അംബേദ്കര്‍ വിഭാവനം ചെയ്തതെന്ത്?
പട്ടികവിഭാഗങ്ങള്‍ക്ക് വേണ്ടി നടപ്പിലാക്കിയ ക്രീമിലെയര്‍/ ഉപസംവരണം ബിജെപിക്ക് അടുത്ത തവണ 400+ സീറ്റ് പിടിച്ചു ഭരഘടന തിരുത്താനുള്ള തന്ത്രമോ?
ദ്വയാംഗ മണ്ഡലവും (Separate Electorate/കമ്യൂണല്‍ അവാര്‍ഡ്) പൂനാ കരാറും പറഞ്ഞില്ലെങ്കില്‍ സംവരണം എന്തിന് വന്നു, എങ്ങനെ വന്നു, അതിന്റെ പൂര്‍വ്വ രൂപമെന്ത് എന്നൊന്നും മനസ്സിലാക്കാന്‍ സാധിക്കില്ല.
ഇന്ത്യ സ്വതന്ത്ര്യയാകാന്‍ പോകുന്ന കാലത്ത്, അതായത് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകാന്‍ പോകുന്ന കാലത്ത്, അടിസ്ഥാന ജനതയുടെ പ്രതിനിധിയായിട്ടാണ് അംബേദ്കര്‍ വട്ടമേശസമ്മേളനങ്ങളില്‍ പങ്കെടുത്തത്. ഭൂരഹിതരായ അധഃസ്ഥിത ജനതയെ പുനരധിവസിപ്പിച്ച്, അവര്‍ക്ക് പ്രത്യേക മണ്ഡലങ്ങള്‍ നല്‍കി, അവരുടേത് മാത്രമായ പ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം വേണം എന്നതായിരുന്നു അംബേദ്കര്‍ മുന്നോട്ടു വച്ച ആവശ്യം. അതിനു തടസ്സവാദം വന്നപ്പോള്‍ ഇരട്ട വോട്ടിങ് (dual voting) എന്ന ഒരു നിര്‍ദ്ദേശം അദ്ദേഹം മുന്നോട്ട് വച്ചു. അവര്‍ക്ക് അവരുടെ മാത്രമായ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള ഒരു വോട്ടും, പൊതുപ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ മറ്റൊരു വോട്ടും . അങ്ങനെ ഇരട്ട വോട്ടിങ് വേണം എന്നായിരുന്നു അംബേദ്കറിന്റെ ആവശ്യം.
വിദേശി യുറേഷ്യന്‍ ബ്രാഹ്മണരാല്‍ എഴുതപ്പെട്ട മനുസ്മൃതി ഭരണമായിരുന്നു ദശാബ്ദങ്ങളായി ഇന്ത്യയില്‍ നിലനിന്നിരുന്നത്. സാഹോദര്യത്തോടെ, സമാധാനത്തോടെ കഴിഞ്ഞിരുന്ന തദ്ദേശജനതയെ പല വര്‍ണ്ണങ്ങളായും ജാതികളായും വിഭജിക്കുക മാത്രമല്ല, അവരെ ശ്രേണീകൃതമായ അസമത്വതിന്റെ ഒരു സംവിധാനത്തിനു (ബ്രാഹ്മണിക്കല്‍ സാമൂഹ്യഘടന / Brahmanic Social Order) കീഴില്‍ കൊണ്ട് വരികയും ചെയ്തു. ഹിന്ദുമതത്തിന്റെ സ്വാധീനം മുഖാന്തിരം ഇന്ത്യന്‍ സമൂഹത്തില്‍ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ തന്നെ ഇല്ലാതായി. അയിത്തം കല്‍പ്പിച്ച് മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തി സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നോക്കമായി. അങ്ങനെയുള്ള ഒരു സമൂഹത്തില്‍ സ്വാഭാവികമായും നീതിയും ജനാധിപത്യവും നടപ്പിലാവില്ല എന്ന് അംബേദ്കര്‍ വാദിച്ചു.
ജനാധിപത്യത്തിന്റെ അടിസ്ഥാനം പ്രാതിനിധ്യമാണ്. പ്രതിനിധ്യത്തിന്റെ അടിസ്ഥാനമോ, സാഹോദര്യവും. പരസ്പരം സാഹോദര്യമില്ലാത്ത വിഭാഗങ്ങള്‍ക്ക് അന്യോന്യം പ്രതിനിധികളാവാന്‍ പറ്റില്ല എന്നതാണ് വസ്തുത. ഈ വസ്തുതകള്‍ അംഗീകരിച്ച ബ്രിട്ടീഷ് ഭരണകൂടം ഡോ. അംബേദ്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പൊതുമണ്ഡലങ്ങളിലെ ഇരട്ട വോട്ടിങ് എന്ന ആവശ്യം അംഗീകരിച്ച് കമ്മ്യൂണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചു.
ജനസംഖ്യയില്‍ 25% ഉള്ള ഒരു ജനതയ്ക്ക്, കാല്‍ഭാഗം ഭരണം അവരുടെ കൈകളിലായിരിക്കണം. അതിനു വേണ്ടിയുള്ള ഒരു സിസ്റ്റം മാത്രമാണ് നികുതി കൊടുത്ത് നമ്മള്‍ ഉണ്ടാക്കുന്ന സര്‍ക്കാര്‍ സംവിധാനം. അതിനെയാണ് സ്വയം ഭരണ അവകാശമെന്നു പറയുന്നത്. നമ്മുടെ കാര്യങ്ങള്‍ നമുക്ക് തീരുമാനിക്കാന്‍ കഴിയണം. അതാണ് ജനാധിപത്യം (ജനങ്ങളുടെ ആധിപത്യം). അതിന് വിഭിന്ന ജാതികളായി വേര്‍ത്തിരിക്കപ്പെട്ടവര്‍ ചേര്‍ന്ന് ഒറ്റ പ്രത്യയ ശാസ്ത്രത്തിനു കീഴില്‍ ഒരു ജനസമൂഹമായി മാറണം. എങ്കില്‍ മാത്രമേ ജനാധിപത്യ രാജ്യത്ത് അവര്‍ക്കനുകൂലമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുകയുള്ളൂ. കഴിയുന്നില്ലെങ്കില്‍ ആ സമൂഹത്തിനു ജനാധിപത്യ അവകാശങ്ങള്‍ ഇല്ലെന്നാണ് അര്‍ഥം.
ഗാന്ധി ജനാധിപത്യപരമായ ഈ അവകാശത്തെ അട്ടിമറിച്ചതെങ്ങനെ?
കമ്യൂണല്‍ അവാര്‍ഡ് എന്ന പ്രത്യേക അധികാരം, അധസ്ഥിതജനതയെ ഹിന്ദുക്കളുടെ പിടിയില്‍നിന്ന് സ്വതന്ത്രരാക്കും അതോടെ സവര്‍ണ്ണര്‍ ന്യൂനപക്ഷമാകും എന്ന് മനസ്സിലാക്കിയ, വര്‍ണ്ണാശ്രമ ധര്‍മ്മ സംരക്ഷകനായ ഗാന്ധി ഇന്ത്യയില്‍ തിരിച്ചു വന്ന്, ‘അംബേദ്കര്‍ ഹിന്ദുസമൂഹത്തെ വെട്ടിമുറിക്കുന്നു’ എന്ന് ആരോപിച്ച് മരണം വരെ നിരാഹാര സമരം ചെയ്ത്, പ്രാതിനിധ്യവകാശം അട്ടിമറിക്കുകയായിരുന്നു. അംബേദ്കര്‍ക്ക് വധഭീഷണിയുമുണ്ടായി. ‘അംബേദ്കര്‍ ഗാന്ധിയുടെ ജീവന്‍ എടുക്കുന്ന ഘാതകന്‍’, ‘ബ്രിട്ടീഷുകാരുടെ ചെരുപ്പുനക്കി’, ‘രാജ്യദ്രോഹി’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കി സവര്‍ണ്ണര്‍ അടിസ്ഥാനജനതക്കെതിരെ വന്‍തോതില്‍ കലാപങ്ങളും തീവയ്പ്പും അഴിച്ചുവിട്ടു ഒടുവില്‍ ‘അടിസ്ഥാന ജനതയുടെ പ്രത്യേക മണ്ഡലങ്ങള്‍’ എന്ന അവകാശം സവര്‍ണ്ണനായ ഗാന്ധിയും കൂട്ടരും ചേര്‍ന്ന് അട്ടിമറിച്ചു. എല്ലാ ജനവിഭാഗങ്ങളും വസിക്കുന്ന കുറെ പൊതുമണ്ഡലങ്ങള്‍ ‘സംവരണ’ മണ്ഡലങ്ങളായി അനുവദിച്ചു. അതാണ് പൂനാ കരാര്‍. അതോടെ അടിസ്ഥാന ജനതയുടെ പ്രത്യേകാവകാശങ്ങള്‍ ഇല്ലാതാകുകയും, മണ്ഡലങ്ങളുടെ നിയന്ത്രണം സവര്‍ണ്ണരുടെ കയ്യില്‍ എത്തുകയും ചെയ്തു. അതായത്, സമൂഹത്തില്‍ ജാതി ‘(പ്രശ്നം)’ എന്ന മഹാവ്യാധിക്ക് പൂര്‍ണ്ണമായ ‘പരിഹാരമാകുമായിരുന്ന’ ഇരട്ട വോട്ട്, അതോടെ അവസാനിച്ചു. സംവരണമണ്ഡലങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ സവര്‍ണ്ണരുടെ ആജ്ഞാനുവര്‍ത്തികള്‍ മാത്രമായി മാറി. അങ്ങനെ ‘പ്രത്യേക ജനപ്രാതിനിധ്യാധികാരം’ വെറും ‘സംവരണം’ ആയി ചുരുങ്ങി. പൂര്‍ണ്ണമായ പരിഹാരമായ, നമുക്ക് (അടിസ്ഥാന ജനതയ്ക്ക്) വേണ്ടി നമ്മളാല്‍ നോമിനേറ്റ് ചെയ്ത നമ്മുടെ ആളുകളെ ജനപ്രതിനിധിയായി വോട്ട് ചെയ്തു തിരഞ്ഞെടുക്കാനുള്ള അവകാശത്തിന് പകരം, മുന്നോട്ട് ചലിക്കാന്‍ ഒരു ഊന്നുവടി (സംവരണം) മാത്രം നമുക്ക് ലഭ്യമായി.
സ്വയം ഭരണ വ്യവസ്ഥയ്ക്ക് (ജനാധിപത്യത്തിന്) വേണ്ടി വാദിച്ച അംബേദ്കറുടെ സ്വപ്നം ഇന്നും നടക്കാത്ത ഒന്നായി അവശേഷിക്കുന്നു
സംവരണം നടപ്പിലാക്കിയപ്പോള്‍, പ്രത്യേകമണ്ഡലങ്ങള്‍ (separate electorate) പൊതുമണ്ഡലങ്ങള്‍ (joint electorate) ആയി മാറി. അതോടെ ‘നമ്മുടേത് മാത്രമാവേണ്ടിയിരുന്ന’ പ്രതിനിധികള്‍, ‘എല്ലാവരുടേതുമായ’ പ്രതിനിധികളായി മാറി. അതില്‍ നമ്മുടെ പ്രതിനിധികളെ നമ്മള്‍ നോമിനേറ്റ് ചെയ്യുന്നതിന് പകരം സവര്‍ണ്ണ പാര്‍ട്ടികളെ (ഇന്ത്യയിലെ പ്രമുഖ പാര്‍ട്ടികള്‍ എല്ലാം) നിയന്ത്രിക്കുന്ന സവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്യുന്നു. അവരെയാണ് നമ്മള്‍ വോട്ട് ചെയ്തു ജയിപ്പിക്കുന്നത്. അതായത് സവര്‍ണ്ണ പാര്‍ട്ടികള്‍ നോമിനേറ്റ് ചെയുന്ന ആളുകള്‍ക്ക് വോട്ട് നല്‍കുക എന്ന കൃത്യം മാത്രമാണ് ഭരണ പ്രക്രിയയില്‍ നമ്മുടെ പങ്ക്. സ്വഭാവികമായും സവര്‍ണ്ണര്‍ക്ക് വേണ്ടി വിടുപണിയെടുക്കുന്ന നമ്മുടെ ആളുകളെയാണ് ഭരണ ഉദ്യോഗ തലങ്ങളില്‍ കാണാന്‍ കഴിയുക. അത് കൊണ്ടാണ് കാന്‍ഷി റാം 1935 മുതല്‍ ചട്ടുക (ചംച) യുഗം എന്ന് പറയുന്നത്. എന്ന് പറഞ്ഞാല്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് 25% വരുന്ന ജനതയ്ക്ക് സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷമായിട്ടും ജനാധിപത്യം ലഭ്യമായില്ല എന്നര്‍ത്ഥം.
ഡിപ്പ്രസ്ഡ് ക്ലാസിന്റെ ഒരു നേതാവ് എന്ന നിലയിലാണ് ഡോ. ബി.അര്‍ അംബേദ്കര്‍ മൂന്ന് വട്ടമേശ സമ്മേളങ്ങള്‍ക്കും പോയത്. ഡിപ്പ്രസഡ് ക്ലാസിനെ പരസ്പരം സഹോദര്യമുള്ള ഒരു ഒറ്റ ബ്ലോക്കായിട്ടാണ് (ഗ്രൂപ്പ്) അംബേദ്കര്‍ കണ്ടത്. ഡിപ്പ്രസ്ഡ് ക്ലാസില്‍ ഉള്‍പ്പെടുന്ന രാജ്യത്തെ എല്ലാ ജനതയുടെയും പ്രശ്നം ജാതിയും ജാതി വിവേചനവും അതു കാരണമുള്ള നീതി നിഷേധവും അവസരസമത്വമില്ലായ്മയും ആയിരുന്നല്ലോ. പക്ഷേ, അവസരങ്ങളും ജോലിയും സമ്പത്തും ഒരു വിഭാഗത്തിന് കിട്ടി, പോകെ പോകെ അംബേദ്കറുടെ കണക്ക് കൂട്ടലുകള്‍ തെറ്റിയെന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും
പട്ടികജാതി, പട്ടികവര്‍ഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുളള ബൗദ്ധിക വര്‍ഗ്ഗം (ഉദ്യോഗസ്ഥരും ജനപ്രതിനിധികളും) അതിന്റെ സ്രഷ്ടാക്കളുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായി അല്ലെങ്കില്‍ അവരുടെ ജനസമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടോ? സമഗ്രമായ വിശകലനങ്ങള്‍ക്ക് ശേഷം, ഈ ദൗത്യത്തില്‍ ഈ ക്ലാസ് സജീവ പങ്കാളികളായി കാണുന്നില്ല എന്ന് കണ്ടെത്താനാകും. ഇതുമാത്രമല്ല, അവര്‍ സ്വന്തം സമുദായത്തെ നിസ്സംഗതയോടെയും അവജ്ഞയോടെയും നോക്കുകയും അവരില്‍ നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നു. ഡോ.ബി.ആര്‍.അംബേദ്കറും പില്‍ക്കാലത്ത് തന്റെ ജീവിതത്തില്‍ ഇത് അനുഭവിച്ചിട്ടുണ്ട്. 1932 ലെ പൂനാ കരാറിന് ശേഷം 1956 മാര്‍ച്ച് 18 ന് ആഗ്രയിലെ രാം ലീല ഗ്രൗണ്ടില്‍, അംബേദ്കര്‍ നിറഞ്ഞ ദുഃഖത്തോടെ പറഞ്ഞു, ”ഈ വിദ്യാസമ്പന്നരായ ആളുകള്‍ എന്നെ വഞ്ചിച്ചു, ഈ അഭ്യസ്തവിദ്യര്‍ അവരുടെ സമൂഹത്തെ സേവിക്കുമെന്ന് ഞാന്‍ കരുതി, പക്ഷേ സ്വന്തം വയറു നിറയ്ക്കുന്നതില്‍ മാത്രം വ്യാപൃതരായ ഗുമസ്തരുടെ ഒരു കൂട്ടം എനിക്ക് ചുറ്റും കൂടി”. വിദ്യാസമ്പന്നരായ വര്‍ഗ്ഗം തങ്ങളുടെ സമുദായത്തിന്റെ സ്നഹത്തില്‍ നിന്നകന്ന്, സമൂഹത്തില്‍ നിന്നുതന്നെ അകന്നുപോകുന്നു എന്നതിന്റെ തെളിവാണ് അംബേദ്കറിന്റെ ഹൃദയസ്പര്‍ശിയായ വികാരം.
ഗ്രാമങ്ങളില്‍ താമസിക്കുന്ന അടിസ്ഥാന ജനങ്ങളോട് സവര്‍ണ്ണ സമൂഹം കാണിക്കുന്ന അനീതിയുടെയും അതിക്രമങ്ങളുടെയും വിവേചനത്തിന്റെയും വ്യാപ്തി വര്‍ധിച്ചതിന് പിന്നിലെ കാരണം ഇതാണ്. രാഷ്ട്രപിതാവ് ജോതിറാവു ഫൂലെയും ഡോ.ബി.ആര്‍.അംബേദ്കറും ഒരു നിശ്ചിത ദൗത്യത്തിനായി ബൗദ്ധിക വര്‍ഗ്ഗത്തെ സൃഷ്ടിച്ചിരുന്നുവെങ്കിലും ബൗദ്ധിക വര്‍ഗ്ഗം ഈ ദൗത്യം ചെയ്യന്നതായി കാണുന്നില്ല. ബൗദ്ധിക വര്‍ഗ്ഗവും സംവരണ സീറ്റില്‍ മത്സരിച്ചു ജയിച്ച പ്രതിനിധികളും പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പകരം ഈ വര്‍ഗ്ഗം മാറി മാറി ഭരിക്കുന്ന സര്‍ക്കാറുകളുടെ അടിമകളായി മാറുകയും അങ്ങനെ തന്നെ തുടരുകയും ചെയ്തു. പക്വതയില്ലാത്ത ആളുകളുടെ കൂട്ടമായി അധപതിച്ച ബൗദ്ധിക വര്‍ഗ്ഗവും പ്രതിനിധികളും പ്രസ്ഥാനത്തിന്റെ കടിഞ്ഞാണ്‍ ഉപേക്ഷിച്ചു. തത്ഫലമായി രാഷ്ട്രപിതാവ് ജോതിറാവു ഫൂലെയുടെയും ബി.ആര്‍.അംബേദ്കറുടെയും പ്രസ്ഥാനം മുന്നോട്ട് പോകുന്നില്ലെന്ന് നമുക്ക് കാണാന്‍ കഴിയും.
ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള ജോയിന്‍ഡ് ഇലക്ട്രേറ്റ് സിസ്റ്റം നമ്മുടെ നേതാക്കളുമായി പുനഃപരിശോധിച്ചു വേണ്ട മാറ്റങ്ങള്‍ വരുത്തണം എന്നൊരു ക്ലോസ് കൂടി അംബേദ്കര്‍ ഭരണഘടനയില്‍ വെച്ചിരുന്നു. കാലാകാലങ്ങളായി ‘ചംചകളുടെ’ സഹായത്തോടെ ഒരു മാറ്റവും വരുത്താതെ നീട്ടുകയാണ് സവര്‍ണ്ണ ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നത്.
കഴിഞ്ഞ 75 വര്‍ഷക്കാലമായി ഈ സംവരണ സിസ്റ്റത്തില്‍ നിന്ന് കൊണ്ട് സംവരണ വര്‍ഗ്ഗം എന്താണ് ചെയയ്യേണ്ടിയിരുന്നത്/ചെയ്യേണ്ടുന്നത്?
ഉദ്യോഗസ്ഥന്മാര്‍ സമൂഹത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കേണ്ടവരാണ്. സംവരണം വ്യക്തിക്കല്ല സമൂഹത്തിന് അനുവദിക്കപ്പെട്ടതാണ്. സമൂഹത്തിലെ അംഗമെന്ന നിലയിലാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സംവരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നത്. അവരാണ് ആ സമൂഹത്തിന്റെ വേര്. അവരാണ് സമൂഹത്തെ നിയന്ത്രിക്കുകയും നയിക്കുകയും സംരക്ഷിച്ചു നിര്‍ത്തുകയും ചെയ്യേണ്ടത്.
സര്‍ക്കാര്‍ ഉദ്യോഗം എന്നത് ഒരു സേവനം മാത്രമാണ്. സത്യത്തില്‍ അതൊരു ജോലിയായി കണക്കാക്കാന്‍ കഴിയില്ല. സേവനത്തിന് വേണ്ടിയുള്ള പ്രതിഫലമാണ് ശമ്പളമായി നല്‍കുന്നത്. അത്തരം ജോലി കൊണ്ട് മാത്രം ഒരു സമൂഹത്തിനു സാമ്പത്തികമായി ഉന്നതിയില്‍ എത്താന്‍ കഴിയില്ല. മൊത്തം ഉദ്യോഗങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗം ആകെ 2% മാത്രമാണ് ഉള്ളത്. മൊത്തം സംവരണം, പട്ടിക വിഭാഗങ്ങള്‍ക്ക് മാത്രം കിട്ടിയാല്‍ പോലും എല്ലാവര്‍ക്കും ജോലി ലഭിക്കില്ല. മാത്രമല്ല ഇത്രയും ജോലികള്‍ കൊണ്ട് മാത്രം ഒരു ജനസമൂഹത്തിനു സാമ്പത്തികമായി മുന്നേറാന്‍ കഴിയില്ല. സമ്പത്തുണ്ടാവണമെങ്കില്‍ മറ്റു മേഖലകളിലുള്ള വരുമാനം കൂടി ആവശ്യമാണ്.
ഭൂമിയാണ് വരുമാനത്തിന്റെ ഏറ്റവും വലിയ സ്രോതസ്സ്. നമ്മുടെ കയ്യില്‍ നിന്ന് മതനിയമത്തിലൂടെ (മനുസ്മൃതി) തട്ടിയെടുത്ത ഭൂമി നമുക്ക് തിരിച്ച് കിട്ടിയിട്ടില്ല. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇക്കാലയളവില്‍ അര്‍ഹമായ ഭൂമി നമ്മുടെ സമൂഹത്തിന് ഭരണഘടനയിലെ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കി ലഭ്യമാക്കേണ്ടതായിരുന്നു. അതവര്‍ ചെയ്തില്ല. വിദ്യഭ്യാസ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, ബാങ്ക്, ആരോഗ്യ മേഖല ഇതൊക്കെ അവരുടെ ജനസമൂഹത്തിനു കിട്ടത്തക്ക രീതിയില്‍ രണ്ട് കൂട്ടരും ചേര്‍ന്ന് സര്‍ക്കാര്‍ പോളിസികള്‍ ഉണ്ടാക്കുകയും പട്ടികവിഭാഗങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സര്‍ക്കാര്‍ ഫണ്ടുകളും അവര്‍ക്ക് വേണ്ടി മാത്രം കൃത്യമായി വിനിയോഗിക്കാനുതകുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്താമായിരുന്നു. അതവര്‍ ചെയ്തില്ല.
പക്ഷെ നമ്മുടെ ജനസമൂഹം ഒറ്റക്കെട്ടല്ലാത്തതിനാലും പരസ്പരം സഹോദര്യമില്ലാത്തതിനാലും, നമ്മുടെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഇത്രയും കാലമായി പ്രാഥമികമായി ചെയ്യേണ്ടിയിരുന്നത് ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് കാണാന്‍ കഴിയും. സമൂഹത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടാനുള്ള കാര്യമായ മറ്റു ഇടപെടലുകളും നടത്തിയിട്ടില്ല. അതുകൊണ്ടു തന്നെ ദുര്‍ബല വിഭാഗം (സംവരണത്തിന്റെ ഫലം കിട്ടാത്ത വിഭാഗം) ”ഉപസംവരണം” എന്ന് കേള്‍ക്കുമ്പോള്‍ അതിനു വേണ്ടി വാദിക്കുന്നതും ചാടിവീഴുന്നതും സ്വാഭാവികം മാത്രം. കാരണം പകല്‍ വെളിച്ചം പോലെ വ്യക്തമാണ്.
ജനാധിപത്യ അധികാരം ഇതിനകം നഷ്ടപ്പെട്ട സമുദായങ്ങളില്‍ ക്രീമിലെയര്‍, സബ് റിസര്‍വേഷന്‍ നയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെങ്കില്‍, നമുക്ക് നിലവിലുള്ള അവസരങ്ങളും അവകാശങ്ങളും ഇനിയും കുറയും.
ക്രീമിലെയര്‍
ജനാധിപത്യത്തിന് നേര്‍ വിപരീതമായ തത്വമാണ് ക്രീമിലെയര്‍. പ്രാതിനിധ്യം എന്നത് ഒരു ജനതയുടെ ഭരണത്തിലെ പങ്കാളിത്തമാണ്, അല്ലാതെ സമ്പത്ത് ഇല്ലാത്തവര്‍ക്ക്; അല്ലെങ്കില്‍ ജോലി ഇല്ലാത്തവര്‍ക്ക് ജോലി ഉണ്ടാക്കി കൊടുക്കുന്ന ഒരു ‘തൊഴില്‍ദാന’ പദ്ധതിയല്ല. മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട ഒരു പറ്റം മനുഷ്യര്‍ക്ക് അവരുടെ പ്രതിനിധിയെ തിരഞ്ഞെടുത്തു രാജ്യത്തിന്റെ ഭരണ വ്യവസ്ഥയില്‍ പങ്കാളിത്തത്തിന് വേണ്ടിയുള്ള സംവിധാനമാണ് സംവരണം. നിയമനിര്‍മാണ സഭകളിലും പൊതു ഇടങ്ങളിലും അവരുടെ എല്ലാ പ്രശ്നങ്ങളും (ഭൂമി, വിദ്യാഭ്യാസം, ‘സമ്പത്ത്, ജോലി’, പാര്‍പ്പിടം, ആരോഗ്യം etc.) ജനാധിപത്യത്തിന്റെ നാലു സ്തംഭങ്ങളില്‍ അവതരിപ്പിക്കാനും ജനസംഖ്യാനുപാതികമായി, ഭരണഘടനാപരമായി, അവ നേടിയെടുക്കുവാനും വേണ്ടിയുള്ള ജനാധിപത്യ സംവിധാനമാണ് അംബേദ്കര്‍ മുന്നോട്ട് വെച്ചത്.
നമ്മുടെ പ്രതിനിധികളെ തെരഞ്ഞെടുക്കാന്‍ വേണ്ടി ഉണ്ടാക്കിയ സംവിധാനത്തില്‍ ക്രീമി ലെയറും ഉപസംവരണവും കൊണ്ടുവരുമ്പോള്‍ എന്താണ് സംഭവിക്കുന്നത്?
ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളെ ക്രീമിലെയറായി തരം തിരിച്ചപ്പോള്‍, അവരുടെ പ്രാതിനിധ്യം കുറയുകയാണ് ചെയ്തെന്നു കണക്കുകള്‍ പരിശോധിച്ചാല്‍ മനസിലാകും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് മെട്രിക് പഠനമോ ബിരുദമോ നേടാന്‍ പോലും കഴിയാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്. അതുകൂടാതെ, സാമ്പത്തികമായി കുറച്ചു മുന്നേറിയവര്‍ക്ക് മാത്രമേ കുട്ടികളെ നല്ല കോച്ചിംഗ് കൊടുത്തു ക്ലാസ്സ് 1 ക്ലാസ്സ് 2 (സ്ട്രാറ്റെജിക്ക് പൊസിഷന്‍/നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കാനുള്ള പദവി) ജീവനക്കാരായി ഉയര്‍ത്താന്‍ കഴിയുകയുള്ളൂ. അഥവാ ഇതൊക്കെ തരണം ചെയ്ത് മുന്നേറിയാല്‍ പോലും പഠനം പൂര്‍ത്തികരിക്കാനുള്ള ചിലവു കൂടി വഹിക്കണമല്ലോ. കോളേജുകളിലെ ഫീ ഉള്‍പ്പടെയുള്ള ചിലവുകള്‍ ഈ പത്ത് കൊല്ലം കൊണ്ട് മൂന്നോ നാലോ ഇരട്ടിയാക്കി സാധാരണ ജനങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമാക്കിയിട്ടുണ്ട് എന്ന വസ്തുതയും മനസ്സിലാക്കേണ്ടതുണ്ട്.
അല്പസ്വല്പം സാമ്പത്തിക സ്ഥിതിയുള്ള, മത്സരപരീക്ഷകളില്‍ ജനറല്‍ വിഭാഗങ്ങളോട് ഏറ്റുമുട്ടാനുള്ള പ്രാപ്തി നേടിയവരെ, ക്രീമിലെയര്‍ എന്ന മാനദണ്ഡമുപയോഗിച്ച് മാറ്റിനിര്‍ത്തുമ്പോള്‍, വാസ്തവത്തില്‍ യോഗ്യതയുള്ളവരെ അതിവിദഗ്ധമായി ആസൂത്രിതമായി ഒഴിവാക്കാനുള്ള അജണ്ടയാണ് പുറത്തുവരുന്നത്. ക്രീമി ലെയര്‍ നടപ്പില്‍ വരുത്തിയാല്‍ പട്ടികവിഭാഗങ്ങളിലുള്ള യോഗ്യതയുള്ള ആളുകളെ കിട്ടില്ല. ഇനി യോഗ്യതയുള്ള ആളുകളെ കിട്ടണമെങ്കില്‍ പ്രത്യേകിച്ച് പട്ടികവിഭാഗങ്ങളില്‍ ക്രീമി ലെയര്‍ നടപ്പിലാക്കാനും കഴിയില്ല. കാരണം പട്ടികവിഭാഗങ്ങളില്‍ പൂര്‍ണ്ണമായും സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രമേ ഉന്നതവിദ്യഭ്യാസത്തിനു കുട്ടികളെ അയക്കാന്‍ സാധിക്കൂ. അതിനു സാധിക്കുമായിരുന്നെങ്കില്‍ ഇതുവരേയും ഉള്ള പട്ടിക വിഭാഗങ്ങളുടെ സംവരണ സീറ്റുകളില്‍ പൂര്‍ണ്ണമായും നിയമനം നടക്കുമായിരുന്നല്ലോ. ആ സീറ്റുകള്‍ ഇന്നും നികത്തപ്പെടാതെ ഒഴിഞ്ഞു കിടക്കുന്നു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ”സാമ്പത്തിക മാനദണ്ഡം” എന്നത് ആലോചിക്കുന്നത് പോലും യുക്തിപരമല്ല. തന്നെയുമല്ല, അത് ഭരണഘടനാ വിരുദ്ധവുമാണ്.
സീറ്റുകള്‍ നികത്താത്ത ഒഴിഞ്ഞു കിടക്കവെ, ക്രീമി ലെയര്‍ നടപ്പില്‍ വരുത്തി കുട്ടികളെ മാറ്റി നിര്‍ത്തേണ്ട ആവശ്യകത എന്താണ്?
അങ്ങനെ, കുടുംബത്തിന് സമ്പത്തില്ലാത്ത അവസരത്തില്‍ നല്ല വിദ്യാഭ്യാസവും ഉയര്‍ന്ന നിലവാരമുള്ള കോച്ചിങ്ങും കൊടുക്കാന്‍ കഴിയാതെ വന്നാല്‍ ആ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയും ആളില്ലാത്ത പക്ഷം അത് ജനറല്‍ സീറ്റായി മാറ്റപ്പെടുകയും ചെയും.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
നമുക്ക് വേണ്ടി മാറ്റി വെച്ച സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന് പറയുമ്പോഴും പട്ടികവിഭാഗങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുന്നു എന്ന പൊതുബോധം സവര്‍ണ്ണ ഭരണകൂടം സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. യാഥാര്‍ത്ഥ്യം അങ്ങനെ ആണെങ്കില്‍ കൃത്യമായ സെന്‍സസ് നടത്തി അധികമായി അനര്‍ഹമായി കൊടുക്കുന്ന വിഭവ വിഹിതങ്ങള്‍ നിര്‍ത്തലാക്കേണ്ടതല്ലേ. എന്നിട്ടും എന്തു കൊണ്ട് സവര്‍ണ്ണ ഭരണകൂടം ജാതി സെന്‍സസിനെ എതിര്‍ക്കുന്നു? പൊതുബോധം യഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നില്ല എന്നല്ലേ അതില്‍ നിന്നും മനസ്സിലാക്കേണ്ടത്? അതുപോലെ തന്നെയാണ് പട്ടികവിഭാഗങ്ങക്ക് കുറച്ചു പഠിച്ചാല്‍ മതിയല്ലോ എന്ന വാദം. 10 % സവര്‍ണ്ണ സംവരണം നടപ്പിലാക്കിയപ്പോള്‍ പട്ടികവിഭാഗങ്ങളെക്കാളും എത്രയോ പിന്നില്‍ കട്ടോഫ് മാര്‍ക്കും വാങ്ങി കയറുന്ന സവര്‍ണ്ണരുടെ കണക്കുകള്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് വീണ്ടും ഇത്തരത്തിലുള്ള നുണ പ്രചാരണങ്ങള്‍ നടത്തുന്നത്.
നിയമം നടപ്പിലാക്കിയ ജഡ്ജികള്‍ അവരവരുടെ ജാതികള്‍ക്കു ഗുണമാകുന്ന തരത്തിലാണ് നിയമം നടപ്പിലാക്കിയിരിക്കുന്നത്. അവര്‍ക്ക് വേണമെങ്കില്‍ സര്‍ക്കാരില്‍ നിന്നു സംവരണത്തെ കുറിച്ചുള്ള ഡാറ്റ വാങ്ങി പഠിക്കാമായിരുന്നു. പക്ഷെ ഇതൊന്നും കൃത്യമായി അറിയാതെയല്ല മറിച്ച് ബോധപൂര്‍വ്വം തന്നെയാണ് ഇത്തരത്തിലുള്ള നിയമം നിര്‍മ്മിച്ചത് എന്ന് മനസ്സിലാക്കാം.
ബ്രാഹ്മണ ക്ഷത്രിയ വൈശ്യ വിഭാഗങ്ങള്‍ക്ക് ക്രീമി ലെയര്‍ ബാധമാക്കിയിട്ടില്ല. അവര്‍ ക്രീമി ലെയറില്‍ തന്നെ ഉള്‍പെടുന്ന ആളുകള്‍ ആണ്. ഒരു നിശ്ചിത വരുമാനം ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ പാടില്ല എന്ന നിയമം ഈ മൂന്ന് വര്‍ണ്ണങ്ങള്‍ക്കും ബാധകമാക്കമായിരുന്നു. അവര്‍ക്ക് സാമ്പത്തിക സ്രോതസ്സിന് വേണ്ടി വേറെ വഴി കണ്ടെത്താമായിരുന്നു. പട്ടിക വിഭാഗങ്ങളെക്കാളും സാമ്പത്തികമായി നല്ല നിലയില്‍ ആയതു കൊണ്ട് തന്നെ അവര്‍ക്ക് മറ്റു വഴികള്‍ കണ്ടെത്താന്‍ തീര്‍ച്ചയായും പ്രയാസം ഉണ്ടാകില്ലായിരുന്നു. പക്ഷെ ത്രൈവര്‍ണ്ണികരെ ക്രിമീ ലേയറില്‍ ഉള്‍പ്പെടുത്താതെ വെറുതെ വിടുകയും, സാമ്പത്തിക ക്ഷമതയുള്ള ബ്രാഹ്മണ ക്ഷത്രിയ വൈശ്യ വിഭാഗങ്ങളെ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയും ചെയ്തു. ക്രീമി ലെയര്‍ നിബന്ധനകള്‍ വെച്ച് സവര്‍ണ്ണരിലെ ധനികരെ ഒഴിവാക്കിയിരുന്നെക്കില്‍ പട്ടികവിഭാഗം ഉള്‍പ്പടെയുള്ള യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക് ആ സീറ്റുകള്‍ കൊടുക്കാമായിരുന്നു. പട്ടിക വിഭാഗങ്ങള്‍ക്ക് മാത്രം ക്രീമി ലെയര്‍ നടപ്പിലാക്കുന്നത് തികച്ചും വിവേചനപരമല്ലേ? സദുദ്ദേശ്യമാണ് ഇതിനു പറകിലെങ്കില്‍ ക്രീമി ലെയര്‍ എല്ലാവര്‍ക്കും വേണ്ടി നടപ്പിലാക്കേണ്ടതല്ലേ? അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഭരണഘടനയിലെ സമത്വ സിദ്ധാന്തത്തിന്റെ ലംഘനം ഉണ്ടാകുമായിരുന്നില്ല. രാജ്യത്തെ ജനങ്ങള്‍ക്ക് ഭരണഘടന ഗ്യാരണ്ടി ചെയ്യുന്ന സമത്വം ഇവിടെ ലംഘിക്കെപ്പടുകയാണ് ചെയ്യുന്നത്.
പട്ടികജാതി/വര്‍ഗ്ഗ ഉപസംവരണം:
ഈ അവസരത്തില്‍ ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസ്സിലാക്കണ്ടത് പരമപ്രധാനമാണ്. സത്യത്തില്‍ ബ്രാഹ്മണരായ ജഡ്ജിമാര്‍ക്ക് 3% വരുന്ന അവരുടെ സമൂഹത്തിന്റെ കാര്യങ്ങള്‍ മാത്രം നോക്കേണ്ട ബാധ്യത മാത്രമേയുള്ളു. പ്രത്യേകം ജാതി വിഭാഗമായി വിഭജിച്ചു നില്‍ക്കുന്ന ഒരു സമൂഹത്തില്‍ ജനാധിപത്യം നടപ്പിലാക്കുന്നത് അങ്ങനെയല്ലേ? എന്തിനാണ് 25% വരുന്ന പട്ടികവിഭാഗക്കാരുടെ കാര്യത്തില്‍ സവര്‍ണ്ണര്‍ ഇടപെടുന്നത്? സംവരണ സീറ്റുകള്‍ എല്ലാം നികത്തിയതിനുശേഷം നമ്മുടെ ഇടയില്‍ വീണ്ടും സമ്പത്തിന്റെയോ ജോലികളുടെയോ പ്രാധിനിധ്യത്തിന്റെയോ അടിസ്ഥാനത്തില്‍ പുറത്ത് നില്‍ക്കുന്നവര്‍ ഉണ്ടെങ്കില്‍ നമ്മുടെ തന്നെ ജഡ്ജിമാരും ന്യായാധിപന്മാരും പ്രതിനിധികളും ജനങ്ങളും കൂട്ടായി തീരുമാനിച്ചു വേണ്ട വിധത്തില്‍ പ്രശ്നം പരിഹരിക്കുമല്ലോ. അതല്ലേ ജനാധിപത്യ മര്യാദയും തത്വവും? ദ്വയാംഗ മണ്ഡലത്തിന്റെ അടിസ്ഥാന തത്വവും ഇത് തന്നെയാണല്ലോ.
സമ്പത്തില്ലാത്തവനും, ഉള്ളവനും, ജാതിയില്‍ കുറഞ്ഞവനും, കൂടിയവനും, മതമുള്ളവനും, ഇല്ലാത്തവനും, കറുത്തവനും, വെളുത്തവനും തുടങ്ങി എന്തൊക്കെ വിവേചനങ്ങള്‍ സമൂഹത്തിലുണ്ടോ, സര്‍ക്കാരിലേക്ക് അടക്കുന്ന കപ്പത്തിനു ആ വിവേചനമോ വ്യത്യാസമോ ഇല്ലല്ലോ? ശതമാന കണക്ക് നോക്കിയാല്‍ എല്ലാവരും ഒരേ റേറ്റ് ആണ് സര്‍ക്കാരിലേക്കടയ്ക്കുന്നത്. അതു കൊണ്ട് തന്നെ രാജ്യത്തിന്റെ വിഭവങ്ങള്‍ അതു ഭൂമിയായാലും, സമ്പത്തായലും, ജോലികളായാലും തുല്യമായി എല്ലാ വിഭാഗങ്ങള്‍ക്കും ജാതി, മത, ദേശ, ലിംഗ, വര്‍ണ്ണ, മറ്റ് വിവേചനങ്ങള്‍ ഇല്ലാതെ വിഭജിച്ച് കൊടുക്കുക തന്നെ വേണം. അതു ജനാധിപത്യത്തിന്റെ പ്രാഥമിക തത്വമാണ്, ഭരണഘടനാവകാശമാണ്, , ആരുടെയും ഔദാര്യമല്ല. ആരോഗ്യം, പാര്‍പ്പിടം, ജോലി, പൊതുമരാമത്ത്, വിദ്യാഭ്യാസം, തുടങ്ങിയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി നമ്മള്‍ നമുക്ക് വേണ്ടി ഉണ്ടാക്കുന്ന സിസ്റ്റം ആണ് സര്‍ ക്കാര്‍ എന്ന് പ്രത്യേകം ഓര്‍ക്കണം. അതിനുവേണ്ടി സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പ്രതിഫലം കൊടുത്ത് നമുക്ക് വേണ്ട സേവനങ്ങള്‍ ചെയ്യിക്കുക മാത്രമാണ് ചെയുന്നത്. അല്ലാതെ നമ്മളെ ഭരിക്കാനല്ല. ഇന്ത്യയിലിപ്പോള്‍ രാജഭരണ കാലമല്ല, ജനാധിപത്യമാണ് എന്ന് പലരും ഇന്നും അറിഞ്ഞിട്ടു പോലുമില്ല.
ഉപസംവരണം നടപ്പിലാക്കിയാലും, പട്ടികവിഭാഗങ്ങളില്‍നിന്നുയര്‍ന്നു പോകുന്ന ഉദ്യോഗസ്ഥവൃന്ദത്തിന്റെയും ജനപ്രതിനിധികളുടെയും തല്‍സ്ഥിതിക്ക് (സ്വഭാവത്തിന്) മാറ്റം വരാനായി ഒന്നും ചെയ്യുന്നില്ല. ഇപ്പോഴുള്ളവരുടെ അതേ സ്വഭാവം ഉപസംവരണം ഉപയോഗിച്ച് പോകുന്നവരും കാണിക്കും. അതതു കുടുംബത്തിന് സാമ്പത്തിമായി ഗുണകരമാകും എന്നല്ലാതെ അംബേദ്കര്‍ ഉദേശിച്ചത് പോലെ പട്ടികവിഭാങ്ങള്‍ക്ക് മൊത്തമായി ഗുണങ്ങളൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. തല്‍സ്ഥിതി തുടരും എന്നര്‍ത്ഥം. അതുകൊണ്ട് ഉപസംവരണം വേണോ തല്‍സ്ഥിതി തുടരണോ എന്നത് നമ്മെ സമ്പന്ധിച്ചിടത്തോളം ഒരു ചര്‍ച്ചാവിഷയമേ അല്ല.
അത് നമ്മെ തമ്മിലടിപ്പിക്കാന്‍ വേണ്ടിയുള്ള വിദേശി ബ്രാഹ്മണന്റെ ഒരു ഗൂഢതന്ത്രം മാത്രമാണ്. ഒരു രീതിയിലും നമ്മെ സഹായിക്കാന്‍ വേണ്ടിയുള്ളതല്ല ഈ നിയമങ്ങള്‍. സഹായിക്കാന്‍ ആയിരുന്നെങ്കില്‍ സംവരണം റദ്ദു ചെയ്യാന്‍ സഹായിക്കുന്ന സവര്‍ണ്ണ സംവരണം, സര്‍ക്കാര്‍ നിക്ഷേപം പ്രൈവറ്റ് മേഘലയില്‍ വിറ്റഴിക്കല്‍, ലാറ്ററല്‍ എന്‍ട്രി, എയ്ഡഡ് നിയമനങ്ങളിലെ സംവരണം തുടങ്ങിയ നിയമങ്ങളോക്കെ പുനര്‍വിചിന്തനം ചെയ്ത് ആവശ്യമായ നടപടികള്‍ എടുക്കേണ്ടതല്ലേ?
ഈ കോടതി വിധിയുടെ ഏറ്റവും വലിയ പ്രത്യാഘാതം; വിഭജിച്ചു ഭരിക്കുക (Divide and Rule) എന്നത് തന്നെയാണ്. . ഒരോ ഉപജാതിക്കും അല്ലെങ്കില്‍ ജാതിക്കും വേണ്ടിയുള്ള വിഹിതത്തിനു വേണ്ടി വാദിക്കുമ്പോള്‍, നമ്മള്‍ ഓരോരുത്തരും ഒരോ വ്യത്യസ്ത ബ്ലോക്ക് (ഗ്രൂപ്പുകള്‍) ആണെന്ന് നമ്മള്‍ തന്നെ സമൂഹത്തോട് പറയാതെ പറയുകയാണ്. അവരവരുടെ കാര്യങ്ങള്‍ ഓരോ ഉപജാതി/ജാതികള്‍ നേടിക്കോള്ളാമെന്ന് വാദിക്കുകയാണ്. അപ്പോള്‍ നമ്മളറിയാതെ തന്നെ നമ്മെ നാം തന്നെ വിഭജിക്കുകയാണ്. വിദേശി ബ്രാഹ്മണന്‍ ഇച്ഛിച്ചതും ബ്രാഹ്മണനായ ജഡ്ജി കല്‍പ്പിച്ചതും ഒന്നു തന്നെയല്ലെ?
അംബേദ്കര്‍ വട്ടമേശ സമ്മേളനത്തിന് പോയതും പ്രാതിനിധ്യത്തിനു വേണ്ടി വാദിച്ചതും ഡിപ്രെസ്ഡ് ക്ലാസ്സ് എന്ന് പറയുന്ന ഒരു വലിയ ജനസമൂഹത്തിന് വേണ്ടിയാണ്. അദ്ദേഹം പോയത് അവരുടെ പ്രതിനിധിയായിട്ടാണ് മഹറുകളുടെ മാത്രം പ്രതിനിധിയായല്ല. അദ്ദേഹത്തിന് അങ്ങനെ പോകാമായിരുന്നല്ലോ. അതുപോലെ ഗാന്ധിജി വൈശ്യര്‍ക്ക് വേണ്ടി മാത്രം സംസാരിക്കാനല്ല പോയത്. അല്ലെങ്കില്‍ സവര്‍ണര്‍ക്കു വേണ്ടി മാത്രം സംസാരിക്കാനല്ല ഗാന്ധി തീരുമാനിച്ചത്. രണ്ടു പേര്‍ക്കും അങ്ങനെ ചെയ്താല്‍ മതിയായിരുന്നല്ലോ. അങ്ങനെയെങ്കില്‍ ഒരോ ജാതിക്കൂട്ടങ്ങള്‍ക്കും അവരവരുടെ ആളുകള്‍ പ്രതിനിധീകരിക്കുമായിരുന്നല്ലോ. ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഹിന്ദുക്കള്‍ അല്ലാത്ത വിദേശി ജൂത ബ്രാഹ്മണര്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളെ അതായത് സിന്ധു നദീ തട സംസ്‌കാരത്തിന്റെ പിന്മുറക്കാരായ SC/ST/OBC/Minority യില്‍ പെട്ടവരെ അവരുടെ തന്നെ അസമത്വത്തിന്റെ വര്‍ണ്ണശ്രമ ധര്‍മ്മം സമത്വത്തിന്റെ ബൗദ്ധ ധാരയില്‍ തിരുകിക്കയറ്റി ഹിന്ദുമതം എന്ന പേരും കൊടുത്ത് അതിനകത്ത് ‘മനുഷ്യരെ’ ജാതികളായി വിഭജിക്കുകയും, അതിനെ മറയ്ക്കാന്‍ നമ്മുടെ തന്നെ സഹോദരരായ ന്യൂന പക്ഷങ്ങളെ ശത്രു പക്ഷത്ത് നിര്‍ത്തി ഭയവും വര്‍ഗീയതയും അഴിച്ചു വിട്ട്. ഇക്കാണുന്ന ജനാധിപത്യ ധ്വംസനങ്ങളെല്ലാം നടത്തുന്നു. തദ്ദേശജനതയെ (മൂല്‍നിവാസി) ഉപജാതികളാക്കി പല മതങ്ങളാക്കി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമാണ് വിദേശി ജൂത ബ്രാഹ്മണര്‍ അന്നും ഇന്നും നടപ്പാക്കുന്നത്. ഒരിക്കല്‍ മനുസ്മൃതി ഉപയോഗിച്ചു. പിന്നീട് ഗാന്ധി ഇടപെട്ട് നമ്മുടെ അവകാശങ്ങള്‍ ഇല്ലാതാക്കി , പുതിയ കാലഘട്ടത്തില്‍ നിയമം ഉപയോഗിച്ച് സുപ്രീം കോടതി തന്നെ നമ്മെ വിഭജിക്കുന്നു. ഇതുമനസ്സിലാക്കാതെ, എണ്ണത്തില്‍ ആകെ നാലും മൂന്നും ഏഴ് പേരുള്ള ജാതിക്കാര്‍ പോലും അവരുടെ ജാതിയില്‍ അഭിമാനിക്കുകയും പ്രത്യേകം ജാതിസംഘടനകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. വിദേശി ബ്രാഹ്മണന്‍ എല്ലാവരെയും അവന്റെ അസമത്വ പ്രത്യയശാസ്ത്രം വെച്ചു ഭിന്നിപ്പിച്ചു ഭരിക്കുമ്പോള്‍ അതിനു പ്രോത്സാഹനമെന്നോണം മറ്റുള്ളവര്‍ (പ്രത്യേകിച്ച് പട്ടികവിഭാഗങ്ങള്‍) ജാതി/ഉപജാതി സംഘടനയുണ്ടാക്കി പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് കിട്ടുന്ന അപ്പക്കഷണവും വാങ്ങിച്ച് സവര്‍ണ്ണരുടെ ഇംഗിതത്തിനനുസരിച്ച് വര്‍ത്തിക്കുന്നു. ജനാധിപത്യ സംവിധാനത്തില്‍ ഇങ്ങനെയാണോ ഒരു സമൂഹം പ്രവര്‍ത്തിക്കേണ്ടത്, ജീവിക്കേണ്ടത്?, ഇങ്ങനെയാണോ അവരുടെ ഭരണഘടനാ അവകാശങ്ങള്‍ക്കായി നിലകൊള്ളേണ്ടത്?
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളുടെ എണ്ണത്തിനാണ് പ്രാധാന്യം. ഒരാള്‍ക്ക് ഒരു വോട്ടാണുള്ളത്. സാമൂഹികമായി വിഭജിച്ച് നില്‍ക്കുന്ന അടിസ്ഥാന ജനതയ്ക്ക് വോട്ടുകളെ ഏകീകരിച്ച് (രാഷ്ട്രീയപരമായി ഒന്നിച്ച്) എങ്ങനെ അധികാരത്തില്‍ പങ്കാളികളാകാന്‍ കഴിയും? അംബേദ്കര്‍ ഡിപ്രെസ്ഡ് ക്ലാസിനു വേണ്ടി വാദിച്ചു. കാരണം നമ്മള്‍ ബ്രാഹ്മണ മതത്തിന്റെ ഭാഗമല്ലായിരുന്നു. നമ്മെ അടി കണക്ക് വെച്ച് മാറ്റി നിര്‍ത്തിയിരുന്നവര്‍; ബ്രാഹ്മണ മതമായി യാതൊരു തരത്തിലുമുള്ള ബന്ധമില്ലാതിരുന്നിട്ടു കൂടി ബ്രാഹ്മണരുടെയും അയിത്ത ജാതിക്കാരുടെ നേതാവ് താനാണെന്ന് പറഞ്ഞ് ഗാന്ധി നമ്മളെ ബ്രാഹ്മണന്റെ കീഴില്‍ കൊണ്ട് വന്നു കെട്ടിയിട്ടു. എന്നിട്ട് നമ്മെ നമുക്ക് വേണ്ടി ശബ്ദിക്കാന്‍ കെല്‍പ്പില്ലാത്തവരാക്കി മാറ്റി.
അമിത്ഷാ കര്‍ണാടകയില്‍ വന്നു മുസ്ലീങ്ങള്‍ക്ക് സംവരണം കൊടുക്കില്ല എന്ന് പറയുന്നതും സുപ്രിം കോടതിയിലെ സവര്‍ണ്ണ ജഡ്ജിമാര്‍ ഉപസംവരണത്തിനും ക്രീമി ലെയറിനും വേണ്ടി വാദിക്കുന്നതും രണ്ടാണെന്ന് തോന്നുമെങ്കിലും ഒന്ന് തന്നെയാണ്. രണ്ടും വിഭജനത്തിന്റെ പ്രത്യയശാസ്ത്രം തന്നെയാണ്. അമിത്ഷാ മൂല്‍ നിവാസികളെ (തദ്ദേശീയ ജനങ്ങളെ) മതപരമായി ധ്രുവീകരിക്കുമ്പോള്‍, സുപ്രിം കോടതിയില സവര്‍ണ്ണ ജഡ്ജിമാര്‍ തദ്ദേശീയരെ ബ്രാഹ്മണ മതത്തിനകത്ത് അവരുടെ കീഴില്‍ ജാതികളായും/ഉപജാതിയായും സമ്പത്തിന്റെ അടിസ്ഥാനത്തിലും വിഭജിക്കുന്നു. ഡിപ്രസ്ഡ് ക്ലാസ്സ് എന്ന ഒരു ജനസമൂഹത്തെ വീണ്ടും വിഭജിക്കാന്‍ സാമ്പത്തിക മാനദണ്ഡം ഒരു ആയുധമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
പട്ടികവിഭാഗങ്ങളിലെ പ്രാപ്തിയും യോഗ്യതയും ഉള്ളവര്‍ സംവരണത്തില്‍നിന്നു ഒഴിവാക്കപ്പെടുകയും ”നോണ്‍ ക്രീമിലെയര്‍”എന്ന സാമ്പത്തിക പ്രാപ്തി കുറഞ്ഞ വിഭാഗത്തില്‍നിന്ന് മത്സരിക്കാന്‍ ആരും ഇല്ലാതെ വരുന്ന അവസ്ഥയും ഉണ്ടാകും. ചുരുക്കത്തില്‍ ആരും തസ്തികകളിലേക്ക് എത്താത്ത അവസ്ഥയാണുണ്ടാവുക. ദുര്‍ബല വിഭാഗം എന്ന ഒരു പ്രത്യേക വിഭാഗം ഉണ്ടോ? ക്രീമിലെയര്‍ നടപ്പിലാക്കുമ്പോഴുള്ള എല്ലാ സാംഗത്യവും ഉപസംവരണം നടപ്പില്‍ വരുത്തുമ്പോഴും ബാധകമാണ്. ദുര്‍ബല വിഭാഗങ്ങളായി പരിണമിക്കുന്നത് സമ്പത്തിന്റെയും അതിനനുസരിച്ചുള്ള ചുറ്റുപാടും കൂടി ഇല്ലാത്തപ്പോഴാണ്. ഭൂരിഭാഗം മനുഷ്യരുടെയും ഭൗതിക വികസങ്ങള്‍ക്ക് വേണ്ടിയുള്ള ചിന്തകള്‍ അവസാനിക്കുന്നത് സമ്പത്തിന്റെ അതിര്‍വരമ്പുകളിലാണല്ലോ.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കില്‍, തന്റെ സമൂഹത്തിനോട് ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ എന്ന നിലയില്‍ ഈ അവബോധം ജനങ്ങളില്‍ എത്തിക്കുകയും നേര്‍ദിശയില്‍ അവരെ നയിക്കുകയുമല്ലേ വേണ്ടത്. അതിനു പകരം വിദേശി ബ്രാഹമണര്‍/സവര്‍ണ്ണര്‍ ഇട്ടുതന്ന അജണ്ടയ്ക്കനുസരിച്ച് തമ്മില്‍ തല്ലുകയാണോ വേണ്ടത്? ജനധിപത്യം എന്താണെന്ന്, ഈ അവസരത്തിലും മനസ്സിലാക്കാതെ അഭ്യസ്ഥവിദ്യര്‍ പോലും ഇരുട്ടിലാണ് എന്നതാണ് ഇന്ന് നാം കാണുന്ന കാഴ്ച.
പ്രാതിനിധ്യ ജനാധിപത്യം വീണ്ടെടുക്കാന്‍ അംബേദ്കര്‍ അവലംബിച്ച മറ്റു മാര്‍ഗ്ഗങ്ങള്‍
ദ്വയാംഗ മണ്ഡലം നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല എന്നുവെച്ചു അംബേദ്കര്‍ അദ്ദേഹത്തിന്റെ പ്രാതിനിധ്യ ജനാധിപത്യ രാജ്യം എന്ന സ്വപ്നം അവിടെ വെച്ചു നിര്‍ത്തിയില്ല. പിന്നീടും അദ്ദേഹത്തിന്റെ യുദ്ധം തുടര്‍ന്നു. (സമത്വത്തില്‍ അധിഷ്ഠിതമായ) ജനാധിപത്യത്തിനു നേര്‍ വിപരീതദിശയില്‍ (അസമത്വത്തില്‍ അധിഷ്ഠിതമായി) നില്‍ക്കുന്ന ഹിന്ദുമതത്തെ നവീകരിക്കാന്‍ ഹിന്ദു കോഡ് ബില്‍ കൊണ്ട് വന്നു. അതും നടപ്പിലാക്കാന്‍ സവര്‍ണ്ണര്‍ സമ്മതിക്കാതെ വന്നപ്പോള്‍ അദ്ദേഹം ശാശ്വതമായ മറ്റൊന്നു കൊണ്ടുവന്നു. അത് തദ്ദേശീയരുടെ സംസ്‌കാരത്തിന്റെ വീണ്ടെടുപ്പു കൂടിയായിരുന്നു. നമ്മള്‍ ആരെന്നും എങ്ങനെ ഇസ്ലാമും മുസ്ലീമും ക്രിസ്ത്യാനിയുമായി പല മതങ്ങളിലും അതു പോലെ ഹിന്ദുമതത്തില്‍ തന്നെ പല ജാതികളായും വിഭജിച്ചു കിടക്കുന്നു എന്നും, അതിനെയൊക്കെ കൂട്ടി യോജിപ്പിച്ച് ഒരു ജനാധിപത്യ രാജ്യത്തിന് വേണ്ടിയുള്ള ഏറ്റവും വലിയ മാനദണ്ഡമായ സാഹോദര്യം എങ്ങനെ ഉണ്ടാക്കാമെന്നും, കൃത്യമായ ഒരു ബ്ലൂ പ്രിന്റ് അംബേദ്കര്‍ തയാറാക്കി വെച്ചിട്ടുണ്ട്. അത് മനസിലാക്കുക മാത്രമാണ് നമ്മള്‍ ചെയ്യേണ്ടത്. പുതുതായി ഒന്നും കൂലംകര്‍ഷമായി ചര്‍ച്ച ചെയ്യേണ്ട ആവശ്യം തന്നെ വരുന്നില്ല. ജാതി ഒരു പ്രശ്നവും’ സംവരണം ഒരു താത്കാലിക ‘പരിഹാരവും’ ആണെങ്കില്‍ ജാതിയെന്ന മൂല പ്രശ്നത്തെയാണ് അംബേദ്കര്‍ അഭിസംബോധന ചെയ്യാന്‍ ശ്രമിച്ചത്. നമ്മുടെ പ്രശ്നങ്ങള്‍അടിസ്ഥാനപരമായി സാമൂഹികമാണ്. സാമൂഹിക ഘടനയിലെ, ശ്രേണികൃതവും അസമത്വവും വിഭാഗീയതയും പരിഹരിക്കാനുള്ള ബ്ലൂ പ്രിന്റാണ് അദ്ദേഹം നമുക്ക് തന്നത്.
സാമൂഹിക പ്രശ്നം, വ്യക്തിപരമായി അല്ലെങ്കില്‍ ഓരോരോ വിഭാഗങ്ങളായി നിന്ന് ഏറ്റെടുത്ത് കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല. സാമൂഹിക പ്രശ്നം സമൂഹമായി തന്നെ ഒരുമിച്ച് കൊണ്ട് പരിഹരിക്കപ്പെടണം. ജാതിയുടെ പേരില്‍ ദിനം തോറും അതിക്രമങ്ങള്‍ നടക്കുമ്പോഴും സവര്‍ണ്ണ മനോഭാവുമുള്ള ഭരണകൂടം അത് ഒറ്റപ്പെട്ട സംഭവമാക്കി പ്രഖ്യാപിക്കുകയും മാറ്റുകയും ചെയ്യുന്നത്, നമ്മള്‍ ഏകീകരിക്കുന്നത് തടയിടാന്‍ വേണ്ടി തന്നെയാണ് എന്ന് മനസ്സിലാക്കണം.
അംബേദ്കര്‍ മുന്നോട്ട് വെച്ച ദ്വയാംഗ മണ്ഡലം എന്ന ജനാധിപത്യ അവകാശം, ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കി നടപ്പിലാക്കിയ ഗാന്ധിയുടെ വെറും സമ്പരണമാണോ നമുക്ക് വേണ്ടത്? അതോ അംബേദ്കര്‍ മുന്നോട്ട് വെച്ച പ്രാതിനിധ്യ ജനാധിപത്യമോ? ബുദ്ധമതത്തിലേക്ക് ഇവിടുത്തെ പട്ടികവിഭാഗം തിരിച്ചു പോകണം എന്ന് അംബേദ്കര്‍ പറയുന്നതിന്, വ്യക്തമായ രാഷ്ട്രീയവും ഭരണഘടനപരവും സമൂഹികവും അത്മീയവും സംസ്‌കാരികപരവുമായ മാനങ്ങളുണ്ട്. ജാതിയാണ് ഹിന്ദു മതത്തിന്റെ അടിസ്ഥാന ശില (അടിസ്ഥാന പ്രത്യയശാസ്ത്രം) ഹിന്ദു മതത്തിനകത്ത് നില്‍ക്കുമ്പോള്‍ മാത്രം കിട്ടുന്ന സംവരണമായത് കൊണ്ടും ഹിന്ദു മതത്തിന്റെ നേതൃത്വം ബ്രാഹ്മണരുടെ കയ്യിലായത് കൊണ്ടും അവരുടെ നേതൃത്വം അംഗീകരിച്ചു അവരുടെ പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് ജീവിക്കേണ്ടി വരുന്നു. അതുപോലെ ജാതികളായി വിഭജിച്ചുന്നില്‍ക്കുന്നത് കൊണ്ടും സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനുള്ള കെല്‍പ്പ് മറ്റു സമുദായങ്ങള്‍ക്ക് ഇല്ലാതെ പോകുന്നു. അതു കൊണ്ട് തന്നെ സംവരണം കേവലം വ്യക്തിഗതമായാണ് വര്‍ത്തിക്കുന്നത്. ജാതിയെ നിലനിര്‍ത്താന്‍ ഹിന്ദു മതത്തില്‍ എന്തൊക്കെ തരം മെക്കാനിസം ഉണ്ടോ അതിനെയൊക്കെ നിഷ്പ്രയാസം നിര്‍വീര്യമാക്കാനുള്ള പോംവഴികള്‍ ബുദ്ധിസത്തിനകത്തുണ്ട്. അതിനു ശെരിയായ അഷ്ടാംഗ മാര്‍ഗ്ഗത്തെ കുറിച്ചുള്ള ആഴത്തിലുള്ള പഠനം ആവശ്യമാണ്.
നമുക്ക് ചുറ്റുമുള്ള ന്യൂന പക്ഷത്തേ ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ അവര്‍ക്ക് വേണ്ട ജനാധിപത്യ അവകാശങ്ങളായ ഭൂമി, ആരാധാനാലയങ്ങള്‍ക്ക് വേണ്ടിയുള്ള ഭൂമി, വിദ്യാഭ്യാസം, പാര്‍പ്പിടം, ജോലി സംവരണം, പ്രധാനമായും ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സ്ഥാപനവത്കരണവും വളരെ കണിശമായി നടത്തിയിരിക്കുന്നത് കാണാം. ഒരു കമ്മ്യൂണിറ്റിക്ക് കമ്മ്യൂണിറ്റിയുടെ പേരില്‍ ഇതൊക്കെ അനുവദിക്കുന്നതും, വ്യക്തിപരമായി കിട്ടുന്നതും തമ്മില്‍ വലിയ അന്തരം നമുക്ക് കാണാന്‍ സാധിക്കും. അധികാര പങ്കാളിത്തത്തിന്റെ കാര്യം എടുത്ത് നോക്കിയാലും ന്യൂന പക്ഷങ്ങള്‍ എത്രയോ മടങ്ങ് മുന്‍പിലാണെന്നും നമുക്ക് കാണാം. ഗാന്ധി സത്യാഗ്രഹം കിടന്നില്ലായിരുന്നു എങ്കില്‍ എങ്ങനെയാണോ നമ്മുടെ അവകാശങ്ങള്‍ കിട്ടേണ്ടിയിരുന്നത്, അതു പോലെ മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സംവരണം അടക്കമുള്ള അവകാശങ്ങള്‍ കിട്ടുന്നുണ്ട്. അതിന്റെയും കൂടി ചുവടു പിടിച്ച് തന്നെയായിരിക്കില്ലേ അദ്ദേഹം അവസാന കാലഘട്ടത്തില്‍ ബുദ്ധമതത്തിലേക്ക് തിരിച്ചു പോകാന്‍ നമ്മളോട് നിര്‍ദ്ദേശിച്ചത്. ‘എന്റെ കയ്യില്‍ പല നിറത്തിലുള്ള പേനകള്‍ ഉണ്ട്, അതാത് സമയത്ത് അവയോരോന്നും ഞാന്‍ പുറത്തെടുക്കും’ എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. അതില്‍ ഏറ്റവും നിറമുള്ള ഒരു പേന തന്നെ ആയിരക്കില്ലേ ബുദ്ധിസത്തിലേക്കുള്ള തിരിച്ചു പോക്ക്? കേരളത്തിലെ അറിയപ്പെടുന്ന നേതാക്കളോ സംഘടനകളോ ആരും തന്നെ ഈ ദിശയില്‍ ചിന്തിക്കുകയോ വേണ്ടത്ര ചര്‍ച്ചകള്‍ ചെയ്യുന്നതായോ പഠനങ്ങള്‍ നടത്തുന്നതോ കണ്ടിട്ടില്ല. അതെ സമയം പരസ്പരം പോരടിക്കാന്‍ വേണ്ടി നേതാക്കള്‍ ഉയര്‍ന്നു വരികയും ചെയ്യുന്നു. അംബേദ്കറുടെ ആശയം പൂര്‍ണ്ണമായും മനസ്സിലാക്കാത്തതാണോ ഇതിന് കാരണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഉത്തരവാദിത്തമുള്ള ഒരു പൗരന്‍ അല്ലെങ്കില്‍ സംഘടന എന്ന നിലയില്‍ നമ്മള്‍ ആദ്യവും അവസാനവും ഏറ്റെടുക്കേണ്ടത് അതാണെന്നാണ് നാം മനസ്സിലാക്കേണ്ടത്.
സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ അവരുടെ ശമ്പളത്തിന്റെ 5% സമൂഹത്തിനു വേണ്ടി ശരിയായ വഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിനുവേണ്ടി സ്വമേധയാ സംഭാവന ചെയ്യണമെന്നത് അവരുടെ കടമയാണ്. അപ്പോള്‍ മാത്രമേ സമൂഹം പുരോഗതി പ്രാപിക്കുകയുള്ളൂ അല്ലാത്തപക്ഷം ഒരു കുടുംബം മാത്രമേ പുരോഗതി പ്രാപിക്കുകയുള്ളൂ. സാമൂഹ്യ പുരോഗതിക്കായി സമൂഹത്തിന് തിരിച്ചു നല്‍കുക (Pay Back to Society) എന്നൊരു ആശയം കൂടി അദ്ദേഹം നമുക്ക് തന്നിട്ടുണ്ട്. നമ്മള്‍ ഓരോരുത്തരുടെയും Talent, Time, Treasure എന്നിവയില്‍ നമുക്ക് കഴിയുന്നത് സമൂഹത്തിന്റെ പുരോഗതിക്കായി തിരിച്ച് കൊടുക്കേണ്ടതാണ്.’ എന്നദ്ദേഹം പറഞ്ഞു. നമ്മുടെ ഇടയിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സംഭാവനകള്‍ പകരം എവിടെ പോകുന്നു എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.
ബാംസെഫിന്റെ (BAMCEF) നിലപാട്
ബാംസെഫിന്റെ (BAMCEF) നിലപാട് കൂടി വ്യക്തമാക്കി ഈ കുറിപ്പ് ഉപസംഹരിക്കാം.
ആദ്യമായി കണക്കിലെടുക്കേണ്ടത്, ഇപ്പോള്‍ സംവരണത്തില്‍ സുപ്രീം കോടതി ഇങ്ങനെയൊരു ഫില്‍റ്ററിംഗ് (filtering) പ്രക്രിയ കൊണ്ടുവരാനുള്ള എന്ത് അടിയന്തിര സാഹചര്യമാണ് ഇന്ത്യയില്‍ നിലവീലുള്ളത് എന്നാണ്. ഇന്ത്യ സ്വതന്ത്രമായിട്ട് നാളിതുവരെയും പട്ടികവിഭാഗങ്ങളുടെ ഉദ്യോഗരംഗത്തെ ഒരു മേഖലകളിലും തസ്തികകള്‍ യഥാവിധി ഫില്‍ ആയിട്ടില്ല എന്നതാണ് വസ്തുത. സംസ്ഥാനനിയമങ്ങളിലും കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളിലും ഒരിക്കലും നികത്തപ്പെടാതെ ഒഴിവുകള്‍ കിടക്കുന്നു എന്ന വസ്തുതാ നിത്യേന മാധ്യമങ്ങളില്‍ക്കൂടി അറിയുന്ന വസ്തുതയാണ്. ക്ളാസ്സ് 1,2,3 സര്‍വീസുകളില്‍ ഇതേവരെ ആവശ്യമുള്ളതിന്റെ പകുതിപോലും തസ്തികകളില്‍ നിയമനം നടക്കാറില്ല എന്നത് സര്‍ക്കാരിന്റെതന്നെ പല റിപ്പോര്‍ട്ടുകളിലും വ്യക്തമായ വസ്തുതയാണ്. സാധാരണ തസ്തികകള്‍ നിറഞ്ഞിട്ടും അര്‍ഹതയുള്ളവര്‍ നിയമനങ്ങളില്‍ എത്തപ്പെടാതെയിരിക്കുമ്പോഴാണ് ഫില്‍റ്ററിംഗ് നടപടികള്‍ ആവശ്യമായി വരുന്നത്. ഇന്ത്യയില്‍ പട്ടികവിഭാഗങ്ങളുടെ കാര്യത്തില്‍ അങ്ങനെയൊരു സ്ഥിതിവിശേഷം ഇതുവരെ സംജാതമായിട്ടില്ല.
അങ്ങനെയെങ്കില്‍ എന്തുകൊണ്ടായിരിക്കും BJP ഭരണകൂടം ഇങ്ങനെയൊരു നീക്കം സുപ്രീം കോടതിയെ ഉപയോഗിച്ച് നടത്തിയത് ?
നമുക്കറിയാം കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപി യുടെ ലക്ഷ്യം ഭരണഘടന മാറ്റുവാന്‍വേണ്ടിയുള്ള 400+ സീറ്റുകള്‍ നേടുക എന്നതായിരുന്നു. അതിനു വിഘാതമായത് പ്രധാനമായും പട്ടികജാതികളുടെ നിലപാടില്‍ ഉണ്ടായ മാറ്റമാണ്. അംബേദ്കറുടെ ഭരണഘടന മറ്റാരേക്കാളും ഇന്ത്യയിലെ പട്ടികജാതിക്കാര്‍ക്ക് പ്രിയപ്പെട്ടതാണ്. അതുമാറ്റുവാന്‍ അവര്‍ അനുവദിക്കില്ല. ബിജെപിക്കുള്ള വോട്ടുകളില്‍ ഗണ്യമായ ഇടിവുണ്ടായത് പട്ടികജാതിക്കാരുടെ ഈ നിലപാട്മാറ്റം കാരണമാണ്. ഉത്തര്‍പ്രദേശില്‍ അത് കൃത്യമായി പ്രകടവുമായി. പട്ടികജാതിക്കാരുടെ ഐക്യം ബിജെപിയുടെ ഹിന്ദുരാഷ്ട്രനിര്‍മ്മാണത്തിനു തടസ്സമാണെന്ന് ഇതിനോടകം RSS വിലയിരുത്തിക്കഴിഞ്ഞു.
അങ്ങനെനോക്കുമ്പോള്‍ ഇപ്പോള്‍ ഇങ്ങനൊരു തന്ത്രം സുപ്രീം കോടതിയെ ഉപയോഗിച്ച് പയറ്റുന്നതിന്റെ ലക്ഷ്യം പട്ടികവിഭാഗങ്ങളുടെ ഇടയില്‍ കൃത്യമായി ഒരു ഭിന്നിപ്പുണ്ടാക്കുവാന്‍ വേണ്ടി മാത്രമാണ് എന്നത് വ്യക്തമാണ്. ഈ തന്ത്രത്തില്‍ വീഴാതിരിക്കുക എന്നതാണ് പട്ടികവിഭാഗങ്ങളുടെ നേതാക്കള്‍ ചെയ്യേണ്ടത്.
രണ്ടാമതായി, വസ്തുനിഷ്ഠമായി നോക്കുമ്പോള്‍ സംവരണം 100 % ആക്കുകയാണ് വേണ്ടത് എന്നതാണ് BAMCEF ന്റെ നിലപാട്. അങ്ങനെ മാത്രമാണ് ആണ് അംബേദ്കറിന്റെ ജനസംഖ്യ അനുപാതികമായ പ്രാതിനിധ്യം (Representative Democracy) യാഥാര്‍ത്യമാവുക. 3% ബ്രാഹ്മണന് 3% വിഹിതവും 52% വരുന്ന പിന്നോക്കകാരന് 52% മാനവും 25 ശതമാനം വരുന്ന പട്ടികവിഭാഗക്കാര്‍ക്ക് 25% വിഹിതവും ലഭിക്കും. ഉള്ള ജോലികളുടെ വിഹിതം കൂടുകയും അതിനകത്തെ ഒരോ വിഭാഗത്തിനുള്ള വിഹിതം സ്വാഭാവികമായും കൂടുകയും ചെയും. കാരണം 100 % സംവരണത്തെ അനുകൂലിക്കുന്നവര്‍ സ്വഭാവികമായും സമത്വവാദികള്‍ തന്നെ ആയിരിക്കും.
രഞ്ജിത്ത് ചട്ടഞ്ചാല്‍, ജനറല്‍ സെക്രട്ടറി, ബംസെഫ് കേരള.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in