അഴിമതിയില്‍ മുങ്ങിയ കായികലോകം
അഴിമതി സമസ്തമേഖലകളേയും വിഴുങ്ങിയിരിക്കുന്ന കാലഘട്ടത്തില്‍ കൂടിയാണ് നാം കടന്നു പോകുന്നത്. എന്തുകാര്യം സാധിക്കാനും കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് ദൈനംദിന ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്നത്. അതില്‍ നമുക്കൊട്ട് വിഷമവുമില്ല. കാരണം അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം അഴിമതികഥകള്‍ പുറത്തു വരുന്നത്. അപ്പോഴെല്ലാം ചുരുക്കം ചില മേഖലകള്‍ അഴിമതി വിമുക്തമാണെന്ന് നാം കരുതിയിരുന്നു. അതിലൊന്നാണ് സ്‌പോര്‍ട്‌സ്. കായികമേഖലയില്‍ നടക്കുന്നത് കഴിവിന്റെ ഉരച്ചുനോക്കലാണെന്നും അവിടെ അനധികൃതമായ സാമ്പത്തിക ഇടപാടുകള്‍ക്ക് സ്ഥാനമില്ലെന്നും നാം കരുതിയിരുന്നു. എന്നാല്‍ ആ ധാരണ […]
അഴിമതി സമസ്തമേഖലകളേയും വിഴുങ്ങിയിരിക്കുന്ന കാലഘട്ടത്തില്‍ കൂടിയാണ് നാം കടന്നു പോകുന്നത്. എന്തുകാര്യം സാധിക്കാനും കൈക്കൂലി കൊടുക്കേണ്ട അവസ്ഥയാണ് ദൈനംദിന ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്നത്. അതില്‍ നമുക്കൊട്ട് വിഷമവുമില്ല. കാരണം അഴിമതി സ്ഥാപനവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞു. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ടാണ് ഏറ്റവുമധികം അഴിമതികഥകള്‍ പുറത്തു വരുന്നത്. അപ്പോഴെല്ലാം ചുരുക്കം ചില മേഖലകള്‍ അഴിമതി വിമുക്തമാണെന്ന് നാം കരുതിയിരുന്നു. അതിലൊന്നാണ് സ്‌പോര്‍ട്‌സ്. കായികമേഖലയില്‍ നടക്കുന്നത് കഴിവിന്റെ ഉരച്ചുനോക്കലാണെന്നും അവിടെ അനധികൃതമായ സാമ്പത്തിക ഇടപാടുകള്‍ക്ക് സ്ഥാനമില്ലെന്നും നാം കരുതിയിരുന്നു. എന്നാല്‍ ആ ധാരണ അസംബന്ധമാണെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു.
ഐപിഎല്ലിലെ വാതുവെപ്പുമായി ബന്ധപ്പെട്ടാണ് കായിക മേഖലയിലെ അഴിമതി പ്രശ്‌നം ഇന്ത്യയില്‍ വ്യാപകമായി ചര്‍ച്ചയായിരിക്കുന്നത്. ഒത്തുകളിയില്‍ ശ്രീശാന്തും ഉള്‍പ്പെട്ടതിനാല്‍ കേരളത്തില്‍ വിഷയം കൂടുതല്‍ സജീവമാണഅ. നേരത്തെ ശശിതരൂരിന് കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെട്ടാനിടയാക്കിയ സംഭവവികാസങ്ങള്‍ മാധ്യമങ്ങള്‍ വളരെ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. കേരളത്തിന് ഐ.പി.എല്‍ ടീം അനുവദിക്കുന്നതിന് കേന്ദ്രമന്ത്രി എന്ന രീതിയില്‍ വഴിവിട്ട് പ്രവര്‍ത്തിച്ചു എന്നായിരുന്നല്ലോ തരൂരിനെതിരായ ആരോപണം. കൂടെ കാമുകി സുനന്ദയുടെ പേരും ഉയര്‍ന്നു വന്നപ്പോള്‍ സംഗതി കുശാലായി. എന്നാല്‍ തരൂരിന്റെ സ്ഥാനനഷ്ടത്തിന് പ്രധാന കാരണക്കാരനായ ലളിത് മോഡിയെ കുറിച്ച് പിന്നീട് പുറത്തുവന്ന കഥകള്‍ അതിലേറെ ഗൗരവമുള്ളതായിരുന്നു. മോഡിയുടെ നിരവധി ബന്ധുക്കള്‍ ബിനാമികളായി പല ടീമുകള്‍ക്കു പുറകിലുമുണ്ടെന്ന യാഥാര്‍ത്ഥ്യമാണ് പുറത്തുവന്നത്. കോടികളുടെ അഴിമതികഥകള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു.
പണത്തിന്റെ കളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ക്രിക്കറ്റ് ജ്വരം ഇന്ത്യയില്‍ ഇത്രമാത്രം രൂക്ഷമായി അധികകാലമായില്ല. മറ്റു കായികരംഗങ്ങളുടെ തകര്‍ച്ചക്ക് പരോക്ഷമായ ഒരു പ്രധാന കാരണം ക്രിക്കറ്റ് തന്നെ. കോടികള്‍ ഒഴുകുന്ന മേഖലയായതിനാല്‍ അഴിമതിയും ക്രിക്കറ്റിന്റെ കൂടപിറപ്പാണ്. എന്നാല്‍ ക്രിക്കറ്റില്‍ മാത്രമാണോ അഴിമതിയുള്ളത്? അല്ല എന്നതാണ് വാസ്തവം. രേഖപ്പെടുത്തപ്പെട്ട സ്‌പോര്‍ട്‌സ് ചരിത്രത്തിലുടനീളം അഴിമതിയുടെ കഥകളും കാണാന്‍ കഴിയും. ലോകത്തെ ഏറ്റവും വലിയ കായികമേളയായ ഒളിബിക്‌സിന്റെ കൂടപ്പിറപ്പാണ് അഴിമതി. ആദ്യകാലം മുതല്‍തന്നെ ഒളിബിക്‌സില്‍ അഴിമതിയുടെയും കൈക്കൂലിയുടേയും ചൂതാട്ടത്തിന്റേയും കറ പുരണ്ടതായി കാണാം. കായികമേളക്കുമുമ്പ് ഓരോ താരവും എടുക്കുന്ന പ്രതിജ്ഞക്കു കടകവിരുദ്ധമാണ് ഈ നടപടികള്‍. പലരും പിടിക്കപ്പെട്ടിട്ടുണ്ട്. ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
ഒളിബിക്‌സടക്കമുള്ള കായികമേളകള്‍ക്ക വേദിയനുവദിക്കന്നതുമുതല്‍ അഴിമതികഥകള്‍ ആരംഭിക്കുന്നു. പണത്തിനുവേണ്ടി തോറ്റുകൊടുക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. പലപ്പോഴും വാതുവെപ്പുകാരുടെ കൈകളിലെ ഉപകരണം മാത്രമായി കായികതാരങ്ങള്‍ അധപതിക്കുന്നു. കളിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം വാതുവെപ്പുകാരില്‍നിന്നു ലഭിക്കുമ്പോള്‍ എന്തിനുകളിക്കണം എന്നാണ് പല കായിക താരങ്ങളും ചിന്തിക്കുന്നത്. കായികപ്രേമികള്‍ പലരും കരുതുന്നപോലെ പിറന്ന നാടിനുവേണ്ടി മരിച്ചുകളിക്കുക എന്ന വികാരമൊന്നും ഭൂരിപക്ഷം താരങ്ങള്‍ക്കുമില്ല. കായികമേഖല അങ്ങേയറ്റം പ്രൊഫഷണലായതോടെ ഇതത്രവലിയ കുറ്റമായിപോലും പലരും കാണാതായി. വികസ്വര രാജ്യങ്ങളില്‍ നിന്നു മാത്രമല്ല, വികസിത രാഷ്ട്രങ്ങളില്‍ നിന്നും എത്രയോ അഴിമതികഥകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. കായികമേഖലക്കുണ്ടെന്ന് വിശ്വസിക്കപ്പെട്ടിരുന്ന വിശുദ്ധിയൊക്കെ എങ്ങോ പോയ്മറഞ്ഞു.
വാസ്തവത്തില്‍ ഒരാള്‍ പണം വാങ്ങി കള്ളക്കളി കളിക്കുന്നുണ്ടോ എന്നു മനസ്സിലാക്കുക എളുപ്പമല്ലല്ലോ. ഒരു ദിവസത്തെ ഒരാളുടെ കളി മോശമായാല്‍ അന്നയാള്‍ ഫോമിലായില്ല എന്ന പറഞ്ഞ് എല്ലാവരും സമാധാനിക്കുന്നു. വ്യക്തി മാത്രമല്ല, ചിലപ്പോള്‍ ടീം ഒന്നടങ്കം അതായിരിക്കും അവസ്ഥ. എന്നാല്‍ ആ ഫോമില്ലായ്മക്കു പിന്നില്‍ പലപ്പോഴും കോടികളാണ് ഒഴുകുന്നതെന്ന് തെളിയിക്കാന്‍ അത്ര എളുപ്പമല്ല. തല്‍ക്കാലം അല്പം വിമര്‍ശനമേറ്റാലെന്ത്? കളിക്കാരുടെ ബാങ്ക് അക്കൗണ്ട് നിറയുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ജനം എല്ലാം മറക്കുന്നു. പുതിയ മത്സരങ്ങള്‍ വരുന്നു. അതേ കളിക്കാര്‍ വീണ്ടും രംഗത്തെത്തുന്നു. ആരാധകര്‍ ആര്‍പ്പുവിളിക്കുന്നു. തിരശ്ശീലക്കുപുറകിലിരുന്ന് വാതുവെപ്പുകാരും.
ഒളിബിക്‌സ് കഴിഞ്ഞാല്‍ ഇന്നുള്ള ഏറ്റവും വലിയ കായിക വിനോദം ലോകകപ്പ് ഫുട്‌ബോള്‍ ആണല്ലോ. ഇന്ത്യയെ പോലുള്ള രാജ്യങ്ങള്‍ കളിക്കുന്നില്ലെങ്കില്‍ പോലും നമുക്കും ഇഷ്ടടീമുകളുണ്ട്. ആ ടീമുകള്‍ക്കുവേണ്ടി മരിക്കാന്‍ പോലും ആരാധകര്‍ തയ്യാര്‍. എന്നാല്‍ പലപ്പോഴും ആ വികാരമൊന്നും കളിക്കാര്‍ക്കോ സംഘാടകര്‍ക്കോ ഇല്ല എന്നതാണ് വസ്തുത. ഫിഫ വേള്‍ഡ് കപ്പിന്റെ പോലും പിന്നാമ്പുറ വാര്‍ത്തകളായി എത്രയോ അഴിമതി കഥകള്‍ പുറത്തു വന്നിരിക്കുന്നു.
വാതുവെപ്പിന്റെ ഏറ്റവും ദുരന്തചിത്രം എസ്‌കോബാറിന്റേതായിരുന്നു. എസ്‌കോബാര്‍ കൊളംബിയ ലോകകപ്പ് ഫുട്‌ബോള്‍ ടിം അംഗമായിരുന്നു. 1994ലെ ഫിഫ ലോകകപ്പിലായിരുന്നു ദുരന്തം അരങ്ങേറിയത്. അമേരിക്കയോട് ആദ്യറൗണ്ടില്‍ തന്നെ 2-1ന് കൊളംബിയ തോല്‍ക്കുകയായിരുന്നു. രണ്ടിലൊരു ഗോള്‍ എസ്‌കോബാറിന്റെ സെല്‍ഫ് ഗോളായിരുന്നു. എന്നാല്‍ ആ അബദ്ധത്തിന് വിലയായി തന്റെ ജീവന്‍ തന്നെ നല്‌കേണ്ടി വരുമെന്ന് എസ്‌കോബാര്‍ കരുതിയില്ല. കൊളംബിയയുടെ പരാജയപ്പെട്ടതോടെ വാതുവെപ്പുസംഘത്തില്‍ ഒരു വിഭാഗം കോപാകുലരായി. നാട്ടിലെത്തിയ എസ്‌കോബാറിനെ പരസ്യമായി വെടിവെച്ചുകൊന്നായിരുന്നു അവര്‍ അമര്‍ഷം തീര്‍ത്തത്. കായികചരിത്രത്തിന് അപമാനകരമായി എന്നും ഓര്‍ക്കും ഈ ദുരന്തം.
പിന്നീട് ക്രിക്കറ്റിലും സമാനമായ ഒരു സംഭവമുണ്ടായി. പാക് ക്രിക്കറ്റ് കോച്ച് ബോബ് വൂമറുടെ സംശയാസ്പദമായ മരണം ഒത്തുകളിയുടെ ബാക്കിപത്രമാണോ എന്ന സംശയം ഇനിയും ബാക്കി നില്‍ക്കുന്നു. ലോകകപ്പില്‍ പാക് ടീം അയര്‍ലണ്ടിനോട് തോറ്റതാണ് സംശയത്തിന്റെ നിഴലില്‍ നില്ക്കുന്നത്. തുടര്‍ന്നായിരുന്നു വൂമറുടെ സംശയാസ്പദമായ മരണം.
കഴിഞ്ഞ ഫിഫ ലോകകപ്പ് ഫുട്‌ബോളിനു മുന്നെ സ്‌പെയിനിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. റഷ്യയുടെ സഹായത്തോടെ സ്‌പെയിന്‍ റഫറിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു മുഖ്യ ആരോപണം. പകരമായി സ്‌പെയിന്‍ 2018ലെ ലോകകപ്പിന് ആതിഥ്യം വഹിക്കാനുള്ള അവകാശവാദത്തില്‍ നിന്ന് പിന്മാറി റഷ്യയെ പിന്തുണക്കുമെന്നായിരുന്നത്രെ ധാരണ. 2018ലെ ലോകകപ്പ് മത്സരങ്ങള്‍ നടത്താനുള്ള അവകാശവാദവുമായി സജീവമായി രംഗത്തുള്ള ഇംഗ്ലണ്ടിലെ മാധ്യമങ്ങളിലാണ് ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. സംഗതി സത്യമാണോ എന്നിനിയും വ്യക്തമല്ല.
ഫിഫയുമായി ബന്ധപ്പെട്ട അഴിമതികഥകള്‍ നിരവധിയുണ്ട്. അതിലൊന്നാണ് വേള്‍ഡ് കപ്പ ഗവേണിങ്ങ് ബോഡിയുടെ മാര്‍ക്കറ്റിംഗ് പാര്‍ട്ണറായിരുന്ന എ.എസ്.എല്‍ കമ്പനിയുമായി ബന്ധപ്പെട്ട കോടികളുടെ അഴിമതി ആരോപണം. 1982ല്‍ രൂപീകരിച്ച ഈ കമ്പനി വളരെ പെട്ടന്ന് വേള്‍ഡ് കപ്പ് തത്സമയ പ്രക്ഷേപണാവകാശം നേടിയപ്പോള്‍ മറ്റു കമ്പനികളെല്ലാം അത്ഭുതപ്പെട്ടുപോയി. പക്ഷെ അതധികം നീണ്ടുനിന്നില്ല. 2001 ല്‍ ഈ കമ്പനി തകരുകയായിരുന്നു. കോടതി വിധിയെ തുടര്‍ന്ന് കമ്പനിയുടെ കണക്കുകളും മറ്റും പരിശോധിച്ചപ്പോഴാണ് അഴിമതിയുടെ നാറുന്ന കഥകള്‍ പുറത്തുവന്നത്. ഫിഫ മേധാവികള്‍ക്ക് മാസാമാസം ശബളം നല്‍കുന്നതു പോലെയായിരുന്നു കമ്പനി പണം നല്‍കിയിരുന്നത്. നമ്മുടെ നാട്ടില്‍ പെലീസുകാര്‍ക്കും എക്‌സൈസുകാര്‍ക്കും സെയില്‍ ടാക്‌സ് ഓഫീസര്‍മാര്‍ക്കും മറ്റും മാസപ്പടി കൊടുക്കുന്ന പോലെ. 20 വര്‍ഷത്തോളം ഇതു തുടര്‍ന്നു. ഫിഫ പ്രസിഡന്റുപോലും പണം വാങ്ങിയിരുന്നു. ഫിഫയുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ റെയ്ഡില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു.
ഫിഫ വേള്‍ഡ് കപ്പ് ഫുട്‌ബോളില്‍ ഓരോ ഗ്രൂപ്പിലേയും അവസാന രണ്ടു ലീഗ് മത്സരങ്ങള്‍ ഒരേ സമയത്താണ് നടക്കുന്നത്. നേരത്തെ അതങ്ങനെയായിരുന്നില്ല. ഈ മാറ്റത്തിനു കാരണം മറ്റൊന്നുമല്ല, ഒത്തുകളി തന്നെ. 1982ലെ ലോകപ്പ്. ഗ്രൂപ്പിലെ അവസാന കളിയില്‍ പടിഞ്ഞാറന്‍ ജര്‍മനിയും ആസ്ട്രിയയും ഏറ്റുമുട്ടുന്നു. ജര്‍മനി ഒന്നോ രണ്ടോ ഗോളിനാണ് ജയിക്കുന്നതെങ്കില്‍ ഇരു ടീമുകള്‍ക്കും പ്രീക്വാര്‍ട്ടര്‍ കളിക്കാം. കൂടുതല്‍ ഗോളിനു ജയിച്ചാല്‍ ആസ്ട്രിയക്കുപകരം അള്‍ജീരിയയായിരിക്കും യോഗ്യത നേടുന്നത്. ലോകം മുഴുവന്‍ കളികാണാന്‍ കാത്തിരുന്നു. തുടങ്ങി പത്തുമിനിട്ടിനകം തന്നെ ജര്‍മനി ആദ്യഗോളടിച്ചു. ആരാധകര്‍ ആവേശഭരിതരായി. പിന്നീടാണ് ആര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വിരസമായ ഒത്തുകളി അരങ്ങേറിയത്. ഇരുകൂട്ടരും ഗോളടിക്കേണ്ടതില്ല എന്നു തീരുമാനിച്ച കളി. കളികണ്ടുകൊണ്ടിരുന്ന ജര്‍മന്‍ ആരാധകര്‍ അപ്പോള്‍ പ്രതികരിച്ചത് സ്വന്തം രാജ്യത്തിന്റെ കൊടി കത്തിച്ചായിരുന്നു. കോപാകുലരായ അള്‍ജീരിയക്കാരാകട്ടെ ഗ്രൗണ്ടിലേക്ക് പണം വലിച്ചെറിയുകയായിരുന്നു. കമന്റേറ്റര്‍ പോലും പ്രതിഷേധസൂചകമായി കമന്ററി നിര്‍ത്തി ടി.വി ഓഫ് ചെയ്യാന്‍ പ്രേക്ഷകരോടാവശ്യപ്പെട്ട സംഭവവും അരങ്ങേറി. ഈ സംഭവത്തെ തുടര്‍ന്നാണ് അവസാന രണ്ടുലീഗുമത്സരങ്ങള്‍ ഒരേ സമയത്താക്കാന്‍ തീരുമാനമായത്. ഒത്തുകളിയുടെ സാധ്യതക്ക് ചെറിയ ഒരു കുറവു വരുത്താന്‍ മാത്രം.
ലോകകപ്പില്‍ ഒത്തുകളിയുടെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 1978ലെ ലോകകപ്പില്‍ നടന്നത് ഇങ്ങനെ. ബ്രസീലിനെ പോയന്റ് നിലയില്‍ പിന്തള്ളാന്‍ പെറുവിനെതിരെ അര്‍ജന്റീനക്ക് നാലുഗോളിന്റെ ജയം വേണം. അതുവരെയും 5 മത്സരത്തില്‍നിന്ന് 6 ഗോളാണ് അര്‍ജന്റീന നേടിയത്. പെറുവാകട്ടെ 5 മത്സരത്തില്‍ 6 ഗോളാണ് വഴങ്ങിയത്. എന്നാല്‍ ഈ കണക്കുകളെ പരിഹസിച്ചുകൊണ്ട് ഏകപക്ഷീയമായ 6 ഗോളിനായിരുന്നു അര്‍ജന്റീന ജയിച്ചത്. അങ്ങനെ ബ്രസീല്‍ ഔട്ട്. പെറുവിന്റെ ഗോളിയുടെ ജന്മദേശം അര്‍ജന്റീനയായിരുന്നു എന്നത് മറ്റൊരു തമാശ.
വാസ്തവത്തില്‍ ലോകകപ്പിനേക്കാല്‍ പണമൊഴുകുന്നത് യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലാണ്. ലോകത്തെ മുഴുവന്‍ മികച്ച കളിക്കാരും ഈ മത്സരങ്ങളില്‍ പങ്കെടുക്കുന്നു. മുമ്പൊക്കെ വര്‍ണവിവേചനം പ്രശ്മായിരുന്നെങ്കിലും ഇപ്പോള്‍ അതത്ര ഗുരുതരമായ പ്രശ്‌നമല്ല. ലാറ്റിനമേരിക്കയില്‍നിന്നും ആഫ്രിക്കയില്‍നിന്നുമുള്ള താരങ്ങളൊക്കെ യൂറോപ്യന്‍ ഗ്രൗണ്ടുകളില്‍ പന്തടിക്കാനെത്തുന്നു. പ്രമുഖ ക്ലബ്ബുകള്‍ കോടികളാണ് കളിക്കാര്‍ക്ക് നല്‍കുന്നത്. അതിനുപുറമെയാണ് കോടികളുടെ വാതുവെപ്പുകളികള്‍. യൂറോപ്യന്‍ ലീഗ് ഫുട്‌ബോളിന്റെ അവസ്ഥയും വ്യത്യസ്ഥമല്ല. ഒരു ഉദാഹരണമിങ്ങനെ. 1984ലെ യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്‌പെയിനിന് നെതര്‍ലന്റിനെ മറികടന്ന് മത്സരിക്കാനുള്ള അര്‍ഹത നേടണെമങ്കില്‍ ക്വാളിഫൈയിംഗ് മത്സരത്തില്‍ മാള്‍ട്ടക്കെതിരെ നേടേണ്ടത് 11 ഗോള്‍ ജയം. അതസാധ്യമെന്ന് മുഴുവന്‍ ഫുട്‌ബോള്‍ പ്രേമികളും കരുതി. എന്നാല്‍ സംഭവിച്ചതെന്തായിരുന്നു? മാള്‍ട്ടയെ കൃത്യം 12-1ന് സ്‌പെയിന്‍ തോല്‍പ്പിക്കുകയായിരുന്നു. അതില്‍ 9 ഗോളും വീണത് രണ്ടാം പകുതിയില്‍. ഇത് സ്വാഭാവിക വിജയമാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ?
ക്രിക്കറ്റിലെ അവസ്ഥ നേരത്തെ സൂചിപ്പിച്ചു. മാന്യന്മാരുടെ കളി അമാന്യന്മാരുടെ കളിയായി മാറിയ എത്രയോ സംഭവങ്ങള്‍. ഏറെ ശ്രദ്ധിക്കപ്പെട്ട സംഭവം നടന്നത് 10 വര്‍ഷം മുമ്പ്. പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാന്‍സി ക്രോഷ്യയുടെ പേര്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തീരാകളങ്കമായി ഇന്നും നിലനില്‍ക്കുന്നു. 2000ത്തിലായിരുന്നു സംഭവം. നടന്നതാകട്ടെ ഇന്ത്യയിലും. കരിമ്പട്ടികയിലുള്ള വാതുവെപ്പുസംഘത്തില്‍പെട്ട ബിസിനസ്സുകാരന്‍ സഞ്ജയ് ചൗളയുമായുള്ള ഹാന്‍സി ക്രോഷ്യയുടെ സംഭാഷണം ഡെല്‍ഹി പോലീസ് ചോര്‍ത്തുകയായിരുന്നു. പണം വാങ്ങി തോറ്റുകൊടുക്കാനായിരുന്നു ഹാന്‍സി ക്രോഷ്യയുടെ പ്ലാന്‍. സംഗതി പുറത്തു വന്നതോടെ കായികലോകം സ്തംഭിച്ചുപോയി. നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ക്രോഷ്യയെ വിചാരണക്കായി ഇന്ത്യക്ക് വിട്ടുനല്‍കാന്‍ ദക്ഷിണാഫ്രിക്ക തയ്യാറായില്ല. എന്നാല്‍ പ്രത്യേക കോടതി കുറ്റക്കാരനായി കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തിന് കളിയില്‍നിന്ന് ആജീവകാലവിലക്ക് നേരിടേണ്ടിവന്നു. 2002ല്‍ പ്രതീക്ഷിക്കാതെ വന്ന മരണം കൂടുതല്‍ അപമാനത്തില്‍നിന്ന് ക്രോഷ്യയെ രക്ഷിക്കുകയായിരുന്നു. വിചാരണക്കിടയില്‍ ദക്ഷിണാഫ്രിക്കയുടെ ഗിബ്‌സ്, നിക്കി ബോജെ പാക്കിസ്ഥാന്റെ സലിം മാലിക്ക്, ഇന്ത്യയുടെ മുഹമ്മദ് അസറുദീന്‍, അജയ് ജഡേജ എന്നിവരുടെ പേരുകള്‍ ക്രോഷ്യ പറഞ്ഞിരുന്നു. ഗിബ്‌സ് ഇന്ത്യക്കെതിരെ 20 റണ്‍സിനു താഴെ മാത്രം എടുക്കാന്‍ ക്രോഷ്യയില്‍ നിന്നു വാങ്ങിയത് 15000 ഡോളറായിരുന്നു. പകുതി മലയാളിയായ ജഡേജയുടെ ക്രിക്കറ്റ് ജീവിതം അവസാനിക്കാന്‍ തന്നെ ഈ സംഭവം കാരണമായി.
വാതുവെപ്പിനു കൂട്ടുനിന്നതിന്റെ പേരില്‍ അച്ചടക്കനടപടികള്‍ക്ക് വിധേയരായ ക്രിക്കറ്റ് താരങ്ങള്‍ നിരവധി. പാക്കിസ്ഥാനിലെ സലിംമാലിക്ക്, അത് – ഉര്‍ – റഹ്മാന്‍, ഇന്ത്യയുടെ മുഹമ്മദ് അസറുദ്ദീന്‍, അജയ് ശര്‍മ്മ, മനോജ് പ്രഭാകര്‍, ദക്ഷിണാഫ്രിക്കയുടെ ഗിബ്‌സ്, ഹെന്റി വില്യംസ്, കെനിയയുടെ മൗറിസ് ഒഡുംബെ, വെസ്റ്റ് ഇന്‍ഡീസിന്റെ മാര്‍ലോണ്‍ സാമുവല്‍ എന്നിവര്‍ ഉദാഹരണങ്ങള്‍. പുറത്തു വരാത്ത സംഭവങ്ങള്‍ എത്രയെന്ന് ആര്‍ക്കറിയാം?
മാലിക്കിനെതിരെ ആരോപണമുന്നയിച്ചവര്‍ ക്രിക്കറ്റ് താരങ്ങള്‍ തന്നെയായിരുന്നു. ആസ്ത്രലിയന്‍ താരങ്ങളായ ഷെയ്ന്‍ വോണും മാര്‍ക്ക് വോയും മറ്റുമാണ് തോറ്റുകൊടുക്കാന്‍ വേണ്ടി തങ്ങള്‍ക്ക് മാലിക് പണം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണങ്ങളില്‍ ഇന്‍സാമാം ഉള്‍ ഹക്, യൂനസ്, വസിം അക്രം എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിരുന്നു. ക്രിക്കറ്റിലെ വാതുവെപ്പുകളില്‍ അധോലോകനായകന്‍ ദാവുദ് ഇബ്രഹാമിന്റെ പേര്‍ പലപ്പോഴും ഉയര്‍ന്നു വന്നിട്ടുണ്ട്. അതില്‍നിന്നുതന്ന സംഗതികളുടെ ഗൗരവം മനസ്സിലാകും. എന്നിട്ടും നാം ദേശസ്‌നേഹത്തിന്റെ പ്രതീകമായി ക്രിക്കറ്റിനെ കാണുന്നു. സിനിമാതാരങ്ങളേക്കാല്‍ ആരാധകരും പണവുമുള്ള വിഭാഗമായി ക്രിക്കറ്റ് താരങ്ങള്‍ മാറുന്നു. പാക്കിസ്ഥാനുമായുള്ള കളിയെ യുദ്ധമെന്നൊക്കെ വിശേഷിപ്പിച്ച് അനാവശ്യമായ വര്‍ഗ്ഗീയവികാരം ഇളക്കി വിടുന്നു.
പ്രശസ്തമായ വിബിംള്‍ഡന്‍ മത്സരങ്ങളില്‍ പോലും പലപ്പോഴും അഴിമതികറകള്‍ പരന്നിട്ടുണ്ട്. 2005ല്‍ വിബിംള്‍ഡനില്‍ ഒന്നാം റൗണ്ടില്‍ തോറ്റുകൊടുക്കാന്‍ തനിക്ക് 141,270 അമേരിക്കന്‍ ഡോളര്‍ വാഗ്ദാനം ലഭിച്ചതായി ഗില്ലിസ് എല്‍സ്‌നീര്‍ പിന്നീട് പറയുകയുണ്ടായിട്ടുണ്ട്. റഷ്യയുടെ ഡേവിഡെങ്കോയെ മത്സരത്തില്‍ തോല്‍ക്കാന്‍ ഒരു ബ്രിട്ടീഷ് ചൂതാട്ട സംഘം വന്‍തുക നല്കിയതായും പുറത്തുവന്നിട്ടുണ്ട്.
കുതിര പന്തയ മത്സരത്തിലെ പന്തയങ്ങള്‍ കുപ്രസിദ്ധങ്ങളാണ്. കുതിരയുടെ പരിചാരകരേയും മറ്റുമാണ് പന്തയക്കാര്‍ നോട്ടമിടുക. അവര്‍ക്ക് പണം കൊടുത്ത് സ്വാധീനിച്ച് കുതിരയുടെ ഭക്ഷണക്രമങ്ങളില്‍ മാറ്റം വരുത്തുകയാണ് മുഖ്യമായും ചെയ്യുന്നത്. ഭക്ഷണക്രമങ്ങളിലെ മാറ്റം കുതിരയുടെ ഓട്ടത്തെ ബാധിക്കുന്നത് സ്വാഭാവികം. അതുമായി ബന്ധപ്പെട്ടുണ്ടായിട്ടുള്ള കലാപങ്ങള്‍ എത്ര.
ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കവും കള്ളപ്പണത്തില്‍നിന്ന് മുക്തമല്ല. 2002ലെ ശീതകാല ഒളിബിക്‌സുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സാള്‍ട്ട് ലെയ്ക്ക് സിറ്റി കുംഭകോണം ഏറെ കുപ്രസിദ്ധമാണ്. ഒളിബിക്‌സ് അനുവദിക്കാമെന്ന ധാരണയില്‍ സാള്‍ട്ട് ലെയ്ക്ക് കമ്മിറ്റിയില്‍നിന്ന് ഇന്റര്‍ നാഷണല്‍ ഒളിബിക്‌സ് കമ്മിറ്റി വന്‍തുക തന്നെ വാങ്ങിയതായി തെളിഞ്ഞു. 1.2 ബില്ല്യണ്‍ ഡോളറായിരുന്നുവത്രെ വാങ്ങിയത്. കൂടാതെ 2012ലെ ഒളിബിക്‌സ് മത്സരങ്ങള്‍ ലണ്ടന് അനുവദിക്കാമെന്ന ധാരണയും ഇതോടൊപ്പമുണ്ടായിരുന്നു. സംഘാടനം മാത്രമല്ല, മത്സരഫലങ്ങളും പണം നിയന്ത്രിച്ച എത്രയോ സംഭവങ്ങള്‍..
ബോക്‌സിങ്ങിലാണ് ഏറ്റവും കൂടുതല്‍ വാതുവെപ്പുകളും പണമിടപാടുകളും നടക്കാറുള്ളത്. അത് സ്വാഭാവികമാണുതാനും. ബോക്‌സിംഗ് ഒറ്റക്കുള്ള മത്സരമാണല്ലോ. തോറ്റുകൊടുക്കാന്‍ എളുപ്പമാണ്. കാണികള്‍ക്കോ സംഘാടകര്‍ക്കോ അത് കണ്ടുപിടിക്കാന്‍ എളുപ്പമല്ല. തളര്‍ന്നുവീണാല്‍ മതിയല്ലോ.
2006ലെ ശീതകാല ഒളിബിക്‌സ്. ഫുട്‌ബോള്‍ മത്സരത്തില്‍ പൂള്‍ ബിയിലെ ലീഗ് മത്സരത്തില്‍ സ്വീഡന്‍ സ്ലോവാക്യയെ നേരിടുന്നു. സ്വീഡന്‍ ജയിച്ചാല്‍ ക്വാര്‍ട്ടറില്‍ എതിരാളി കാനഡയോ ചെക് റിപ്പബ്ലിക്കോ ആകും. കനഡ 2002ലെയും ചെക് റിപ്പബ്ലിക് 1998ലേയും ചാമ്പ്യന്മാര്‍. സ്വീഡന്‍ കോച്ച് ഇങ്ങനെയാണത്രെ പറഞ്ഞത്. ഒന്ന് കോളറ, അടുത്തതോ പ്ലേഗ്. തോറ്റാല്‍ എതിരാളി സ്വിറ്റ്‌സര്‍ലന്റ് മാത്രം. സ്വീഡന്‍ തോറ്റു കൊടുക്കുകയായിരുന്നു.
കളിക്കാര്‍ മാത്രമാണ് വാതുവെപ്പുസംഘങ്ങളുടെ പണക്കെണിയില്‍ പെടുന്നതെന്ന് കരുതുന്നത് മൗഢ്യമാണ്. റഫറിമാരും അമ്പയര്‍മാരും ജഡ്ജുമാരുമൊന്നും കൈക്കൂലി ആരോപണങ്ങളില്‍ നിന്നു വിമുക്തരല്ല. 2002 ലെ ഒളിബിക്‌സില്‍ ഒരു ഫ്രഞ്ച് ജഡ്ജി റഷ്യന്‍ സ്‌കേറ്റിംഗ് ടീമിന് അര്‍ഹിക്കുന്നതിനേക്കാള്‍ മാര്‍ക്ക് നല്‍കിയത് വിവാദമായിരുന്നു. പകരം ഐസ് ഡാന്‍സ് മത്സരത്തില്‍ റഷ്യന്‍ ജഡ്ജി ഫ്രഞ്ച് ടീമിനു കൂടുലല്‍ മാര്‍ക്ക് നല്‍കാന്‍ വേണ്ടിയായിരുന്നു അത് ചെയ്തത്. ഇത്തരത്തില്‍ എത്രയോ സംഭവങ്ങള്‍. അമ്പയര്‍മാരുടേത് അവസാനതീരുമാനമായതിനാല്‍ അവക്കുപിറകിലെ കള്ളക്കളികള്‍ പലപ്പോഴും പുറത്തുവരാറില്ല. സാങ്കേതിക വിദ്യകളുടെ വികാസവും ടെലിവിഷനിലെ റീപ്ലേയും മറ്റുമാണ് അല്പം ആശ്വാസം. എന്നാല്‍ ഫിഫയെപോലുള്ളവര്‍ ഇനിയും ഇവ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.
ഇന്ത്യന്‍ ഹോക്കി ഫെഡറേഷനെ ഇന്ത്യന്‍ ഒളിബിക്‌സ് അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തത് അഴിമതിയുടെ പ്രകടമായ തെളിവോടെയായിരുന്നു. ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കന്ദസ്വാമി ജ്യോതികുമാരനെതിരെയായിരുന്നു കൈക്കൂലി ആരോപണം ഉയര്‍ന്നത്. വ്‌സ്തവത്തില്‍ ആജ് തക് ടി.വി ഒരുക്കിയ കെണിയില്‍ പെടുകയായിരുന്നു ജ്യോതികുമാരന്‍. ഒരു പ്രത്യേക കളിക്കാരനെ മലേഷ്യയില്‍ നടക്കാന്‍ പോകുന്ന മത്സരത്തില്‍ ഉള്‍പ്പെടുത്താനാവശ്യപ്പെട്ടവരില്‍ നിന്ന് ഇയാള്‍ 5,00,000 രൂപ വാങ്ങുന്ന രംഗം ക്യാമറ ഒപ്പിയെടുക്കുകയായിരുന്നു. സംഗതി പുലിവാലായപ്പോള്‍ പുതിയ ഒരു ടൂര്‍ണമെന്റ് ആരംഭിക്കാനാണ് താന്‍ പണം വാങ്ങിയതെന്നായിരുന്നു ജ്യോതികുമാരന്റെ വിശദീകരണം. എന്നാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അറിയാതെ എങ്ങനെ സെക്രട്ടറിക്ക് ഒരു ടൂര്‍ണമെന്റ് ആരംഭിക്കാന്‍ കഴിയും എന്ന ചോദ്യത്തിന് അദ്ദേഹത്തിന് മറുപടി ഉണ്ടായിരുന്നില്ല. ബീജിംഗ് ഒളിബിക്‌സില്‍ വെയ്റ്റ് ലിഫ്റ്റിംഗ് ടീമില്‍ മോണിക്കാദേവിയെ മറികടന്ന് ഷൈലജ പൂജാരിയെ ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്റെ നടപടി വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. സെക്രട്ടറി ബി.ആര്‍ ഗുലാത്തി ഇതിനായി അഞ്ചുലക്ഷം വാങ്ങിയെന്നായിരുന്നു ആരോപണം.
ചുരുക്കി പറഞ്ഞാല്‍ ഒത്തുകളിയും അതിനായി കോടികളുടെ പ്രവാഹവും അഴിമതിയുമെല്ലാം കായികരംഗത്ത് പുത്തരിയല്ല. അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ശ്രീശാന്ത്…
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in