പൊതുസമൂഹം എന്നാണ് മത്സ്യതൊഴിലാളിസമൂഹത്തെ തിരിച്ചറിയുക……?

രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്ന, പൊതുസമൂഹത്തിനു കൂടുതല്‍ പോഷക മൂല്യമുള്ള ആഹാരം കുറഞ്ഞ ചെലവില്‍ നല്‍കുന്ന, രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി കാക്കുന്ന പാര്‍ശ്വവത്കൃത ജനവിഭാഗം, തങ്ങളുടെ കിടപ്പാടവും തൊഴിലും ജീവിതവും നശിപ്പിക്കുന്ന ഒരു കോര്‍പ്പറേറ്റ് ഭീമനെതിരെ നടത്തുന്ന സമരത്തെ സഹായിക്കേണ്ടതും ആ സമരം വിജയിപ്പിക്കേണ്ടതും പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്.

ഒരു ലോകകോര്‍പ്പറേറ്റ് മുതലാളിക്ക് ലാഭം ഉണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ നിര്‍മ്മിക്കുന്ന ഒരു പദ്ധതിയുടെ ഫലമായി സ്വന്തം കിടപ്പാടവും, തൊഴിലിടങ്ങളും കണ്മുന്നില്‍ നിന്നും അതിവേഗം മാഞ്ഞുപോകുന്നതുകണ്ട് അതിജീവന സമരരംഗത്ത് ഇറങ്ങിയവരാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍. ആ സമരത്തിന് നിദാനമായ അടിസ്ഥാനപ്രശ്‌നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനോ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാനോ ശ്രമിക്കാതെ, ആ വിഭാഗത്തെ ജാതീയമായും വംശീയമായും അധിക്ഷേപിക്കാനും, തീവ്രവാദി-രാജ്യദ്രോഹ ചാപ്പകുത്തി സമരത്തെ പൊളിക്കാനുമാണ് സര്‍ക്കാരും, രാഷ്ട്രീയ പാര്‍ട്ടികളും പൊതുസമൂഹവും ശ്രമിക്കുന്നത്. പദ്ധതി നടപ്പിലായാല്‍ വിഴിഞ്ഞത്ത് മാത്രമല്ല അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരിക, കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹമാകെയാണ്.

തുറമുഖനിര്‍മ്മാണത്തിലെ ഒരു ഘടകം, കടല്‍ ഡ്രജ്ജ് ചെയ്ത് ആഴംകൂട്ടി ആ മണ്ണെടുത്ത് വിഴിഞ്ഞത്തിനു തെക്കുവശം കരയില്‍ നിക്ഷേപിച്ചു കടല്‍തീരം നികത്തിയെടുത്ത് ആ സ്ഥലം അദാനിയ്ക്ക് ഉപയോഗിക്കാമെന്നതാണ്. അങ്ങനെ നടത്തുന്ന ഡ്രജ്ജിങ്ങിന്റെ മൂന്നിലൊന്ന് ഭാഗം മാത്രമേ ഇതുവരെ പൂര്‍ത്തിയായിട്ടുള്ളൂവെന്ന് വിവരാവകാശ നിയമപ്രകാരം കമ്പനി തന്നെ നല്‍കിയ മറുപടിയില്‍ നിന്ന് വ്യക്തമാണ്. ഇത്രയും ചെറിയൊരു ഭാഗം കടല്‍ കുഴിച്ചപ്പോള്‍ തന്നെ അതിന്റെ അനന്തരഫലമെന്നോണം വിഴിഞ്ഞത്തിന് വടക്ക് ഭാഗങ്ങളിലുള്ള തീരങ്ങള്‍ നഷ്ടമാകുകയും, വീടും തൊഴില്‍സ്ഥലങ്ങളും കടലെടുക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തിലെ തന്നെ ഒരു പ്രധാന മത്സ്യ പ്രജനന-ആവാസ കേന്ദ്രമാണ് വിഴിഞ്ഞം ഉള്‍പ്പെടുന്ന കൊല്ലം വാഡ്ജ്. അവിടങ്ങളിലുള്ള പ്രകൃതിദത്ത പാരുകളും, പാറകളും, മത്സ്യത്തിന്റെ പ്രജനന-ആവാസ കേന്ദ്രങ്ങളാണ്. ഇവിടെ കടലില്‍ നടത്തുന്ന ഏതൊരു ചെറിയ ഇടപെടലും, നിര്‍മ്മാണപ്രവര്‍ത്തനവും കടലിന്റെ അടിത്തട്ടിനെ ഇളക്കിമറിക്കുകയും പ്രകൃതിദത്തമായ പാരുകളുടേയും, കടല്‍ പരിസ്ഥിതിയേയും നശിപ്പിക്കുകയും ചെയ്യും ഇത് മത്സ്യസമ്പത്തിന്റെ പ്രജനന-ആവാസ വ്യവസ്ഥയെ തകര്‍ക്കുകയും അന്തിമമായി മത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഭക്ഷ്യസുരക്ഷയേയും ഇത് സാരമായി ബാധിക്കും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കേരള വികസന റിപ്പോര്‍ട്ട് 2021 (കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡ്) പ്രകാരം സംസ്ഥാനത്തെ മത്സ്യ ഉപഭോഗം പ്രതിവര്‍ഷം ഏകദേശം 9.12 ലക്ഷം ടണ്‍, അതായത് പ്രതിദിനം ഏകദേശം 2000-2500 ടണ്‍ ആണെന്ന് കണക്കപ്പെടുന്നു. ഇതിന്റെ ഏകദേശം 60% മാത്രമാണ് നമ്മള്‍ ഉത്പാദിപ്പിക്കുന്നത്. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി. എം. എഫ്. ആര്‍. ഐ.) നടത്തിയ പഠനമനുസരിച്ച് കേരളത്തിലെ മത്സ്യഉപഭോഗം ഇനിയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. അപ്പോള്‍ മത്സ്യസമ്പത്തിന്റെ ശോഷണത്തിന് ഇടവരുത്തുന്ന കാര്യങ്ങളാകരുത് ചെയ്യേണ്ടത്. മത്സ്യസമ്പത്തിന്റെ പോഷണത്തിന് അനുകൂലമായതും, മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സുസ്ഥിരമായ സാമ്പത്തിക-ഭൗതിക -സാമൂഹിക വികസനം ലക്ഷ്യമാക്കിയം കൊണ്ടുള്ള പദ്ധതികളായിരിക്കണം ആവിഷ്‌കരിക്കേണ്ടതും നടപ്പിലാക്കേണ്ടതും. ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചും, വിഴിഞ്ഞം സമരത്തേക്കുറിച്ചും, അതിനോടുള്ള പൊതുസമൂഹത്തിന്റെ സമീപനത്തേക്കുറിച്ചും വിലയിരുത്താന്‍.

സവിശേഷ സാഹചര്യത്തില്‍ ജീവിക്കുന്ന ജനവിഭാഗമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. സംസ്ഥാനത്തെ 222 തീരദേശ മത്സ്യബന്ധനഗ്രാമങ്ങളിലും, 113 ഉള്‍നാടന്‍ മത്സ്യബന്ധന ഗ്രാമങ്ങളിലുമായി ഏകദേശം 10.50 ലക്ഷം മത്സ്യത്തൊഴിലാളികള്‍ വസിക്കുന്നുണ്ട്. തങ്ങളുടെ ഉപജീവനത്തിനായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുകയും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുള്ള 2,40,211 സജീവ മത്സ്യത്തൊഴിലാളികളും 84,531 അനുബന്ധ മത്സ്യതൊഴിലാളികളുമുണ്ട്. (അവലംബം: ഫിഷറീസ് വകുപ്പ് കേരള സര്‍ക്കാര്‍,സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് 2021 കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ്).

തീരദേശത്ത് തിങ്ങിപ്പാര്‍ക്കുന്ന ഇക്കൂട്ടര്‍ രാജ്യത്തിന് വലിയ തോതില്‍ വിദേശനാണ്യം നേടിത്തരുന്നവരും , പൊതുസമൂഹത്തിന് ഏറ്റവും പോഷകമൂല്യമുള്ള ഭക്ഷണം തീരേ കുറഞ്ഞ ചെലവില്‍ പ്രദാനം ചെയ്യുന്നവരുമാണ്. രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ എപ്പോഴും ജോലിചെയ്യുന്ന ഇവര്‍ രാജ്യസുരക്ഷയ്ക്കും വലിയ സംഭാവന ചെയ്യുന്നവരാണ്. ഇവരുടെ ഈ രംഗത്തുള്ള സംഭാവന നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവയെക്കാള്‍ മികച്ചതാണെന്ന് നമ്മുടെ ഭരണാധികാരികള്‍ തന്നെ പലപ്പോഴും സമ്മതിച്ചിട്ടുള്ളതാണ്. മറൈന്‍ പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ.) യുടെ കണക്കനുസരിച്ച് 2020-21 വര്‍ഷം 5039.29 കോടി രൂപയ്ക്ക് തുല്യമായ വിദേശനാണ്യം ലഭിച്ച 1,44,700 മെട്രിക് ടണ്‍ മത്സ്യം കേരളത്തില്‍നിന്നും കയറ്റുമതി ചെയ്തിട്ടുണ്ട്. ഇതുകൂടാതെ കേരളത്തിലെ പൊതുസമൂഹത്തിന് കുറഞ്ഞ ചെലവില്‍ ഏറ്റവുമധികം പോഷകമൂല്യമുള്ള ആഹാരവും ഉത്പാദിപ്പിച്ചു നല്‍കിയവരാണ് മത്സ്യത്തൊഴിലാളികള്‍. ഇങ്ങനെ കേരളീയജീവിതത്തിന്റെ സാമ്പത്തിക -ആരോഗ്യ രംഗങ്ങളില്‍ വലിയ സംഭാവന നല്‍കുന്ന ഒരു ജനവിഭാഗത്തെ ‘നാറ്റത്തൊഴിലുകാര്‍’എന്ന് വിളിച്ചു പൊതുസമൂഹം അതിന്റെ പിന്നാമ്പുറങ്ങളിലേക്ക് മാറ്റിനിര്‍ത്തിയിരിക്കുകയാണ്.

സവിശേഷശ്രദ്ധ വേണ്ട ജനവിഭാഗങ്ങളെ പൊതുധാരയിലെത്തിക്കുന്നതിനു വേണ്ടിയാണ് പൊതുവിഭവങ്ങള്‍ പങ്ക് വെക്കുമ്പോള്‍ (പ്ലാന്‍ വിഹിതത്തില്‍) അവര്‍ക്കായി പ്രത്യേക ഘടകപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. കേരളത്തിന്റെ കഴിഞ്ഞ 65വര്‍ഷത്തെ ആസൂത്രണ-വികസന പ്രക്രിയില്‍ മത്സ്യത്തൊഴിലാളി വിഭാഗത്തിന് യാതൊരു സവിശേഷ പരിഗണനയും നല്‍കിയിട്ടില്ല എന്നതു പോകട്ടെ, ജനാധിപത്യപരമായ രീതിയില്‍ കിട്ടേണ്ട, പൊതുസ്വത്തിന്റെയും വിഭവങ്ങളുടെയും പങ്കുവെപ്പിലും ഇവരെ ബോധപൂര്‍വം അവഗണിച്ചവെന്ന് കാണാം.

ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴും മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ (പ്ലാന്‍ വിഹിതം) മത്സ്യതൊഴിലാളികളുടെ വികസനത്തിനായി പ്രത്യേകമായ ഒരു പദ്ധതിയും നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ പ്ലാനിങ് ബോര്‍ഡിന്റെ പൊതുനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്താനേ തീരദേശത്തുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാകുന്നുള്ളൂ. തീരദേശ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍പോലും സവിശേഷപരിഗണന അര്‍ഹിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കായി, പട്ടികജാതി ഘടക പദ്ധതി, പട്ടിക വര്‍ഗ്ഗ ഘടക പദ്ധതി, വനിതാ ഘടക പദ്ധതി എന്നിവപോലെ പ്രത്യേക ഘടക പദ്ധതി ആവിഷ്‌കരിക്കാനോ നടപ്പിലാക്കാനോ തയ്യാറാകുന്നില്ല. ഇവിടങ്ങളിലെ വികസന പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കു വഹിക്കേണ്ട ഫിഷറീസ് ഇന്‍സ്പെക്ടറെ, കൃഷി ഓഫീസര്‍ക്ക് പകരമായി പ്ലാന്‍ കോഡിനേറ്റര്‍ ആക്കണമെന്ന നിര്‍ദ്ദേശവും, തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി ഒരു ‘തീരദേശഘടകപദ്ധതി’ നടപ്പിലാകണമെന്നും, അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശനങ്ങള്‍പുറപ്പെടുവിക്കണമെന്നുള്ള ആവശ്യവും നാളിതുവരെ സര്‍ക്കാര്‍ കണ്ടതായി ഭാവിച്ചിട്ടില്ല.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവസ്ഥ ഇതാണെങ്കില്‍ സര്‍ക്കാരും സര്‍ക്കാര്‍ ഏജന്‍സികളും വഴി നടപ്പിലാക്കുന്ന പദ്ധതികളുടെ അവസ്ഥ എന്തെന്ന് നോക്കാം. മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 31.08.2021 വരെ വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, കോവിഡ്-19 ധനസഹായം എന്നിങ്ങനെ ഇനങ്ങളിലായി, സര്‍ക്കാര്‍ സഹായത്തോടെയുള്ള ക്ഷേമ പദ്ധതികളില്‍ 2,14,229 ഗുണഭോക്താക്കള്‍ക്കായി 50,43,23,200 രൂപയും, മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്കുള്ള സഹായങ്ങള്‍, മാരകരോഗങ്ങള്‍ക്കുള്ള ചികിത്സാസഹായം, മത്സ്യത്തൊഴിലാളികളുടെ പെണ്മക്കള്‍ക്കള്‍ക്ക് വിവാഹത്തിന് ധനസഹായം, മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴുണ്ടാകുന്ന മരണത്തിനുള്ള ധനസഹായം, ചെയര്‍മാന്റെ ക്ഷേമനിധി ഫണ്ടില്‍ നിന്നുള്ള സഹായം തുടങ്ങിയ ഇനങ്ങളിലായി ബോര്‍ഡ് നടപ്പിലാക്കിയ പദ്ധതികളിലൂടെ 1320 ഗുണഭോക്താക്കള്‍ക്കായി 1,73,18,348 രൂപയും, ഇന്‍ഷ്വറന്‍സ് കോമ്പന്‍സേഷന്‍-മരണം, ഇന്‍ഷ്വറന്‍സ് കോമ്പന്‍സേഷന്‍ അംഗവൈകല്യം (സ്ഥിരം, താത്കാലികം), ഇന്‍ഷ്വറന്‍സ് കോമ്പന്‍സേഷന്‍-ആശുപത്രി ചെലവ് തുടങ്ങിയ ഇനങ്ങളിലായി ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് (കോമ്പന്‍സേഷന്‍)പദ്ധതിയിലൂടെ 104 ഗുണഭോക്താക്കള്‍ക്കായി 3,11,75,216 രൂപയും ഉള്‍പ്പെടെ ആകെ 2,15,653 ഗുണഭോക്താക്കള്‍ക്കായി 55,28,16,764 രൂപയും വിതരണം ചെയ്തിട്ടുണ്ട്. ഇത് 2020-21ല്‍ യഥാക്രമം 4,91,946 ഗുണഭോക്താക്കളും 163,46,42,505 രൂപയുമായിരുന്നു. (അവലംബം: സാമ്പത്തിക അവലോകനം 2021-കേരള സംസ്ഥാന ആസൂത്രണബോര്‍ഡ്).

അതായത്, കേരള ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കിയ ക്ഷേമ പദ്ധതികളിലൂടെ അപേക്ഷിച്ചു അര്‍ഹതപ്പെട്ട ഒരു മത്സ്യത്തൊഴിലാളിക്ക് ലഭിച്ച ശരാശരി തുക 2021-22 (31.08.22വരെ) 2563 രൂപയാണ്. 2020-21ല്‍ ഇത് ശരാശരി 3323 രൂപയുമായിരുന്നു. അതേസമയം, കേരള സംസ്ഥാന മുന്നാക്ക വിഭാഗ ക്ഷേമ കോര്‍പ്പറേഷന്‍ 2020-21വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി സ്‌കോളര്‍ഷിപ്പ്, കോച്ചിംഗ് സഹായം, ഗഡുവായ്പാ സഹായം, നൈപുണ്യ സംരംഭകത്വവികസനം (253 കൂട്ടുത്തരവാദിത്വ സംഘങ്ങള്‍ക്കും, 26വ്യക്തികള്‍ക്കും), ആഗ്രഹാരങ്ങളുടെ നവീകരണം, മംഗല്യ സമുന്നതി എന്നീ പദ്ധതികളിലായി 32,589 ഗുണഭോക്താക്കള്‍ക്ക് 24,56,76,000 രൂപ വിതരണം ചെയ്തിട്ടുണ്ട്. 2021-22 വാര്‍ഷിക പദ്ധതിയില്‍പ്പെട്ട 36.24കോടി രൂപയില്‍ 4കോടി രൂപ അനുവദിച്ചതില്‍ ചെലവ് വിവരങ്ങള്‍ ലഭ്യമല്ല. (അവലംബം:സാമ്പത്തിക അവലോകനം 2021-കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് ). 2020-21ല്‍ കേരള സംസ്ഥാന മുന്നാക്ക വിഭാഗ കോര്‍പ്പറേഷന്‍ വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി പദ്ധതിയ്ക്ക് അപേക്ഷിച്ച, ഒരു മുന്നാക്ക സമുദായ അംഗത്തിന് ശരാശരി 7539 അനുവദിച്ചു നല്‍കിയിട്ടുണ്ട്. അതായത്, ഒരേ മാനദണ്ഡമുള്ള ഒരു മത്സ്യത്തൊഴിലാളിക്ക് നല്‍കിയ ആനുകൂല്യത്തിന്റെ ഏകദേശം രണ്ടര ഇരട്ടി തുകയാണ് അതേ മാനദണ്ഡമുള്ള ഒരു മുന്നാക്ക സമുദായക്കാരന് നല്‍കിയ ശരാശരി പദ്ധതി വിഹിതമെന്ന് കാണാം.

മുകളില്‍ സൂചിപ്പിച്ച തരത്തില്‍ അവഗണന നേരിടുന്ന ഒരു ജനവിഭാഗത്തിന്റെ, വീടും, കിടപ്പാടവും നഷ്ടപ്പെടുത്തുന്ന പദ്ധതിയ്‌ക്കെതിരെ സമരം ചെയ്യുന്നവരോട്, ഒരു പദ്ധതിക്ക് വേണ്ടി കുറെയൊക്കെ ത്യാഗം സഹിക്കണമെന്നും, നഷ്ടപരിഹാരം വാങ്ങി സമരം അവസാനിപ്പിക്കണമെന്നുമാണ് ഇവിടത്തെ പൊതുസമൂഹം ആവശ്യപ്പെടുന്നത്. പദ്ധതിമൂലം വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനര്‍ഗേഹം പദ്ധതി പ്രകാരം സ്ഥലം വാങ്ങുന്നതിനും, വീട് വെയ്ക്കുന്നതിനുമായി 10 ലക്ഷം രൂപ അനുവദിക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ തുകയ്ക്ക് സ്ഥലം വാങ്ങി വീട് വെച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തില്‍ 542 സ്‌ക്വയര്‍ തറവിസ്തീര്‍ണ്ണമുള്ള ഫ്‌ളാറ്റ് നല്‍കാമെന്നുമാണ് വാഗ്ദാനം. സുനാമി പുനരധിവാസ പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ അവസ്ഥ അറിയുന്ന ആരും തന്നെ ഫ്‌ളാറ്റില്‍ താമസിക്കാന്‍ തയ്യാറാകില്ല. പൊട്ടിപൊളിഞ്ഞ ചുവരുകളും, തറകളും, ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര, പൊട്ടിയൊലിക്കുന്ന ട്രെയിനേജ് സംവിധാനം, വളരെപെട്ടെന്ന് നിറഞ്ഞു കവിയുന്ന കക്കൂസുകള്‍, മാറാരോഗങ്ങള്‍ പിടിപെടുന്ന ചുറ്റുപാടുകള്‍ എന്നിങ്ങനെയാണ് സുനാമി വീടുകളുടെ നിലവിലെ അവസ്ഥ. ആ വീടുകളുടെ അറ്റകുറ്റ പണികള്‍ നടത്തി വാസയോഗ്യമാക്കി തരാന്‍ അവര്‍ സമീപിക്കാത്ത അധികാര കേന്ദ്രങ്ങളില്ല. തീരദേശത്തു നിന്ന് ‘കുടിയേറി’വന്നവരായതുകൊണ്ട് ഇപ്പോഴത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അവരുടെ ആവലാതികള്‍ കേള്‍ക്കാന്‍ തയ്യാറാകുന്നില്ല. ഈ അനുഭവങ്ങള്‍ കണ്മുന്നില്‍ ഉള്ളപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങളെ എങ്ങനെ വിശ്വസിക്കും? സമരസമിതിയുമായി നടത്തി ധാരണയിലെത്തിയെന്ന് സര്‍ക്കാര്‍ പറയുന്ന കാര്യങ്ങള്‍ പോലും കാര്യക്ഷമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നു സമരക്കാര്‍ പറയുന്നു.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുനര്‍ഗേഹം പദ്ധതി പ്രകാരം സ്ഥലം വാങ്ങുന്നതിനു 6 ലക്ഷം രൂപയും വീട് നിര്‍മ്മിക്കുന്നതിനു 4 ലക്ഷം രൂപയും വിനിയോഗിക്കാം. കോര്‍പ്പറേഷന്‍ പരിധിയില്‍ ഒരു കുടുംബം കുറഞ്ഞത് 2 സെന്റ് സ്ഥലം എങ്കിലും വാങ്ങുകയും 600 സ്‌ക്വയര്‍ ഫീറ്റില്‍ അധികരിക്കാത്ത വലുപ്പമുള്ള വീട് വെയ്ക്കുകയും ചെയ്യണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. സ്വത്തിലും, ഭൂമിയിലും ഉടമസ്ഥാവകാശം ഇല്ലാത്തതുകൊണ്ട് മകനും മകളും, അവരുടെ കുടുംബങ്ങളും ഉള്‍പ്പെടെ ഒരു വീട്ടില്‍ തന്നെ പല കുടുംബങ്ങളും ഒന്നിച്ചു കഴിയേണ്ടുന്ന അവസ്ഥയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടേത്. ഈ പ്രദേശത്തു നിന്നും കുടിയിറങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടായാല്‍ 6 ലക്ഷം രൂപ കൊണ്ട് കോര്‍പ്പറേഷന്‍ പരിധിയിലൊരിടത്ത് പോലും രണ്ട് സെന്റ് സ്ഥലം വാങ്ങാന്‍ സാധിക്കില്ലെന്നു ഈ നഷ്ടപരിഹാരവാദമുയര്‍ത്തുന്ന എല്ലാവര്‍ക്കും അറിയാം. 600 സ്‌ക്വയര്‍ ഫീറ്റ് വലുപ്പമുള്ള ഒരു വീട് നിര്‍മ്മിക്കണമെങ്കില്‍ ഇപ്പോള്‍ ഏറ്റവും കുറഞ്ഞത് 11 ലക്ഷം രൂപ എങ്കിലും വേണം. അപ്പോള്‍ എങ്ങനെയാണ് 10 ലക്ഷം രൂപ കൊണ്ട് സ്ഥലം വാങ്ങി വീട് വെയ്ക്കാന്‍ കഴിയുക? മാത്രവുമല്ല, തിരുവനന്തപുരം തീരത്തെ മത്സ്യബന്ധനത്തിന് കടല്‍തീരം കൂടിയേ കഴിയൂ. കരയില്‍ നിന്ന് മത്സ്യബന്ധനത്തിനു പോകുന്ന ചെറിയ വള്ളങ്ങള്‍, തട്ടുമടി, കമ്പാവല എന്നീ മത്സ്യബന്ധന ഉരുക്കളാണ് ഈ തീരങ്ങളില്‍ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്നത്. ചുരുക്കത്തില്‍ ഇവിടെ നിന്നും തീരം വിട്ടുപോകേണ്ട അവസ്ഥ വന്നാല്‍ ഇവരെല്ലാം പൂര്‍ണ്ണമായും തൊഴില്‍രഹിതരായി മാറും. ഇപ്പോള്‍ തന്നെ പുറന്തള്ളപ്പെട്ട ജനതയുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണ്ണമാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് അവര്‍ സമരരംഗത്തു ഉറച്ചുനില്‍ക്കുന്നത്.

ലത്തീന്‍ കത്തോലിക്കാ സഭയും അതിലെ പാതിരിമാരും എന്തിനാണ് സമരനേതൃത്വത്തില്‍ നില്‍ക്കുന്നതെന്നാണ് മറ്റൊരു ചോദ്യം. തിരുവനന്തപുരം തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികളില്‍ തൊണ്ണൂറ് ശതമാനവും ലത്തീന്‍ കത്തോലിക്കരാണ്. അവരുടെ സാമൂഹ്യ ജീവിതത്തില്‍ സഭയുടെ സാന്നിധ്യവും സ്വാധീനവും വലുതാണ്. തങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടാനോ, പരിഹാരം കാണാനോ വിമുഖത കാണിക്കുന്നതുകൊണ്ടും,അവരുടെ പ്രശ്നങ്ങളെ അവഗണിക്കുകയും ചെയ്യുന്നതുകൊണ്ട്, മത്സ്യതൊഴിലാളികള്‍ സഭയെ ആശ്രയിക്കുന്നതില്‍ എന്താണ് തെറ്റ്? ലത്തീന്‍ കത്തോലിക്കാ സഭയിലെ പുരോഹിതര്‍ മല്‍സ്യത്തൊഴിലാളി കുടുംബങ്ങളിലെ അംഗങ്ങളാണ്. അവരുടെ കുടുംബാംഗങ്ങളുടെ ജീവല്‍പ്രശ്‌നമെന്ന നിലയില്‍ തന്നെയാണ് അവര്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ലത്തീന്‍ കത്തോലിക്കാ സഭയും വൈദികരും മത്സ്യതൊഴിലാളി പ്രശ്‌നങ്ങളില്‍ ഇടപെടുന്നതും സമരം ചെയ്യുന്നതും ഇതാദ്യമായിട്ടല്ല. മണ്‍സൂണ്‍ കാല ട്രോളിംഗ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും, വിദേശ ട്രോളാറുകള്‍ക്ക് ഇന്ത്യന്‍ കടല്‍ തീരങ്ങളില്‍ മത്സ്യബന്ധനത്തിനു നല്‍കിയ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും നടത്തിയ സമരത്തില്‍ സഭയും വൈദികരും നേതൃസ്ഥാനത്തുണ്ടായിരുന്നു. അവരോടൊപ്പം സമരം ചെയ്യുന്നതില്‍ ഇടതുപക്ഷ മത്സ്യത്തൊഴിലാളി ട്രേഡ്യുണിയനുകള്‍ക്ക് യാതൊരു ബുദ്ധിമുട്ടും അന്നുണ്ടായിരുന്നില്ല. ഇപ്പോള്‍ അദാനിയെന്ന വന്‍കിട കോര്‍പ്പറേറ്റിനെതിരെ അവര്‍ സമരം ചെയ്യുമ്പോള്‍ അതിനെ എതിര്‍ക്കുന്നതിന്റെ യുക്തി എന്താണ്? അതിനാല്‍ സമരത്തോടുള്ള സമീപനം തിരുത്താന്‍ ഇടതുപക്ഷം തയ്യാറാവേണ്ടതുണ്ട്.

രാജ്യത്തിനു വിദേശനാണ്യം നേടിത്തരുന്ന, പൊതുസമൂഹത്തിനു കൂടുതല്‍ പോഷക മൂല്യമുള്ള ആഹാരം കുറഞ്ഞ ചെലവില്‍ നല്‍കുന്ന, രാജ്യത്തിന്റെ സമുദ്രാതിര്‍ത്തി കാക്കുന്ന, പാര്‍ശ്വവത്കൃത ജനവിഭാഗം തങ്ങളുടെ കിടപ്പാടവും, തൊഴിലും, ജീവിതവും നശിപ്പിക്കുന്ന ഒരു കോര്‍പ്പറേറ്റ് ഭീമനെതിരെ നടത്തുന്ന സമരത്തെ സഹായിക്കേണ്ടതും, ആ സമരം വിജയിപ്പിക്കേണ്ടതും പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply