ട്രംപോ കമലയോ?
ഡൊണാള്‍ഡ് ട്രംപും, കമലഹാരിസും തമ്മില്‍ നടന്ന തുറന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം വെളിവാക്കപ്പെട്ടിരിക്കുന്നത് ട്രംപിന്റെ ദയനീയമായ പരാജയമാണ്.
വരുന്ന നവംബറില്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഒന്നിലേറെ കാരണങ്ങളാല്‍ നിര്‍ണായകമാണ്. ഒന്നാമത്, അമേരിക്കന്‍ ജനാധിപത്യ വ്യവസ്ഥ കടുത്ത പ്രതിസന്ധിയാണ് ഇതിലൂടെ അഭിമുഖീകരിക്കുന്നത.് ഇതോടൊപ്പം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയും പ്രതിസന്ധിയിലാകും. തുടര്‍ന്ന് അമേരിക്കന്‍ ജനത മാത്രമല്ല, ലോക ജനതയാകെത്തന്നെ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരികയും ചെയ്യും. ഇന്ത്യക്കും അതില്‍നിന്നും ഒഴിഞ്ഞുമാറാനാവില്ല. അമേരിക്കന്‍ ജനതയെ സംബന്ധിച്ചിടത്തോളം, ഈ വിധിയെഴുത്ത് വ്യത്യസ്ത രൂപത്തിലും, ഭാവത്തിലും, ആഴത്തിലുള്ള നയങ്ങള്‍, ലക്ഷ്യങ്ങള്‍, നിലപാടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലുള്ളതുമായിരിക്കും. ഇക്കുറിയും പ്രധാന മത്സരം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഇപ്പോള്‍ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് ആയിരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസും തമ്മിലാണല്ലോ. ട്രംപിന്റെ സാമ്പത്തിക നയങ്ങള്‍ അമേരിക്കന്‍ ജനതയ്ക്ക് സുപരിചിതമാണെന്നതിനാല്‍ അതേപ്പറ്റി ആവര്‍ത്തനം വേണമെന്നില്ല. എന്നാല്‍ ജോ ബൈഡന്റെ പാര്‍ട്ടിക്കാരിയാണെങ്കില്‍ തന്നെയും കമലാഹാരിസിന്റെ സാമ്പത്തിക അജണ്ട പൂര്‍ണമായി അനാവരണം ചെയ്യപ്പെടേണ്ടതയിട്ടാണ് ഇരിക്കുന്നത്. അതേസമയം തന്നെ, ഇതിന്റെ ഏകദേശ രൂപവും, ഭാവവും അമേരിക്കന്‍ സമ്മതിദായകര്‍ക്ക് ഏറെക്കുറെ സുപരിചിതവുമാണ്. ഒരു കാര്യം വ്യക്തമാണ്, കമലാ ഹാരിസിന്റെ സാമ്പത്തിക നയസമീപന രേഖയുടെ കാതല്‍ പ്രസിഡന്റ് ജോ ബൈഡന്റേതുതന്നെയായിരിക്കും. സാമ്പത്തിക മേഖലയില്‍ മത്സരം പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുക, ജീവിത ചെലവ് ചുരുക്കുക, സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുക, ദേശീയ സാമ്പത്തികാധിപത്യം നിലനിര്‍ത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യുക, സാമ്പത്തികഅസമത്വങ്ങള്‍ കുറയ്ക്കുക തുടങ്ങിയവ ഇതിന്റെ ഉള്ളടക്കങ്ങളായിരിക്കും.
ഇതില്‍നിന്നും വിരുദ്ധമായ നിലയില്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അജണ്ടയില്‍ ഊന്നല്‍ നല്‍കപ്പെടുക കൂടുതല്‍ നീതിയുക്തവും, ശക്തവും, നിലനില്‍ക്കുന്നതിന് അനുയോജ്യമായ ഒരു സമ്പദ് വ്യവസ്ഥയായിരിക്കണമെന്നില്ല. നേരെമറിച്ച്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് അജണ്ട എലോണ്‍മസ്‌ക്, പീറ്റര്‍ തിയ്യല്‍ തുടങ്ങിയ ബില്ല്യനെയര്‍മാര്‍ക്കും, കല്‍ക്കരി എണ്ണ കോര്‍പറേറ്റുകള്‍ക്കും സമ്പദ് വ്യവസ്ഥയില്‍ എന്തും ചെയ്യാനുള്ള-ബ്ലാങ്ക് ചെക്ക്- കലവറയില്ലാത്ത അവകാശമായിരിക്കും അനുവദിക്കുക. മികവാര്‍ന്ന നേതൃത്വം സാധ്യമാക്കാന്‍ അതിനനുയോജ്യമായ ലക്ഷ്യങ്ങളും, നയങ്ങളും മുന്‍കൂട്ടി രൂപപ്പെടുത്തി എടുക്കേണ്ടത് ആവശ്യമാണ്. എങ്കില്‍മാത്രമേ, അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്നതോടൊപ്പം പുതുതായി തുറന്നു കിട്ടുന്ന അവസരങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനും കഴിയുകയുള്ളൂ. ഇതു രണ്ടിനും തുല്യപ്രാധാന്യം നല്‍കേണ്ടതുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍, ബഹുജനാഭിപ്രായം തേടുന്നതിന് മുമ്പ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ തുറന്ന വാക്‌പോരിന് നിരവധി വേദികളില്‍ നേരിട്ടെത്തി ഏറ്റുമുട്ടുന്ന സംവിധാനം, അമേരിക്കയില്‍ നിലവിലിരിക്കുന്നതുപോലെ, ഏര്‍പ്പെടുത്തുക പതിവില്ലല്ലോ. അമേരിക്കയില്‍ കാലാകാലങ്ങളായി പിന്തുടര്‍ന്നുവരുന്ന ഇത്തരമൊരു പരിപാടിയിലൂടെ, വിവിധ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഒരു വിലയിരുത്തല്‍ നടത്താന്‍ വോട്ടര്‍മാര്‍ക്ക് മുന്‍കൂറായി തന്നെ കഴിയുന്നു എന്നൊരു ഗുണവുമുണ്ട്. സ്ഥാനാര്‍ത്ഥികളുടെ കഴിവുകളും, കഴിവുകേടുകളും വിലയിരുത്താനും അതിന്റെയടിസ്ഥാനത്തില്‍ ആരെ തിരഞ്ഞെടുക്കണമെന്ന് നിര്‍ണയിക്കാനും അമേരിക്കന്‍ ജനതയ്ക്ക് സാമാന്യം നീതിയുക്തമായൊരു വേദിയാണ് ഇതിലൂടെ കിട്ടുന്നത്. ഇക്കുറിയും ഈ അഭ്യാസം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഡൊണാള്‍ഡ് ട്രംപും, കമലഹാരിസും തമ്മില്‍ നടന്ന തുറന്ന വാദപ്രതിവാദങ്ങള്‍ക്ക് ശേഷം വെളിവാക്കപ്പെട്ടിരിക്കുന്നത് ട്രംപിന്റെ ദയനീയമായ പരാജയമാണ്. ട്രംപ് അധികാരത്തിലിരിക്കെ അമേരിക്കന്‍ ജനത അടക്കമുള്ള ലോക ജനതയെ കടന്നാക്രമിച്ച കോവിഡ് 19 ദുരന്തം ഫലപ്രദമായി നേരിടുന്നതില്‍ യുഎസ് ഭരണകൂടത്തിന് ഉണ്ടായ തിരിച്ചടികള്‍ക്ക് കൃത്യമായ വിശദീകരണം നല്‍കുന്നതില്‍ ഡോണാള്‍ഡ് ട്രംപ് ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. ഒരു മില്യനിലേറെ അമേരിക്കക്കാര്‍ക്കാണ് ഈ പാന്‍ഡമിക്കിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത് എന്ന വസ്തുത ആര്‍ക്കും മറച്ചുവയ്ക്കാന്‍ ആവുകയുമില്ല. ആധുനിക വൈദ്യശാസ്ത്ര വിജ്ഞാനത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ ട്രംപ് ഭരണകൂടം അമ്പെ പരാജയപ്പെടുകയായിരുന്നു. ഈ വിഷയം കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഇച്ഛാശക്തിയും പ്രായോഗിക പരിജ്ഞാനവും കമലാ ഹാരിസില്‍ അമേരിക്കന്‍ ജനത തിരിച്ചറിയുന്നുമുണ്ട്. ജീവല്‍ പ്രധാനമായ പ്രശ്‌നങ്ങള്‍ ശാസ്ത്ര വിജ്ഞാനത്തിന്റെ സഹായത്തോടെ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിന് വേണ്ടത്ര ആര്‍ജ്ജവം കമല ഹാരിസില്‍ അവര്‍ കാണുകയും ചെയ്യുന്നു. നേരെമറിച്ച് ട്രംപിന്റേത് വെറും പുറംപൂച്ചും അഹങ്കാരവും മാത്രമാണെന്ന് അമേരിക്കന്‍ ജനത തിരിച്ചറിഞ്ഞിരിക്കുകയാണ്. ആത്മാരാധനയ്ക്ക് മുന്‍തൂക്കം നല്‍കാനുള്ള വ്യഗ്രതയില്‍ ശാസ്ത്രവിജ്ഞാനത്തെ അപ്പാടെ അവഗണിക്കാനാണ് അദ്ദേഹത്തിന് താല്‍പര്യം ഏറെയുള്ളത്. യുക്തിചിന്ത എന്നത് ട്രംപിന് തീര്‍ത്തും അന്യമായ ഒന്നാണ്. അല്ലെങ്കില്‍ പിന്നെ ചൈനീസ് ഇറക്കുമതി തീരുവ നിരക്കുകള്‍ 60 ശതമാനമായി ഉയര്‍ത്തുമെന്ന ബെയ്ജിങ്ങിന്റെ വെല്ലുവിളിയോടുള്ള ട്രംപിന്റെ പ്രതികരണം മറ്റേത് വിധത്തിലാണ് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് നിരീക്ഷിക്കാന്‍ കഴിയുക? അമേരിക്കന്‍ ധനശാസ്ത്രജ്ഞന്‍ ഈ ചൈനീസ് ഭീഷണി ഗുരുതരമായ വിലക്കയറ്റത്തിലേക്കായിരിക്കും നയിക്കുക എന്ന സ്ഥിതിവിശേഷം ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതാണെന്ന് ഉപദേശം നല്‍കിയത് ട്രംപ് ചെവി കൊണ്ടില്ല. മാത്രമല്ല, അദ്ദേഹം അവകാശപ്പെട്ടത് അമേരിക്കയിലെ ഇടത്തരം വരുമാനക്കാര്‍ മുതല്‍ താഴ്ന്ന വരുമാനക്കാര്‍ വരെ ഇതു മൂലം ഉണ്ടാകുന്ന ജീവിതച്ചെലവ് ട്രംപ് നിസ്സാരമായി നേരിട്ട് കൊള്ളുമെന്നുമായിരുന്നു. മിക്കവാറും പണപ്പെരുപ്പം അനിയന്ത്രിതമായി വര്‍ദ്ധിക്കുമ്പോള്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്താന്‍ നിര്‍ബന്ധിതമാകും. തുടര്‍ന്ന് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ ഗുരുതരമായ മൂന്ന് വ്യത്യസ്ത ഭീഷണികള്‍ക്ക് ഇരയാവേണ്ടി വരും. അതായത്, താണ വളര്‍ച്ചാ നിരക്ക്, ഉയര്‍ന്ന പണപ്പെരുപ്പനിരക്ക്, ഉയര്‍ന്ന തൊഴിലില്ലായ്മാനിരക്ക്.
ട്രംപിന്റെ അഹങ്കാരവും സ്വേച്ഛാപരമായ സമീപനവും ഇവിടംകൊണ്ടും തീരുന്നില്ല. ഒരു യുഎസ് പ്രസിഡന്റും സന്നദ്ധമാകാതിരുന്ന ഒരു കടുംകൈ പ്രയോഗമാണ് റൊണാള്‍ഡ് ട്രംപ് നടത്തിയത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ തുടക്കമിട്ടു എന്നതാണത്. യുഎസ് പ്രസിഡന്റിന്റെ സാഹസികമായ ഇടപെടല്‍ സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നാളിന്നുവരെ മോചനമുണ്ടായിട്ടില്ല. സാമ്പത്തിക അനിശ്ചിതത്വം, നിക്ഷേപത്തകര്‍ച്ച, വളര്‍ച്ചയുടെ മെല്ലെപ്പോക്ക്, പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും പ്രകടമായ കുത്തനെയുള്ള കുതിപ്പ് എന്നിങ്ങനെ പോകുന്നു ട്രംപിസം സൃഷ്ടിച്ച പ്രതിസന്ധികള്‍. ഇതിനെല്ലാം ഉപരിയായി ട്രംപിന്റെ ഭരണകൂടം തുടക്കമിട്ട നികുതിനയ പരിഷ്‌കാരങ്ങള്‍ ഓഹരി വിപണികളുടെ തകര്‍ച്ചയ്ക്കും വഴിയൊരുക്കി.
2017ല്‍ ട്രംപ് ഭരണകൂടത്തിന്റെ നികുതിയിളവുകള്‍ വന്‍കിട കോര്‍പറേറ്റുകളെയും ബില്ല്യനെയര്‍മാരെയും സഹായിക്കാന്‍ ഉദ്ദേശിച്ചായിരുന്നെങ്കിലും ഫലത്തില്‍ ഇത് വിനയായി തീര്‍ന്നത് അധിക നിക്ഷേപം നടത്താന്‍ തയ്യാറായി നിന്നവര്‍ക്കും ഓഹരി ഉടമകള്‍ക്കുമായിരുന്നു. വിപണി ധനശാസ്ത്രത്തിന്റെയും രാജ്യഭരണത്തിന്റെയും ബാലപാഠം ഗ്രഹിക്കാന്‍ കൂട്ടാക്കാത്തവരും വിടുവായത്തംമാത്രം കൈമുതലായുള്ളവരുമായ ട്രംപിനെ പോലെയുള്ളവര്‍ക്ക് നിക്ഷേപ കമ്മി എന്നൊരു ആശയം പോലും അന്യമായിരിക്കാനാണ് സാധ്യത. കുതിച്ചുയരുന്ന കമ്മികളിലൂടെയുള്ള ഉല്‍പാദനേതര ചെലവ് വര്‍ദ്ധനയും, ധാരാളിത്തവും, പണപ്പെരുപ്പത്തെ കൂടുതല്‍ ഗുരുതരാവസ്ഥയില്‍ എത്തിക്കുക മാത്രമായിരിക്കും ചെയ്യുക. മാത്രമല്ല, ഇത്തരം ഒരു വികസന പ്രക്രിയ തുടരുന്ന സാഹചര്യത്തില്‍, സാമ്പത്തിക മേഖലയിലുള്ള പൊതുസ്ഥിതി നിരാശാജനകമാകുമെന്നതിന് പുറമേ സാമ്പത്തികാസമത്വങ്ങള്‍ പെരുകുകയും ചെയ്യുമെന്നാണ് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുക.
ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്, ബൈഡന്‍-ഹാരിസ് നടപ്പാക്കിവരുന്ന ശക്തമായ മത്സരപ്രോത്സാഹന നയങ്ങള്‍ പിന്‍വലിക്കും എന്നാണ്. അത്യന്തം വിപല്‍ക്കരമായ ഒരു നടപടി ആയിരിക്കും ഇത്. അസമത്വം വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ സമ്പദ് വ്യവസ്ഥയുടെ സുഗമമായ വളര്‍ച്ചയ്ക്ക് ഗുരുതരമായ പ്രതിബന്ധം സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് ആശങ്ക ഉയരുന്നത്. മത്സരത്തിന്റെ അഭാവത്തില്‍ വിപണി ശക്തികളുടെ ആധിപത്യം പതിന്മടങ്ങ് വര്‍ദ്ധിക്കും എന്നതും ഉറപ്പാക്കാവുന്നതാണ്. സാമൂഹ്യമേഖലാ നിക്ഷേപത്തില്‍ കുത്തനെ ഇടിവ് ഉണ്ടാവുകയും ഉന്നത വിദ്യാഭ്യാസ മേഖലയിലെ ചെലവേറുകയും സാധാരണ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇവിടം അപ്രാപ്യമാവുകയും ചെയ്യും. സമാന അനുഭവമായിരിക്കും ആരോഗ്യ മേഖലയിലും ഉണ്ടാവുക. ധനശാസ്ത്രത്തില്‍ നോബല്‍ സമ്മാനിതനായ ഡോക്ടര്‍ ജോസഫ് സ്റ്റിഗ്‌ലിറ്റ്‌സിനെ പോലുള്ള വിദഗ്ധന്മാര്‍ കണക്കു കൂട്ടുന്നത് 21ാം നൂറ്റാണ്ടിന്റെ വെല്ലുവിളികള്‍ ഫലപ്രദമായി അഭിമുഖീകരിക്കുന്നതിന് യുഎസ് സമ്പദ് വ്യവസ്ഥ പ്രാപ്തമാവണമെങ്കില്‍ വിവിധ സാമൂഹ്യ, വിദ്യാഭ്യാസ, ഗവേഷണ മേഖലകളില്‍ മത്സരമാണ്, വിപണി ആധിപത്യമല്ല അഭിലഷണീയമായി കാണേണ്ടതെന്നാണ്. ഇവിടെ പ്രസക്തമാകുന്നത്, ട്രംപ് ഭരണം നിലവില്‍ വരുന്ന പക്ഷം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ ദീര്‍ഘകാല വികസന താല്‍പര്യങ്ങള്‍ ബലി കൊടുക്കേണ്ടി വരുമെന്ന ആപത്ത് തന്നെയാണ്. മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയുന്ന നിഗമനം ട്രംപിന്റെ കാഴ്ചപ്പാടില്‍ ശാസ്ത്ര സാങ്കേതിക വിദ്യാ മേഖലകളിലും, ഉന്നത വിദ്യാഭ്യാസ ഗവേഷണ മേഖലകളിലും വിപണി ശക്തികള്‍ക്കാണ് ആധിപത്യം അനുവദിച്ചു കൊടുക്കേണ്ടത് എന്നാണ്. ഇന്നത്തെ നിലയ്ക്ക് മുമ്പുണ്ടായിരുന്നതില്‍ നിന്നും വ്യത്യസ്തമായ ഒരു ഘടകം കൂടി പ്രസക്തമായി കാണണം. മുന്‍ ട്രംപ് ഭരണകൂടം അധികാരത്തിലിരുന്നപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒരു ട്രംപ് വിരുദ്ധ ചേരി നിര്‍ണായക ശക്തിയായി നിലയുറപ്പിച്ചിരുന്നതാണിത്. അതുകൊണ്ട് തന്നെ നിരവധി ട്രംപിസ്റ്റ് പരിഷ്‌കാരങ്ങള്‍ സെനറ്റ് വോട്ടെടുപ്പിലൂടെ തള്ളിക്കളയപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നത്തെ സ്ഥിതി ഇതല്ല. യുഎസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഇപ്പോള്‍ ട്രംപിന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണ്. അതിലെ അംഗങ്ങളില്‍ ഭൂരിഭാഗവും ട്രംപിന്റെ ആരാധക വൃന്ദത്തിന്റെ ഭാഗമായിരിക്കുന്നു. അത്യന്തം അപകടകരമായ ഈ സ്ഥിതിവിശേഷം അമേരിക്കന്‍ ജനതയ്ക്ക് പരക്കെ ബോധ്യമാവുകയും ചെയ്തിരിക്കുന്നു.
ഇതിലേറെ അപകടസാധ്യതകള്‍ ഉളവാക്കാനിടയുള്ള ഒരു സാഹചര്യമുണ്ട്. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ റൊണാള്‍ഡ് ട്രംപ് നടത്തിയിരിക്കുന്ന ഒരു പ്രഖ്യാപനം ആണിത്. താന്‍ പ്രസിഡന്റ് പദവിയിലെത്തിയാലുടന്‍ ആഭ്യന്തര, വിദേശകാര്യങ്ങളില്‍ നിയമവാഴ്ച ലംഘിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നതാണിത്. തന്നിഷ്ടപ്രകാരം എന്തും ചെയ്യാന്‍ മടിച്ചുനില്‍ക്കാത്ത ഒരു മര്‍ക്കട മുഷ്ടിക്കാരനാണ് താനെന്ന് ഇതിനകം തന്നെ അദ്ദേഹം തെളിയിച്ചിട്ടുമുണ്ടല്ലോ. തെരുവുകച്ചവടക്കാര്‍ക്കും, കരാറുകാര്‍ക്കും ചില്ലിക്കാശുപോലും നല്‍കില്ലെന്ന പ്രഖ്യാപനം അതേപടി നടപ്പാക്കിയ ചരിത്രം നമുക്ക് മറക്കാന്‍ കഴിയുമോ? ഏത് ഹീനമാര്‍ഗം വഴിയും സ്വന്തം അധികാരം വിനിയോഗിച്ച് ആരെയും കവര്‍ച്ചയ്ക്കിരയാക്കാന്‍ ട്രംപിന് ലവലേശം മടിയില്ല. ആയുധധാരികളായി എത്തുന്ന ആക്രമണകാരികളെ പരസ്യമായി പ്രോത്സാഹിപ്പിക്കുക ട്രംപിന് ഒരു വിനോദവുമാണ്. നിയമവാഴ്ചയിലല്ല, നിയമലംഘനത്തിലാണ് ട്രംപ് ആഹ്ലാദം കണ്ടെത്തുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അമേരിക്കന്‍ ജനതയ്‌ക്കെന്നല്ല, ആധുനിക പരിഷ്‌കൃത സമൂഹത്തിലെ ആര്‍ക്കും ഈ നിലയിലുള്ള ഒരു സമീപനം സ്വീകരിക്കുക പ്രയാസമായിരിക്കും. നിയമവാഴ്ച എന്നത് അക്ഷരാര്‍ത്ഥത്തില്‍ മാത്രമല്ല അതിന്റെ സത്തയിലും അങ്ങേയറ്റം വിലമതിക്കേണ്ടുന്ന ഒന്നാണ്. സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയ്ക്കും ജനാധിപത്യ ഭരണക്രമത്തിനും സ്ഥിരത ഉറപ്പാക്കാന്‍ ഇത് നിര്‍ണായകമായ ഒരു പങ്കാണ് വഹിക്കുന്നത്. അടുത്തുതന്നെ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇതെല്ലാം ശക്തമായ സമ്മര്‍ദ്ദമായിരിക്കും ചെലുത്തുക. പ്രഫ. സ്റ്റിഗ് ലിറ്റ്‌സിന്റെ സുചിന്തിതമായ അഭിപ്രായം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയും, ജനതയും കൂടുതല്‍ ശക്തവും, സുരക്ഷിതവുമായിരിക്കുക കമലാ ഹാരിസ് തിരഞ്ഞെടുക്കപ്പെടുന്നതിനെ തുടര്‍ന്നായിരിക്കുമെന്നാണ്. ഇതെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ ഇന്നത്തെ നിലയില്‍ ട്രംപും കമലാ ഹാരിസും തമ്മില്‍ അതിശക്തമായ ഒരു പോരാട്ടമാണ് നടക്കുന്നത് എന്ന് പറയേണ്ടി വരുന്നു. എന്തും സംഭവിച്ചേക്കാം. ഇരുവരും തമ്മിലുള്ള വോട്ടിങ് ശതമാനത്തിന്റെ അന്തരം നിസ്സാരമാണ് വെറും ഒരു ശതമാനം. സാധാരണഗതിയില്‍ സാര്‍വദേശീയ രാഷ്ട്രീയ വിവാദങ്ങളില്‍ പരസ്യ നിലപാടെടുക്കാറില്ലാത്ത ഫ്രാന്‍സിസ് മാര്‍പാപ്പയും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിഷയത്തില്‍ തുറന്ന അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിട്ടുണ്ട് എന്നത് ഒരു സവിശേഷതയാണ്. മത്സരരംഗത്തുള്ള ഡൊണാള്‍ഡ് ട്രംപിന്റെയും കമലാ ഹാരിസിന്റേയും പേരുകള്‍ സൂചിപ്പിക്കാതെ ”ഈ രണ്ടു തിന്മകളില്‍ ഏറ്റവും ചെറുതിനെ തിരഞ്ഞെടുക്കണമെന്നാണ്” ജനങ്ങളോടുള്ള മാര്‍പ്പാപ്പയുടെ ആഹ്വാനം. ‘ഒരാള്‍ കുടിയേറ്റക്കാരെ തടയുകയും മറ്റേയാള്‍ കുട്ടികളെ കൊല്ലുകയുമാണ്”. രണ്ടുപേരുടെയും നിലപാടുകള്‍ ജീവന് എതിരാണ് എന്നും മാര്‍പാപ്പ തിരുമേനി പറയുന്നു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെയും കമലാഹാരിസിന്റെ ഗര്‍ഭ ഛിദ്രത്തിന് അനുകൂലമായ നിലപാടിനെയുമാണ് മാര്‍പാപ്പ വിമര്‍ശിക്കുന്നത് എന്ന് വ്യക്തമാണല്ലോ. കമലയോ ട്രംപോ ആരാണ് വിജയം അര്‍ഹിക്കുന്നതെന്ന് നല്ലപോലെ ചിന്തിച്ചതിനുശേഷം വോട്ടവകാശമുള്ള അമേരിക്കന്‍ പൗരന്മാരാണ് തീരുമാനിക്കേണ്ടതെന്നും, വോട്ടവകാശമില്ലാത്ത താന്‍ അല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ക്കുന്നു.
അടിക്കുറിപ്പ്: പുറത്തു വരേണ്ടത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിലയിരുത്തലാണ്. മോദിയ്ക്കും ട്രംപിനും പരസ്പരം വലിയ ബഹുമാനവും സ്‌നേഹവുമാണല്ലോ!
(കടപ്പാട് മറുവാക്ക്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in