വ്‌ളാദിമിര്‍ പുടിന്റെ യുദ്ധങ്ങള്‍ 1
റഷ്യയുടെ യുക്രൈന്‍ അധിനിവേശയുദ്ധത്തിന്റെ രാഷ്ട്രീയ കാരണങ്ങള്‍ എന്താണ് എന്ന അന്വേഷണത്തില്‍നിന്ന് ആ ചോദ്യത്തിനുള്ള ഉത്തരം നമ്മുക്ക് ലഭിക്കില്ല. കാരണം, രണ്ട് ജനതകള്‍ തമ്മിലോ, രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലോ ഉള്ള യുദ്ധമല്ല ഇത്. പുടിന്‍ എന്ന വ്യക്തി നടത്തുന്ന യുദ്ധമാണ്. അയാള്‍ മാത്രം തുടരാന്‍ ആഗ്രഹിക്കുന്ന യുദ്ധം.
ഒന്ന്
ഫെബ്രുവരി 24 ന് റഷ്യന്‍ അധിനിവേശത്തോടെ ആരംഭിച്ച യുക്രൈന്‍ യുദ്ധം ഇതെഴുതുമ്പോള്‍ 155 ദിവസങ്ങള്‍ പിന്നിട്ടു. യുക്രൈനിലെ സര്‍വ്വകലാശാലകളിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനുപോയ മലയാളി വിദ്യാര്‍ത്ഥികളെല്ലാം തിരിച്ചുവന്നതോടുകൂടി മലയാളപത്രങ്ങള്‍ക്കോ വാര്‍ത്താ ചാനലുകള്‍ക്കോ യുദ്ധം ഒരു വിഷയല്ലാതായി. യുക്രൈനില്‍ നിന്നുള്ള വാര്‍ത്തകള്‍ അറിയാന്‍ ഇപ്പോള്‍ വിദേശ ചാനലുകളെയോ വാര്‍ത്താ മാധ്യമങ്ങളെയോ ആശ്രയിക്കണം.
2014 ല്‍ ക്രൈമിയ മിന്നല്‍വേഗത്തില്‍ പിടിച്ചെടുത്ത് റഷ്യയുടെ ഭാഗമാക്കിയതുപോലെ ഒരാക്രമണമാണ് പുടിന്‍ വിഭാവന ചെയ്തിരുന്നതെത്ര. ഒരാഴ്ചകൊണ്ട് യുക്രൈനെ കീഴടക്കുക, പ്രസിഡന്റ് സെലന്‍സ്‌കിയെ വധിക്കുകയോ ഭരണത്തെ അട്ടിമറിക്കുകയോ ചെയ്യുകയോ ചെയ്യുക, പാവഗവണ്‍മെന്റിനെ പ്രതിഷ്ഠിക്കുക, യുക്രൈന്‍ റഷ്യയുടെ അവിഭാജ്യഭാഗമാണെന്ന് പ്രഖ്യാപിക്കുക… ഇങ്ങനെ പുടിന്‍ വിഭാവന ചെയ്ത കാര്യങ്ങള്‍ നടന്നില്ലെന്ന് മാത്രമല്ല, യുക്രൈന്‍ സൈന്യത്തിന്റെയും ജനങ്ങളുടെയും ചെറുത്തുനില്‍പ്പുമൂലം തലസ്ഥാനമായ കീവില്‍നിന്നും വടക്കുകിഴക്കന്‍ നഗരമായ ഖാര്‍കിവില്‍ നിന്നുമെല്ലാം പിന്‍വാങ്ങിയ റഷ്യന്‍ സൈന്യം ഇപ്പോള്‍ കിഴക്കന്‍ യുക്രൈനിലെ ഡോണ്‍ബാസ് മേഖലയില്‍ കേന്ദ്രീകരിപ്പിരിക്കുകയാണ്.
സെലന്‍സ്‌കിയാകട്ടെ അവരുടെ രാജ്യത്തിന്റെ ഹീറോയായി മാറുകയും ചെയ്തു. ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ നിന്നോ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നോ എന്നതിനേക്കാള്‍ ജനങ്ങള്‍ക്ക് തിരിച്ചറിയാവുന്ന അവരുടെ തെരുവുകളില്‍ നിന്ന്, അയാള്‍ നിരന്തരം ചെറുവീഡിയോകളിലൂടെ ജനങ്ങളോട് സംസാരിച്ചു. കീഴടങ്ങില്ലെന്ന് ആവര്‍ത്തിച്ചു. ‘ഞങ്ങള്‍ ഇവിടെയുണ്ട്’, ‘ഞങ്ങള്‍ യുക്രൈനെ സംരക്ഷിക്കും’ എന്ന് നിരന്തരം അയാള്‍ ലോകത്തോട് പറഞ്ഞു. കിട്ടാവുന്ന വേദികളിലെല്ലാം പ്രത്യക്ഷപ്പെട്ട് സംസാരിച്ചു. യു.എസ്. കോണ്‍ഗ്രസില്‍, യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍, ലോക സാമ്പത്തിക ഫോറത്തില്‍, കാന്‍ ഫെസ്റ്റിവലില്‍ വരെ… നാറ്റോ രാജ്യങ്ങളുടെ യോഗത്തിലേക്ക് പ്രത്യേക ക്ഷണിതാവായും എത്തി. അഴിമതി നിര്‍മാര്‍ജനം ചെയ്യും, കിഴക്കന്‍ യുക്രൈനിലെ ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കും എന്ന രണ്ടു വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കികൊണ്ടാണ് വോളോഡമിര്‍ സെലെന്‍സ്‌കി, 2019 ഏപ്രിലില്‍ 73 ശതമാനം വോട്ടുകള്‍ നേടി യുക്രൈന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിനുമുന്‍പ് പോപുലര്‍ ടെലിവിഷന്‍ ചാനലിലെ ഒരു നടന്‍ മാത്രമായിരുന്ന സെലന്‍സ്‌കി. റഷ്യയുടെ യുദ്ധം അയാള്‍ക്ക് വീരപരിവേഷം നല്‍കി.
നഗരങ്ങളെ ഇടവിടാതെ ബോംബ് ചെയ്ത് ചാരമാക്കുക പിന്നീട് അവയെ റഷ്യയുടെ ഭാഗമാക്കുക എന്നതാണ് റഷ്യന്‍ യുദ്ധതന്ത്രം. നാല്‍പതോളം നഗരങ്ങള്‍ തകര്‍ന്നുകഴിഞ്ഞു. റഷ്യയുടെ നിയന്ത്രണത്തിലായ കെര്‍സണ്‍, മരിയുപോള്‍, ലുഹാന്‍സ്, ഡൊണക്‌സ്, സെവറോഡൊണെസ്‌ക് തുടങ്ങിയ നഗരങ്ങളില്‍ 80-90 ശതമാനം കെട്ടിടങ്ങളും ഇന്‍ഫ്രാസ്‌ട്രെച്ചറുകളും നശിപ്പിക്കപ്പെട്ടു.
യുക്രൈന്‍ യുദ്ധത്തെക്കുറിച്ചുള്ള പത്രവാര്‍ത്തകള്‍ വായിച്ചുപോകുമ്പോള്‍, പിന്‍വാങ്ങുന്ന റഷ്യന്‍ പട്ടാളത്തിന്റെ യുദ്ധകുറ്റകൃത്യങ്ങള്‍ റിപ്പോട്ടു ചെയ്യുന്നതിനിടയില്‍, ബുച്ചയില്‍ റഷ്യന്‍ സൈനികരാല്‍ കൂട്ടബലാല്‍സംഗത്തിനിരയായ സ്ത്രീകളിലൊരാള്‍ ചോദിച്ച ചോദ്യമാണിത് ഇപ്പോഴും വീണ്ടും ഒരു കൊളുത്തുപോലെ ഓര്‍മ്മയിലേക്ക് വരുന്നത്. ‘എനിക്കു മനസ്സിലാകുന്നില്ല; നാം ശിലായുഗത്തിലാണോ ജീവിക്കുന്നത്’ എന്നാണ് ബി.ബി.സി റിപ്പോര്‍ട്ടറോട് അവര്‍ ചോദിച്ചത്. വീട് നശിപ്പിക്കപ്പെട്ട, കൂടപ്പിറപ്പുകള്‍ കൊലചെയ്യപ്പെട്ട, യുദ്ധത്തിന്റെ എല്ലാ ക്രൂരതകളും അനുഭവിക്കേണ്ടിവരുന്നവരുടെ പ്രതീകമായ ആ സ്ത്രീയുടെ ചോദ്യം ഈ കാലത്ത് ജീവിക്കുന്ന ഓരോ മനുഷ്യരോടുമുള്ള ചോദ്യം കൂടിയാണ്.
റഷ്യയുടെ യുക്രൈന്‍ അധിനിവേശയുദ്ധത്തിന്റെ രാഷ്ട്രീയ കാരണങ്ങള്‍ എന്താണ് എന്ന അന്വേഷണത്തില്‍നിന്ന് ആ ചോദ്യത്തിനുള്ള ഉത്തരം നമ്മുക്ക് ലഭിക്കില്ല. കാരണം, രണ്ട് ജനതകള്‍ തമ്മിലോ, രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലോ ഉള്ള യുദ്ധമല്ല ഇത്. പുടിന്‍ എന്ന വ്യക്തി നടത്തുന്ന യുദ്ധമാണ്. അയാള്‍ മാത്രം തുടരാന്‍ ആഗ്രഹിക്കുന്ന യുദ്ധം.
എങ്ങനെയാണ് പുടിന് രാജ്യത്തെ മുഴുവന്‍ അധികാരവും തന്നിലേക്ക് കേന്ദ്രീകരിക്കാന്‍ സാധിച്ചത്? ഏത് ഭ്രാന്തന്‍ തീരുമാനത്തെയും ഭയത്തോടെ അനുസരിക്കുന്ന ഒരു മാഫിയാ സംവിധാനമായി അയാളുടെ ഭരണം മാറിയതെങ്ങനെയാണ്? പ്രതിപക്ഷമോ അഭിപ്രായസ്വാതന്ത്ര്യമോ ഇല്ലാത്ത, സൈനികകേന്ദ്രീകൃതമായ, ഭയവും സംശയവും മാത്രം നിറഞ്ഞ ഒരു രാഷ്ട്രീയസംവിധാനം ഇത്രമാത്രം കേന്ദ്രീകൃതമാക്കുന്നതില്‍ സോവിയറ്റ് യൂണിയനില്‍ നിലനിന്നിരുന്ന പഴയ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ ഘടനയുടെ പങ്കെന്താണ്? നേരത്തെയുള്ള ചോദ്യത്തിലേക്കെത്താന്‍ ഈ കാര്യങ്ങളെ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടേതുണ്ട്.
പക്ഷേ, അതിനുമുന്‍പ് പുടിന്‍ യുദ്ധത്തിന്റെ ന്യായീകരണമായി നിരത്തുന്ന കളവോ ഭാവനാത്മകമോ ആയ കാര്യങ്ങളില്‍ വസ്തുതകളുണ്ടോ എന്ന് പരിശോധിക്കാം.
രണ്ട്
ഫെബ്രുവരി 23 ന് യുക്രൈനിനെ ആക്രമിക്കുന്നതിന്റെ തലേദിവസം റഷ്യന്‍ ടെലിവിഷനില്‍ ന്യായീകരണമായി പുടിന്‍ പറഞ്ഞ കാരണങ്ങള്‍ ഡോണ്‍ബാസില്‍ റഷ്യന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കെതിരെയുള്ള ‘ജനോസൈഡ്’ അവസാനിപ്പിക്കലും യുക്രൈനെ നാസികളില്‍നിന്ന് മോചിപ്പിക്കലുമായിരുന്നു.
ഡോണ്‍ബാസില്‍ റഷ്യന്‍ അനുകൂല വിഘടനവാദികളും യുെൈക്രെന്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതൊഴിച്ചുനിര്‍ത്തിയാല്‍ വംശഹത്യവാദം വ്യാജമായിരുന്നു. ഐക്യരാഷ്ട്രസഭയില്‍ നിരീക്ഷണ പദവിയുള്ള അമ്പതിലേറെ രാജ്യങ്ങള്‍ക്ക് പങ്കാളിത്തമുള്ള OSCE (organization for Security and Co-operation in Europe)യും മറ്റ് നിരവധി സ്വതന്ത്ര അന്വേഷണ ഏജന്‍സികളും അന്താരാഷ്ട്ര മാധ്യമങ്ങളും എല്ലാം അത്തരമൊരു ആരോപണം വസ്തുതകള്‍ വെച്ച് നിഷേധിക്കുന്നു. ജനോസൈഡ് ഒരു രാജ്യത്തെയും അതിലെ ജനങ്ങളെ വംശീയമായിതന്നെ ഇല്ലാതാക്കലാണ്. ശാരീരികമായ ഇല്ലാതാക്കല്‍ മാത്രമല്ല, അവരുടെ സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക രാഷ്ട്രീയ ജീവിതത്തെതന്നെ ഇല്ലാതാക്കലാണ് വംശഹത്യ. യഥാര്‍ത്ഥത്തില്‍ വംശഹത്യ ഇന്ന് യുക്രൈനില്‍ നടപ്പിലാക്കുന്നത് റഷ്യന്‍ സൈന്യമാണ്.
ഒരു സ്വതന്ത്ര രാജ്യത്തെ ആക്രമിക്കുക, നഗരങ്ങള്‍, ഫ്‌ളാറ്റ് സമൂച്ചയങ്ങള്‍, ജലവിതരണ കേന്ദ്രങ്ങള്‍, വ്യവസായശാലകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍, യൂണിവേഴ്‌സിറ്റികള്‍ ബോംബിട്ട് തകര്‍ക്കുക, കാര്‍ഷിക ശേഖരം പിടിച്ചെടുക്കുക, വീടുകള്‍ക്കുനേരെ ഷെല്ലാക്രമണം നടത്തുക, സ്ത്രീകള്‍ക്കുനേരെ ലൈംഗീകാതിക്രമണങ്ങള്‍ നടത്തുക, ബങ്കറുകളില്‍ അഭയം പ്രാപിച്ച സാധാരണ ജനങ്ങളെ വെടിവെച്ച് കൊല്ലുക, മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിടുക… വംശഹത്യയെന്ന് വിളിക്കേണ്ടത് ഇതിനെയാണ്. വീടും വസ്തുവകകളും ഉപേക്ഷിച്ച് എട്ട് മില്യനിലധികം വരുന്ന മനുഷ്യരാണ് പലായനം ചെയ്തത്. കഴിഞ്ഞ 8 വര്‍ഷമായി ഡോണ്‍ബാസ് മേഖലയില്‍ റഷ്യന്‍ വിഘടനവാദികളും യുക്രൈന്‍ സൈന്യവുമായുള്ള സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതിനേക്കാള്‍ എത്രയോ മടങ്ങാണ് റഷ്യന്‍ അധിനിവേശത്തില്‍ കൊലചെയ്യപ്പെട്ടത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മറ്റൊരു അസംബന്ധമാണ് പുടിന്റെ ഡിനാസിഫിക്കേഷന്‍ വാദവും. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങള്‍ അനുവദിക്കാത്ത സ്വേച്ഛാധിപതികള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനത്തെ അടിസ്ഥാനമാക്കിയുള്ള ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍നിന്ന് ജര്‍മ്മന്‍, ഓസ്ട്രിയന്‍ സമൂഹം, സംസ്‌കാരം, മാധ്യമങ്ങള്‍, സമ്പദ്‌വ്യവസ്ഥ, ജുഡീഷ്യറി, രാഷ്ട്രീയം എന്നിവയെ സ്വതന്ത്രമാക്കാന്‍ സഖ്യകക്ഷികള്‍ ആരംഭിച്ച പ്രക്രിയയെയാണ് ഡിനാസിഫിക്കേഷന്‍ എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്. ‘ഡിനാസിഫിക്കേഷന്‍’ യുദ്ധാനന്തര കാലഘട്ടത്തിലെ ഒരു പ്രത്യേക സമയത്തെയാണ് സൂചിപ്പിക്കുന്നത്. പുടിന്‍ ഈ പദം ഉപയോഗിക്കുന്നതാകട്ടെ, നിലവിലെ ജനാധിപത്യ ഗവണ്‍മെന്റിനെക്കുറിച്ചുള്ള തന്റെ ഭയത്തില്‍നിന്നുമാണ്. യുക്രൈനില്‍, 1930 കളിലെയും 1940 കളിലെയും നാസി ഭരണകൂടത്തെ ചുറ്റിപ്പറ്റിയുള്ള ചരിത്രത്തില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട രാജ്യമാണ്.
ഡോണ്‍ബാസിലെ റഷ്യന്‍ അനുകൂല വിഘടനവാദികളെപ്പോലെ യുക്രൈനിലും നിയോ-നാസി ബന്ധമുള്ള അസോവ് ബറ്റാലിയനും റൈറ്റ് സെക്ടറും ഉള്‍പ്പെടെയുള്ള തീവ്ര വലതുപക്ഷമുണ്ട്. പക്ഷെ, അത് ഏതൊരു യൂറോപ്യന്‍ രാജ്യങ്ങളിലേതിനേക്കാള്‍ ചെറിയശതമാനമാണ്. സര്‍ക്കാരിലോ വോട്ടര്‍മാരിലോ തീവ്ര വലതുപ്രത്യയശാസ്ത്രത്തിന് വ്യാപകമായ പിന്തുണയില്ല. 2019 ലെ ഇലക്ഷനില്‍ തീവ്ര വലതുപക്ഷത്തിന് ലഭിച്ചത് 2 ശതമാനം വോട്ടുമാത്രമാണ്.
രണ്ടാം ലോകയുദ്ധകാലത്തിലെ യുക്രൈന്‍ ചരിത്രം ചികഞ്ഞ് പോയാല്‍, സോവിയറ്റ് യൂണിയനില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന യുക്രൈനിലെ ഒരു വിഭാഗം നാസികളെ അവരുടെ സ്വാഭാവിക സംഖ്യശക്തികളായി കണ്ടിരുന്നു. 1941 ജൂണ്‍ 22ന് ജര്‍മ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചവേളയിലായിരുന്നു അത്. പക്ഷേ, ആ ഇല്യൂഷന്‍ വളരെവേഗം തന്നെ തകരുകയും ചെയ്തു. ലിവീവിലേക്കുള്ള പ്രവേശനത്തില്‍ ജര്‍മ്മനിക്കൊപ്പം യുക്രൈനിയന്‍ നാഷണലിസ്റ്റുകളും ചേര്‍ന്നു. യുക്രൈനിയന്‍ നാഷണലിസ്റ്റുകള്‍ സംസ്ഥാനത്തിന്റെ പുനഃസ്ഥാപനവും താല്‍ക്കാലിക ഭരണകൂടത്തിന്റെ രൂപീകരണവും പ്രഖ്യാപിച്ച ഉടനെതന്നെ അവരെയെല്ലാം ജര്‍മ്മന്‍ സൈന്യം അറസ്റ്റു ചെയ്യുകയും തടങ്കലിലാക്കുകയും ചെയ്തു. യുക്രൈനിയന്‍ നാഷണലിസ്റ്റുകളുടെ രാഷ്ട്രീയ അഭിലാഷങ്ങളെ ജര്‍മ്മനി പിന്തുണച്ചില്ല. ഓഗസ്റ്റില്‍ നാസികള്‍ ഗലീഷ്യയെ ഭരണപരമായി പോളണ്ടുമായി ബന്ധിപ്പിച്ചു. ബുക്കോവിനയെ റൊമാനിയ യിലേക്ക് കൂട്ടിച്ചേര്‍ത്തു. അതിനുശേഷം അധിനിവേശ പ്രദേശങ്ങളില്‍ നാസികള്‍ അവരുടെ വംശീയ നയങ്ങള്‍ നടപ്പിലാക്കി. 1941 അവസാനത്തോടെ ജൂത കൂട്ടക്കൊലകള്‍ ആരംഭിച്ചു. അത് 1944 വരെ തുടര്‍ന്നു. ഏകദേശം 1.5 ദശലക്ഷം യുക്രൈനിയന്‍ ജൂതന്മാര്‍ കൊല്ലപ്പെട്ടു. എട്ട് ലക്ഷത്തോളം പലയിടങ്ങളിലേക്ക് പിഴുതെറിയപ്പെട്ടു. യുക്രൈനിലെ ബേബിയാറില്‍ മാത്രം സെപ്റ്റംബര്‍ 29-30 കളിലെ രണ്ടു ദിവസങ്ങളില്‍ മാത്രം മുപ്പത്തിമൂയായിരത്തിലധം ജൂതവംശജര്‍ കൊല ചെയ്യപ്പെട്ടു.(Holocaust Memorial Day Trust: The Einsatzgruppen കാണുക). ജര്‍മ്മനികളുമായുള്ള സഹകരണം തുടങ്ങിയ യുക്രൈന്‍ നാഷണലിസ്റ്റുകള്‍ ക്രൂരതയുടെ ഈ സാഹചര്യത്തില്‍ നാസികള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകളിലേക്ക് തിരിഞ്ഞു. ജര്‍മ്മന്‍ അധികാരികളാകട്ടെ അവര്‍ക്കെതിരെ വധശിക്ഷ ഉള്‍പ്പെടെയുള്ള അടിച്ചമര്‍ത്തല്‍ നടപടികളിലേക്കും.
രണ്ടാം ലോകയുദ്ധം യുക്രൈനിലും മാനുഷികവും ഭൗതികവുമായ വലിയ നഷ്ടങ്ങള്‍ വരുത്തി. 5 മുതല്‍ 7 ദശലക്ഷം ആളുകള്‍ മരിച്ചു. 700 ലധികം നഗരങ്ങളും പട്ടണങ്ങളും ഇരുപത്തിയെട്ടായിരത്തിനടുത്ത് ഗ്രാമങ്ങളും നശിപ്പിക്കപ്പെട്ടു. 10 ദശലക്ഷം ആളുകള്‍ ഭവനരഹിതരായി.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുക്രൈന്‍ നാഷണലിസ്റ്റുകള്‍ നാസി ജര്‍മ്മനിയുമായി ആദ്യകാലത്ത് സഹകരിക്കാനുണ്ടായ മറ്റൊരു കാരണം ഹോളോഡോമര്‍ എന്നറിയപ്പെടുന്ന കൂട്ടകൊലയാണ്. 1932 മുതല്‍ 1933 വരെ യുക്രൈനില്‍ ദശലക്ഷക്കണക്കിന് പേരെ കൊന്നൊടുക്കിയ മനുഷ്യനിര്‍മ്മിത ക്ഷാമമായിരുന്നു ഹോളോഡോമോര്‍. യുക്രൈന്‍ സ്വാതന്ത്ര്യസമരത്തെ ഉന്മൂലനം ചെയ്യുന്നതിനും, ഇടത്തരം കര്‍ഷകരായ കുലാക്കുകളെ നശിപ്പിച്ച് കൃഷിയെ വ്യവസായവല്‍ക്കരിക്കാനും വേണ്ടി ജോസഫ് സ്റ്റാലിന്‍ ആസൂത്രണം ചെയ്ത പട്ടിണിയായിരുന്നു അത്. അല്ലാതെ, വരള്‍ച്ചയോ, യുദ്ധമോ, കൃഷിനാശമോ സംഭവിച്ചല്ല, ലോകത്തിലെ ഏറ്റവും സമ്പന്നവും ഫലഭൂയിഷ്ടവുമായ കൃഷിയിടങ്ങളുള്ള യുക്രൈനില്‍ ലക്ഷങ്ങള്‍ പട്ടിണികിടന്ന് മരിച്ചത്.
പോലീസിനെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിഗേഡുകളെയും യുക്രൈനിയന്‍ ഗ്രാമപ്രദേശങ്ങളിലേക്ക് അയച്ചു. അവര്‍ക്ക് കണ്ടെത്താനാകുന്ന എല്ലാ ഭക്ഷണവും കണ്ടുകെട്ടി. ഫാമുകളില്‍നിന്ന് ധാന്യങ്ങള്‍ പിടിച്ചെടുത്തു. കര്‍ഷകര്‍ക്കുള്ള എല്ലാ ഭക്ഷണ വിതരണങ്ങളും വിച്ഛേദിച്ചു. വിശന്നാല്‍ പുറത്തുപോയി ഭക്ഷണം തേടാതിരിക്കാന്‍ ആളുകള്‍ ട്രയിനില്‍ കയറുന്നതോ നഗരങ്ങളില്‍ നിന്ന് പുറത്തുപോകുന്നതിനോ വിലക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കി. അങ്ങനെ സാവധാനം പട്ടിണി മരണമായി എല്ലാ വീടുകളിലുമെത്തി. അതിജീവിക്കാന്‍ മനുഷ്യര്‍ക്ക് ചത്തമൃഗങ്ങളെയും മനുഷ്യശവങ്ങളെയും ഭക്ഷിക്കുകയോ ചേയ്യേണ്ടിവന്നു. കൊണ്ടുവരുന്ന ഓരോ മൃതദേഹത്തിനും 200 ഗ്രാം ബ്രെഡ് അനുവദിക്കാന്‍ അധികാരികളെ അനുവദിച്ചിരുന്നു.
പട്ടിണി കിടന്ന് മരിച്ചവരില്‍ 30 ശതമാനവും പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളായിരുന്നു. മറ്റു നഗരങ്ങളിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചവരെ പിടികൂടി വെടിവെച്ചുകൊന്നു. പട്ടിണികിടന്ന് കുട്ടികള്‍ക്ക് ഭയമെന്നാല്‍ എന്താണെന്ന് അറിയാതായി, ധാന്യത്തിനുവേണ്ടി അധികാരികള്‍ക്കു മുന്‍പില്‍ യാചിച്ച് അപ്പോള്‍തന്നെ ചിലര്‍ വെടികൊണ്ടുമരിച്ചു. അതിജീവനത്തിനായി നരഭോജികളാകേണ്ടി വന്നതിനാല്‍ മാതാപിതാക്കള്‍ക്ക് കുട്ടികളെ ഒളിപ്പിക്കേണ്ടിവന്നു. ഭൂരിഭാഗം നഗരവാസികള്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. അറിയാവുന്നവര്‍ വധശിക്ഷ ഭയന്ന് നിശബ്ദത പാലിക്കേണ്ടിവന്നു.
അര നൂറ്റാണ്ടിലേറെ കാലം ഹോളോഡോമോര്‍ ചരിത്രത്തില്‍ നിന്ന് മായ്ച്ചുകളയാനും മൂടിവെക്കാനും സോവിയറ്റ് കമ്മ്യൂണിസം ശ്രമിച്ചു. ആ കൂട്ടകൊലയ്ക്കുവേണ്ടി ഒരു സ്മാരകം പോലും നിര്‍മ്മിക്കപ്പെട്ടില്ല. 1932-33 കാലഘട്ടത്തില്‍ ഏകദേശം 7 ദശലക്ഷം കര്‍ഷക കുടുംബങ്ങളെ ബോധപൂര്‍വ്വവും ആസൂത്രിതവുമായി നടപ്പിലാക്കിയ ക്ഷാമത്താല്‍ ഉന്മൂലനം ചെയ്തു. വേറൊരു 3 ദശലക്ഷം യുക്രൈനിന് പുറത്തും മരിച്ചു. സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിനുശേഷം 2008 ലാണ് ഹോളോഡോമോര്‍ മ്യൂസിയം കീവില്‍ തുറക്കുന്നത്. അതായത് എണ്‍പത്തിയേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞ്. 2003 ല്‍ 25 രാജ്യങ്ങള്‍ ഒപ്പിട്ട ഐക്യരാഷ്ട്രസഭയുടെ സംയുക്ത പ്രസ്താവനയില്‍ സോവിയറ്റ് ഭരണകൂടം യുക്രൈനിയന്‍ ജനതയ്‌ക്കെതിരായി നടത്തിയ വംശഹത്യയായി ഇതിനെ വിശേഷിപ്പിച്ചു.
നിലവിലെ ഉക്രേനിയന്‍ സര്‍ക്കാര്‍ ഒരു തരത്തിലും നാസി ഭൂതകാലമായി ബന്ധപ്പെട്ട് നില്‍ക്കുന്നതല്ല. അത് ഒരു ഫാസിസ്റ്റ് സ്റ്റേറ്റോ സേച്ഛാധിപത്യ സംവിധാനമോ അല്ല. In the Shadow of the Shtetl: Small-Town Jewish Life in Soviet Ukraine എന്ന കൃതിയുടെ രചയിതാവായ ജെഫ്രി വെയ്ഡ്‌ലിംഗര്‍ എഴുതുന്നു:
‘പുടിന്‍ ഡിനാസിഫിക്കേഷന്‍ പദം ഉപയോഗിക്കുന്നതിന്റെ കാരണം ഇതിന് അനുരണനമുണ്ട് എന്നതുകൊണ്ടാണ്. മാത്രമല്ല നാസികളോട് അനുഭാവം പുലര്‍ത്തിയ യുക്രൈനിന്റെ ഈ ചരിത്രം ആളുകള്‍ക്ക് പരിചിതവുമാണ്. പക്ഷേ ഇത് 80 വര്‍ഷം മുമ്പായിരുന്നു, നിലവിലെ യുക്രൈനിയന്‍ സര്‍ക്കാരിന്റെ പ്രതിഫലനമല്ല. പുടിന്‍ അത് ഉപയോഗിക്കുമ്പോള്‍. നാസികളെയല്ല യുക്രൈനിലെ ജനാധിപത്യത്തെയാണ് പുടിന്‍ ഭയപ്പെടുന്നത്. ജനാധിപത്യം റഷ്യയുടെമേല്‍ കടന്നുകയറുമ്പോള്‍, റഷ്യയിലെ ആളുകളും ജനാധിപത്യം ആവശ്യപ്പെടുമെന്ന ഭീഷണിയുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നു.’
യുക്രൈനിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വിദഗ്ദ്ധനും ‘ദി റോഡ് ടു അണ്‍ഫ്രീഡം: റഷ്യ, യൂറോപ്പ്, അമേരിക്ക’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ തിമോത്തി സ്‌നൈഡര്‍ പറയുന്നത് യഹൂദന്മാര്‍ നാസികളാണെന്ന് പറയുന്നത് യഹൂദവിരുദ്ധതയുടെ ഒരു ക്ലാസിക് രൂപമാണെന്നാണ്. അതാണ് പുടിന്‍ ചെയ്യുന്നത്. ഈ യുദ്ധത്തിന്റെ ലക്ഷ്യം ഒരു യഹൂദന്റെ നേതൃത്വത്തിലുള്ള ഒരു ഗവണ്‍മെന്റിനെ ലക്ഷ്യമിടുന്നതാണ്. അതിനാല്‍ നിങ്ങള്‍ അതിനെ ഡിനാസിഫിക്കേഷന്‍ എന്ന് വിളിക്കുകയാണെങ്കില്‍, നിങ്ങള്‍ പറയുന്നത് ജൂതന്മാരാണ് യഥാര്‍ത്ഥ നാസികള്‍, ഞങ്ങള്‍ യഥാര്‍ത്ഥ ഇരകളാണ് എന്നാണ്. യഹൂദവിരുദ്ധതയിലെ ഒരു പ്രത്യേക പാരമ്പര്യത്തോടാണ് പുടിന്‍ സംസാരിക്കുന്നത്. അത് ഇരകള്‍ ആരാണെന്നും കുറ്റവാളികള്‍ ആരാണെന്നും മറിച്ചിടാന്‍ ശ്രമിക്കുന്നു. സെലെന്‍സ്‌കിയും ജൂതനാണ്. ഹോളോകോസ്റ്റില്‍ ബന്ധുക്കളെ നഷ്ടപ്പെട്ട ആളുമാണ്.
യേല്‍ യൂണിവേഴ്സിറ്റി പ്രൊഫസറും ‘ഹൗ ഫാസിസം വര്‍ക്ക്‌സ്: ദി പൊളിറ്റിക്സ് ഓഫ് അസ് ആന്‍ഡ് ദെം’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ജേസണ്‍ സ്റ്റാന്‍ലി വിശദീകരിക്കുന്നതുപോലെ, ‘സഖ്യകക്ഷികള്‍ ജര്‍മ്മനിയിലേക്ക് എടുത്ത പ്രക്രിയയായിരുന്നു ഡിനാസിഫിക്കേഷന്‍. ന്യൂറംബര്‍ഗ് വിചാരണകളില്‍ തുടങ്ങി, അവര്‍ നിരവധി നാസികളെ വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് നാസിസ്റ്റ് ആശയം ഒരുതരത്തിലും ബാധിക്കാത്ത ആളുകളെ എല്ലാ പ്രധാന സ്ഥാപനങ്ങളിലും സ്ഥാപിച്ചു. ജനാധിപത്യത്തോട് കൂറുള്ള നേതാക്കളെ നിയമിക്കുകയും നാസിപ്രത്യയശാസ്ത്രത്തെ ജനാധിപത്യ സമ്പ്രദായങ്ങള്‍ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയും ചെയ്തു.
വിരോധാഭാസമെന്ന് പറയാവുന്ന കാര്യം നാസിസത്തിന്റെ ഏകാധിപത്യരീതി പിന്നീട് തുടര്‍ന്നത് സോവിയറ്റ് യൂണിയനിലായിരുന്നു. ലക്ഷങ്ങളെ വെടിവെച്ചുകൊന്നും വിയോജിക്കുന്നവരെ സൈബീരിയയിലേക്കോ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കോ നിര്‍ബന്ധിത ലേബര്‍ ക്യാപുകളിലേക്കോ അയച്ചും സൈനിക-രഹസ്യ പോലീസിനെ ഉപയോഗിച്ച് ഒരു ജനതയെ മൊത്തം ഭയപ്പെടുത്തിയാണ് സോവിയറ്റ് സോഷ്യലിസം നിലനിന്നിരുന്നത്. അല്ലാതെ വൈരുദ്ധ്യാത്മിക ഭൗതികവാദത്തിന്റെ മഹത്വംകൊണ്ടല്ല.
എന്തുകൊണ്ടാണ് പുടിന്‍ 1940-കളിലേയും 1950-കളിലേയും ഒരു പദം 2022-ല്‍ ഉപയോഗിക്കുന്നത്?
നാസികളുമായുള്ള യുദ്ധത്തില്‍ സോവിയറ്റ് യൂണിയനില്‍ 20 ദശലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പോരാട്ടത്തിന്റെ ഓര്‍മ്മ ഇപ്പോഴും പ്രദേശത്ത് നിലനില്‍ക്കുന്നു. അതിനാല്‍ ഡിനാസിഫിക്കേഷന്‍ പോലെയുള്ള ഒരു പദം വളരെ ശക്തമായ ഒരു പ്രചരണമാണെന്ന് പുടിന് അറിയാം. യുക്രൈനിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പുടിന്റെയും അഡോള്‍ഫ് ഹിറ്റ്‌ലറിന്റെയും കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്യുകയാണ് യുക്രൈന്‍ ചെയ്തത്. ‘ഇത് ഒരു ‘മീം’ അല്ല, ഇപ്പോള്‍ ഞങ്ങളുടെയും നിങ്ങളുടെയും യാഥാര്‍ത്ഥ്യം’ എന്ന് അവര്‍ അതിലെഴുതി. ചരിത്രത്തിന്റെ ചൂഷണമായാണ് പുടിന്റെ പ്രസ്താവനയെ ജൂതസമൂഹവും ഓഷ്‌വിറ്റ്‌സ് മ്യൂസിയവും ഹോളോകോസ്റ്റ് മ്യൂസിയവും കരുതുന്നത്.
രണ്ടാം ലോകമഹായുദ്ധസമയത്ത് പതിനായിരക്കണക്കിന് യഹൂദന്മാരെ നാസികള്‍ കൊന്നൊടുക്കിയ ബേബിന്‍ യാറിന്റെ സ്മാരകത്തെ റഷ്യ ആക്രമിച്ചപ്പോള്‍ റഷ്യയുടെ ഡിനാസിഫിക്കേഷന്‍ കാപട്യം കൂടുതല്‍ വെളിവായി.
യുക്രൈനില്‍ ഒരു ജനാധിപത്യ സമൂഹം സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം അവര്‍ നാസികളാണെന്ന് പറയാന്‍ ശ്രമിക്കുകയാണ് പുടിന്‍ ചെയ്തുകൊണ്ടിരുന്നത്. ആക്രമിക്കുന്നതിനുമുന്‍പ് ആക്രമിക്കപ്പെടുന്നവരെ മനുഷ്യത്വരഹിതമായി അവതരിപ്പിക്കുന്നത് ഒരു പ്രചരണതന്ത്രമാണ്. റഷ്യന്‍ ഗവണ്‍മെന്റിന്റെ വംശഹത്യാവാദവും, യുക്രൈനിയന്‍ സര്‍ക്കാരിനെ നാസി ഭരണകൂടവുമായി സമവാക്യം ചെയ്യലും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ചരിത്രത്തിന്റെ വളച്ചൊടിക്കലും അക്രമണത്തിനുവേണ്ടിയുള്ള വ്യാജ ന്യായീകരണവുമാണെന്ന് വിവിധ രാജ്യങ്ങളിലെ ചരിത്രകാരന്മാര്‍ ഒപ്പിട്ട യുദ്ധത്തിനെതിരെയുള്ള തുറന്ന കത്ത് വ്യക്തമാക്കുന്നു. രണ്ടു വാദങ്ങളും യുദ്ധത്തിനുവേണ്ടിയുള്ള പ്രൊപ്പഗണ്ടമാത്രമായിരുന്നു. ലോകത്തിന് മുന്‍പില്‍ ഒരു തെളിവും റഷ്യയ്ക്ക് ഹാജരാക്കാനുമുണ്ടായിരുന്നില്ല.
തുടരും………
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in