തെരഞ്ഞെടുപ്പിലെ സാമൂഹ്യനീതി

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ഒരു ലോകസഭാ തെരഞ്ഞെടുപ്പു കൂടി അവസാനിച്ചു. തെരഞ്ഞെടുപ്പുഫലങ്ങളുടെ അവലോകനങ്ങള്‍ തുടരുകയാണ്. അത് നടക്കട്ടെ. എന്നാല്‍ കാര്യമായി വിശകലനം ചെയ്യാത്ത ഒന്നാണ് തെരഞ്ഞെടുപ്പിലെ സാമൂഹ്യനീതിയുടെ പ്രശ്‌നം. പ്രതേകിച്ച് ലിംഗനീതിയുടെ വിഷയം. നമ്മുടെ ജനാധിപത്യസംവിധാനത്തിന് ഒരുപേട് മേന്മകളും ദോഷങ്ങളും ഉണ്ട്. അവയില്‍ ദോഷങ്ങളില്‍ ഒന്നാം സ്ഥാനമാണ് ലിംഗനീതിയില്ലായ്മയുടേത്. ജനസംഖ്യയില്‍ പകുതി വരുന്ന വിഭാഗത്തിന് തുല്ല്യപ്രാതിനിധ്യം പോയിട്ട്, നാമമാത്ര പ്രാതിനിധ്യം മാത്രം നല്‍കുന്ന ഒരു സംവിധാനം എങ്ങനെയാണ് ജനാധിപത്യപരമാകുന്നത്? ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും നാമമാത്രമായ വര്‍ദ്ധനവാണ് സ്ത്രീപങ്കാളിത്തത്തില്‍ കാണുന്നത്. ആദ്യത്തെ ലോക്‌സഭയില്‍ 24 സ്ത്രീകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് വെറും 78ല്‍ എത്തിനില്‍ക്കുന്നു. 67 വര്‍ഷങ്ങള്‍ക്കുശേഷവും കേവലം 14.39 ശതമാനം മാത്രം. അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീരാജ്യങ്ങളേക്കാള്‍ പുറകില്‍. റുവാണ്ടയില്‍ 61 ശതമാനമാണ് പാര്‍ലമെന്റിലെ സ്ത്രീപ്രാതിനിധ്യം. ക്യൂബയിലും ബൊളീവിയയിലും 53 ശതമാനം. മെക്‌സിക്കോയില്‍ 48. ഈ വിഷയമാണ് ഏറ്റവും ഗൗരവപരമായി ചര്‍ച്ച ചെയ്യേണ്ടത്. എന്നാലതു കാണുന്നില്ല.
14 ശതമാനം സ്ത്രീകളുണ്ടെങ്കിലും അതില്‍ പോലും രാജ്യവ്യാപകമായ പ്രാതിനിധ്യം കാണുന്നില്ല. ബംഗാളിലെ തൃണമൂലും ഒഡീഷ്യയിലെ ബിജെഡിയുമാണ് കൂടുതല്‍ സ്ത്രീകളെ മത്സരിപ്പിച്ചതും വിജയിപ്പിച്ചതും. യുപിയില്‍ ബിഎസപിയും കൂടുതല്‍ സ്ത്രീകള്‍ക്ക് സീറ്റുകൊടുത്തിരുന്നു. ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റ് സ്ത്രീകള്‍ക്ക് നല്‍കിയത് കോണ്‍ഗ്രസ്സാണെങ്കിലും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടിരുന്നതിന്റെ അടുത്തുപോലും എത്തിയില്ല. എല്ലാരംഗത്തും സ്ത്രീകള്‍ മുന്നിലാണെന്നവകാശപ്പെടുന്ന കേരളത്തില്‍ മുന്നണികള്‍ 2 പേര്‍ക്ക് വീതനമാണ് സീറ്റു നല്‍കിയത്. ജയിച്ചത് ആകെ ഒരാളും.
എന്തുകൊണ്ടിതു സംഭവിക്കുന്നു? അധികാരം കയ്യാളുന്നതില്‍ സ്ത്രീകള്‍ പുറകിലല്ല എന്ന് ഇന്ത്യയില്‍ തന്നെ എത്രയോ തെളിയിക്കപ്പെട്ടതാണ്. ഏറ്റവും ശക്തയായ പ്രധാനമന്ത്രിഇന്ദിരാഗാന്ധിയാണെന്നാണല്ലോ പറയാറ്. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ കണക്കെടുത്താലും സ്ഥിതി വ്യത്യസ്ഥമാണോ? ജയലളിതയും മായാവതിയും മമതയുമൊക്കെ സമീപകാല ഉദാഹരണങ്ങള്‍. ഈ തെരഞ്ഞെടുപ്പില്‍ തന്നെ ഏറ്റവും വാര്‍ത്താ പ്രാധാന്യം നേടിയ രണ്ടു നേതാക്കള്‍ മമതയും മായാവതിയുമായിരുന്നുല്ലോ. ബിജെപിയിലും കോണ്‍ഗ്രസ്സിലും ശക്തരായ നിരവധി വനിതാ നേതാക്കളുണ്ട്. ഇതൊക്കെയായിട്ടും അധികാരത്തില്‍ അര്‍ഹമായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു.
പതിവുപോലെ കേരളം ഇക്കാര്യത്തിലും കാപട്യം തുടരുന്നു. ഒരേ ഒരു വനിതമാത്രമാണ് ഇവിടെ നിന്ന് ജയിച്ചത്. എന്നിട്ടും മറ്റാരും നേരിടാത്ത രീതിയിലുള്ള സൈബര്‍ അക്രമണങ്ങള്‍ അവര്‍ നേരിടുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ശക്തരായ വനിതാ നോതാക്കളില്ലാത്ത സംസ്ഥാനമാണ് കേരളം. ഒരിക്കല്‍ മാത്രം ഒരു വനിത മുഖ്യമന്ത്രിസ്ഥാനത്തോടടുത്തിരുന്നു. ഇപ്പോള്‍ 100-ാം വയസ്സാഘോഷിക്കുന്ന ഗൗരിയമ്മ. എന്നാലത് അട്ടിമറിക്കപ്പെട്ടു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മികച്ച രീതിയില്‍ സ്ത്രീകള്‍ ഭരണം നടത്തുമ്പോളാണ് രാഷ്ട്രീയ നേതൃത്വങ്ങളിലും നിയമസഭയിലും ലോകസഭയിലും അവര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത്. മുഖ്യധാരാപ്രസ്ഥാനങ്ങളുമായി ബന്ധമില്ലാതെ കേരളത്തില്‍ നടക്കുന്ന ജനകീയപോരാട്ടങ്ങളില്‍ മിക്കവയും നയിക്കുന്നത് സ്ത്രീകളാണെന്നതും ഓര്‍ക്കണം. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിയമസഭയിലേക്ക് വരാന്‍ പോകുന്ന ആറു നിയമസഭാമണ്ഡലങ്ങളിലേക്കും സ്ത്രീകളെ മത്സരിപ്പിക്കാന്‍ മൂന്നുമുന്നണികളോടും ആവശ്യപ്പെടാനാണ് ജനാധിപത്യവാദികള്‍ തയ്യാറാകേണ്ടത്. അതിനായി വനിതാ സംവരണ ബില്‍ പാസാകാന്‍ കാത്തിരിക്കേണ്ടതില്ല.
തീര്‍ച്ചയായും ബില്‍ പാസാക്കാനുള്ള പോരാട്ടം ശക്തമാക്കേണ്ടതുണ്ട്. ബില്‍ പാസ്സാക്കാന്‍ കഴിയാത്തതിനു പറയപ്പെടുന്ന കാരണങ്ങള്‍ വാസ്തവവിരുദ്ധമാണ്. ബില്ലിനെതിരെ മുലായംസിങ്ങും പല ദളിത് പിന്നോക്ക സംഘടനകളും ഉന്നയിക്കുന്ന വിഷയം ഇന്ത്യനവസ്ഥയില്‍ വളരെ പ്രസക്തം തന്നെയാണ്. സംവരണത്തിനുള്ളിലെ സംവരണം എന്ന അവരുടെ ആവശ്യത്തോട് എന്തുകൊണ്ട് ബില്ലിന്റെ ശക്തരായ വക്താക്കള്‍ മുഖം തിരിക്കുന്നു? ഇക്കാര്യം കൂടി ബില്ലില്‍ എഴുതി ചേര്‍ത്താല്‍ വനിതാ സംവരണ സീറ്റുകളുടെ എണ്ണം കുറയില്ല. മറിച്ച് അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവരില്‍ പട്ടിക ജാതി പട്ടികവര്‍ഗ പിന്നോക്ക വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായ പങ്കാളിത്തം ലഭിക്കും. ഇന്നത്തെ അവസ്ഥയില്‍ ബില്‍ പാസ്സായാല്‍ പാര്‍ലിമെന്റിലെത്തുന്ന സ്ത്രീകളില്‍ മഹാഭൂരിപക്ഷവും സവര്‍ണ്ണ വിഭാഗങ്ങളാകും എന്ന ഭയം അസ്ഥാനത്തല്ലല്ലോ. ലിംഗവിവേചനത്തിനുള്ളിലും ജാതിവിവേചനം ശക്തമാണല്ലോ. സത്യത്തില്‍ യാഥാര്‍ത്ഥ്യം അതല്ല. ബില്‍ പാസ്സാക്കണമെന്നു പറയുന്നവര്‍ക്കും അതില്‍ ആത്മാര്‍ത്ഥതയില്ല. ഒരുപക്ഷെ സോണിയാഗാന്ധിക്കും സുഷ്മസ്വരാജിനും വൃന്ദാകാരാട്ടിനും ഉണ്ടായിരിക്കാം. എന്നാല്‍ ഇവരുടെ പാര്‍ട്ടിയിലെ പുരുഷ നേതാക്കള്‍ക്ക് ബില്ലിനോട് താല്‍പ്പര്യമില്ല. കാരണം പ്രതേകിച്ച് പറയേണ്ടതില്ലല്ലോ. ബില്‍ പാര്‍ലിമെന്റിലെത്തിയശേഷം എത്രയോ തരഞ്ഞെടുപ്പുകള്‍ നടന്നു. ആ തരഞ്ഞെടുപ്പുകല്‍ ഇവര്‍ എത്ര സ്ത്രീകള്‍ക്ക് സീറ്റുകൊടുത്തു? ഈ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ മൂന്നിലൊന്ന് സ്ത്രീകളെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരമൊരു ബില്‍പോലും ആവശ്യമില്ലല്ലോ. ജാതിസംവരണമുള്‍പ്പെടുത്തി വനിതാസംവരണ ബില്‍ ഉടനെ പാസ്സാക്കുകയാണ് വേണ്ടത്. അതിനാണ് ജനാധിപത്യവിശ്വാസികള്‍ ശബ്ദമുയര്‍ത്തേണ്ടത്.

വാല്‍ക്കഷ്ണം – സ്ത്രീകളുടെ മാത്രമല്ല, സാമൂഹ്യനീതി നിഷേധിക്കപ്പെടുന്ന മറ്റുവിഭാഗങ്ങളുടേയും പ്രാതിനിധ്യപ്രശ്‌നവും ചര്‍ച്ച ചെയ്യേണ്ടതാണ്. പുതിയ ലോകസഭയില്‍ വെറും 27 മുസ്ലിം എംപിമാരാണുള്ളത്. ജനസഖ്യാനുപാതികമായി നോക്കിയാല്‍ എത്രയോ കുറവ്. 303 എംപിമാരുള്ള ബിജെപിയില്‍ നിന്ന് ഒറ്റ മുസ്ലിം എംപി പോലുമില്ല. തികച്ചും ജനാധിപത്യപരവും മതേതരവും സാമൂഹ്യനീതിക്കനുസൃതവുമായ ഈ വിഷയം ഉന്നയിക്കുമ്പോള്‍ അതിനെ വര്‍ഗ്ഗീയമെന്നു പറയുന്നതില്‍ സംഘികള്‍ മുതല്‍ ഇടതന്മാര്‍ വരെയുണ്ടെന്നതാണ് കൗതുകകരം. ദളിതര്‍ക്ക് സംവരണമുള്ളതിനാല്‍ കുറെ പേര്‍ ജയിക്കുന്നു. എന്നാല്‍ ജനറല്‍ സീറ്റുകളില്‍ നിന്നും ദളിതരെ മത്സരിപ്പിക്കാനായി ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Feedback

One thought on “തെരഞ്ഞെടുപ്പിലെ സാമൂഹ്യനീതി

  1. കേരളത്തിളെ ജനസംഖ്യയില്‍ 52 % ഉള്ള സ്ത്രീകള്‍ക്ക് നിയമസഭയില്‍ വെറും 5.7 % പ്രാതിനിത്യം… എന്നാല്‍ 48 % ഉള്ള പുരുഷന്മാര്‍ക്ക് 94.3 %….

    ലോക്സഭയില്‍ സ്ത്രീകള്‍ക്ക് 5%…പുരുഷന്മാര്‍ക്ക് 95 % …

    ഇതെന്തു നീതി ?

Responses to ANIL JOSE

Click here to cancel reply.