കുടുംബാധിപത്യത്തിന്റെ പ്രേതബാധയില്‍നിന്ന് കോണ്‍ഗ്രസ്സിനു മോചനമില്ലേ?

മതേതര ജനാധിപത്യ ദേശീയ വാദികളും വിദ്യാസമ്പന്നരുമായ പുതിയ തലമുറയെ പ്രസ്ഥാനത്തോട് അടുപ്പിക്കാന്‍ കഴിവുള്ള ഒരു നേതൃത്വം പ്രസ്ഥാനത്തിന് ഉണ്ടാകേണ്ടുന്ന കാലഘട്ടത്തില്‍, ഒരു പഴയ പടക്കുതിരയെ എഴുന്നെള്ളിച്ചു രംഗത്തേക്ക് കൊണ്ടു വരുന്നതിനു വേണ്ടിയുള്ള നിഗൂഢ താല്പര്യങ്ങള്‍ക്ക് പിറകില്‍ ചരട് വലിക്കുന്ന ആദര്‍ശ ധീരന്മാരായി മേനി നടിക്കുന്ന വ്യക്തിത്വങ്ങളെ കുറിച്ച് കൂടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ടതുണ്ട്.

കോണ്‍ഗ്രസ്സ് പാര്‍ട്ടി,അതിന്റെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള സംഘടന തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ഒരിക്കലും ആ പാര്‍ട്ടിയുടെ ഭാഗമായിട്ടില്ലാത്ത, അതിലെ ഒരു സാധാരണ അംഗം പോലുമല്ലാത്ത ഒരു വ്യക്തിയെന്ന നിലയില്‍ ആ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന അവരുടെ സംഘടനപരമായ വിഷയത്തില്‍, പുറത്ത് നില്‍ക്കുന്ന, വീശിഷ്യ പല വിഷയങ്ങളിലും അവര്‍ സ്വീകരിക്കുന്ന നിലപാടുകളോട് ശക്തമായ വിയോജിപ്പും എതിര്‍പ്പും പ്രകടിപ്പിക്കുന്ന, മറ്റൊരു പാര്‍ട്ടിയുടെ അംഗമെന്ന നിലയില്‍, മത്സരിക്കുന്നവരില്‍ ഏതെങ്കിലും ഒരു പക്ഷത്തെ പിന്തുണച്ചു സംസാരിക്കുന്നത് ഉചിതവുമില്ല. പക്ഷേ, രാജ്യത്തെ മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ചേരിയോടൊപ്പം നിലയുറപ്പിച്ചു നില്‍ക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍, ആ ചേരിയിലെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അനന്തരഫലങ്ങള്‍ ഭാവിയില്‍ ഒരു വലിയ അളവ് വരെ ഈ രാജ്യത്തിന്റെ ഭാവിയെ തന്നെ സ്വാധീനിക്കുവാന്‍ സാധ്യതയുണ്ട് എന്നുള്ളത് കൊണ്ടും ഒരു പൗരന്‍ എന്ന നിലയില്‍,അനുവദനീ യമായ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് എന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ്.

