ഫെഡറലിസത്തിനായി ഒന്നിച്ചുനിന്ന് പോരാടണം ദക്ഷിണേന്ത്യ
ഇന്ത്യന്‍ രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട രണ്ടു ദിവസങ്ങളാണ് 2024 ഫെബ്രുവരി ഏഴും എട്ടും. ഫെഡറലിസത്തെ തകര്‍ക്കുന്ന കേന്ദ്രനയങ്ങള്‍ക്കും തങ്ങള്‍ക്കെതിരായ അവഗണനക്കുമെതിരെ കര്‍ണ്ണാടക, കേരള സര്‍ക്കാരുകള്‍ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ ഡെല്‍ഹിയിലെത്തി സമരം ചെയ്യുന്നു എന്നതാണത്.
തീര്‍ച്ചയായും വളരെ വൈകിയാണ് ഈ സമരങ്ങള്‍ നടക്കുന്നത്. പത്തു വര്‍ഷമായി മോദി സര്‍ക്കാര്‍ ഇതുതന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഇത്തരത്തിലൊരു സമരം നടത്താന്‍ അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമാകാന്‍ കാത്തിരിക്കേണ്ടി വന്നു. അപ്പോഴും എന്തെങ്കിലും ഫെഡറലിസ്റ്റ് മൂല്യങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ തന്നെ അവയെല്ലാം കുഴിച്ചുമൂടി കേന്ദ്രീകൃത ഹിന്ദുത്വ രാഷ്ട്രമെന്ന ലക്ഷ്യത്തിനു മുന്നില്‍ ഇത്തരത്തിലുള്ള പ്രതിരോധങ്ങളെങ്കിലും ഇല്ലെങ്കിലത്തെ അവസ്ഥ എന്തായിരിക്കും. സത്യത്തില്‍ ഇത്തരം സമരങ്ങള്‍ പുതിയ കാര്യമൊന്നുമല്ല. കേരളം തന്നെ എത്രയോ തവണ ഇത്തരം സമരങ്ങള്‍ക്ക് സാക്ഷ്യം വഹി്ച്ചിട്ടുണ്ട്. കോണ്‍ഗ്രസും യുപിഎയുമൊക്കെ ഭരിക്കുമ്പോള്‍ പല തവണ കേരളം ഭരിച്ചിരുന്ന ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ തന്നെ അത്തരം സമരങ്ങള്‍ നടന്നിട്ടുണ്ട്. റേഷന്‍ വിഹിതം വെട്ടിക്കുറച്ചതിനെതിരെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന സമരം ഉദാഹരണം. ഭരണവും സമരവും ഒന്നിച്ച് എന്ന മുദ്രാവാക്യത്തിനു തന്നെ അന്നു എല്‍ഡിഎഫ് രൂപം കൊടുത്തിരുന്നു. അപൂര്‍വ്വമായിട്ടാണെങ്കിലും കേരളത്തില്‍ പ്രതിപക്ഷത്തായിരുന്ന കോണ്‍ഗ്രസ്സും അത്തരം സമരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ മോദി യുഗം പിറന്ന ശേഷം സമരത്തിനു പകരം എല്ലാം പ്രസ്താവനകളിലും വിലാപങ്ങളിലുമൊതുങ്ങുകയായിരുന്നു. സാമ്പത്തികമായി കേരളത്തിന്റെ അവ്സ്ഥ അതിരൂക്ഷമാകുകയും പലപല കാരണങ്ങള്‍ പറഞ്ഞ് കേന്ദ്രം പല വിഹിതങ്ങളും വെട്ടികുറക്കുകയും ചെയ്തപ്പോഴാണ് അവസാന നിമിഷം ഇത്തരം ഒരു സമരത്തിന് കേരളം തയ്യാറായത്. സമരത്തിനു മുന്നോടിയായി ഡിവൈഎഫ്‌ഐയുടെ മനുഷ്യമതില്‍, കേന്ദ്രത്തിനെതിരെ നിയമസഭാപ്രമേയം, സുപ്രിംകോടതിയില്‍ കേസ് തുടങ്ങിയ നടപടികളും സ്വീകരിക്കുകയുണ്ടായി.
ആദ്യം സമരം പ്രഖ്യാപിച്ചത് കേരളമാണെങ്കിലും നടത്തിയത് കര്‍ണ്ണാടകമാണ്. അത് കേരളത്തിന്റെ നിലപാടിനു സഹായകരമാണ്. സംസ്ഥാനത്തെ 200 ലധികം താലൂക്കുകളില്‍ വരള്‍ച്ച ബാധിച്ചതായി പ്രഖ്യാപിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും യാതൊരു വിധത്തിലുള്ള നടപടിയുമുണ്ടായില്ലെന്ന് കുറ്റപ്പെടുത്തിയാണ് കര്‍ണ്ണാടകം സമരം നടത്തിയത്. യുദ്ധ കാലാടിസ്ഥാനത്തില്‍ കേന്ദ്ര ബജറ്റില്‍ കര്‍ണാടകയ്ക്ക് വരള്‍ച്ച ദുരിതാശ്വാസം നല്‍കാന്‍ ധനമന്ത്രിയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. കോണ്‍ഗ്രസ് അധികാരത്തിലെത്തിയത് മുതല്‍ ബി.ജെ.പി സര്‍ക്കാര്‍ കര്‍ണാടകയോട് ശത്രുത മനോഭാവം വെച്ചുപുലര്‍ത്തുന്നു. കൂടുതല്‍ നികുതി വിഹിതം നല്‍കിയിട്ടും കര്‍ണാടകയ്ക്ക് തിരിച്ച് നല്‍കേണ്ട വിഹിതത്തില്‍ വന്‍ കുറവാണ് വരുത്തിയിരിക്കുന്നത്. സംസ്ഥാനത്തിന് അഞ്ച് വര്‍ഷത്തിനിടെ നല്‍കേണ്ട 62,000 കോടി രൂപ കേന്ദ്രം ഇതുവരെ അനുവദിച്ചിട്ടില്ല. ഇങ്ങനെ പോകുന്നു കര്‍ണ്ണാടകത്തിന്റെ ആരോപണങ്ങള്‍.
അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സമസ്തമേഖലകളിലുമുള്ള കേന്ദ്രവിഹിതവും പദ്ധതികളും വായ്പാ പരിധിയും വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കേന്ദ്ര നടപടികള്‍ക്കെതിരെയാണ് കേരളത്തിന്റെ സമരം. അതെകുറിച്ച് വിശദമായി തന്നെ മഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വിശദീകരിച്ചു. സമരത്തില്‍ ഡെല്‍ഹി, പഞ്ചാബ് മുഖ്യമാര്‍ പങ്കെടുക്കും. ഇന്ത്യാസഖ്യത്തിലെ പല പാര്‍ട്ടികളും സമരത്തെ പിന്തുണച്ച് പ്രതിനിധികള പങ്കെടുപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സ്വയംഭരണത്തില്‍ യൂണിയന്‍ സര്‍ക്കാര്‍ ഇടപെടുന്നതിനെതിരേ സുപ്രീം കോടതിയിലെ കേരള സര്‍ക്കാരിന്റെ ഹര്‍ജിക്ക് തങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു. ദക്ഷിണേന്ത്യയില്‍ തങ്ങളും പിണറായിയും കിഴക്ക് സഹോദരി മമതയും ഭരണഘടനയില്‍ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കള്‍ എല്ലാവരും സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച് നില്‍ക്കുകയാണെന്നും സഹകരണ ഫെഡറലിസം സ്ഥാപിച്ച്, സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം നേടിയെടുക്കുന്നതിലും ധനകാര്യം, ഭരണം മുതലായവയില്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും വിജയിക്കുന്നതു വരെ പ്രതിഷേധം തുടരുമെന്നും സ്റ്റാലിന്‍ ചൂണ്ടികാട്ടിയത് ഏറെ ശ്രദ്ധേയമാണ്.
അതേസമയം കേരളത്തിന്റെ ചുവടുപിടിച്ച് കര്‍ണ്ണാടകവും സമരരംഗത്തിറങ്ങിയെങ്കിലും കേരളത്തിലെ പ്രതിപക്ഷമായ കോണ്‍ഗ്രസ് സമരത്തില്‍ പങ്കെടുക്കാത്തത് ശരിയായ തീരുമാനമാണെന്ന് പറയാനാവില്ല. തീര്‍ച്ചയായും പ്രതിപക്ഷം പറയുന്നപോലെ കേന്ദ്രം മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദി. സംസ്ഥാന സര്‍ക്കാരിനും അതില്‍ വലിയ പങ്കുണ്ട്. അതെകുറിച്ചെല്ലാം ഏറെ ചര്‍ച്ച ചെയ്തതുമാണ്. അതുപക്ഷെ ഈ സമരത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള കാരണമല്ല. സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ ഇവിടേയും കേന്ദ്രനയങ്ങള്‍ക്കെതിരെ അവിടെപോയി ഒന്നിച്ചും സമരം ചെയ്യുകയാണ് പ്രതിപക്ഷം ചെയ്യേണ്ടത്. ഇക്കാര്യത്തില്‍ അനാവശ്യമായ കക്ഷിരാഷ്ട്രീയം കാണാന്‍ പാടില്ലായിരുന്നു. തീര്‍ച്ചയായും സിപിഎമ്മും സമരത്തില്‍ കക്ഷിരാഷ്ട്രീയം കാണുന്നുണ്ട്. അല്ലെങ്കില്‍ സ്റ്റാലിനും കെജ്രിവാളിനുമൊപ്പം മമതയേയും ക്ഷണിക്കുമായിരുന്നല്ലോ.
ഫെഡറലിസത്തെ കുറിച്ചൊക്കെ ഘോരഘോരം സംസാരിക്കുമ്പോഴും കേന്ദ്രീകൃതമായ രാഷ്ട്രീയ സംവിധാനമാണ് ഇന്ത്യയുടേത്. അതാകട്ടെ കൂടുതല്‍ കൂടുതല്‍ രൂക്ഷമാകുകയുമാണ്. എല്ലാ വിധ ബഹുസ്വരതയും വൈവിധ്യങ്ങളും കുഴിച്ചുമൂടുക എന്നത് സംഘപരിവാര്‍ അജണ്ടക്ക് അനിവാര്യമാണ്. അതാണ് നടന്നുകൊണ്ടിരിക്കുന്നത്. സാമ്പത്തിക മേഖലയില്‍ അതിന്റെ പ്രതിഫലനമാണഅ ഒറ്റ രാജ്യം, ഒറ്റ നികുതി എന്ന മുദ്രാവാക്യം. അതിന്റെ തന്നെ ഭാഗമാണ് കേന്ദ്രത്തിന്റെ പിടിമുറുക്കലുകളും ഇ ഡി അടക്കമുള്ള അന്വേഷണ ഏജന്‍സികളെ ഇറക്കി പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തലും പണം നല്‍കാതിരിക്കലും. കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി വീര്‍പ്പുമുട്ടിക്കുക തന്നെയാണ് കേന്ദ്രം അതിനെതിരായ പോരാട്ടങ്ങളുടെ ആരംഭമാകട്ടെ ഈ സമരങ്ങള്‍ എന്നാണ് ജനാധിപത്യവിശ്വാസികള്‍ ആശിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇതുമായി ബന്ധപ്പെട്ട് മറ്റൊരു പ്രധാന രാഷ്ട്രീയ പ്രശ്‌നവും ഉയര്‍ന്നു വരുന്നുണ്ട്. ബിജെപി ഭരിക്കാത്ത പല സംസ്ഥാനങ്ങളും ഇന്ന് ഇന്ത്യയിലുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യ കര്‍ണ്ണാടക, തെലുങ്കാന തെരഞ്ഞെടുപ്പുകളോടെ ഏറെക്കുറെ പൂര്‍ണ്ണമായും ബിജെപി മുക്തമായിരിക്കുന്നു എന്നതാണതില്‍ പ്രധാനം. ഇത് സംഘപിവാറിനെ ചെറുതായൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. അതിനാലാണ് ബിജെപിയുടെ ഉന്നതനേതാക്കള്‍ പോലും വളരെ കൂടുതല്‍ സമയം ഇവിടങ്ങളില്‍ ചിലവഴിക്കുന്നത്. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കുറെ സീറ്റുകളെങ്കിലും നേടാനവര്‍ ശ്രമിക്കുമെന്നുറപ്പ്. ഇതിനെ ചെറുത്തുതോല്‍പ്പിക്കുക എന്നതാണ് ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തം. അതില്‍ വിജയിക്കുകയാണെങ്കില്‍ ഫെഡറലിസത്തിനു വേണ്ടിയുള്ള പോരാട്ടത്തിനു നല്‍കുന്ന ഊര്‍ജ്ജം ചെറുതായിരിക്കില്ല.
