തുറമുഖം : സംവേദനത്തില്‍ പരാജയപ്പെട്ട സിനിമ

തുറമുഖം പ്രശ്‌നവത്കരിക്കുന്ന ചാപ്പ എന്ന വാക്കും അതുമായി ബന്ധപ്പെട്ട സാമൂഹിക ഘടനയും ആ സങ്കല്പവുമായി ബന്ധപ്പെട്ട അനേകം ഘടകങ്ങളും ചരിത്രത്തിലുടനീളം അടിമുടി മാറിയിട്ടുണ്ട്. അവയെന്താണ് എന്ന് നമുക്ക് അറിയില്ല. ചാപ്പ എന്താണെന്ന് നമുക്ക് അറിയില്ല. എന്തിനാണ് തൊഴിലാളികള്‍ ചാപ്പക്ക് വേണ്ടി പരസ്പരം തമ്മിലടിക്കുന്നതെന്ന് അറിയില്ല. ചാപ്പ എന്ന വ്യവസ്ഥ ചരിത്രത്തില്‍ ഉടനീളം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടാണ് ഇപ്പോഴത്തെ സമൂഹത്തിന് പരിചിതമായത്. അതൊരു ചരിത്ര പ്രക്രിയയുടെ തുടര്‍ച്ചയാണ്.

തുറമുഖം സിനിമയുടെ മര്‍മം തൊഴിലാളി ചൂഷണമാണെന്നും അതിനെതിരെയുള്ള ചെറുത്തുനില്‍പ്പിന്റെ കഥയാണ് പറയുന്നതെന്നിരിക്കിലും അത് പ്രേക്ഷകരോട് സംവദിക്കുന്ന കാര്യത്തില്‍ സിനിമ പരാജയപ്പെട്ടിരിക്കുന്നു. ബി കെ ചിദംബരത്തിന്റെ തുറമുഖം എന്ന നാടകത്തിന്റെ ആവിഷ്‌കാരം ആയിരുന്നു സിനിമ. രാജീവ് രവിയുടെ സംവിധാനത്തില്‍ പൂര്‍ണിമ ഇന്ദ്രജിത്,നിമിഷ സജയന്‍, നിവിന്‍ പോളി, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. മട്ടാഞ്ചേരിയിലെ ചുമട്ടു തൊഴിലാളികളനുഭവിച്ച തൊഴില്‍ചൂഷണവും അതിനെതിരെയുള്ള അവരുടെ പ്രതിരോധവുമാണ് സിനിമ പ്രമേയമാക്കിയിരിക്കുന്നത്.

പ്രാഥമികമായി ആ തൊഴില്‍ വ്യവസ്ഥ എന്താണെന്ന് ഈ കാലഘട്ടത്തിലെ ആര്‍ക്കും വ്യക്തമായിട്ടില്ല. ചാപ്പ / പറ്റ് / ഷാപ്പിലെ പറ്റ്/ മൂപ്പന്‍ എന്ന സ്ഥാനം എന്ത് / പച്ചി എങ്ങനെ മൂപ്പന്മാരുടെ സഹായി സ്ഥാനത്ത് നിന്ന് യൂണിയന്‍ നേതാവായി ഉയര്‍ന്നു? എന്നിങ്ങനെയുള്ള ആ വ്യവസ്ഥയിലെ ഘടകങ്ങളിലൊന്നും പ്രേക്ഷകര്‍ക്ക് വ്യക്തത വന്നിട്ടില്ല. അത് സിനിമയുടെ ക്രാഫ്റ്റിന്റെ പ്രശ്‌നം മാത്രമല്ലെന്നും ചരിത്രത്തിലെ സാമൂഹിക വ്യവസ്ഥകള്‍ പുനര്‍ചിത്രീകരിക്കുമ്പോള്‍ ഉണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങളും അവയെ സംബന്ധിച്ച സങ്കല്പങ്ങളിലെ മാറ്റവും കൂടി അതിന് കാരണമാണെന്ന് ഊഹിക്കേണ്ടി വരും.

ഘടനയും അതിനെ സംബന്ധിച്ച സങ്കല്പങ്ങളും

ചാപ്പ എന്ന വ്യവസ്ഥ എന്താണ് എന്ന് കൃത്യമായി ഒരു സങ്കല്‍പം രൂപീകരിക്കാന്‍ പ്രേക്ഷകന് കഴിയുന്നില്ല. ചാപ്പ എന്നത് കൂലിയാണോ? അതോ കൂലി ലഭിക്കാനുള്ള രസീത് ആണോ? ഇനി അഥവാ ഏതെങ്കിലും തരത്തിലുള്ള പ്രോത്സാഹന സമ്മാനമാണോ? കൂലിയാണെങ്കില്‍ തന്നെ അത് കയ്യൂക്കിന്റെ ബലത്തില്‍ നേടിയെടുക്കേണ്ടതാണോ? വേതനം മുന്‍കൂറായി വാങ്ങുന്നതാണ് ”പറ്റ്” എന്ന് മനസിലാകുമായിരിക്കും എന്നാലും ഷാപ്പിലെ പറ്റ് കാരണം തൊഴിലിടത്തില്‍ കൂലി കുറക്കുന്നതെന്തിനാണ് എന്ന ലളിതമായ സംശയമടക്കം പ്രേക്ഷകര്‍ക്ക് ഉണ്ടാകാം. ഷാപ്പ് നടത്തുന്നത് പച്ചി ആണോ അതോ യൂണിയന്‍ തന്നെയാണോ എന്നൊന്നും സിനിമയില്‍ നിന്ന് വ്യക്തമല്ല. അങ്ങനെ ആ വ്യവസ്ഥയെക്കുറിച്ചുള്ള അനേകം ഘടകങ്ങളെക്കുറിച്ചു സിനിമ പ്രേക്ഷകനോട് സംവദിക്കുന്നില്ല. ചാപ്പ എന്ന വ്യവസ്ഥക്ക് സമാനമായ ഇക്കാലത്ത് ഒന്നും തന്നെ പ്രേക്ഷകന് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് സിനിമയുടെ പരാജയത്തിന്റെ മുഖ്യകാരണം. ചരിത്ര ഘട്ടത്തില്‍ നിന്നും മറഞ്ഞുപോയ വ്യവസ്ഥകളെക്കുറിച്ച് മനസ്സില്‍ ഒരു സങ്കല്‍പം ഉല്പാദിപ്പിക്കുന്നതിന് എപ്പോഴും സമൂഹത്തിലെ ആ ചരിത്രഘട്ടത്തില്‍ ജീവിച്ചിരിക്കാത്ത അംഗങ്ങള്‍ക്ക് പരിമിതിയുണ്ട്.

വാക്കുകള്‍, ചിഹ്നങ്ങള്‍ അതുമായി ബന്ധപ്പെട്ട സങ്കല്‍പ്പങ്ങള്‍, വ്യവസ്ഥകള്‍ എന്നിവയെല്ലാം സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ചു നിരന്തരമായി മാറ്റങ്ങള്‍ക്ക് വിധേയപ്പെടുന്നവയാണ്. ഒറ്റക്ക് നില്‍കുമ്പോള്‍ അവ ഒരിക്കലും ഒരു പ്രത്യേക അര്‍ഥം സമൂഹത്തില്‍ ഉണ്ടാക്കുന്നില്ല. ‘ചാപ്പ’ എന്ന വ്യവസ്ഥ ഒറ്റക്ക് ഒരര്‍ത്ഥവും നമുക്ക് പകര്‍ന്നു നല്‍കുന്നില്ല. വിശേഷിച്ചും ചുമട്ടുതൊഴിലുമായി ബന്ധപ്പെട്ട് ഇന്ന് പൊതു സമൂഹത്തിന് ആകെ പരിചിതമായ വ്യവസ്ഥ ”നോക്ക് കൂലി” മാത്രമായിരിക്കുമ്പോള്‍. ഇംഗ്ലീഷിലും മലയാളത്തിലുമായി ഇക്കാലത്ത് തൊഴിലും വേതനങ്ങളുമായി ബന്ധപ്പെട്ട അനേകം വ്യവസ്ഥകള്‍ നമുക്ക് പരിചിതമാണ്. ട്രെയിനിങ്, ബോണ്ട്, സാലറി, ബോണസ്, പെന്‍ഷന്‍, ഇന്‍സെന്റീവ്‌സ്, പി.എഫ്, ഇന്‍ഷുറന്‍സ്, ട്രാവല്‍ അലവന്‍സ്, ക്വാര്‍ട്ടേഴ്സ് അങ്ങനെ അനേകം വ്യവസ്ഥകള്‍. മിക്കവാറും എല്ലാം തന്നെ ഇപ്പോഴത്തെ ചരിത്ര ഘട്ടത്തില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പരിചിതങ്ങള്‍ ആയവയാണ്. എല്ലാവര്ക്കും തൊഴില്‍ മേഖലകളിലെ ഈ വ്യവസ്ഥകളെല്ലാം ലഭ്യമായില്ലെങ്കില്‍ പോലും ഒരു മുഖ്യധാരക്ക് പല രീതിയില്‍ ഇവയെല്ലാം ലഭ്യമാകുന്ന തൊഴിലിടങ്ങള്‍ പൊതുവില്‍ പരിചിതമാണ്. ചുമട്ടുതൊഴില്‍ എടുക്കുവര്‍ക്കും ബന്ധപ്പെട്ട ബോര്‍ഡുകളിലൂടെ ഇവ മിക്കവാറും ലഭ്യമാണ്.

സിനിമ പ്രതിപാദിക്കുന്ന ചരിത്ര ഘട്ടത്തേക്കാള്‍ ഇപ്പോള്‍ ഈ വ്യവസ്ഥകളെക്കുറിച്ചുള്ള ജ്ഞാനം പൊതുവില്‍ വര്‍ധിച്ചിട്ടുണ്ട്. ചാപ്പ എന്ന ആ വ്യവസ്ഥയോട് ബന്ധപ്പെടുത്താവുന്ന ഇപ്പോഴത്തെ ചരിത്ര ഘട്ടത്തിലെ സാമൂഹിക ഘടനയിലെ മറ്റു വ്യവസ്ഥകള്‍ നമുക്ക് അറിയില്ല എന്നതുകൊണ്ടാണ് ആ വാക്കിനൊരു പ്രത്യേക സങ്കല്‍പം നമുക്ക് മനസ്സില്‍ തെളിയാത്തത്. സാലറി എന്ന വ്യവസ്ഥ പൂര്‍ണാര്‍ത്ഥത്തില്‍ എത്തുന്നത് ഇന്‍സെന്റീവ്, പി.എഫ്, ഇന്‍ഷുറന്‍സ്, ട്രാവല്‍ അലവന്‍സ്, എന്നീ അനേകം വ്യവസ്ഥകള്‍ കൂടിയ ഘടന ഒരുമിച്ച് കൂടിച്ചേരുമ്പോള്‍ ആണ്. ഇന്‍സെന്റീവ് എന്ന വ്യവസ്ഥകളില്‍ നിന്നും വ്യത്യസ്തമാണ് ബോണ്ട്. പി.എഫ് എന്ന വ്യവസ്ഥകളില്‍ നിന്നും വ്യത്യസ്തമാണ് ട്രെയിനിങ് . അതുപോലെ ട്രാവല്‍ അലവന്‍സ് എന്ന വ്യവസ്ഥകളില്‍ നിന്നും വ്യത്യസ്തമാണ് ഇന്‍ഷുറന്‍സ്. എന്നാല്‍ ഇവയെല്ലാം കൂടിച്ചേരുന്ന ഒരു ഘടനയാണ് ഈ ഓരോ വ്യവസ്ഥകള്‍ക്കെല്ലാം വ്യത്യസ്തങ്ങളായ അര്‍ഥങ്ങള്‍ ഉണ്ടാക്കിത്തരുന്നത്. ഈ വ്യവസ്ഥകളെല്ലാം പല രീതിയില്‍ സങ്കീര്‍ണമായി ബന്ധപെട്ടവയുമാണ്. അവക്കെല്ലാം ഒരു സങ്കല്‍പം ഉണ്ടാകുന്നത് ഈ ചരിത്രഘട്ടത്തിലെ സാമൂഹിക ഘടനയിലെ വ്യത്യസ്തങ്ങളായ വ്യവസ്ഥകള്‍ നമ്മള്‍ ജീവിച്ചു ശീലിക്കുന്നതുകൊണ്ടാണ്. ഈ വ്യവസ്ഥകള്‍ക്കെല്ലാം ഒരു സങ്കല്‍പം നമ്മുടെ ഉള്ളില്‍ ഉണ്ടാവുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ ചരിത്രഘട്ടത്തിലെ തൊഴില്‍ മേഖലയിലെ സാമൂഹിക പരിസരത്തില്‍ നമ്മള്‍ ജീവിച്ചു പോരുന്നതിനിടയില്‍ വ്യത്യസ്ത സമയങ്ങളില്‍ നാം പരിചയപെടുന്ന ഘടകങ്ങളാണ് ഇവയെല്ലാം. ഒരു വലിയ സാമൂഹിക ഘടനയിലെ ചെറിയ ചെറിയ ഘടകങ്ങള്‍. ഈ വലിയ ഘടനയെ നിലനിര്‍ത്തുന്നത് തന്നെ ചെറുഘടകങ്ങളുടെ പരസ്പരമുള്ള ബന്ധത്തിലാണ്. ഒരു സമൂഹത്തില്‍ ജീവിക്കുമ്പോള്‍ അതാത് സമയത്ത് നമ്മുടെ ചുറ്റുമുള്ളവരില്‍ നിന്നും പുതിയ തൊഴില്‍ മേഖലയെക്കുറിച്ചു നമ്മള്‍ പലരീതിയില്‍ ജീവിച്ചു ആര്‍ജിക്കുന്ന അറിവുകള്‍ ആണിവ.

1953 ലാണ് മട്ടാഞ്ചേരി വെടിവെപ്പ് നടക്കുന്നത് ആ ചരിത്രം ഇവിടെ നിന്നും പുറകോട്ട് എഴുപത് വര്ഷത്തിലപ്പുറമാണ്. അവിടെ നിന്നും ഇങ്ങോട്ട് സഞ്ചരിക്കുന്നതിനിനിടയില്‍ ഇതേ സാമൂഹിക ഘടനയിലെ ചെറു ഘടകങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ അനേകം തവണ മാറ്റങ്ങള്‍ക്ക് വിധേയമാകുകയും പരിവര്‍ത്തനപ്പെടുകയും ചെയ്തിട്ടുണ്ട് വിശേഷിച്ചും സമ്പത്ഘടനയില്‍. തൊഴിലിന്റെയും തൊഴിലില്‍ ഘടനയുടെയും സ്വഭാവം മാറുകയും ചൂഷണത്തിന്റെ സ്വഭാവം മാറുകയും ചെയ്തിട്ടുണ്ട്.

ഭാഷയുടെ ഘടനയും സാമൂഹിക ഘടനയും

പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫെര്‍ഡിനന്‍ഡ് ഡി സോഷര്‍ എന്ന ഭാഷ ശാസ്ത്രജ്ഞനാണ് ഈ സങ്കല്‍പം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഭാഷക്ക് നിയമങ്ങളാല്‍ വ്യവസ്ഥ ചെയ്ത ഒരു ഭാഗവും വ്യക്തിയുടെ പ്രയോഗങ്ങളും ഉപയോഗവുമുള്ള മറ്റൊരു ഭാഗവുമുണ്ട്. വാക്കുകള്‍ക്കും ചിഹ്നങ്ങള്‍ക്കും രണ്ട് ഭാഗങ്ങള്‍ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ശബ്ദവും ശബ്ദം ഉല്‍പാദിപ്പിക്കുന്ന സങ്കല്പവുമാണ് അവ. അതില്‍ ശബ്ദങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സങ്കല്‍പങ്ങള്‍ക്ക് ഒറ്റക്കല്ല നിലനില്‍ക്കുന്നത്. അതിന് എപ്പോഴും ഒരു ഘടനയുണ്ട്. അനേകം ഘടകങ്ങളുടെ സങ്കീര്‍ണമായ ബന്ധത്താല്‍ രൂപപ്പെട്ട വലിയ ഘടനെയാണ് അത് എന്ന് അദ്ദേഹം തെളിയിച്ചു. ആ ഘടനയില്‍ വാക്കുകളുടെ ചിഹ്നങ്ങളും അര്‍ത്ഥവും സങ്കല്പവും ഉണ്ടാകുന്നത് ചരിത്രത്തിലെ ഒരു ഘട്ടത്തില്‍ ഈ ചെറുഘടകങ്ങള്‍ തമ്മിലുള്ള അപേക്ഷികമായ ബന്ധത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്ര തുടര്‍ച്ചയെക്കാള്‍ ചരിത്രത്തിലെ ഒരു ഘട്ടത്തിലെ ഘടനക്കാണ് പ്രാധാന്യം എന്ന് സോഷര്‍ വ്യക്തമാക്കി.

നമുക്ക് കുറച്ചുകൂടി സമകാലീനനായ ക്ലാവ്ഡ് ലെവിസ്‌ട്രോസ്സ് എന്ന ശാസ്ത്രജ്ഞന്‍ ഘടനാ വാദത്തെ പിന്നീട് കുറച്ചുകൂടി അഴമുള്ളതാക്കി. അദേഹത്തിന്റെ അഭിപ്രായപ്രകാരം സമൂഹത്തിന്റെ ഘടനക്ക് സമാനമായി ഭാഷക്കും ഒരു ഘടനയുണ്ട്. അനേകം ഘടകങ്ങളുടെ സങ്കീര്‍ണമായ ബന്ധത്താല്‍ രൂപപ്പെട്ട വലിയ ഘടനെയാണ് അതെന്നും അദ്ദേഹം തെളിയിച്ചു. ആ ഘടനയില്‍ വാക്കുകളും ചിഹ്നങ്ങള്‍ക്കും അര്‍ത്ഥവും സങ്കല്പവും ഉണ്ടാകുന്നത് ഈ ചെറുഘടകങ്ങള്‍ തമ്മിലുള്ള അപേക്ഷികമായ ബന്ധത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഒരു ശബ്ദത്തിന് ഒരു അര്‍ഥമോ സങ്കല്പമോ രൂപപ്പെടുന്നത് ശബ്ദതിന്റെയോ അതുല്‍പാദിപ്പിക്കുന്ന സങ്കല്പത്തിന്റെയോ ഗുണം കൊണ്ടല്ല. മറിച്ച് ആ സങ്കല്‍പം നിലനില്‍ക്കുന്ന വലിയ ഘടനയിലെ മറ്റു സങ്കല്‍പ്പങ്ങളുമായുള്ള അപേക്ഷികമായ ബന്ധത്തിലാണ്. ഓരോ ചരിത്ര ഘട്ടത്തിലും സാമൂഹിക ഘടന മാറുന്നതിനനുസരിച്ചു ഈ ഭാഷ ഘടനയും മാറ്റത്തിനു വിധേയമാകുകയും ചെയ്യും. ഭാഷ മാറുക എന്ന് പറഞ്ഞാല്‍ ആ ഘടനയോടൊപ്പം ഉണ്ടായിരുന്ന സങ്കല്‍പ്പങ്ങളും മാറാം. പല വാക്കുകളും അവ ഉല്‍പാദിപ്പിക്കുന്ന സങ്കല്‍പ്പങ്ങളും അവ തമ്മിലുള്ള പരസ്പര ബന്ധവും മാറാം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുറമുഖം പ്രശ്‌നവത്കരിക്കുന്ന ചാപ്പ എന്ന വാക്കും അതുമായി ബന്ധപ്പെട്ട സാമൂഹിക ഘടനയും ആ സങ്കല്പവുമായി ബന്ധപ്പെട്ട അനേകം ഘടകങ്ങളും ചരിത്രത്തിലുടനീളം അടിമുടി മാറിയിട്ടുണ്ട്. അവയെന്താണ് എന്ന് നമുക്ക് അറിയില്ല. ചാപ്പ എന്താണെന്ന് നമുക്ക് അറിയില്ല. എന്തിനാണ് തൊഴിലാളികള്‍ ചാപ്പക്ക് വേണ്ടി പരസ്പരം തമ്മിലടിക്കുന്നതെന്ന് അറിയില്ല. ചാപ്പ എന്ന വ്യവസ്ഥ ചരിത്രത്തില്‍ ഉടനീളം മാറ്റങ്ങള്‍ക്ക് വിധേയമായിട്ടാണ് നമ്മള്‍ മുന്‍പ് സൂചിപ്പിച്ച വ്യവസ്ഥകള്‍ മുഴുവന്‍ ഇപ്പോഴത്തെ സമൂഹത്തിന് പരിചിതമായത്. അതൊരു ചരിത്ര പ്രക്രിയയുടെ തുടര്‍ച്ചയാണ്.

സമര സിനിമകള്‍ വിജയിക്കാത്തതിന് കാരണം

ഈ രീതിശാസ്ത്രം ഉപയോഗിച്ച് പരിശോധിക്കുമ്പോള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടക്ക് കേരളത്തില്‍ നടന്നുവന്ന അനേകം തൊഴില്‍ സമരങ്ങളില്‍ ഒന്ന് പുനര്‍ ചിത്രീകരിക്കുകയായിരുന്നെങ്കില്‍ ഒരുപക്ഷെ കുറച്ചുകൂടി അത് പ്രേക്ഷകരുമായി സംവദിക്കുമായിരുന്നു എന്ന് മനസിലാക്കാം. ഒരുപക്ഷെ ഒരു പെമ്പിളൈ ഒരുമൈ സമരമോ, നഴ്‌സിങ് മേഖലയില്‍ നടന്ന സമരമോ, മൂത്രപുര (ടെക്‌സ്‌റ്റൈല്‍ മേഖലയിലെ തൊഴിലാളി സമരം) സമരമോ ചലച്ചിത്രമായി ചെയ്തിരുന്നെങ്കില്‍ അത് ജനങ്ങളിലേക്ക് കുറച്ചുകൂടി ബന്ധപ്പെടുത്താന്‍ കഴിയുമായിരുന്നു (ജിയോ ബേബിയുടെ ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി സിനിമയില്‍ കുഞ്ഞില മസിലാമണി മൂത്രപ്പുര സമരം ഒരു ഡോക്യൂഫിക്ഷന്‍ ആയി തയ്യാറാക്കിയിരുന്നു). കാരണം ഈ ചരിത്ര ഘട്ടത്തില്‍ തൊഴില്‍ മേഖലയിലെ ഘടനയിലെ ചെറു ഘടകങ്ങളെ പ്രേക്ഷകര്‍ക്ക് കുറച്ചുകൂടി എളുപ്പത്തില്‍ പരസ്പരം ബന്ധപ്പെടുത്തി മനസിലാക്കാന്‍ കഴിയുമായിരുന്നു. അനേകം തൊഴില്‍ ചൂഷണങ്ങള്‍ ഉണ്ടെങ്കിലും പെന്പിളൈ സമരം രൂപപ്പെടുവാന്‍ കാരണമായ ബോണസ് വെട്ടിച്ചുരുക്കല്‍ എന്താണെന്ന് ഈ കാലഘട്ടത്തില്‍ എല്ലാവര്ക്കും മനസിലാക്കാന്‍ കഴിയുന്ന കാര്യമാണ്. എന്നാല്‍ അതുപോലെയുള്ള ഒന്നല്ല ചാപ്പ.ആ വ്യവസ്ഥ നമുക്ക് പരിചിതമല്ല. നഴ്‌സിംഗ് മേഖലയില്‍ ട്രെയിനിങ് പീരീഡ് എന്ന ‘ശമ്പളമില്ലാത്ത തൊഴില്‍’ നിരോധിക്കണം എന്ന ആവശ്യം എല്ലാവര്ക്കും മനസിലാകുന്ന ഒന്നാണ് എന്നാല്‍ അതുമായിട്ടൊന്നും ബന്ധപ്പെടുത്താന്‍ കഴിയാത്ത ഒന്നാണ് ചാപ്പ.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമാനമായ മറ്റൊരു സിനിമ കൂടി ഈയടുത്ത് തീര്‍ത്തും സ്വാധീനിക്കാതെ കടന്നുപോയത് ‘പട’ ആയിരുന്നു. ഈ കാഘട്ടത്തിലെ മനുഷ്യര്‍ക്ക് ഒരിക്കലും നീതിയുക്തമായി സങ്കല്‍പിക്കാന്‍ കഴിയാത്ത ഒന്നായിരുന്നു പട എന്ന സിനിമയും അതിനിടയായ കലക്ടരെ ബന്ധിയാക്കല്‍ സമരവും. ആദിവാസി വിരുദ്ധമായ ഒരു നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തുകൊണ്ട് അതുമായി ഒരു ബന്ധവുമില്ലാത്ത ഒരു ജില്ലാ കളക്ടറെ ബന്ധിയാക്കണം എന്നത് ജനങ്ങള്‍ക്ക് ഒരിക്കലും പൂര്‍ണര്‍ത്ഥത്തില്‍ മനസിലാക്കാന്‍ കഴിയാത്തതാണ്. നിലവിലെ സാമൂഹിക ഘടനയിലെ അനേകം ഘടകങ്ങളിലൊന്നായ സ്റ്റേറ്റ് എന്ന വ്യവസ്ഥയും, നിയമ സംവിധാനവുമെന്ന ഘടകവും ജനാധിപത്യ സംവിധാനവും എങ്ങനെ പ്രവര്‍ത്തിക്കും എന്ന് ഇക്കാലത്തെ ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ട്. ഈ വ്യവസ്ഥിതിയില്‍ ജീവിക്കുന്നവര്‍ക്ക് ഈ വലിയ ഘടനയെക്കുറിച്ചും അതില്‍ ബന്ധപ്പെട്ടിരിക്കുന്ന അനേകം ഘടകങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ട്. വിശേഷിച്ചും ആ പ്രശ്‌നവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ക്ക്. പട എന്ന സിനിമയില്‍ പരാമര്‍ശിക്കപ്പെട്ട ആദിവാസി ഭൂസംരക്ഷണ നിയമം ഭേദഗതി ചെയ്തപ്പോള്‍ ആദിവാസി ദളിത് വിഭാഗങ്ങള്‍ അതിനെതിരെ പിന്നീട് പ്രതികരിച്ച രീതിയും ജനങ്ങള്‍ക്ക് പരിചയമുള്ളതുമാണ്.ആദിവാസി ഭൂമി കയ്യേറ്റക്കാരെ സര്‍ക്കാര്‍ സംരക്ഷിച്ചപ്പോഴും അവരെയൊന്നും ഒരിക്കലും നോവിക്കാതെ അനധികൃതമായി അളവില്‍ക്കവിഞ്ഞ ഭൂമി ഇപ്പോഴും കൈവശം വച്ചിരിക്കുന്ന ഹാരിസണ്‍ മലയാളം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഭൂമിയാണ് സമുദായം പിടിച്ചടക്കിയത്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ബന്ദിയാകുക എന്നത് തീര്‍ച്ചയായും ആധുനിയ ഭരണകൂടത്തിനകത്ത് തീവ്രവാദ പ്രവര്‍ത്തനം ആണെന്ന് കീഴാളര്‍ക്ക് മനസിലായത് പോലെ പൊതു സമൂഹത്തിനും അറിയാവുന്നതാണ്. അത് ഈ വലിയ വ്യവസ്ഥയിലെ അനേകം ഘടകങ്ങളുമായി ബന്ധപ്പെട്ട് ജീവിച്ച മനുഷ്യര്‍ക്കു പട എന്ന സിനിമയുമായി ബന്ധപ്പെട്ട സംഭവം കൃത്യമായി മനസിലാകാഞ്ഞത് അതുകൊണ്ടാണ്.

ചരിത്രത്തിലെ സമര സിനിമകള്‍ പരാജയപെടുന്നതിന്റെ പ്രധാന പ്രശ്‌നം ആ കാലഘട്ടത്തിന്റെ സാമൂഹിക ഘടനയിലെ വ്യവസ്ഥിതികള്‍ അതുമായി ബന്ധപ്പെട്ട അനേകം ഘടകങ്ങള്‍ ഇവ തമ്മിലുള്ള ആപേക്ഷികമായ ബന്ധങ്ങള്‍ എന്നിവ പ്രേക്ഷകര്‍ക്ക് കൃത്യമായി സങ്കല്പിച്ചെടുക്കാന്‍ കഴിയാത്തതുകൊണ്ടാണ്. അതിന് കുറച്ചുകൂടി സമകാലീനമായ സമര സിനിമകള്‍ വ്യവസ്ഥിതികള്‍ മനസിലാക്കുന്ന രീതിയില്‍ പുതിയ സിനിമ സങ്കേതങ്ങള്‍ ഉപയോഗിച്ച് ചെയേണ്ടി വരും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply