ഈ അഴിമതിക്കുപുറകിലും ഒരു രാഷ്ട്രീയമുണ്ട് ജോണ്‍സന്‍
അധികാരത്തെ പൂര്‍ണ്ണമായും ജനങ്ങളിലെത്തിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനലക്ഷ്യം. ആ ലക്ഷ്യത്തിന്റെ അടുത്തൊന്നും നാമെത്തിയിട്ടില്ല. എങ്കിലും ജനപ്രതിനിധികളിലേക്ക് ഒരുപരിധി വരെ അധികാരമെത്തിയിട്ടുണ്ട്. അപ്പോഴും അവര്‍ ജനവിരുദ്ധരും അഴിമതിക്കാരുമാകുന്ന സാഹചര്യമുണ്ട്. ജനങ്ങള്‍ക്ക് അവരില്‍ നിയന്ത്രണം ലഭിക്കാത്ത അവസ്ഥയുമുണ്ട്. അവിടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തൊഴിലാക്കുന്ന ജനാധിപത്യവിരുദ്ധസംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ചയുടെ പ്രസക്തി. മുഴുവന്‍ ജനങ്ങളേയും രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനുപകരം കുറച്ചുപേര്‍ക്ക് വരുമാനം നല്‍കുന്ന തൊഴിലാകരുത് അത്. ആകുമ്പോഴാണ് ‘രാഷ്ട്രീയ പ്രവര്‍ത്തനം ഒരു ബിസിനസ്സാക്കി മാറ്റിയ കുറേപ്പേര്‍ സി.പി.എമ്മിനകത്തുണ്ട്.’ എന്ന് ജോണ്‍സന് പറയേണ്ടിവരുന്നത്.
ദുരിതാശ്വാസ ഫണ്ടിയില്‍ നിന്ന് സിപിഎം പ്രവര്‍ത്തകര്‍ പണമടിച്ചുമാറ്റിയതിനെ കുറിച്ച് എന്‍ പി ജോണ്‍സന്റെ ഫേസ് ബുക്ക് പോസ്റ്റാണ് ഈ കുറിപ്പിന് ആധാരം. എന്താണെന്നറിയില്ല ദുരിതാശ്വാസഫണ്ടിനുപകരം ലൈഫ് മിഷന്‍ പദ്ധതി എന്നാണ് ജോണ്‍സന്‍ എഴുതിയിരിക്കുന്നത്. ഇതാണ് കുറിപ്പ്. ‘ലൈഫ് മിഷന്‍ പോലുള്ള ഒരു പദ്ധതിയില്‍ നിന്ന് ഫണ്ട് അടിച്ചു മാറ്റുന്നതിന് തയ്യാറായവരെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയത് കൊണ്ട് മാത്രം പ്രശ്‌നം തീരുമോ ? രാഷ്ട്രീയ പ്രവര്‍ത്തനം ഒരു ബിസിനസ്സാക്കി മാറ്റിയ കുറേപ്പേര്‍ സി.പി.എമ്മിനകത്തുണ്ട്. അവര്‍ ഉയര്‍ന്ന കമ്മിറ്റികളിലും ഉണ്ടാകാം. അവര്‍ക്ക് നീതിയ്ക്കു വേണ്ടിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പറയുന്നതിനോട് ഉള്ളില്‍ പരമ പുഛവും പരിഹാസവുമായിരിയ്ക്കും. അവരുടെ വടിവൊത്ത കുപ്പായങ്ങളും മാനറിസങ്ങളും കണ്ടാല്‍ത്തന്നെ ഒരു കച്ചവട ലക്ഷണം കാണാനാകും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദര്‍ശങ്ങളോട് മനസ്സുകൊണ്ട് എന്നേ യാത്ര പറഞ്ഞവരാണെന്ന് തിരിച്ചറിയാനാകും. ഇത്തരക്കാരെ അരിച്ചു മാറ്റിയില്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നത് വരും തലമുറയുടെ മനസ്സില്‍ ഒരു പേരു മാത്രമായിത്തീരും.’
അടുത്തകാലത്തായി സിപിഎമ്മിനെ ഏറ്റവും ശക്തമായ രീതിയില്‍ ന്യായീകരിക്കുന്ന വ്യക്തിയാണ് ജോണ്‍സന്‍. അദ്ദേഹത്തിനുപോലും അംഗീകരിക്കാനാവാത്ത പ്രവര്‍ത്തിയാണ് ചില പാര്‍ട്ടിക്കാരില്‍ നിന്നുണ്ടായത് എന്നത് വ്യക്തം. പ്രളയസമയത്ത് വ്യക്തിപരമായോ സംഘടനാപരമായോ അല്ല ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടതെന്നും സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികാളാകുകയാണ് വേണ്ടതെന്നും ജോണ്‍സനടക്കം വ്യാപകമായി പ്രചരിപ്പിച്ചിരുന്നല്ലോ. തീര്‍ച്ചയായും അവര്‍ക്കിത് ഷോക്കായിരിക്കും. ഇതുമാത്രമല്ല, രണ്ടുവര്‍ഷമാകാറാകുമ്പോഴും അടിയന്തരാശ്വാസമായ 10000 രൂപപോലും ലഭിക്കാതെ ആത്മഹത്യ നടന്ന വാര്‍ത്തയും പുറത്തുവന്നത് അടുത്തടുത്ത ദിവസങ്ങളിലായിരുന്നല്ലോ.
അതേസമയം ജോണ്‍സനെപോലുള്ളവര്‍ മനസ്സിലാക്കത് ഇത് ഒരു വ്യക്തിയുടേയോ അല്ലെങ്കില്‍ ആയിരകണക്കിനു വ്യക്തികളുടേയോ അഴിമതിയുടെ പ്രശ്‌നമല്ല എന്നതാണ്. അതിനു പുറകിലൊരു രാഷ്ട്രീയമുണ്ട്. ജനാധിപത്യസംവിധാനത്തില്‍ തികച്ചും അപ്രസക്തമായ രാഷ്ട്രീയം. ഒരു ജനാധിപത്യസംവിധാനത്തില്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന ഇത്തിക്കണ്ണികള്‍ക്കെന്തു പ്രസക്തി എന്നതാണ് ചോദ്യം. അത്തരത്തിലുള്ള ഇത്തിക്കണ്ണികളാണ് പ്രധാനമായും ഇത്തരം അഴിമതി നടത്തുന്നത്. എല്ലാപാര്‍ട്ടികളിലും അത്തരക്കാര്‍ ഉണ്ടെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടികളിലാണ് അതിന് സൈദ്ധാന്തികമായ ന്യായീകരണമുള്ളത്. വിപ്ലവം തൊഴിലാക്കിയവര്‍ എന്ന പഴയ കമ്യൂണിസ്റ്റ് സങ്കല്‍പ്പത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനം ലോകമാകെ വ്യാപകമായത്. വിപ്ലവകാലഘട്ടത്തില്‍ അച്ചടക്കമുള്ള കേഡര്‍ പാര്‍ട്ടി, വിപ്ലവം തൊഴിലാക്കിയ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാര്‍ തുടങ്ങിയ ആശയങ്ങള്‍ കടന്നു വന്നത് മനസ്സിലാക്കാം. എന്നാല്‍ ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികള്‍ക്ക് എന്തിനാണ് രാഷ്ട്രീയ പ്രവര്‍ത്തനം തൊഴിലാക്കിയവര്‍ എന്ന ചോദ്യമാണ് പ്രസക്തം. കുറെപേര്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകരായി സമൂഹത്തെ നയിക്കുന്നതല്ലല്ലോ ജനാധിപത്യം. എല്ലാവരും രാഷ്ട്രീയപ്രവര്‍ത്തകരാകുകയാണ് വേണ്ടത്. ജീവിക്കാനുള്ള പണമുണ്ടാക്കേണ്ടത് തൊഴിലെടുത്താണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നല്ല. ജനപ്രതിനിധികളായിരിക്കുമ്പോള്‍ മാത്രം ന്യായമായും അവര്‍ക്ക് വേതനം നല്‍കണം എന്നതു ശരി.
അധികാരത്തെ പൂര്‍ണ്ണമായും ജനങ്ങളിലെത്തിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനലക്ഷ്യം. ആ ലക്ഷ്യത്തിന്റെ അടുത്തൊന്നും നാമെത്തിയിട്ടില്ല. എങ്കിലും ജനപ്രതിനിധികളിലേക്ക് ഒരുപരിധി വരെ അധികാരമെത്തിയിട്ടുണ്ട്. അപ്പോഴും അവര്‍ ജനവിരുദ്ധരും അഴിമതിക്കാരുമാകുന്ന സാഹചര്യമുണ്ട്. ജനങ്ങള്‍ക്ക് അവരില്‍ നിയന്ത്രണം ലഭിക്കാത്ത അവസ്ഥയുമുണ്ട്. അവിടെയാണ് രാഷ്ട്രീയപ്രവര്‍ത്തനം തൊഴിലാക്കുന്ന ജനാധിപത്യവിരുദ്ധസംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ചയുടെ പ്രസക്തി. മുഴുവന്‍ ജനങ്ങളേയും രാഷ്ട്രീയപ്രക്രിയയില്‍ പങ്കാളികളാക്കുന്നതിനുപകരം കുറച്ചുപേര്‍ക്ക് വരുമാനം നല്‍കുന്ന തൊഴിലാകരുത് അത്. ആകുമ്പോഴാണ് ‘രാഷ്ട്രീയ പ്രവര്‍ത്തനം ഒരു ബിസിനസ്സാക്കി മാറ്റിയ കുറേപ്പേര്‍ സി.പി.എമ്മിനകത്തുണ്ട്.’ എന്ന് ജോണ്‍സന് പറയേണ്ടിവരുന്നത്.
തങ്ങള്‍ സമൂഹത്തെ നയിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്ന ധാരണയില്‍ ഇത്തരത്തിലുള്ള ഒരു വിഭാഗത്തെ സൃഷ്ടിക്കുന്നത് ജനാധിപത്യവ്യവസ്ഥക്ക് അനുഗുണമല്ല. ജോണ്‍സന്‍ പറയുന്നപോലെ അവരുടെ അധിശത്വബോധം ശരീരഭാഷയില്‍ തന്നെകാണാം. അതുവഴി അവരില്‍ വളരുന്നത് ഫാസിസ്റ്റ് പ്രവണതകളും അഴിമതിയുമാണ്. ആ അഴിമതിയുടെ പ്രകടിതരൂപമാണ് പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പിലും കാണുന്നത്. ഒപ്പം മറ്റുള്ളവരെ അരാഷ്ട്രീയക്കാരാക്കാണ് ഈ സമീപനം സഹായിക്കുക. രാഷ്ട്രീയം തൊഴിലാക്കിയവരുള്ളപ്പോള്‍ തങ്ങള്‍ക്കതിന്റെ ആവശ്യമെന്ത് എന്ന ചോദ്യം സ്വാഭാവികമാണല്ലോ. ഞാന്‍ രാഷ്ട്രീയക്കാരനല്ല എന്നത് സ്ഥിരം കേള്‍ക്കുന്ന വാചകമാണല്ലോ. ജനാധിപത്യത്തിന് തികച്ചും ഭീഷമിയാണ് ഈ ആശയം. അതല്ല ജനാധിപത്യത്തിനാവശ്യം. എല്ലാവരും രാഷ്ട്രീയപ്രക്രിയകളില്‍ സജീവപങ്കാളികളാകുകയാണ്. അങ്ങനെയാണ് ജനാധിപത്യം കരുത്തുറ്റതാകുക. പക്ഷെ ജനാധിപത്യസംവിധാനത്തില്‍ സത്യസന്ധമായി വിശ്വസിക്കുന്നവര്‍ക്കേ അതിനാകൂ. തങ്ങളുടെ മറ്റു രാഷ്ട്രീയലക്ഷ്യത്തിലേക്കുള്ള അടവായോ തന്ത്രമായോ ജനാധിപത്യത്തെ ഉപയോഗിക്കുന്നവര്‍ക്ക് അതു സാധിക്കില്ല. അതാണ് ജോണ്‍സനെപോലുള്ളവര്‍ തിരിച്ചറിയേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in