ഇനിയും പൂര്‍ണ്ണമായും രാഷ്ട്രപൗരന്മാരായി മാറാത്തവരാണ് നാം
ഗോത്രങ്ങളില്‍ നിന്ന് ആധുനികജനാധിപത്യത്തിലെത്തിയ ചരിത്രമാണ് മനുഷ്യന്റേത്. ഗോത്രമനുഷ്യനില്‍ നിന്നും രജഭരണത്തിലെ പ്രജയായും പിന്നീട് ജനാധിപത്യത്തിലെ പൗരനായും മാറിയ ചരിത്രം. എന്നാല്‍ ആധുനികപൗരനായുള്ള മനുഷ്യന്റെ പരിണാമം ഇനിയും പൂര്‍ത്തിയായിട്ടില്ല. പ്രജയുടെ അംശങ്ങള്‍ നമ്മളിലിപ്പോഴും അവശേഷിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം കൊവിഡ് കാലം അത്തരമൊരു മാറ്റത്തിനുള്ള നിരവധി സാധ്യതകള്‍ മുന്നോട്ടചുവെക്കുന്നുണ്ട്.
മനുഷ്യകുലം കൊച്ചുകൊച്ചുഗോത്രങ്ങളായി ജീവിച്ചിരുന്ന കാലത്ത് ഓരോരുത്തരും കൂറുപുലര്‍ത്തിയിരുന്നത് സ്വന്തം ഗോത്രത്തോട് മാത്രമായിരുന്നു. മറ്റു ഗോത്രങ്ങളോട് വെറുപ്പായിരുന്നു. ഗോത്രത്തലവന്മാരായിരുന്നു ഓരോ ഗോത്രങ്ങളേയും നയിച്ചിരുന്നത്. അവര്‍ ചെറിയ രാജാക്കന്മാര്‍ തന്നെയായിരുന്നു. തങ്ങളുടെ ഗോത്രത്തിലുള്ളവരെ ഒന്നിപ്പിക്കാന്‍ തലവന്മാര്‍ പലവിധ വിശ്വാസങ്ങള്‍ക്കും രൂപം കൊടുത്തിരുന്നു. അതാണ് മതങ്ങളുടെ ആദ്യകാല ഉല്‍ഭവം എന്നു കരുതാം. കൊച്ചുകള്‍ട്ടുകള്‍ കൊച്ചു മതങ്ങളായി മാറി. ഓരോ ഗോത്രത്തിലുമുള്ളവരെ ജനിതകമായി ഉണ്ടായിരുന്ന ഗോത്രസ്‌നേഹത്തിനുപരിയായി ആശയപരമായി ഒന്നിപ്പിക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. ഗോത്രങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുകയും ശക്തമായ ഗോത്രങ്ങള്‍ ശക്തികുറഞ്ഞവയെ കീഴടക്കുകയും ചെയ്യാനാരംഭിച്ചതോടെ മതത്തിന്റെ ആവശ്യകത കൂടിവന്നു. നിരവധി ഗോത്രങ്ങളെ ഒന്നിപ്പിച്ച് വലിയ സമൂഹങ്ങള്‍ രൂപം കൊണ്ടതോടെ അവയുടെ തലവന്മാര്‍ രാജാക്കന്മാരായി. പല ഗോത്രങ്ങളിലുള്ളവരും അടിമകളായി. ഇവരെയെല്ലാം മെരുക്കിയെടുക്കുക എന്നത് രാജാവിന്റെ ആവശ്യമായിരുന്നു. അങ്ങനെയാണ് വലിയ മതങ്ങള്‍ രൂപം കൊണ്ടത്. ഇന്ന് മതങ്ങള്‍ ജനങ്ങളെ വിഘടിപ്പിക്കുകയണെങ്കില്‍ അന്ന് രാജാവിനുവേണ്ടി മതങ്ങള്‍ വിവിധ ഗോത്രങ്ങളിലെ ജനങ്ങളെ ഒന്നിപ്പിക്കുകയായിരുന്നു. അതിനായി വലിയ ദൈവങ്ങളും രൂപം കൊണ്ടു. ഏകദൈവവിശ്വാസത്തെയായിരുന്നു ഈ മെരുക്കല്‍ പ്രക്രിയക്ക് രാജാവ് ആയുധമാക്കിയത്. മുകളില്‍ നിന്നു എല്ലാം വീക്ഷിക്കുന്ന ഏകദൈവം എന്ന സങ്കല്‍പ്പം ഈ ഒന്നിപ്പിക്കല്‍ പ്രക്രിയക്ക് ആവശ്യമായിരുന്ു. ഇന്ത്യയില്‍ തന്നെ ബുദ്ധന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചത് പ്രധാനമായും അശോകനായിരുന്നല്ലോ. അത് രാജ്യം നിലനിര്‍ത്താനായിരുന്നു. ബുദ്ധമതത്തില്‍ ദൈവമില്ലായിരുന്നെങ്കിലും മോക്ഷസങ്കല്‍പ്പമൊക്കെ ഉണ്ടായിരുന്നല്ലോ.
എന്തായാലും ഈ പ്രക്രിയക്കൊപ്പം മറ്റൊരു പ്രധാന മാറ്റം സമൂത്തില്‍ രൂപമെടുക്കാന്‍ തുടങ്ങിയിരുന്നു. അടിമകള്‍ പ്രജകളായി മാറുന്ന മാറ്റമായിരുന്നു അത്. 2500 ഓളം വര്‍ഷം നീണ്ടുനിന്നു ഈ പ്രക്രിയ. അതിന്റെ അവശിഷ്ടങ്ങള്‍ ലോകത്തിന്റെ പല ഭാഗത്തും ഇപ്പോഴും കാണാം. പലയിടത്തും ഇപ്പോഴും രാജഭരണമാണല്ലോ. എന്തായാലും ഈ മാറ്റം മുന്‍അവസ്ഥയേക്കാല്‍ പുരോഗമനകരമായിരുന്നു. മതങ്ങളെയും ദേവങ്ങളേയും ഉപയോഗിച്ചാണ് രാജാക്കന്മാര്‍ അതു നേടിയത്. ചെറുദൈവങ്ങളേയും ചെറുമതങ്ങളേയും മറികടക്കാന്‍ വലിയ മതങ്ങളും ദൈവങ്ങളും ഉണ്ടായി. ഗ്രീസിലും റോമിലും ഇന്ത്യയിലുമെല്ലാം ഈ പ്രക്രിയ കാണാം. ചിലപ്പോള്‍ ദൈവം രാജാവായും അവതരിച്ചു.. രാമനും കൃഷ്ണനുമൊക്കെ ഉദാഹരണം. വലിയ സാമ്രാജ്യങ്ങള്‍ രൂപം കൊള്ളുന്നതോടൊപ്പം ഏകദൈവവും സെമിറ്റിക് മതങ്ങളും ശക്തമായി. അവയുടെ പ്രചരണാര്‍ത്ഥം പുണ്യഗ്രസ്ഥങ്ങളുമുണ്ടായി. ദേവാലയങ്ങളുണ്ടായി. ആരാധനാക്രമങ്ങളുണ്ടായി. ഇതെല്ലാം ഗോത്രമനുഷ്യരെ പ്രജകളായി ആശയപരമായി മെരുക്കിയെടുക്കാനായിരുന്നു.
ഗോത്രമനുഷ്യനില്‍ നിന്നു പ്രജയിലേക്കു മനുഷ്യരെ മാറ്റിയ ഇത്തരമൊരു മെരുക്കല്‍പ്രക്രിയ അക്കാലത്ത് പുരോഗമനപരമായിരുന്നു എന്നതില്‍ സംശയമില്ല. മാത്രമല്ല പതുക്കെ പതുക്കെ ഈ പ്രജകള്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങി. രാജാവ് മതം മാറിയാലും പ്രജകള്‍ പൂര്‍ണ്ണമായും അനുസരിക്കാതായി. തുടര്‍ന്ന് ബലപ്രയോഗങ്ങളും യുദ്ധങ്ങളും നടന്നു. അതിനിടെ പല മതങ്ങളും ഭീമാകാരമായി വളര്‍ന്നിരുന്നു. പോപ്പൊക്കെ വലിയ ശക്തനായി. പഴയപോലെ രാജാക്കന്മാര്‍ക്ക് മതങ്ങളെ നിയന്ത്രിക്കാനാവാതായി. എങ്കിലും പലപ്പോഴും ദൈവവും മതവും പോലും ചോദ്യം ചെയ്യപ്പെട്ടു. രാജാവ് തന്നെ കലാപമാരംഭിച്ചു. അങ്ങനെയാണ് കൃസ്തുമതത്തല്‍ നിന്ന് പ്രൊട്ടസ്റ്റന്റുകാര്‍ ഉണ്ടായത്. പിന്നീട് പല കൃസ്തുമതങ്ങളുമുണ്ടായി. മുസ്ലിംമതത്തില്‍ സുന്നി – ഷിയ പോലെ പല വിഭാഗങ്ങള്‍ ഉണ്ടായല്ലോ. ഇന്ത്യയില്‍ ഹിന്ദുമതമില്ലായിരുന്നെങ്കിലും ശാക്തേയം, വൈഷവം, ശൈവം, ജൈനം, ബൗദ്ധം തുടങ്ങി പല മതധാരകളും ഉണ്ടായിരുന്നു. അവിടേക്കാണ് ഇസ്ലാം കടന്നുവന്നത്. തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ പുതിയൊരു മതമുണ്ടാക്കാന്‍ അക്ബര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അതിനിടെ മനുഷ്യരുടെ കൂറ് ഗോത്രങ്ങള്‍ക്കു പകരം ആശയങ്ങളോടായി മാറിയിരുന്നു. മതത്തിനായി മരിക്കാന്‍ തയ്യാറായവര്‍ നിരവധിയായി. തുടര്‍ന്ന് രാജാവും മതവുമൊക്കെയായി സംഘര്‍ഷമാരംഭിച്ചു. ഏറെ കാലം നീണ്ട സംഭവവികാസങ്ങള്‍ക്കുശേഷം രാജാവില്ലാത്തതും മതങ്ങള്‍ക്ക് നിയന്ത്രണണില്ലാത്തതുമായ രാജ്യങ്ങള്‍ നിലവില്‍ വരാന്‍ തുടങ്ങി. സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ സന്ദേശങ്ങള്‍ അലയടിക്കാന്‍ തുടങ്ങി. ജനങ്ങള്‍ രാജാവിന്റെ പ്രജകള്‍ എന്നതില്‍ നിന്ന് മാറി രാഷ്ട്രത്തിലെ പൗരന്മാരാകാന്‍ തുടങ്ങി. ഏകദേശം 200 വര്‍ഷമായി ഈ പ്രക്രിയ ആരംഭിച്ചിട്ട്. എന്നാലിപ്പോഴുമത് പൂര്‍ണ്ണമായിട്ടില്ല. എവിടേയും നിലനില്‍ക്കുന്നത് ഉച്ചനീചത്വമാണ്. നിയമസഭയില്‍ നമുക്കിപ്പോഴും സ്പീക്കര്‍ വേണം, പട്ടാളം വേണം, പോലീസ് വേണം. കമ്മിറ്റികള്‍ക്ക് പ്രസിഡന്റും സെക്രട്ടിറിയും വേണം. വീടുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും കാര്യാലയങ്ങളിലുമൊന്നും തുല്ല്യതയില്ല. എല്ലായിടത്തും മനുഷ്യര്‍ വെര്‍ട്ടിക്കലാണ്. അത് പൗരസങ്കല്‍പ്പത്തിന് എതിരാണ്. നമുക്കാവശ്യം ഹൊറിസോണ്ടലായ സമൂഹമാണ്. നമ്മുടെ സ്‌കൂളുകളില്‍ മുതല്‍ നടക്കുന്നത് പക്ഷെ അതല്ല. അധ്യാപകന്‍ അറിവ് നിക്ഷേപിക്കുകയാണ്. കീഴടങ്ങാനുള്ള ട്രെയിനിംഗ് ആണ് കുട്ടികള്‍ക്ക് നല്‍കുന്നത്. കുട്ടികളെ വട്ടത്തിലിരുത്തി നടുവില്‍ നിന്നാണ് അധ്യാപകര്‍ പഠിപ്പിക്കേണ്ടത്. എങ്കില്‍ ബാക്ക് ബഞ്ചുകാരുണ്ടാകില്ല. പക്ഷെ രാജാവിന്റെ പോലെയാണ് അധ്യാപകന്‍ ഇരിക്കുന്നത്. കുട്ടികള്‍ പ്രജകളും. അതുപോലെ കുറെപേരെ തോല്‍പ്പിക്കാന്‍ നടത്തുന്ന പരീക്ഷയൊക്കെ അവസാനിപ്പിക്കേണ്ടേ? പത്തിരുപതുകൊല്ലം കളഞ്ഞശേഷം നീ ഒന്നിനും കൊള്ളാത്തവനാണെന്നു കുട്ടികളോടു പറയുന്നത് എന്തടിസ്ഥാനത്തിലാണ്? അതുപോലെ തന്നെയാണ്. തുടര്‍ന്ന് വിവാഹത്തിന്റെ കാര്യത്തിലും വ്യക്തിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ പാലിക്കുന്നില്ല. ഒന്നാം ക്ലാസ്സ് മുതല്‍ പരസ്പരം ഇടപഴകാന്‍ പോലുമനുവദിക്കാതെ ഒരു ദിവസം മറ്റുള്ളവര്‍ തെരഞ്ഞെടുക്കുന്ന ഒരാളോടൊപ്പം ജീവിക്കാന്‍ ആവശ്യപ്പെടുക. അതിലാകട്ടെ വധുവിന് വരനേക്കാള്‍ പൊക്കമോ പ്രായമോ പണമോ പദവിയോ പാടില്ല. ഇവിടെ സ്ത്രീ പ്രജയും പുരുഷന്‍ രാജാവുമാണ്. ഇതെല്ലാം, പൗരത്വം അഥവാ സ്വതന്ത്രവ്യക്തിത്വമെന്ന ആശയത്തിന് എതിരാണ്.
നമ്മില്‍ നിന്ന് പ്രജത്വം ഇപ്പോഴും വിട്ടൊഴിയുന്നില്ല എന്നതാണ് വസ്തുത. നമ്മുടെ ജനപ്രചതിനിധികള്‍ മാത്രമായവര്‍ ഭരണാധികാരികളായി, പഴയ രാജാക്കന്മാരെ പോലെതന്നെ പെരുമാറുന്നത് അതിനാലാണ്. റൂളിംഗ് അല്ല, ഗവേണിംഗ് മാത്രമേ നമുക്കാവശ്യമുള്ളു. പ്രജകള്‍ക്ക് അവകാശങ്ങളോ ഉത്തരവാദിത്തങ്ങളോ കടമകളോ ഇല്ല. അനുസരണ മാത്രമേയുള്ളു. രാജാവില്‍ കേന്ദ്രീകരിച്ച അധികാരം ജനങ്ങളിലേക്ക് ഇറങ്ങിവരുമ്പോഴാണ് നാം പൗരന്മാരാകുന്നത്. വോട്ടവകാശത്തിലൂടെയാണ് അധികാരം എല്ലാവര്‍ക്കും ലഭ്യമാകുന്നത്. എനിക്ക് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലെന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് ഉത്തരവാദിത്തമില്ല എന്നുതന്നെയാണ്. കക്ഷിരാഷ്ട്രീയമല്ല ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ഈ പ്രക്രിയയില്‍ നിരവധി മാറ്റങ്ങള്‍ ആവശ്യമുണ്ട്. തിരിച്ചുവിളിക്കാനുള്ള അവകാശം വേണം. 30 ശതമാനം വോട്ടുകിട്ടിയാല്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം സീറ്റു കിട്ടുകയും 25 ശതമാനം കിട്ടിയാല്‍ ചിലപ്പോള്‍ ഒരു സീറ്റും കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ മാറണം. പാര്‍ട്ടികള്‍ക്ക് കിട്ടുന്ന വോട്ടിന്റെ അനുപാതത്തിലാവണം സീറ്റുകള്‍. ഏകപാര്‍ട്ടി ആധിപത്യമില്ലാതാകുകയും രാഷ്ട്രീയമുന്നണികള്‍ ശക്തമാകുകയും വേണം. അപ്പോഴാണ് പൊതുസമ്മതിയോടെയുള്ള ഭരണമുണ്ടാകുക.
ഇതോടൊപ്പം പറയേണ്ട പ്രധാന വിഷയമാണ് എല്ലാ വൈവിധ്യങ്ങളും നിലനില്‍ക്കണമെന്നത്. പ്രകൃതിയുടെ നിയമം തന്നെ വൈവിധ്യമാണ്. അതില്ലാതാക്കാനാണല്ലോ കേന്ദ്രഭരണകൂടം ശ്രമിക്കുന്നത്. എല്ലാ ഭാഷകളും വേണം. ഏതു ഭാഷയില്‍ പറഞ്ഞാലും ആര്‍ക്കും തര്‍ജ്ജമ ലഭിക്കുന്ന രീതിയില്‍ സാങ്കേതിക വിദ്യ വികസിച്ച കാലത്ത് അതൊരു വിഷയമല്ല. എല്ലാ സംസ്‌കാരങ്ങളും നിലനില്‍ക്കണം. തീര്‍ച്ചയായും ഇതിനെല്ലാം സമരങ്ങള്‍ അനിവാര്യമാകും. ഒപ്പം സര്‍ക്കാരുദ്യോഗസ്ഥരെ നിരീക്ഷിക്കാന്‍ ജനകീയകമ്മിറ്റികള്‍ വേണം. പൗരബോധം വികസിപ്പിക്കുന്നവായിരിക്കണം ഈ ഇടപെടലുകള്‍ എന്നതാണ് പ്രധാനം. ഇപ്പോഴത് രാഷ്ട്രപൗരന്മാരാണെങ്കില്‍ ഭാവിയിലത് ഭൗമപൗരന്മാരാകാനാകണം.
ചുരുക്കിപറഞ്ഞാല്‍ നാമിപ്പോഴും യഥാര്‍ത്ഥപൗരന്മാരായിട്ടില്ല. അതാകണം. അതിനായി ബോധപൂര്‍വ്വമായ ഇടപെടലുകള്‍ വേണം. ഈ കൊവിഡ് കാലത്ത് അത്തരത്തിലുള്ള ചില പ്രാക്ടീസുകള്‍ സാധ്യമാണ്. ഉദാഹരണമായി ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകള്‍. അവിടെ മുകളില്‍ പറഞ്ഞ രീതിയിലുള്ള സംവിധാനമല്ലല്ലോ. മുന്‍ബഞ്ചും ബാക്ക് ബഞ്ചുമൊന്നുമില്ല. കുട്ടികളെല്ലാം തുല്ല്യരാണ്. തീര്‍ച്ചയായും അധ്യാപകരുമായി കൂടുതല്‍ സംവദിക്കാനുള്ള സംവിധാനം ശക്തമാകണം. സര്‍ക്കാരിടപാടുകള്‍ പരമാവധ ഓണ്‍ലൈനാകുമ്പോള്‍ ഉദ്യാഗസ്ഥരുടേ ഫ്യൂഡല്‍ അധികാര പ്രവണതക്കു കുറവുവരും. അതുപോലെതന്നെ ജനപ്രതിനിധികളും മന്ത്രിമാരുമൊക്കെ ഓണ്‍ലൈന്‍ വഴി മുഴുവന്‍ ജനങ്ങളുമായി സംവദിക്കണം. അതിലൂടെ അവരെ ചോദ്യം ചെയ്യനും വിശദീകരണങ്ങള്‍ ആവശ്യപ്പെടാനും ഏതൊരു പൗരനുമാകണം. അതായത് കൊവിഡ് കാലത്തെ പരിമിതികളെ നാം അവസരമാക്കി മാറ്റണം. ആധുനികസൈങ്കേതിക വിദ്യകളുടെ സഹായത്തോടെ ഗോത്രമനുഷ്യനില്‍ നിന്ന് പ്രജയിലൂടെ രാഷ്ട്രപൗരന്മാരിലേക്കും ഭാവിയില്‍ ഭൗമപൗരന്മാരിലേക്കുമുള്ള നമ്മുടെ പ്രയാണം വിജയകരമാക്കണം
(കടപ്പാട് – യുക്തിവാദി)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Anand
July 14, 2020 at 10:36 am
🔥🔥🔥🔥❤️
Deepak Raj S
July 17, 2020 at 1:48 am
👏🏿👏🏿🖤
ടി എം കൃഷ്ണൻകുട്ടി
July 19, 2020 at 10:14 am
പ്രസക്തമായ പല പുതിയ ചിന്തകളും ഈ കുറിപ്പിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതിൽ ഏറെ ശ്രദ്ധിക്കേണ്ടത് നമ്മുടെ നിലവിലുള്ള ജനാധിപത്യ ഭരണ സംവിധാനത്തെക്കുറിച്ചാണ്.
ഇപ്പോൾ നമുക്ക് ജനാധിപത്യ സംവിധാനമുണ്ടെങ്കിലും അതിൽ ജനങ്ങളുടെ ഇഛയല്ല നടപ്പിലാക്കപ്പെടുുുന്നത്. ഉദാഹരണത്തിന് കേരളത്തിിലെ മുന്നണിഭരണം തന്നെ. 140 നിയമസഭ അംഗങ്ങൾക്കും ഭരണത്തിൽ പങ്കാളിത്തം വരുമ്പോൾ മാത്രമെ അത് യഥാർത്ഥ ജനാധിപത്യ ഭരണമാകുന്നുനുള്ളു. ഭുരിപക്ഷ്ഷമുള്ള മുന്നണിയുടെ മന്ത്രിസഭ എന്ന് വരുമ്പോൾ ന്യൂനപക്ഷത്തിൻ്റെ ഇഛ അവഗണിക്കപ്പെടുന്നു. ഈ ന്യൂനത പരിഹരിക്കുന്നതിനായി മറ്റൊരു സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടിയിരിക്കുന്നു.
എൻ്റെ അഭിപ്രായത്തിൽ ഓരോ പാർടികളിൽ നിന്നും തെരഞ്ഞെഞെടുക്കപ്പെടുന്ന എം എൽ എ മാരുടെ എണ്ണത്തിന് ആനുപാതികമായി അവർക്ക് മന്ത്രിസഭയിലും പ്രാതിനിധ്യമുണ്ടാകണം. മുഖ്യമന്ത്രി, മന്ത്രിമാർ, നിയമസഭ സ്പീക്കർ, മറ്റ് പ്രധാനപ്പെട്ട സ്ഥാനങ്ങൾ എല്ലാംകൂടി 20 എണ്ണ്ത്തിൽ കൂടരുത്. ഇങ്ങനെയുള്ള ഭരണസംവിധാനത്തെ മാത്രമെ ജനാധിപത്യ ഭരണം എന്ന് കണക്കാക്കാൻ കഴിയും. സംസ്ഥാാനങ്ങളിലും കേന്ദ്രത്തിലും ഈ സംവിധാനമാണ് ഇപ്പോഴത്തെ നിലയിൽ അഭികാമ്യം. പാഴ് ചിലവുകൾ കുറയ്ക്കാനും മികച്ച നിലയിൽ ഭരണം നിർവഹിക്കാനും കുറെക്കൂടി ജനങ്ങളുടെ പങ്കാളിിത്തം ഉറപ്പുവരുത്താനും ഈ പങ്കാളിത്ത ജനാധിപത്യത്തിന് കഴിയുമെന്നാണ് എൻ്റെ വിശ്വാസം. ഒന്നുമില്ലെങ്കിലും, ഒരു മുന്നണി ഭരണം നടത്തുമ്പോൾ പ്രതിപക്ഷ മുന്നണിയുടെ ഊർജ്ജം മുഴുവൻ ഭരണത്തെ എതിർക്കുന്ന ഇപ്പോഴത്തെ പ്രക്ഷോഭപരിങ്കിലും ഒഴിവായിക്കിട്ടുമല്ലോ..?