വെളിച്ചം മങ്ങിയ ഭൂഖണ്ഡങ്ങളിലേക്കുള്ള തുറവികള്‍

ആദിയുടെ ‘പെണ്ണപ്പന്‍’ കവിതാസമാഹാരത്തിന് എഴുതിയ അവതാരിക

അപ്പനും അമ്മയുമാകാനുള്ള പാകപ്പെടുത്തലുകള്‍ മാത്രമല്ല ജീവിതമെന്ന ബോധം പുതിയ തലമുറയ്ക്കുണ്ട്. കേവലമായ മാമൂലുകളില്‍ അധിഷ്ഠിതമായൊരു സാമൂഹിക അന്തരീക്ഷം സൃഷ്ടിച്ചെടുത്ത കപടമായ ബോധങ്ങളെ, മൂഢമായി പിന്‍തുടരുകയും അതില്‍ ജീവിച്ചു മരിക്കുകയും എളുപ്പവുമാണ്. എന്നാല്‍ ‘ഞാന്‍ അതല്ല , ഇതാണ്’ എന്ന് പറയാനുള്ള ചങ്കൂറ്റം ആര്‍ജിച്ചെടുക്കേണ്ട ഒരു സാമൂഹിക സാഹചര്യം ഇന്നുണ്ടല്ലോ.അത്തരം ധീരമായ നിലപാടുകള്‍ക്ക് പകരമായി സ്വന്തം ജീവന്‍ പോലും ത്യാഗം ചെയ്യേണ്ടിവരുന്ന സങ്കീര്‍ണ്ണ സാഹചര്യങ്ങളുടെ യഥാര്‍ത്ഥ കാരണം എന്തായിരിക്കും? ഭാഷയില്‍ അക്ഷരങ്ങളുണ്ടെങ്കിലും അതിലൊന്നും ഈ അനുഭവങ്ങളെ ദൃശ്യമാകാതെ പോയത് എന്തുകൊണ്ടായിക്കും? സഹനങ്ങളോട് അനുകമ്പപ്പെടുകയല്ല പക്ഷെ ഒരു രാഷ്ട്രീയ അടിത്തറ പാകി അതിലൂടെ കാലാനുസൃതമായ ഒരു ചിന്ത ഉയര്‍ന്നുവന്നാല്‍ മാത്രമെ ‘ഉള്‍കൊള്ളുക’ എന്ന മനോവ്യാപരം സാധ്യമാവുകയുള്ളൂ. അതൊരു രാത്രികൊണ്ട് സാധ്യമാകുന്ന ഒന്നല്ല.

ഓരോ മനുഷ്യന്റെയും പോരാട്ടങ്ങള്‍ വ്യത്യസ്തമാണെന്നും ഭാഷയില്‍ അടയാളപ്പെടുത്തേണ്ടതുണ്ടെന്നും, ഓര്‍മ്മപ്പെടുത്തലുകളിലൂടെ നിരന്തരമായ സാംസ്‌കാരിക ഇടപെടല്‍ നടത്തി, ചര്‍ച്ചകള്‍ക്കും,ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കി മാറ്റത്തിന്റെ പാതയിലൂടെ സമരവെളിച്ചം നാളെയിലേക്ക് നീട്ടി നടന്നു ചെല്ലുക അനിവാര്യമാണ്. ഇതൊരു വലിയ സാമൂഹിക ഉന്നതിയുടെ പ്രയാണം കൂടിയാണ്. അതൊരുപക്ഷെ എല്ലാവര്‍ക്കും സാധ്യമാകണമെന്നില്ല. പലര്‍ക്കും കല ആയുധമാണെങ്കില്‍ കുറച്ചുപേര്‍ക്കെങ്കിലും സാഹിത്യമാകും. തൂലികകൊണ്ട് കുറിക്കുന്ന വിപ്ലവം ഒരു വലിയ ജനതയ്ക്ക് തന്നെ പ്രചോദനമാകുന്നു. ഒറ്റ വായനയില്‍ പിടിക്കിട്ടുന്ന ചിലതുണ്ട്. എന്നാല്‍ എല്ലാം അങ്ങനെയല്ല. ചിലത് പലയാവര്‍ത്തി വായിക്കണം, ചിലത് വരികള്‍ക്കിടയിലൂടെ വായിച്ചാലേ പിടികിട്ടൂ. എന്നാല്‍ ചിലത് പിടിതരാതെ ഒരു പ്രഹേളികയായി ഒഴുകും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ആരോ വരച്ചിട്ട ലക്ഷ്മണരേഖകള്‍ താണ്ടാനാകാതെ ആര്‍ക്കോ വേണ്ടി ജീവിക്കുന്ന ‘ഹെട്രോ നോര്‍മേറ്റീവ്’മനുഷ്യര്‍ക്ക് പലപ്പോഴും സ്വന്തം നഗ്‌നമായ ഉടലുകളിലേക്ക് നോക്കാന്‍ പോലും ഭയമാണ്. ശരീരത്തിന്റെ സാധ്യതകളെയോ പരിമിതികളേയോപറ്റി അവര്‍ അജ്ഞരാണ്. അത്തരമൊരു ദിശാസന്ധിയിലാണ് കാമനകളെപറ്റിയും വിവിധ കോണുകളില്‍നിന്നും അനുദിനം ഏല്‍ക്കുന്ന പ്രഹരങ്ങളെ പറ്റിയും ഉടലിന്റെ അനന്തമായ അന്വേഷണങ്ങളുമായി സാഹിത്യശാഖികളെ വിഷയവത്കരിച്ചുകൊണ്ട് ക്വീര്‍ മനുഷ്യരുടെ എഴുത്തുകള്‍ പൊതുസമൂഹത്തിലേക്ക് കടന്നുവരുന്നത്. ബൈനറി മനുഷ്യരും അവരുടെ ജീവിതവ്യവഹാരങ്ങളും അടക്കിവാണിരുന്ന സാഹിത്യതലങ്ങളിലിന്നും അപരിചതമായ അനുഭവമാണീ എഴുത്തുകള്‍. ഇത് വെറും ഇടപെടലുകളല്ല, വ്യത്യസ്ത അനുഭവപരിസരങ്ങളില്‍ ഇരുന്ന് പൊതുധാരക്ക് ഈ പുരോഗമന നൂറ്റാണ്ടിലും ചൂട്ട് വെളിച്ചത്തിന്റെ മങ്ങിയ പ്രകാശമുള്ള ഭൂഖണ്ഡങ്ങളിലേക്കുള്ള തുറവികളാണ്.

ആദ്യമായി ട്രാന്‍സ്‌ജെന്റര്‍ സ്വത്വത്തിലിരുന്ന് എനിക്ക് പറയാനുള്ളതെല്ലാം ഈ ലോകത്തോട് കവിതകളിലൂടെ എഴുതിവെച്ച് വ്യക്തിയാണ് ഞാന്‍. എന്നെ കവിയെന്നോ കവയിത്രി എന്നോ അഭിസംബോധന ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ഇന്നും സാഹിത്യ ലോകത്ത് ഒരു തീര്‍പ്പ് ഉണ്ടായിട്ടില്ല. എന്നാല്‍ നിലനില്‍ക്കുന്ന വൈവിദ്ധ്യങ്ങളുടെ വളര്‍ച്ചയ്ക്കും അടയാളപ്പെടുത്തലുകള്‍ക്കും വിലങ്ങുതടിയായ ഭാഷയടക്കമുള്ള വ്യവസ്ഥാപിതമായ സകലത്തിനേയും, ഒപ്പം ചില മേല്‍ക്കോയ്മകള്‍ അദൃശ്യരാക്കിയ മനുഷ്യരെ പറ്റിയും അവരുടെ അതിജീവനത്തിനുള്ള നിരന്തരമായ പോരാട്ടങ്ങളേയും എഴുതിവെയ്ക്കാന്‍ എനിക്ക് സാധിച്ചതില്‍ ചരിതാര്‍ത്ഥ്യമുണ്ട്. പോരാട്ടങ്ങള്‍ ഒരു എഴുത്താളിയില്‍ അവസാനിക്കുന്നില്ല. ഞാന്‍ പ്രളയത്തിന്റെ പുത്രിയല്ല, എനിക്ക് ശേഷം പ്രളയവുമില്ല. തുടര്‍ച്ചകളില്ലാതെ ഈ ലോകം മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജീവിച്ചും, അതിജീവിച്ചും പ്രതിരോധങ്ങള്‍ തീര്‍ത്തും, ക്വീര്‍ പോരാളികള്‍ പരികല്‍പിതമായ അരികുകളില്‍നിന്നും മുഖ്യധാരയിലേക്ക് വരുന്നതിന്റെ അടയാളമാണ് സാഹിത്യത്തിലേക്കുള്ള ആദിയുടെ കടന്നുവരവ്. ഇനിയും എഴുത്തുകള്‍ പ്രകാശിപ്പിക്കാത്ത ക്വീര്‍ വ്യക്തികള്‍ക്ക് പ്രചോദനമാകട്ടെ. ‘പെണ്ണപ്പന്‍’എന്ന ഈ കവിതാസമാഹരത്തിന്റെ പ്രധാന ആകര്‍ഷണം അതിന്റെ പരിസരമാണ്. കീഴാള രാഷ്ട്രീയത്തിന്റെ ഇന്റര്‍ സെക്ഷനാലിറ്റികളിലൂടെ സഞ്ചരിച്ചുക്കൊണ്ട് തന്നില്‍ പ്രഹരങ്ങള്‍ ഏല്‍പ്പിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥകളോട് ആദിയിലെ എഴുത്താളി ഇവിടെ കലഹിക്കുകയാണ്. ഞങ്ങളുടെ കലഹങ്ങള്‍ പുതിയ ഒരു ഭാഷ നിര്‍മിതിക്ക് വേണ്ടിയല്ല. എന്നാല്‍ ഭാഷയിലെ ഓരോ അക്ഷരങ്ങള്‍ക്കും ക്വീര്‍ ആശയങ്ങളെ ഉള്‍കൊള്ളാനുള്ള പക്വതയും ഊര്‍ജവും കൊണ്ട് പാകപ്പെടുത്തുകയാണ് വേണ്ടത്. കപട ഹെട്രോ നോര്‍മേറ്റീവ് അല്ലാത്ത മനുഷ്യര്‍ ഈ മണ്ണില്‍ ജീവിച്ചിരിപ്പുണ്ടെന്ന് നിലവിളികള്‍ കൂടിയാണ് ഈ രചന. ഒരു കവിതയുടെ വരികളിലേക്കും ഞാന്‍ കടക്കുന്നില്ല. അത് ഓരോ വായനക്കാരുടെയും ലോകമാണ്. തുടര്‍വഴികള്‍ വെട്ടുന്ന ഈ പ്രയത്‌നം ചരിത്രം തിരിച്ചറിയട്ടെ. ആദിക്ക് എന്റെ എല്ലാ അഭിനന്ദനങ്ങളും.

‘തനിച്ചല്ല നമ്മള്‍
ഒന്നായി നേടിടും
നീതി ഈ മണ്ണില്‍ സഹജരേ’…

ധ്വനി ബുക്‌സ്, വില 190.00

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply