ഊരാളുങ്കലും വാഗ്ഭടാനന്ദനും തമ്മിലെന്ത്?
നാമമാത്രമായിരുന്ന ലാഭം ലഭിച്ചിരുന്ന മുപ്പതുകളുടെ അവസാനം സൊസൈറ്റിക്കുണ്ടായിരുന്ന സാമൂഹ്യ പ്രതിബദ്ധതയെവിടെ ഇന്ന് ശതകോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുമ്പോള്‍, സൊസൈറ്റി കാണിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയെവിടെ …. ഈ മഹാമാരിയുടെ കാലത്ത് നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയൊന്നും അവകാശപ്പെടാനില്ലാത്ത ടാറ്റ പോലും കേരളത്തില്‍ കാസര്‍ഗോഡ് 60 കോടി രൂപ ചെവവഴിച്ച് ഒരു കോവിഡ് ആശുപത്രി നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിക്കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്കുള്ള സാമൂഹ്യ പ്രതിബദ്ധത നമുക്ക് കാട്ടിത്തന്നു .. യാതൊരു ടെന്ററുകളുമില്ലാതെ RCC നവീകരണത്തിന്റെ 600 കോടിയുടെ പദ്ധതി മുതല്‍ നിയമസഭാ സമുച്ചയ നവീകരണം മുതല്‍ പ്രതിവര്‍ഷം പതിനായിരക്കണക്കിന് കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം സ്വന്തം രാഷ്ട്രീയ സ്വാധീനം കൊണ്ട് കയ്യടക്കുന്ന സൊസൈറ്റി ഏതെങ്കിലും കോവിഡ് ആശുപത്രിക്ക് 10 വെന്റിലേറ്റര്‍ വാങ്ങിക്കൊടുത്തതായോ ഏതെങ്കിലും ആശുപത്രിക്ക് ഒരു ഐസൊലേഷന്‍ വാര്‍ഡ് ഉണ്ടാക്കിക്കൊടുത്തതായോ നമ്മള്‍ കേട്ടിട്ടില്ല …. ഊരാളുങ്കല്‍ സ്ഥാപിതമായ കാലത്തെ അതിന്റെ കാഴ്ചപ്പാടില്‍ നിന്ന് മുന്നോട്ടാണോ പിറകോട്ടാണോ നടന്നത് എന്ന് വെറുതെ ആലോചിച്ചു നോക്കുക …
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ഇ ഡി പരിശോധന കൊടിയുടെ നിറത്തിനനുസരിച്ച വ്യത്യസ്തമായ വായനക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുന്ന ദിവസങ്ങളായതുകൊണ്ട് ഓര്‍മ്മിച്ചുപോകുന്നു… വാഗ്ഭടാനന്ദന്‍ സ്ഥാപിച്ച മഹത്തായ സ്ഥാപനം എന്ന വാദമുയര്‍ത്തിയാണ് കേരളം ഭരിക്കുന്നവര്‍ ഊരാളുങ്കലിനെതിരായ ആരോപണങ്ങളെ പ്രാഥമികമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് … തീര്‍ച്ചയായും അത്തരം വാദങ്ങളുയര്‍ത്തി ഏതെങ്കിലും അന്വേഷണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കും മുമ്പ് വാഗ്ഭടാനന്ദന്‍ ആരായിരുന്നു ഏത് സാഹചര്യത്തിലായിരുന്നു ഈ സൊസൈറ്റി രൂപീകരണത്തിന് വാഗ്ഭടാനന്ദന്‍ പ്രേരിപ്പിക്കപ്പെട്ട് , വാഗ്ഭടാനന്ദന്റെ അതേ ഉദ്ദേശലക്ഷ്യത്തിലൂടെയാണോ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ഇന്ന് പ്രവര്‍ത്തിക്കുന്നത് എന്നും നാം പരിശോധിച്ചേ മതിയാവൂ … വാഗ്ഭടാനന്ദന്‍ ഒരു കാലത്തും ഒരു സഹകരണ കോര്‍പ്പറേറ്റ് ഉടമയായി സ്വയം അവരോധിക്കാനല്ല ഈ സൊസൈറ്റി ആരംഭിച്ചത്. കേരളത്തിലെമ്പാടും നടന്ന ജാത്യാനാചാരങ്ങള്‍ക്കെതിരെ നടത്തിയ സമരത്തിന്റെ തുടര്‍ച്ചയായാണ് വാഗ്ഭടാനന്ദന്‍ ഈ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി ആരംഭിക്കുന്നത് .. തിരുവിതാംകൂറിലും മലബാറിലുമടക്കം ഇത്തരം ജാത്യാനാചരങ്ങള്‍ക്കും അനീതിക്കുമെതിരെ സൊസൈറ്റി രൂപീകരണത്തിനു ശേഷവും അദ്ദേഹം പോരാടിക്കൊണ്ടിരുന്നിരുന്നു എന്നതും ചരിത്രത്തിന്റെ ഭാഗമാണ് ..
1936 ല്‍ ഫറോക്കിലെ ഓട് ഫാക്ടറിയില്‍ ഒരു ഹരിജന്‍ തൊഴിലാളിയെ ഫാക്ടറിയുടമ തെങ്ങോട് പിടിച്ചുകെട്ടി മര്‍ദിച്ചു കൊന്നതിനെതിരെ വാഗ്ഭടാനന്ദന്‍ നടത്തിയ ഇടപെടലുകള്‍, ഈ അക്രമത്തിനെതിരെ 10 ദിവസത്തെ നിരാഹാര സമരം നടത്തിയ കമ്യൂണിസ്റ്റ് നേതാവ് കെ.പി ഗോപാലന്‍ ഓര്‍മ്മിക്കുന്നതിങ്ങനെയാണ് .. ‘ ഫറോക്കിനെ പ്രകമ്പനം കൊള്ളിച്ച ഒരു സംഭവമായിരുന്നു അത്. നിരാഹാര വ്രതത്തെ അനുകൂലിച്ചും തൊഴിലാളികളുടെ അവകാശത്തെ പിന്താങ്ങിയും വാഗ്ഭടാനന്ദ ഗുരുദേവന്‍ അന്ന് ഫറോക്കില്‍ വച്ച് നടത്തിയ ഉജ്വല പ്രസംഗങ്ങള്‍ ഞാന്‍ ഇന്നും ഓര്‍ക്കുകയാണ് .അദ്ദേഹം നല്‍കിയ നാരങ്ങാ നീര്‍ കുടിച്ചാണ് ഞാന്‍ ഉപവാസം അവസാനിപ്പിച്ചത് ‘ . ഏതെങ്കിലും അന്വേഷണം നടക്കുമ്പോള്‍ മാത്രം വാഗ്ഭടാനന്ദനെ പരിചയാക്കുന്ന ഊരാളുങ്കല്‍ ബാലുശ്ശേരിയിലും പേരാമ്പ്രയിലുമടക്കം ഈ അടുത്ത കാലത്ത് നടന്ന ജാതി -മത അയിത്തങ്ങള്‍ക്കെതിരെ ഇടപെട്ടത് നമ്മളാരും കണ്ടിട്ടില്ല. പറഞ്ഞു വരുന്നത് , വാഗ്ഭടാനന്ദന്റെ പ്രത്യയശാസ്ത്രത്തെ ഉപേക്ഷിച്ച് നഗ്‌നമായ കച്ചവട താല്‍പ്പര്യം മാത്രം നയിക്കുന്ന ഒരു സംഘം തങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഉപയോഗിക്കുന്ന ഒരു പരിച മാത്രമാക്കി വാഗ്ഭടാനന്ദനെ മാറ്റിത്തീര്‍ക്കുന്നു എന്നാണ്..
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വാഗ്ഭടാനന്ദന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറോ പാര്‍ട്ടിയുടെ റിക്രൂട്ട്‌മെന്റ് ഏജന്‍സിയോ ഒന്നുമായിരുന്നില്ല … അദ്ദേഹം കാരക്കാട് (ഇന്നത്തെ നാദാപുരം റോഡ് ) ഊരാളുങ്കല്‍ ഐക്യ നാണയ സംഘം എന്ന പേരില്‍ 1922 ഫെബ്രുവരി 2 ന് ഒരു സഹകരണ സംഘം റജിസ്റ്റര്‍ ചെയ്തതും പിന്നീട് 1925ല്‍ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയായി പരിവര്‍ത്തിപ്പിച്ചതും സാമൂഹ്യ നവോത്ഥാന ഇടപെടലിന്റെ ഭാഗമായിട്ടായിരുന്നു.. ഒരുപക്ഷേ വടക്കന്‍ കേരളത്തില്‍ കമ്യൂണിസ്റ്റല്ലാത്ത വാഗ്ഭടാനന്ദനും കമ്യൂണിസ്റ്റായ മണ്ടോടി കണ്ണനുമൊക്കെ ഉഴുത മണ്ണില്‍ കമ്യൂണിസ്റ്റുകാര്‍ക്ക് വേരോടാന്‍ എളുപ്പമായിരുന്നു എന്ന് വായിക്കുന്നതാവും ശരി… വേര് മണ്ണിലുറച്ചു കഴിഞ്ഞാല്‍ ഉഴുതുന്ന കലപ്പ ആവശ്യമില്ലാത്ത പോലെ. എന്നാല്‍ ഒഞ്ചിയം പ്രദേശത്ത് കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് വേരോട്ടമുണ്ടാക്കാന്‍ അന്ധവിശ്വാസങ്ങളെ തുറന്നുകാട്ടാന്‍ കനലാട്ടമടക്കമുള്ള ചടങ്ങുകളില്‍ ശര്‍ക്കര (വെല്ലം) യെറിഞ്ഞ് മനുഷ്യന്റെ യുക്തിബോധത്തെ ഉണര്‍ത്താന്‍ മണ്ടോടി കണ്ണനെപ്പോലുള്ളവര്‍ നടത്തിയ ഇടപെടലുകളെ മറന്നുകളഞ്ഞ് ഉത്സവങ്ങളുടേയും ആചാരങ്ങളുടേയും സ്‌പോണ്‍സര്‍മാരായി കമ്യൂണിസ്റ്റുകാര്‍ മാറിയതും നമ്മള്‍ കണ്ടറിഞ്ഞതാണ് … വാഗ്ഭടാനന്ദന്റെയും അദ്ദേഹം രൂപീകരിച്ച സൊ സൈറ്റിയുടെയും കാര്യത്തിലും സംഭവിച്ചതും ഇതുതന്നെയാണ് …
ഇന്ന് ULCC ക്കെതിരായ ഏതെങ്കിലും നീക്കത്തെ വാഗ്ഭടാനന്ദനെയുയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ അദ്ദേഹം ജീവിച്ചിരിക്കുന്ന കാലത്ത് സംഘത്തിനുണ്ടായിരുന്ന സാമൂഹികാവബോധത്തെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.. സൊസൈറ്റിയുടെ 1938 – 39 വര്‍ഷത്തെ ലാഭത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത ( ഓര്‍മ്മിക്കുക അന്ന് ഒരു വര്‍ഷം 3000 രൂപയുടെ നിര്‍മാണ പ്രവര്‍ത്തി പോലും സംഘത്തിന് ലഭ്യമായിരുന്നില്ല ) പൊതുയോഗ തീരുമാനം നോക്കൂ. ‘ 1938-39 കൊല്ലത്തെ ലാഭത്തില്‍ നിന്ന് 1940 ജൂലൈ 18 ന് കൂടിയ പൊതുയോഗതീര്‍പ്പ് പ്രകാരം നീക്കിവെച്ച 12 ക 10 ണയും മുന്‍ കൊല്ലത്തെ ലാഭത്തില്‍ നിന്ന് പൊതുനന്മാഫണ്ടിലേക്ക് നീക്കിവെച്ച 21 ക 10 ണ യും കൂടി ആകെ 34 ക 4 ണയില്‍ പാലേരി രാഘവന്‍ എന്ന കുട്ടിക്ക് 1 കൊല്ലത്തേക്കുള്ള ഫീസ് വക 27 കയും പറമ്പത്ത് രാഘവന്‍ എന്ന കുട്ടിക്കും , അക്കരാല്‍ ഗോവിന്ദന്‍ , കുമാരന്‍ എന്നീ കുട്ടികള്‍ക്കും ബാക്കിയുള്ള സംഖ്യ പുസ്തകങ്ങള്‍ വാങ്ങേണ്ട അവശ്യത്തിലേക്ക് സമമായി ഭാഗിച്ച് കൊടുപ്പാനും തീര്‍ച്ചപ്പെടുത്തി ‘ … നമ്മളോര്‍മ്മിക്കേണ്ടത് നിലനില്‍പ്പിനുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരം സാമൂഹ്യ ഉത്തരവാദിത്വങ്ങളാണ് തങ്ങളുടെ ഉദ്ദേശ്യം എന്ന് തിരിച്ചറിഞ്ഞ പ്രവര്‍ത്തികളായിരുന്നു സംഘം അന്ന് നിര്‍വഹിച്ചുകൊണ്ടിരുന്നത് എന്നാണ്… 1943 മുതല്‍ 48 വരെ അഞ്ചു വര്‍ഷക്കാലം നഷ്ടത്തിലായിരുന്ന കമ്പനി അതിന്റെ നിലനില്‍പ്പിനായുള്ള കരുതലിനപ്പുറം സാമൂഹ്യക്ഷേമത്തിനു വേണ്ടി സ്വയം നിലനിന്ന ചരിത്രം, ഇന്ന് അറനൂറും എണ്ണൂറും കോടി മുടക്കി സൈബര്‍ പാര്‍ക്കുകളുണ്ടാക്കി ലാഭം കൊയ്യുന്ന നിക്ഷേപകരായ ഊരാളുങ്കലിന്റെ വര്‍ത്തമാനകാലത്ത് അവര്‍ക്കു പോലും ഒരു അശ്‌ളീലമായി തോന്നുന്നുണ്ടാവും ..
നാമമാത്രമായിരുന്ന ലാഭം ലഭിച്ചിരുന്ന മുപ്പതുകളുടെ അവസാനം സൊസൈറ്റിക്കുണ്ടായിരുന്ന സാമൂഹ്യ പ്രതിബദ്ധതയെവിടെ ഇന്ന് ശതകോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുമ്പോള്‍, സൊസൈറ്റി കാണിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയെവിടെ …. ഈ മഹാമാരിയുടെ കാലത്ത് നവോത്ഥാനത്തിന്റെ പിന്തുടര്‍ച്ചയൊന്നും അവകാശപ്പെടാനില്ലാത്ത ടാറ്റ പോലും കേരളത്തില്‍ കാസര്‍ഗോഡ് 60 കോടി രൂപ ചെവവഴിച്ച് ഒരു കോവിഡ് ആശുപത്രി നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിക്കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്കുള്ള സാമൂഹ്യ പ്രതിബദ്ധത നമുക്ക് കാട്ടിത്തന്നു .. യാതൊരു ടെന്ററുകളുമില്ലാതെ RCC നവീകരണത്തിന്റെ 600 കോടിയുടെ പദ്ധതി മുതല്‍ നിയമസഭാ സമുച്ചയ നവീകരണം മുതല്‍ പ്രതിവര്‍ഷം പതിനായിരക്കണക്കിന് കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം സ്വന്തം രാഷ്ട്രീയ സ്വാധീനം കൊണ്ട് കയ്യടക്കുന്ന സൊസൈറ്റി ഏതെങ്കിലും കോവിഡ് ആശുപത്രിക്ക് 10 വെന്റിലേറ്റര്‍ വാങ്ങിക്കൊടുത്തതായോ ഏതെങ്കിലും ആശുപത്രിക്ക് ഒരു ഐസൊലേഷന്‍ വാര്‍ഡ് ഉണ്ടാക്കിക്കൊടുത്തതായോ നമ്മള്‍ കേട്ടിട്ടില്ല …. ഊരാളുങ്കല്‍ സ്ഥാപിതമായ കാലത്തെ അതിന്റെ കാഴ്ചപ്പാടില്‍ നിന്ന് മുന്നോട്ടാണോ പിറകോട്ടാണോ നടന്നത് എന്ന് വെറുതെ ആലോചിച്ചു നോക്കുക …
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളം ഈ അടുത്ത കാലത്ത് നേരിട്ട രണ്ട് ദുരന്തങ്ങളാണ് പ്രളയവും കോവിഡും. അതില്‍ നവോത്ഥാന പാരമ്പര്യമൊന്നുമില്ലാത്ത കോര്‍പ്പറേറ്റുകള്‍ , കേരളത്തിന്റെ കമ്പനികളല്ലാതിരുന്നിട്ടു കൂടി എന്തുമാത്രം സഹായങ്ങള്‍ നല്‍കി എന്നു വായിക്കുമ്പോഴാണ് സാമൂഹ്യ പുരോഗതിയും അതിനാവശ്യമായ ഇടപെടലുകളും മുഖ്യലക്ഷ്യമായി പ്രഖ്യാപിച്ച ഊരാളുങ്കലിന്റെ ഇടപെടല്‍ എത്രമാത്രം ദുര്‍ബലമാണ് എന്ന് തിരിച്ചറിയുന്നത്. കേരളം നേരിട്ട പ്രളയത്തിന് കൈത്താങ്ങായി HDFC വാഗ്ദാനം ചെയ്ത (സ്‌കൂള്‍ – ആശുപത്രി പുനര്‍നിര്‍മാണത്തിന് ) 15 കോടി , ആലപ്പുഴയില്‍ തെലുങ്കാന കേന്ദ്രമായ രാമോജി ഗ്രൂപ്പ് 7 കോടി ചെലവില്‍ നിര്‍മിച്ച് നല്‍കുന്ന 120 വീടുകള്‍ , ബോബി ചെമ്മണൂര്‍ ഗ്രൂപ്പ് കല്‍പ്പറ്റ നഗരത്തില്‍ 6 കോടി രൂപ വിലമതിക്കുന്ന ഒരേക്കര്‍ ഭൂമി വീടു നഷ്ടപ്പെട്ടവര്‍ക്ക് കൈമാറിയത് , മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് വയനാട് പുത്തക്കൊല്ലി എസ്റ്റേറ്റില്‍ രണ്ടു കോടി വിലമതിക്കുന്ന ഏഴേക്കര്‍ ഭൂമി കൈമാറിയത് … മഹീന്ദ്ര & മഹീന്ദ്രയടക്കം അസംഖ്യം കോര്‍പ്പറേറ്റുകള്‍ അന്ന് നല്‍കിയ സഹായങ്ങള്‍. ഓര്‍മ്മിക്കുക ആയിരത്തി തൊള്ളായിരത്തിന്റെ ആദ്യ പാതി മുതല്‍ ലോകത്ത് ഫോര്‍ഡ് ഫൗണ്ടേഷനടക്കം തുടക്കമിട്ട കോര്‍പ്പറേറ്റ് സാമൂഹ്യ സപ്പോര്‍ട്ടിന്റെ അയലത്തുപോലും ആയിരക്കണക്കിന് കോടിയുടെ ആസ്തിയുള്ള സൈബര്‍ പാര്‍ക്കിനു മാത്രം 600 കോടി നിക്ഷേപമുള്ള ഊരാളുങ്കല്‍ സൊസൈറ്റി ഇല്ലായിരുന്നു എന്ന് നമ്മളോര്‍മ്മിക്കണം … അന്ന് പ്രളയകാലത്ത് കുറച്ചു ദിവസം ഊരാളുങ്കല്‍ അവരുടെ കുറച്ച് തൊഴിലാളികളെയും ഉപകരണങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുകൊടുത്തത് ഓര്‍മ്മിച്ചു കൊണ്ടു തന്നെ പറയട്ടെ … ദയവായി രമേശന്‍ പാലേരിയുടെ സൊസൈറ്റിക്കെതിരായ ആരോപണങ്ങളെ വാഗ്ഭടാനന്ദനെ ഉയര്‍ത്തിപ്പിടിച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കാതിരിക്കുക
ഒരൊറ്റ സംശയം കൂടി … സ്വകാര്യ മേഖലയുടെ ചൂഷണത്തില്‍ നിന്ന് ഉപഭോക്താവിനെ രക്ഷിക്കാനും സര്‍ക്കാര്‍ മേഖലയെക്കാള്‍ ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പു വരുത്തുകയുമാണല്ലോ സഹകരണ സംരഭങ്ങള്‍ അവകാശപ്പെടുന്ന വിവിധ ലക്ഷ്യങ്ങളില്‍ ഒന്ന് … കോഴിക്കോട് ജില്ലയിലെ പ്രമുഖങ്ങളായ ആശുപത്രികളില്‍ ചികിത്സക്കുള്ള ചെലവുകള്‍ വെറുതെ ഫോണ്‍ ചെയ്ത് നോക്കിയാല്‍ അവര്‍ പറഞ്ഞു തരും … ഹിസ്റ്ററക്ടമി , തൈറോയിഡക്ടമി ,റിപ്പ്ള്‍ സര്‍ജറി , അപ്പന്റിസക്ടമി തുടങ്ങി ഏതുമാവട്ടെ , കോര്‍പ്പറേറ്റ് ഉടമസ്ഥതയിലുള്ള മലബാര്‍ മെഡിക്കല്‍ കോളജോ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലോ, ഇഖ്‌റ ആശുപത്രിയോ ഈടാക്കുന്ന ചികിത്സാ ചാര്‍ജിനേക്കാള്‍ എത്രയോ മേലെയാണ് പെരിന്തല്‍മണ്ണ ഇ എം എസ് , കോഴിക്കോട് – വടകര സഹകരണ ആശുപത്രികള്‍ രോഗികളില്‍ നിന്നീടാക്കിക്കൊണ്ടിരിക്കുന്നത് . ഇനി ജീവനക്കാരുടെ ക്ഷേമം പറഞ്ഞാണ് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ഊരാളുങ്കലിന്റെ കാര്യത്തില്‍ ഇത് ശരിയായിരിക്കാം , പക്ഷേ വടകര സഹകരണ ആശുപത്രിയില്‍ ഇരുനൂറിനു മേലുള്ള നേഴ്‌സിംഗ് ജീവനക്കാരില്‍ 4 പേര്‍ മാത്രമാണ് സ്റ്റാഫ് നേഴ്‌സുമാര്‍… ബാക്കിയെല്ലാവരും 3000 മുതല്‍ 10000 രൂപക്ക് വരെ ജോലി ചെയ്യേണ്ടി വരുന്നവര്‍ … സ്വകാര്യ ആശുപത്രികള്‍ക്കു മുമ്പിലെ ശമ്പള വര്‍ദ്ധനവിനു വേണ്ടിയുള്ള സമരം നിര്‍ഭാഗ്യവശാല്‍ സഹകരണ ആശുപത്രികള്‍ക്കു മുമ്പില്‍ നടക്കാറുമില്ല , കാരണം വേലി തന്നെയാണല്ലോ വിളവുകള്‍ തിന്നുകൊണ്ടിരിക്കുന്നത്. സാധാരണ ബാങ്കുകളേക്കാല്‍ എത്രയോ വലിയ പലിശയാണ് സഹകരണ ബാങ്കുകള്‍ ഈടാക്കുന്നതെന്നും ഇതുമായി കൂട്ടിവായിക്കാം.
അവസാനമായി നമ്മുടെ ടെന്റര്‍ വ്യവസ്ഥയില്‍ ഒരു സഹകരണ സംഘത്തിനും / SSI യൂണിറ്റിനും 10% പ്രൈസ് പ്രിഫറന്‍സ് ഉണ്ടായിരിക്കണം. ലളിതമായി പറഞ്ഞാല്‍ KK ബില്‍ഡേര്‍ഡ് എന്ന സ്വകാര്യ കരാര്‍ കമ്പനി RCC നവീകരണത്തിന് 600 കോടി യുടെ പദ്ധതി സമര്‍പ്പിച്ചാല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ആ കരാര്‍ 660 കോടിക്ക് ഏറ്റെടുക്കാം … കേരളത്തിലെ പൊതു സമൂഹം ത്യജിക്കുന്ന ഈ 10% ത്തിന്റെ എത്ര പങ്ക് വാഗ്ഭടാനന്ദനു ശേഷം ഊരാളുങ്കല്‍ സൊസൈറ്റി സാമൂഹ്യ ക്ഷേമത്തിനു വേണ്ടി വിനിയോഗിക്കുന്നു എന്നുള്ളത് ഓഡിറ്റ് ചെയ്യാനുള്ള അവകാശം അതുകൊണ്ടുതന്നെ പൊതു സമൂഹത്തിനുണ്ടുതാനും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in