ട്രംപിന്റെ തീരുവായുദ്ധവും ഗ്ലോബല്‍സൗത്ത് കൂട്ടായ്മയും

 

അമേരിക്കയും പ്രസിഡന്റ് ട്രംപും ചേര്‍ന്ന് കാട്ടിക്കൂട്ടുന്ന തീരുവ വര്‍ധനവുമായി ബന്ധപ്പെട്ട വിക്രിയകള്‍ക്കെതിരായി വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ട്രംപുമായി ഉണ്ടെന്നു കൊട്ടിഘോഷിക്കപ്പെടുന്ന അടുത്ത സുഹൃത്ബന്ധം പ്രസക്തമാകുന്നത് ഇത്തരം ഒരു നിര്‍ണായക ഘട്ടത്തിലാണല്ലോ. ഇന്ത്യ അടക്കമുള്ള ‘ഗ്ലോബല്‍ സൗത്ത്’ കൂട്ടായ്മാ രാജ്യങ്ങളെല്ലാം അതി ഗുരുതരമായ വ്യാപാര പ്രതിസന്ധിയാണ് ട്രംപ് തുടക്കമിട്ടിരിക്കുന്ന തീരുവ യുദ്ധത്തെ തുടര്‍ന്ന് അഭിമുഖീകരിച്ചു വരുന്നതും. തുല്യതയിലൂന്നിയ ഒരു ലോകക്രമം യാഥാര്‍ത്ഥ്യമാക്കാന്‍ അനുയോജ്യമായ ഒരു സാമ്പത്തിക, ഭൗമ രാഷ്ട്രീയ സംവിധാനത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നതിലും തര്‍ക്കമില്ല. തീര്‍ത്തും തന്ത്രപ്രധാനമായ ഒരു നയസമീപനത്തിലൂടെയല്ലാതെ ഈ ലക്ഷ്യത്തിലെത്താനും കഴിയില്ല.

തീരുവ ആയുധമാക്കിയ ട്രംപ് ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്ന സാമ്പത്തിക യുദ്ധതന്ത്രം ലക്ഷ്യമിടുന്നത് അനിവാര്യമായ മൂന്നു കാര്യങ്ങളാണ്. ഒന്ന്, അമേരിക്കന്‍ ജനത. ട്രംപിന് അനുകൂലമായ നിലപാടുമായി രംഗത്തെത്തിയിരിക്കുന്ന ബഹുഭൂരിഭാഗം ജനതയും ഉറ്റുനോക്കുന്നത് പരമാവധി മൂലധന സ്വരൂപീകരണത്തിലൂടെ റിപബ്ലിക്കന്‍ പാര്‍ട്ടി ഉന്നം വയ്ക്കുന്ന ‘മാഗാ’- (മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍) എന്ന സ്വപ്നം സാക്ഷാത്ക്കരിക്കുക എന്നതു തന്നെയാണ്. ആഗോളവല്‍ക്കരണ പ്രക്രിയയുടെ സിരാകേന്ദ്രവും മറ്റൊന്നല്ല. ഇതോടൊപ്പം, ചെലവ് കുറഞ്ഞ മനുഷ്യാധ്വാനം, പരിസ്ഥിതിയുടെ കോളനിവല്‍ക്കരണം, ട്രിക്കിള്‍ ഡൗണ്‍ ധനശാസ്ത്രത്തിന്റെ പ്രയോഗം തുടങ്ങിയ ലക്ഷ്യങ്ങളും ഉണ്ട്. ഇതില്‍ മൂന്നാമത്തേത് യാഥാര്‍ത്ഥ്യമായി തുടരണമെങ്കില്‍ വരുമാനത്തിന്റേയും സമ്പത്തിന്റെയും വീതംവയ്പ്പ് ഒഴിവാക്കുകയും ഇവയുടെ കേന്ദ്രീകരണം- കുന്നുകൂട്ടല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുകയാണ.് ഗാന്ധിയന്‍ ധനശാസ്ത്രത്തിന്റെ പ്രധാന ന്യൂനതയായി മാര്‍ക്സിയന്‍ ധനശാസ്ത്ര ചിന്തകന്മാര്‍ ചൂണ്ടിക്കാട്ടുന്നത് ഈ ട്രിക്കിള്‍ഡൗണ്‍ സിദ്ധാന്തം തന്നെയാണ്. ഉദാരവല്‍ക്കരണ, സ്വകാര്യവല്‍ക്കരണ, ആഗോളവല്‍ക്കരണ, എല്‍പിജി ത്രിമുഖനയങ്ങള്‍ 90കളുടെ തുടക്കത്തില്‍ ഇന്ത്യയില്‍ നടപ്പാക്കിയതിനെ കമ്മ്യൂണിസ്റ്റ്- ഇടതുപക്ഷ ചിന്തകന്മാര്‍ ജനവിരുദ്ധനയങ്ങള്‍ എന്ന് വിശേഷിപ്പിച്ച് എതിര്‍ക്കാന്‍ രംഗത്ത് വന്നതും, ഇതുവഴി വരുമാനത്തിന്റെയും സ്വത്തിന്റെയും കേന്ദ്രീകരണത്തിന് ആക്കം വര്‍ദ്ധിപ്പിക്കും എന്നതിന്റെ പേരിലായിരുന്നല്ലോ. മാത്രമല്ല, ഇതേ തുടര്‍ന്ന് സാമ്പത്തിക അസമത്വങ്ങള്‍ പെരുകി കൂടുതല്‍ വഷളായിത്തീരും എന്ന വിശ്വാസത്തെ തുടര്‍ന്നുമായിരുന്നു. ഇന്ത്യയെ മാത്രമല്ല, മറ്റ് ആഗോള സൗത്ത് രാജ്യ കൂട്ടായ്മയിലെ മുഴുവന്‍ വികസ്വര രാജ്യങ്ങളെയും സമാനമായ ചിന്താധാരയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. സമ്പദ്വ്യവസ്ഥകളുടെ സമഗ്രവും സമൂലവുമായ പുനഃസംഘടനയിലൂടെ കേന്ദ്രീകൃത രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ വര്‍ഗാധിഷ്ഠിത സംവിധാനത്തില്‍ മാറ്റം വരുത്താനും കഴിയില്ല. അതേ അവസരത്തില്‍, ഈ വിധത്തിലുള്ള മാറ്റങ്ങളെ ‘ഇക്കണോമിക്ക് പോപ്പുലിസം’ എന്ന മുദ്രകുത്തി കളങ്കപ്പെടുത്താനുള്ള സാധ്യതയും വിരളമല്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ട്രംപിന്റെ ഭ്രാന്തന്‍ സാമ്പത്തിക, രാഷ്ട്രീയ നയസമീപനങ്ങള്‍ക്ക് പിന്നില്‍ ഒന്നിലേറെ കാരണങ്ങളുണ്ട്. ഒന്ന്, ഉദാരവും സ്വതന്ത്രവും തുല്യതയില്‍ ഊന്നിയതുമായൊരു സാര്‍വ്വദേശീയ ക്രമം നിലവിലിരിക്കുന്നതിന്റെ ഫലമായി ഇടുങ്ങിയ അമേരിക്കന്‍ ദേശീയ താല്‍പര്യങ്ങള്‍ക്കായിരിക്കും. തിരിച്ചടി ഏല്‍ക്കേണ്ടതായി വരുക, ഇക്കാരണത്താല്‍ തന്നെയാണ് യു എന്‍ ഏജന്‍സിയായ ലോകവ്യാപാര സംഘടനയെ ട്രംപ് നഖശിഖാന്തം വിമര്‍ശിക്കുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 30ലേറെ രാജ്യങ്ങള്‍ക്കെതിരായി വ്യാപാരവിലക്കുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിന് പുറമേ, 70 രാജ്യങ്ങള്‍ക്കുമേല്‍, തീരുവകള്‍ ചുമത്തുക വഴി ചരക്കുകളുടെയും സേവനങ്ങളുടെയും സ്വതന്ത്രമായ നീക്കങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നത.് സ്വാഭാവികമായും, ഇതേ തുടര്‍ന്ന് രാജ്യങ്ങള്‍ക്കൊന്നും ഏതെങ്കിലും വ്യാപാര ബ്ലോക്കുകളുമായിസഹകരിച്ച് പ്രവര്‍ത്തിക്കാനോ, സാര്‍വദേശീയ കരാറുകളില്‍ ഏര്‍പ്പെടാനോ, വിദേശ സഹായ സൗഹൃദകരാറുകളില്‍ ഏര്‍പ്പെടാനോ വിദേശ സഹായ സൗഹൃദ കൈമാറ്റ ഉടമ്പടിയില്‍ ഒപ്പിടാനോ, തൊഴിലാളികള്‍ക്കും മറ്റു ജീവനക്കാര്‍ക്കും കുടിയേറ്റം നടത്താനോ ഉള്ള അവസരങ്ങള്‍ കൊട്ടിയടക്കപ്പെടുകയാണ്. ചുരുക്കത്തില്‍ അമേരിക്കയുടെ ഇടുങ്ങിയ ദേശീയ സ്വാര്‍ത്ഥ താല്‍പര്യ സംരക്ഷണാര്‍ത്ഥം ഇതിനെ തുടര്‍ന്ന് 360 ഡിഗ്രി നിരോധനമാണ്, ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും മേല്‍ നിരോധന സമാനമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്നത.്

രണ്ടാമത്, തീരുവകള്‍ എന്ന സംവിധാനം യഥാര്‍ത്ഥത്തില്‍ അമേരിക്കന്‍ കോര്‍പറേറ്റ് കമ്പനികളും ഉപരിവര്‍ഗ ഉപഭോക്തൃ സമൂഹവും ഒരുക്കിയിരിക്കുന്ന ഒരു കെണി തന്നെയാണ.് ഗോള്‍ഡ്മാന്‍ സാക്സ് എന്ന പ്രമുഖ ആഗോള ഓഹരി വിപണി ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയുടെ അഭിപ്രായത്തില്‍ 70 ശതമാനം തീരുവകളുടെയും പ്രധാന ലക്ഷ്യവും മറ്റൊന്നല്ല. ഏത് വളഞ്ഞ വഴിയിലൂടെ ആയാലും അമേരിക്കയുടെ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചു നിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യണം. നിലവില്‍ അമേരിക്കയുടെ നിയന്ത്രണം ആഗോള ഡിജിപിയുടെ 26 ശതമാനം മാത്രമാണുള്ളത്. ചൈനയ്ക്കാണെങ്കില്‍ അത് 17 ശതമാനമാണ്. ഏത് സമയത്തും യുഎസിനോടൊപ്പം എത്താം. ഇതിനകം തന്നെ ചൈനീസ് ജിഡിപി, ജി സെവന്‍ രാജ്യങ്ങളുടേതിന് ഏറെക്കുറെ സമാനമായ 20-22 ശതമാനമാണ്. ഇക്കാരണത്താലാണ് അമേരിക്ക കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് സബ്സിഡി അനുവദിക്കുകയും ഏകപക്ഷീയമായ വ്യവസായിക സാങ്കേതിക കാലാവസ്ഥാവ്യതിയാന നയങ്ങള്‍ പിന്തുടരുന്നതും. ഡോളറിന്റെ സാര്‍വദേശീയ വിനിമയമാധ്യമം എന്ന പദവിക്ക് നേരിയ കോട്ടം പോലും ഇല്ലാതെ സൂക്ഷിക്കുക എന്നതിന് പുറമേ, ഡോളറിന് ബദലായി മറ്റൊരു കറന്‍സിയും ഇടം നേടരുതെന്ന് ഉറപ്പുവരുത്തുന്നതിന് നിഷ്‌കര്‍ഷത പ്രകടമാക്കുകയും ചെയ്തു വരുന്നത് സമാനമായ ഒരു ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. വഴിവിട്ട മാര്‍ഗങ്ങളിലൂടെ ഇടുങ്ങിയ ദേശീയ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിച്ചുവന്നിട്ടുള്ളതിന് ചരിത്രപരമായ ഒരു പശ്ചാത്തലവും നമുക്ക് ഉണ്ട്. വ്യാപാര സംരക്ഷണവും, ഈ ലക്ഷ്യം നേടുന്നതിന് അനുസൃതമായ ആഗോള വ്യാപാര വാണിജ്യ കരാറുകളും ഒരു പ്രത്യേക ചരിത്രകാലഘട്ടത്തില്‍ മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ മുറുകെ പിടിച്ചിട്ടുള്ളതായി നമുക്കറിയാം. സ്വന്തം ദേശീയ താല്‍പര്യങ്ങള്‍ ഏത് വിധേനയും നേടിയെടുക്കുന്നതിന് സ്വതന്ത്ര രാജ്യങ്ങളെ നിര്‍ബന്ധിതമാക്കാന്‍ അമേരിക്ക രംഗത്ത് വന്ന കാര്യം ഇന്ത്യക്കും അനുഭവപ്പെട്ടിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാതിരുന്ന ഒരു വ്യവസ്ഥയ്ക്ക് ഇന്ത്യന്‍ ഭരണകൂടം വഴങ്ങേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായി ഇന്നും തുടരുന്ന കാര്‍ഷിക മേഖലയ്ക്കുള്ള സംരക്ഷണം ത്യജിക്കാന്‍ പോലും നാം നിര്‍ബന്ധിതരാവുകയും ചെയ്തതല്ലേ? അതേ അവസരത്തില്‍ അമേരിക്കന്‍ ഭരണകൂടത്തിന് പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 350 ശതമാനം വരെയും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 200 ശതമാനം വരെയും പഴവര്‍ഗങ്ങള്‍ക്ക് 120 ശതമാനം വരെയും തീരുവകള്‍ ഏര്‍പ്പെടുത്താന്‍ നാം വഴങ്ങിക്കൊടുക്കേണ്ടി വന്നിരുന്നു. ഇന്ത്യയുടെ ടെക്സ്റ്റൈല്‍സ് വ്യവസായം, രത്നം, രത്നാഭരണ വ്യവസായങ്ങള്‍, ലോഹ വ്യവസായം തുടങ്ങിയ മേഖലകള്‍ക്കും ഇത്തരം തീരുവാ ബന്ധിത വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം അക്കാലത്ത് വ്യാഖ്യാനിക്കപ്പെട്ടിരുന്നത് സാമ്പത്തിക സാമ്രാജ്യത്വ നയങ്ങളുടെ പശ്ചാത്തലത്തിലുമാണ്. ഇതിനു സമാനമായ നയങ്ങളാണ് ഇപ്പോള്‍ ട്രംപിന്റെ ഭരണകൂടവും നമുക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ പരിശ്രമിക്കുന്നത് എന്ന് ഓര്‍ക്കുക. പഴയ സ്വഭാവസവിശേഷതകള്‍ക്ക് മരണമില്ല എന്ന് പറയുന്നത് പോലെയാണ് ഇന്നത്തെ അവസ്ഥയും എന്നര്‍ത്ഥം.

മൂന്നാമത്, തീരുവ ആയുധമാക്കിയതുവഴിയുള്ള ആക്രമണം, പ്രധാനമായും ട്രംപിയന്‍ ശൈലിയാണെങ്കിലും വ്യാവസായികവല്‍ക്കരണ പ്രക്രിയയെ എതിര്‍ദിശയിലാക്കുകയും, ചൈനയുടെ ആഗോള ആധിപത്യ പ്രവണതയ്ക്ക് തടയിടുകയും ചെയ്യുക എന്ന നടപടിയും ഒന്നിലേറെ രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ്. ഇന്ത്യക്കെതിരായ തീരുവാ യുദ്ധം ലക്ഷ്യമിടുന്നത,് റഷ്യയുടെ മേല്‍ യുക്രൈന്‍ കടന്നാക്രമണങ്ങള്‍ക്ക് വിരാമം ഇടാനുള്ള തന്ത്രം കൂടിയാണ്. ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന് റഷ്യ-യുക്രൈന്‍ യുദ്ധത്തിന് വിരാമമിടുക എന്നത്കൂടിയായിരുന്നല്ലോ. ഇതാണ് പൊതു ധാരണയെങ്കിലും യുഎസ്-റഷ്യ കൂടിയാലോചന ഈ ദിശയില്‍ നടന്നെങ്കിലും, യുക്രൈനെതിരായ ആക്രമണം പഴയപടി തുടരുകയല്ലേ? മാത്രമല്ല ഇന്നും ഇത്തരം ഒരു വിചിത്രമായ സാഹചര്യം നിലവിലിരിക്കുമ്പോള്‍ തന്നെയല്ലേ, ട്രംപിന്റെ ചൈനാ വിരുദ്ധ നിലപാട് മാറ്റമില്ലാതെ തുടരുന്നതും. ലോകസമാധാനം എന്ന പ്രഖ്യാപിത ലക്ഷ്യം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന ട്രംപിന്റെ അവകാശവാദം മിഥ്യാവാദമാണെന്ന് ഏതൊരാള്‍ക്കും ബോധ്യപ്പെടും. ട്രംപിന്റെ പ്രതീക്ഷയ്ക്കനുസരിച്ച് ആഗോളതലത്തിലുള്ള വിലപേശല്‍വേദിയില്‍, യുഎസ് ആധിപത്യം കൈവരിക്കാന്‍ ഇതുവരെയായി സാധ്യമായതുമില്ല. മാത്രമല്ല ഒരു ബഹുമുഖ ലോകക്രമത്തില്‍ റഷ്യയുടെയും ചൈനയുടെയും വിലപേശല്‍ ശക്തി അനുദിനം വര്‍ധിച്ചുവരികയുമാണ്. ഇന്ത്യയാണെങ്കില്‍ ട്രംപിസത്തിന്റെ സ്വാധീനവലയം ചുരുങ്ങിപ്പോയിരിക്കുന്ന പശ്ചാത്തലത്തില്‍ മോദി-ട്രംപ് സൗഹൃദം ഒരു പരിധിക്കപ്പുറം വളര്‍ത്തി വലുതാക്കാന്‍ താല്‍പ്പര്യപ്പെടുന്നുമില്ല. ഇന്ത്യന്‍ ഭരണകൂടം സമീപകാലത്ത് രൂപപ്പെടുത്തിയിരിക്കുന്ന ‘നിശബ്ദ നയതന്ത്രജ്ഞത’ നാളിതുവരെയായി വിജയിച്ചിരിക്കുകയുമാണ്.

യൂറോപ്യന്‍ യൂണിയനുമായും ‘ഖ്വാഡ്’ ഉന്നതതല രാജ്യ കൂട്ടായ്മയുമായും ഇന്ത്യ പുലര്‍ത്തി വരുന്ന പ്രത്യേക നയതന്ത്രബന്ധം ട്രംപ് ഭരണകൂടത്തിന് ഒട്ടുംതന്നെ സ്വീകാര്യമല്ല. എങ്കിലും ഇതില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കണമെന്ന് ട്രംപ് ആഗ്രഹിക്കുന്നുവെങ്കിലും ഈ ആഗ്രഹം തുറന്നുപറയാന്‍ യുഎസ് ഭരണകൂടം തയ്യാറാകുന്നുമില്ല. ഏതായാലും, ഒരു കാര്യം വ്യക്തമാണ്. ആഗോള ഭൗമ, രാഷ്ട്രീയ അന്തരീക്ഷത്തില്‍ രൂപപ്പെടുകയും അടിക്കടി ശക്തി പ്രാപിച്ചു വരുന്നതുമായ ‘സിസ്റ്റമിക് പ്രതിസന്ധി’ അതിവേഗം കൂടുതല്‍ സങ്കീര്‍ണമായി വരുകയാണ്. ഇതിനിടെ ഏകപക്ഷീയമായ ഏത് തീരുമാനവും ഇന്ത്യയുടേത് അടക്കമുള്ള ഒരു വികസ്വര രാജ്യ ജനാധിപത്യ ഭരണകൂടത്തിന്മേലും അടിച്ചേല്‍പ്പിക്കാന്‍ ട്രംപ് പോലും ധൈര്യപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, പിന്നിട്ട രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ള ഇന്ത്യ-യുഎസ് നയതന്ത്ര സൗഹൃദം കോട്ടം കൂടാതെ തുടര്‍ന്നും നിലനിര്‍ത്തണമെന്നുതന്നെയാണ് ട്രംപ് ഭരണകൂടത്തിന്റെയും ആഗ്രഹം. ഈ വികാരം കൂടി കണക്കിലെടുത്തായിരിക്കണം ചൈനയുമായുള്ള ചങ്ങാത്തം തുടരാന്‍ ബിജെപി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. നയതന്ത്രപരവും സാമ്പത്തികവുമായ മേഖലകളിലെ സൗഹൃദത്തോടൊപ്പം ഇന്ത്യയുടെ അതിര്‍ത്തി സംരക്ഷണവും ഉറപ്പാക്കേണ്ടതല്ലേ? സാമ്പത്തിക, വ്യാപാര മേഖലകളിലെ മത്സരം ശരിയാംവണ്ണം കൈകാര്യം ചെയ്യുന്നത് പോലെത്തന്നെ അതിര്‍ത്തിസംരക്ഷണത്തിന്റെ പേരിലുള്ള സൈനിക ഏറ്റുമുട്ടലുകളും ഒഴിവാക്കേണ്ടതല്ലേ?

തുല്യ പ്രാധാന്യമുള്ള രണ്ടാമതൊരു വാദമുള്ളത്, ട്രംപിന്റെ പ്രകോപനപരമായ തീരുവ വര്‍ദ്ധിപ്പിക്കുന്ന നടപടിക്കെതിരേ ചെറുത്തുനില്‍പ്പ് ശക്തമാക്കുക എന്നത് ദേശീയ താല്‍പര്യ സംരക്ഷണത്തിന് അനിവാര്യമാണെന്നതാണ്. കാരണം, ഇന്ത്യക്കെതിരേ അധിക ചുങ്കം എന്ന നിലയില്‍ 25 ശതമാനത്തിന് പുറമേ, പ്രതികാരചുങ്കം എന്ന നിലയില്‍ മറ്റൊരു 25 ശതമാനവും കൂടിയാണല്ലോ ട്രംപ് ചുമത്തിയിരിക്കുന്നത്. റഷ്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് പെട്രോളിയം ഇറക്കുമതി ഇന്ത്യ നിര്‍ത്തിവയ്ക്കാത്തതിനെതിരായ ട്രംപിന്റെ പ്രതികാരനടപടിയാണ് ഈ അധിക ചുങ്കം എന്ന് വ്യക്തമാണല്ലോ? അതേയവസരത്തില്‍ സമാനമായൊരു ചുങ്കം ചൈനയ്ക്കെതിരായി ട്രംപ് ചുമത്തിയിട്ടുമില്ലേ. അമേരിക്ക-ചൈന വ്യാപാരത്തില്‍ നിലവിലുള്ള കമ്മി 295 ബില്യണ്‍ ഡോളര്‍ വരുമെന്ന സ്ഥിതി നിലവിലിരിക്കുമ്പോഴുള്ള അനുഭവമാണ് ഇതെന്ന് ഓര്‍ക്കുക. മാത്രമല്ല, ചൈനയാണെങ്കില്‍ റഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും യുഎസിന്റെ നീരസം കണക്കിലെടുക്കാതെ പെട്രോളിയം ഇറക്കുമതിയും യഥേഷ്ടം തുടരുകയുമാണ്. ഇതുമാത്രമോ, രാജ്യരക്ഷയ്ക്കും സാങ്കേതികവിദ്യാ വികസനത്തിനും അനിവാര്യമായ ലോഹങ്ങളുടെയും മാഗ്നെറ്റിന്റെയും യുഎസിലേക്കുള്ള കയറ്റുമതികള്‍ക്കുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്ന ചൈനീസ് സര്‍ക്കാര്‍ നടപടി തുടരുമ്പോള്‍ തന്നെയാണ് ഇതെന്ന് ഓര്‍ക്കുക.

യുഎസ് ആവശ്യത്തോടുള്ള ചൈനീസ് നിലപാട് നിഷേധ രൂപത്തില്‍ തുടരുമ്പോഴും ഇന്ത്യ, യുഎസ് ആജ്ഞകള്‍ അക്ഷരംപ്രതി അനുസരിച്ചു വന്നതായ ചരിത്രവും നമുക്കു മുന്നിലുണ്ട്. വിശിഷ്യാ, ഇറാനില്‍ നിന്നും വെനീസുലയില്‍ നിന്നും കുറഞ്ഞ വിലയ്ക്കുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിവയ്ക്കണമെന്ന അമേരിക്കന്‍ ആവശ്യം അതേപടി ഇന്ത്യ അനുസരിച്ച അനുഭവം ചരിത്രത്തിന്റെ ഭാഗമായി നിലവിലുണ്ടല്ലോ. കൂടാതെ, അമേരിക്കന്‍ ആജ്ഞ പാലിച്ചതിന്റെ ഫലമായി പരുത്തി ഇറക്കുമതിക്കുമേല്‍ 11 ശതമാനം ചുങ്കം ഏര്‍പ്പെടുത്തുകയും നാം ചെയ്തിട്ടുണ്ട്. ഇത്തരം ചരിത്ര വസ്തുതകളും അനുഭവങ്ങളും മോദി ഭരണകൂടം എത്രനാള്‍ ഓര്‍ത്തിരിക്കുമെന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

സ്വതന്ത്ര ഇന്ത്യയുടെ ഇതഃപര്യന്തമുള്ള ചരിത്രത്തില്‍ മറ്റെല്ലാ പ്രധാനമന്ത്രിമാരും സ്വീകരിച്ചിട്ടുള്ളതിന് വിപരീതമായ ഒരു നയതന്ത്രജ്ഞതാ ശൈലി അധിഷ്ഠിത- പേഴ്സണലൈസ്ഡ് സ്റ്റൈല്‍- ആണ് നരേന്ദ്രമോദിയുടേതെന്ന് വ്യക്തമായിട്ടുള്ളതുമാണ്. ഈ ശൈലിയെ യഥാര്‍ത്ഥത്തില്‍ നയപരമായ സാഹസികതയായി വിശേഷിപ്പിക്കുന്നതായിരിക്കും ഉചിതം എന്ന് തോന്നുന്നു. വ്യക്തി അധിഷ്ഠിതമായ ഒരു ശൈലി എന്നതിലുപരി ഇതിന്റെ നടത്തിപ്പ് വിദേശവാസികളായ ഇന്ത്യക്കാര്‍ ഒരുക്കുന്ന ഇവന്റ് മാനേജ്മെന്റ് വഴിയും മറ്റുമാണെന്നതിനാല്‍ത്തന്നെ അതിലൂടെ ഒന്നും ഇന്ത്യയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹായകമായിട്ടുണ്ടെന്ന് കരുതാനാവില്ല. ഇത്തരം ഒരു നയതന്ത്ര ശൈലിയില്‍ കാലോചിതമായ മാറ്റം വരുത്തിയേ തീരൂ. വിശേഷിച്ച്, മറുവശത്ത് നിലകൊള്ളുന്നത് ഡൊണാള്‍ഡ് ട്രംപ് ആണെന്ന സാഹചര്യം നിലവിലിരിക്കെ. അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു കഴിഞ്ഞിട്ടുള്ള ഇന്ത്യന്‍ വംശജരിലെ വലതുപക്ഷ നിലപാടുകാര്‍ റിപബ്ലിക്കന്‍ ജനപ്രതിനിധികളെ പരമാവധി പ്രീണിപ്പിക്കാനും ട്രംപുമായി സൗഹൃദത്തിലാകാന്‍ ലക്ഷ്യമിട്ട ലോബിയിങ് നടത്താനും വന്‍തോതില്‍ പരിശ്രമിച്ചിരുന്നു. മോദി മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരാണെങ്കില്‍ തങ്ങളാല്‍ ആവുംവിധം സമാനമായ ദിശയില്‍ നീക്കം നടത്തിയിരുന്നതുമാണ്. ട്രംപിന്റെ വൈറ്റ് ഹൗസ് സദസ്സില്‍ മാന്യമായൊരു ഇടം നേടുക ലക്ഷ്യമാക്കി സ്വതന്ത്ര ഭാരതം പണ്ഡിറ്റ് നെഹ്റുവിന്റെയും വി കെ കൃഷ്ണമേനോന്റെയും കാലഘട്ടം മുതല്‍ കരുതലോടെ കോട്ടംതട്ടാതെ കൊണ്ടുനടന്നിരുന്ന ചേരിചേരാ വിദേശനയത്തില്‍ വെള്ളം ചേര്‍ക്കാനും മോദി പരിവാരം പരിശ്രമിക്കാതിരുന്നില്ല. എന്നാല്‍, ചൈനയും പാകിസ്താനും ഈ അവസരം മുതലെടുക്കുന്നതിന് തങ്ങള്‍ക്കിടയിലുള്ള സൗഹൃദം പൂര്‍വ്വാധികം ശക്തമാക്കാന്‍ പരിശ്രമിച്ചതോടെ ഇന്ത്യന്‍ഭരണകൂടം അപകടം മണത്തറിയുകയും സ്വയം തിരുത്തുന്നതിന് തയ്യാറാവുകയും ചെയ്തു എന്നതാണ് വസ്തുത. അപ്പോഴാണ് ട്രംപിന്റെ ഭ്രാന്തന്‍ നയം തീരുവകളുടെ രൂപത്തില്‍ ഇന്ത്യന്‍ ദേശീയ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് നേരെ ഭീഷണിയായി രൂപപ്പെടുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യയിലെ മോദി ഭരണകൂടത്തിനു മുന്നില്‍ ഇന്നത്തെ നിലയില്‍ തുറന്നു കിടക്കുന്ന ഏക രക്ഷാമാര്‍ഗം ബഹുമുഖ സ്വഭാവത്തോട് കൂടിയ പുതുതായി ഒരു ഭൗമ സാമ്പത്തിക രാഷ്ട്രീയ വാസ്തു ശില്‍പ്പത്തിന് രൂപം കൊടുക്കുക എന്നതാണ്. 2026ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പുകള്‍ ഇതില്‍ നേരിയ മാറ്റങ്ങള്‍ വരുത്താനും ഇടയുണ്ട്. അതായത്, ഇന്ത്യക്ക് സ്വീകരിക്കാന്‍ കഴിയുന്നത് ഏകധ്രുവതയോ, ഇരട്ടധ്രുവതയോ മുഖമുദ്രയാക്കിയ വിധത്തിലുള്ള ഒരു വിദേശനയ സമീപനം അല്ല, മറിച്ച് ബഹുധ്രുവതയോടു കൂടിയ ഒരു വിദേശനയമാണ്. വിവിധ സാമ്പത്തിക വളര്‍ച്ചാ നിലവാരങ്ങളും രാഷ്ട്രീയ, സാമൂഹ്യ സവിശേഷതകളുമുള്ള ലോകരാജ്യങ്ങളുമായി സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന ഒരു ‘ന്യൂഡീല്‍’ സംവിധാനത്തിന് രൂപം നല്‍കുന്നതായിരിക്കും ആശാസ്യമായിരിക്കുക. കാരണമെന്തെന്നാല്‍ നവലിബറല്‍ ആഗോളീകരണ നയസമീപനം, ദക്ഷിണ ഗ്ലോബല്‍ കൂട്ടായ്മയുടെ സുരക്ഷിത ഭാവിക്ക് ഉചിതമായിരുന്നില്ല എന്നതുതന്നെ. ഉത്തര ഗ്ലോബല്‍ രാജ്യ കൂട്ടായ്മയുടെ സവിശേഷതയായ മൂലധനത്തിന്റെയും സമ്പത്തിന്റെയും കേന്ദ്രീകരണ പ്രവണത ഒരു പരിധിക്കപ്പുറം ദേശീയ വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ പ്രതിസന്ധി സൃഷ്ടിക്കുകയായിരിക്കും ചെയ്യുക.

ഇന്ത്യയെ സംബന്ധിച്ചാണെങ്കിലും നിലനില്‍ക്കുന്ന വികസന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് സമ്പദ്വ്യവസ്ഥയില്‍ ഘടനാപരമായ അഴിച്ചുപണി അനിവാര്യം തന്നെയാണ്. ഉല്‍പ്പാദന, നിര്‍മാണ മേഖലകള്‍ നാലു പതിറ്റാണ്ടുകളിലേറെ പഴക്കമുള്ളവയാണ.് തൊഴിലില്ലായ്മയാണെങ്കില്‍, ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരിക്കുന്നു. പണപ്പെരുപ്പത്തിന്റെ സ്ഥിതിയും സമാനമാണ്. സ്വകാര്യ നിക്ഷേപം മരവിപ്പിലാണ്. പൊതുനിക്ഷേപവും ബലഹീനമായിരിക്കുന്നു. കോര്‍പറേറ്റ് മേഖലയിലെ ഓഹരി ഉടമകളുടെ ആത്മവിശ്വാസത്തകര്‍ച്ച ഗുരുതരാവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് തൃപ്തികരമായ പരിഹാരം കണ്ടെത്താതിരുന്നാല്‍ ഭാവി വികസന സാധ്യതകള്‍ക്കും അതൊരു തിരിച്ചടിയായിരിക്കും. ചുരുക്കത്തില്‍, ഗ്ലോബല്‍ സൗത്ത് കൂട്ടായ്മാ രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം പൊതുവിലും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിശേഷിച്ചും, അതി ഗുരുതരമായ ഒരു വികസന പ്രതിസന്ധിയുടെ കാലഘട്ടമാണിതെന്ന് നിസംശയം പറയാന്‍ കഴിയും. ഇത് മറികടക്കുന്നതിനുള്ള സുവര്‍ണാവസരമാണ് ട്രംപിസത്തിന്റെ സന്തതിയായ തീരുവ എന്ന ആയുധത്തിന്റെ കുന്തമുനയൊടിക്കുക എന്നത്. മോദി സര്‍ക്കാര്‍ അതില്‍ വിജയിക്കുമോ? കാത്തിരുന്ന് കാണാം.

(കടപ്പാട് മറുവാക്ക്)

(Credit – Maruvakku)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply