മാവേലി മലയാളിയോട് പറയുന്നതും ചോദിക്കുന്നതും

വാസ്തവത്തില്‍ ജാതിയെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ച് മറ്റെന്തുംപോലെ ഓണത്തെ കുറിച്ചും പറയാനാകില്ല. കേരളത്തിലെ പൊതുവായ ഇടതുമനസ്സ് അതിനെ മറച്ചുവെക്കാനുള്ള ശ്രമമാണ് എന്നും നടത്തിയിട്ടുള്ളത്. ഓണത്തിന്റേയും മാവേലിയുടേയും ഇന്നത്തെ രൂപങ്ങളും ആവിഷ്‌കാരങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

മാനുഷരെല്ലാരും ഒന്നുപോലെ ജീവിച്ച കാലം എന്ന മാവേലിയെ കുറിച്ചുള്ള മിത്തും മനുഷ്യസമൂഹം നിലനില്‍ക്കും വരെ നിലനില്‍ക്കുമെന്നതില്‍ സംശയമില്ല. മിത്തുകളെ കുറിച്ചുള്ള ചര്‍ച്ചയായിരുന്നല്ലോ ഏതാനും ദിവസം മുമ്പ് കേരളത്തില്‍ സജീവമായത്. നിര്‍ഭാഗ്യവശാല്‍ ആ ചര്‍ച്ചയില്‍ പങ്കെടുത്ത രണ്ടു കൂട്ടരും ഏകപക്ഷീയമായ നിലപാടുകളാണ് പൊതുവില്‍ സ്വീകരിച്ചത്. ഒരു കൂട്ടര്‍ മിത്തെല്ലാം യാഥാര്‍ത്ഥ്യമാണെന്നും ഗംഭീരമായ ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു എന്നും വാദിച്ചപ്പോള്‍ മറുഭാഗം മിത്തുകളെ ശാസ്ത്രീയമായി വിശകലനം ചെയ്ത് യാഥാര്‍ത്ഥ്യമല്ല എന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു. ഏതു സമൂഹത്തിലും മിത്തുകളുണ്ടാകുമെന്നും അവയില്ലാത്ത സാമൂഹ്യജീവിതം തികച്ചും വരണ്ടതാണെന്നും അതേസമയം അവ മിത്തുകളാണെന്നും യാഥാര്‍ത്ഥ്യമാകണമെന്നില്ല എന്നും മറുവശത്ത് യാഥാര്‍ത്ഥ്യമാണോ അല്ലയോ എന്നു ശാസ്ത്രീയമായ പരിശോധിക്കേണ്ട ആവശ്യമില്ല എന്നുമാണ് മനസ്സിലാക്കേണ്ടത്. മലയാളികളുടെ ഏറ്റവും മനോഹരമായ മിത്തായ മാവേലിയെ തന്നെ നോക്കൂ. മാവേലി മുന്നോട്ടുവെക്കുന്ന സമത്വസുന്ദരമായ നാട് എന്ന മനോഹരമായ സ്വപ്‌നം അശാസ്ത്രീയമാണെന്നു സമര്‍ത്ഥിക്കേണ്ട എന്തുകാര്യമാണ് നമുക്കുള്ളത്? അതു യാഥാര്‍ത്ഥ്യമാക്കാനല്ലേ ശ്രമിക്കേണ്ടത്.? വിജയിച്ചില്ലെങ്കില്‍ കൂടി..

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മാവേലിയെ കുറിച്ചുള്ള കഥകളില്‍ അത്യുക്തിയുണ്ടെന്നതില്‍ സംശയമില്ല. മുകളില്‍ പറഞ്ഞപോലെ അതൊരു മിത്താണ്.. അതേസമയം അതിന് ഒരുപാട് പാഠഭേദങ്ങളുമുണ്ട്. ഓരോ സമുദായത്തിലും ഓരോ കാലത്തും ഓരോ പ്രദേശത്തും ഓണവും മാവേലിയും വിഭിന്നമായിരുന്നു. പാണന്‍, വണ്ണാന്‍, മണ്ണാന്‍, വേലന്‍, പറയര്‍, പുലയര്‍, കണക്കര്‍, ചെറുമര്‍ തുടങ്ങിയ ദളിത് വിഭാഗങ്ങളാണ് ഓണപ്പാട്ടുകളില്‍ വലിയ പങ്കും പാടി നടന്നിരുന്നത്. എന്നാല്‍ ഇവര്‍ക്കൊന്നും ഓണത്തിനു കാര്യമായ അനുഷ്ഠാന ചടങ്ങുകളില്ലായിരുന്നുഎ ന്ന് ഈ വിഷയത്തെ കുറിച്ച് പഠിച്ച പി രണ്‍ജിത് ചൂണ്ടികാട്ടുന്നു. പക്ഷെ ഓണം അവരുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു. ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞ ‘ഓണങ്ങള്‍’ ആയിരുന്നു നിലനിന്നിരുന്നത്. പിന്നീട് കേരളത്തിന്റെ പൊതുവായ ഇടതുപക്ഷ മനസ്സ് അതിനെ തങ്ങള്‍ വിഭാവനം ചെയ്ത കമ്യൂണിസമായി വ്യാഖ്യാനിച്ചു. കര്‍ഷകയൂണിയനുകളുടെ വ്യാപനത്തോടെ ഓണത്തിനു കാര്‍ഷിക ഉത്സവമെന്ന വ്യാഖ്യാനവും വന്നു. ചിങ്ങം ഒന്ന് കര്‍ഷക ദിനമായി ആചരിക്കാന്‍ തുടങ്ങി. ഐക്യകേരള പ്രസ്ഥാനത്തോടെ ഓണം ദേശീയ ഉത്സവമായി പരിഗണിക്കപ്പെട്ടു.. മലയാളിയുടെ പ്രവാസജീവിതം ശക്തമായതോടെ ഓണമെന്ന ദേശീയവികാരത്തിന് തീവ്രത കൂടി. അതിനിടയില്‍ ഓണത്തിന്റെ സവര്‍ണ്ണ ആഖ്യാനങ്ങള്‍ ശക്തമായി.

വാസ്തവത്തില്‍ ജാതിയെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ച് മറ്റെന്തുംപോലെ ഓണത്തെ കുറിച്ചും പറയാനാകില്ല. കേരളത്തിലെ പൊതുവായ ഇടതുമനസ്സ് അതിനെ മറച്ചുവെക്കാനുള്ള ശ്രമമാണ് എന്നും നടത്തിയിട്ടുള്ളത്. ഓണത്തിന്റേയും മാവേലിയുടേയും ഇന്നത്തെ രൂപങ്ങളും ആവിഷ്‌കാരങ്ങളും പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. വ്യത്യസ്ഥവിഭാഗങ്ങള്‍ വൈവിധ്യമായി ആഘോഷിച്ചിരുന്ന ഓണത്തിനും മാവേലിക്കും ഏറെക്കുറെ ഒരേ രൂപം വന്നത് എങ്ങനെയെന്നു പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. നവോത്ഥാനകാലത്തെ തുടര്‍ന്ന് ഇവിടത്തെ ഈഴവ – സവര്‍ണ്ണ വിഭാഗങ്ങളിലുണ്ടായ സമുദായവല്‍ക്കരണം സ്വാഭാവികമായും മറ്റെന്തിനേയും പോലെ ഓണത്തേയും ബാധിച്ചു. ദളിത് വിഭാഗങ്ങളിലാകട്ടെ അങ്ങനെയൊന്നു നടന്നതുമില്ല. നവോത്ഥാനകാലത്തിന്റെ മുന്നേറ്റങ്ങള്‍ കേരളീയ സമൂഹത്തെ ഗുണാത്മകമായ രീതിയില്‍ ഏറെ മാറ്റിതീര്‍ത്തു എന്നത് ശരിയാണ്. പിന്നീട് ദേശീയപ്രസ്ഥാനവും കമ്യണിസ്റ്റ് പ്രസ്ഥാനവും മി,ണറിമാരുമൊക്കെ അതിനെ മുന്നോട്ടുകൊണ്ടുപോയി. പക്ഷെ അപ്പോഴും വളരെ നിഷേധാത്മകമായ ഒരു വശവും അതിനുണ്ടായി. കേരളീയത എന്നാല്‍ സവര്‍ണ്ണതയാണെന്ന ബോധം വളര്‍ന്നതായിരുന്നു അത്.

ഈ ബോധം സ്വാഭാവികമായും ഏറ്റവും ബാധിച്ചത് ഓണത്തെ തന്നെയായിരുന്നു. ഓണചിഹ്നങ്ങളെല്ലാം സവര്‍ണ്ണ ചിഹ്നങ്ങളായി മാറി. കസവുവേഷം കേരളത്തിന്റെ ദേശീയവേഷമായും കാളനും ഓലനുമടങ്ങിയ സദ്യ ദേശീയഭക്ഷണമായും കൈക്കൊട്ടി – തിരുവാതിര കളികള്‍ ദേശീയ കലാരൂപങ്ങളായും വ്യഖ്യാനിക്കപ്പെട്ടു. അക്കാലത്ത് കേരളീയ സമൂഹത്തില്‍ പ്രാമുഖ്യം നേടിയ നായര്‍ സമുദായമായിരുന്നു ഈ മാറ്റങ്ങളേയും നിയന്ത്രിച്ചത്. ഇടതുപക്ഷത്തിലും സ്വാധീനം അവര്‍ക്കായിരുന്നു. പ്രവാസജീവിതം നയിച്ചതും പ്രധാനമായും അവര്‍ തന്നെ. സാഹിത്യജീവിതവും മറിച്ചല്ല. അതിനാല്‍ തന്നെ ഓണത്തിനു വന്ന പ്രധാന മാറ്റം സവര്‍ണ്ണ മുഖം എന്നതായിരുന്നു.

മാവേലിയുടെ രൂപത്തില്‍ തന്നെ ഈ മാറ്റം ഏറെ പ്രകടമായി. വെണ്‍താടിയുള്ള, വിരിഞ്ഞ കണ്ണും തൂമന്ദഹാസവുമുളള ദൃഢകായനായ ഒരു രക്ഷാപുരുഷ സങ്കല്പമായിരുന്നു നേരത്തെ മാവേലി. കേരളത്തില്‍ രൂപംകൊണ്ട ജനാധിപത്യ ഭരണത്തില്‍ മലയാളികള്‍ക്കുള്ള പ്രതീക്ഷയുടെ പ്രതീകമായിരുന്നു പുഞ്ചിരിയും വിരിഞ്ഞ കണ്ണും വെളുത്ത താടിയും ഉള്ള ആ ദൃഢഗാത്രം എന്നു വ്യാഖ്യാനിച്ചവരുണ്ട്.
ഓണപ്പുതുവെയില്ത്താടിയും, നല്‍ത്തെളി
വാനത്തിനൊത്ത വിരിഞ്ഞ കണ്ണും
തുമ്പ മലരൊളിത്തൂമന്ദഹാസവും
തമ്പുരാന്‍ മാബലി തന്നെയല്ലോ (കുന്നിമണികള്‍ 1953)
എന്നെഴുതിയത് വൈലോപ്പിള്ളി ആയിരുന്നു. വടക്കന്‍ കേരളത്തിലെ ഓണപൊട്ടന്‍ മാവേലിയുടെ മറ്റൊരു രൂപമായിരുന്നു. മാവേലിയുടെ കറുത്ത രൂപത്തെ കുറിച്ച് ദളിത് പ്രവര്‍ത്തകരും പറയുന്നു. എന്നാലതെല്ലാം മാറി, കുടവയറും കസവുമുണ്ടും ഓലക്കുടയുമായ മാവേലിയുടെ രൂപമാണ് പിന്നീട് വ്യാപകമായത്. അതിനു കാരണം കേരളീയ സംസ്‌കാരമെന്നാല്‍ സവര്‍ണ്ണസംസ്‌കാരമാണെന്ന ചിന്ത വ്യാപകമായതാണ്. ഇതോടൊപ്പം തന്നെ ഓണം കച്ചവടവല്‍ക്കരിക്കപ്പെടാനും തുടങ്ങി. ചാനലുകളുടെ ആധ്ിക്യം കൂടിയായപ്പോള്‍ മാവേലിയെ ഒരു സവര്‍ണ്ണ കോമാളി രൂപമായി ചിത്രീകരിക്കുന്ന പ്രവണത ശക്തമായി. ്അതാണിപ്പോള്‍ ശക്തമായി നിലനില്‍ക്കുന്നത്. അതേസമയം ഹിന്ദുത്വരാഷ്ട്രീയമിപ്പോള്‍ ശ്രമിക്കുന്നത് അസുരചക്രവര്‍ത്തിയായ മാവേലിയെ അപ്രസക്തനാക്കി വാമനനെ ഓണത്തിന്റെ നായകനാക്കാനാണ് എന്നതും കാണാതിരുന്നുകൂട. അതിനേയും ചെറുക്കേണ്ടതുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറുവശത്ത് ഓണം ശക്തിപ്പെടുത്തുന്നത് സവര്‍ണയുക്തികളെയും ജ്ഞാനവ്യവഹാരങ്ങളെയും തന്നെയാണെന്ന ദളിത് വിമര്‍ശനവും സജീവമാണ്. ദളിത് ചിന്തകനായ സണ്ണി കപിക്കാട് ചോദിക്കുന്നത്. മാനം മര്യാദയ്ക്കു തുണിയുടുക്കാന്‍ ഒരു വലിയ സമൂഹത്തെ അനുവദിക്കാതിരുന്ന കാലത്ത് അവര്‍ ഓണക്കോടി ഉടുത്തിരുന്നെന്നോ എന്നാണ്? ജന്മിത്വം എറിഞ്ഞുകൊടുക്കുന്ന നാഴിയുരി നെല്ലുകൊണ്ട് അന്നന്നത്തെ അന്നമൊരുക്കിയവര്‍ നാക്കിലമുറിച്ച് 18 കൂട്ടം കറിയും പായസവുമൊരുക്കി ഓണസദ്യ ഉണ്ടിരുന്നെന്നോ? പൊതുവഴിയില്‍ കാല്‍ കുത്താന്‍ പോലും അനുവാദമില്ലാതിരുന്നവര്‍ പൊതുഇടങ്ങളില്‍ തിരുവാതിര കളിച്ച് ഓണം ആഘോഷിച്ചിരുന്നെന്നോ? ഓണക്കാലത്തു മാധ്യമങ്ങളും പരസ്യചിത്രങ്ങളും പൊലിപ്പിച്ചുകാട്ടുന്ന മലയാളി മങ്കമാരില്‍ എവിടെയെങ്കിലും ഒരു കറുത്തമുഖം കണ്ടിട്ടുണ്ടോ? വെളുത്തുചുവന്ന് കസവുടുത്ത് ചന്ദനക്കുറിയണിഞ്ഞവരാണോ മലയാളത്തിലെ ബഹുഭൂരിപക്ഷം സ്ത്രീജനങ്ങളും? ‘പൂവേ പൊലി’ പാടി പൂവിറുക്കാന്‍ പോവുന്ന മലയാളിബാല്യങ്ങളുടെ ദൃശ്യചിത്രങ്ങളില്‍ ഒരൊറ്റ കറുത്തകുട്ടിയും അബദ്ധത്തില്‍ പോലും ഉള്‍പ്പെടുന്നില്ല. എന്തുകൊണ്ടാണിത്? എന്നുമുതലാണ് ഓണദിവസം എല്ലാവരും വെജിറ്റേറിയനാകുന്നത്?

തീര്‍ച്ചയായും മലയാളിക്കുമുന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിച്ചുതന്നെയാണ് ഇക്കുറിയും മാവേലി കടന്നുവരുന്നത്. അതിനുള്ള മറുപടികള്‍ കണ്ടെത്തലിലാണ് ഒരുദേശീയ സമൂഹം എന്ന നിലയില്‍ മലയാളികളുടെ ഭാവി നിലനില്‍ക്കുന്നത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply