സംരക്ഷിക്കണം ഭീകരവാദ ഇരകളുടെ അവകാശങ്ങളും

അപരമനുഷ്യനോടുള്ള വിദ്വേഷത്താല്‍ പ്രചോദിതരായി ഓരോ വിഭാഗവും ചെയ്തുകൂട്ടുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറ്റു സമൂഹിക വിഭാഗങ്ങളെ മാത്രമല്ല ബാധിക്കുക; സ്വസമുദായത്തിനു തന്നെ ദ്രോഹകരമാണവ. ഓരോ ഭീകരവാദിയും ആക്രമണത്തിലൂടെ ലക്ഷ്യമിടുക തങ്ങളുടെ ചിന്തയില്‍ നിന്നു വ്യത്യസ്തമായ രാഷ്ട്രീയ, മത, പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്നവരെ മാത്രമല്ല, വിശ്വമാനവികതയെ കൂടിയാണ്. അതുകൊണ്ടുതന്നെ തീവ്രവാദത്തിന്റെ ഇരകളെല്ലാം മാനവികതയുടെ കാവലാളുകളാണ്. ഹിന്ദുത്വ തീവ്രവാദത്തെ അനുകൂലിക്കുന്ന ഹൈന്ദവരിലെയും പൊളിറ്റിക്കല്‍ ഇസ്ലാം നടത്തുന്ന ഭീകരവാദത്തെ ന്യായീകരിക്കുന്ന മുസ്ലീങ്ങളിലെയും യൂറോപ്പിലെ തീവ്രവലതുപക്ഷ നിലപാടുകള്‍ക്കെതിരെ മൗനം പാലിക്കുന്ന ക്രിസ്ത്യാനികളിലെയും മതവിശ്വാസികളെല്ലാം ഭാവി ഭീകരരാകാമെന്നു കുറ്റപ്പെടുത്തുന്ന നിരീശ്വരവാദികളിലെയും ന്യൂനപക്ഷങ്ങളുടെ നിലപാടുകള്‍ വാസ്തവത്തില്‍ മാനവികതയ്‌ക്കെതിരാണ്. ഇവരെല്ലാം ‘തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരാണ്’. ഭീകരവാദത്തിനു പ്രത്യയശാസ്ത്ര ന്യായീകരണം നടത്തുന്ന ചെറുന്യൂനപക്ഷം അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ്. ഈ തിരിച്ചറിവില്‍ നിന്നുകൊണ്ട് എല്ലാ തീവ്രവാദങ്ങളെയും എതിര്‍ക്കുന്ന ഒരു മാനവമനസ് നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ടാകട്ടെ; ഭാവിയില്‍ പുതിയ തീവ്രവാദത്തിന്റെ ഇരകള്‍ ഉണ്ടാകാതിരിക്കട്ടെ.

തീവ്രവാദത്തിന്റെ ഇരകള്‍ ശബ്ദം സമൂഹത്തെ കേള്‍പ്പിക്കാനും ആവശ്യങ്ങള്‍ക്കു പിന്തുണതേടാനും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നിരന്തര പരിശ്രമത്തിലാണ്. തീവ്രവാദ ആക്രമണങ്ങള്‍ക്കു പിന്നാലെ രാഷ്ട്രീയ വാചാടോപങ്ങളില്‍ കുടുങ്ങി ഇരകളെ നാം മറക്കും. കൂടാതെ, അവരുടെ ആവശ്യങ്ങള്‍ അവഗണിക്കുകയും ചെയ്യുന്നുണ്ട്. അതവര്‍ക്കു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നു. ഇരകള്‍ക്കു പൂര്‍ണ്ണ സൗഖ്യമേകാനും പുനരധിവസിപ്പിക്കാനും സമൂഹത്തിലേക്കു തിരികെ സമന്വയിപ്പിക്കാനും ആവശ്യമായ പദ്ധതികള്‍ക്കുള്ള വിഭവങ്ങളോ ശേഷിയോ കുറച്ചു രാജ്യങ്ങള്‍ക്കു മാത്രമേയുള്ളൂ. ഇന്ന് ആഗോളതലത്തില്‍ കൂടുതല്‍ രാജ്യങ്ങളെ ഭീകരത ബാധിക്കുന്നുവണ്ട്. എങ്കിലും ഇരകള്‍ കൂടുതലും ചില രാജ്യങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്.

ഭീകരവാദത്തിന്റെ ഇരകള്‍ക്ക് അനുഭവിക്കുന്ന വേദനയില്‍ നിന്നു മുക്തിനേടാനും അന്തസ്സോടെ ജീവിക്കാനും ആകണം. അതിനവര്‍ക്കു ശാരീരികവും മാനസ്സികവും സാമൂഹികവും സാമ്പത്തികവും ആയതുള്‍പ്പെടെ ദീര്‍ഘകാല ബഹുമുഖ പിന്തുണ ആവശ്യമാണ്. ഭീകരതയുടെ ഇരകളെ പിന്തുണയ്ക്കാനും അവരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളാനുമുള്ള ഉത്തരവാദിത്വം എല്ലാ രാജ്യങ്ങള്‍ക്കുമുണ്ട്. ഏകമനസ്സോടെ നിലപാടെടുക്കുക, ഇരകള്‍ക്കു പിന്തുണയേകുക, അവരുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുക, ആഗോള തീവ്രവാദ വിരുദ്ധ ശൃംഖല സ്ഥാപിക്കുക, സിവില്‍ സമൂഹത്തെ പിന്തുണയ്ക്കുക തുടങ്ങിയവയിലൂടെ രാജ്യങ്ങള്‍ക്കിടയില്‍ ആഗോള തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യുഎന്‍ ഏകോപിപ്പിക്കുന്നു. കൂടാതെ, ഭീകരവാദത്തിന്റെ ഇരകളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും പരിരക്ഷിക്കുകയും ബഹുമാനിക്കുകയും ചെയ്യാന്‍ അംഗരാജ്യങ്ങളെ പ്രേരിപ്പിക്കുന്നു യുഎന്‍. അതിനായി അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്താനും തീവ്രവാദത്തിന്റ ഇരകളുടെ പ്രശ്‌നങ്ങള്‍ മികച്ച രീതിയില്‍ പരിഹരിക്കാനും യുഎന്‍ മുന്‍കൈ എടുക്കുന്നു. ഈ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവബോധം പൊതുസമൂഹത്തില്‍ വളര്‍ത്തേണ്ടത് ഇവയുടെ വിജയത്തിനാവശ്യമാണ്.

ഭീകരവാദത്തിന്റെ ഇരകളെയും അതിനെ അതിജീവിച്ചവരെയും ആദരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക. കൂടാതെ, മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും പൂര്‍ണ്ണമായി ആസ്വദിക്കാനും പരിരക്ഷിക്കാനും അവരെ പ്രാപ്തരാക്കകുക എന്നീ ലക്ഷ്യങ്ങളോടെ യുഎന്‍ പൊതുസഭ 72/165 (2017) എന്ന പ്രമേയത്തിലൂടെ ‘തീവ്രവാദത്തിന്റെ ഇരകളെ അനുസ്മരിക്കുന്നതിനും ആദരിക്കുന്നതിനുമുള്ള അന്താരാഷ്ട്രദിനം (International Day of Remembrance of and Tribute to the Victims of Terrorism) വര്‍ഷാവര്‍ഷം ഓഗസ്റ്റ് 21 ന് ആചരിക്കുമെന്നു പ്രഖ്യാപിച്ചു. യുഎന്‍ പൊതുസഭ, യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍, യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ എന്നിവയുടെ തീവ്രവാദത്തിന്റെ ഇരകളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമുള്ള നിരന്തര പരിശ്രമങ്ങളുടെ ഫലമാണീ കാല്വയ്പ്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നിയമവാഴ്ചയും സ്വാതന്ത്ര്യങ്ങളും സംരക്ഷിച്ചുകൊണ്ടും പ്രോത്സാഹിപ്പിച്ചുകൊണ്ടും മാത്രമേ തീവ്രവാദത്തെ ഇല്ലാതാക്കാനാകൂവെന്ന സുപ്രധാന പ്രഖ്യാപനമാണു യുഎന്‍ ഇതിലൂടെ നടത്തിയത്. ഭീകരവാദം തടയാനായി 2006 സെപ്റ്റംബര്‍ 8 ന് 60/288 എന്ന പ്രമേയത്തിലൂടെ ഐകകണ്‌ഠ്യേന അംഗീകരിച്ച ഗ്ലോബല്‍ കൗണ്ടര്‍-ടെററിസം സ്ട്രാറ്റജി, ഇരകളുടെ അമാനവവത്ക്കരണം ഭീകരതയ്ക്ക് അനുകൂലമാണെന്നും അതിനെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ലമാര്‍ഗ്ഗം മനുഷ്യാന്തസ്സിനെ ബഹുമാനിക്കുകയും നിയമവാഴ്ച ഉറപ്പാക്കുകയും ചെയ്യുന്ന നടപടികളാണെന്നും ഇന്നു തിരിച്ചറിയുന്നു (1).

ടെററിസം സ്ട്രാറ്റജിയെക്കുറിച്ചു 2006 നു ശേഷം നടന്ന മൂന്ന് അവലോകനങ്ങളും തീവ്രവാദം തടയുന്നതില്‍ ഇരകളുടെ പ്രാധാന്യവും അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ഭീകരത രക്തച്ചൊരിച്ചിലിലേക്കു പോകാതിരിക്കാന്‍ ഇത് അത്യാവശ്യമാണെന്നും യുഎന്‍ സൂചിപ്പിക്കുന്നു. തീവ്രവാദത്തിന്റെ ഇരകള്‍ക്ക് ഉടനടിയും ദീര്‍ഘകാലാടിസ്ഥാനത്തിലും ഏകുന്ന പിന്തുണയും ജീവിതത്തിലേക്കുള്ള അവരുടെ തിരിച്ചുവരവിനു പ്രധാനമാണെന്നു സ്ട്രാറ്റജിയെ കുറിച്ചുള്ള ആറാം അവലോകനയോഗവും വിലയിരുത്തി. മാത്രമല്ല, ഇത്തരം പിന്തുണയിലൂടെ പൊതുജീവിതത്തിലേക്കു തിരിച്ചെത്തുന്ന ഇരകള്‍ കൂടുതല്‍ വേഗം മാനസികാഘാതങ്ങളില്‍ നിന്നും മോചിതരാകാനും ജീവിതം തിരിച്ചു പിടിക്കാനുമുള്ള സാധ്യത വളരെയധികമാണെന്നും സാമൂഹ്യശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അത്തരമാളുകള്‍ പിന്നീടു തീവ്രവാദത്തിലേക്കു തിരിയാനുള്ള സാധ്യത വിരളമാണെന്നും തീവ്രവാദത്തിന്റെ ഇരകളെ സഹായിക്കാനുള്ള അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കാനുള്ള കൂട്ടായ്മയും വിലയിരുത്തുന്നു.

ഭീകരവാദത്തിന്റെ ഇരകളുടെ ആവശ്യങ്ങള്‍ നിയമപരവും ആരോഗ്യപരവുമായ മേഖലകള്‍ക്കപ്പുറം വിശാലതലങ്ങളിലേക്ക് വ്യാപിച്ചു.. ഇന്ന്, ഭീകരതയുടെ ഇരകളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനുള്ള പൊതുസമീപനത്തില്‍ സുപ്രധാന ഘടകമായി തീവ്രവാദത്തിന്റെ ഇരകളെ സ്മരിക്കുന്ന മെമോറിയലുകള്‍ ഉയര്‍ന്നുവരുന്നു. താരതമ്യേന സമീപകാലത്തെ ശ്രദ്ധാകേന്ദ്രമെന്ന നിലയില്‍, ഭീകരതയുടെ ഇരകളുടെ സ്മരണകള്‍ സജീവമാക്കുന്ന ക്രിയാത്മക മാര്‍ഗ്ഗങ്ങള്‍ വികസിപ്പിക്കുന്നതൊരു വെല്ലുവിളിയാണ്. ഇതുമായി ബന്ധപ്പെട്ടുയരുന്ന വിവിധ പ്രശ്‌നങ്ങളില്‍ സജീവശ്രദ്ധ പുലര്‍ത്തേണ്ടതും ജനാധിപത്യത്തിന്റെ ബാധ്യതയാണ്.

ഇന്ത്യയില്‍ ഇത്തരം മെമോറിയലുകളുടെ നിര്‍മ്മാണമെന്നതു രാഷ്ട്രഭാവനയെ കാര്യമായി പ്രചോദിപ്പിച്ചിട്ടില്ല. ഭീകരതയുടെ ദുരിതങ്ങള്‍ പേറുന്ന ഇന്ത്യയിലും സാമൂഹികവും അക്കാദമികവുമയ തലങ്ങളില്‍ ഇരകളുടെ സ്മാരകാവശ്യങ്ങള്‍ പരിഹരിക്കാനുതകുന്നൊരു നയം ഉണ്ടാകണം. ഭീകരതയുടെ ഇരകളായ സൈനികര്‍ക്കായി ചില ചെറുസ്മാരകങ്ങള്‍ കാണാമെങ്കിലും, രാഷ്ട്രീയനേതൃത്വത്തിന്റെയടക്കം അപക്വമായ തീരുമാനങ്ങളുടെ ഫലമായ ഭീകരതയുടെ ഇരകളാകുന്ന സാധാരണ പൗരസമൂഹത്തിന്റെ ത്യാഗവും കഷ്ടപ്പാടും അംഗീകരിക്കുന്ന യാതൊന്നും ഇന്ത്യക്കില്ല. അതിനാല്‍ ഭീകരവാദത്തിന്റെ ഇരകള്‍ക്കായുള്ള മെമോറിയലുകളുടെ നിര്‍മ്മാണത്തില്‍ ബഹുമുഖ ഘടകങ്ങള്‍ പരിഗണിക്കണം. ഏതെല്ലാം തരത്തിലുള്ള സ്മാരകങ്ങള്‍ നിലവിലുണ്ട്? മറ്റു ജനാധിപത്യരാജ്യങ്ങളിലെ സമീപകാല ഭീകരതയുടെ ഇരകള്‍ക്കായുള്ള പ്രധാന സ്മാരകങ്ങള്‍ ഏതൊക്കെ? സ്മാരകങ്ങള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരുകള്‍ പരിഗണിച്ച നയപരമായ പ്രശ്‌നങ്ങളെന്തൊക്കെ? തുടങ്ങിയവ ഇന്ത്യന്‍ അക്കാദമിക ലോകം പഠിക്കണം. കൂടാതെ, അത്തരം അവലോകനങ്ങളിലൂടെ കണ്ടെത്തുന്ന ഉത്തരങ്ങളും പുതിയ ചോദ്യങ്ങളും സമൂഹത്തിന്റെ വിചിന്തനത്തിനായി നല്കുകയും വേണം.

തീവ്രവാദത്തിന്റെ ഇരകളുടെ സ്മരണയ്ക്കുള്ള മെമോറിയലുകള്‍ സ്ഥാപിക്കുന്നതിനുള്ള സുപ്രധാനഘട്ടം ഭീകരതയുടെ നിര്‍വ്വചനവും സന്ദര്‍ഭവും തിരിച്ചറിയുക എന്നതാണ്. പൊതുവേ, അക്കാദമിക സാഹിത്യം തീവ്രവാദത്തിന്റെ ‘പൂര്‍ണ്ണമായ’ ഒരു നിര്‍വ്വചനവും അംഗീകരിച്ചിട്ടില്ല. സങ്കീര്‍ണ്ണ സാമൂഹിക ഘടകങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ ഈ പദം ഒരു പരിധിവരെ നിര്‍വ്വചനാതീതമാണ്. എങ്കിലും, ജനാധിപത്യ രാജ്യങ്ങള്‍ തീവ്രവാദത്തെ നിയമപരമായ ആവശ്യങ്ങള്‍ക്കായി വ്യാവഹാരിക തലത്തില്‍ നിര്‍വ്വചിച്ചിട്ടിട്ടുണ്ട്. കാനഡ, യുണൈറ്റഡ് കിംഗ്ഡം, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയെല്ലാം ഭയം, അക്രമം, ഭയപ്പെടുത്തല്‍ എന്നീ ഘടകങ്ങള്‍ അവയുടെ നിര്‍വ്വചനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചു. കൂടാതെ, ഓരോ രാജ്യവും രാഷ്ട്രീയം, മതം, സര്‍ക്കാരുകളെ സ്വാധീനിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പ്രഭവ ശ്രോതസ്സുകളായി തിരിച്ചറിയുന്നു.

‘ഭീകരത’ എന്നതിന്റെ നിര്‍വ്വചനം സങ്കീര്‍ണ്ണമാകാന്‍ പല ഘടകങ്ങളും കാരണമായുണ്ട്. ഭീകരതയെക്കുറിച്ച് ഔപചാരിക നിര്‍വ്വചനം നല്കാനുള്ള ഏതൊരു ശ്രമത്തെയും തടസ്സപ്പെടുത്തുന്ന പ്രാഥമിക ഘടകങ്ങളിലൊന്നു രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഈ പദം ഉപയോഗിക്കുന്നതാണ്. തീവ്രവാദത്തിന്റെ ആരംഭവും അവസാനവും എവിടെയെന്നു തിരിച്ചറിയാനുള്ള ബുദ്ധിമുട്ട്; ഈ പദത്തിന്റെ വ്യാപ്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍; തീവ്രവാദത്തിന്റെ വിശകലനത്തിലെ ബഹുമുഖ സവിശേഷതകള്‍ തുടങ്ങിയവ വിഷയത്തിന്റെ സങ്കീര്‍ണ്ണത കൂട്ടുന്നു. തീവ്രവാദത്തിന്റെ നിര്‍വ്വചനത്തെ ചുറ്റിപ്പറ്റിയുള്ള ബുദ്ധിമുട്ടുകള്‍ ഈ പദത്തിന്റെ വ്യക്തമായ അര്‍ത്ഥം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയില്‍ നിന്നാണെന്നു വാദിക്കുന്നവരുമുണ്ട്. പലപ്പോഴും സര്‍ക്കാരുകളും പണ്ഡിതന്മാരും ഈ പദം വളരെ വിശാലമായി നിര്‍വ്വചിക്കാന്‍ ശ്രമിക്കും. ഇതിന്റെ ഫലമായി ഏതെങ്കിലും തരത്തിലുള്ള പാരമ്പര്യേതര പ്രതിഷേധങ്ങളെവരെ തീവ്രവാദമെന്നു തരംതിരിക്കാനുളള ശ്രമമുണ്ട്. ഇന്ത്യാ ഗവണ്‍മെന്റ് പാസ്സാക്കിയ യുഎപിഎ നിയമത്തില്‍ ‘ദേശീയ സുരക്ഷയെ ബാധിക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളും’ തീവ്രവാദമായാണു നിര്‍വ്വചിക്കുന്നത്. വളരെ വിശാലമായ ഇത്തരം നിര്‍വ്വചനങ്ങള്‍ രാഷ്ട്രീയ ശത്രുക്കളെ ഒതുക്കാന്‍ ഭരണകൂടം പ്രയോജനപ്പെടുത്താറുണ്ട്. മറിച്ച്, സര്‍ക്കാരുകളും അക്കാദമിക വിദഗ്ദ്ധരും, തീവ്രവാദത്തിന്റെ പൊതുവായ നിര്‍വ്വചനങ്ങള്‍ ഒഴിവാക്കി പകരം ഈ പദം ഉള്‍ക്കൊള്ളുന്ന വിവിധ അര്‍ത്ഥങ്ങള്‍ സൂക്ഷ്മമായി വിശദീകരിക്കണമെന്നു പല ജനാധിപത്യവാദികളും നിര്‍ദ്ദേശിക്കുന്നു. ഭീകരതയുടെ വൈവിധ്യമാര്‍ന്ന നിര്‍വ്വചനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള ഈ ആഹ്വാനം ഉണ്ടായിരുന്നിട്ടും, നിയമപരമായ നിര്‍വ്വചനങ്ങള്‍ തന്നെ സര്‍ക്കാരുകളും ജനങ്ങളും ഇന്നും ഔദ്യോഗികമായി അംഗീകരിക്കുന്നു. ഇതു സര്‍ക്കാരുകളുടെ ജനാധിപത്യ വിരുദ്ധമുഖമാണു വെളിവാക്കുന്നത്.

ബ്രിട്ടീഷ് ടെററിസം ആക്റ്റ് (2006) അനുസരിച്ച്, തീവ്രവാദം എന്നത് ‘സര്‍ക്കാരിനെ സ്വാധീനിക്കാനോ ജനങ്ങളെയോ പൊതുസമൂഹത്തില്‍ ഒരു വിഭാഗത്തെയോ ഭയപ്പെടുത്തുന്നതിനോ രൂപകല്‍പ്പന ചെയ്തിട്ടുള്ളതും’ കൂടാതെ, ‘ഒരു രാഷ്ട്രീയമോ, മതപരമോ പ്രത്യശാസ്ത്രപരമോ ആയ കാര്യത്തിന്റെ മുന്നേറ്റമെന്ന ഉദ്ദേശ്യത്തിനായുള്ള’ പ്രവര്‍ത്തനത്തെയും ഭീഷണിയെയും ഒക്കെ സൂചിപ്പിക്കുന്നു. പല രാജ്യങ്ങളിലെയും ഭീകരതയുടെ നിയമപരമായ നിര്‍വ്വചനങ്ങള്‍ക്കു സമാനമായി, ആളുകള്‍ക്കെതിരായ അതിക്രമങ്ങള്‍; സ്വത്തിനുള്ള നാശം; ജീവന്‍ അപകടത്തിലാക്കല്‍; പൊതുജനങ്ങളുടെ ആരോഗ്യത്തിനോ സുരക്ഷയ്‌ക്കോ ഉള്ള അപകടസാധ്യത തുടങ്ങിയവയാണ് ഈ നിയമത്തിലെയും പ്രധാന ഭീകരപ്രവര്‍ത്തനങ്ങള്‍. അമേരിക്കന്‍ ഐക്യനാടുകളില്‍, ഭീകരതയെ നിര്‍വ്വചിച്ചിരിക്കുന്നത് ‘യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെയോ ഏതെങ്കിലും രാജ്യത്തിന്റെയോ ക്രിമിനല്‍ നിയമങ്ങളുടെ ലംഘനമായ; മനുഷ്യജീവിതത്തിന് അപകടകരമായ പ്രവര്‍ത്തനങ്ങള്‍ …’ എന്നാണ്. കൂടാതെ, ‘ഒരു സിവിലിയന്‍ ജനതയെ ഭയപ്പെടുത്താനോ, ഭീഷണിപ്പെടുത്താനോ ഉദ്ദേശിച്ചുള്ളതാണ്; ഭയപ്പെടുത്തുന്നതിലൂടെ സര്‍ക്കാരിന്റെ നയത്തെ നിയന്ത്രിക്കുക…അല്ലെങ്കില്‍ കൂട്ടനശീകരണം, കൊലപാതകം അതുമല്ലെങ്കില്‍ തട്ടിക്കൊണ്ടുപോകല്‍ എന്നിവയിലൂടെ ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുക….’ എന്നതുമെല്ലാമാണ് ഭീകരത.

യൂറോപ്യന്‍ യൂണിയനിലെ ഭീകരതയുടെ നിയമപരമായ നിര്‍വ്വചനം തീവ്രവാദത്തെ നേരിടാനുള്ള യൂറോപ്യന്‍ യൂണിയന്‍ ഫ്രെയിംവര്‍ക്ക് സംബന്ധിച്ച 2002 ലെ തീരുമാനത്തില്‍ കാണാം, അത് ‘ഒരു ജനതയെ ഗൗരവമായി ഭയപ്പെടുത്തുക, അല്ലെങ്കില്‍; ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതിനോ അതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനോ ഒരു സര്‍ക്കാരിനെയോ അന്താരാഷ്ട്ര സംഘടനയെയോ അന്യായമായി നിര്‍ബന്ധിക്കുക; അല്ലെങ്കില്‍; ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ ഒരു അന്താരാഷ്ട്ര സംഘടനയുടെ അടിസ്ഥാന രാഷ്ട്രീയമോ ഭരണഘടനാപരമോ സാമ്പത്തികമോ സാമൂഹികമോ ആയ ഘടനകളെ ഗുരുതരമായി അസ്ഥിരപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യുക ‘ എന്നതാണ്. ഈ ചട്ടക്കൂടിനു കീഴില്‍ തീവ്രവാദമെന്നു കരുതപ്പെടുന്ന പ്രവര്‍ത്തികളില്‍ ജനങ്ങളുടെ മരണത്തിനിടയാക്കുന്ന ആക്രമണങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, ബന്ദികളാക്കല്‍, സര്‍ക്കാര്‍ അല്ലെങ്കില്‍ പൊതുമുതലിനു വ്യാപകമായ നാശം എന്നിവ ഉള്‍പ്പെടുന്നു.

