ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനല്ല, ദ ഗ്രേറ്റ് നായര്‍ കിച്ചന്‍

സിനിമയില്‍ ചെറുതായി വെളിച്ചം കിട്ടുന്ന വേലക്കാരിയിലാണ് യഥാര്‍ത്ഥ സ്ത്രീയുടെ പ്രശ്‌നമേഖല കിടക്കുന്നത്. അവള്‍ സ്വന്തം വീട്ടിലും മറ്റു വീട്ടിലും വീട്ടുജോലികളില്‍ത്തന്നെ കുടുങ്ങിനില്‍ക്കുന്നു. മുമ്പൊക്കെ ഞങ്ങടെ ആള്‍ക്കാരെ പുറം പണിക്കല്ലാതെ അടുക്കളയില്‍ കയറ്റില്ലായിരുന്നെന്ന വേലക്കാരിയുടെ സംഭാഷണത്താല്‍, ഒരു ദലിത് സ്ത്രീയെ ആവിഷ്‌കരിക്കാന്‍ സിനിമ ശ്രമിക്കുന്നത് പോലെതോന്നി. പക്ഷേ ഇന്നുംപുറം പണികള്‍ക്കല്ലാതെ, പാചകത്തിന് ദളിത് സ്ത്രീകളെ അടുക്കളയില്‍ കയറുന്നത്ര ‘ഉത്ഥാനമൊന്നും’ കേരളത്തില്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ ഈ കഥാപാത്രം സവര്‍ണ്ണതയോട് ചേര്‍ന്നുനില്‍ക്കുന്ന പിന്നാക്കമായ ഏതെങ്കിലും ജാതിക്കാരിയെയാവാം പ്രതിനിധീകരിക്കുന്നത്.

സ്ത്രീകളെ അടുക്കളയുടെ വാസ്തുശാസ്ത്രത്തില്‍ കുടുക്കിയിടുന്നതും വിശ്വാസത്തിന്റെ പേരില്‍ ആര്‍ത്തവായിത്തം ആരോപിച്ചു തീണ്ടാപ്പാടകലെ മാറ്റിനിര്‍ത്തുന്നതും അപലപിക്കേണ്ട സാമൂഹീക തിന്മ തന്നെയാണ്. തുടര്‍ചര്‍ച്ചകള്‍ ഉയരേണ്ടുന്ന സാമൂഹിക തിന്മ. ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന മലയാള സിനിമ അത്തരമൊരു ആശയം ഏറ്റെടുത്തു എന്നത് അഭിനന്ദനം അര്‍ഹിക്കുന്നു ഫെമിനിസത്തില്‍ അധിഷ്ഠിതമായ ചിന്താപദ്ധതി സാധാരണക്കാരില്‍ എത്തിക്കാനും സിനിമ ഉപകരിച്ചിട്ടുണ്ട്. എന്നാല്‍ കഥ പറയുന്നെങ്കില്‍ അത് നായര്‍ തറവാട്ടില്‍ നിന്നുതന്നെ പറഞ്ഞാലേ കഥയാവൂ എന്ന ദ ഗ്രേറ്റ് കേരളാ ക്ലീഷേയെ മറ്റൊരു ആചാരസംരക്ഷണമായി ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ സംവിധായകനും ഏറ്റെടുത്തതിനാലാണ് സിനിമയുടെ ട്രീറ്റ്‌മെന്റ് ബലംകുറഞ്ഞ് പോയത്.

ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന പേര് ശശി തരൂരിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍സ് എന്ന പുസ്തകത്തിന്റെ പാരഡി ആയിരിക്കാം. പക്ഷേ ഇന്ത്യന്‍ കിച്ചന്‍ എന്ന ഒരു പൊതു കിച്ചണല്ലെന്നും ഓരോ ഇന്ത്യന്‍ കിച്ചണും ജാതി, മതം, പ്രദേശം ഒക്കെയനുസരിച്ച് പലതാണെന്നും നമുക്കറിയാം. കാനനമാകെ ഒന്നെന്നു പുറംകാഴ്ചകണ്ടാലും അടുത്തു ചെന്നാല്‍ പലജാതി മരങ്ങളെ വേറിട്ടു കാണുന്നപോലെതന്നെ. നായര്‍ അടുക്കളയല്ല കേരളത്തിലെ ബഹുജനങ്ങളുടെ അടുക്കള. നായര്‍ കഥയിലൂടെ ഇവിടെത്തെ മുഴുവന്‍ മനുഷ്യരുടെയും ജീവിതകഥയെ ആവിഷ്‌കരിക്കാം എന്നുള്ള അബോധം  മലയാള സിനിമ കാലങ്ങളായി കൊണ്ടുനടക്കുന്ന ആചാര സംരക്ഷണം തന്നെയാണ്. ആദ്യ കാലങ്ങളില്‍ ‘ദലിതര്‍ക്കും പിന്നാക്കക്കാര്‍ക്കും സംവരണമുള്ള ഒറ്റക്കാരണത്താല്‍ ‘ എം എ യൊക്കെ പഠിച്ച നായര്‍ പുരുഷന്‍ ജോലി തേടി നാടു വിടുന്നതായിരുന്നു മുഖ്യമാനകഥ. (മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു. നാടോടിക്കാറ്റ്, ഉല്‍സവപ്പിറ്റേന്ന് തുടങ്ങി അനേകം ) പിന്നെ അധോലോകം തിമിര്‍ത്തെന്ന അപസര്‍പ്പക കഥയുമായി വരുന്ന തമ്പുരാക്കള്‍ (ആര്യന്‍, ആറാംതമ്പുരാന്‍ രാവണപ്രഭു തുടങ്ങി അനേകം …) ഇന്നിപ്പോള്‍ നായര്‍ പുരുഷന്റെ പ്രശ്‌നങ്ങള്‍ കൊണ്ടു പൊറുതിയായെന്നു തോന്നുന്നു. ഈ സിനിമയില്‍ നായര്‍ സ്ത്രീയാണ് ഇറങ്ങിപ്പോകുന്നത് നാളെയവള്‍ പന്ത്രണ്ടാം തബ്രാട്ടിയായി തിരിച്ചു വരുന്ന കഥകളും നമ്മള്‍ തന്നെ കാണേണ്ടിവരും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കോവിലക കേന്ദ്ര ലൊക്കേഷനുകളും തമ്പുരാന്‍ കഥകളും വെടിഞ്ഞതിനാലാണ് കുറച്ചെങ്കിലും ന്യൂജനറേഷന്‍ സിനിമകള്‍ പുതുമ കാണിച്ചത്. ആ അടുക്കള നോക്കൂ, മൂന്ന് പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കാന്‍ ഒരു വേലക്കാരി കൂടിഉണ്ട് ആ വീട്ടില്‍. അടുക്കളപ്പണി മുഴുവന്‍ നടത്തി കുട്ടികളെയും സ്‌കൂളിലയച്ചു ടെക്‌സ്‌റ്റൈല്‍സ്, സര്‍ക്കാരുദ്യോഗം തൊഴിലുറപ്പ് തുടങ്ങിയ പണിക്ക് പോകുന്ന സ്ത്രീകള്‍ ഇന്ത്യന്‍ കിച്ചണില്‍ ആവിഷ്‌കരിക്കുന്ന എക്‌സാജറേറ്റഡ് അടുക്കള കണ്ടാല്‍ മുഴുനീളം മുഴുത്തചിരി തന്നെ ചിരിച്ചു പോകും. വീട്ടില്‍ നിന്നും ഒറ്റത്തോന്നല്‍കൊണ്ട് ഇറങ്ങിപ്പോകാന്‍ ധൈര്യം കാണിച്ച ഗ്രേറ്റ് കിച്ചണിലെ നായികയിലും, ഭര്‍ത്താവ് തന്നെയാണ് പ്ലംബറെ വിളിക്കേണ്ടത് എന്ന പാരമ്പര്യ ബോധം സംവിധായകന്‍ തിരികിക്കൊടുത്തത് എന്തുകൊണ്ടാവും ? അവളുടെ ഒരു ഫോണ്‍കോള്‍ കൊണ്ട് ഒരു പ്ലംബര്‍ എത്തിയാല്‍ പരിഹരിക്കാവുന്നതേയുള്ളൂ സിനിമയിലെ പകുതിയിലേറെയും പ്രശ്‌നമേഖല (വേണമെങ്കില്‍ മുഴുവന്‍ പ്രശ്‌നങ്ങളും). സംഘനൃത്തത്തിന് ക്രാഫ്റ്റ് ചെയ്ത ആളുകളില്‍ ഒന്നിനെ കുറച്ചിട്ട് ഒരു പ്ലംബറെക്കൂടി കാസ്റ്റ്‌ചെയ്താല്‍ തീരാവുന്ന മൈനര്‍പ്രശ്‌നം.

സിനിമയില്‍ ചെറുതായി വെളിച്ചം കിട്ടുന്ന വേലക്കാരിയിലാണ് യഥാര്‍ത്ഥ സ്ത്രീയുടെ പ്രശ്‌നമേഖല കിടക്കുന്നത്. അവള്‍ സ്വന്തം വീട്ടിലും മറ്റു വീട്ടിലും വീട്ടുജോലികളില്‍ത്തന്നെ കുടുങ്ങിനില്‍ക്കുന്നു. മുമ്പൊക്കെ ഞങ്ങടെ ആള്‍ക്കാരെ പുറം പണിക്കല്ലാതെ അടുക്കളയില്‍ കയറ്റില്ലായിരുന്നെന്ന വേലക്കാരിയുടെ സംഭാഷണത്താല്‍, ഒരു ദലിത് സ്ത്രീയെ ആവിഷ്‌കരിക്കാന്‍ സിനിമ ശ്രമിക്കുന്നത് പോലെതോന്നി. പക്ഷേ ഇന്നുംപുറം പണികള്‍ക്കല്ലാതെ, പാചകത്തിന് ദളിത് സ്ത്രീകളെ അടുക്കളയില്‍ കയറുന്നത്ര ‘ഉത്ഥാനമൊന്നും’ കേരളത്തില്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ ഈ കഥാപാത്രം സവര്‍ണ്ണതയോട് ചേര്‍ന്നുനില്‍ക്കുന്ന പിന്നാക്കമായ ഏതെങ്കിലും ജാതിക്കാരിയെയാവാം പ്രതിനിധീകരിക്കുന്നത്. എം. എ .വരെ പഠിച്ചിട്ടും അമ്മയെ ജോലിക്ക് വിട്ടില്ല എന്നത് നായര്‍ തറവാടുകളിലെ ആചാരമായിരിക്കാം ( വിടാതിരുന്നാലും സംവരണമില്ലാത്തതിനാല്‍ ജോലി കിട്ടിയില്ല്യാ കുട്ട്യേയ് എന്നാവും പുറത്ത് പറഞ്ഞു നടക്കുക ) എന്നാല്‍ , ദാരിദ്ര്യവും കടക്കെണികളും ഏറെയുള്ള ബഹുജന വീടുകളില്‍ തൊഴിലിന് പോകാതിരിക്കുന്നതാണ് സ്ത്രീകളുടെ നേരെ ചുമത്താറുള്ള വലിയ കുറ്റം. ‘ഇവള്‍ക്ക് വല്ല പണിക്കും പൊയ്ക്കൂടേയെന്നാണ് ‘ സത്യത്തില്‍ മര്‍മറിങ്ങായി പല വീട്ടിലും കേട്ടിരിക്കുന്നത്. തോട്ടംതൊഴില്‍ക്കാരികളും കൃഷിപ്പണിക്കാരികളും മെയ്ക്കാട്ടുകാരികളും തുണിക്കടകളില്‍ നില്‍ക്കുന്ന സ്ത്രീകളും തൊഴിലുറപ്പിനു പോകുന്നവരുമായി ബഹുലമായ തൊഴിലാളി സ്ത്രീകളുടെ ലോകമാണ് ഇവിടെ മറച്ചുവയ്ക്കപ്പെടുന്നത്. തൊഴില്‍ കാര്യത്തില്‍ പരസരാഗത നായര്‍ വീട്ടു സംസ്‌കാരമല്ല ബഹുജന വീടുകളിലുള്ളത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭര്‍ത്താവിനെയും വീടിനെയും വിട്ടെറിഞ്ഞിട്ട് സിനിമയിലെ നായിക ചെന്നെത്തുന്നത് സംഘനൃത്തത്തിന്റേയുംനാടകത്തെയും വലിയ ഭൂമികയിലേക്കാണ്. കേരളത്തിലെ സവര്‍ണ്ണ കുലസ്ത്രീകള്‍ക്ക് അത്തരം ധാരാളം അവസരങ്ങളുണ്ടെന്നത് ആ ദൃശ്യത്തെ സത്യമാക്കി വയ്ക്കുന്നു അതുമല്ലെങ്കില്‍ അവള്‍ക്ക് ഗള്‍ഫിലെ അച്ഛന്റ സമ്പത്തുകൊണ്ടുപോയി കരയോഗ സവര്‍ണതയ്ക്ക് കൊടുത്താല്‍ സ്‌കൂളിലോ കോളേജിലോ തൊഴില്‍തേടി മറ്റൊരു ജീവിതം ഉണ്ടാക്കാന്‍ കഴിയും. ഭര്‍ത്താവിനെ വെടിഞ്ഞാല്‍ സൂപ്പര്‍ സ്റ്റാറുപോലും ആകാന്‍ അവസരങ്ങള്‍ തുറക്കും. എന്നാല്‍ ബഹുജന സ്ത്രീകളുടെ കാര്യം അതാണോ ? അവര്‍ക്ക് ഇത്തരത്തില്‍ ചെന്നെത്തി സുരക്ഷിതരാകാന്‍ കഴിയുന്ന ലോകങ്ങള്‍ ഇനിയും തുറക്കേണ്ടിയിരിക്കുന്നു. വഴക്കുമൂലം വീടുവിട്ടിറങ്ങി പോകുന്ന ഒരു കീഴാളസ്ത്രീയെ സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ഡും നേടിയ പ്രശസ്ത കവി എസ് ജോസഫ്  ധ്വനി എന്ന കവിതയില്‍ അവതരിപ്പിക്കുന്നതിങ്ങനെയാണ്.

‘പലപ്പോഴും
വഴക്ക്മൂലം ശരണക്കേടു തോന്നി നോക്കിക്കോ
ഞാനെന്റെ വീട്ടിലേയ്ക്ക്
ഒറ്റ നട വെച്ചു കൊടുക്കും
എന്ന് തലേന്ന് രാത്രി
പറഞ്ഞതിന്‍ പ്രകാരം
അമ്മ ചട്ടയും മുണ്ടുമുടുത്തു വീടിറങ്ങി .
എന്നാല്‍, ചായന്തെങ്ങിനു .താഴെയുള്ള കുത്തുകല്ലില്‍
അവര്‍ ഇരുന്നുപോകും
കുറെനേരം അങ്ങിനെയിരുന്നിട്ട് തിരിച്ചു പോരാറുള്ള
അമ്മയോട്
പോക്കെടമില്ല അല്ലേ?
ഞങ്ങള്‍ ആണ്‍മക്കള്‍
കളിയാക്കി ചോദിക്കും കൂകിച്ചിരിക്കും

വീടുവിട്ടിറങ്ങിപ്പോകാന്‍ പോലും ഇടം ബാക്കിയില്ലാത്ത ദലിത്/ ബഹുജന്‍ സ്ത്രീയനുഭവമാണ് കവിത വരച്ചിടുന്നത്.. നായര്‍ സമുദായത്തിലുള്ള സ്തീകളുടെ സാധ്യതകള്‍ മറ്റ് ബഹുജന സ്ത്രീകള്‍ക്ക് ഇല്ല എന്നത് സിനിമയൊരു നായര്‍ കിച്ചന്‍ തന്നെ ആക്കി മാറ്റുന്നുണ്ട്.

ശബരിമല യുവതീ പ്രവേശനാനുമതി നല്‍കിക്കൊണ്ട് സുപ്രീം കോടതി വിധിവന്നശേഷം സിനിമയില്‍ കര്‍ത്തൃത്വം ആളുന്ന തറവാട് കുലസ്ത്രീകള്‍ തങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ആര്‍ത്തവായിത്തം ലോകാവസാനം വരേയ്ക്കും നീട്ടിപ്പുതുക്കി ലഭിക്കാന്‍ വിളക്കും കത്തിച്ച് നാമജപം നടത്തുകയായിരുന്നു. അതേസമയം ഫെമിനിസത്തില്‍ അധിഷ്ഠിതമായ സാമൂഹിക വിപ്ലവം ഏറ്റെടുത്തത് ദലിത്/പിന്നാക്ക /ബഹുജന്‍ സ്ത്രീകളാണ് അത്, ചാന്നാര്‍ലഹള, കല്ലുമാല ബഹിഷ്‌കരണം, മാറുമറയ്ക്കല്‍ സമരം …. എന്നിങ്ങനെ നീളുന്ന ചരിത്രപരമായ കുതറലും കുതിച്ചുചാട്ടവും കൂടിയാണ്. അത്തരം ദൃശ്യപ്പെട്ട സമരകര്‍തൃത്വത്തെ കീഴാള സ്ത്രീകളില്‍നിന്നും അപഹരിച്ച് സവര്‍ണ്ണ സ്ത്രീകള്‍ക്ക് സ്ഥാപിച്ചുകൊടുക്കുന്ന കര്‍ത്തൃത്വാപഹരണം തന്നെയാണ് ഈ അടുക്കള സിനിമയും ലക്ഷ്യമിടുന്നത്. അംഗരാജ്യത്ത് മഴപെയ്യിക്കാന്‍ ഋശ്യശൃംഗനെ കൊണ്ടുവരാന്‍ കഷ്ടപ്പെട്ട, തെരുവിലെ സ്ത്രീയെ (സുപര്‍ണ്ണ ) പിന്‍തള്ളിയിട്ട് കുലസ്ത്രീക്ക് (പാര്‍വ്വതി ) മുനികുമാര ഭാര്യാപദം നല്‍കിയ വൈശാലി സിനിമയിലെ സവര്‍ണ്ണ ചതിയനുഭവം തന്നെയാണ് ഈ കര്‍ത്തൃത്വ ചോരണത്തിലുമുള്ളത്. അതുകൊണ്ട് ഈ സിനിമയുടെ പേര് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്നല്ല മറിച്ച്, ദ ഗ്രേറ്റ് നായര്‍ കിച്ചന്‍ എന്നായിരുന്നു ചേരുക..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 5 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

5 thoughts on “ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനല്ല, ദ ഗ്രേറ്റ് നായര്‍ കിച്ചന്‍

  1. സത്യസന്ധമായ ഒരു നിരൂപണം, വേറിട്ട കാഴ്ച.

  2. Avatar for ഡോ എ കെ വാസു

    ഡോ.എ.കെ വാസു

    പ്രസിദ്ധീകരിച്ചതിന് നന്ദി.

  3. Avatar for ഡോ എ കെ വാസു

    ഡോ.എ.കെ വാസു

    ഇതിൽ വരുന്ന മറ്റൊരു പ്രശ്നം
    പൊതുവേ കേരളത്തിലെ വീടുകളിൽ പുതിയകാലത്ത് അതിഥികൾ ഒന്നും വരാറില്ല വീട്ടിലേക്ക് ഒരു അതിഥി വരുന്നത് ശല്യമായി പറയുന്നു എന്നത് മനുഷ്യബന്ധങ്ങളെ കൂട്ടിയിണക്കുന്നതിനേക്കാൾ അതിനെ ഇല്ലാതക്കണെമെന്ന ആശയം പ്രചരിപ്പിക്കുന്നു ..

  4. Avatar for ഡോ എ കെ വാസു

    എം.സി.പ്രമോദ് വടകര

    ശ്രദ്ധേയമായ നിരീക്ഷണങ്ങൾ |സിനിമ ചില തെളിച്ചകൾ ഉയർത്തുമ്പോഴും കാണാതെ പോയ,ഇനിയും ഉയർന്നു വരേണ്ട ഒരു പാട് ഇരുണ്ട അടുക്കളകളെ ഓർമപ്പെടുത്തുന്നുണ്ട്.

  5. കാടുകാണുകയും മരം കാണാതിരിക്കുകയും ചെയ്ത – നടൻ ഭാഷയിൽ പറഞ്ഞാൽ “തൊലിഞ്ഞ” റിവ്യൂ ആയി പോയി. ശബരിമല കുലസ്ത്രീ സമരത്തിന് കേരളത്തിൽ നാന്ദി കുറിച്ചത് നായർ സ്ത്രീകളായിരുന്നുവെന്ന് റിവ്യൂ എഴുതിയ ആൾ മറന്നുപോയോ.. അതുകൊണ്ടുതന്നെ റെഡി ടു വെയിറ്റ് എന്ന പ്രതിലോമ മുദ്രാവാക്യം ഉയർത്തിയ അടുക്കളയിൽ നിന്നുതന്നെ തിരുത്തൽ ശക്തിയാവാൻ ഒരു നായർ സ്ത്രീയെ സംവിധായകൻ അവതരിപ്പിച്ചുവെങ്കിൽ അത് മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്ന തന്ത്രം മാത്രമാണ്. ഏതു ദളിത് കുടുംബത്തിലാണ് ആർത്തവ അശുദ്ധിയും പ്രത്യേക മുറിയുമുള്ളത്. കഥയുടെ മർമ്മമായ ശബരിമലയുമായി ബന്ധിച്ചതുകൊണ്ടുമാത്രമാണ് അതൊരു നായർ അടുക്കളയായത്, അത് മാറ്റിവെച്ചാൽ എല്ലാ അടുക്കളയും ഏറിയും കുറഞ്ഞും ഇങ്ങനെ തന്നെയല്ലേ. റിവ്യൂ കണ്ടപ്പോൾ തോന്നിയതിതാണ്, ക്ഷീരമുള്ളോരകിടിലും ചോരതന്നെ കൊതുകിനു കൗതുകം. 

Leave a Reply