മറ്റൊന്ന് മുഴുവന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഒന്നിച്ചുനിന്ന് ന്യായമായ അവകാശങ്ങള്‍ക്കായുള്ള പോരാട്ടം ഒ്ന്നിച്ചു നടത്തുക എന്നതാണ്. ഭാഷാപരമായും ചരിത്രപരമായും സാംസ്‌കാരികമായും ഒരുപാട് സമാനതകളുള്ള ദക്ഷിണേന്ത്യക്ക് ഒന്നിച്ചു നില്‍ക്കുക എന്ന് ബുദ്ധിമുട്ടായിരിക്കില്ല. ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യമാകട്ടെ ഉത്തരേന്ത്യയില്‍ നിന്നു പ്രകടമായി തന്നെ വ്യത്യസ്ഥമാണ് താനും. ഇന്ന് സംഘപരിവാറിന്റെ ഏറ്റവും പ്രധാന ആയുധമായ രാമന്‍ ദക്ഷിണേന്ത്യയില്‍ പ്രധാനപ്പെട്ട ആരാധനാ മൂര്‍ത്തിയല്ല എന്നത് ഒരുദാഹരണം മാത്രം. രാവണനെപോലും പൂജിക്കുന്ന ക്ഷേത്രങ്ങള്‍ ഇവിടെയുണ്ടല്ലോ. സാംസ്‌കാരികമായ ദേശീയത എന്നൊക്കെ അവകാശപ്പെട്ടുള്ള സംഘപരിവാറിന്റെ അക്രമോത്സുക പ്രവര്‍ത്തനങ്ങളെ തടയാന്‍ ദക്ഷിണേന്ത്യയുടെ സാംസ്‌കാരിക ചരിത്രം സഹായകരമാകുമെന്നുറപ്പ്.
ദക്ഷിണേന്ത്യയുടെ പോരാട്ടങ്ങളെ ഐക്യപ്പെടുത്താനുള്ള നീക്കങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്ന് ആരംഭിച്ചിട്ടുണ്ട് എന്നതും പ്രതീക്ഷ നല്‍കുന്നു. വ്യക്തിഗത നികുതിയടക്കം കേന്ദ്രവിഹിതം തുല്യമായി വിതരണം ചെയ്യപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഫോറം രൂപീകരിക്കാന്‍ കര്‍ണാടക കോണ്‍ഗ്രസ് തീരുമാനമെടുത്തിട്ടുണ്ട്. ദക്ഷിണേന്ത്യയുടെ ദേശീയതയെന്ന പദം പോലും കോണ്‍ഗ്രസ് എംപി ഡികെ സുരേഷ് പ്രയോഗിക്കുകയുണ്ടായി. ഫെഡറലിസമാണ് ഫോറത്തിലൂടെ ലക്ഷ്യമാക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാന്‍ അത്തരമൊരു ഫോറം അനിവാര്യമാണ് എന്നും കര്‍ണ്ണാടകയിലെ നേതാക്കള്‍ പറയുന്നു. ഡെല്‍ഹിയിലെ സമരങ്ങള്‍ക്കുശേഷം ഫോറം രൂപീകരിക്കാനുള്ള യോഗം മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ വിളിച്ചുചേര്‍ക്കാനാണ് നീക്കം. ഈ നീക്കങ്ങളോട് ഐക്യപ്പെടാനും ഒന്നിച്ചുപോരാടാനുമാണ് മറ്റു താല്‍പ്പര്യങ്ങള്‍ മാറ്റിവെച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഭരണപക്ഷവും പ്രതിപക്ഷവും തയ്യാറാകേണ്ടത്. അല്ലെങ്കില്‍ തകരുന്ന് ജനധിപത്യ – മതേതര – ഫെഡറല്‍ ഇന്ത്യയായിരിക്കും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in