ഇനി വരുന്നത് ‘അതിഥി’കളില്ലാത്ത കാലം…?
ഞങ്ങള്‍ പെരുമ്പാവൂരുകാര്‍ പൊതുവെ പുറത്തു നിന്നുള്ള തൊഴിലാളികളെ മൊത്തത്തില്‍ ഭായിമാര്‍ എന്നാണ് സംബോധന ചെയ്യുവാറുള്ളത്. സഹോദരന്‍ എന്ന് വ്യക്തമായി അര്‍ത്ഥം വരുന്ന ആ വിളിയില്‍ ആര്‍ക്കും തന്നെ പരാതിയുണ്ടാകുവാന്‍ ഇടയില്ല. പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്ത് ഇത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ അധിവസിക്കുന്ന കോളനിയെ നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത് ‘ഭായി കോളനി’എന്നാണ്. പായിപ്പാട് സംഭവത്തിന് ശേഷം ഇവരുടെ ആശങ്കകള്‍ പരിഹരിക്കുവാനായി ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഇവിടെ എത്തിയിരുന്നു.
ഇനിയങ്ങോട്ട് കേരളത്തിലെ തൊഴില്‍ മേഖലയില്‍ മുമ്പ് ഉണ്ടായിരുന്നത് പോലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം ഉണ്ടാകാനിടയില്ല. അങ്ങനെയെങ്കില്‍ അത്രകണ്ട് ശോഭനമാകില്ല നമ്മുടെ ഭാവി. നിങ്ങള്‍ ഞങ്ങളുടെ തൊഴിലാളികള്‍ ആണെന്നും ഞങ്ങള്‍ മുതലാളിമാരാണെന്നുമുള്ള മലയാളിയുടെ തനത് അഹങ്കാരങ്ങള്‍ക്ക് അവധി നല്‍കാന്‍ സമയമായി. അവര്‍ വരുത്തന്മാരും നമ്മള്‍ നാടിന്റെ മക്കളും ഭൂമിയുടെ അവകാശികളുമൊക്കെയാണെന്ന വേര്‍ തിരിവിന് പ്രത്യേകിച്ച് സ്ഥാനമൊന്നും ഉണ്ടാകാനിടയില്ല – പെരുമ്പാവൂര്‍ സ്വദേശിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ വി ആര്‍ രാജ്‌മോഹന്‍ എഴുതുന്നു.
ഫെഡറല്‍ സബ്രദായം നിലനില്‍ക്കുന്ന ഇന്ത്യയെ പോലെ ഒരുരാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുകയെന്നത് ഭരണഘടനാ പരമായി തന്നെ അനുവദനീയമാണ്.സ്വാതന്ത്ര പ്രാപ്തിക്ക് മുമ്പ്തന്നെ ജീവിത സന്ധാരണത്തിനായി ആളുകള്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ഒറ്റക്കും കുടുംബത്തോടെയും എത്തിപ്പെടുകയും അവിടങ്ങളില്‍ തൊഴിലെടുത്ത് ജീവിക്കുകയും ചെയ്തു പോരുന്നുണ്ട്. തന്നെയുമല്ല പലരും അങ്ങിനെ എത്തപ്പെടുന്ന പരദേശങ്ങളെ തങ്ങളുടെ ജന്മദേശത്തേക്കാള്‍ പ്രിയപ്പെട്ടതായി കണക്കാക്കുകയും അവിടങ്ങളില്‍ ഭൂമി സമ്പാദിച്ച് ശേഷകാലം അവിടത്തുകാരായി മാറുകയും ചെയ്യുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല.ലോകത്തിന്റെ ഏത് കോണിലും ചെല്ലുന്ന മലയാളി അപ്രകാരം ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിലും തൊഴില്‍ തേടിയും വ്യാപാര ആവശ്യാര്‍ത്ഥവും എത്തുകയും പിന്നീട് അവിടെ തന്നെ സ്ഥിരതാമസമാക്കുകയും പതിവാണ്.അതില്‍ അഷ്ടിക്ക് വകയില്ലാത്ത ദരിദ്രനാരായണന്മാരും ഇടത്തരക്കാരും അതിസമ്പന്നരുമൊക്കെയുണ്ടാകും. ഒരുപക്ഷെ കാശ്മീരിലും മറ്റും നിലനിന്നിരുന്ന സവിശേഷ നിയമങ്ങളില്ലായിരുന്നെങ്കില്‍ മലയാളി അവിടെ സ്ഥലം വാങ്ങുമായിരുന്നു. എന്നാല്‍ പുതിയ ഭരണഘടനാ ഭേദഗതിയിലൂടെ അതില്‍ മാറ്റം വന്നുകാണാനുമിടയുണ്ട്. പറഞ്ഞ് വരുന്നത് അതേക്കുറിച്ചല്ല. മറിച്ച് കേരളത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നതിനെ കുറിച്ചാണ്.
ഒരു പക്ഷെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ അത്ര തന്നെയാളുകള്‍ എത്തിപ്പെടാന്‍ സാധ്യത കുറവാണ്. അതിന് മുഖ്യമായ കാരണം ഭൂമി ശാസ്ത്രപരമായി കേരളം രാജ്യത്തിന്റെ ഏറ്റവും തെക്കേയറ്റത്ത് കിടക്കുന്നുവെന്ന ഒറ്റക്കാരണത്താല്‍ എത്തിപ്പെടുവാന്‍ തന്നെയുള്ള പ്രയാസം തന്നെയായിരുന്നു. അതേ സമയം സമീപ സംസ്ഥാനങ്ങളായ കര്‍ണാടകത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിയാളുകള്‍ കേരളത്തെ തങ്ങളുടെ പ്രവൃത്തിമണ്ഡലമാക്കിയിട്ടുണ്ട് താനും. തമിഴ്‌നാട്ടില്‍ നിന്ന് അങ്ങനെ വിവിധമതങ്ങളിലും ജാതികളിലും പെട്ടവര്‍ പലവിധകാരണങ്ങളാല്‍ കേരളത്തില്‍ എത്തി ഇവിടത്തുകാരായി മാറിയതിന് അനവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.
തമിഴ്, കന്നട ബ്രാഹ്മണര്‍ മതപരമായി തങ്ങള്‍ക്ക് കാലാകാലങ്ങളായി തങ്ങള്‍ക്ക് അനുവദിച്ച് തന്നിട്ടുള്ള ബ്രാഹ്മണ്യത്തിന്റെ പിന്‍ബലത്തില്‍ പൂജാദികാര്യങ്ങളുമായി ബന്ധപ്പെട്ട് പൗരോഹിത്യത്തിന്റെ ഭാഗമായി കേരളത്തില്‍ എത്തിച്ചേരുകയും ഒടുവില്‍ കേരളത്തിന്റെ മക്കളായി ഇവിടെ നിലകൊള്ളുകയും സാമൂഹിക,സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം ശക്തി തെളിയിച്ച് എല്ലാരംഗങ്ങളിലും മുന്‍ പന്തിയില്‍ എത്തുകയും ചെയ്ത കാര്യം എല്ലാവര്‍ക്കും പൊതുവെ അറിവുള്ളതാണ്. തൃശൂര്‍, പാലക്കാട്, ഇടുക്കി, കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളിലെ പ്രബല വിഭാഗമായ മുസ്ലീം സമുദായത്തിലെ റാവുത്തര്‍മാരുടെ വേരുകള്‍ തമിഴ്‌നാട്ടിലാണ്. നേരത്തെ ചൂണ്ടിക്കാണിച്ചത് പോല ഈവിഭാഗത്തില്‍ പെട്ടവരും സ്വത്വബോധം നിലനിര്‍ത്തിക്കൊണ്ട് തന്നെ കേരളത്തിന്റെ മുഖ്യധാരയില്‍ ശക്തമായി നിലകൊള്ളുകയാണ്.
തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രമുഖ സമുദായമായ എഴുത്തച്ഛന്മാരുടെ വേരുകള്‍ ആന്ധ്രയില്‍ നിന്നുമാണ്. തിരുവനന്തപുരത്തെ നിര്‍ണായക വോട്ട് ബാങ്ക് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നാടാര്‍ സമുദായത്തിന്റെ വേരുകള്‍ ഇതേ പോലെ തന്നെ തമിഴ്‌നാട്ടിലാണ്. ഈ ലേഖകെന്റ സ്വദേശമായ പെരുമ്പാവൂരില്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ നിന്നുള്ള ചെട്ടിയാര്‍ സമുദായത്തില്‍ നിന്നുള്ള ധാരാളം പേരുണ്ടായിരുന്നു. ഒരുപക്ഷെ ജനസംഖ്യയില്‍ അത്ര നിര്‍ണായകമൊന്നുമായിരുന്നില്ലെങ്കിലും അവര്‍ പെരുമ്പാവൂരിന്റെ ഭാഗമായി നിലകൊണ്ടു. കാരണം മറ്റൊന്നുമല്ല ട്രയോണ്‍സ് അഥവാ ദി ട്രാവണ്‍കൂര്‍ റയോണ്‍സ് എന്ന വലിയ വ്യവ സായശാല തന്നെ. സര്‍ സി.പിരാമസ്വാമി അയ്യരുടെ കാലത്ത് അദ്ദേഹം തിരുവിതാംകൂറില്‍ കൊണ്ട് വന്ന പ്രമുഖ വ്യവസായ സ്ഥാപനങ്ങളില്‍ ഒന്ന് മാത്രമാണ് റയോണ്‍സ്. ദീര്‍ഘവീക്ഷണമുള്ള സി.പിയും അത് പോലെ തന്നെ വ്യവസായ മേഖലയിലെ മുടിചൂടാമന്നനായ ചിദംബരന്‍ ചെട്ടിയാര്‍ എന്ന അതുല്യ പ്രതിഭയായിരുന്നു റയോണ്‍സിന്റെ സ്ഥാപകന്‍.ഇന്ന് പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും അദ്ദേഹമാണ് സ്ഥാപിച്ചത്. ഒരു പക്ഷെ കേരളത്തിലെ ആദ്യ ഐ.ഒ.ബി ശാഖയും പെരുമ്പാവൂരിലായിരിക്കും. അന്ന് നിരവധി തമിഴ്‌നാട്ടുകാരാണ് പ്രത്യേകിച്ചും ചെട്ടിയാര്‍സമുദായത്തില്‍ പെട്ട നിരവധി പേരാണ് പെരുമ്പാവൂരില്‍ ജോലിക്കായി എത്തിയത്. ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരിക്കുവാനുണ്ടെങ്കിലും കാര്യത്തിലേക്ക് കടക്കാം. റയോണ്‍സ്‌കമ്പനി പൂട്ടി ദശകങ്ങളായെങ്കിലും ഇന്നും തമിഴ്‌നാട്ടിലെ വിവിധ ജില്ലകളില്‍ നിന്നും ഉദ്യോഗാര്‍ത്ഥം പെരുമ്പാവൂരിലെത്തിയ പലരും നാട്ടിലേക്ക് മടങ്ങിയിട്ടില്ല എന്ന കാര്യം വിശദീകരിക്കുവാനാണ് ഇത് പറഞ്ഞത്.
അതിനിടെയിലാണ് ഏതാണ്ട് റയോണ്‍സ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാലഘട്ടത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ വ്യാപകമായി പെരുമ്പാവൂരിലെ പ്രമുഖ വ്യവസായമായ മരവുമായി ബന്ധപ്പെട്ട് എത്തുവാന്‍ തുടങ്ങിയത്. പിന്നീട് അത് നിര്‍മ്മാണമേഖലയിലേക്കും അരിമില്ലുകളടക്കമുള്ള വ്യവസായശാലകളിലേക്കും മറ്റുമായി വ്യാപിച്ചു. വന്ന് വന്ന് ഹോട്ടല്‍ തൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായി മാറി. ബേക്കറികളിലേയും ബാര്‍ബര്‍ ഷോപ്പുകളിലേയും തൊഴിലാളികള്‍ കാലങ്ങളായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ തന്നെ. കൃഷിഭൂമികളിലും വീടുകളിലെ സാധാരണ പറമ്പ് പണിക്കും എല്ലാം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് നല്ലൊരു പങ്കും. കര്‍ഷകത്തൊഴിലാളികള്‍ എന്ന ഗണത്തിലേക്ക് കടന്ന് വരുവാന്‍ പൊതുവെ ആളെകിട്ടാത്ത അവസ്ഥയാണ്. ലാഭകരമല്ലെന്ന യാഥാര്‍ത്ഥ്യം ചൂണ്ടിക്കാട്ടി കര്‍ഷകര്‍ അറച്ചു നില്‍ക്കുന്ന അവസ്ഥയില്‍ കൃഷിയെ തിരിച്ചു പിടിക്കുകയെന്നും മറ്റും ഭംഗിവാക്ക് പറയാമെന്നല്ലാതെ മറ്റൊരു കാര്യവുമില്ല.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തിവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പെരുമ്പാവൂരില്‍ തന്നെയാണെന്ന് നിസംശയം പറയാം. അതിന് കാരണം പെരുമ്പാവൂരിലെ തടിമില്ലുകളും അതിന്റെ അനുബന്ധമായി വന്ന പ്‌ളൈവുഡ് വ്യവസായവും തന്നെയാണ്. അതുമായി ബന്ധപ്പെട്ട് കേരളത്തില്‍ എത്തിയ തൊഴിലാളികള്‍ കാലക്രമത്തില്‍ മറ്റ് മേഖലകളിലേക്കും വഴിമാറുകയായിരുന്നു. ചെറുതും വലുതുമായ അഞ്ഞുറോളം തടിമില്ലുകളും അതിന്റെ മൂന്നോ നാലോ ഇരട്ടി വരുന്ന പ്‌ളൈവുഡ് ഫാക്റ്ററികളുമായി ബന്ധപ്പെട്ട് പതിനായിരങ്ങള്‍ക്കാണ് പെരുമ്പാവൂര്‍ ആതിഥേയത്വം നല്‍കി പോന്നത്. ഒരു പക്ഷെ കോവിഡ് കാലത്ത് കേരളം ആദരവോടെ നല്‍കിയ അതിഥി തൊഴിലാളികള്‍ എന്ന വിശേഷണം പെരുമ്പാവൂരില്‍ നിലനിന്ന അങ്ങേയറ്റം സൗഹാര്‍ദ്ദപരമായ മറ്റുള്ളവര്‍ക്ക് എല്ലാം മാതൃകയാക്കാവുന്ന ഈ സമീപനത്തെ അധീകരിച്ചാണ് രൂപം കൊണ്ടതെന്ന് വേണമെങ്കില്‍ വ്യാഖ്യാനിക്കാം. നിയമ വിദ്യാര്‍ത്ഥിനിയാ ജിഷയുടെ നിഷ്ഠൂരമായ കൊലപാതകവുമായി ബന്ധപ്പെട്ട് അമീറുല്‍ ഇസ്ലാം എന്ന യുവാവ് വധശിക്ഷക്ക് ശിക്ഷിക്കപ്പെട്ട സംഭവം സഹജീവികളായ ഇവരോടുള്ള സമീപനത്തില്‍ നേരിയ തോതിലെങ്കിലും ഇടിവ് വരുത്തിയിട്ടുണ്ടാകും. ഒരു പക്ഷെ അത് ഒരു ഒറ്റപ്പെട്ട സംഭവമായി വിലയിരുത്തി ന്യായീകരിക്കുവാനാവുമെങ്കിലും അടുത്തിടെ സമാനമായ മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ അതിനെ സാമാന്യവല്‍ക്കരിക്കുവാനുള്ള ത്വരയും ചിലേടങ്ങളില്‍ നിന്നെങ്കിലും ഉയരുന്നുണ്ടെന്നത് കാണാതിരുന്നു കൂടാ. പെരുമ്പാവൂരിനടുത്ത കുറുപ്പംപടയിലെ ദീപയെന്ന 42കാരിയെ അര്‍ദ്ധരാത്രിയില്‍ നഗരമധ്യത്തില്‍ അതിക്രൂരമായി ബലാല്‍സംഗം ചെയ്ത് നിഷ്ഠൂരമായി തൂമ്പാകൈകൊണ്ട് പത്തിലേറെ തവണ അടിച്ച് കൊലപ്പെടുത്തിയത് ഉമര്‍ അലിയെന്ന അസം സ്വദേശിയാണ്. ജിഷ സംഭവത്തിന്‌ശേഷം പൊതുവെ ഇതര സംസ്ഥാന തൊഴിലാളികളോട് അകലം പാലിക്കുവാന്‍ തദ്ദേശീയര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് വര്‍ഗീയ മാനം നല്‍കാന്‍ ഒളിഞ്ഞും തെളിഞ്ഞും ചില വ്യാഖ്യനങ്ങള്‍ ചമക്കാന്‍ ശ്രമിച്ചവരും ഇല്ലാതില്ല. എന്നാല്‍ രണ്ടാമത്തെ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടയ അലംഭാവമാണ് കൊലപാതകത്തിലേക്ക് വഴിയൊരുക്കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം ഈ പ്രതി ലഹരി ഉപയോഗിച്ചതിനെ തുടര്‍ന്ന് അക്രമ സ്വഭാവം കാണിക്കുന്ന വീഡിയേകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. സമയോചിതമായ ഇടപെടലുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ അത് ഒഴിവാക്കാമായിരുന്നു.
ഐക്യരാഷ്ട്ര സംഘടനയുടെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് വിഭാഗവും കേരള സര്‍ക്കാരും ചേര്‍ന്ന് രണ്ട് വര്‍ഷംമുമ്പ് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് ജോലി തേടിയെത്തിയവരുടെ സംഖ്യ 35 ലക്ഷത്തോളമാണ്. അതേ സമയം ഇവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആവാസ് പദ്ധതിയില്‍ കേവലം അഞ്ച് ലക്ഷത്തോളം പേര്‍ മാത്രമെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂവെന്ന വസ്തുതയും ചര്‍ച്ചചെയ്യപ്പെടേണ്ടതുണ്ട്. കൃത്യമായി പറഞ്ഞാല്‍ 508085. അഞ്ചെട്ട് വര്‍ഷം മുമ്പാകട്ടെ ഇത്തരമൊരു കണക്ക് പോലും ലഭ്യമല്ലായിരുന്നു.അനൗദ്യോഗിക കണക്കുകളെ ഉദ്ധരിച്ച് ലേഖകന്‍ എഴുതിയ മറ്റൊരു ലേഖനത്തില്‍ 25 ലക്ഷം പേരോളം കേരളത്തില്‍ ജോലിചെയ്യുന്നു എന്നൊരു വിവരമാണ് നല്‍കിയത്. പുതിയ കണക്ക് പ്രകാരം പെരുമ്പാവൂര്‍ ഉള്‍പ്പെടുന്ന എറണാകുളം ജില്ലയില്‍ ആവാസില്‍ 111594 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതിനേക്കാളേറെ പേര്‍ എറണാകുളം ജില്ലയില്‍ വിവിധ തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നുണ്ട് എന്നതില്‍ സംശയംവേണ്ട. പക്ഷെ പ്രളയ കാലത്ത് കേരളം വിട്ട തൊഴിലാളികളില്‍ നല്ലൊരു പങ്കും തിരികെ വന്നിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തിരികെ വന്നവരും അന്ന് പോകാതിരുന്നവരും പുതിയതായി വന്നവരും അടങ്ങുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുടെ യഥാര്‍ത്ഥ കണക്ക്കഴിഞ്ഞ നാളുകളില്‍ പിഴവില്ലാതെ സ്വീകരിക്കുവാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. തൊഴില്‍ നിയമങ്ങള്‍ പാലിക്കുവാന്‍ തൊഴിലുടമകള്‍ ഒരിക്കലും താല്‍പര്യപ്പെടുന്നില്ല. എന്നാല്‍ കര്‍ശനമായി നടപ്പില്‍ വരുത്തുവാന്‍ തൊഴില്‍ വകുപ്പും നിര്‍ബന്ധബുദ്ധി കാണിക്കുന്നുമില്ല.
ആദ്യകാലത്ത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടി എത്തിയിരുന്നവരെ മാധ്യമങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എന്ന് വിളിച്ചു പോന്നു. അതില്‍ അന്യവല്‍ക്കരണം എന്നൊരു പതിത്വം ഒളിഞ്ഞ് കിടപ്പുണ്ട് എന്ന ആക്ഷേപത്തെ തള്ളിക്കളയുവാനാവുകയില്ല. പിന്നീട് അത് ഇതര സംസ്ഥാനമെന്നതിലേക്ക് വഴിമാറി. അപ്പോഴും വിവേചനത്തിന്റെ മറ്റൊരു സ്വരം അതില്‍ അപ്പോഴും ബാക്കി കിടക്കുന്നുണ്ട്. ഇത്തരത്തിലുള്ള സാമൂഹിക വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ വികലാംഗര്‍, ഭിന്നശേഷിക്കാര്‍ വഴി ദിവ്യാംഗരില്‍ എത്തിച്ചേര്‍ന്നത് പോലുള്ള ഒരു ലക്ഷ്യാര്‍ത്ഥം കണ്ടുപിടിക്കുവാന്‍ ആരുമൊട്ടും തുനിഞ്ഞതുമില്ല. അങ്ങനെയാണ് കേരളത്തിന്റെ പൊതുവായ തീരുമാനം എന്ന നിലയില്‍ തന്റെ ആറുമണി പതിവു വാര്‍ത്താസമ്മേളനങ്ങളില്‍ അതിഥി പ്രയോഗം ആദ്യമായി അവതരിപ്പിച്ചത്. അത് അങ്ങനെ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലുമൊക്കൊ അതിഥി സ്ഥാനം പിടിച്ചത്. പൊതുവെ എല്ലാവരും അതിനെ സ്വാഗതം ചെയ്തുവെങ്കിലും അതിഥി പ്രയോഗത്തില്‍ അപ്രിയമുള്ളവരും ഇല്ലാതില്ല. അതിഥിവിളിയില്‍ അടങ്ങിയിരിക്കുന്ന മാടമ്പിത്തരമാണെന്നും എപ്പോള്‍ വേണമെങ്കിലും ഇറക്കിവിടാവുന്നവരാണ് അവരെന്ന സംഞ്ജ അതിനുള്ളില്‍ കൃത്യമായി ഒളിഞ്ഞ് കിടക്കുന്നുണ്ട് എന്നുമുള്ള വ്യാഖ്യാനങ്ങളും പലകോണുകളും പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആത്മാര്‍ത്ഥയോടെ വിളിച്ച ഈ സ്‌നേഹ സംബോധന അങ്ങനെ സംശയത്തിന്റെ നിഴലിലായി. അദ്ദേഹം വളരെ പെട്ടെന്ന് മാടമ്പിയുമായി മാറി. പകരം ചൂണ്ടിക്കാണിക്കപ്പെട്ടത് അന്തര്‍ സംസ്ഥാന തൊഴിലാളികള്‍, കുടിയേറ്റത്തൊഴിലാളികള്‍ തുടങ്ങിയവയാണ്. സാങ്കേതികമായി ഈ വിശേഷണങ്ങളെ ന്യായീകരിക്കാമെങ്കിലും ദോഷൈക ദൃക്കുകള്‍ക്ക് അതിലും പിശക് കണ്ടെത്താവുന്നതേയുള്ളൂ. കാരണം അന്തര്‍ സംസ്ഥാനമെന്നതും കുടിയേറ്റമെന്നതുമൊക്കെ ഏത് അര്‍ത്ഥത്തിലും വിവക്ഷിക്കാമല്ലോ?
അത് എന്തുമായി കൊള്ളട്ടെ. ഞങ്ങള്‍ പെരുമ്പാവൂരുകാര്‍ പൊതുവെ പുറത്തു നിന്നുള്ള തൊഴിലാളികളെ മൊത്തത്തില്‍ ഭായിമാര്‍ എന്നാണ് സംബോധന ചെയ്യുവാറുള്ളത്. സഹോദരന്‍ എന്ന് വ്യക്തമായി അര്‍ത്ഥം വരുന്ന ആ വിളിയില്‍ ആര്‍ക്കും തന്നെ പരാതിയുണ്ടാകുവാന്‍ ഇടയില്ല. പെരുമ്പാവൂര്‍ പാലക്കാട്ട് താഴത്ത് ഇത്തരത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ അധിവസിക്കുന്ന കോളനിയെ നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത് ‘ഭായി കോളനി’എന്നാണ്. പായിപ്പാട് സംഭവത്തിന് ശേഷം ഇവരുടെ ആശങ്കകള്‍ പരിഹരിക്കുവാനായി ജില്ലയുടെ ചുമതലയുള്ള കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഇവിടെ എത്തിയിരുന്നു.
പശ്ചിമ ബംഗാളില്‍ നിന്നുള്ളവരാണ് അധികവും എന്നൊരു സങ്കല്‍പ്പം പണ്ടേയുണ്ട്. അതിനാല്‍ ബംഗാളികള്‍ എന്നൊരു പൊതു വിളിപ്പേരും ഇവര്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ അസം, ഒഡീഷ, ബീഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും അവരിലുണ്ട്. മുമ്പ് മറ്റൊരിക്കല്‍ സൂചിപ്പിച്ചത് പോശല ഭരണകൂടങ്ങള്‍ നല്‍കുന്ന രാഷ്ട്രീയമാനങ്ങളേയും നിയമങ്ങളേയും കുറിച്ച് അഞ്ജരായവരും വംഗനാടിനെ സ്വന്തം ദേശമായും കരുതി അജ്ഞത കൊണ്ട് ഇന്ത്യാ മഹാരാജ്യത്ത് എത്തിപ്പെട്ടവരും ഈ ജനസാമാന്യത്തില്‍ അകപ്പെട്ടിട്ടുണ്ടാകാം. എന്നാല്‍ അവരെ പൗരന്മാരായി അംഗീകരിക്കുന്നതില്‍ മതം ഒരു അടിസ്ഥാന ഘടകമായി മാറിയതും തുടര്‍ന്നുണ്ടായ നിയമ നിര്‍മ്മാണവും അതിനെ ചൊല്ലി രാജ്യത്ത് സംജാതമായ അരക്ഷിതാവസ്ഥയും പറയേണ്ടതില്ലല്ലോ? സംഘ്പരിവാര്‍ കേന്ദ്രങ്ങളുടെ ആശയവും തത്വചിന്തകളും അടിസ്ഥാനമാക്കി വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കൊണ്ടുവന്ന നിയമനിര്‍മ്മാണത്തിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ജനത അതിന് മനസ്സില്ലാ മനസ്സോടെ തയ്യാറെടുക്കുന്നതിനിടയിലാണ് അപ്രതീക്ഷീതമായ രീതിയില്‍ കോവിഡ് എന്ന മഹാമാരി ലോകത്തെ തന്നെ ഗ്രസിച്ചത്. ജനങ്ങളില്‍ ധ്രുവീകരണമുണ്ടാക്കി രാജ്യത്ത് വിദ്വേഷത്തിന്റെ വിത്തുകള്‍ എറിയുകയയെന്ന ലക്ഷ്യത്തില്‍ വിജയിച്ചുവെന്ന അഹങ്കാരം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കുന്ന വേളയിലാണ് മനുഷ്യര്‍ കെട്ടിപ്പൊക്കുന്ന ഇത്തരം വേര്‍ തിരിവുകളുടെ മതില്‍ക്കെട്ടുകളെ തല്ലിതകര്‍ക്കുന്ന, ആഴത്തില്‍ വേരൂന്നിയ വെറുപ്പിന്റെ രാഷ്ട്രീയത്തെ കടപുഴക്കിയെറിയുന്ന തരത്തില്‍ പ്രകൃതിയില്‍ നിന്നു തന്നെ തിരിച്ചടി ഉണ്ടാവുന്നത്.
പെരുമ്പാവൂരിലും പായിപ്പാട്ടും ആലപ്പുഴയിലെ അരൂരിലുമൊക്കൊയായുള്ള നമ്മുടെ സ്വസഹോരങ്ങളില്‍ കുറേയധികം പേര്‍ സ്വന്തം നാടുകളിലേക്ക് പോയി. എത്രയും വേഗം അവിടെ ബന്ധുക്കളുടെ സവിധത്തിലേക്ക് എത്തിപ്പെടണം എന്ന് അവര്‍ ആഗ്രഹിച്ചുവെങ്കില്‍ ഒരുകാരണവശാലും തെറ്റുപറയുവാനാവില്ല. പായിപ്പാട്ടും നിലമ്പൂരിലും ചില കുബുദ്ധികളുടെ പ്രലോഭനത്തില്‍ അവരില്‍ ചിലര്‍ വീണ് പോയത് സ്വാഭാവികം. ഒരു പക്ഷെ രാജ്യത്തിന്റെ മറ്റേതെങ്കിലും ഒരു കോണില്‍ കഴിയുന്ന മലയാളിയോട് ഈ അവസരത്തില്‍ ഇതേ ചോദ്യം ഉന്നയിച്ചാല്‍ ഉറപ്പായും കേരളത്തിലേക്ക് മടങ്ങാനുള്ള അവസരം ഒരുക്കണം എന്ന് തന്നയേ പറയൂ.
പെരുമ്പാവൂരിലെ മരവ്യവസായ മേഖല ഏതാണ്ട് സ്തംഭനാവസ്ഥയിലാണ്. പണി ഇല്ലാതായതോടെ തൊഴിലാളികളെല്ലാം വീടുകളിലാണ്. സ്ഥിതിഗതികള്‍ മോശമായിക്കൊണ്ടിരിക്കുന്നുവെന്ന തോന്നല്‍ ഉണ്ടായപ്പോഴേക്കും സ്ഥലം കാലിയാക്കിയ നിരവധി പേരുണ്ട്. അവധിക്കായി പോയ പലരും ഇത് അറിഞ്ഞ് ഇങ്ങോട്ട് വരുന്നത് വേണ്ടെന്ന് വെച്ചു. ലോക്ക് ഡൗണ്‍ വരുന്നതിന് മുമ്പ് പുറത്തേക്കുള്ള ട്രയിനുകളില്‍ വലിയ തിരക്കായിരുന്നു. എന്നാല്‍ തിരിച്ചുള്ള ട്രയിനുകളില്‍ അത്ര തിരക്ക് കാണപ്പെട്ടില്ല. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലുടന്‍ നാടുകളിലേക്ക് മടങ്ങുവാനായി ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നവരാണ് അധിക തൊഴിലാളികളും. ഇനി തിരിച്ച് എന്ന് വരാമെന്നതിനെ കുറിച്ച് മിക്കവര്‍ക്കും യാതൊരു ധാരണയുമില്ല. തൊഴിലാളികള്‍ തിരിച്ച് വന്നില്ലെങ്കില്‍ തങ്ങള്‍ക്ക് ‘പണികിട്ടും’ എന്ന് ബോധ്യമുള്ള മുതലാളിമാര്‍ അതിസമര്‍ത്ഥമായി പലരുടേയും കൂലി മുഴുവനായി കൊടുത്ത് തീര്‍ക്കാന്‍ മടികാണിക്കുന്ന അനുഭവമാണ്. പലരും കിട്ടിയ പണവുമായാണ് നാട്ടിലേക്ക് തിരിച്ചത്. മറ്റൊരു ഗതിയുമില്ലാതായെങ്കില്‍ മാത്രമേ അവരില്‍ അധിക പേരും തിരിച്ചു വരികയുള്ളൂ.
കേരളത്തിലെ തൊഴില്‍ മേഖലയില്‍ ‘നിതാഖത്ത്’ വേണമെന്നൊന്നും ആരും അടുത്ത കാലത്തൊന്നും ആവശ്യം ഉന്നയിക്കുമെന്ന് തോന്നുന്നില്ല. വൈറ്റ് കോളര്‍ ജോലി മാത്രം സ്വപ്നം കണ്ട് നടക്കുന്ന യുവത അക്ഷരാര്‍ത്ഥത്തില്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട സമൂഹമാണെന്ന് പറയാതെ തരമില്ല. ഐ.ടിമേഖലയിലടക്കം വലിയ തോതില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് രൂപം കൊടുത്ത് ശീതീകരിച്ച മുറികളില്‍ നിന്ന് ഇറങ്ങിവരുവാന്‍ ഒരുക്കമല്ലാത്തവരുടെ എണ്ണം അതിവേഗം പെരുകുന്ന കാഴ്ച്ചയായിരുന്നു പൊതുവെ കോവിഡിന് മുമ്പെ പ്രകടമായിരുന്നത്.
ഇനിയങ്ങോട്ട് കേരളത്തിലെ തൊഴില്‍ മേഖലയില്‍ മുമ്പ് ഉണ്ടായിരുന്നത് പോലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ പങ്കാളിത്തം ഉണ്ടാകാനിടയില്ലെന്ന നിരീക്ഷണം ശക്തമാണ്. അങ്ങനെയെങ്കില്‍ അത്രകണ്ട് ശോഭനമാകില്ല നമ്മുടെ ഭാവിയെന്നും തിരിച്ചറിയണം. നിങ്ങള്‍ ഞങ്ങളുടെ തൊഴിലാളികള്‍ ആണെന്നും ഞങ്ങള്‍ മുതലാളിമാരാണെന്നുമുള്ള മലയാളിയുടെ തനത് അഹങ്കാരങ്ങള്‍ക്ക് അവധി നല്‍കാന്‍ സമയമായി. അവര്‍ വരുത്തന്മാരും നമ്മള്‍ നാടിന്റെ മക്കളും ഭൂമിയുടെ അവകാശികളുമൊക്കൊയാണെന്ന വേര്‍ തിരിവിന് പ്രത്യേകിച്ച് സ്ഥാനമൊന്നും ഉണ്ടാകാനിടയില്ല. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം കുറയുക തന്നെയായിരിക്കും. അതിന് മുന്നില്‍ എല്ലാവരും ദാരിദ്ര രേഖക്ക് താഴെത്തന്നെയായിരിക്കും. ചുരുക്കത്തില്‍ നാമെല്ലാം തന്നെ കോരന്മാരായി മാറുകയും ഒരേ പോലെ കുമ്പിളില്‍ തന്നെ കഞ്ഞികുടിക്കേണ്ട അവസ്ഥയുമായിരിക്കും സംഭവിക്കുക. അതില്‍ പരിഭവപ്പെടേണ്ടതില്ല. അനുുഭവങ്ങളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ തയ്യാറാവുകയാണ് അഭികാമ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in