ദശാബ്ദങ്ങള്‍ക്ക് ശേഷമാണ്, നെഹ്റു കുടുംബത്തിന്റെ പുറത്ത് നിന്നൊരു പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കുവാനുള്ള അന്തര്‍നാടകങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ്സ് ക്യാമ്പുകള്‍ സജീവമായിരിക്കുന്നത്. ഇതോട് കൂടി ഒരിക്കലും സംഘടന തിരഞ്ഞെടുപ്പ് നടത്താത്ത, നോമിനേഷന്‍ സംവിധാനത്തിന്റെ മാത്രം ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ പാര്‍ട്ടി എന്ന മാറാപ്പേരില്‍ നിന്നും തല്‍ക്കാലം കോണ്‍ഗ്രസ്സിന് രക്ഷപ്പെടാം. പക്ഷെ, അതിനപ്പുറം തിരഞ്ഞെടുക്കപ്പെടുന്ന പുതിയ പ്രസിഡന്റ്‌റിന്, അവര്‍ ആര് തന്നെയായാലും ശരി, ഭരണഘടനേതരമായ ബാഹ്യശക്തികളുടെ നിയന്ത്രണത്തിലല്ലാതെ സ്വതന്ത്രമായി പ്രവര്‍ത്തിക്കുവാന്‍ കഴിയുമോ എന്നതായിരിക്കും അവര്‍ നേരിടാന്‍ പോകുന്ന ഏറ്റവും പുതിയ വെല്ലുവിളി. എന്തെല്ലാം ജനാധിപത്യം പ്രസംഗിച്ചാലും വിധേയത്വം പ്രകടിപ്പിക്കാന്‍ തങ്ങള്‍ക്ക് ഒരു രാജ്ഞി വേണമെന്ന ബ്രിട്ടനിലെ ജനങ്ങളുടെ മനോഭാവം പിന്‍പറ്റിയുള്ള, എത്ര ശക്തനായ പാര്‍ട്ടി പ്രസിഡന്റ് വന്നാലും, വാഴ്ത്ത് പാട്ടുകള്‍ പാടാനും വിധേയത്വം പ്രകടിപ്പിക്കാനും, കമ എന്നൊരക്ഷരം എതിര്‍ത്ത് പറയാതെ ശിരസ്സാവഹിച്ചു അനുസരിക്കാനുള്ള തീരുമാനങ്ങളെടുത്ത് തങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനും, തമ്മിലടിച്ചു കൂട്ടം തെറ്റി പല വഴിക്കാകാതിരിക്കാന്‍ കാലാകാലങ്ങളില്‍ അഭ്യര്‍ത്ഥന പ്രകാരം നോമിനേഷന്‍ നടത്തി തരാനും നെഹ്റു കുടുംബാധിപത്യത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത ഹൈക്കമാന്റ് എന്ന ഒരു ദുഷ്പ്രവണ കോണ്‍ഗ്രസുകാര്‍ക്ക് അനിവാര്യമാണ്. ആ ദുഷ്പ്രവണതയുടെ പിടിയില്‍ നിന്ന് അവര്‍ എന്ന് മോചിതരാകുമെന്ന് കാലത്തിന് മാത്രം തെളിയിക്കാന്‍ വസ്തുതയാണ്. അതോ ഇനിവരും കാലങ്ങളിലും കോണ്‍ഗ്രസുകാര്‍ അതില്‍ തന്നെ കുരുങ്ങി കിടക്കുമോ അതോ അതില്‍ നിന്നും മോചിതരാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് രാജ്യത്തെ മതേതര ജനാധിപത്യചേരിയെ നയിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും ശക്തമായ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി കോണ്‍ഗ്രസ്സിനെ പരിവര്‍ത്തനം ചെയ്യാന്‍ തിരഞ്ഞെടുപ്പെടുന്ന പുതിയ അധ്യക്ഷന് കഴിയുമോ, അതോ ഇനിയും പിടി വിടാത്ത, പിന്‍സീറ്റ് ഡ്രൈവിംഗിലൂടെ പാര്‍ട്ടിയെ നിയന്ത്രിക്കുന്ന ബാഹ്യശക്തികള്‍ അത് അനുവദിക്കുമോ തുടങ്ങിയവയായിരിക്കും പുതിയ അധ്യക്ഷന്‍ നേരിടുവാന്‍ പോകുന്ന വെല്ലുവിളികള്‍. കഴിഞ്ഞ കാലങ്ങളില്‍ കോണ്‍ഗ്രസ്സ് പിന്തുടര്‍ന്ന, സാമ്പത്തിക നയങ്ങള്‍, മൃദു ഹിന്ദുത്വ നിലപാടുകള്‍ തുടങ്ങിയ തെറ്റായ നയങ്ങളില്‍ തിരുത്തല്‍ വരുത്തി, രാജ്യം തന്നെ കനത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടത്തില്‍, അതിനെ പ്രതിരോധിക്കാന്‍ മുന്‍നിരയില്‍ നില്‍ക്കേണ്ട ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹത്തിന് അതിന് കഴിയുമാറാകട്ടെ എന്നാശംസിക്കുന്നു.

നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് ഒരാള്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കാന്‍ മുന്നോട്ടു വരണമെന്ന ആവശ്യം ഉയര്‍ന്ന് വന്ന നാള്‍ മുതല്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് കേട്ടു വരുന്ന പേരാണ് ശശി തരൂരിന്റേത്. മറ്റു ചിലരുടെയൊക്കെ പേരുകള്‍ ഈ സ്ഥാനത്തേക്ക് വേണ്ടി ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ടെങ്കിലും ഒരിക്കലും അതിലേക്ക് കടന്നു വരാതിരുന്ന ഒരു പേരാണ് മല്ലികാര്‍ജുന ഖാര്‍ഗെ. കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മല്ലികാര്‍ജുന ഖാര്‍ഗെ തിരഞ്ഞെടുക്കപ്പെടാനുള്ള ആദ്യത്തെ യോഗ്യതയായി അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ എടുത്തു കാണിക്കുന്നത് നെഹ്‌റു കുടുംബവുമായി അദ്ദേഹത്തിനുള്ള 50 വര്‍ഷത്തെ ബന്ധമാണ്. അവിടെയാണ് മുന്നേ ചോദിച്ച കുടുംബാധിപത്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഇനിയെങ്കിലും ഈ പാര്‍ട്ടിയെ രക്ഷപ്പെടുത്താനാകുമോ എന്ന ചോദ്യത്തിന്റെ പ്രസക്തി. ഈ കുരിശിന്റെ ബാധ്യതയില്‍ നിന്നും ഞങ്ങളെ വെറുതെ വിടു, ഞങ്ങളെ ഒഴിവാക്കു എന്ന് പറഞ്ഞു അവര്‍ ആണയിട്ടു കരയുമ്പോഴും, ഒരു കാരണവശാലും നിങ്ങളെ ഇതില്‍ നിന്നും ഒഴിവാക്കാന്‍ സാധിക്കുകയില്ലെന്നും നിങ്ങളുടെ ആധിപത്യത്തിനു കീഴില്‍ മാത്രമേ, നിങ്ങളെ വാഴ്ത്തുപാട്ടുകള്‍ പാടിയും സ്തുതിച്ചും മാത്രമേ ഞങ്ങള്‍ക്ക്, രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കു എന്ന് വിലപിക്കുന്നതിന്റെ തെളിവല്ലേ അധ്യക്ഷസ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഒരു സ്ഥാനര്‍ത്ഥിയുടെ പ്രധാന യോഗ്യതയായി നെഹ്റു കുടുംബവുമായുള്ള കഴിഞ്ഞ 50 വര്‍ഷത്തെ ബന്ധം ഉയര്‍ത്തി കാണിക്കുന്നത്.ഒരു ജനാധിപത്യ പ്രസ്ഥാനത്തെ എത്രമാത്രം ആശങ്കയോടെ തങ്ങള്‍ നോക്കിക്കാണേണ്ടത് എന്ന് ജനത്തെ കൊണ്ട് ചിന്തിപ്പിക്കുവാന്‍ ഇതില്‍പരം ഒരു പരാമര്‍ശത്തിന്റെ ആവശ്യമുണ്ടോ. കുടുംബാധിപത്യത്തിന്റെ പ്രേതബാധയില്‍ നിന്ന് ഈ പാര്‍ട്ടിക്ക് ഒരു കാലത്തും രക്ഷനേടാന്‍ സാധിക്കുകയില്ല എന്നതിന് ഇതില്‍ പരം മറ്റൊരു നല്ല തെളിവ് വേറെ വേണോ. എത്രയൊക്കെ ജനാധിപത്യം പ്രസംഗിച്ചാലും വിധേയത്വം പ്രകടിപ്പിക്കാന്‍ തങ്ങള്‍ക്ക് ഒരു രാജ്ഞി വേണമെന്ന ബ്രിട്ടനിലെ ജനങ്ങളുടെ മനോഭാവം തന്നെയല്ലേ, ദൈവം കനിഞ്ഞാലും പൂജാരി കനിയില്ല എന്ന് ഈ നിലപാടിലൂടെ കോണ്‍ഗ്രസ് നേതാക്കളും പ്രകടിപ്പിക്കുന്നത്. ഇതാണ് അവസ്ഥയെങ്കില്‍, നവോഥാന സമരത്തിലൂടെ രാജവാഴ്ച അവസാനിപ്പിച്ചു ജനായത്ത ഭരണം നടപ്പിലാക്കിയ ശേഷം, അനാഥത്വം അനുഭപ്പെട്ട ജനങ്ങള്‍ നാടു കടത്തിയ രാജ്ഞിയെ പോയി തിരികെ വിളിച്ചു കൊണ്ടു വന്ന് ജനങ്ങള്‍ തിരഞ്ഞെടുത്ത ജനാധിപത്യ ഗവണ്‍മെന്റിന്റെ മുകളില്‍ പ്രതിഷ്ഠിച്ചത് പോലെ, ഭാവിയില്‍, കോണ്‍ഗ്രസ് പ്രസിഡന്റിന്റെ നേതൃത്വകാര്യത്തില്‍ അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ കുറച്ചു കാലം കഴിഞ്ഞു വീണ്ടും പഴയ കുടുംബ വാഴ്ചയുടെ ഈജിയന്‍ തൊഴുത്തില്‍ വീണ്ടും കോണ്‍ഗ്രസ്സിനെ കൊണ്ട് കെട്ടില്ല എന്ന് എന്താണ് ഉറപ്പ്.

ഇത്രയും നാള്‍ കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഏറ്റവും അനുയോജ്യന്‍ ശശി തരൂരാണെന്നു പറഞ്ഞു പെരുപ്പിച്ചു നടന്നവര്‍,’തറവാട്ടു’ കുളത്തിലെ ചെറിയ അലയിളക്കങ്ങള്‍ക്ക് അനുസൃതമായി രായ്ക്ക് രാമാനം ചുവടുകള്‍ മാറി ചവിട്ടുന്നത് കാണുമ്പോള്‍, അവരുടെയൊക്കെ നട്ടെല്ലില്ലായ്മയെ ഓര്‍ത്ത് സഹതാപം തോന്നുകയാണ്. സംഘടന പ്രവര്‍ത്തനത്തിന്റെ പരിചയക്കുറവ്, രാഷ്ട്രീയം പാര മ്പര്യത്തിന്റെ അഭാവം,ജനകീയനല്ല തുടങ്ങിയ ആരോപണങ്ങളാണ് തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരായി എതിര്‍ഭാഗം ഉയര്‍ത്തി കാട്ടുന്നത്. ശരിയാണ് കോണ്‍ഗ്രസ്സ് സംഘടന പ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന് പരിചയസമ്പത്തിന്റെ കുറവുണ്ടായിരിക്കാം. പക്ഷെ, അങ്ങനെയുള്ളവര്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലെത്തുന്നത് ആദ്യത്തെ സംഭവമല്ലല്ലോ. രാജീവ് ഗാന്ധിയേയും സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചപ്പോഴൊന്നും ഒരു കോണ്‍ഗ്രസുകാരനും അവരുടെ സംഘടന പ്രവര്‍ത്തനത്തിന്റെ പരിചയ കുറവിനെ ഉയര്‍ത്തി കാണിച്ചില്ലല്ലോ. ഇന്ത്യയിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയ പാരമ്പര്യത്തിന്റെ അഭാവം അദ്ദേഹത്തിന് കണ്ടേക്കാം.പക്ഷെ, അന്തര്‍ദ്ദേശീയ തലത്തില്‍ ലോകരാഷ്ട്രീയവുമായി വളരെ അടുത്ത് ഇടപഴകാന്‍ അവസരം ലഭിച്ചിട്ടുള്ള അദ്ദേഹത്തിന് ഇന്ത്യന്‍ രാഷ്ട്രീയവും വളരെ വേഗം വഴങ്ങുന്ന ഒന്നാണ് എന്ന് ഇതിനകം തന്നെ നിരവധി അവസരങ്ങളില്‍ വ്യക്തമായി തെളിയിച്ചിട്ടുള്ളതാണ്. ജനകീയനല്ല എന്ന വാദത്തോട് എന്ത് മറുപടി പറയാനാണ് .ഇന്ത്യയില്‍ സാക്ഷരതയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന, സംസ്ഥാന തലസ്ഥാനമായ ഒരു നിയോജകമണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി മൂന്ന് പ്രാവശ്യം, വര്‍ധിത ഭൂരിപക്ഷത്തോടെ, അതും സ്വന്തം പാര്‍ട്ടിക്കാരുടെ എല്ലാ വിധത്തിലുമുള്ള കുതികാല്‍ വെട്ടുകളേയും പാരവയ്പ്പുകളേയും അടിയൊഴുക്കുകളേയും അന്തര്‍ധാരകളേ അതിജീവിച്ചു കൊണ്ട്, വിശ്വപൗരന്‍ വി.കെ. കൃഷ്ണ മേനോനെ ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്ത മണ്ഡലത്തില്‍ നിന്ന്, വോട്ടര്‍മാര്‍ തിരഞ്ഞെടുക്കാന്‍ തയ്യാറായി എങ്കില്‍, ശശി തരൂരിന്റെ ജനകീയത ഇനി ഏത് മാപിനി വെച്ചാണ് അളക്കേണ്ടത്. ലോക്‌സഭയിലേ അംഗമാണ് ശശി തരൂര്‍. ഓട് പൊളിച്ചോ പാരച്യൂട്ടിലിറങ്ങിയോ അല്ല അദ്ദേഹം പാര്‍ലമെന്റിലെത്തിയത്. നീണ്ട പതിറ്റാണ്ടുകള്‍, ജനങ്ങളുടെ നികുതിപ്പണത്തിന്റെ പങ്കും പറ്റി രാജ്യസഭയിലെ അംഗമായി അധികാരത്തില്‍ കടിച്ചു തൂങ്ങി അള്ളിപ്പിടിച്ചു കിടന്നിരുന്നവരാണ് ഇപ്പോള്‍ തരൂരിന്റെ ജനകീയത അളക്കാന്‍ അളവ് കോലുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത് എന്നതാണ് അതിശയം.

മതേതര ജനാധിപത്യ ദേശീയ വാദികളും വിദ്യാസമ്പന്നരുമായ പുതിയ തലമുറയെ പ്രസ്ഥാനത്തോട് അടുപ്പിക്കാന്‍ കഴിവുള്ള ഒരു നേതൃത്വം പ്രസ്ഥാനത്തിന് ഉണ്ടാകേണ്ടുന്ന കാലഘട്ടത്തില്‍, ഒരു പഴയ പടക്കുതിരയെ എഴുന്നെള്ളിച്ചു രംഗത്തേക്ക് കൊണ്ടു വരുന്നതിനു വേണ്ടിയുള്ള നിഗൂഢ താല്പര്യങ്ങള്‍ക്ക് പിറകില്‍ ചരട് വലിക്കുന്ന ആദര്‍ശ ധീരന്മാരായി മേനി നടിക്കുന്ന വ്യക്തിത്വങ്ങളെ കുറിച്ച് കൂടി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മനസ്സിലാക്കേണ്ടതുണ്ട്. 1970 ലെപാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍, ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ കോണ്ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി ഹൈക്കമാന്‍ഡ് അംഗീകരിച്ചത് മുന്‍മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ പേരായിരുന്നു. അന്ന് അറുപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ആര്‍.ശങ്കറിനെ, പ്രായാധിക്യത്തിന്റെ പേരില്‍,’പടുകിഴവന്‍’എന്നു പറഞ്ഞു ആക്ഷേപിച്ചു മത്സരരംഗത്തു നിന്ന് ആട്ടിയോടിക്കുവാന്‍ മാത്രമല്ല സജീവ രാഷ്ട്രീയത്തില്‍ നിന്നു പോലും പുറത്താക്കാനായി മുന്നിട്ടു നിന്നവരുടെ നേതാവായിരുന്നു,പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എണ്‍പതുക്കള്‍ കടന്ന ഒരു മുതിര്‍ന്ന പൗരനെ എഴുന്നള്ളിച്ചു കൊണ്ട് വന്ന് പത്രികയില്‍ ആദ്യ പേരുകാരനായി ഒപ്പിട്ട് കൊടുത്ത, മറ്റൊരു എണ്‍പതുകാരനായ ആദര്‍ശധീരന്‍ ഏ.കെ.ആന്റണിയും .’ദി ഹിന്ദു’എഴുതുന്നു, ‘കോണ്‍ഗ്രസ്സില്‍ നിലവിലെ സ്ഥിതി അതേ പോലെ, യാതൊരു മാറ്റവും കൂടാതെ തുടരണമെന്ന് ആഗ്രഹിക്കുന്ന, എക്കാലവും സംവിധാനത്തിന്റെ ഭാഗമായി തുടരാന്‍ ആഗ്രഹിക്കുന്നവരാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗേയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നില്‍. മാറ്റങ്ങളാഗ്രഹിക്കുന്ന, കോണ്‍ഗ്രസ്സിനുള്ളില്‍ കാലാനുസൃതമായ പരിവര്‍ത്തനങ്ങള്‍ ആഗ്രഹിക്കുന്ന, പുതുതലമുറയാണ് ശശിതരൂരിനോടൊപ്പം’.പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേയ്ക്ക് താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ പാര്‍ട്ടിയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന പരിഷ്‌ക്കാരങ്ങള്‍ വ്യക്തമാക്കികൊണ്ട് ശശി തരൂര്‍ പ്രകടനപത്രികയും പുറത്തിറക്കിയിട്ടുണ്ട്. പക്ഷെ, പാര്‍ട്ടിയെ രക്ഷപ്പെടുത്തുന്നതിനുള്ള ഒരു പരീക്ഷണത്തിന് പോലും കൊട്ടാരം വിചാരിപ്പുകാര്‍ തയ്യാറല്ല എന്നാണ് ഏറ്റവും ഒടുവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അവര്‍ക്ക്, പുറമേയ്ക്ക് നിഷ്പക്ഷത പ്രകടിപ്പിക്കു ന്ന നെഹ്റു കുടുംബത്തിന്റെ നിശബ്ദ പിന്തുണയുമുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇതൊന്നുമല്ല ഏറെ കൗതുകം, ഇന്നലെ വരെ തരൂരിനെ വിളിക്കു കോണ്‍ഗ്രസ്സിനെ രക്ഷിക്കു എന്നു വിളിച്ചവര്‍ തന്നെ ഇന്ന് അദ്ദേഹത്തെ വിമതനായി വിശേഷിപ്പിച്ചു രംഗത്ത് വരുന്നു എന്നതാണ്. ഇനി ദൈവം വിചാരിച്ചാല്‍ പോലും ഈ പാര്‍ട്ടിയെ രക്ഷപ്പെടുത്തുവാന്‍ സാധിക്കുമോ എന്നത് സംശയമായിരിക്കുന്നു.

സമാജ് വാദി ജനത പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply