ഉമ്മന്‍ചാണ്ടിയും പിണറായിയും മുഖാമുഖം

ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്തി നിയമസഭാതെരഞ്ഞെടുപ്പിനെ നേരിടാനുള്ള കോണ്‍ഗ്രസ്സ് തീരുമാനത്തോടെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ആവേശഭരിതമാകുമെന്നുറപ്പായി. സംസ്ഥാനത്ത് ഏറ്റവും ജനസ്വാധിനമുള്ള നേതാക്കളാണ് പിണറായി വിജയനും ഉമ്മന്‍ചാണ്ടിയും. ഈ തീരുമാനത്തോടെ, മറ്റെല്ലാ ഘടകങ്ങളേയും മറികടന്ന്, ഇവര്‍ തമ്മിലുള്ള പോരാട്ടമായി തെരഞ്ഞെടുപ്പു പ്രചാരണം മാറുമെന്നുറപ്പ്. യുഡി്എഫ് ജയിച്ചാല്‍ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. അപ്പോഴും ഇതുവരേയും അതിനുള്ള ഏക ഉത്തരം ചെന്നിത്തല എന്നായിരുന്നെങ്കില്‍ അതുമാറിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മുഖ്യമന്ത്രിപദം പങ്കിടുമെന്നും ആദ്യപകുതി ഉമ്മന്‍ ചാണ്ടിയായിരിക്കുമെന്നു തന്നെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.

പലരും പറഞ്ഞുകേട്ടിരുന്നു എങ്കിലും ഇത്രക്ക് ശക്തമായ നീക്കം ഹൈക്കമാന്റില്‍ നിന്ന് പൊതുവില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നില്ല. ഓരോ സംസ്ഥാനവും നഷട്‌പ്പെടുമ്പോള്‍ ശക്തികേന്ദ്രമായ കേരളവും നഷ്ടപ്പെടുന്നത് നേതൃത്വത്തിന് ആലോചിക്കാന്‍ പോലും ആവാത്തതാണ്. കാലങ്ങളായി തുടരുന്ന ഭരണമാറ്റം എന്നതു ഇക്കുറി മാറുമെന്ന് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു എന്നും അതിനായി അരയും തലയും മുറുക്കിയവര്‍ രംഗത്തിറങ്ങുമെന്നും നേതൃത്വത്തിനറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോലും വിഎസ് – പിണറായി പോര് നിലനിന്നിരുന്നു എങ്കിലും ഇപ്പോള്‍ അങ്ങനെയൊന്ന് സിപിഎമ്മിലില്ല എന്നതും വ്യക്തമാണ്. കിരീടം ധരിച്ച രാജാവ് തന്നെയാണ് ഇന്ന് പിണറായി. അദ്ദേഹത്തോട് ഏറ്റുമുട്ടാന്‍ പ്രതിപക്ഷനേതാവിന്റെ കിരീടം വെച്ച ചെന്നിത്തല പോര എന്ന് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പോടെ ഹൈക്കമാന്റിനു ബോധ്യമായി. അടുത്തകാലത്തൊന്നും ഒരു സര്‍ക്കാരിനുമെതിരെ ഉണ്ടാകാത്തയത്രയും അഴിമതി ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ചെന്നിത്തല തന്നെയായിരുന്നു ്തിനു നേതൃത്വം നല്‍കിയത്. മുഖ്യമന്ത്രിയെ പോലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനായി. എന്നിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ നടത്താനായത് മോശം പ്രകടനമാണ്. മാത്രമല്ല, ഭരണത്തുടര്‍ച്ച എന്ന സ്വപ്‌നത്തിലാണ് എല്‍ഡിഎഫ്. അതിനാല്‍ തന്നെയാണ് ഗ്രൂപ്പുകള്‍ ശക്തമായിട്ടും അതിനെ തൃണവല്‍ഗണിച്ച് ഇത്രക്കു ശക്തമായ തീരുമാനമെടുക്കാന്‍ ഹൈക്കമാന്റ് നിര്‍ബന്ധിതമായത്. ജോസ് കെ മാണിയുടെ ഇടതുപക്ഷത്തേക്കുള്ള ചേക്കേറല്‍ കൂടിയായപ്പോള്‍ ചിത്രം പൂര്‍ത്തിയായി. കാലങ്ങളായി ആന്റണിയും ഉമ്മന്‍ ചാണ്ടിയും നയിക്കുന്ന കോണ്‍ഗ്രസ്സിന്റെ ഉന്നതപദവിയില്‍ കൃസ്ത്യന്‍ നാമമില്ലാതിരുന്നാല്‍ മധ്യതിരുവിതാം കൂറില്‍ തിരിച്ചടിയുണ്ടാകുമെന്നുറപ്പ്. ഇതിനെല്ലാം പുറമെയായിരുന്നു ഘടകകക്ഷികളുടെ, പ്രത്യേകിച്ച് ലീഗിന്റെ സമ്മര്‍ദ്ദം. ഇപ്പോഴും ലീഗിന് അഭിമതമാകാന്‍ ചെന്നിത്തലക്കായിട്ടില്ല. അത് ഉമ്മന്‍ചാണ്ടിതന്നെയാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത്തരമൊരു സാഹചര്യത്തിലാണ് കൂടുതല്‍ കരുത്തനായുള്ള ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവ്. മറ്റാരേയും പോലെ സിപിഎമ്മും ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല. ഇതവരേയും ഭയപ്പെടുത്തിയിട്ടുണ്ട്. അതിന്റെ പ്രതിഫലനമാണ്, മാന്യമായ രാഷ്ട്രീയപ്രവര്‍ത്തനത്തിനു യോജിക്കാത്ത രീതിയില്‍ ഉമ്മന്‍ചാണ്ടിയുടെ വരവ് വര്‍ഗ്ഗീയത വളര്‍ത്താനാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന. അതുതന്നെയാണ് ബിജെപി നേതാക്കളും പറയുന്നത്.

ഗ്രൂപ്പിസമെന്നത് കോണ്‍ഗ്രസ്സിന്റെ കൂടപ്പിറപ്പാണ്. ആന്റണിയും കരുണാകരനും തമ്മിലുള്ള ഗ്രൂപ്പിസം എത്രയോ വര്‍ഷമാണ് നിലനിന്നത്. സിപിഎമ്മിലെ വി എശ ്- പിണറായി ഗ്രൂപ്പിസത്തേക്കാള്‍ കൂടുതല്‍ കാലം. അപ്പോഴും നിര്‍ണ്ണായക സമയങ്ങളില്‍ അവരൊന്നിച്ചിരുന്നു. അതിനുശേഷം ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലുമായി ഗ്രൂപ്പിസം തുടരുന്നു. ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചാണ് ഹൈക്കമാന്റ് എന്നും തീരുമാനങ്ങള്‍ എടുക്കാറുള്ളത്. ഗ്രൂപ്പുതാല്‍പ്പര്യങ്ങള്‍ക്കായിരുന്നു പലപ്പോഴും വിജയസാധ്യതയേക്കാള്‍ പ്രാധാന്യം. ഇക്കുറി അതില്‍ മാറ്റമുണ്ടാകുമെന്നുതന്നെ ഉറപ്പിക്കാം. ഇക്കുറിയും പ്രതിപക്ഷത്തിരിക്കേണ്ടിവന്നാല്‍ അതു ശക്തിപ്പെടുത്തുക ബിജെപിയെയായരിക്കും എന്നും പിന്നീട് അധികാരമെന്നത് കിട്ടാക്കനിയാകുമെന്നും അവര്‍ക്കറിയാം. അഞ്ചുവര്‍ഷം കൂടി പ്രതിപക്ഷത്തിരിക്കാനുള്ള കരുത്ത് തങ്ങള്‍ക്കില്ലെന്നും ഹൈക്കമാന്റ് മുതല്‍ താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കെല്ലാം അറിയാം. അതിനാല്‍ തന്നെ താല്‍ക്കാലികമായെങ്കിലും ഗ്രൂപ്പുതാല്‍പ്പര്യങ്ങള്‍ മാറ്റിവെക്കാന്‍ എല്ലാവരും തയ്യാറാകുമെന്നാണ് പ്രതീക്ഷ. കെപിസിസി പ്രസിഡന്റിനു മാത്രമല്ല, പാര്‍ട്ടിയുമായി ബന്ധപ്പെട്ട രാഷ്ട്രീയകാര്യസമിതിയടക്കം എല്ലാം താല്‍ക്കാലികമായെങ്കിലും നിര്‍വ്വീര്യമാകുകയാണ്. ഇനിയെല്ലാം തീരുമാനിക്കുന്നത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള പത്തംഗ സമിതിയായിരിക്കും. അതില്‍ ഏറ്റവും പ്രമുഖരായ നേതാക്കളൊക്കെയുണ്ടെന്നത് വസ്തുതയാണ്.

സമിതിരൂപീകരണത്തിനു പുറമെ മറ്റു പല നിര്‍ണ്ണായകതീരുമാനങ്ങളും ഹൈക്കമാന്റ് എടുത്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗ്രൂപ്പ് പരിഗണന പാടില്ല. നാലു തവണയില്‍ കൂടുതല്‍ വിജയിച്ചവര്‍ മാറി നില്‍ക്കണം. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല അടക്കമുളള മുതിര്‍ന്ന നേതാക്കള്‍ക്കു മാത്രമാണ് അപവാദമാകുക. രണ്ടു പ്രാവശ്യം മത്സരിച്ച്് തോറ്റവര്‍ക്ക് ടിക്കറ്റ് നല്‍കില്ല എന്നിങ്ങനെ പോകുന്നു അത്. കഴ്ിഞ്ഞില്ല. മികച്ച പ്രതിച്ഛായയും ജനപിന്തുണയും ഉള്ളവരെ സ്ഥാനാര്‍ത്ഥികളാക്കും. എം.പിമാരെ മത്സരിപ്പിക്കില്ല. എന്നാല്‍, സ്വന്തം ലോക്സഭാ മണ്ഡലങ്ങള്‍ക്ക് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളില്‍ രണ്ട് സ്ഥാനാര്‍ത്ഥികളുടെ പേര് എം.പി മാര്‍ക്ക് നിര്‍ദേശിക്കാം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റവരെ പരിഗണിക്കില്ല. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുമ്പോള്‍ സാമുദായിക സമവാക്യം പൂര്‍ണമായും ഉറപ്പാക്കണം. യുവാക്കളുടെയും വനിതകളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തണം. ഓരോ ജില്ലയിലും ഒരു വനിതാ സ്ഥാനാര്‍ഥി വേണം. ഇതിനെല്ലാം പുറമെ കേരളത്തിലെ പാര്‍ട്ടി പുനഃസംഘടനയും ചര്‍ച്ചയായിട്ടുണ്ട്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, പാലക്കാട് ഡി.സി.സി. അധ്യക്ഷന്മാരെ മാറ്റുന്നതാണ് പ്രധാന ചര്‍ച്ചയായത്. എന്നാല്‍, ഇപ്പോള്‍ പുനഃസംഘടന വേണ്ടന്ന നിലപാടാണ് സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കുളളത്. പക്ഷേ, ഡി.സി.സി. പുനഃസംഘടനയില്‍ മാറ്റമില്ലെന്ന നിലപാടിലാണ് ദേശീയ നേതൃത്വം. ഇതിനെല്ലാം പുറമെ മുല്ലപ്പിള്ളിയെ മത്സരിപ്പിക്കാനും ജയിച്ചാല്‍ കെ സുധാകരനെ കെ പി സി സി പ്രസിഡന്റാക്കാനും നീക്കമുണ്ടെന്ന് വാര്‍ത്തയുണ്ട്. തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ആന്റണിയും രാഹുലും സജീവമായുണ്ടാകുമെന്നും തീരുമാനമുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തീര്‍ച്ചയായും സ്ഥാനാര്‍ത്ഥിമോഹികളില്‍ പലരുടേയും ചങ്കിടിപ്പിക്കുന്ന തീരുമാനങ്ങളാണിവ. എന്നാല്‍ തങ്ങളുടേത് ശക്തമായ തീരുമാനമാണ് എന്നുതന്നെയാണ് ഹൈക്കമാന്റ ്‌നല്‍കുന്ന സൂചന. ഇന്നത്തെ സാഹചര്യത്തില്‍ അതാവശ്യമാണുതാനും. തദ്ദേശതിരഞ്ഞെടുപ്പില്‍ വലിയ വിജയമൊക്കെ എല്‍ഡിഎഫ് നേടിയെങ്കിലും സൂക്ഷ്മമായ വിശകലനത്തില്‍ അത്രക്കൊന്നുമില്ല എന്നത് വ്യക്തമാണ്. ആകെ വോട്ടുകളുടെ എണ്ണത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. അതിനേക്കാള്‍ സത്യത്തില്‍ ആശങ്ക ബിജെപിയുടെ വോട്ടുവര്‍ദ്ധനയാണ്. നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആണോ യുഡിഎഫ് ആണോ ജയിക്കേണ്ടത് എന്നു ചോദിച്ചാല്‍ എല്‍ഡിഎഫ് എന്നായിരിക്കും ബിജെപി നേതാക്കള്‍ പറയുക. അതിന്റെ കാരണം വ്യക്തമാണ്. യുഡിഎഫാണ് പ്രതിപക്ഷത്തെങ്കില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ അവരെ മറികടക്കാം. എല്‍ഡിഎഫാണെങ്കില്‍ എളുപ്പമല്ല. ഇത്തവണയും പ്രതിപക്ഷത്തായാല്‍ വരുംകാലങ്ങലില്‍ കേര്‌ളത്തിലെ പ്രധാന മത്സരം എല്‍ഡിഎഫും എന്‍ഡിഎയും തമ്മിലായിരിക്കും എന്ന് യുഡിഎഫ് നേതാക്കളെല്ലാം മനസ്സിലാക്കുന്നുണ്ട്. അതിനാല്‍തന്നെ ശക്തമായ പോരാട്ടം യുഡിഎഫ് നടത്തേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് കോണ്‍ഗ്രസ്സിലെ ഈ നീക്കങ്ങള്‍ക്കു പുറകിലെന്നു വ്യക്തം. അതു ഗുണം ചെയ്യുമോ എന്നത് കാത്തിരുന്നു കാണാം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply