നില്‍ക്കാം സജ്‌നക്കൊപ്പം
സജ്‌നയുടെ സത്യസന്ധതയെക്കുറിച്ച് ആശങ്കപ്പെടുന്ന ആളുകള്‍ അവരുടെ ഐഡന്റിറ്റിയെ റദ്ദ് ചെയ്യണമെന്ന ഉദ്ദേശത്തോടെ പല തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുന്നതായി കാണുന്നുണ്ട്. പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിനപ്പുറത്തായി നൈതികതയ്ക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് മാത്രമേ ഈ വിഷയത്തെ സമീപിക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ.
വളരെ സ്വഭാവികമായി സംഭവിച്ച അനുഭവങ്ങളുടെ പുറത്ത് സജ്നയുടെ കരയുന്ന ലൈവ് വീഡിയോ കണ്ടതുകൊണ്ടുമാത്രം അവരെ സഹായിക്കാന്‍ തയ്യാറായ ഒരു ഭൂരിപക്ഷം ഉണ്ടായിരുന്നു. സജ്‌ന പ്രതീക്ഷിച്ചതിലും കൂടുതല്‍ സഹായം ഒരുപക്ഷെ അവര്‍ക്ക് കിട്ടാന്‍ സാധ്യത ഉണ്ടായിരുന്നു എന്ന് തന്നെയിരിക്കട്ടെ, അതെങ്ങനെ വിനയോഗിക്കണമെന്ന് ചിന്തിക്കാനും ചര്‍ച്ച ചെയ്യാനുമുള്ള പരമാധികാരം അവര്‍ക്ക് മാത്രമാണ്. മുഖ്യധാര പുറം തള്ളിയ ക്യുവെര്‍ കമ്മ്യുണിറ്റി നേരിടുന്ന ഏറ്റവും അടിസ്ഥാന പ്രശ്‌നം സുരക്ഷിതമായ ഒരു ഇടമാണ്. കേരളത്തിലെ ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ ജീവിതത്തിന് എന്തുമാത്രം സ്വീകാര്യതയും സുരക്ഷിതത്വവുമാണ് ഉള്ളതെന്ന് നമുക്ക് വ്യക്തമാണ്. സര്‍ക്കാര്‍ അംഗീകാരവും സഹായവും വളരെ കുറച്ച് ആളുകളിലേക്ക് മാത്രമേ എത്തിയിട്ടുള്ളൂ. അര്‍ഹതപെട്ടവര്‍ക്ക് സര്‍ക്കാര്‍ അനൂകൂല്യങ്ങള്‍ കിട്ടാറുമില്ല. ദൃശ്യതയുള്ള വളരെ കുറച്ച് ആളുകളെയും അവരുടെ ജീവിതത്തയും മാത്രമേ സമൂഹത്തിന് പരിചയമുള്ളൂ, അവര്‍ മാത്രമേ സെലിബ്രേറ്റ് ചെയ്യപ്പെട്ടിട്ടുമുള്ളൂ. നിര്‍ഭാഗ്യവശാല്‍ അടിസ്ഥാന വര്‍ഗത്തെ അഡ്രെസ് ചെയ്യുന്ന സാമൂഹ്യ, രാഷ്ട്രീയ സാഹചര്യങ്ങളൊന്നും തന്നെ കേരളത്തിലില്ല. ദൃശ്യതയുടെ സാധ്യതകള്‍ സൗന്ദര്യമത്സരങ്ങളിലൂടെയും, കേവല സമൂഹത്തിനെ തൃപ്തിപ്പെടുത്തുന്ന ഇത്തരം ഈവെന്റുകളിലൂടെയും മാത്രമാകുന്നതാണ് കമ്മ്യുണിറ്റിയ്ക്കുള്ളില്‍ തന്നെ വികടനങ്ങള്‍ ഉണ്ടാക്കുന്നത്. തീര്‍ച്ചയായും ഈ ഒരു മേഖലയില്‍ ഏറ്റവും അസുരക്ഷിതത്വവും അസ്തിത്വ പ്രതിസന്ധിയും ട്രാന്‍സ് കമ്മ്യൂണിറ്റിക്ക് ഉണ്ടാകുമെന്നത് സത്യമാണ്. എന്നാല്‍ ക്യുവെര്‍ രാഷ്ട്രീയം ഇത്തരത്തില്‍ ചുരുങ്ങുന്നത് അപകടകരമാണ്.
ലിംഗഭേദങ്ങളിലും ലൈംഗികതയിലും ഉള്ള എല്ലാ വൈവിധ്യങ്ങളെയും ഉള്‍കൊള്ളുന്ന, അംഗീകരിക്കുന്ന ബൃഹത്തായ ഒന്നാണ് ക്യുവെര്‍ രാഷ്ട്രീയം. എന്നാല്‍ ഒരു സമുദായം മുന്നോട്ട് വെക്കുന്ന ഒരു രാഷ്ട്രീയഘടകങ്ങളോടും നീതി പുലര്‍ത്തുന്ന തരത്തിലുള്ള ചര്‍ച്ചകളല്ല സമീപത്തായി നടന്നുകൊണ്ടിരിക്കുന്നത്. കമ്മ്യൂണിറ്റിക്കു അകത്തു തന്നെ നിലനില്‍ക്കുന്ന വ്യക്തിപരവും അല്ലാതെയുമുള്ള വിദ്വേഷത്തിന്റെയും അകല്‍ച്ചയുടെയും പുറത്ത് നടക്കുന്ന എല്ലാ ചര്‍ച്ചകളും സങ്കടപ്പെടുത്തുന്നതാണ്. സജ്ന ഐഡന്റിറ്റി വെളിപ്പടുത്തുന്നതിന് മുന്‍പ് വിവാഹം കഴിച്ചിരുന്നു എന്നത് അവരുടെ ഐഡന്റിറ്റിയെ ബാധിക്കുന്ന കാര്യങ്ങളല്ല. ട്രാന്‍സ് സര്‍വ്വേ പോലും പറയുന്നു.65%ആളുകള്‍ക്കും നിര്‍ബന്ധിത വിവാഹത്തിന് വിധേയരാകേണ്ടി വന്നിട്ടുള്ളവരാണെന്ന്. കല്യാണം കഴിച്ചവര്‍ ട്രാന്‍സ് അല്ല എന്നുള്ള വാദം പോലും ക്യുവെര്‍ രാഷ്ട്രീയത്തിന് എതിരാണ്. ട്രാന്‍സിഷന്റെ സാധ്യതകള്‍ക്കൊക്കെ മുന്‍പ് പലര്‍ക്കും പല ജീവിത, സാമൂഹ്യ സാഹചര്യങ്ങളിലൂടെയും നിര്‍ബന്ധിതമായി കടന്ന് പോകണ്ടി വന്നിട്ടുണ്ടാവാം. അതിനെയും ഉള്‍കൊള്ളുന്നതാണ് ക്യുവെര്‍ രാഷ്ട്രീയം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാമൂഹികമായും രാഷ്ട്രീയമായും ഒരു പ്രസ്ഥാനം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍, നിലപാടുകള്‍ അറിഞ്ഞിരിക്കേണ്ട ബാധ്യത എല്ലാ ക്യുവെര്‍ സമുദായ അംഗങ്ങള്‍ക്കും ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ലെങ്കില്‍കൂടിയും പൊതുഇടത്തില്‍ ഉന്നയിക്കുന്ന വിഷയങ്ങളുടെ രാഷ്ട്രീയത്തെ മനസ്സിലാക്കേണ്ടത് സാമൂഹ്യപരമായി ഇടപെടുന്നവരുടെ നിര്‍ബന്ധിത ബാധ്യതയാണ്. സജ്ന തെറ്റുകാരിയാണെന്ന് തെളിയിക്കാനായി നടത്തുന്ന എല്ലാ ശ്രമങ്ങളും മുഴുവന്‍ സമുദായത്തെയും അവരുടെ നിലനിപ്പിനെയും മോശമായി ബാധിക്കാന്‍ കാരണമായിട്ടുണ്ട്. അതിനെ ശരിവെക്കാന്‍ ഇഷ്ടപെടുന്ന, കമ്മ്യുണിറ്റിയെ വികലമാക്കാന്‍ ആഗ്രഹിക്കുന്ന വലിയൊരു സദാചാര ലോകം നമുക്കിടയിലുണ്ട്.
ക്യുവെര്‍ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്ന വ്യക്തികളില്‍ നിന്നും ഉണ്ടാകുന്ന ഇത്തരം അരാഷ്ട്രീയ പ്രസ്താവനകളും നിലപാടുകളും ഒരു കമ്മ്യൂണിറ്റിയുടെ നിലനില്‍പ്പിന് ഭീഷണിയാകുമ്പോള്‍ അത് മനസിലാക്കി, നിലപാടുകള്‍ തിരുത്താന്‍ തയ്യാറാകേണ്ടതാണ്, അത് മാനുഷികമായ ധാര്‍മികതയാണ്. അതുപോലെതന്നെ,ട്രാന്‍സ്മാന്‍ കമ്മ്യൂണിറ്റിയെക്കുറിച്ച് പൊതുബോധത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന ഒരുപാട് പരാമര്‍ശങ്ങള്‍ ചില ചര്‍ച്ചകളുടെ ഭാഗമായി കണ്ടിരുന്നു.അതിലേക്ക് ചില വ്യക്തത വരുത്തുവാനും ആഗ്രഹിക്കുന്നു ട്രാന്‍സ്ജെന്‍ഡര്‍ പോളിസിക്ക് ശേഷമാണ് ട്രാന്‍സ്മാന്‍ കമ്മ്യൂണിറ്റി ദൃശ്യത വന്നത് എന്നുള്ള മനസിലാക്കല്‍ ശരിയല്ല. പോളിസിക്ക് മുന്‍പും ട്രാന്‍സ്മാന്‍ വിസിബിലിറ്റിക്കുവേണ്ടി ഒരുപാട് ട്രാന്‍സ്മാന്‍ വ്യക്തികളും സംഘടനകളും കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിച്ചിരുന്നു. എല്ലാ പരിമിതികളിലും അവര്‍ ഐഡന്റിറ്റി വെളിപ്പെടുത്തിയും അല്ലാതെയുമൊക്കെ ജീവിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ആദ്യമായി രൂപീകരിച്ച ട്രാന്‍സ്ജെന്‍ഡര്‍ സ്റ്റേറ്റ് ബോര്‍ഡില്‍ രണ്ട് ട്രാന്‍സ്മാന്‍ പ്രതിനിധികള്‍ ഉണ്ടായത്. ട്രാന്‍സ് വുമണ്‍ കമ്മ്യൂണിറ്റിയോടൊപ്പം എല്ലാ ക്യുവെര്‍ വിഭാഗവും ഉണ്ടായിരുന്നു.എന്നാല്‍ അത് അംഗീകരിക്കുന്ന ഒരു സമൂഹം നമുക്ക് ഉണ്ടായിരുന്നില്ല. സമൂഹത്തില്‍ ട്രാന്‍സ് സ്ത്രീകളെക്കാള്‍ കൂടുതല്‍ ആണധികാരത്തിന്റെ അടിച്ചമര്‍ത്തല്‍ അനുഭവിക്കുകയും അദൃശ്യമാക്കപ്പെടുകയും ചെയ്യുന്ന വിഭാഗമാണ് ട്രാന്‍സ്മാന്‍ കമ്മ്യൂണിറ്റി. ആ നിലക്ക് അവരുടെ ഐഡന്റിറ്റിയെ തെറ്റിദ്ധരിക്കാനും ട്രാന്‍സ്പുരുഷനും ട്രാന്‍സ്സ്ത്രീയും തമ്മിലുള്ള ലൈംഗികതയെ തെറ്റായ രീതിയില്‍ വ്യാഖ്യനിക്കാനും പരിഹസിക്കാനുമുള്ള സാഹചര്യങ്ങളാണ് ഇത്തരം പരാമര്‍ശങ്ങള്‍ വഴി ഉണ്ടായിട്ടുള്ളത്.അവയും തിരുത്തേണ്ടതാണ്.
സജ്ന അനുഭവിക്കേണ്ടി വരുന്ന ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം മാത്രമാണ് നില്‍ക്കാനാഗ്രഹിക്കുന്നത്.
അതോടൊപ്പം ക്യുവെര്‍ സമുദായ അംഗങ്ങള്‍ക്കിടയിലുള്ള രാഷ്ട്രീയ അജ്ഞത മാറേണ്ടതുണ്ട്. കുറച്ചുകൂടെ രാഷ്ട്രീയമായും സാമൂഹികമായും കാര്യങ്ങളെ മനസിലാക്കേണ്ടതുണ്ട് എന്നും തങ്ങള്‍ക്കിടയില്‍ തന്നെയുള്ള വിഷയങ്ങള്‍ പരിഹരിച്ച് ,ഒരു പൊതുവിചാരണക്ക് വെക്കാതെ വിഷയങ്ങളുടെ ഗൗരവം മനസിലാക്കി മുന്നോട്ട് പോകണമെന്നും പ്രത്യാശിക്കുന്നു.
(ഫേസ് ബുക്ക് പോസ്റ്റ്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in