മുത്തൂറ്റ് സമരവും കേരളത്തിലെ അസംഘടിത വിഭാഗങ്ങളും
ആരൊളിപ്പിച്ചാലും തകര്‍ക്കാന്‍ ശ്രമിച്ചാലും ഇത്തരം പോരാട്ടങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടു നയിക്കാനുള്ള ശേഷി സോഷ്യല്‍ മീഡിയ ആര്‍ജ്ജിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ അസംഘടിത വിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ ഇനിയും ശക്തിപ്പെടുമെന്നതില്‍ സംശയം വേണ്ട.
കൊട്ടിഘോഷിക്കപ്പടുന്ന രീതിയിലുള്ള വന്‍ വിജയമൊന്നുമല്ലെങ്കിലും തൊഴിലാളി സമരത്തിനു മുന്നില്‍ അവസാനം മുത്തൂറ്റ് മാനേജ്‌മെന്റ് മുട്ടുകുത്തിയത് സ്വാഗതാര്‍ഹമാണ്. കേരളത്തില്‍ അടുത്തകാലത്തായി നടന്നു വരുന്ന അസംഘടിത തൊഴിലാളി വിഭാഗങ്ങളുടെ സമരചരിത്രത്തില്‍ തന്നെയാണ് ഈ സമരത്തിന്റേയും സ്ഥാനം. നഴ്‌സുമാരുടെ സമരത്തിന്റേയും ഇരിപ്പു സമരത്തിന്റേയും പെമ്പിളൈ ഒരുമൈ സമരത്തിന്റേയും അണ്‍ എയ്ഡഡ് അധ്യാപകരുടെ സമരത്തിന്റേയുമൊക്കെ പട്ടികയിലാണ് ഈ സമരവും വരുന്നത്. പ്രകടമായ ഒരു വ്യത്യാസം അവിടെയൊന്നും കാര്യമായി തിരിഞ്ഞുനോക്കാതിരുന്ന വ്യവസ്ഥാപിത യൂണിയന്‍ ഈ സമരത്തില്‍ സജീവമായി എന്നതാണ്. തീര്‍ച്ചയായും അതൊരു നല്ല മാറ്റമാണ്. എന്നാല്‍ ചുമട്ടുതൊഴിലാളികളേയും മറ്റും കൊണ്ടു വന്ന്, ജോലി പോകുമോ എന്ന ഭയം കൊണ്ട് സമരത്തില്‍ പങ്കെടുക്കാത്തവരെ ഭീഷണിപ്പെടുത്താനും മറ്റും നടത്തിയ ശ്രമങ്ങള്‍ ഒരിക്കലും ജനാധിപത്യപരമായ സമരരീതിക്ക് യോജിച്ചതല്ല.
1.10.19 മുതല്‍ 500 രൂപ ഇടക്കാലാശ്വാസമായി അനുവദിക്കും എന്നാണ് ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ പ്രധാനമായി ഉള്ളത്. പിന്നെയുള്ളത് നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മിനിമം വേതനം നിശ്ചയിക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം നടപടികള്‍ പൂര്‍ത്തീകരിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുവാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ മാനേജ്‌മെന്റ് അംഗീകരിക്കും എന്നതാണ്. അത് സ്വാഭാവികമായും മാനേജ്‌മെന്റ് അംഗീകരിക്കേണ്ടത്. അല്ലെങ്കില്‍ അംഗീകരിപ്പിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. പിന്നെ എല്ലാ ജീവനക്കാര്‍ക്കും നിയമപ്രകാരമുള്ള ബോണസ് ലഭിക്കുന്നുവെന്ന് തൊഴില്‍ വകുപ്പ് ഉറപ്പു വരുത്തും, തടഞ്ഞുവച്ച 25% വാര്‍ഷിക ഇംക്രിമെന്റ് 1.4.19 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ വിതരണം ചെയ്യും, സസ്പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കും. തടഞ്ഞുവെച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. സമരത്തിന്റെ പേരില്‍ തൊഴിലാളികള്‍ക്കെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കില്ല തുടങ്ങിയ സ്വാബാവികമായും ഉണ്ടാകേണ്ട വ്യവസ്ഥകളാണ്. ചുരുക്കത്തില്‍ തല്‍ക്കാലം വലിയ നേട്ടമൊന്നും അവകാശപ്പെടുന്നില്ലെങ്കിലും ഇന്നോളം സ്വന്തം അവകാശങ്ങള്‍ക്കായി പോരാടാന്‍ രംഗത്തുവരാത്ത വിഭാഗം, പ്രത്യകിച്ച് സ്ത്രീകള്‍ സമരം ചെയ്ത് നേടിയെടുത്ത വിജയം എന്ന പ്രസക്തി ഇതിനുണ്ട്. അതൊടൊപ്പം കോടതിയുടെ ഇടപെടലും ഈ നേട്ടത്തിനു കാരണമായി. പ്രതേകിച്ച് പ്രധാനമന്ത്രി പറഞ്ഞാല്‍ പോലും മുട്ടുകുത്തില്ല, എല്ലാ ശാഖകളും അടച്ചിടും എന്ന് അഹങ്കാരത്തോടെ പ്രഖ്യാപിച്ച ഒരു മാനേജ്‌മെന്റിനോടായിരുന്നു പോരാട്ടം എന്ന പശ്ചാത്തലത്തില്‍.
അതേസമയം പലപ്പോഴും ചര്‍ച്ച ചെയ്ത വിഷയമാണെങ്കിലും ഇനിയും ചര്‍ച്ച ചെയ്യേണ്ട ഒന്നാണ് കേരളത്തിലെ അസംഘടിത തൊഴിലാളി വിഭാഗത്തിന്റെ ദുരിതജീവിതമെന്നത്. കേരളം കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ ഈറ്റില്ലമാണെന്നും ഇവിടത്തെ തൊഴിലാളി വര്‍ഗ്ഗമെല്ലാം സംഘടിതരാണെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളേക്കാള്‍ ഉയര്‍ന്ന വേതനം പറ്റുന്നവരാണെന്നുമുള്ള ധാരണയാണ് മുഖ്യമായും പ്രചരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഒട്ടുമിക്കവാറും തൊഴിലാളികള്‍ അസംഘടിതരാണെന്നതാണ് യാഥാര്‍ത്ഥ്യം. അധ്യാപകരും ബാങ്ക് ജീവനക്കാരും സര്‍ക്കാര്‍ ജീവനക്കാരും പല പൊതുമേഖലാ കമ്പനികളുടെ ജീവനക്കാരും ചില സ്വകാര്യകമ്പനികളിലെ ജീവനക്കാരും ചുമട്ടുത്തൊഴിലാളികളുമൊക്കെയാണ് മറുവശത്തോ? നമ്മുടെ കാര്‍ഷിക വ്യവസായ മേഖലകളുടെ അവസ്ഥ എന്താണ്? കാര്‍ഷികമേഖല തകര്‍ന്നു കഴിഞ്ഞു. ഒരു കാലത്ത് സംഘടിതരായിരുന്ന കര്‍ഷകത്തൊഴിലാളികള്‍ ഇന്നു ജീവിക്കാനായി പാടുപെടുകയാണ്. മിക്കവാറും പേര്‍ കെട്ടിടനിര്‍മ്മാണമടക്കമുള്ള മേഖലകളിലേക്ക് മാറി. കര്‍ഷകര്‍ വന്‍ തകര്‍ച്ചയിലാണ്. റബ്ബര്‍, കാപ്പി മേഖലകളിലെ തൊഴിലാളികളും ഏറെക്കുറെ അസംഘടിതരാണ്. തോട്ടം തൊഴിലാളികളുടെ ദയനീയ അവസ്ഥ മൂന്നാര്‍ സമരത്തെ തുടര്‍ന്നാണ് മുഖ്യധാരയില്‍ ചര്‍ച്ചാവിഷയമായത്. ന്‌സുമാരുടെ അവസ്ഥ ഇന്നെല്ലാവര്‍ക്കുമറിയാം. കയര്‍, നെല്ല്, കശുവണ്ടി, മത്സ്യബന്ധനം, ബീഡി തുടങ്ങിയ പരമ്പരാഗത മേഖലകളും തകര്‍ച്ചയിലാണ്. ഈ മേഖലയിലെ തൊഴിലാളികളെല്ലാം ഇന്ന് അസംഘടിതരാണ്.
അടുത്തകാലത്ത് അതിവേഗം വളര്‍ന്നത് നിര്‍മ്മാണ മേഖലയാണല്ലോ. ഈ മേഖലയിലെ മലയാളികള്‍ക്ക് ഭേദപ്പെട്ട വേതനമുണ്ട്. എന്നാല്‍ ജോലി സ്ഥിരതയോ മറ്റൊരു ആനുകൂല്യവു ഭൂരിഭാഗത്തിനുമില്ല. ജോലിസമയത്ത് എന്തെങ്കിലും അപകടം പറ്റിയാല്‍ അതോടെ തീര്‍ന്നു ജീവിതം. ഈ മേഖലയില്‍ ഭൂരിഭാഗം വരുന്ന ഇതരസംസ്ഥാനത്തൊഴിലാളികളികളുടെ അവസ്ഥയെ കുറിച്ച് പറയാനുമില്ല.
കൊച്ചുപീടികകള്‍ മുതല്‍ വലുതും ചെറുതുമായ സൂപ്പര്‍മാര്‍ക്കറ്റുകളും വന്‍കിട തുണിക്കടകളും സ്വര്‍ണ്ണക്കടകളും ഹോട്ടലുകളും വരെയുള്ള വ്യാപാരമേഖലയിലാണ് വലിയൊരു വിഭാഗം പേര്‍ തൊഴിലെടുക്കുന്നത്. ഇവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും അവസ്ഥ വളരെ ദയനീയമാണ്. സ്ത്രീകളാണ് ഏറ്റവുമധികം ചൂഷണം ചെയ്യപ്പെടുന്നത്. ഏതൊക്കെയോ യൂണിയനുകള്‍ ഉണ്ടെങ്കിലും അവയൊന്നും ഇവരുടെ ന്യായമായ അവകാശങ്ങള്‍ക്കായി പോരാടിയ ചരിത്രമല്ല. കോഴിക്കോടും തൃശൂരിലും നടന്ന ടെക്സ്റ്റൈല്‍ ജീവനക്കാരികളുടെ സമരത്തെ തുടര്‍ന്നാണ് ഇവരുടെ അവസ്ഥ ചെറിയ തോതിലെങ്കിലും ചര്‍ച്ചയായത്. കോഴിക്കോട് മൂത്രമൊഴിക്കാനുള്ള അവകാശത്തിനുവേണ്ടി നടന്ന പോരാട്ടവും തൃശൂരില്‍ കല്ല്യാണിനുമുന്നില്‍ നടന്ന ഇരിക്കല്‍ സമരവും മുഖ്യധാരാമാധ്യമങ്ങളും പ്രമുഖ യൂണിയനുകളും ബഹിഷ്‌കരിച്ചെങ്കിലും സാമൂഹ്യമാധ്യമങ്ങളിലൂടെ ചര്‍ച്ചാവിഷയമായി. തുടര്‍ന്ന് ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തില്‍ പുതിയ ഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. സ്ത്രീ സൗഹൃദ ഭേദഗതികളാണ് മുഖ്യമായും കൊണ്ടുവന്നത്. സംസ്ഥാനത്തുടനീളമുള്ള സേവനമേഖലയിലെ ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്ഥമല്ല.
[widgets_on_pages id=”wop-youtube-channel-link”]
വെള്ളക്കോളര്‍ എന്നു വിളക്കപ്പെടുന്ന വിഭാഗത്തില്‍ പെട്ട സിബിഎസ്സി അധ്യാപകരുടെ അവസ്ഥ എത്രയോ ദയനീയമാണ്. സമൂഹത്തിലെ ഉന്നതരുടെ മക്കളെയാണവര്‍ പഠിപ്പിക്കുന്നത്. കൂടാതെ രാഷ്ട്രീയക്കാരുടേയും എഴുത്തുകാരുടേയും എന്തിന് സര്‍ക്കാര്‍ അധ്യാപകരുടേയും. വളരെ തുച്ഛം ശബളത്തിന് അടിമപണിക്കുസമാനമായ ജോലി ചെയ്യേണ്ട അവസ്ഥയാണവരുടേത്. തൊഴില്‍ സ്ഥിരതയോ ആനുകൂല്യങ്ങളോ ഇല്ല. തങ്ങളുടെ അതേ ജോലി ചെയ്യുന്ന ഇവര്‍ അധ്യാപകസംഘടനകളുടെ അജണ്ടയിലില്ല. അപൂര്‍വ്വം ചില വിദ്യാലയങ്ങളിലെ അധ്യാപകര്‍ തങ്ങളനുഭവിക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ രംഗത്തിറങ്ങിയെങ്കിലും കാര്യമായ പിന്തുണയോ നേട്ടങ്ങളോ ഉണ്ടാക്കാനായില്ല. സര്‍ക്കാരും കാര്യമായി ഇവരുടെ വിഷയങ്ങളില്‍ ഇടപെട്ടിട്ടില്ല. സമാനമാണ് മിക്കവാറും മാധ്യമങ്ങളിലെ ജീവനക്കാരുടെ അവസ്ഥയും. ഏതാനും വന്‍കിട മാധ്യമങ്ങളിലൊഴികെ മിക്കവാറുമിടങ്ങളില്‍ മാന്യമായ വേതനമോ തൊഴില്‍ സാഹചര്യങ്ങളോ ഇല്ല. മറ്റു മേഖലകളിലെ ചൂഷണങ്ങള്‍ പലപ്പോഴും പുറത്തുകൊണ്ടുവരുന്ന ഇവര്‍ക്കാകട്ടെ സ്വന്തം മേഖലയെ കുറിച്ചൊരു വാര്‍ത്തയും നല്‍കാനാകില്ല എന്നതാണ് ഏറ്റവും വൈരുദ്ധ്യം. യൂണിയന്‍ പ്രവര്‍ത്തനം പോലും നാമമാത്രം. സിനിമാമേഖലയില്‍ പോലും വേതനത്തില്‍ വളരെ അന്തരമുണ്ടെങ്കിലും കൃത്യമായ വേതനസംവിധാനം നിലനില്‍ക്കുമ്പോഴാണ് മാധ്യമമേഖലയില്‍ ഇത്തരൊരു അവസ്ഥ നിലനില്‍ക്കുന്നത്.
ഇതിനെല്ലാം പുറമെ കേരളത്തിന്റെ പൊതുധാരയില്‍ നിന്ന് ഏറെതാഴെ നില്‍ക്കുന്ന വിവിധ ജനവിഭാഗങ്ങളും ഇവിടെയുണ്ട്. ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍ എന്നിവരാണ് അവരില്‍ മുഖ്യം. അവരുടെ ജീവിക്കാനുള്ള പോരാട്ടത്തോടും മുഖ്യധാരയിലെ പ്രസ്ഥാനങ്ങളുടെ നിഷേധാത്മക നിലപാട് പല തവണ കേരളം കണ്ടുകഴിഞ്ഞു. ചുരുക്കത്തില്‍ സംഘടിതരേക്കാള്‍ എത്രയോ മടങ്ങാണ് കേരളത്തില അസംഘടിത തൊഴിലാളികളുടെ എണ്ണം. കേരളത്തില്‍ എല്ലാവര്‍ക്കും മികച്ച വേതനവും ജീവിതസാഹചര്യങ്ങളും ലഭിക്കുന്നു എന്ന പൊള്ളയായ പ്രചരണത്തിനു മറുപടിയാണ് ഇവരുടെ ജീവിതങ്ങള്‍.
എന്തുകൊണ്ടാണ് ഈ വിഭാഗങ്ങളെ സംഘടിപ്പിച്ച് മെച്ചപ്പെട്ട അവസ്ഥക്കായി പോരാടാന്‍ സംഘടിത ട്രേഡ് യൂണിയനുകള്‍ക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും താല്‍പ്പര്യമില്ലാത്തത് എന്ന ചോദ്യത്തിനു മറുപടി വളരെ ലളിതമാണ്. അവരുടെ മികച്ച സാമ്പത്തിക സ്രോതസ്സുകളാണ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നതുതന്നെ. അവ വന്‍കിട കച്ചവടസ്ഥാപനങ്ങളാകാം. സ്വകാര്യ ആശുപത്രികളാകാം. സ്വകാര്യ സ്‌കൂളുകളാകാം. സ്വകാര്യ വ്യവസായികളാകാം, വന്‍കിട തോട്ടമുടമകളാകാം. മാധ്യമങ്ങള്‍ക്കാകട്ടെ അവര്‍ തങ്ങളുടെ പരസ്യ സ്രോതസ്സുകളാണ്. ഈ സാഹചര്യത്തിലാണ് അസംഘടിതവിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ പലപ്പോഴും മുഖ്യധാരയിലെത്താത്തത്. അതില്‍ നിന്ന് ചെറിയൊരു മാറ്റമാണ് മുത്തൂറ്റ് സമരത്തിലുണ്ടായത് എന്നത് സ്വാഗതാര്‍ഹമാണ്. അതേസമയം സാമൂഹ്യമാധ്യമങ്ങള്‍ ശക്തമായതോടെ അന്തരീക്ഷം കുറെയൊക്കെ മാറി്ക്കഴിഞ്ഞു. ആരൊളിപ്പിച്ചാലും തകര്‍ക്കാന്‍ ശ്രമിച്ചാലും ഇത്തരം പോരാട്ടങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടു നയിക്കാനുള്ള ശേഷി സോഷ്യല്‍ മീഡിയ ആര്‍ജ്ജിച്ചു കഴിഞ്ഞു. അതിനാല്‍ തന്നെ അസംഘടിത വിഭാഗങ്ങളുടെ പോരാട്ടങ്ങള്‍ ഇനിയും ശക്തിപ്പെടുമെന്നതില്‍ സംശയം വേണ്ട.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in