റുമ്പോഴാണ് കാര്യങ്ങള്‍ അപകടസ്ഥിതിയിലേക്ക് പോകുന്നത്. എക്കാലത്തും ഇക്കാര്യത്തില്‍ ഇന്ത്യന്‍ മുഖ്യധാരാ രാഷ്ട്രീയത്തിന് ഒരു സമവായമുണ്ട്. പാര്‍ലമെന്റില്‍ മുദ്രാവാക്യമുയര്‍ത്തിയവരെ പിടികൂടിയത് പ്രതിപക്ഷവും കൂടി ചേര്‍ന്നായിരുന്നു. അവരുടെ ശിഷ്ടജീവിതം തടവറയ്ക്കുള്ളിലാകണം എന്ന കാര്യത്തില്‍ ഒരു സമവായമുണ്ടായിരുന്നു. അവര്‍ എന്തുകൊണ്ട് പ്രതിഷേധിച്ചു എന്ന് ആലോചിക്കാന്‍ പോലും ആരും തയ്യാറായില്ല. നിയമവിരുദ്ധമായിരുന്നു ആ പ്രതിഷേധം എന്ന് പറഞ്ഞൊഴിയുന്നത് രാഷ്ട്രീയ യാഥാസ്ഥിതികതയെ സൂചിപ്പിക്കുന്നു. അത് രാഷ്ട്രീയക്കാരുടെ വരേണ്യതാബോധത്തെ വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. വലിയ ശമ്പളവും പെന്‍ഷനും ആനുകൂല്യങ്ങളും അധികാരവുമായി കഴിയുന്ന ഒരു പുത്തന്‍ വര്‍ഗ്ഗമാണിന്ന് രാഷ്ട്രീയക്കാര്‍. കേരളം മുതല്‍ കഷ്മീര്‍ വരെയും ഗുജറാത്ത് മുതല്‍ മണിപ്പൂര്‍ വരെയും അവരെ കക്ഷിരാഷ്ട്രീയഭേദമന്യേ ഒന്നിപ്പിക്കുന്ന നിക്ഷിപ്തതാല്പര്യങ്ങള്‍ പലതുണ്ട്. അതുകൊണ്ടാണ് പൊട്ടലും ചീറ്റലുമൊക്കെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് സ്വന്തം രാഷ്ട്രീയ ഗൃഹാതുരത്വത്തിലേക്ക് അവര്‍ മടങ്ങിപ്പോകുന്നത്. കക്ഷി രാഷ്ട്രീയത്തിന്റെ ചട്ടകൂട്ടില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഇവരെ നമ്മള്‍ തെരുവുകളില്‍ കാണുന്നില്ല. നിയമവാഴ്ചയുടെ ലക്ഷ്മണരേഖയ്ക്കുള്ളില്‍ സുരക്ഷിതരാണെന്ന ബോധത്തിലാണ് അവര്‍ കഴിയുന്നത്. അത് ലംഘിക്കാന്‍ ശ്രമിക്കുന്ന ഒരാളേയും അവര്‍ വെറുതെ വിടാറുമില്ല. തീവ്രവാദമെന്നോ മാവോയിസമെന്നോ ദേശവിരുദ്ധതയെന്നോ ലേബല്‍ ചെയ്യപ്പെടുന്നതോടെ പ്രതികളാക്കപ്പെടുന്നവര്‍ അപൗരന്മാരാക്കപ്പെടുന്നു. അങ്ങനെ പൗരജീവിതം നിഷേധിക്കപ്പെടുന്നവരെക്കുറിച്ച് സംസാരിക്കാന്‍ പ്രതിപക്ഷത്തിരിക്കുന്ന ജനപ്രതിനിധികള്‍ പോലും തയ്യാറല്ല.
ജനതയില്‍നിന്നും അന്യവല്‍ക്കരിക്കപ്പെട്ട ഒരു രാഷ്ട്രീയവര്‍ഗ്ഗം ഇന്ന് ഇന്ത്യയിലുമുണ്ട്. പക്ഷേ അവര്‍ ജാഗരൂകരാണ്. കാഠ്മണ്ഡുവിലെ കലാപം അവസാനിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ വന്ന ഒരു വാര്‍ത്ത ഓര്‍ക്കുന്നു. ‘നിക്ഷിപ്ത താല്പര്യക്കാര്‍’ വലിയ സമരങ്ങള്‍ ആസൂത്രണം ചെയ്യുന്നത് തടയാന്‍ പോലീസ് സംവിധാനത്തോടെ 1974 മുതലുള്ള എല്ലാ സമരങ്ങളും പഠിച്ച് തയ്യാറെടുക്കാന്‍ അമിത്ഷാ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്നതായിരുന്നു ആ വാര്‍ത്ത. എന്‍ഐഎ, ബിഎസ്എഫ്, നാര്‍ക്കോട്ടിക്‌സ് ബ്യൂറോ, ഇഡി എന്നിങ്ങനെ പല സംഘടനകള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ആ വാര്‍ത്ത സൂചിപ്പിച്ചു. സമരമുറകള്‍ അതിന് പിന്നിലെ ധനസ്രോതസ്സ്, താല്പര്യങ്ങള്‍ എന്നിവയെല്ലാം പഠനവിഷയമാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. സമരങ്ങളില്ലാത്ത ഒരനുശാസനപര്‍വ്വത്തിലേക്ക് എന്നേ പ്രവേശിച്ചു കഴിഞ്ഞ, വാച്ചുകള്‍ നിലച്ചുപോയ കാലത്ത് ജീവിച്ചുകൊണ്ടാണ് നമ്മള്‍ കാഠ്മണ്ഡുവിലേക്ക്, ഢാക്കയിലേക്ക്, കൊളമ്പിലേക്ക്, യാംഗോണിലേക്ക് ഉറ്റുനോക്കുന്നത്.
കടപ്പാട് – പാഠഭേദം

കെ.ജി ജഗദീശൻ
October 13, 2025 at 3:35 am
ഒരു കോടിയോളം വരുന്ന സ്വയം സേവകരെ മുൻനിർത്തി ഒരുപക്ഷേ ഇന്ത്യയിൽ വരാൻ ഇടയുള്ള ജെൻസി കലാപത്തെ നേരിടാനുള്ള തയ്യാറെടുപ്പിലാണ് നൂറാം വാർഷികം ആഘോഷിക്കുന്ന ആർഎസ്എസ്