വന്ദേമാതരം ദേശാഭിമാനത്തിന്റെ സാക്ഷ്യപത്രമോ?

സമീപ വര്‍ഷങ്ങളില്‍, യഥാര്‍ത്ഥ ദേശാഭിമാനത്തിന്റെ മാനദണ്ഡമായി വന്ദേമാതര ആലാപനം അക്രമാസക്ത രീതിയില്‍ തന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ എതിര്‍ക്കുന്നവര്‍ ദേശവിരുദ്ധരായി മുദ്രകുത്തപ്പെടുന്നു. ഈ ഏര്‍പ്പാടില്‍ രാഷ്ട്രീയ സ്വയംസേവക് സംഘവും മറ്റ് പല ഹിന്ദുവാദി സംഘടനകളുമാണ് ഏറ്റവും സജീവം. എന്നാല്‍ അവര്‍ ഒറ്റക്കല്ല ബങ്കിം ചന്ദ്ര ചാറ്റര്‍ജിയില്‍നിന്ന് സവര്‍ക്കറിലൂടെ വര്‍ത്തമാനകാലത്തേക്കുള്ള വന്ദേമാതരത്തിന്റെ ചരിത്രത്തെ കുറിച്ച് മാവോയിസ്റ്റ് ചിന്തകന്‍ കെ മുരളി എഴുതുന്നു

ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ‘ആനന്ദമഠം’ നോവലിലാണ് വന്ദേമാതരം ആദ്യമായി വന്നത്. പത്തൊന്‍മ്പതാം നൂറ്റാണ്ടിലെ ഈ നോവലിലെ ‘സന്താന്‍’ഒളിപ്പോരാളികളുടെ ഗാനമായിരുന്നു അത്. ആദ്യ പാദത്തിലേക്ക് ചുരുക്കിയ രൂപത്തിലാണ് ഇന്നത് ആലപിക്കപ്പെടുന്നത്. രവീന്ദ്രനാഥ ടഗോറിന്റെ ഉപദേശ പ്രകാരം സുഭാഷ് ചന്ദ്ര ബോസാണ് അത് ചെയ്തത്. അഹിന്ദുക്കളെ അന്യവല്‍ക്കരിക്കാന്‍ സാധ്യതയുള്ള പാദങ്ങള്‍ ഒഴിവാക്കാനാണ് ടഗോര്‍ ഈ വെട്ടിതിരുത്തല്‍ നിര്‍ദ്ദേശിച്ചത്. അതിനെ ശുദ്ധീകരിച്ചെടുത്ത് ഒരു ‘ദേശീയ’ഗാനമായി സര്‍വ്വര്‍ക്കും സ്വീകാര്യമാക്കാനായിരുന്നു ശ്രമം.

ബ്രിട്ടീഷ് രാജിനെതിരെ ആയുധമേന്തിയ രണോത്സുക ദേശീയ വാദികള്‍ക്കിടയില്‍ ഇതിന് മുമ്പുതന്നെ വന്ദേമാതരം പ്രിയങ്കരമായിരുന്നു. 1905ല്‍ ബംഗാള്‍ പ്രവിശ്യ വിഭജിക്കാനുള്ള ബ്രിട്ടീഷ് നീക്കത്തിനെതിരായ പ്രതിഷേധ പ്രസ്ഥാനത്തില്‍ അത് കൂടുതല്‍ ജനകീയമായി. പ്രത്യക്ഷമായ ഹിന്ദു പ്രതീകാത്മകതയും സന്ദേശവും മൂലം അപ്പോഴും അത് പരിമിത വൃത്തങ്ങളില്‍ മാത്രമെ സ്വീകരിപ്പെട്ടിരുന്നുള്ളൂ. ഇതായിരുന്നു ടഗോറിന്റെ നിര്‍ദ്ദേശത്തിന് പശ്ചാത്തലം. അമ്മയായി ചിത്രീകരിക്കുന്ന രാജ്യത്തിന്റെ പ്രകൃതിദത്ത സുഭിക്ഷതയുടെ വര്‍ണ്ണനയാണ് പാട്ടിന്റെ ആദ്യ പാദം. മതവിശ്വാസം എന്തായാലും ഇതെല്ലാവര്‍ക്കും സ്വീകാര്യമാവും എന്നായിരിക്കണം ടഗോര്‍ കരുതിയിരിക്കുക. എന്നാല്‍ പ്രശ്‌നം അത്ര ലളിതമല്ല.

പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ബംഗാളില്‍ നടന്ന സന്യാസി കലാപമാണ് ആനന്ദമഠത്തിന്റെ പശ്ചാത്തലം. പ്ലാസി യുദ്ധത്തില്‍ സിറാജ്-ഉദ്-ദൗളയെ വഞ്ചിച്ച മിര്‍ ജാഫര്‍ എന്ന മുസ്ലിം സൈന്യാധിപനെ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി സിംഹാസനത്തില്‍ ഇരുത്തീയെങ്കിലും ഫലത്തില്‍ കമ്പനിയായിരുന്നു അധികാരി. ഭീകര ക്ഷാമത്തിന് നടുവിലും നികുതി പിരിക്കുന്നതില്‍ അത് കടുത്ത നടപടികള്‍ സ്വീകരിച്ചു. ഇതായിരുന്നു സന്യാസി കലാപത്തിന്റെ പശ്ചാത്തലം. പ്രധാനമായും ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയെക്കെതിരെ ആയിരുന്നു അത്. നോവലിന്റെ ആഖ്യാനത്തില്‍ ഇതു പക്ഷെ, മുസ്ലിങ്ങള്‍യ്‌ക്കെതിരെയുള്ള വര്‍ഗീയ ആക്രമണത്തിന്റെ വിശാല പശ്ചാത്തലത്തില്‍ ആണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. കണ്ണില്‍ കുത്തുന്ന പോലെ തന്നെ ബങ്കിം ചന്ദ്ര ഇത് വര്‍ണ്ണിക്കുന്നു.

(സന്താനങ്ങള്‍ അയക്കുന്ന ചാരന്മാര്‍ ഇങ്ങനെ പറയും) ‘സഹോദരാ, വിഷ്ണുപൂജ ചെയ്യാമോ?’അങ്ങനെ ഇരുപത് ഇരുപത്തഞ്ച്‌പേരെ ഒന്നിച്ചുകൂട്ടി. മുസല്‍മാന്മാരുടെ ഗ്രാമത്തിലെത്തിയപ്പോള്‍ അവരുടെ വീടുകള്‍ തീവെച്ചു. മുസല്‍മാന്മാര്‍ പ്രാണരക്ഷക്കായി ഓടി. സന്താനങ്ങള്‍ അവരുടെ സര്‍വ്വവും സ്വന്തമാക്കി. അതെല്ലാം പുതിയ വിഷ്ണുഭക്തര്‍ക്ക് വിതരണം ചെയ്തു.

മുസ്ലിം ഭരണാധികാരിയെ പരാജയപ്പെടുത്തിയതിനു ശേഷമുള്ള രംഗത്തെ കുറിച്ചുള്ള വിവരണം അങ്ങേയറ്റം ദാരുണമാണ്.

‘ഗ്രാമീണര്‍ മുസല്‍മാനെ കണ്ടാല്‍ ഉടനെ കൊല്ലാന്‍ ഓടിയെത്തും. വളരെപ്പേര്‍ ഒന്നിച്ച് കൂട്ടമായി മുസല്‍മാന്മാരുടെ ഗ്രാമത്തിലേക്ക് ചെന്ന് അവരുടെ വീടുകള്‍ തീവെച്ച് നശിപ്പിച്ചു. വീട്ടിലുള്ളതെല്ലാം എടുത്തുകൊണ്ടുപോയി.ഒട്ടനവധി യവനന്മാരും (മുസ്ലീംങ്ങള്‍ – കെഎം) നിഗ്രഹിക്കപ്പെട്ടു. ഏതാനം മുസ്ലിമുകള്‍ താടിയെല്ലാം വടിച്ചുകളഞ്ഞ് മുഖത്ത് മണ്ണ് തേച്ച് ഹരിനാമം ചൊല്ലി. ചോദിച്ചാല്‍ ഹിന്ദികലര്‍ന്ന ഭാഷയില്‍ പറയും, ‘ഞാന്‍ ഹിന്ദു.’

ബങ്കിം ചന്ദ്രയുടെ മാതൃദേശ സങ്കല്പമായിരുന്നു ആനന്ദമഠത്തിന്റെ പ്രതിപാദ്യം. അത് ഒരു ഹിന്ദു രാഷ്ട്രമായിരിക്കണം, കഴിയുമെങ്കില്‍ എല്ലാ മുസ്ലിംങ്ങളേയും ഒഴിവാക്കിയ ഒന്ന്. സനാതന ധര്‍മ്മത്തിന്റെ പുനര്‍സ്ഥാപനം അവിടെ യാഥാര്‍ത്ഥ്യമാക്കും. വൈഷ്ണവ മുഖംമൂടിയണിഞ്ഞ അക്രമാസക്ത ബ്രാഹ്മണ്യത്തിന് ഉദാഹരണമായിരുന്നു ബങ്കിം ചന്ദ്രയുടെ സനാതന ധര്‍മം. തന്റെ നായകനെ അദ്ദേഹം ചുറ്റിലും കാണുന്ന വൈഷ്ണവ വീക്ഷണത്തില്‍ നിന്ന് വേര്‍തിരിച്ചു നിര്‍ത്തുന്നുണ്ട്. അദ്ദേഹത്തിന്റെ നായകന്റെ വാക്കുകളില്‍,

‘അത് ചൈതന്യദേവന്റെ വൈഷ്ണവരാണ്. നാസ്തികര്‍ ബൗദ്ധധര്‍മത്തിന്റെ അനുചരന്മാരായി. അപ്രകൃതമായ വൈഷ്ണവത്വം ഉണ്ടായി. അത് അതിന്റെ ലക്ഷണമാണ്. പ്രകൃതവൈഷ്ണവധര്‍മ്മം ദുഷ്ടരുടെ ദമനവും ധരിത്രിയുടെ ഉദ്ധാരണവുമാണ്. എന്തുകൊണ്ടെന്നാല്‍ വിഷ്ണുമാത്രമാണ് ജഗത്തിന്റെ പാലനത്തിനധികാരി.’

‘സന്താനങ്ങ’ളുടെ ഗാനം തള്ളികളയാന്‍ ഒരു യഥാര്‍ത്ഥ ദേശാഭിമാനിക്ക് ഇതെല്ലാം ധാരാളം മതി. അത് ഒരര്‍ത്ഥത്തിലും ദേശീയ താല്പര്യങ്ങളില്‍ നിന്ന് ആവേശംകൊണ്ടില്ല. നേരെമറിച്ച്, അങ്ങേയറ്റം ഭ്രാന്തമായ ബ്രാഹ്മണ്യ, വര്‍ഗീയ വീക്ഷണമായിരുന്നു ഉത്തേജനം. അതിനെ ദേശീയ ഗാനമായി ചിത്രീകരിക്കാന്‍ ആവശ്യപ്പെടുന്നത് ജനങ്ങളെ പരിഹസിക്കലാണ്. അതു മാത്രമല്ല പ്രശ്‌നം. ബങ്കിം ചന്ദ്ര മുന്നോട്ടുവെച്ച ‘ദേശീയവാദ’ത്തിന്റെ യഥാര്‍ത്ഥ സ്വഭാവം എന്തായിരുന്നു? നായകനും നായകന്റെ ഗുരുവും തമ്മിലുള്ള സംഭാഷണം ഇതിലേക്ക് ഏറെ വെളിച്ചം വീശുന്ന. നോവലിന്റെ അന്ത്യത്തില്‍ അത് കാണാം. മുസ്ലിം രാജാവിനുമേല്‍ നേടിയ വിജയത്തിന്റെ തുടര്‍ച്ചയായി ബ്രിട്ടീഷുകാരെ കൂടി അടിച്ചോടിച്ച് ഒരു സന്താന ഭരണം സ്ഥാപിക്കണമെന്നാണ് നായകന്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനെ എതിര്‍ക്കുന്ന ഗുരു നല്കുന്ന വിശദീകരണം നോക്കു,

‘ഇംഗ്ലീഷുകാര്‍ ഭരണാധിപതി ആയില്ലെങ്കില്‍ സന്താനധര്‍മ്മത്തിന്റെ പുനരുദ്ധാരണം ഉണ്ടാവില്ല … യഥാര്‍ത്ഥ ഹിന്ദുധര്‍മ്മം ജ്ഞാനാത്മകമോ കര്‍മ്മാത്മകമോ മാത്രമല്ല. അതിലെ ജ്ഞാനം രണ്ട് പ്രകാരമാണ്. ബഹിര്‍വിഷയകവും അന്തര്‍വിഷയകവും. ഈ രണ്ടാമത്തേതാണ് സനാതനധര്‍മ്മത്തിന്റെ മുഖ്യഭാഗം. പക്ഷെ, ബഹിര്‍വിഷയകമായ ജ്ഞാനം ആദ്യം ഉണ്ടായില്ലെങ്കില്‍ അന്തര്‍വിഷയകമായ ജ്ഞാനം ഉണ്ടാകാന്‍ പോകുന്നില്ല… സനാതനധര്‍മ്മത്തിന്റെ പുനരുദ്ധാരണം ചെയ്യണമെങ്കില്‍ ആദ്യം വേണ്ടത് ബഹിര്‍വിഷയകജ്ഞാനം പ്രചരിപ്പിക്കേണ്ടത് ആവശ്യമാണ്. ഇപ്പോള്‍ നാട്ടില്‍ ബഹിര്‍വിഷയകജ്ഞാനംഇല്ലാതായി. അതു പഠിപ്പിക്കാന്‍ വേണ്ടത്ര അറിവുള്ളവര്‍ ഇല്ല. മറ്റുള്ളവരെ പഠിപ്പിക്കുന്നതില്‍ പടുക്കളായവര്‍ ഇല്ല. അതുകൊണ്ട് മറ്റ് എവിടെനിന്നെങ്കിലും ബഹിര്‍വിഷയകജ്ഞാനം കൊണ്ടുവരേണ്ടിയിരിക്കുന്നു. ഇംഗ്ലീഷുകാര്‍ ഇതില്‍ അതിപണ്ഡിതന്മാരാണ്. പഠിപ്പിക്കാനുള്ള കഴിവുള്ളവര്‍. അതിനാല്‍ അവരെ രാജാവാക്കുക. ഇംഗ്ലീഷുകാരുടെ പഠിപ്പിന്റെയും പഠിപ്പിക്കലിന്റെയും കാരണം ഈ നാട്ടിലുള്ളവര്‍ ബഹിസ്തത്വത്തില്‍ പാണ്ഡിത്യം നേടി അന്തസ്തത്വം മനസ്സിലാക്കാന്‍ കഴിയുന്നവരാകും. അപ്പോള്‍ സനാതനധര്‍മ്മം പ്രചരണം വിഘ്‌നം കൂടാതെ നടക്കും. അങ്ങനെ നമ്മുടെ തന്നെ ധര്‍മ്മം വീണ്ടും പ്രചരിക്കപ്പെടും. പുനരുദ്ദീപ്തമാകും. ഹിന്ദുക്കള്‍ വീണ്ടും സനാതനധര്‍മ്മ ജ്ഞാനത്തില്‍ നിപുണരാകുന്നുവോ, എന്ന് അവര്‍ ഗുണവാന്മാരും ബലവാന്മാരും ജ്ഞാനികളുമായി ഉയരുന്നുവോ, അന്നുവരെ ഇംഗ്ലീഷുകാര്‍ക്ക് ക്ഷയം സംഭവിക്കില്ല. ഇംഗ്ലീഷുകാരുടെ ഭരണത്തില്‍ പ്രജകള്‍ സുഖിക്കും. വിഘ്‌നലേശമില്ലാതെ ധര്‍മ്മാതരണം ചെയ്യും. അതിനാല്‍ ഹേ ബുദ്ധിമാന്‍, ഇംഗ്ലീഷുകാരുമായി യുദ്ധം ചെയ്യാന്‍ നില്ക്കാതെ എന്നെ അനുസരിക്കു.’

അദ്ദേഹം തുടരുന്നു

‘ഇംഗ്ലീഷുകാര്‍ ഇപ്പോള്‍ വെറും വ്യാപാരികള്‍ മാത്രമാണ്. ധനം സമ്പാദിക്കുക മാത്രമാണ് ലക്ഷ്യം. രാജ്യഭരണം ഏറ്റെടുക്കണമെന്നില്ല. ഈ സന്താന വിപ്ലവം കാരണം അവര്‍ ഭരണം സ്ഥാപിക്കാന്‍ ബാദ്ധ്യസ്ഥരാകും… ഇംഗ്ലീഷുകാര്‍ ഇവിടെ സിംഹാസനത്തില്‍ അഭിഷിക്തരാകുമെന്നറിഞ്ഞാണ് സന്താനവിപ്ലവം ഉണ്ടായത്.’

അങ്ങനെ, ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ‘സംസ്‌കൃതവത്ക്കരണ ദൗത്യ’മെന്ന ആശയം ബങ്കിം ചന്ദ്ര എല്ലാ ബോധ്യത്തോടും കൂടി ആവര്‍ത്തിക്കുകയാണ് ചെയ്തത്. ആഴത്തിലുള്ള ആത്മീയവാദം പുരാതന പൗരസ്ത്യദേശത്തിന് അനുവദനീയമാണ്. എന്നാല്‍ ആധുനികത്തെ സംബന്ധിച്ചിടത്തോളം അത് അങ്ങേയറ്റം പിന്നോക്കമാണ്. പുരോഗമിക്കണമെങ്കില്‍ അതിനെ പാശ്ചാത്യം നയിച്ചേ പറ്റു. ഈ പൗരസ്ത്യവാദനിലപാടില്‍ നിന്നാരംഭിച്ചുകൊണ്ടാണ്, കൊളോണിയലിസത്തിന്റെ വാലില്‍തൂങ്ങി അനിയന്ത്രിത അധികാരത്തിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് ബ്രാഹ്മണ്യം സ്വപ്നം കണ്ടത്. കടുത്ത ബ്രാഹ്മണ്യത്തെ കൊളോണിയല്‍ അധികാരികളുടെ ദല്ലാള്‍ പൂജയുമായി സംയോജിപ്പിച്ച് പരുവപ്പെടുത്തി. പൗരസ്ത്യരുടെ പ്രായോഗിക, ലൗകിക ജ്ഞാനം പുച്ഛത്തോടെ തള്ളികളയുന്ന കൊളോണിയല്‍ ഭാവത്തെ ഈ ദല്ലാള്‍ വീക്ഷണം യാതൊരു സംശയവും കൂടാതെ സ്വീകരിക്കുന്നത് കാണാം. കൊളോണിയല്‍ അധികാരികളെ സംബന്ധിച്ചിടത്തോളം ഇത് ബോധപൂര്‍വ്വമായിരുന്നു. കീഴടക്കപ്പെട്ട രാജ്യങ്ങളിലെ പ്രജകളുടെ മനസ്സ് കോളനിവല്‍ക്കരിക്കാന്‍ അവശ്യമായൊരു കാര്യം. ബ്രാഹ്മണ്യ പുനരുജ്ജീവനശക്തികള്‍ക്കും അത് ബോധപൂര്‍വ്വ തിരഞ്ഞെടുപ്പായിരുന്നു. ഇവരുടെ കാര്യത്തില്‍ പക്ഷെ, അടിമ ബോധത്തില്‍ നിന്നാണ് അത് ഉടലെടുത്തത്.

ബങ്കിം ചന്ദ്രയുടെ ആഖ്യാനത്തില്‍ കാണുന്ന പോലെ, ഭൗതികജ്ഞാനത്തിന്റെ കാര്യത്തില്‍ തൊട്ടടുത്ത കാലം വരെ ഈ ഉപഭൂഖണ്ഡത്തില്‍ ഉണ്ടായ വലിയ നേട്ടങ്ങള്‍ നിഷേധിക്കുന്നതുവരെ അവര്‍ എത്തി. ആ നോവല്‍ എഴുതുന്നതിന് കഷ്ടിച്ച് ഒന്നോ രണ്ടോ നൂറ്റാണ്ടു മുമ്പുവരെ ഇവിടെ ഉണ്ടായിരുന്ന വൈദഗ്ദ്ധ്യങ്ങള്‍, കലകള്‍ കരകൗശലങ്ങള്‍, ഉല്പന്നങ്ങളുടെ വിപുലമായ തരങ്ങളും ഗുണവും എല്ലാം പാശ്ചാത്യമായതിനെക്കാള്‍ എത്രയോ മെച്ചപ്പെട്ടവയായിരുന്നു. ബങ്കിം ചന്ദ്രയുടെ തലമുറക്ക് തീര്‍ച്ചയായും അറിയുന്ന കാര്യമായിരിക്കണം ഇത്. ഉപഭൂഖണ്ഡത്തിലെ സമ്പന്ന ‘ബാഹ്യ’അറിവിന്റെ കാര്യം പോട്ടെ, ആത്മീയതയുടെ കാര്യത്തിലും കൊളോണിയല്‍ അധികാരം മാധ്യസ്ഥമായി വേണമെന്നാണ് അദ്ദേഹം വാദിച്ചത്. കൊളോണിയല്‍ അധികാരത്തെ ആശ്രയിച്ചാണ് അതിന്റെ പുനര്‍സ്ഥാപനം, പുനരുജ്ജീവനം, വിഭാവനം ചെയ്തത്. മുസ്ലീം ‘അന്യത്തെ’ ഇല്ലാതാക്കുകയോ അടിച്ചമര്‍ത്തുകയോചെയ്യാന്‍, ഹിന്ദുക്കള്‍ക്കിടയില്‍ അച്ചടക്കം സ്ഥാപിക്കാന്‍, സനാതന ധര്‍മ്മത്തിന് തളിരിടുന്നതിന് അവശ്യമായ’ബാഹ്യ’അറിവ് ലഭ്യമാക്കാന്‍ എല്ലാറ്റിനും ഈ അധികാരം വേണം പോലും.

കൊളോണിയല്‍ ഭരണാധികാരത്തില്‍ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ച ആളാണ് ബങ്കിം ചന്ദ്ര. അദ്ദേഹം ഉയര്‍ത്തിപിടിച്ച വീക്ഷണങ്ങള്‍ പക്ഷെ, സമാന സാഹചര്യത്തില്‍ ഉണ്ടായിരുന്നവരില്‍ മാത്രം പരിമിതപ്പെട്ടവ ആയിരുന്നില്ല. ദല്ലാള്‍ ബുദ്ധിജീവികളുടെ പുതിയ നിരയിലെ അംഗമായിരുന്നു അദ്ദേഹം. സവര്‍ണ്ണ ജാതികളുടെ മേല്‍തട്ടില്‍ നിന്ന് വന്നവരായിരുന്നു അവരെല്ലാവരും. ബ്രിട്ടീഷ് ഭരണത്തെ അവശ്യമായി, അനുഗ്രഹമായി പോലും, അവര്‍ കരുതി. വാസ്തവത്തില്‍, രാജാ റാംമോഹന്‍ റോയിയും സമകാലികരും പ്രതിനിധീകരിച്ച, ‘ഇന്ത്യന്‍’നവോത്ഥാനം എന്ന് വിശേഷിപ്പിക്കുന്നതിന്റെ സ്ഥിര സങ്കല്പമായിരുന്നു ഇത്. അതില്‍ പല വേര്‍തിരുവുകളും തീര്‍ച്ചയായും ഉണ്ടായിരുന്നു. ബങ്കിം ചന്ദ്രയെ പോലെ ചിലരെ സംബന്ധിച്ചിടത്തോളം ബ്രാഹ്മണ്യത്തിന്റെ പുനരുജ്ജീവനത്തിന് തന്നെ ബ്രിട്ടീഷ് ഭരണം അവശ്യമായിരുന്നപ്പോള്‍ ബ്രാഹ്മണ്യത്തിന്റെ ആത്മീയ മേല്‍കൈയുടെ അപ്രമാദിത്യം ഇളക്കം തട്ടാതെ നിലനില്‍ക്കുന്നതായി മറ്റു ചിലര്‍ കരുതി. പാശ്ചാത്യ ലോകം അതില്‍ നിന്ന് പഠിക്കേണ്ടതുണ്ടായിരുന്നു. അതേസമയം പൗരസ്ത്യ ലോകം അതിന്റെ ശാസ്ത്രത്തില്‍ വിദ്യാഭ്യാസം നേടണം. ഇതായിരുന്നു അവരുടെ ധാരണ.

വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ചില മാറ്റങ്ങളുണ്ടായി. ബ്രിട്ടീഷ് ഭരണത്തിന്റെ ‘നേട്ടങ്ങളും മേന്മകളും’പുകഴ്ത്തുന്ന പണി പിന്നെയും തുടര്‍ന്നു. അതേസമയം, അധികാരത്തിന്റെ േ്രശണികളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നതിലുള്ള പ്രതിഷേധം വളര്‍ന്നു വരാനും, ‘സ്വയം ഭരണം’എന്ന ആവശ്യത്തില്‍ സമൂര്‍ത്തമാകാനും, തുടങ്ങി. സ്വാതന്ത്ര്യമായിരുന്നില്ല ഇതിന് അര്‍ത്ഥം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അകത്ത് ഡൊമീനിയന്‍ പദവിക്ക് വേണ്ടിയുള്ള ആവശ്യമായിരുന്നു അത്. ബ്രിട്ടീഷ് വിരുദ്ധ സമരത്തിലെ വിവിധ ഉപരിവര്‍ഗ്ഗ പ്രവണതകളുടെ ഒരു പൊതു നിലപാടായിട്ട് ഇത് തുടരുകയാണ് ചെയ്തത്. അവര്‍ക്കിടയിലെ ‘രണോത്സുക’വിഭാഗമായി അറിയപ്പെട്ടവര്‍ പോലും പരിമിതമായ ഈ ചട്ടകൂട്ടിനകത്ത് ഒതുങ്ങിനിന്നു. ഉദാഹരണത്തിന്, ‘സ്വരാജ് എന്റെ ജന്മാവകാശ’മാണ് എന്ന പ്രസിദ്ധ കോടതി പ്രസ്താവന നടത്തിയപ്പോള്‍ ബാല ഗംഗാധര തിളക്ക് സ്വാതന്ത്ര്യമല്ല, സ്വയം ഭരണം, അതായത് ഡൊമീനിയന്‍ പദവി, ആണ് ഉദ്ദേശിച്ചത്. അദ്ദേഹത്തിന്റെ അടുത്ത സഹപ്രവര്‍ത്തകനായിരുന്ന ലാലാ ലജ്പത് റായുടെ ‘ഇന്ത്യയുടെ രാഷ്ട്രീയ ഭാവി’എന്ന കൃതി, മോര്‍ളി, മൊണ്‍ടെഗു-ചെംസ്‌ഫോര്‍ഡ് റിപ്പോര്‍ട്ടുകളെ ആശ്രയിച്ച് ഡൊമീനിയന്‍ പദവിക്ക് വേണ്ടി വാദിച്ചു. വാസ്തവത്തില്‍ ‘സ്വാതന്ത്ര്യം’എന്നു തന്നെയാണ് ‘സ്വരാജ്’എന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം. ഉദാഹരണത്തിന് മുഗള്‍ ഭരണത്തെ തകര്‍ത്ത് ശിവജിയുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെട്ട മറാഠീ രാജ്യത്തെ ‘സ്വരാജ്’എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ദല്ലാള്‍ ബുദ്ധിജീവികളും രാഷ്ട്രീയക്കാരും ‘സ്വരാജ്’എന്ന പദത്തിന്റെ ഈ യഥാര്‍ത്ഥ അര്‍ത്ഥം ചോര്‍ത്തിക്കളഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്തിന് അകത്തുള്ള ഡൊമീനിയന്‍ പദവി, സ്വയംഭരണം,ആയി അതിനെ പൊതുമനസ്സുകളില്‍ കാലക്രമത്തില്‍ സ്ഥാപിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

‘രണോത്സുക’ചേരിയില്‍ അംഗമായിരുന്നെങ്കിലും ഠിളക്ക് നിയമവിധേയ പ്രവര്‍ത്തനങ്ങളില്‍ ഉറച്ച് നിന്നിരുന്നു. അപ്പോള്‍ സായുധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരുടെ കാര്യമൊ? നമുക്ക് വിനായക് ദാമോധര്‍ സവര്‍ക്കറുടെ ഉദാഹരണം പരിശോധിക്കാം. വിപ്ലവ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അന്തമാന്‍ ജയിലില്‍ തടവിലാക്കപ്പെട്ട വ്യക്തിയാണ് അദ്ദേഹം. 1914ല്‍ ഒന്നാം ലോക യുദ്ധം പൊട്ടിപുറപ്പെട്ടതിനേ തുടര്‍ന്ന് സവര്‍ക്കര്‍ ഗവര്‍ണര്‍ ജനറലിന് ഒരു മെമ്മറാന്‍ഡം അയക്കുന്നുണ്ട്. ബ്രിട്ടീഷുകാര്‍ അഭിമുഖീകരിക്കുന്ന കടുത്ത സാഹചര്യത്തെ ഉപയോഗപ്പെടുത്തുക, ഇതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. അതില്‍ അദ്ദേഹം ഇങ്ങനെ എഴുതി,

‘ഒരു സ്വതന്ത്ര രാഷ്ട്രം എന്ന പദവിയിലേക്ക് ഹിന്ദുസ്ഥാനെ എത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ഇപ്പോഴും അതങ്ങനെ തന്നെയാണ്. എന്നാല്‍, ഈ ലക്ഷ്യം നിറവേറ്റുന്നതിന് രക്തരൂക്ഷിത സായുധ ചെറുത്തുനില്പിന്റെ പാത തന്നെ നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ഞങ്ങള്‍ ഒരു പ്രതിജ്ഞയും എടുത്തിട്ടില്ല. മാത്രമല്ല മറ്റേതെങ്കിലും തരത്തിലുള്ള പരിഹാരം ഫലപ്രദമാകാനുള്ള സാധ്യത ഉണ്ടായിരുന്നെങ്കില്‍ ഞങ്ങള്‍ സായുധ ചെറുത്തുനില്പിന്റെ പാത സ്വീകരിക്കുമായിരുന്നില്ല… നിരവധി വംശങ്ങളേയും രാഷ്ട്രങ്ങളേയും ഒരു ഭരണത്തിനു കീഴില്‍ കൂട്ടിയോജിപ്പിക്കുന്ന ഏതൊരു സാമ്രാജ്യവും മാനവരാശിയുടെ ഐക്യം നേടുക എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഉപകാരപ്രദമായതുകൊണ്ട്, സ്വന്തം ലക്ഷ്യങ്ങള്‍ക്കുതകുന്ന തരത്തിലുള്ള സ്വാതന്ത്ര്യങ്ങള്‍ വ്യത്യസ്ത രാജ്യങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന ഒരു സാമ്രാജ്യത്തെ എതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് യാതോരു ആഗ്രഹവുമില്ല… ഇപ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യം എന്ന് വിളിക്കപ്പെടുന്നതിലുള്ള ഹിന്ദുസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ രാജ്യത്തിന് അതിന്റെ സവിശേഷതകള്‍ക്ക് അനുസരിച്ചുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുകയാണെങ്കില്‍ പ്രതിബദ്ധതയോടുകൂടി ആ സാമ്രാജ്യത്തില്‍ തുടരുക എന്നുള്ളത് ഞങ്ങള്‍ ഞങ്ങളുടെ കടമയായി കാണും. ആ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയും വിധം ഹിന്ദുസ്ഥാന്‍ രാഷ്ട്രത്തിന് എല്ലാ അധികാരങ്ങളും അടിയന്തിരമായി നല്‍കേണ്ടതാണ്. യുദ്ധസാഹചര്യം മൂലം മറ്റൊന്നും ചെയ്യാന്‍ കഴിയില്ലെങ്കില്‍ ഹിന്ദുസ്ഥാന് കൊളോണിയല്‍ സ്വയം ഭരണം നല്‍കാവുന്നതാണ്.’

തന്റെ മെമ്മറാന്‍ഡത്തില്‍ നിന്ന് ഉദ്ധരിക്കുന്നതോടൊപ്പം അതിന് പിന്നിലുണ്ടായിരുന്ന ചിന്താപ്രക്രിയ കൂടി സവര്‍ക്കര്‍ വിശദീകരിക്കുന്നുണ്ട്. ജര്‍മ്മനിയും ബ്രിട്ടനും തമ്മിലൊരു യുദ്ധമുണ്ടാവുന്നതിനായി ഏറെ കാലമായി ഉറ്റുനോക്കുകയായിരുന്നു വിപ്ലവകാരികള്‍. ജര്‍മ്മന്‍ സഹായത്തോടെ തങ്ങളുടെ ലക്ഷ്യം നിറവേറ്റാന്‍ ഇത് അവസരമൊരുക്കും എന്നവര്‍ പ്രതീക്ഷിച്ചു.ആഗ്രഹിച്ച ആ സാഹചര്യം ഒടുവില്‍ വന്നപ്പോള്‍ അത് ഉപയോഗപെടുത്താന്‍ കഴിയാത്ത വിധം തടവിലാക്കപ്പെട്ടത് അവരെ വളരെയേറെ നിരാശപ്പെടുത്തി.എങ്കില്‍ തന്നെ ആ സാഹചര്യത്തില്‍ നിന്ന് പരമാവധി നേട്ടമുണ്ടാക്കാന്‍ അദ്ദേഹവും കൂട്ടാളികളും തീരുമാനിച്ചു. പക്ഷെ, ജര്‍മ്മനിയുമായി സഖ്യത്തിലേര്‍പ്പെട്ട് യുദ്ധത്തില്‍ തുര്‍ക്കിയും പങ്കാളിയായി എന്ന വിവരം വന്നതോട് അദ്ദേഹത്തിന്റെ ചിന്തയില്‍ വലിയൊരു മാറ്റമുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകളില്‍,

‘ …ഇതുമൂലം (ഇടപ്പെടുന്നതിനായി) എന്റെ മനസ്സില്‍ ഞാന്‍ കരുതിയിരുന്ന പദ്ധതി ഞാന്‍ ആകെ മാറ്റി. തുര്‍ക്കി ഇംഗ്ലണ്ടിനെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയായി എന്ന് കേട്ടതോടെ മുസ്ലിങ്ങളുടെ രഹസ്യ പാനിസ്ലാമിക് ആഗ്രഹങ്ങള്‍ നല്ലപോലെ പരിചയമുള്ള എന്റെ മനസ്സില്‍ ഹിന്ദുസ്ഥാന് മുന്നില്‍ പ്രത്യക്ഷപ്പെട്ട വലിയൊരപകടം വളരെ പ്രകടമായി വന്നു. തുര്‍ക്കിയുടെ യുദ്ധപ്രവേശനം മൂലം ജര്‍മ്മനിയുടെ കൈ ഹിന്ദുസ്ഥാന്‍ വരെ എത്തുന്നതും ബ്രിട്ടീഷ് ഭരണത്തെ ബുദ്ധിമുട്ടിലാക്കുന്നതും സാധ്യമായിട്ടുണ്ടായിരുന്നു. ഇത് ഒരര്‍ത്ഥത്തില്‍ എന്റെ അടിയന്തിര പ്രവര്‍ത്തനപദ്ധതിക്ക് അനുകൂലമായി. കാരണം, സ്വന്തം നിലക്കു തന്നെ ഹിന്ദുസ്ഥാന്റെ ന്യായമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഈ മാറ്റങ്ങള്‍ മൂലം ഇംഗ്ലണ്ട് നിര്‍ബന്ധിക്കപ്പെടും. അതല്ലെങ്കില്‍ ഒരു ആഗ്ലോ-ജര്‍മ്മന്‍ യുദ്ധത്തിനിടയില്‍ സ്വന്തം ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഹിന്ദുസ്ഥാന് അവസരങ്ങള്‍ കിട്ടും. എന്നാല്‍, തീവ്രമായ ഏറ്റുമുട്ടലിനിടയില്‍,വെട്ടിക്കിളികളെ പോലെ റഷ്യക്കു നേരെയുള്ള മുസ്ലിം ആക്രമണം ഹിന്ദുസ്ഥാനു നേരെ തിരിയാന്‍ പ്രലോഭിതമായേക്കാം. ഹിന്ദുസ്ഥാനില്‍ നഷ്ടപ്പെട്ട മുസ്ലിം ഭരണം പുനര്‍സ്ഥാപിക്കുക എന്ന ഹിന്ദുസ്ഥാനി മുസ്ലീംങ്ങളുടെ ദുഷ്ടലാക്ക് കുറെയൊക്കെഫലിച്ചെന്നും വരാം.’

ഇതായിരുന്നു മെമ്മറാന്‍ഡത്തിനു പ്രേരണയായ ചിന്ത. . അതിന് അനുസൃതമായി, തുര്‍ക്കികളും അഫ്ഘാനികളും പോലുള്ള വിദേശ മുസ്ലിം ആക്രമണകാരികളില്‍ നിന്ന് ഹിന്ദുസ്ഥാനെ സംരക്ഷിക്കാന്‍ താനും തന്റെ സഹകാരികളും സൈന്യത്തില്‍ പങ്കാളികളാകാന്‍ സന്നദ്ധമാണ് എന്ന് സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ അറിയിച്ചു. ബ്രിട്ടീഷ് ഭരണത്തെ ഇല്ലാതാക്കുക എന്നതായിരുന്നില്ല സവര്‍ക്കറിന്റെ ദേശാഭിമാനത്തിലെ പ്രധാന വിഷയം എന്ന് വ്യക്തം. ഏതെങ്കിലും മുസ്ലീംങ്ങള്‍ ഭരണത്തില്‍ വന്നേക്കാമെന്ന വിദൂര ആശങ്കയാണ് അതിലും അപകടകരമായി പരിഗണിക്കപ്പെട്ടത്. ഒരു വിദേശ ഭരണത്തെ സ്വീകരിക്കാം, അതിനെ സംരക്ഷിക്കാം. എന്നാല്‍, ‘ഹിന്ദുസ്ഥാനി’കളായാലും കൊള്ളാം, മുസ്ലീംങ്ങളുടെ ഭരണം ഒരു കാരണവശാലും സഹിക്കാന്‍ കഴിയില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ഇതിന് ദേശാഭിമാനമായോ ദേശീയവാദവുമായോ, ഇതിന്റെയൊക്കെ അങ്ങേയറ്റം സങ്കുചിതമായ വകഭേദങ്ങളായി പോലും, യാതൊരു ബന്ധവുമില്ല. ദല്ലാള്‍വല്‍കൃത ബ്രാഹ്മണ്യ ഹിന്ദുവാദത്തിന്റെ പേപിടിച്ച വര്‍ഗീയതയാണ് നാമിവിടെ കാണുന്നത്. ബങ്കിം ചന്ദ്രയുടെ ‘സനാതനീ’സ്വപ്നങ്ങളില്‍ നിന്ന് ഇവിടം വരെയുള്ള ഇടതടവില്ലാത്ത തുടര്‍ച്ച.

ഹിന്ദുവാദികളുടെ അക്രമാസക്ത നിലപാടിനു പകരം എം.കെ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ദേശീയ കോണ്‍ഗ്രസ്സ് ബ്രാഹ്മണ്യത്തിന്റെ മയപ്പെട്ട അവതാരം ഉയര്‍ത്തികാട്ടി. സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ അദ്ദേഹവും സ്വയംഭരണ പദവിയില്‍ സംതൃപ്തനായിരുന്നു. ഈ ദല്ലാളുകളുടെ അടിമ മനോഭാവത്തെ എതിര്‍ത്ത വിപ്ലവ ദേശീയവാദികളും കമ്മ്യൂണിസ്റ്റുകളുമാണ് സ്വാതന്ത്രത്തിന്റെ മുദ്രാവാക്യമുയര്‍ത്തിയത്. സ്വാതന്ത്ര്യം എന്ന അര്‍ത്ഥം നഷ്ടപ്പെട്ടിരുന്ന ‘സ്വരാജി’ന്റെ സ്ഥാനത്ത് ‘പൂര്‍ണ്ണ സ്വരാജ്’എന്നൊരു പുതിയ പദം ആവിഷ്‌ക്കരിക്കേണ്ടിവന്നു അവര്‍ക്ക്. അങ്ങനെ മാത്രമാണ് അവര്‍ക്ക് തങ്ങളുടെ ആശയം വ്യക്തമാക്കാന്‍ കഴിഞ്ഞത്. ഇത് ബഹുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാവുകയും ഒരു ജനകീയ മുദ്രാവാക്യമായി മാറുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള വിവിധ കോണ്‍ഗ്രസേതര പ്രസ്ഥാനങ്ങളുടെ ഉയര്‍ച്ച അതിന് ശക്തി പകര്‍ന്നു. ബ്രിട്ടീഷ് വിരുദ്ധ സമരത്തിനുമേലുള്ള അധിനായകത്വം നഷ്ടപ്പെടുമെന്ന ഭീഷണി തിരിച്ചറിഞ്ഞ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും 1930ല്‍ ഈ മുദ്രാവാക്യം സ്വീകരിച്ചു.

ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നുള്ള പൂര്‍ണ്ണമായ തെറ്റിപിരിയലായിരുന്നു വിപ്ലവ ദേശീയവാദികള്‍ ആവിഷ്‌ക്കരിച്ച ‘പൂര്‍ണ്ണ സ്വരാജ്’. കമ്മ്യൂണിസ്റ്റുകള്‍ അതിനെ കൂടുതല്‍ ആഴത്തിലാക്കി. മുഴുവന്‍ സാമ്രാജ്യത്വ വ്യവസ്ഥയില്‍ നിന്നുമുള്ള വിച്ഛേദനവും നാടുവാഴിത്തത്തിന്റെ നാശവുമാണ് അവര്‍ അതുകൊണ്ട് അര്‍ത്ഥമാക്കിയത്. എന്നാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഇങ്ങനെ യാതൊരര്‍ത്ഥവും അതിന് കല്പിച്ചില്ല. വെറും അടവുപരമായ ഒരു നീക്കം മാത്രം ആയിരുന്നു അതിന് ‘പൂര്‍ണ്ണ സ്വരാജ്’. അതിന്റെ മോശം പ്രതിച്ഛായ നന്നാക്കാനും യഥാര്‍ത്ഥ ദേശീയ വിമോചനത്തിന്റെ പാതയില്‍ നിന്ന് ജനങ്ങളെ അകറ്റിനിര്‍ത്താനും മാത്രമാണ് അത് ലക്ഷ്യംവെച്ചത്.

1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായി എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും സത്യം മറ്റൊന്നാണ്. 1950കള്‍ വരെ അത് ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഒരു ഡൊമീനിയന്‍, സ്വയംഭരണ പ്രദേശം, മാത്രമായിരുന്നു. ആ കാലഘട്ടത്തിലെ സാമ്രാജ്യത്വവിരുദ്ധ, നാടുവാഴിത്ത വിരുദ്ധ സമരങ്ങളുടെ വേലിയേറ്റം ഇല്ലായിരുന്നൂവെങ്കില്‍ ഒരു പക്ഷെ അതങ്ങനെ തുടരുമായിരുന്നു. 1950ല്‍ ഒരു പരമാധികാര റിപ്പബ്ലിക്കിന്റെ പ്രഖ്യാപനം വന്നതോടെ ബ്രിട്ടീഷ് സാമ്രാജ്യത്തോടുള്ള ഔപചാരിക വിധേയത്വം അവസാനിച്ചു. എന്നാല്‍ സാമ്രാജ്യത്വ വ്യവസ്ഥക്കുമേലുള്ള അപ്രഖ്യാപിത, അപ്രത്യക്ഷ ആശ്രിതത്വം യാതൊരു മുടക്കവും കൂടാതെ ഇപ്പോഴും തുടരുകയാണ്.

(യെര്‍വഡ ജയിലിലായിരുന്നപ്പോള്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ ബ്രാഹ്മണ്യ വിമര്‍ശം എന്ന പുസ്തകത്തില്‍ നിന്ന്. പ്രസാധനം – പുസ്തക പ്രസാധക സംഘം, കോഴിക്കോട്. വില 195/-

Pusthaka Prasadhaka Sangham, An Imprint of Silence- the OSHO bookshop, Kingsway Building, Mavoor Road Junction, Kozhikode – 673 001, Kerala. e-mail:oshobookshop@gmail.com)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “വന്ദേമാതരം ദേശാഭിമാനത്തിന്റെ സാക്ഷ്യപത്രമോ?

Leave a Reply