വിരാടപര്‍വ്വം : വിപ്ലവകാരിയായ രാവണ്ണയെ പ്രണയിച്ച വെണ്ണിലയുടെ കഥ.
പൂര്‍ണ്ണമായും വെണ്ണില എന്ന കഥാപാത്രത്തിന്റെ വീക്ഷണ കോണിലൂടെയാണ് സിനിമ മുന്‍പോട്ട് പോകുന്നത് എങ്കിലും 90കളിലെ നക്‌സലൈറ്റ് പ്രസ്ഥാനം മുന്‍പോട്ട് വെച്ച ആശയങ്ങളും അവരുടെ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയവുമൊക്കെ എത്രത്തോളം പ്രതിഫലിപ്പിക്കാനായി എന്നത് ഒരു ചോദ്യമാണ്.
അടിച്ചമര്‍ത്തപ്പെടുന്ന, നീതി നിഷേധിക്കപ്പെടുന്ന മനുഷ്യരുടെ വിമോചനത്തിനുവേണ്ടി പോരാടുന്ന ഒരുവനോട് ഒരു പെണ്‍കുട്ടി തന്റെ പ്രണയം വെളിപ്പെടുത്തുമ്പോള്‍ പ്രേമമെന്നത് പരസ്പരം ഒറ്റികൊടുക്കുവാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണമാണെന്നും അത് ബലഹീനര്‍ക്കുള്ള ഒരു രോഗം മാത്രമാണെന്നും നിര്‍ദയം അവളുടെ പ്രണയത്തെ നിഷേധിച്ചുകൊണ്ട് അവന്‍ സംസാരിക്കുമ്പോള്‍ അവന്റെ കാഴ്ചപ്പാടുകളെ തിരുത്തികൊണ്ട് അവള്‍ ചോദിക്കുന്നത് ജെന്നിയെ സ്‌നേഹിച്ച കാറല്‍ മാര്‍ക്‌സ്, ജിയാനയെ സ്‌നേഹിച്ച മാവോ ഇവരെല്ലാം രോഗികളായിരുന്നോ എന്നാണ്. കാല്പനികതയെ പൂര്‍ണമായും നിരാകരിച്ചുകൊണ്ട് വിപ്ലവം അതിന്റെ യാഥാര്‍ഥ്യം, അതിന്റ പൂര്‍ത്തീകരിക്കല്‍ എല്ലാ സവിശേഷതയോടുംകൂടി സാര്‍ത്ഥകമാക്കാന്‍ സാധ്യമാണോ എന്ന വലിയ ചോദ്യമാണ് അവള്‍ ഉന്നയിക്കുന്നത്. അവളാണ് വീരാടപര്‍വ്വത്തിലെ വെണ്ണില.
ഇത് വെണ്ണിലയുടെ കഥയാണ്. വിപ്ലവകാരിയായ രാവണ്ണയെ പ്രണയിച്ച വെണ്ണിലയുടെ കഥ. അവള്‍ ഒരു പോരാട്ടമായിരുന്നു. പ്രണയത്താല്‍ ബലിയര്‍പ്പിക്കപ്പെട്ടവള്‍. സിനിമ കണ്ട് തീര്‍ന്നിട്ടും വെണ്ണിലയുടെ ലോകത്ത് തന്നെ തുടരാന്‍ അനിയന്ത്രിതമായി ആഗ്രഹിച്ചുപോകുന്നു. അത്രമേല്‍ സ്പര്‍ശിക്കപ്പെടുന്ന ഒരു കഥാപാത്രം. തൂമു സരളയുടെ യഥാര്‍ത്ഥ ജീവിതകഥയെ ആസ്പദമാക്കി 1990കളിലെ തെലങ്കാനയിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിലൂടെ കടന്ന്‌പോകുന്ന ഒരു പ്രണയകഥയാണ് വീരാട പര്‍വ്വം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വെണ്ണിലയുടെ ജനനം തന്നെ സംഘര്‍ഷഭരിതമായ ഒരു അന്തരീക്ഷത്തിലായിരുന്നു. എന്നാല്‍ ആ സാഹചര്യങ്ങളല്ല മറിച്ച് രാവണ്ണയോടുള്ള അടങ്ങാത്ത പ്രണയമാണ് അവളെ നക്‌സലാക്കുന്നത്. ഗവണ്‍മെന്റ് ബാന്‍ ചെയ്ത ആരണ്യ എന്ന തൂലികാനാമത്തില്‍ കവിതയെഴുതുന്ന രാവണ്ണയുടെ പുസ്തകങ്ങള്‍ തേടിപ്പിടിച്ച് വായിച്ചിരുന്ന വെണ്ണിലക്ക് ഒരു ഘട്ടത്തില്‍ അയാളോട് പ്രണയം തോന്നിത്തുടങ്ങുന്നു .കവിതയിലൂടെ, അക്ഷരങ്ങളിലൂടെ അറിഞ്ഞ അയാളെ അവള്‍ പ്രണയിക്കുവാന്‍ തുടങ്ങുന്നു .വിപ്ലവത്തിന്റെ അഗ്‌നിസ്ഫുരിക്കുന്ന അവന്റെ എഴുത്തുകളിലൂടെ അവള്‍ അവനെ അറിയുകയായിരുന്നു. ഒടുവില്‍ അവനോടൊപ്പം ജീവിക്കാന്‍ അവള്‍ തന്റെ വീടുപോലും ഉപേക്ഷിച്ച് ഇറങ്ങിത്തിരിക്കുകയാണ്. തന്റെ പ്രണയം നേടുവാന്‍ വേണ്ടിയുള്ള യാത്രയില്‍ അവള്‍ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികള്‍ സംഘര്‍ഷങ്ങള്‍ അപമാനങ്ങള്‍ ഇവയിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.
അയാളോടൊപ്പമുള്ള ജീവിതത്തില്‍ വര്‍ഗ്ഗശത്രുവിന്റെ ആയുധങ്ങളാല്‍ അവളോ അയാളോ ഏത് നിമിഷവും കൊല്ലപ്പെടാം എന്ന യാഥാര്‍ത്ഥ്യത്തെ അവളുടെ പ്രണയത്തിനു മുന്‍പില്‍ അണുവിട പോലും അവളെ പിന്തിരിപ്പിക്കാന്‍ സാധിക്കുന്നില്ല.അയാളെ വിവാഹം ചെയ്യാന്‍ സാധിച്ചില്ല എങ്കിലും അയാളോടൊപ്പം സഞ്ചരിക്കണമെന്ന് മാത്രമാണ് അവള്‍ ആഗ്രഹിക്കുന്നത്. അതിനായി വിപ്ലവപാത സ്വീകരിക്കാനും ആയുധം കയ്യിലേന്താനും അവള്‍ക്കു മടിയുണ്ടായിരുന്നില്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എഴുത്തുകാരനും കവിയുമായ വേണു ഉഡുഗുലയുടെ രണ്ടാമത്തെ ചിത്രമാണ് വിരാടപര്‍വ്വം. പൂര്‍ണ്ണമായും വെണ്ണില എന്ന കഥാപാത്രത്തിന്റെ വീക്ഷണ കോണിലൂടെയാണ് സിനിമ മുന്‍പോട്ട് പോകുന്നത് എങ്കിലും 90കളിലെ നക്‌സലൈറ്റ് പ്രസ്ഥാനം മുന്‍പോട്ട് വെച്ച ആശയങ്ങളും അവരുടെ വിപ്ലവാത്മകമായ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയവുമൊക്കെ എത്രത്തോളം പ്രതിഫലിപ്പിക്കാനായി എന്നത് ഒരു ചോദ്യമാണ്.
സായി പല്ലവിയുടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നായി ചിത്രത്തിലെ വെണ്ണില എന്ന കഥാപാത്രം നിലനില്‍ക്കും എന്നത് ഉറപ്പാണ്. റാണ ദഗുപതി, നന്ദിത ദാസ്, പ്രിയമണി, സറീന വഹാബ് ഇവരൊക്കെ വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചിരിക്കുന്നത്. ചിത്രത്തില്‍ സംഗീതത്തിന് നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട്. സുരേഷ് ബോസിലി ഇണമേകിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും കഥയുടെ സ്വഭാവത്തിനോടും കഥാഗതിയോടും ചേര്‍ന്നുനില്‍ക്കുന്നത് തന്നെയായിരുന്നു. സിനിമ കണ്ട് തീരുമ്പോള്‍ വെണ്ണിലയും അവളുടെ പ്രണയവും ഒരു നോവായി മനസ്സില്‍ അവശേഷിക്കും എന്ന കാര്യത്തില്‍ സംശയമില്ല…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in