വിവിധ രാജ്യങ്ങളിലെ സാഹചര്യങ്ങള്‍ വിശദീകരിക്കുന്ന വിധം തൃപ്തികരമായൊരു നിര്‍വ്വചനം തീവ്രവാദത്തിനു നല്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചിട്ടില്ല. പക്ഷേ, മുന്നേ വിവരിച്ച നിര്‍വ്വചനങ്ങള്‍ വ്യക്തമാക്കുന്നതു ഗവണ്‍മെന്റുകള്‍ ഉപയോഗിക്കുന്ന വിവിധ നിര്‍വ്വചനങ്ങളില്‍ ചില പൊതുഘടകങ്ങള്‍ കണാമെന്നാണ്. ജനാധിപത്യ രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തുന്ന നിര്‍വ്വചനങ്ങളിലെ ഈ സമാനതകള്‍ കണക്കിലെടുക്കുമ്പോള്‍, തീവ്രവാദത്തിന്റെ ഇരകളുടെ വിഷയത്തില്‍ ഈ സര്‍ക്കാരുകള്‍ സ്വീകരിച്ച സമീപനങ്ങളെ കുറിച്ച് ഒരു വ്യക്തത നല്കും. ഇതു ഇരകളെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുന്ന വ്യത്യസ്ത മാര്‍ഗങ്ങളെക്കുറിച്ചു ചില പ്രധാന ഉള്‍ക്കാഴ്ചകള്‍ മറ്റു സര്‍ക്കാരുകള്‍ക്കും നല്കും.

ഭീകരതയുടെ നിര്‍വ്വചനം പോലെ, വിവിധ തരം ഭീകരതകളെ വിശദീകരിക്കുന്നതിലും കാര്യമായ ശ്രദ്ധ അക്കാദമികലോകം പുലര്‍ത്തിയിട്ടുണ്ട്. പണ്ഡിത സമൂഹവും ‘നിര്‍വ്വചന പ്രശ്‌നം’ മറികടക്കാന്‍ പല പ്രായോഗിക നിലപാടുകളും സ്വീകരിക്കാറുണ്ട്. പൊതുവേ, തീവ്രവാദത്തിനു മൂന്ന് അടിസ്ഥാന രൂപങ്ങളുണ്ടെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു – ആഗോളമാനങ്ങളുള്ള അന്താരാഷ്ട്ര ഭീകരത, രാജ്യത്തിലൊതുങ്ങുന്ന ആഭ്യന്തര ഭീകരത, ഒരു പറ്റം രാജ്യങ്ങളെ ബാധിക്കുന്ന അന്തര്‍ദേശീയ ഭീകരത എന്നിവയാണവ. ചില പണ്ഡിതന്മാര്‍ സൂചിപ്പിക്കന്നതു പ്രധാനമായി 4 തരം ഭീകരത പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് – ഡിമാന്റ് ബേസ്ഡ് ടെററിസം,; പ്രൈവറ്റ് ജസ്റ്റിസ് ടെററിസം; റെവല്യൂഷണറി ടെററിസം; റിസ്റ്റൊറേറ്റീവ് ടെററിസം എന്നിവയാണവ. മറ്റു ചില പഠനങ്ങള്‍ അനുസരിച്ചു, ഭീകരതയെ വേറെ നാല് വിശാലമായ രൂപങ്ങളായും വിഭജിക്കാം: ദേശീയ തീവ്രവാദം – ദേശീയ അതിര്‍ത്തിക്കുളളിലൊതുങ്ങുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍; വിപ്ലവ തീവ്രവാദം – സര്‍ക്കാരിന്റെ ദാര്‍ശനികവും രാഷ്ട്രീയവുമായ സ്വഭാവം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍; പിന്തിരിപ്പന്‍ തീവ്രവാദം – സാമൂഹികവും ഭരണകൂടം സംബന്ധിയായതുമായ മാറ്റങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍; മതപരമായ ഭീകരത – മതപരമായ ലക്ഷ്യങ്ങള്‍ക്കായുള്ള ആക്രമണ പ്രവര്‍ത്തനങ്ങള്‍ – എന്നിവയാണവ. ചിലര്‍ തീവ്രവാദത്തിന്റെ പ്രധാന രൂപങ്ങളില്‍ ജാഗ്രതാ തീവ്രവാദവും (vigilante terrorism) ഏകവിഷയ തീവ്രവാദവും (single issue terrorism) ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാലും, ഈ പ്രത്യേക സൂചകങ്ങളിലൊന്നും ഒതുങ്ങാത്ത ഭീകരതയുടെ നിരവധി രൂപങ്ങള്‍ ഉണ്ടെന്നതും ശ്രദ്ധിക്കണം. ഓരോ അടിസ്ഥാന രൂപവും അവയുടെ ലക്ഷ്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ഇത്തരം വൈവിധ്യങ്ങളെ ആശ്രയിക്കുന്നത്. ഇന്ത്യയിലും ഭീകരതയുടെ ചരിത്രപരവും നിലവിലുള്ളതുമായ പശ്ചാത്തലം വിശദീകരിക്കാനും ഇത്തരം തരംതിരിവുകളെക്കുറിച്ചുള്ള പഠനം സഹായിക്കും.

കൂടാതെ, മുകളില്‍ വിവരിച്ച നിര്‍വ്വചനങ്ങള്‍ തീവ്രവാദത്തിന്റെ സ്വഭാവത്തെ വിവരിക്കുന്ന പദങ്ങളിലും സ്ഥിരതയുണ്ടെന്ന പണ്ഡിതന്മാരുടെ വാദത്തെ പിന്തുണയ്ക്കുന്നു. തീവ്രവാദത്തെപ്പറ്റി പഠിക്കുന്ന പ്രമുഖ ജേണലുകളില്‍ ഉപയോഗിച്ച ഭീകരതയുടെ നിര്‍വ്വചനങ്ങളെക്കുറിച്ചുള്ള വിശകലനത്തിലൂടെ അതിന് ഉപയോഗിച്ച പ്രധാന വിവരണങ്ങളില്‍ ‘അക്രമം,’, ‘ഭീഷണി (കള്‍)’, ‘രാഷ്ട്രീയ പ്രേരിത തന്ത്രങ്ങള്‍’, ‘ഭയം’, ‘സ്വാധീനം’, ‘ബലപ്രയോഗം’ തുടങ്ങിയവയുണ്ടെന്നു കണ്ടെത്തി (3).

ഇന്ത്യയും ഔദ്യോഗികമായി ഭീകരതയെ നിര്‍വ്വചിച്ചിട്ടില്ല. പൊതുവ, ഐക്യരാഷ്ട്ര സംഘടനയ്ക്കായി, തീവ്രവാദ പഠനങ്ങളില്‍ വിദഗ്ദ്ധരായ അലക്‌സ് സ്‌കിമിദും ആല്‍ബര്‍ട്ട് യോങ്മാനും അനേകം പണ്ഡിതന്മാരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു രൂപപ്പെടുത്തിയ വ്യാവഹാരിക നിര്‍വ്വചനം ഉപയോഗിക്കുകയാണ് നമ്മളും. ഇന്ത്യന്‍ സുപ്രീം കോടതിയും ഈ ഒരു നിലപാടാണ് പൊതുവേ സ്വീകരിച്ചുവരുന്നത്. ‘(അര്‍ദ്ധ) രഹസ്യസ്വഭാവമുള്ള ഒരു വ്യക്തിയോ സംഘമോ ഭരണകൂടമോ ആവര്‍ത്തിക്കുന്ന ഹിംസാത്മക പ്രവര്‍ത്തികളുടെ ഉത്ക്കണ്ഠാജനകമായ രീതിയാണു ഭീകരവാദം. വൈചിത്ര്യം നിറഞ്ഞതോ ക്രിമിനല്‍ സ്വഭാവമുള്ളതോ രാഷ്ട്രീയമോ ആയ കാരണങ്ങള്‍ ആയിരിക്കും അതിനു പിന്നില്‍. അതുകൊണ്ടുതന്നെ കൊലപാതകത്തില്‍ നിന്നു വ്യത്യസ്തമാകുന്ന അതിന്റെ നേരിട്ടുള്ള ലക്ഷ്യങ്ങള്‍ പ്രധാന ലക്ഷ്യങ്ങള്‍ ആയിരിക്കുകയില്ല. അതു ലക്ഷ്യമിടുന്ന ജനതയില്‍ നിന്നു ഹിംസയ്ക്കു പെട്ടെന്ന് ഇരകളാകേണ്ടവര്‍ യാദൃശ്ചികമായി തിരഞ്ഞെടുക്കപ്പെടുന്നു. ഈ ലക്ഷ്യം ഒരു സന്ദേശ ഉല്‍പാദകമായി വര്‍ത്തിക്കുന്നു. ഭീകരസംഘടനയും അതിന്റെ ഇരകളും അവരുടെ പ്രധാനലക്ഷ്യസ്ഥാനവും തമ്മിലുള്ള ഭീഷണിയെയും ഹിംസയെയും അടിസ്ഥാനമാക്കിയ വിനിമയപ്രക്രിയകള്‍ അവരുടെ പ്രധാന ലക്ഷ്യം നേടുന്നതിനുള്ള തന്ത്രമായിരിക്കും. ഭീഷണിയാണോ, ബലാത്ക്കാരമാണോ, പ്രചാരവേലയാണോ പ്രാഥമികമായി സ്വീകരിക്കുന്നത് എന്നതിനെ ആശ്രയിച്ചു ലക്ഷ്യസ്ഥാനം ഭീകരതയോ ഉപാധികളോ ശ്രദ്ധയോ ആകാം’ എന്നാണാ നിര്‍വ്വചനം. ഇന്ത്യ പൊതുവേ വ്യാവഹാരിക തലത്തില്‍ വംശീയ ദേശീയതയുമായി ബന്ധപ്പെട്ട തീവ്രവാദം, മതാത്മക തീവ്രവാദം, ഇടതുപക്ഷ തീവ്രവാദം, നാര്‍ക്കോ സെന്‍ട്രിക് തീവ്രവാദം എന്നിങ്ങനെയാണു ഭീകരതയെ തരംതിരിച്ചിരിക്കുന്നത് (2).

തീവ്രവാദത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക അന്തരീക്ഷം കണക്കിലെടുക്കുമ്പോള്‍, ഇന്ത്യയുടെ വൈവിധ്യം പരിഗണിക്കണം. ഇന്ത്യയില്‍ അഭ്യന്തരവും ആഗോള ബന്ധമുള്ളതുമായ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ആഭ്യന്തര രാഷ്ട്രീയ ഭീകരത കുറയുന്നതിന് പല രാജ്യങ്ങളും ഭീകരാക്രമണ പദ്ധതികള്‍ ശക്തമായ ഇന്റലിജന്‍സ് സംവിധാനങ്ങളിലൂടെ വിവര ശേഖരണത്തിലൂടെ മുന്‍കൂട്ടി കണ്ടെത്തി ഒഴിവാക്കാറുണ്ട്, അഭ്യന്തരമായ പ്രതിരോധ സംവിധാനങ്ങളും, തക്കസമയത്തുള്ള തിരിച്ചടിയും പ്രധാനമാണ്. പക്ഷേ ഇവ ശാശ്വതമായ സമാധാനം നല്കില്ല. പ്രത്യേകമായ മനുഷ്യാവകാശ ബോധ്യങ്ങളും സ്വയം നിര്‍ണ്ണയാവകാശങ്ങളുമൊക്കെയാണ് ഭീകരതയെ പരിപോഷിപ്പിക്കുന്നതെങ്കില്‍ രാഷ്ട്രീയ പരിഹാരം മാത്രമേ സാധ്യമാകൂ. അന്തര്‍ദേശീയ ഭീകരത, തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ അവ്യക്തമായ ഉടമസ്ഥാവകാശം മൂലം അതിന്റെ പാപഭാരം പലപ്പോഴും തെറ്റായി നിഷ്‌കളങ്കരില്‍ ആരോപിക്കപ്പെടാം എന്നതും തീവ്രവാദ ത്തെ കുറിച്ചുള്ള പഠനത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.

ഭീകരതയുടെ പശ്ചാത്തലം വിശദീകരിക്കാനുള്ള ഏതൊരു ശ്രമത്തിലും തീവ്രമായ അക്രമപ്രവര്‍ത്തനങ്ങളും ബന്ധപ്പെട്ട സംഭവങ്ങളും അവതരിപ്പിക്കുന്ന രീതികള്‍ പ്രത്യേകം പരിഗണിക്കണം. അക്രമണത്തിന്റെയും ഭീകരതയുടെയും ഈ സംഭവങ്ങള്‍ പരിശോധിക്കുന്നതു തീവ്രവാദത്തിന്റെ ഇരകളുടെ പ്രശ്‌നങ്ങളെക്കുറിച്ചു കൂടുതല്‍ സമഗ്രമായ വിശകലനത്തിനു സഹായകരമാണ്. തീവ്രവാദികള്‍ ഇരകളെ പൊതുസമൂഹത്തില്‍ നിന്നു പൊതുവായി തിരഞ്ഞെടുക്കുന്നതുകൊണ്ട് അവരും തീവ്രവാദികളുമായി നേരിട്ടു ബന്ധപ്പെടുത്തുന്ന വിഷയങ്ങള്‍ കുറവായിരിക്കാം എന്നതു സവിശേഷമായി ശ്രദ്ധിക്കേണ്ടതാണ്.

തീവ്രവാദ പ്രവര്‍ത്തനങ്ങളും ഇതര ആക്രമണങ്ങളും മിക്കപ്പോഴും ഇതര മനുഷ്യവിദ്വേഷത്താല്‍ പ്രചോദിതമാണ്. തീവ്രവാദം, വംശഹത്യ, കൂട്ടക്കൊല തുടങ്ങിയ ആക്രമണപ്രവര്‍ത്തനങ്ങളുടെ നിര്‍ണ്ണായക ചാലകശക്തി അന്യമനുഷ്യനോടുള്ള വെറുപ്പും വിദ്വേഷവുമാണ്. പ്രത്യേക ഗ്രൂപ്പുകളെക്കുറിച്ചുള്ള വ്യക്തിപരവും സാമൂഹികവുമായ മുന്‍വിധികള്‍ അവര്‍ക്കെതിരായ തീവ്രവാദ അതിക്രമങ്ങള്‍ക്ക് ആക്കംകൂട്ടാം. വംശീയവും ലൈംഗികവുമായ പ്രത്യയശാസ്ത്രങ്ങളും പലപ്പോഴും ഭീകരതയെ പ്രോത്സാഹിപ്പിക്കാറുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളും തീവ്രവാദേതര ആക്രമണ പ്രവര്‍ത്തനങ്ങളും പങ്കിടുന്ന രണ്ടാമത്തെ കാര്യം, അവ പലപ്പോഴും പ്രത്യേക പ്രത്യയശാസ്ത്രങ്ങളാല്‍ പ്രചോദിപ്പിക്കപ്പെടുന്നു എന്നതാണ്. തീവ്രവാദ പ്രേരണയില്‍ പ്രത്യയശാസ്ത്രം വഹിക്കുന്ന പങ്കു പണ്ഡിതന്മാര്‍ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട്. മതപരമായോ രാഷ്ട്രീയപരമായോ ആയ പ്രത്യയശാസ്ത്രങ്ങള്‍, തീവ്രവാദത്തിന്റെ കേന്ദ്ര ഘടകങ്ങളാണ്. അതു തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഉപയോഗിക്കാം.

തീവ്രവാദത്തിന്റെ ഇരകളെക്കുറിച്ചു ചിന്തിക്കുമ്പോള്‍, അവര്‍ അനുഭവിക്കുന്ന ബഹുമുഖ പ്രശ്‌നങ്ങള്‍ പരിഗണിക്കണം. അവര്‍ പ്രത്യക്ഷമോ പരോക്ഷമോ സാമൂഹികമായോ ഒക്കെ ഇരകളാക്കപ്പെടാം. തീവ്രവാദത്തിലൂടെ ഇരകളാക്കുന്നത് നേരിട്ടുള്ളതോ ദ്വിതീയമോ, സാമൂഹികമോ ആയ തലങ്ങളില്‍ അനുഭവപ്പെടാം, ഇതനുസരിച്ച് ഇരകളാക്കലിന്റെ വ്യാപ്തിയിലും തരത്തിലും വ്യത്യാസമുണ്ടാകാം. തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഫലമായി ഏതെങ്കിലും തരത്തിലുണ്ടായ നേരിട്ടുള്ള പരിക്ക്, വൈകാരിക ദ്രോഹം അല്ലെങ്കില്‍ കഷ്ടത എന്നിവ അനുഭവിക്കുന്ന വ്യക്തികളെ സൂചിപ്പിക്കാന്‍ ‘ഇര’ എന്ന പദം ഉപയോഗിക്കാമെങ്കിലും, പ്രത്യക്ഷ ദുരിതമനുഭവിക്കാത്തവരെ പരോക്ഷ ഇരകള്‍ എന്നാണ് ഇന്നു സാമൂഹിക ശാസ്ത്രം വിളിക്കുക. തീവ്രവാദികളുടെ നേരിട്ടുള്ള ലക്ഷ്യങ്ങളല്ലെങ്കിലും ആക്രമണത്തെത്തുടര്‍ന്ന് അനുഭവിക്കുന്ന ഭയം, ഉത്കണ്ഠ, മറ്റ് അനുബന്ധ സമ്മര്‍ദ്ദങ്ങള്‍ തുടങ്ങിയവയുടെ ശക്തമായ ആധിയിലായിരിക്കും ഇവരുടെ ജീവിതം. അതായത്, ഇത്തരം ആളുകള്‍ ബഹുഭൂരിപക്ഷവും പൊതുജനങ്ങള്‍ ആയിരിക്കും. പരോക്ഷ ഇരകളുടെയും കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ക്കൊപ്പം പൊതുജനങ്ങളുടെ ആവശ്യങ്ങളും പ്രതിസന്ധികളും പരിഗണിച്ചു മാത്രമേ തീവ്രവാദത്തെക്കുറിച്ചുള്ള സമഗ്ര പഠനം സാധ്യമാകൂ എന്നാണ് ഇന്നത്തെ ചിന്ത. പൊതുസമൂഹത്തെ നിരന്തരം ഭയപ്പാടില്‍ നിറുത്തുന്ന ഗവണ്‍മെന്റുകളും രാഷ്ട്രീയ സാമൂഹിക നേതൃത്വവും ഇതില്‍ പ്രധാനമാണ്.

മെമോറിയലുകളെക്കുറിച്ചു മുകളില്‍ ചെറിയ സൂചനയുണ്ട്. അവ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സാമൂഹിക വീക്ഷണവും വിശദമായി പഠിക്കേണ്ടതാണ്. ഭീകരതയുടെ ഇരകളുടെ ജീവിതം മനസ്സിലാക്കാനും അവരുടെ ത്യാഗത്തെ ആദരിക്കാനുമുള്ള ഒരു പ്രധാന വഴി എന്ന നിലയില്‍, ‘മെമോറിയലൈസേഷന്‍’ സംബന്ധിച്ച പഠനവും പ്രധാനമാണ്.. ‘ഭീകരത’ എന്ന പദം പോലെ, ‘മെമോറിയല്‍’ എന്ന വാക്കും അവ ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളെ ആശ്രയിച്ചു വ്യത്യസ്ത വ്യാഖ്യാനങ്ങള്‍ക്കും നിര്‍വ്വചനങ്ങള്‍ക്കും സാധ്യത നല്കുന്നു. എന്നാലും, ഒരു ‘മെമോറിയല്‍’ എന്ന ആശയവുമായി ബന്ധപ്പെട്ടു ചില പൊതുവായ സവിശേഷതകള്‍ ഉണ്ട്. അതായത്, സാമൂഹികവും വ്യക്തിപരവുമായ ജീവിതത്തില്‍ പ്രാധാന്യമുള്ള പ്രത്യേക വ്യക്തിളെയും സംഭവങ്ങളെയും ബഹുമാനിക്കാനും ഓര്‍മ്മിക്കാനും ദുഖകരമാണെങ്കില്‍ അവയെപ്പറ്റി വിലപിക്കാനും ഒക്കെയായി രൂപകല്‍പ്പന ചെയ്ത ഒരു ഇടം, മേഖല, ഭൗതിക സ്മാരകം, പ്രവര്‍ത്തനരീതി, സാമൂഹിക ആചാരം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ജപ്പാനിലെ അണുബോംബാക്രമണ സ്മരണ നിലനിര്‍ത്തുന്ന വാര്‍ഷികാചരണവും സ്മാരകങ്ങളും മെമോറിയലുകളുടെ ഒരു ശ്രേഷ്ഠ മാതൃകയാണ്.
പൊതുവേ, മെമോറിയലിങ് ഒരു സങ്കീര്‍ണ്ണ പ്രക്രിയയാണ്. അതില്‍ നിരവധി സാമൂഹിക താല്‍പര്യങ്ങളും പ്രശ്‌നങ്ങളുമൊക്കെ ഉള്‍ക്കൊള്ളുന്നു. ഈ പ്രക്രിയയില്‍ ഒന്നിലധികം പങ്കാളികളുടെ സാന്നിധ്യം അതിന്റെ മൊത്തത്തിലുള്ള സങ്കീര്‍ണ്ണതയ്ക്കു കാരണമാകുന്നതായി ഗവേഷണങ്ങള്‍ കാണിക്കുന്നു. ഈ പ്രക്രിയയിലെ പൊതുവായ പങ്കാളികളില്‍ ഇരകളും ഇരകളുടെ കുടുംബങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടുന്നു; കമ്മ്യൂണിറ്റി, മത ഗ്രൂപ്പുകള്‍, ഓര്‍ഗനൈസേഷനുകള്‍, അസോസിയേഷനുകള്‍; നഗരത്തിലെ ഉദ്യോഗസ്ഥര്‍, സിറ്റി പ്ലാനര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പബ്ലിക് ഏജന്റുമാര്‍ – ഓരോരുത്തരും തങ്ങളുടെ താല്‍പര്യങ്ങള്‍ അനുസരിച്ചു സ്മാരകങ്ങളുടെ നിര്‍മ്മാണം നിയന്ത്രിക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നു. ഇതു പലപ്പോഴും മെമോറിയലുകള്‍ പ്രതിനിധാനം ചെയ്യേണ്ട മാനവികമൂല്ല്യം ചോര്‍ത്തുന്നുമുണ്ട്.

മെമോറിയലൈസേഷനെ സംബന്ധിച്ചിടത്തോളം എവിടെയാണ് അവ നിര്‍മ്മിക്കേണ്ടതെന്നതാണു പരിഗണിക്കേണ്ട മറ്റൊരു പ്രധാന കാര്യം. വേറൊന്നു സ്മാരക രൂപീകരണ പ്രക്രിയയ്ക്കിടയിലും അതിനുശേഷവും ആഖ്യാനങ്ങള്‍ അവതരിപ്പിക്കുന്ന രീതികളാണ്. അവ മെമോറിയലുകളില്‍ അന്തര്‍ലീനമായ മൂല്ല്യങ്ങളെ പ്രതിനിധീകരിക്കുന്ന വ്യാഖ്യാനങ്ങളാണെന്നു ഗവേഷണങ്ങള്‍ കാണിക്കുന്നു. ഇവിടെ, മെമോറിയലുകള്‍ തീവ്രവാദ സംഭവങ്ങളെക്കുറിച്ചും അവയുടെ ദുരന്തങ്ങള്‍ പേറിയ സമൂഹങ്ങളെക്കുറിച്ചും വ്യക്തവമായ സന്ദേശങ്ങള്‍ നല്കുന്നു. ഇരകളുടെ വിവരങ്ങള്‍, അവരുടെ രാഷ്ട്രീയം, യുദ്ധം, വംശഹത്യ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പൊതുവായ വിവരണങ്ങളില്‍ പലതും കാണുക. ആക്രമണത്തിന്റെ പ്രചോദകഘടകങ്ങളുടെ സ്വഭാവവും ഇരകളുടെ മെമോറിയലിന്റെ രൂപം നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമാണ്. ആക്രമണം വിദേശത്തോ സ്വദേശത്തോ എന്നതും പ്രധാനമാണ്. പൗരന്മാരാണോ വിദേശികളാണോ ആക്രമണത്തിനു വിധേയരായതെന്നും പരിഗണിക്കാറുണ്ട്. തീവ്രവാദ സംഭവങ്ങളുടെ സ്മാരകവുമായി ബന്ധപ്പെട്ടു വികസിച്ച അക്കാദമികവും അക്കാദമികേതരവുമായ സാഹിത്യങ്ങളുടെ ഒരു പരിശോധനയിലൂടെ, ഇരകളെ സ്മരിക്കാനുള്ള പല പൊതുവായ മാര്‍ഗ്ഗങ്ങളുമുണ്ടെന്നു മനസ്സിലാക്കാം. ഫിസിക്കല്‍ മെമോറിയലുകള്‍, അനുസ്മരണ ദിനങ്ങള്‍, സ്വമേധയാ ഉള്ള സ്മാരകങ്ങള്‍, ഗവണ്‍മെന്റിന്റെ പ്രസ്താവനകള്‍ പ്രതികരണങ്ങള്‍ തുടങ്ങിയവയാണ് അതില്‍ പ്രധാനം.

ഫിസിക്കല്‍ മെമോറിയലുകള്‍ :-

ഇരകളുടെ അനുസ്മരണത്തിനുള്ള സര്‍വ്വസാധാരണ രൂപമാണു ഫിസിക്കല്‍ മെമോറിയലുകള്‍. ഭീകരതയുടെ ഇരകളെ ആദരിക്കുന്നതിനുള്ള ഉപാധിയായി ഇവ പരിഗണിക്കുമ്പോള്‍ പരിഹരിക്കേണ്ട നിരവധി പ്രശ്‌നങ്ങളുണ്ട്. ഇവയില്‍ പലതും സാമൂഹിക ശാസ്ത്രജ്ഞരുടെ സൃഷ്ടികളാണ്. ഉദാഹരണത്തിന്, സാമൂഹിക പ്രക്രിയകളാല്‍ വളരെയധികം സ്വാധീനിക്കപ്പെടുന്ന ഇടങ്ങളായാണു പൊതുവേ സ്ഥലത്തെ സാമൂഹിക ശാസ്ത്രജ്ഞര്‍ കാണുക. അത്തരം പ്രക്രിയകളാല്‍, സ്ഥലങ്ങളും സമൂഹം ‘അടിച്ചേല്പിക്കുന്ന’ വീക്ഷണങ്ങള്‍ക്കു വിധേയമാവുകയും അതിലൂടെ നവീനമായ സാമൂഹിക അര്‍ത്ഥം മെമോറിയല്‍ ഉല്‍പാദിപ്പിക്കുകയും ചെയ്യും. ഭീകരതയുടെ ഇരകള്‍ക്കായുള്ള സ്മാരക നിര്‍മ്മിതിയില്‍ അവയ്ക്കായി നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളുടെ തിരഞ്ഞെടുപ്പില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നതാണ് ഇതു വ്യക്തമാക്കുക. എന്നാല്‍ മാത്രമാണ് അവയ്ക്കു കൃത്യമായ സന്ദേശം സമൂഹത്തിനേകാന്‍ സാധിക്കൂ. അമേരിക്കന്‍ ഐക്യനാടുകളില്‍, പാന്‍ ആം ഫ്‌ലൈറ്റ് 103 ന്റെ ഇരകള്‍ക്കായുള്ള ആര്‍ലിംഗ്ടണ്‍ കെയ്ന്‍ മെമോറിയല്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥാനനിര്‍ണ്ണായത്തിലെ വെല്ലുവിളികള്‍ ഉദാഹരണമാണ്. അമേരിക്കന്‍ യുദ്ധവിദഗ്ദ്ധരുടെ ശ്മശാനമായ ആര്‍ലിംഗ്ടണ്‍ നാഷണല്‍ സെമിത്തേരിയില്‍ പ്രസ്തുത സ്മാരകം പണിയണമെന്ന ഇരകളുടെ കുടുംബാംഗങ്ങളുടെ അഭ്യര്‍ത്ഥനയാണു കെയ്‌നിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനു കാരണമായത്. ആദ്യം ആവശ്യത്തോടു മുഖം തിരിച്ച യുഎസ് കോണ്‍ഗ്രസ്, കുടുംബാംഗങ്ങളുടെ വൈകാരിക അഭ്യര്‍ത്ഥന മാനിച്ചു, പിന്നീടു സൈനിക സെമിത്തേരിയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ സമ്മതിച്ചു.

ഒരു സ്മാരകത്തിന്റെ രൂപീകരണ പ്രക്രിയയില്‍ ഇടപെടുന്ന വ്യത്യസ്ത താല്‍പര്യക്കാര്‍ക്കിടയില്‍ പല തര്‍ക്കങ്ങളും ഉണ്ടാകാം. വേള്‍ഡ് ട്രേഡ് സെന്റര്‍ (ഡബ്ല്യുടിസി) 9/11 മെമോറിയല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തര്‍ക്കം മറ്റൊരു ഉദാഹരണമാണ്. ഡബ്ല്യുടിസി യുണൈറ്റഡ് ഫാമിലി ഗ്രൂപ്പും ലോവര്‍ മാന്‍ഹട്ടന്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും (എല്‍എംഡിസി) തമ്മിലായിരുന്നു തര്‍ക്കം. ഇരകളുടെ മൃതാവശിഷ്ടങ്ങളില്‍ വലിയൊരു ഭാഗം കണ്ടെടുത്ത പ്രദേശത്തൊരു വാണിജ്യ കേന്ദ്രം പണിയാനുള്ള എല്‍എംഡിസിയുടെ നിര്‍ദ്ദേശം സ്മാരക നിര്‍മ്മാണ പ്രക്രിയയില്‍ ഒരു പ്രധാന പ്രശ്‌നമായിരുന്നു. ഇരകളുടെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, മനുഷ്യാവശിഷ്ടങ്ങള്‍ വീണ്ടെടുക്കപ്പെട്ടതും തുടര്‍ന്നും കാണാന്‍ സാധ്യതയുള്ളതുമായ പ്രദേശം വാണിജ്യ സംരംഭത്തിനു മാറ്റുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലായിരുന്നു. ഈ പ്രദേശത്തു ബിസിനസ്സ് കേന്ദ്രം പണിയുന്നതില്‍ നിന്നുള്ള സംരക്ഷണത്തിനു രാഷ്ട്രീയക്കാരുടെ സഹായത്തോടെ ഡബ്ല്യുടിസി യുണൈറ്റഡ് ഫാമിലി ഗ്രൂപ്പ് നിയമനിര്‍മ്മാണം നടത്തി. തത്ഫലമായി, എല്‍എംഡിസി നിര്‍ദ്ദേശിച്ച പദ്ധതികള്‍ പിന്നീട് ഉപേക്ഷിച്ചു. ഒരു സ്മാരക സ്ഥലം തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിക്കാവുന്ന വിവിധങ്ങളും മത്സരപരവുമായ ലക്ഷ്യങ്ങള്‍ തിരിച്ചറിയുകയും യുക്തമായ വിധംപരിഗണിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം വ്യക്തമാക്കുന്നു.

മെമോറിയല്‍ നിര്‍മ്മാണത്തില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന ഘടകം നിര്‍മ്മാണ സമയമാണ്. പ്രത്യേക സ്മാരക പദ്ധതികളുടെ സമയപരിധി ഇരകള്‍ക്ക് മാത്രമല്ല, സമൂഹത്തിനും വളരെ പ്രധാനമാണ്. അതിന്റെ നിര്‍മ്മാണ, പരിപാലന ചെലവുകള്‍, പ്രവേശനക്ഷമത മുതലായവയും പരിഗണിക്കേണ്ട പ്രധാന ഘടകങ്ങളാണ്. കൂടാതെ, കാര്യക്ഷമമായ പരിപാലനത്തിനു സന്നദ്ധരായവരുടെ ലഭ്യത, അതിന്റെ പരിസരത്തു ചിത്രീകരിക്കുന്ന വിവരങ്ങളുടെ കൃത്യത തുടങ്ങിയവ വ്യക്തമാകുന്നത് തീവ്രവാദത്തിന്റെ ഇരകള്‍ക്കായൊരു ഫിസിക്കല്‍ മെമോറിയല്‍ സ്ഥാപിക്കുന്നതിനുള്ള ഏതൊരു ശ്രമവും വളരെ സങ്കീര്‍ണ്ണമാണെന്നാണ്.

ഭൗതിക സ്മാരകങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഒരു സ്മാരകത്തിന്റെ ‘സാംസ്‌കാരിക ജീവിതം’ ശാരീരിക രൂപം പോലലെതന്നെ പ്രധാനമാണ്. മെമോറിയലുകളുടെ സാംസ്‌കാരിക ജീവിതം സംരക്ഷിക്കുന്നതിനു മാധ്യമ ഇടപെടലിലൂടെയും മനുഷ്യ ഇടപെടലിലൂടെയും അവയില്‍ വീണ്ടും ‘നിക്ഷേപം’ നടത്താനുള്ള ജനങ്ങളുടെ സന്നദ്ധത അത്യാവശ്യമാണ്. അതുപോലെ, സ്മാരകത്തില്‍ സജീവ പങ്കുവഹിക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങളുടെ ആസൂത്രണവും നിര്‍ണ്ണായകമാണ്. അതായത്, സ്മാരക സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ പൗരന്മാരെ പ്രോത്സാഹിപ്പിക്കണം. അവസാനമായി, സ്മാരകങ്ങളും അവയോടു ബന്ധപ്പെട്ട മറ്റു ഘടകങ്ങളും പ്രസരിപ്പിക്കുന്ന സ്പഷ്ടവും വ്യക്തവുമായ അര്‍ത്ഥങ്ങള്‍ക്കു ശ്രദ്ധാപൂര്‍വ്വം പരിഗണന നല്‌ക്കേണ്ടതുണ്ട്. പ്രത്യേക വിവരണങ്ങള്‍ സ്മാരകങ്ങള്‍ രൂപപ്പെടുത്തുന്ന രീതികളും സ്മാരക പ്രക്രിയയില്‍ അന്തര്‍ലീനമായ ലക്ഷ്യങ്ങള്‍ക്കു മുന്‍ഗണന നല്കുന്ന രീതികളും ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ, പ്രദര്‍ശിപ്പിക്കുന്ന വിവരണങ്ങളുടെ യുക്തിസഹമല്ലാത്ത വിന്യാസം തങ്ങളുടെ പ്രിയരായ ഇരകളെയും കുടുംബങ്ങളെയും അനുസ്മരിക്കാനെത്തുന്നവരുടെ ശബ്ദത്തെ മറച്ചുവെച്ചേക്കാം എന്നതും ശ്രദ്ധിക്കണം.

സ്വമേധയാ ഉള്ള സ്മാരകങ്ങള്‍ :-

സ്വമേധയാ രൂപീകരിക്കുന്ന സ്മാരകങ്ങള്‍ മെമോറിയലിന്റെ ഒരു പ്രധാനരൂപമാണ്. നിര്‍വ്വചനം സ്വയം വിശദീകരിക്കുന്നതായി തോന്നാമെങ്കിലും, ‘സ്വമേധയാ ഉള്ള സ്മാരകം’ എന്ന പ്രയോഗം തെറ്റിദ്ധാരണപരത്തുമെന്നു സാമൂഹിക ചിന്തകര്‍ പറയുന്നു. സ്വതസിദ്ധമായ സ്മാരകങ്ങള്‍ പൊതുവേ, വിലാപത്തിന്റെ ആസൂത്രിത രൂപങ്ങളാണ്. അപ്രതീക്ഷിത ദുരന്തത്തോടു പെട്ടെന്നുള്ള സാമൂഹിക പ്രതികരണമായ അവയുടെ രൂപീകരണത്തില്‍ സ്വാഭാവികതയുണ്ട്. അവ പലപ്പോഴും പലവിധത്തില്‍ രൂപമെടുക്കും. ഉദാഹരണത്തിന്, ചിലപ്പോള്‍ അവ റോഡരികിലെ സ്മാരകങ്ങള്‍, സ്മാരകഭിത്തികള്‍ അല്ലെങ്കില്‍ പൊതുവാരാധനാലയങ്ങള്‍ തുടങ്ങിയവയുടെ മാതൃകയിലാകാം. ഗവേഷകരുടെ അഭിപ്രായത്തില്‍, സ്വയമേവയുള്ള സ്മാരകങ്ങള്‍ നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നു. ആദ്യം, ദാരുണമായ സംഭവങ്ങളുടെ ഇരകളെ സ്മരിക്കുന്നതിന് അവ സഹായിക്കും. രണ്ടാമത്, സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള സാധ്യത അവ ആളുകള്‍ക്കു നല്കുന്നു, അത് അവരെ രാഷ്ട്രീയവത്ക്കരിക്കും. ഗവണ്‍മെന്റുകളുടെ നയങ്ങളെക്കുറിച്ചു പൗരന്മാരുടെ വ്യാഖ്യാനം അവയിലൂടെ അവതരിപ്പിക്കാമെന്നതിനാല്‍ സ്വതസിദ്ധമായ മെമോറിയലുകള്‍ സൂക്ഷ്മരാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നു. ഈ സ്മാരകങ്ങളോടുള്ള സര്‍ക്കാര്‍ പ്രതികരണങ്ങള്‍ പൊതുമണ്ഡലത്തിന്മേലുള്ള സര്‍ക്കാര്‍ അധികാരത്തിന്റെ അടയാളമായി പ്രവര്‍ത്തിക്കും. പൊതുവായ ആശങ്കകളുടെ സ്വതസിദ്ധമായ പ്രകാശനം ഇവയില്‍ മിക്കപ്പോഴും കാണാം. ഇത്തരം മെമോറിയലുകളുടെ രൂപീകരണ പ്രക്രിയയിലെ ശ്രദ്ധ പലപ്പോഴും മെമോറിയല്‍ പ്രതിനിധീകരിക്കുന്ന ഭീകര പ്രവര്‍ത്തിയോടുള്ള സര്‍ക്കാര്‍ നടപടിയുടെയോ നിഷ്‌ക്രിയത്വത്തിന്റെയോ വിമര്‍ശനത്തിലാണ്. സ്വതസിദ്ധമായ സ്മാരകങ്ങളുടെ പ്രായോഗികവും സാമൂഹികവും രാഷ്ട്രീയവുമായ വശങ്ങള്‍ വിവരിക്കുന്ന അന്താരാഷ്ട്ര മാതൃകകള്‍ അവയുടെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് ഉള്‍ക്കാഴ്ച നല്കുന്നു.

സെപ്റ്റംബര്‍ 11 ആക്രമണത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍, ആക്രമണം നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍, പെന്റഗണ്‍ കെട്ടിടം എന്നിവയ്ക്കു ചുറ്റുമുള്ള പ്രദേശങ്ങള്‍ ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങളായി മാറിയതു സ്വമേധയാ ഉള്ളവാകുന്ന മെമോറിയലിനുള്ള ഉദാഹരണമാണ്. ഈ സ്ഥലങ്ങളില്‍ ആളുകള്‍ വസ്തുക്കള്‍ നിക്ഷേപിക്കുകയും ഇരകള്‍ക്കായി വിവിധ ആചാരങ്ങള്‍ നടത്തുകയും ചെയ്തു. ഇവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വ്യക്തിഗത വസ്തുക്കളില്‍ ഫോട്ടോകളും ചിത്രങ്ങളുമൊക്കെ ഉള്‍പ്പെട്ടു. കൂടാതെ, വ്യക്തിപരമല്ലാത്തവയില്‍ പുഷ്പങ്ങള്‍, ടെഡിബിയറുകള്‍, മെഴുകുതിരികള്‍ എന്നിവ ഉണ്ടായിരുന്നു. മുമ്പു നിര്‍മ്മിച്ച ദേശീയ സ്മാരകങ്ങളെ ചുറ്റിപ്പറ്റിയുള്ള കവിതകളും അഭിപ്രായങ്ങളും ഉപയോഗിച്ച് അവിടം അലങ്കരിച്ചിരുന്നു. മുംബൈ ഭീകരാക്രമണ ഇരകളെ അനുസ്മരിക്കാന്‍ പൗരന്മാര്‍ ഒത്തുചേര്‍ന്നതും ഇത്തരം മെമോറിയലിനുള്ള ഉദാഹരണമാണ്. ആരാലും നിര്‍ബന്ധിക്കപ്പെടാതെ രൂപീകരിക്കുന്നതിനാല്‍ ഇതു ജനമനസ്സിന്റെ സ്വാഭാവിക പ്രകാശനമാണ്. അതിനാലിവ ഇരകളോടുള്ള ജനതയുടെ സ്‌നേഹത്തിന്റെ ശക്തമായ തെളിവാണ്. എന്നാലും, സ്വമേധയാ രുപീകരിക്കപ്പെടുന്ന സ്മാരകങ്ങള്‍ പല പ്രശ്‌നങ്ങളും സൃഷ്ടിക്കാം. റോഡപകടങ്ങള്‍, പരിസരവാസികള്‍ക്കു പ്രശ്‌നങ്ങള്‍, പരിപാലനത്തിനുള്ള ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. രാഷ്ട്രത്തിന് ഔദ്യോഗികമായി മെമോറിയലുകള്‍ ഉണ്ടാക്കാനുള്ള പ്രചോദനവും ഇതു നല്കാം. ജനാധിപത്യ പ്രവര്‍ത്തനത്തിന്റെ ഒരു രൂപമെന്ന നിലയില്‍, സ്വമേധയാ ഉള്ള സ്മാരകങ്ങള്‍ നല്കുന്ന പ്രധാന വ്യക്തിഗത പ്രതികരണങ്ങളും പൊതു വ്യാഖ്യാനങ്ങളും സ്മാരക പ്രക്രിയയില്‍ പരിഗണിക്കേണ്ടതാണ്. സമൂഹത്തില്‍ ശാന്തിയെ പ്രോത്സാഹിപ്പിക്കുന്നതിനിടയില്‍ ഇരകളെ ബഹുമാനിക്കുന്നതിനാണ് ദേശീയ സ്മാരകങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍, ദേശീയ സ്മാരകങ്ങളിലൂടെ പ്രതിഫലിപ്പിക്കാന്‍ പൗരന്മാര്‍ ആഗ്രഹിക്കുന്ന ചില വികാരങ്ങള്‍ തിരിച്ചറിയാന്‍ സ്വമേധയാ ഉള്ള സ്മാരകങ്ങള്‍ സഹിയിക്കും. ഇവയുടെ സംരക്ഷണവും പരിപാലനവും സവിശേഷമായി പരിഗണിക്കേണ്ടതാണ്. ഇതിനു കൃത്യമായ ഒരു നയം ഉണ്ടാക്കേണ്ടതുമാണ്.

അനുസ്മരണ ദിനങ്ങള്‍ :-

ഭൗതിക സ്മാരകങ്ങള്‍ക്കു സമാനമായി, ഭീകരതയുടെ ഇരകളെ അനുസ്മരിക്കുന്നതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ് അനുസ്മരണ ദിനങ്ങള്‍. പൊതുവേ, ഓര്‍മപ്പെടുത്തല്‍ ദിവസങ്ങള്‍, സംഭവങ്ങളുടെ പ്രത്യേക വ്യാഖ്യാനങ്ങളിലൂടെ ഇരകളെ ആദരിക്കുന്ന വിധവും ഭീകരത മാനവികതയ്‌ക്കെതിരാണെന്ന സന്ദേശം ഉറപ്പിക്കുന്ന വിധവുമുള്ള ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അതു സമാന സംഭവങ്ങളെയോ പ്രശ്‌നങ്ങളെയോ സംബന്ധിച്ച സാമൂഹിക ചിന്തകളെ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്യും. കാനഡയിലെ അനുസ്മരണ ദിനമാണ് ഇതിന്റെ ശ്രദ്ധേയമായൊരു ഉദാഹരണം. എയര്‍ ഇന്ത്യ ബോംബാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തില്‍, പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍, ജൂണ്‍ 23 തീവ്രവാദത്തിന്റെ ഇരകളുടെ സ്മരണയ്ക്കുള്ള ഔദ്യോഗികദിനമായി പ്രഖ്യാപിച്ചു. യൂറോപ്യന്‍ യൂണിയനില്‍, മാര്‍ച്ച് 11 തീവ്രവാദത്തിന്റെ ഇരകളുടെ സ്മരണയ്ക്കുള്ള ദേശീയദിനമായി ആചരിക്കുന്നു. തീവ്രവാദത്തിന്റെ ഇരകള്‍ക്കായുള്ള യൂറോപ്യന്‍ ദിനം എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ ദിവസം സൃഷ്ടിച്ചതിന്റെ പ്രധാനപ്രേരണ 192 പേര്‍ കൊല്ലപ്പെടുകയും 1500 പേര്‍ക്കു പരിക്കേല്ക്കുകയും ചെയ്ത 2004 മാര്‍ച്ച് 11 മാഡ്രിഡ് ട്രെയിന്‍ ബോംബാക്രമണമായിരുന്നു, യുഎസില്‍ പ്രധാന ഭീകര സംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു ‘ഔദ്യോഗിക’ ദേശീയ ദിനം ഇല്ല. പക്ഷേ, ലോകവ്യാപാരകേന്ദ്രത്തിലെ ആക്രമണം നടന്ന സെപ്റ്റംബര്‍ 11 ന് എല്ലാ വര്‍ഷവും രാജ്യത്തുടനീളം ഓര്‍മ്മ പുതുക്കാറുണ്ട്.

അനുസ്മരണ ദിനങ്ങള്‍ ഇരകളുടെ ത്യാഗത്തെ രാഷ്ട്രത്തിന്റേ ഓര്‍മ്മയില്‍ നിലനിര്‍ത്താനും ഭീകരതയ്‌ക്കെതിരായ ചെറുത്തുനില്പിനു പ്രചോദനമേകാനും സഹായിക്കും. എങ്കിലും, ഭീകരവാദികളുടെ മത, വംശ, രാഷ്ട്രീയ വിശ്വാസങ്ങളില്‍പ്പെട്ട നിരപരാധികളെ കുറ്റാരോപിതരാക്കാനും ഇതിലൂടെ സാധ്യതയുണ്ട്. സമൂഹിക വൈവിധ്യം മൂലം ഭീകരാക്രമണ സംഭവങ്ങളെക്കുറിച്ചുള്ള വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ക്കും അര്‍ത്ഥങ്ങള്‍ക്കുമുള്ള സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍, പ്രത്യേക ഓര്‍മ്മദിനങ്ങള്‍ സ്ഥാപിക്കുന്നതു സമൂഹത്തിനു ചില വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. ഇന്ത്യയെ സംബന്ധിച്ച് ഈ വസ്തുത വളരെ പ്രസക്തമാണ്. ഏതു സാമൂഹിക വിഷയത്തിലും ഉന്നതമായ മനുഷ്യാവകാശ മൂല്യങ്ങള്‍ക്കു പകരം വര്‍ഗ്ഗീയതയുടെയും അപര മനുഷ്യവിദ്വേഷത്തിന്റെയും സാധ്യതകള്‍ ആരായുന്ന ഇന്നത്തെ ഇന്ത്യന്‍ സമൂഹത്തില്‍ സ്‌നേഹത്തിന്റയും സാഹോദര്യത്തിന്റെയും ഭരണഘടനാ തത്വങ്ങള്‍ വികസിപ്പിക്കുന്ന രീതിയില്‍ ഭീകരവാദത്തിന്റെ ഇരകളെ ഓര്‍മ്മിക്കുന്ന അനുസ്മരണദിനങ്ങള്‍ രൂപീകരിക്കുക എന്നത് നാം ഏറ്റെടുക്കേണ്ടൊരു രാഷ്ട്രീയ വെല്ലുവിളിയാണ്.

ഗവണ്‍മെന്റിന്റെ പ്രതികരണങ്ങള്‍, പ്രസ്താവനകള്‍ :-

തീവ്രവാദ ആക്രമണങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ പ്രതികരണങ്ങളും പ്രസ്താവനകളും മെമോറിയല്‍ ആയി ഇന്ന് അക്കാദമിക ലോകം അംഗീകരിച്ചിട്ടുണ്ട്. പ്രാഥമികമായി രാജ്യത്തെയും പൊതുസമൂഹത്തെയും പ്രതിനിധീകരിച്ചുകൊണ്ടു, ഇരകളോടു ഐക്യപ്പെട്ടു രാഷ്ട്രീയനേതൃത്വവും പൊതുവുദ്യോഗസ്ഥരും പുറപ്പെടുവക്കുന്ന പ്രസ്താവനകളാണിവ. ഇത്തരം പ്രതികരണങ്ങളും പ്രസ്താവനകളും മെമോറിയലിന്റെ രൂപങ്ങളായി തിരിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍, ഒരു സ്മാരകം ഉള്‍ക്കൊള്ളുന്ന ഘടകങ്ങളും സന്ദേശങ്ങളും മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. ഭീകരതയുടെയും ആക്രമണത്തിന്റെയും പശ്ചാത്തലത്തില്‍, ‘മെമോറിയല്‍’ എന്നത് ആഘാതകരവും ദാരുണവുമായ സംഭവങ്ങള്‍ക്ക് ഇരയായവരുടെ സ്മരണകളെ ഓര്‍മ്മിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന ദൗത്യമാണു നിര്‍വ്വഹിക്കുക. അതിനാല്‍, ഈ വികാരങ്ങളോട് ഐക്യപ്പെടുന്ന സര്‍ക്കാര്‍ പ്രസ്താവനകളും പ്രതികരണങ്ങളും അനുസ്മരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു മെമോറിയലാണ്. ഇതുവഴി തീവ്രവാദത്തിന് ഇരയായവരുടെ അനുഭവങ്ങള്‍ സഹതാപാദ്രമായി ഉള്‍ക്കൊള്ളുന്നതിനു പൗരസമൂഹത്തെ പ്രാപ്തരാക്കുന്നു.

ഇന്ത്യന്‍ സര്‍ക്കാരുകള്‍ തീവ്രവാദത്തിന്റെ ഇരകളുടെയൊപ്പം നില്ക്കുന്ന അനേകം പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്. എന്നിരുന്നാലും, പലപ്പോഴും സങ്കുചിത രാഷ്ട്രീയ ചിന്തകള്‍ മൂലം മെമോറിയല്‍ പ്രതിനിധീകരിക്കുന്ന സമഗ്രമായ മാനവദര്‍ശനം അട്ടിമറിക്കും വിധം ഇരകളെ കൂടുതല്‍ വേദനിപ്പിച്ചുകൊണ്ടു തീവ്രവാദത്തെ കുറിച്ചു സമഗ്രമായ അവബോധം പൗരസമൂഹത്തിനു നല്കാത്ത പ്രസ്താവനകള്‍ അവര്‍ നടത്താറുണ്ട്. തങ്ങളുടെ രാഷ്ട്രീയത്തോടു ചേര്‍ന്നുനില്ക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമ്പോള്‍ കണ്ണടയ്ക്കുന്നതും സാധാരണമാണ്. ഇന്ന് ഇന്ത്യ ഭരിക്കുന്ന സംഘപരിവാര്‍ സര്‍ക്കാര്‍ മുന്‍ഗാമികളെക്കാള്‍ ഇത്തരം നടപടികളില്‍ കൂടുതല്‍ പക്ഷപാതിത്വം കാണിക്കുന്നു. പൊളിറ്റിക്കല്‍ ഇസ്ലാം നടത്തുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ പെരുപ്പിക്കുകയും ഹിന്ദുത്വ തീവ്രവാദികളുടെ ഭീകരതയ്‌ക്കെതിരേ കണ്ണടയ്ക്കുകയും ചെയ്യാറുണ്ടവര്‍. കാനഡ പോലുള്ള രാജ്യങ്ങളില്‍ അവിടെ ന്യൂനപക്ഷമായ സിഖ് സമൂഹത്തെ തീവ്രവാദവുമായി ബന്ധിപ്പിക്കുന്ന പരാമര്‍ശം ഗവണ്‍മെന്റ് റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കി (5). എന്നാല്‍, ഇവിടെ ന്യൂനപക്ഷ സമുദായങ്ങളെ പ്രത്യേകിച്ചു മുസ്‌ളീങ്ങളെ മുഴുവന്‍ തീവ്രവാദത്തിന്റെ നിഴലിലാക്കുന്ന പല നടപടികളും സര്‍ക്കാര്‍ ചെയ്യാറുണ്ട്. ഇത് ഇരകള്‍ പിന്നീടു പ്രതികാരത്തിനു ഭീകരതയെ ആശ്രയിക്കരുതെന്ന മെമോറിയലുകളുടെ സുപ്രധാന സാമൂഹിക ലക്ഷ്യം പൂര്‍ണ്ണമായി അട്ടിമറിക്കുന്ന രാഷ്ട്രീയ നടപടിയാണ്.

ഭീകരതയുടെ ഇരകളെ അനുസ്മരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പഠിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇരകളെ സ്മരിക്കുന്നതുമായി ബന്ധപ്പെട്ട നയങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ നിലവിലെ അനുസ്മരണ മാര്‍ഗ്ഗങ്ങളെക്കുറിച്ചു കൂടുതല്‍ ഗവേഷണം വേണം. നിരവധി സൂചനകള്‍ ഇതിലൂടെ നേടാം. പ്രത്യേക മെമോറിയല്‍ പദ്ധതികളുമായി ബന്ധപ്പെട്ടുള്ള സ്പഷ്ടമായ സന്ദേശങ്ങള്‍ പരിഗണിക്കേണ്ടത് പ്രധാനമാണ്. ഇരകളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും പൊതുജനങ്ങളുടെയും മനസ്സില്‍ തീവ്രവാദത്തിനെതിരായ ചിന്ത ഇവയ്ക്കു നല്കാനാവണം. രണ്ടാമതായി, സ്മാരകങ്ങളുടെ സ്ഥാനം, ചെലവ്, പരിപാലനം, തുടങ്ങിയവയും നിര്‍ണായകമാണ്. അതുപോലെ, ഫലപ്രദമായി മെമോറിയലുകള്‍ നിലനിര്‍ത്തുന്നതിനു പ്രസക്തമായ ഹ്രസ്വകാല, ദീര്‍ഘകാല നയവും ആവശ്യമാണ്. മെമ്മോറിയലൈസേഷന്‍ പ്രക്രിയയില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന താല്‍പര്യങ്ങളുടെ സമഗ്രമായ ഉള്‍ച്ചേര്‍ക്കല്‍ പ്രധാനമാണ്. ഏറ്റവും പ്രധാനം ഇരകളെ അതു ശക്തമായി പ്രതിനിധീകരിക്കണം എന്നതാണ്. ഇരകളെ കൂടുതല്‍ ആഘാതപ്പെടുത്തുന്നതിനും തീവ്രവാദ ആക്രമണത്തിന്റെ, മനസ്സു മരവിപ്പിക്കുന്ന ഓര്‍മ്മകള്‍ പുനരുജ്ജീവിപ്പിക്കുന്നതിനും ആകരുത് അവ. സമഗ്രമായി ആസൂത്രണം ചെയ്താല്‍ മാനവികതയെയും മനുഷ്യാവകാശങ്ങളെയും ജനാധിപത്യത്തെയും സെക്യുലറിസത്തെയും ശക്തിപ്പെടുത്തി ഒരു ബഹുസ്വര രാജ്യത്തില്‍ വികാരപരവും വിചാരപരവുമായി പൗരസമൂഹത്തെ ഒന്നിപ്പിക്കാന്‍ കഴിയുന്ന ശക്തമായ മാധ്യമമാണ് തീവ്രവാദത്തിന്റെ ഇരകളെ അനുസ്മരിക്കുന്ന മെമോറിയലുകള്‍.

തീവ്രവാദത്തിന്റെ ഇരകള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. അവയില്‍ ഏറ്റവും ഗുരുതരമായ പ്രശ്‌നങ്ങളിലൊന്നാണു മാനസ്സികാഘാതം. ഭീകരതയുടെ ഇരകള്‍ നേരിടുന്ന മാനസ്സിക പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ചും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, വിഷാദം, അതിജീവിച്ചവരുടെ കുറ്റബോധം (Survivors’ guilt) തുടങ്ങിയവ ഉള്‍പ്പെടുന്നു. മാനസ്സികാഘാതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു പുറമേ, തീവ്രവാദത്തിലൂടെ ഇരകളാക്കപ്പെടുന്നതിനെക്കുറിച്ചുള്ള പൊതുജന പ്രതികരണവും ഇരകള്‍ക്കു പ്രധാനമാണ്. പൊതുജനങ്ങളില്‍ നിന്നു സഹതാപം ലഭിക്കാന്‍ മറ്റ് ആക്രമണങ്ങളിലെ ഇരകളെക്കാള്‍ തീവ്രവാദത്തിന്റെ ഇരകള്‍ക്കു സാധ്യത കൂടുതലാണ്. കൂടാതെ, തീവ്രവാദത്തിന്റെ ഇരകളെ കളങ്കപ്പെടുത്തുന്നതിനുള്ള സാധ്യത കുറവുമാണ്. അവര്‍ ഇരകളാക്കപ്പെടുന്നതിന്റെ ഫലമായി ‘ദുര്‍ബ്ബലര്‍’ എന്ന് മുദ്രകുത്തപ്പെടുന്നതും വിരളമായാണ്. അതുമൂലം അത്തരം പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട ‘നെഗറ്റീവ്’ മാനസ്സിക പ്രത്യാഘാതങ്ങളില്‍ നിന്നും അവര്‍ മുക്തരാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മൊത്തത്തില്‍, ഭീകരതയുടെ ഇരകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. പൊതുസമൂഹത്തിന്റെ താല്‍പര്യം അവരുടെ ജീവിതത്തിന്റെ ഉയര്‍ച്ചയ്ക്കു വളരെ പ്രധാനമാണ്’

തീവ്രവാദത്തിന്റെ ഇരകളെ സംബന്ധിച്ചു മെമോറിയലുകള്‍ പോലെ പ്രധാനമാണ് അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളും. ഇരകളുടെ ആവശ്യങ്ങളോടു പ്രതികരിച്ച് അവരെ സാധാരണ ജീവിതത്തിനു പ്രാപ്തരാക്കുന്നതിലും അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും പൊതു സമൂഹത്തിനു നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. കൂടാതെ, ക്രിമിനല്‍ നീതിന്യായ പ്രക്രിയയില്‍ ഇരകളുടെ നിര്‍ണ്ണായക പങ്കും അവരില്‍ നിന്നു പ്രതീക്ഷിക്കുന്ന സഹകരണത്തിന്റെ സ്വഭാവവും ബോധ്യപ്പെടുത്തുകയും ചെയ്യക എന്നതും പൊതുസമൂഹത്തിന്റെ ഉത്തവാദിത്വമാണ്. ക്രിമിനല്‍ നടപടികളുടെ വ്യാപ്തിയും സമയക്രമവും പുരോഗതിയും അറിയിച്ചു നടപടികളുടെ അവസാനം പ്രതീക്ഷിക്കുന്ന അനന്തരഫലം അംഗീകരിക്കുവാന്‍ ഇരകളെ പ്രാപ്തരാക്കുക എന്ന ദൗത്വവും സമൂഹം ഏറ്റെടുക്കണം. ഇരകളുടെ കാഴ്ചപ്പാടുകളും ആശങ്കകളും, പ്രതികളോട് മുന്‍വിധികളില്ലാതെയും ദേശീയ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയുടെ പ്രസക്തമായ നടപടിക്രമങ്ങള്‍ക്ക് അനുസൃതമായും അറിയിക്കാന്‍ സഹായിക്കുക എന്ന ദൗത്യവും സമൂഹം ചെയ്യേണ്ടതുണ്ട്. ജുഡീഷ്യല്‍ നടപടികളിലുടനീളം ഇരകള്‍ക്കു ശരിയായ സഹായം നല്കുകയും അവര്‍ക്ക് അസൗകര്യം കുറയ്ക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം അവരുടെ സ്വകാര്യത പരിരക്ഷിക്കുകയും അവരുടെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതും പ്രധാനമാണ്. ഭീകരരുടെ ഭീഷണികളില്‍ നിന്നും പ്രതികാര നടപടികളില്‍ നിന്നും ഇരകളെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വവും സമൂഹത്തിനുണ്ട്. തീവ്രവാദവുമായി ബന്ധമുള്ള കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ അനാവശ്യ കാലതാമസം ഒഴിവാക്കി ഇരകള്‍ക്ക് അനുകൂലമായ ഉത്തരവുകള്‍ വേഗം നടപ്പിലാക്കാന്‍ മുന്‍കൈ എടുക്കേണ്ടതും പൊതുസമൂഹമാണ്. സര്‍ക്കാര്‍, സന്നദ്ധ സംഘങ്ങള്‍, സാമൂഹിക കൂട്ടായ്മകള്‍ തുടങ്ങിയവര്‍ വഴി ഇരകള്‍ക്ക് ആവശ്യമായ ഭൗതികവും ആരോഗ്യപരവും മാനസ്സികവും സാമൂഹികവുമായ സഹായം നല്കുകയും ഇരകള്‍ക്കു തങ്ങളനുഭവിക്കുന്ന വേദനയ്ക്കാനുപാതികമായ നഷ്ടപരിഹാരം ലഭ്യമാക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും ഇരകള്‍ പൊതുസമൂഹത്തില്‍ നിന്നു പ്രതീക്ഷിക്കുന്നുണ്ട് (4).

ആഗോളതലത്തില്‍ വികസിക്കുന്ന മനുഷ്യാവകാശ മൂല്യങ്ങള്‍ക്കനുസൃതമായി ഇന്ത്യാ ഗവണ്‍മെന്റൂം തീവ്രവാദത്തിന്റെ ഇരകളെ ചേര്‍ത്തു നിറുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. തീവ്രവാദ, സാമുദായിക, നക്‌സല്‍ അക്രമങ്ങള്‍ക്കു വിധേയരായ സിവിലിയന്‍ ഇരകള്‍ / ഇരകളുടെ കുടുംബസഹായത്തിനുള്ള കേന്ദ്രപദ്ധതി 1.4.2008 മുതല്‍ നടപ്പിലാക്കി. ഇതുപ്രകാരം ഒരു പ്രത്യേക സംഭവത്തില്‍ ഒരു കുടുംബത്തിലെ ഓരോ മരണത്തിനും 3 ലക്ഷം രൂപ ഇരയുടെ കുടുംബത്തിനു ലഭിക്കും. എന്നിരുന്നാലും, ഏതെങ്കിലും ഒരു കുടുംബാംഗം മരിക്കുകയോ അല്ലെങ്കില്‍ അവര്‍ പ്രത്യേക സംഭവങ്ങളില്‍ സ്ഥിരമായി അംഗഭംഗം വന്നവരോ ആയാല്‍, ഓരോ അവസരത്തിലും സഹായം ലഭിക്കാന്‍ കുടുംബത്തിന് അവകാശമുണ്ട്. തുടക്കത്തില്‍, 3 വര്‍ഷ കാലയളവില്‍ 5 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കുന്നു. ഈ തുകയുടെ പലിശ ത്രൈമാസ അടിസ്ഥാനത്തില്‍ ഗുണഭോക്താവിന്റെ സേവിംഗ്‌സ് അക്കൗണ്ടില്‍ നേരിട്ടു ക്രെഡിറ്റ് ചെയ്യും. ഈ കാലാവധി അവസാനിക്കുമ്പോള്‍ 3 ലക്ഷം രൂപ ഗുണഭോക്താവിന്റെ സേവിംഗ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുന്നു. കേന്ദ്ര സഹായത്തിനു പുറമേ 1 ലക്ഷം രൂപ മുതല്‍ 3 ലക്ഷം രൂപവരെ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകളും ധനസഹായം നല്കുന്നു. സാമ്പത്തിക സഹായത്തിനുപുറമെ, സ്ഥിരമായി അംഗവിഹീനരായവര്‍ക്കും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കും ദേശീയ ഗ്രാമീണ ആരോഗ്യ മിഷനു കീഴില്‍ ഡിസ്ട്രിക്റ്റ് ഹെല്‍ത്ത് സൊസൈറ്റി നല്കുന്ന ആരോഗ്യ കാര്‍ഡിന് അര്‍ഹതയുണ്ട്. ഇത് കാര്‍ഡ് ഉടമകള്‍ക്കു അക്രമം മൂലമുണ്ടാകുന്ന പരിക്കുകള്‍ക്കും മറ്റെല്ലാ പ്രധാന രോഗങ്ങള്‍ക്കും സൗജന്യ ചികിത്സയ്ക്ക് അര്‍ഹതയുണ്ട്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിലവിലുള്ള പദ്ധതിയായ രാഷ്ട്രീയ ആരോഗ്യ നിധി (RAN). പ്രകാരം പ്രത്യേക ആരോഗ്യ പരിഗണനയില്‍ ഇരകള്‍ക്കായുളള സഹായ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കു വൈദ്യസഹായം നല്കുന്നു, ഭികരാക്രമണത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ വൈദ്യസഹായം നല്കുന്നതിനും ചികിത്സാച്ചെലവു വഹിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തര നടപടി ആരംഭിക്കുന്നു. കൂടാതെ സാധാരണ ജീവിതത്തിലേക്കു മടങ്ങുന്നതിനുള്ള സഹായമായി ഇരകള്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാര രൂപത്തില്‍ അടിയന്തിര ആശ്വാസം നല്കുന്നു.

കൂടാതെ, ഇരകളുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി, നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ കമ്യൂണല്‍ ഹാര്‍മണി നടപ്പിലാക്കുന്ന ”അസിസ്റ്റ്” പ്രോജക്ടിന് കീഴില്‍ ഇരകളുടെ കുടുംബങ്ങള്‍ക്കു സഹായം ലഭിക്കുന്നു. അനാഥരോ നിരാലംബരോ ആയ കുട്ടികള്‍ക്കു സാമ്പത്തിക സഹായം ഈ പദ്ധതി നല്കുന്നു. അവരുടെ പരിചരണം, വിദ്യാഭ്യാസം, പരിശീലനം എന്നിവയിലൂടെ മാന്യവും ഉത്തരവാദിത്വമുള്ളതുമായ ഒരു പൗരനാകാനും രാജ്യത്തിന്റെ മുഖ്യധാരയില്‍ വരാനും അവരെ സഹായിക്കുന്നു. ന്യൂഡല്‍ഹിയിലെ സഫ്ദര്‍ജംഗ് മെഡിക്കല്‍ കോളേജ് ആശുപത്രി, ഛത്തീസ്ഗഡിലെ റായ്പൂരിലെ ജവഹര്‍ലാല്‍ മെഡിക്കല്‍ കോളേജ്, ഹോസ്പിറ്റല്‍ മുതലായ സ്ഥാപനങ്ങളില്‍ ഒരു സീറ്റു വീതം ഭീകരതയുടെ ഇരകളുടെ ബന്ധുക്കള്‍ക്കായി നീക്കിവച്ചിട്ടുണ്ട് (5). ഇത്തരം നടപടികള്‍ സര്‍ക്കാരുകള്‍ ചെയ്യുന്നുണ്ടെങ്കിലും ഇരകളുടെ സമഗ്രമായ വികാസം ഉറപ്പാക്കുന്ന വിധം അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ഒരു സമഗ്ര പരിഗണന ഭീകരവാദത്തിന്റെ ഇരകള്‍ക്കു നമ്മുടെ അധികാരികളും സമൂഹവും നല്കുന്നില്ല എന്നതു തിരിച്ചറിയേണ്ടതാണ്. ഇന്ത്യയിലെ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാന പോരായ്മ തങ്ങളുടെ രാഷ്ട്രീയ മത പ്രത്യയശാസ്ത്രങ്ങളോടു യോജിക്കാത്ത ഇരകള്‍ക്കു നീതി ലഭ്യമാകാതിരിക്കാന്‍ ഭരണകൂടം തന്നെ ‘പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നു’ എന്നതാണ് (6).

അപരമനുഷ്യനോടുള്ള വിദ്വേഷത്താല്‍ പ്രചോദിതരായി ഓരോ വിഭാഗവും ചെയ്തുകൂട്ടുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ മറ്റു സമൂഹിക വിഭാഗങ്ങളെ മാത്രമല്ല ബാധിക്കുക; സ്വസമുദായത്തിനു തന്നെ ദ്രോഹകരമാണവ. ഓരോ ഭീകരവാദിയും ആക്രമണത്തിലൂടെ ലക്ഷ്യമിടുക തങ്ങളുടെ ചിന്തയില്‍ നിന്നു വ്യത്യസ്തമായ രാഷ്ട്രീയ, മത, പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്നവരെ മാത്രമല്ല, വിശ്വമാനവികതയെ കൂടിയാണ്. അതുകൊണ്ടുതന്നെ തീവ്രവാദത്തിന്റെ ഇരകളെല്ലാം മാനവികതയുടെ കാവലാളുകളാണ്. ഹിന്ദുത്വ തീവ്രവാദത്തെ അനുകൂലിക്കുന്ന ഹൈന്ദവരിലെയും പൊളിറ്റിക്കല്‍ ഇസ്ലാം നടത്തുന്ന ഭീകരവാദത്തെ ന്യായീകരിക്കുന്ന മുസ്ലീങ്ങളിലെയും യൂറോപ്പിലെ തീവ്രവലതുപക്ഷ നിലപാടുകള്‍ക്കെതിരെ മൗനം പാലിക്കുന്ന ക്രിസ്ത്യാനികളിലെയും മതവിശ്വാസികളെല്ലാം ഭാവി ഭീകരരാകാമെന്നു കുറ്റപ്പെടുത്തുന്ന നിരീശ്വരവാദികളിലെയും ന്യൂനപക്ഷങ്ങളുടെ നിലപാടുകള്‍ വാസ്തവത്തില്‍ മാനവികതയ്‌ക്കെതിരാണ്. ഇവരെല്ലാം ‘തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരാണ്’. ഭീകരവാദത്തിനു പ്രത്യയശാസ്ത്ര ന്യായീകരണം നടത്തുന്ന ചെറുന്യൂനപക്ഷം അവര്‍ പ്രതിനിധാനം ചെയ്യുന്ന സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ്. ഈ തിരിച്ചറിവില്‍ നിന്നുകൊണ്ട് എല്ലാ തീവ്രവാദങ്ങളെയും എതിര്‍ക്കുന്ന ഒരു മാനവമനസ് നമ്മള്‍ക്ക് ഓരോരുത്തര്‍ക്കും ഉണ്ടാകട്ടെ; ഭാവിയില്‍ പുതിയ തീവ്രവാദത്തിന്റെ ഇരകള്‍ ഉണ്ടാകാതിരിക്കട്ടെ.

റഫറന്‍സ്

1.https://www.un.org/en/observances/terrorism-victims-day
2.https://en.m.wikipedia.org/wiki/Terrorism_in_India
3.https://www.justice.gc.ca/eng/rp-pr/cj-jp/victim/rr09_6/p1.html#sec1
4.https://www.unodc.org/e4j/en/terrorism/module-14/key-issues/legal-framework/instruments-for-victims-of-terrorism.html
5.https://www.un.org/victimsofterrorism/en/node/344
6.https://www.google.com/amp/s/www.aljazeera.com/amp/news/2020/02/modi-slammed-death-toll-delhi-violence-rises-200226192504695.html

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply