വേണം നമുക്ക് വലിയൊരു തിരുത്തല്‍ പ്രക്രിയ

കാര്‍ഷിക – വ്യവസായിക – സാമ്പത്തിക വിഷയങ്ങള്‍ മാത്രമല്ല, നമ്മുടെ ജീവിത സംസ്‌കാരത്തില്‍ തന്നെ നിരവധി മാറ്റങ്ങളാണ് കൊവിഡ് കൊണ്ടുവരാന്‍ പോകുന്നത്. കൂട്ടായ്മകളും പൊതുയിടങ്ങളും കുറഞ്ഞുവരുമെന്നുറപ്പ്. മനുഷ്യര്‍ കൂടുതലായി കുടുംബത്തേക്കും തന്നിലേക്കും എന്തിനേറെ ചിലപ്പോള്‍ അവയവങ്ങളിലേക്കും ചുരുങ്ങും. അയല്‍പക്കക്കാരും എന്തിന് സ്വന്തം വീട്ടുകാര്‍ പോലും ശത്രുക്കളായി മാറും. തീര്‍ച്ചയായും ജനാധിപത്യ സംവിധാനത്തെയും സാമൂഹ്യജീവിതത്തേയും അത് പ്രതികൂലമായി ബാധിക്കും.

കൊവിഡിനുശേഷമുള്ള കാലം എന്തായിരിക്കും എന്ന ചര്‍ച്ചകളും ആഗോളതലത്തില്‍ തന്നെ വ്യാപകമായി നടക്കുന്നുണ്ട്. ഒരു കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കോവിഡിനുമുന്നും ശേഷവും ഒരുപോലെയാകില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ കൊവിഡിനുമുന്നത്തേക്കാള്‍ മോശമായിരിക്കും കൊവിഡാനന്തരകാലം. അതിരൂക്ഷമായ തൊഴിലില്ലായ്മയും ഭക്ഷ്യപ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും ലോകമനുഭവിക്കുമെന്നുറപ്പ്. വിമാനം കയറി വന്ന ഈ രോഗത്തിന്റെ ഏറ്റവും വലിയ കെടുതികള്‍ അനുഭവിക്കാന്‍ പോകുന്നത് സ്വന്തമായി സൈക്കിള്‍ പോലുമില്ലാത്തവരുമായിരിക്കും. ഏറ്റവും പ്രസക്തമായ വിഷയം ഈ മഹാദുരന്തത്തില്‍ നിന്നെങ്കിലും മനുഷ്യര്‍ പാഠം പഠിക്കാന്‍ തയ്യാറാകുമോ എന്നതാണ്. ഏറ്റവും ചുരുങ്ങിയ പക്ഷം അതിര്‍ത്തികള്‍ക്കൊന്നും ഒരര്‍ത്ഥവുമില്ല എന്ന് മനസ്സിലാക്കാനും യുദ്ധത്തിനും യുദ്ധഭീഷണിക്കുമായി കോടികള്‍ ചിലവഴിക്കുന്നത് അവസാനിപ്പിക്കാനും പ്രകൃതിക്കും പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങള്‍ക്കുമെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ നിയന്ത്രിക്കാനും വംശീയതയുടേയും വര്‍ഗ്ഗീയതയുടേയും മറ്റും പേരിലുള്ള യുദ്ധങ്ങള്‍ക്കറുതി വരുത്താനെങ്കിലും തയ്യാറാകുമോ? അതിന്റെ ഉത്തരങ്ങളിലായിരിക്കും കൊവിഡിനെ അതിജീവിച്ചാല്‍ തന്നെ മനുഷ്യസമൂഹത്തിന്റെ ഭാവി.

കൊവിഡാനന്തരകേരളത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് ഈ കുറിപ്പില്‍ പ്രധാനമായും ഉദ്ദേശിക്കുന്നത്. ലോകത്തെയാകെ മാറ്റിമറിച്ച ആഗോളീകരണത്തിന്റെ (അതിന്റെ ചൂഷണവശങ്ങള്‍ തല്‍ക്കാലം മാറ്റിവെക്കുന്നു) എതിര്‍ ദിശയില്‍ ലോകം സഞ്ചരിച്ചാല്‍ അതിന്റെ ഏറ്റവും വലിയ തിരിച്ചടി നേരിടുന്ന ഒരു ജനതയായിരിക്കും കേരളീയര്‍. ഇപ്പോഴും പലരും കൊട്ടിഘോഷിക്കുന്ന കേരളമോഡല്‍ ഉപഭോഗ – ആശ്രിത വ്യവസ്ഥയാണല്ലോ. അയല്‍ സംസ്ഥാനങ്ങള്‍ അതിര്‍ത്തിയില്‍ മണ്ണിട്ടാലോ ലോകത്തെവിടെയെങ്കിലും ഒരു ദുരന്തമോ യുദ്ധമോ സാമ്പത്തിക പ്രതിസന്ധിയോ തൊഴില്‍ നഷ്ടമോ ഉണ്ടായാല്‍ പട്ടിണി കിടക്കുന്ന ജനത. വിദ്യാഭ്യാസത്തെ കുറിച്ച് ഏറെ അഹങ്കരിക്കുമ്പോള്‍ ഉന്നതവിദ്യാഭ്യാസത്തിനു നാം എവിടെയൊക്കെയാണ ് പോകുന്നതെന്നതിന്റെ വിവരങ്ങളും കൊറോണകാലത്തു പുറത്തുവന്നല്ലോ. ഈ സാഹചര്യത്തില്‍ ഓരോരുത്തര്‍ക്കും അവരവരിലേക്കു ചുരുങ്ങേണ്ട ഒരവസ്ഥ വന്നാല്‍ അതേറ്റവുമധികം ബാധിക്കുന്നവരില്‍ ഒരു കൂട്ടര്‍ നമ്മളായിരിക്കും.

ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ പ്രസ്വകാലാധിഷ്ഠിതവും ദീര്‍ഘകാലാധിഷ്ഠിതവുമായ പദ്ധതികള്‍ക്കാണ് നാം രൂപം നല്‍കേണ്ടത്. അതിന്റെ സൂചനകള്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി നല്‍കിയിട്ടുണ്ട്. കാര്‍ഷികമേഖലയുടെ വിപുലീകരണമാണത്. തരിശുഭൂമികളിലടക്കും സ്വന്തം വീട്ടിലടക്കം കഴിയുന്നത്ര സ്ഥലങ്ങളില്‍ നെല്ലും പച്ചക്കറികളും കൃഷി ചെയ്യാന്‍ തയ്യാരാകുക എന്നാണി അദ്ദേഹം പ്രധാനമായും പറഞ്ഞത്. ഒപ്പം കോഴിയേയും പശുവിനേയും മറ്റും വളര്‍ത്തണം. തീര്‍ച്ചയായും സ്വാഗതാര്‍ഹമായ നിര്‍ദ്ദേശമാണത്. സ്വന്തം വീട്ടിലേക്കുള്ള പച്ചക്കറിയെങ്കിലും വീട്ടുവളപ്പില്‍ നിന്നു കിട്ടുന്ന അവസ്ഥ സംജാതമാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. പക്ഷെ അത് ഹ്രസ്വകാല നടപടി മാത്രമേ ആകുന്നുള്ളു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതുപോര. തകര്‍ന്നു തരിപ്പണമായ കൃഷി തിരിച്ചുപിടിക്കണമെങ്കില്‍ ഭൂപരിഷ്‌കരണത്തില്‍ തന്നെ കൈവെക്കണം. കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്‌കരണ നിയമത്തിനുശേഷം കൃഷി തകരുകയാണുണ്ടായത് എന്ന് എല്ലാവര്‍ക്കുമറിയാം. അതിന്റെ കാരണം വ്യക്തം. മണ്ണില്‍ കൃഷിചെയ്തിരുന്നവര്‍ക്കല്ല ഭൂമി ലഭിച്ചത് എന്നതു തന്നെയായിരുന്നു. കിട്ടിയവരില്‍ ഭൂരിഭാഗവും കൃഷിക്കാരായിരുന്നില്ല. പിന്നീട് നമ്മുടെ നെല്‍വയലുകള്‍ക്കെല്ലാം എന്തുപറ്റി എന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണല്ലോ. ദളിതരും ആദിവാസികളും മത്സ്യത്തൊഴിലാളികളും തൊട്ടം തൊഴിലാളികളുമൊക്കെ ഭംഗിയായി വഞ്ചിക്കപ്പെടുകയായിരുന്നു. ടാറ്റായേയും ഹാരിസണേയുമൊക്കെ ഭൂപരിഷ്‌കരണം സ്പര്‍ശിച്ചതുപോലുമില്ല. അവര്‍ ലക്ഷകണക്കനു ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്നത് അനധികൃതമായാണെന്ന് സര്‍ക്കാര്‍ തന്നെ നിയമിച്ച എത്ര അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്ത.ി ഈ സാഹചര്യത്തില്‍ പഴംപുരാണം പറഞ്ഞ് കാലം കളയാതെ ഒരു രണ്ടാം ഭൂപരിഷ്‌കരണമാണ് കേരളത്തില്‍ വേണ്ടത്. അത്തരത്തിലുള്ള ഒരു രാഷ്ട്രീയ – സാമൂഹ്യ മാറ്റത്തിലൂടേയേ ഭാവിയില്‍ ഭക്ഷണത്തിന്റെ വിഷയത്തിലെങ്കിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ കേരളത്തിനാകൂ. അതിനുള്ള തുടക്കമെങ്കിലും ആകണം കൊവിഡാനന്തരകാലം. ഒപ്പം മത്സ്യസമ്പത്തും മത്സ്യത്തൊഴിലാളികളേയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ചിക്കന്റെ വിഷയത്തില്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ കൃത്യമായി നടപ്പാക്കണം.

താല്‍പ്പര്യമില്ലെങ്കിലും തൊഴിലിനായി മാത്രം പുറത്തുപോകേണ്ട അവസ്ഥ ഒഴിവാക്കേണ്ടതും വരും കാലത്തില്‍ അനിവാര്യമാകും. അതിനായി കേരളത്തിന്റെ പ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ, നമ്മുടെ വിഭവങ്ങളും മനുഷ്യാധ്വാനവും ഉപയോഗിച്ച്, പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായ ശാലകള്‍ തുടരണം. നമ്മുടെ കാര്‍ഷികവിഭവങ്ങളായ നാളികേരവും റബ്ബറും മറ്റും ഉപയോഗിച്ചുള്ള മൂല്യവര്‍ദ്ധിത വ്യവസായങ്ങള്‍ വളരണം. സോപ്പുമുതല്‍ ബലൂണ്‍ വരെ പുറത്തുനിന്നു വരുന്ന അവസ്ഥക്കറുതി വരുത്തണം. എല്ലാവരും പശുവിനെ വളര്‍ത്താന്‍ പറയുമ്പോള്‍ പാല്‍പ്പൊടിയാക്കാന്‍ തമിഴ് നാട്ടില്‍ കൊണ്ടുപോകേണ്ട ഗതികേടാണ് എന്നു മറക്കരുത്. തമിഴ്‌നാട് വേണ്ട എന്നു പറഞ്ഞാല്‍ പാല്‍ ഓടയിലൊഴിക്കണം. കുരിയന്റെ നാടായിട്ടും എന്തേ പാല്‍പ്പൊടിയുണ്ടാക്കാന്‍ നമുക്കുകഴിയാത്തത്? ഒരുവശത്ത് പരമ്പരാഗത വ്യവസായങ്ങള്‍ക്ക് ജീവന്‍ കൊടുക്കുകയും നമറുവശത്ത് ഐടി മേഖലയില്‍ ഊന്നുകയും വേണം. ടൂറിസം, ലോട്ടറി, മദ്യം, സ്ഥല – വാഹന കച്ചവടം തുടങ്ങിയവ ആശ്രയിച്ചുള്ള സമ്പദ്ഘടനക്കു മാറ്റം വരണം. അല്‍പ്പം ദീര്‍ഘവീക്ഷണവും ജാഗ്രതയുമുണ്ടെങ്കില്‍ ഇതെല്ലാം സാധ്യമാണ്. തീര്‍ച്ചയായും തൊഴിലിനോടുള്ള നമ്മുടെ സമീപനവും തൊഴില്‍ സംസ്‌കാരവും പൊളിച്ചെഴുതണം. പരിസ്ഥിതി സംരക്ഷണം ഇതിന്റെയെല്ലാം മുന്നുപാധിയുമാകണം. കൊവിഡ് കാലത്തു കടന്നുവന്ന ഭൗമദിനത്തിന്റെ സന്ദേശവും അതുതന്നെയാണ്. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും നമ്മുടെ മുന്നിലില്ല എന്നതാണ് വസ്തുത.

കാര്‍ഷിക – വ്യവസായിക – സാമ്പത്തിക വിഷയങ്ങള്‍ മാത്രമല്ല, നമ്മുടെ ജീവിത സംസ്‌കാരത്തില്‍ തന്നെ നിരവധി മാറ്റങ്ങളാണ് കൊവിഡ് കൊണ്ടുവരാന്‍ പോകുന്നത്. കൂട്ടായ്മകളും പൊതുയിടങ്ങളും കുറഞ്ഞുവരുമെന്നുറപ്പ്. മനുഷ്യര്‍ കൂടുതലായി കുടുംബത്തേക്കും തന്നിലേക്കും എന്തിനേറെ ചിലപ്പോള്‍ അവയവങ്ങളിലേക്കും ചുരുങ്ങും. അയല്‍പക്കക്കാരും എന്തിന് സ്വന്തം വീട്ടുകാര്‍ പോലും ശത്രുക്കളായി മാറും. തീര്‍ച്ചയായും ജനാധിപത്യ സംവിധാനത്തെയും സാമൂഹ്യജീവിതത്തേയും അത് പ്രതികൂലമായി ബാധിക്കും. പൊതുവാഹനങ്ങളും സിനിമാശാലകളും നാടകതിയറ്ററുകളും ഉത്സവങ്ങളും പൊതുസമ്മേളനങ്ങളും പ്രതിഷേധറാലികളും യാത്രകളും ചര്‍ച്ചകളും മറ്റും കുറയുന്ന അവസ്ഥ ഒന്നാലോചിക്കുക. തീര്‍ച്ചയായും ചാനലുകളും സാമൂഹ്യമാധ്യമങ്ങളും വഴി കുറെ കാര്യങ്ങള്‍ നടക്കുമായിരിക്കും. തൊഴില്‍, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ അതാവുകയുമാകാം. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസ മേഖലയിലും മറ്റും അത്തരം മാറ്റം വന്നാല്‍ നഷ്ടപ്പടുന്ന് ഭാവിതലമുറയുടെ സാമൂഹ്യബോധമായിരിക്കും. അതുപോലെ രാഷ്ട്രീയ – സര്‍ഗ്ഗാത്മക – ആത്മീയ വിഷയങ്ങളിലൊക്കെ ഓണ്‍ലൈന്‍ ജീവിതത്തിനു പരിമിതികളുണ്ട്. യാതൊരുവിധ സ്വകാര്യതയും സ്വപ്‌നങ്ങളുമില്ലാത്ത ജീവികളായി മനുഷ്യന്‍ മാറാം. ഒരുപക്ഷെ ജനാധിപത്യമൂല്യങ്ങള്‍ നശിക്കാനും ഭരണകൂടം ഫാസിസവല്‍ക്കരിക്കാനുമുള്ള സാധ്യതകളും ചിന്തകര്‍ തള്ളിക്കളയുന്നില്ല. അതേസമയം ജീവിതം കുറെയേറെ ലളിതമായാലും ഒന്ും സംഭവിക്കില്ല എന്ന പാഠവും കൊവിഡ് കാലം നല്‍കുന്നുണ്ട്. നാലും അഞ്ചും പേര്‍ പങ്കെടുക്കുന്ന വിവാഹങ്ങള്‍ തന്നെ ഉദാഹരണം. വിവാഹവും വിദ്യാഭ്യാസവും ചികിത്സയും വീടും വാഹനവുമൊക്കെ അന്തസ്സിന്റെ പ്രതീകമായി മാറുന്ന അവസ്ഥ മാറണം. കൊവിഡ് കാലത്ത് ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിലുള്ള ഭീമമായ കുറവ് വിദഗ്ധ ഡോക്ടര്‍മാര്‍ വരെ ചൂണ്ടികാട്ടിയത് ഒരു സൂചനയാണ്. അമിതമായ മദ്യാസക്തിക്കും കൊവിഡ് പൂട്ടിടാനിടയുണ്ട്.

തീര്‍ച്ചയായും ഈ ചിന്തകളില്‍ അതിശയോക്തിയുണ്ടാകാം. ഒരു കൊവിഡ് കാലം കൊണ്ടുമാത്രം ഇത്രയും മാറ്റങ്ങള്‍ ഉണ്ടാകാനിടയില്ല, എല്ലാം പഴയപോലെയാകും, എന്തിനേയും അതിജീവിക്കാന്‍ മനുഷ്യന്‍ ശക്തനാണെന്നു വാദിക്കുന്നവരുണ്ട്. എന്നാല്‍ ഇന്നത്തെ നിലയിലാണ് മനഷ്യജീവിതം മുന്നോട്ടുപോകുന്നതെങ്കില്‍ പുതിയ രൂപത്തിലും ഭാവത്തിലും കൊവിഡ് കാലം ആവര്‍ത്തിക്കുമെന്നുറപ്പ്. അപ്പോള്‍ ലോകം ഒരിക്കലും അതിജീവിക്കാനാവാത്ത അവസ്ഥയിലെത്തിയിരിക്കും. അതിനാല്‍ തന്നെ വലിയ തിരുത്തലുകള്‍ക്ക് മനുഷ്യരാശി തയ്യാറാകേണ്ട സമയമാണിത്. അവിടെയാണ് മനുഷ്യന്‍ തന്റെ ശക്തി കാണിക്കേണ്ടത്. ആ തിരുത്തല്‍ പ്രക്രിയയില്‍ പങ്കാളികളാകാന്‍ മലയാളികള്‍ക്കും ആകണം. അല്ലെങ്കില്‍ വരുംതലമുറയുടെ ചോദ്യങ്ങള്‍ക്ക് നമുക്ക് മറുപടിയുണ്ടാകില്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply