സിനിമാമേഖല കുടുംബമല്ല, തൊഴിലിടമാണ്
സിനിമാരംഗത്തെ ദുരവസ്ഥ ചര്‍ച്ച ചെയ്യപ്പെടാന്‍ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമം വേണ്ടിവന്നു എന്നതാണ് ദുരന്തം. എന്തായാലും വന്‍കൊടുങ്കാറ്റാണ് ആ സംഭവം അഴിച്ചുവിട്ടത്. അതിലേറ്റവും പ്രധാനം സിനിമ തൊഴിലിടമാണ്, അവിടെ തൊഴിലിടവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും അനിവാര്യമാണ് എന്നു പ്രഖ്യാപിച്ച് ലിംഗനീതി രാഷ്ട്രീയം ഉയര്‍ത്തിപിടിച്ച് കുറെ യുവനടികള്‍ രംഗത്തുവന്നതും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനക്കു രൂപം കൊടുത്തുമാണ്. ഹേമകമ്മിറ്റി റി്‌പ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ REPOST ചെയ്യുന്നു.
മലയാള സിനിമാ മേഖലയില്‍ നിന്ന് വളരെ മോശപ്പെട്ട വാര്‍ത്തകളാണ് കുറെ കാലമായി പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഏറെ ഗ്ലാമര്‍ നിലനില്‍ക്കുന്ന മേഖലയായതിനാല്‍ അതെല്ലാം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമെന്നതു ശരി. എന്നാല്‍ ഏറ്റവും ആധുനികമെന്നു വിശേഷിക്കപ്പെടുന്ന സിനിമാരംഗം ആധുനികകാലമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ മറ്റെല്ലാ മേഖലകളേക്കാള്‍ പുറകിലാണെന്നതാണ് യാഥാര്‍ത്ഥ്യം. ഒട്ടും തന്നെ ജനാധിപത്യവല്‍ക്കരിക്കപ്പെടാത്ത, പ്രൊഫഷണല്‍ ആകാത്ത, ലിംഗനീതിയും സാമൂഹ്യനീതിയും നിലനില്‍ക്കാത്ത, ഫ്യൂഡല്‍ സങ്കല്‍പ്പങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞ ഒന്നാണ് സിനിമാരംഗം. അതില്‍ തന്നെ പ്രബുദ്ധമെന്നും സാക്ഷരമെന്നും വിശേഷിക്കപ്പെടുന്ന കേരളം വളരെ പുറകിലാണ്. ഏതാനും വര്‍ഷം മുമ്പ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ സംഘടിച്ചതിനെ തുടര്‍ന്ന് ജോലിക്ക് കൂലി കൃത്യമായി കിട്ടിത്തുടങ്ങിയിട്ടുണ്ട് – തുല്ല്യജോലിക്ക് തുല്ല്യവേതനമല്ലെങ്കിലും. എന്നാലത് അതില്‍ മാത്രമൊതുങ്ങുന്നു. ഒരു തൊഴിലിടമെന്നു പറയുന്നതിനു പകരം തങ്ങളുടേത് ഒരു കുടുംബമാണെന്നാണ് സിനിമക്കാര്‍ മിക്കപ്പോഴും പറയുന്നത്. മിക്കവാറും പുരുഷന്മാര്‍ തന്നെ. അതുവഴി അറിഞ്ഞോ അറിയാതേയോ അവര്‍ ആഗ്രഹിക്കുന്നത് കുടുംബങ്ങളെ പോലെ പുരുഷാധിപത്യവും അധികാരഘടനയും നിലനിര്‍ത്താനും അവിടെ നടക്കുന്ന ഏതനീതിയേയും കുടുംബമൂല്യങ്ങളുടെ പേരില്‍ ന്യായീകരിക്കാനുമാണ്.
സിനിമാമേഖലിയലെ സ്ത്രീവിരുദ്ധതയെ കുറിച്ച് എത്രയോ കൊല്ലം മുമ്പെ നാമെല്ലാം കേള്‍ക്കാറുണ്ട്. നടികളുമായുള്ള ബന്ധങ്ങളുടെ പേരില്‍ പല നായകനടന്മാര്‍ക്കും വീര ശൂര പരാക്രമികളുടെ മുഖമായിരുന്നു. സമൂഹത്തിന്റെ മറ്റു പല മേഖലകളിലും ലിംഗനീതിയുടെ ആശയങ്ങള്‍ വ്യാപകമായപ്പോഴും സിനിമാരംഗത്ത് അതിന്റെ അലയൊലികള്‍ ഉണ്ടായില്ല. അതിന്റെ ആവശ്യമില്ലെന്നും അവിടെ അതൊക്കെ സ്വാഭാവികമാണെന്നുമായിരുന്നു പൊതുബോധം. എന്തിനേറെ, ഫെമിനിസ്റ്റ് സംഘടനകളുടെ അജണ്ടയില്‍ പോലും നടികളുണ്ടായിരുന്നില്ല. അവരെല്ലാം ഏതോ ഉയര്‍ന്ന തലത്തിലുള്ളവരാണെന്നായിരുന്നു ഒരുപക്ഷെ ഫെമിനിസ്റ്റുകളും കരുതിയത്. നടികളില്‍ ഭൂരിഭാഗവും അതെല്ലാം സിനിമയുടെ ഭാഗമെന്ന രീതിയില്‍ തന്നെ കരുതി. യോജിക്കാന്‍ കഴിയാത്തവര്‍ ആ രംഗം വിട്ടുപോയെന്നു മാത്രം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സിനിമാരംഗത്തെ ഈ ദുരവസ്ഥ ചര്‍ച്ച ചെയ്യപ്പെടാന്‍ നടിക്കെതിരെ നടന്ന ലൈംഗികാതിക്രമം വേണ്ടിവന്നു എന്നതാണ് മറ്റൊരു ദുരന്തം. എന്തായാലും വന്‍കൊടുങ്കാറ്റാണ് ആ സംഭവം അഴിച്ചുവിട്ടത്. അതിലേറ്റവും പ്രധാനം സിനിമ തൊഴിലിടമാണ്, അവിടെ തൊഴിലിടവുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും അനിവാര്യമാണ് എന്നു പ്രഖ്യാപിച്ച് ലിംഗനീതി രാഷ്ട്രീയം ഉയര്‍ത്തിപിടിച്ച് കുറെ യുവനടികള്‍ രംഗത്തുവന്നതും വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനക്കു രൂപം കൊടുത്തുമാണ്. സിനിമാ താരങ്ങളുടെ സംഘടനയായ എ എം എം എ അടക്കം മറ്റെല്ലാ സംഘടനകളും ഫലത്തില്‍ കുറ്റാരോപിതനായ ദിലീപിനൊപ്പം നിന്നപ്പോഴാണ് WCC ക്ക് രൂപം കൊടുക്കാന്‍ അവര്‍ നിര്‍ബന്ധിതരായത്. പിന്നീടവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ പൊതുബോധത്തില്‍ കാര്യമായ മാറ്റം വരുത്താന്‍ കാരണമായിട്ടുണ്ടെന്നതില്‍ സംശയമില്ല. പലരും വ്യക്തിപരമായി വലിയ നഷ്ടങ്ങള്‍ സഹിച്ചാണ് അതിനു തയ്യാറായതെന്നതാണ് പ്രധാനം. WCCയുടെ ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് സിനിമാരംഗത്തെ സ്ത്രീപീഡനങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. നിര്‍ഭാഗ്യവശാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും മറ്റു തൊഴിലിടങ്ങളെപോലെ ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിക്കാനും ഇനിയുെ പോരാടേണ്ട അവസ്ഥയിലാണ് WCC.
മറുവശത്ത് നടിയെ അക്രമിച്ച കേസ് കോടതികളില്‍ ഇഴയുകയാണ്. കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് ന്യായമായും സംശയിക്കാം. ലിംഗനീതിയെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്ന സര്‍ക്കാരും വനിതാജഡ്ജി നയിക്കുന്ന കോടതിയും പോലും സംശയത്തിന്റെ നിഴലില്‍ തന്നെയാണ്. അല്ലെങ്കില്‍ കേസിന്റെ നിര്‍ണ്ണായക വേളയില്‍ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റുമായിരുന്നില്ലല്ലോ. കോടതിയിലിരിക്കുന്ന രേഖകള്‍ ദിലീപിന്റെ ഫോണില്‍ നിന്നു കണ്ടെടുത്തതടക്കം കോടതിയുടെ നടപടികളെ പ്രൊസിക്യൂഷന്‍ വിമര്‍ശിച്ചത് കഴിഞ്ഞ ദിവസമാണല്ലോ. ജഡ്ജിയെ മാറ്റണമെന്ന നടിയുടേയും പ്രൊസിക്യൂഷന്റേയും ആവശ്യം അംഗീകരിക്കപ്പെട്ടുമില്ല. ദിലീപിനു വേണ്ടി ഹാജരായ സീനിയര്‍ വക്കീല്‍ സാക്ഷിമൊഴി മാറ്റാന്‍ ശ്രമിച്ചതിന്റെ തെളിവുകളും പുറത്തുവന്നു. നിരവധി സാക്ഷികള്‍ കൂറുമാറുകയും ചെയ്തു. കോടതിയില്‍ വിചാരണക്കെത്തിയ ദിവസങ്ങളില്‍ താനനുഭവിച്ച മാനസിക പീഡനങ്ങളെ കുറിച്ചും നടി പറഞ്ഞല്ലോ. ഈ രീതിയിലാണെങ്കില്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക സ്വാഭാവികമായും ഉയരാതിരിക്കില്ലല്ലോ. അങ്ങനെ വന്നാല്‍ അതു നല്‍കുന്ന സന്ദേശം വളരെ മോശപ്പെട്ട ഒന്നായിരിക്കും. മറുവശത്ത് ഇതെല്ലാം നടക്കുമ്പോഴും ചെറിയ പ്രതികരണങ്ങള്‍ മാത്രമേ സിനിമാ മേഖലയില്‍ നിന്നുണ്ടാകുന്നുള്ളു. അതിലേറ്റവും പ്രധാനം കഴിഞ്ഞ ദിവസം നടന്‍ രവീന്ദ്രന്‍ നടത്തിയ സത്യാഗ്രഹസമരമായിരുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതിനിടയിലാണ് പുതിയ പീഡനകഥ പുറത്തുവന്നിരിക്കുന്നത്. ഇതിലെ നായകന്‍ (?) നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവാണ്. നടിയുടെ കണ്‍സെന്റോടെയാണ് ലൈംഗികബന്ധം നടന്നതെന്നാണ് അയാളുടെ വാദം. എന്നിട്ട് തന്നെ പ്രതിയാക്കുന്നതിലൂടെ താനാണ് ഇര എന്നവകാശപ്പെട്ട അയാള്‍ മുഴുവന്‍ നിയമസംവിധാനത്തേയും വെല്ലുവിളിച്ച് നടിയുടെ പേരു വിളിച്ചു പറയുകയും നിയമനടപടികള്‍ക്ക് വിധേയനാകാന്‍ തയ്യാറാകാതെ സ്ഥലം വിടുകയും ചെയ്തിരിക്കുകയാണ്. നിര്‍ഭാഗ്യവശാല്‍ ഈ വിഷയത്തിലും കാര്യമായ പ്രതികരണം സിനിമാ മേഖലയില്‍ നിന്നോ സമൂഹത്തില്‍ നിന്നോ ഉണ്ടാകുന്നില്ല. നടിയെ അക്രമിച്ച വിഷയത്തില്‍ ശക്തമായ നിലപാടു സ്വീകരിച്ചവരില്‍ പലരും ഇക്കാര്യത്തില്‍ നിശബ്ദരാണ്. നടിക്ക് കണ്‍സെന്റുണ്ടായിരുന്നു എന്ന ധാരണയാണ് അതിന്റെ അന്തര്‍ധാര. സത്യത്തില്‍ കണ്‍സെന്റ് എന്നാല്‍ എന്താണ്, അല്ലെങ്കില്‍ എന്തല്ല എന്നതിനെ കുറിച്ചുള്ള ധാരണയില്ലായ്മയാണ് അതിനുള്ള പ്രധാന കാരണം. പഴയ സിനിമകളില്‍ കാണുന്ന പോലെയുള്ള ബലാല്‍സംഗങ്ങളാണ് ലൈംഗിക പീഡനം എന്നാണവര്‍ ധരിച്ചുവെച്ചിരിക്കുന്നത്. കണ്‍സെന്റില്ലാത്തതിനാല്‍ അവിടെ ബലപ്രയോഗം നടക്കുന്നു. ഇവിടെയതു നടക്കുന്നില്ലല്ലോ എന്നാണവരുടെ നിഷ്‌കളങ്കമെന്നു തോന്നുന്ന ചോദ്യം. എന്നാല്‍ ഏതെങ്കിലും രീതിയിലുള്ള അധികാര പ്രയോഗം, പ്രലോഭനം, തൊഴിലവസരം, പ്രമോഷന്‍, രക്ഷകവേഷം, സഹായങ്ങള്‍ തുടങ്ങിയ പലതിലൂടേയും നേടിയെന്നു വിശ്വസിക്കുന്ന കണ്‍സെന്റ് ഉപയോഗിച്ചുള്ള ലൈംഗികബന്ധവും ബലാല്‍സംഗമാണെന്ന ആധുനിക കാല വീക്ഷണത്തെ കുറിച്ചറിയാത്തവരാണ് വേട്ടക്കാരനെ ഇരയാക്കുന്നത്. തുല്ല്യമായ സാമൂഹ്യ അവസ്ഥയിലുള്ളവരാണെങ്കില്‍ തീര്‍ച്ചയായും കണ്‍സെന്റിനു വിലയുണ്ട്. ലൈംഗിക ബന്ധമടക്കമുള്ള കാര്യങ്ങള്‍ അവരുടെ സ്വാതന്ത്ര്യമാണ്. അതിലിടപെടാന്‍ ആര്‍ക്കും അവകാശമില്ല. നിയമവിരുദ്ധവുമല്ല. ഇവിടെ പക്ഷെ നടന്നത് അതല്ല എന്നത് വ്യക്തം. തൊഴിലവസര വാഗ്ദാനം മുതല്‍ മയക്കുമരുന്നും മദ്യവുമടക്കം കണ്‍സെന്റിനായി ഉപയോഗിക്കപ്പെട്ടു എന്നത് വ്യക്തമാണ്. കുറ്റാരോപിതന്‍ ഒരു നിര്‍മ്മാതാവാണെന്നതും അദ്ദേഹം നിര്‍മ്മിച്ച ചിത്രത്തില്‍ നടി അഭിനയിച്ചിട്ടുണ്ടെന്നതും ഇതുമായി കൂട്ടിവായിക്കണം. അപ്പോള്‍ ചിത്രം പകല്‍പോലെ വ്യക്തമാണ്. എന്തായാലും വിജയ് ബാബുവിനെ എ എം എം എ, എക്‌സിക്യൂട്ടീവി കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്.
തീര്‍ച്ചയായും ഇതിനൊരു മറുവശമുണ്ട്. തൊട്ടുമുകളില്‍ സൂചിപ്പിച്ചപോലെ കേരളീയ സമൂഹത്തെ കാലഹരണപ്പെട്ട സദാചാരബോധത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ ഈ സംഭവങ്ങള്‍ കാരണമാകുമോ എന്ന ചിലരെങ്കിലും ഉന്നയിക്കുന്ന ആശങ്കയാണത്. അടുത്തയിടെ നടന്‍ വിനായകനുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഈ ആശങ്ക ഉയരുകയുണ്ടായല്ലോ. മാധ്യമപ്രവര്‍ത്തകരുടെ പ്രകോപനപരമായ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അമിതാവേശത്തോടെ അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടു. സത്യത്തില്‍ മുകളില്‍ പറഞ്ഞ രണ്ടു നടന്മാര്‍ക്കുമെതിരെയുള്ളതുപോലുള്ള ആരോപണമെന്നും അദ്ദേഹത്തിനെതിരെയില്ല. തീര്‍ച്ചയായും അദ്ദേഹത്തിന്റെ ഭാഷാപ്രയോഗവും മി ടൂവിനെ കുറിച്ചു പറഞ്ഞതുമെല്ലാം വിമര്‍ശിക്കപ്പെടേണ്ടതുതന്നെ. പക്ഷെ അര്‍ഹിക്കുന്നതിനേക്കാള്‍ കൂടുതലായി അദ്ദേഹം വിമര്‍ശിക്കപ്പെട്ടു. അതിനുള്ള കാരണം ജാതീയവും വര്‍ണ്ണപരവുമാണെന്ന വിമര്‍ശനം തള്ളിക്കളയാവുന്നതല്ല. ഒരുപക്ഷെ ലിംഗവിവേചനത്തേക്കാള്‍ ശക്തമാണല്ലോ ജാതിവിവേചനം. അതോടൊപ്പമാണ് കണ്‍സെന്റോടെയാണ് താന്‍ സ്ത്രീകളുമായി ബന്ധപ്പെട്ടതെന്ന അദ്ദേഹത്തിന്റെ വാക്കുകളെ ആധികാരികതയില്ലാതെ പലരും തള്ളിക്കളഞ്ഞതും രൂക്ഷമായി അവഹേളിച്ചതും. വിവാഹജീവിതത്തിലേതൊഴികെയുള്ള സ്ത്രീ – പുരുഷ ബന്ധങ്ങളെല്ലാം തെറ്റാണെന്ന സദാചാരബോധത്തിലേക്കായിരിക്കും ഇതു നമ്മെ നയിക്കുക എന്ന ആശങ്ക തള്ളിക്കളയാവുന്നതല്ല. എന്നാലത് പ്രത്യക്ഷത്തില്‍ തന്നെ കുറ്റം നിലനില്‍ക്കുന്നു എന്നു വ്യക്തമായ ആദ്യത്തെ രണ്ടു നടന്മാരുടെ ചെയ്തികളെ ന്യായീകരിക്കാനായി പറയാനാകില്ല എന്നതില്‍ ഒരു സംശയവുമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in