എസ്. എഫ്. ഐക്ക് 50,  അരാഷ്ട്രീയമാകുന്ന വിദ്യാര്‍ത്ഥിരാഷ്ട്രീയം

അടിസ്ഥാന രാഷ്ട്രീയ ബോധമുള്ള ഒരു വിദ്യാര്‍ത്ഥിയെപ്പോലും വികസിപ്പിച്ചെടുക്കാന്‍ ഇന്ന് എസ്.എഫ്.ഐ. എന്ന സംഘടനയ്ക്ക് കഴിയുന്നില്ല. ഇതിന് പ്രധാന കാരണം, ക്യാമ്പസിന്റെ പ്രശ്‌നങ്ങളെ നെഞ്ചേറ്റാന്‍ കഴിയുന്ന ഉത്തരവാദിത്വം സംഘടനാ നേതൃത്വത്തിനു നഷ്ടമായതാണ്. ഒരു വിദ്യാര്‍ത്ഥിയുടെ കടമ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും പഠിക്കുക എന്നതാണ് എന്നാണ് ലെനിന്‍ പറഞ്ഞത്. പഠിക്കുക എന്നാല്‍ ലോകത്തെ സമഗ്രമായി പഠിക്കുക എന്നാണ് അര്‍ത്ഥം. എസ്.എഫ്.ഐ. പ്രവര്‍ത്തകരും നേതാക്കളും ലോകത്തെ സമഗ്രമായി പഠിക്കേണ്ടവരാണ്. അവര്‍ പരിസ്ഥിതിയെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വാദര്‍ശങ്ങളെക്കുറിച്ചും അഗാധമായി അറിയേണ്ടവരാണ്.

സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് അമ്പതു വയസ്സായി. 1970-ല്‍ തിരുവനന്തപുരത്ത് ദേശീയ സമ്മേളനം നടത്തിയാണ് സംഘടന രൂപീകരിച്ചത്. പുതിയ ഭരണഘടനയും പുതിയ നയപ്രഖ്യാപനവുമായി പുതിയ ഭൂമിയും പുതിയ ആകാശവും സ്വപ്നം കണ്ട പ്രസ്ഥാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രത്യാശയും പ്രതീക്ഷയുമായിരുന്നു. സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറി ബിമന്‍ ബോസ് ആയിരുന്നു. പ്രഥമ ദേശീയ പ്രസിഡന്റ് സി. ഭാസ്‌കരനായിരുന്നു. അന്നത്തെ സംസ്ഥാന ഘടകത്തിന്റെ ആദ്യ പ്രസിഡ്ന്റ് ജി. സുധാകരനായിരുന്നു. സെക്രട്ടറി സി. പി. അബൂബക്കര്‍.

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന മുദ്രാവാക്യവുമായി ക്യാമ്പസില്‍ കടന്നുവന്ന പ്രസ്ഥാനം ഇന്ത്യയ്ക്ക് ഒരു പുതിയ രാഷ്ട്രീയ ദിശാബോധം നല്‍കുമെന്ന് ഒരുപാട് പേര്‍ കരുതി. ജനാധിപത്യവിരുദ്ധമായിരുന്ന ക്യാമ്പസില്‍ അതിനെതിരെ സര്‍ഗാത്മക പ്രതിഷേധം നടത്താന്‍ എസ്.എഫ്.ഐ.ക്ക് കഴിഞ്ഞു. നിരന്തരം നടത്തിയ പോരാട്ടങ്ങള്‍ ക്യാമ്പസിനെ രാഷ്ട്രീയമായി നവീകരിക്കാന്‍ ശക്തിയുള്ളതായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് അത് വേദി തുറന്നു. അടിയന്തിരാവസ്ഥയില്‍ അതിനെതിരെ പ്രതിഷേധിക്കാന്‍ എസ്.എഫ്.ഐ.യ്ക്ക് കഴിഞ്ഞു. കൊല്ലം എസ്.എന്‍. കോളേജില്‍ സ. രാജീവനെ പോലീസ് ചങ്ങലയ്ക്കിട്ട് ക്യാമ്പസില്‍ ചുറ്റിച്ചു. മഹാരാജാസ് കോളേജില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജീപ്പില്‍ കയറ്റിയ വിദ്യാര്‍ത്ഥി നേതാവ് സ. ജീവന്‍ പോലീസ് വണ്ടിയില്‍ നിന്ന് ചാടിപ്പോയി. തോമസ് ഐസക്കും എം.എ. ബേബിയും കോടിയേരി ബാലകൃഷ്ണനും അക്കാലത്തുയര്‍ന്നു വന്ന നേതാക്കളില്‍ ചിലരാണ്. എസ്.എഫ്.ഐ. രാഷ്ട്രീയ പാഠങ്ങള്‍ പഠിക്കുകയും പരിശീലിക്കുകയും പ്രയോഗിക്കുകയും ചെയ്ത പ്രസ്ഥാനമായിരുന്നു. സാഹസികമായ ഒരു വിപ്ലവ കാല്‍പനീകത അന്നത്തെ എസ്.എഫ്.ഐ.യെ പൊതിഞ്ഞിരുന്നു. നല്ല വണ്ണം പഠിക്കുന്ന, നന്നായി വായിക്കുന്ന, ലോകത്തെക്കുറിച്ച് പുതിയ സ്വപ്നങ്ങള്‍ കണ്ടിരുന്ന വിപ്ലവകാരികളുടെ മേച്ചിലിടമായി അതിനു മാറാന്‍ കഴിഞ്ഞിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മൗലികമായ ആ രാഷ്ട്രീയ കാലത്ത് നിന്ന് ഇന്നത്തെ എസ്.എഫ്.ഐ.യിലേക്കെത്തുമ്പോള്‍ വല്ലാത്ത നിരാശ അനുഭവപ്പെടുന്നു. ഇന്ന് കേരളത്തിലെ ക്യാമ്പസുകള്‍ സര്‍ഗരാഹിത്യം കൊണ്ട് ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ്. കേരളത്തില്‍ ക്യാമ്പസ് ഉണ്ടെന്നുപോലും ആരും തിരിച്ചറിയുന്നില്ല. അത്രമാത്രം അത് നിശബ്ദമാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ രണ്ട് വര്‍ഷം മുമ്പ് സ്വന്തം സഹപാഠികളെ കുത്താന്‍ ഓണ്‍ലൈനില്‍ കത്തി വരുത്തുകയും കുത്തുകയും ചെയ്ത എസ്.എഫ്.ഐ. നേതാവിനെ നമ്മള്‍ കണ്ടതാണ്. തൊണ്ണൂറ്റി എട്ട് ശതമാനം കോളേജുകളും അരാഷ്ട്രീയമാണ്. അവിടെ വായനയില്ല, ചര്‍ച്ചയില്ല, സംവാദമില്ല.

രാഷ്ട്രീയമായി ഷണ്ഡീകരിച്ച ക്യാമ്പസില്‍ മാനേജ്‌മെന്റും സര്‍ക്കാരും സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. ഔദ്യോഗിക സംരക്ഷണത്തോടുകൂടി നടക്കുന്ന തെരഞ്ഞെടുപ്പുകള്‍. ആവര്‍ത്തന സ്വഭാവമുള്ള വിരസമായ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍. ഒട്ടുമിക്ക ക്യാമ്പസ്സും സെന്റ് തെരേസാസ് ക്യാമ്പസിനെപ്പോലെയായി. ഈ അരാഷ്ട്രീയതയെ എസ്.എഫ്.ഐ.യുടെ കൊടികൊണ്ട് പൊതിഞ്ഞുകെട്ടി അതാണ് രാഷ്ട്രീയം എന്ന് പറയുന്ന കെട്ടുകാഴ്ചയിലേയ്ക്ക് നമ്മുടെ കുട്ടികളുടെ രാഷ്ട്രീയ ബോധം മോഹാലസ്യപ്പെട്ടു വീണിരിക്കുന്നു.

അടിസ്ഥാന രാഷ്ട്രീയ ബോധമുള്ള ഒരു വിദ്യാര്‍ത്ഥിയെപ്പോലും വികസിപ്പിച്ചെടുക്കാന്‍ ഇന്ന് എസ്.എഫ്.ഐ. എന്ന സംഘടനയ്ക്ക് കഴിയുന്നില്ല. ഇതിന് പ്രധാന കാരണം, ക്യാമ്പസിന്റെ പ്രശ്‌നങ്ങളെ നെഞ്ചേറ്റാന്‍ കഴിയുന്ന ഉത്തരവാദിത്വം സംഘടനാ നേതൃത്വത്തിനു നഷ്ടമായതാണ്. ഒരു വിദ്യാര്‍ത്ഥിയുടെ കടമ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും പഠിക്കുക എന്നതാണ് എന്നാണ് ലെനിന്‍ പറഞ്ഞത്. പഠിക്കുക എന്നാല്‍ ലോകത്തെ സമഗ്രമായി പഠിക്കുക എന്നാണ് അര്‍ത്ഥം. എസ്.എഫ്.ഐ. പ്രവര്‍ത്തകരും നേതാക്കളും ലോകത്തെ സമഗ്രമായി പഠിക്കേണ്ടവരാണ്. അവര്‍ പരിസ്ഥിതിയെക്കുറിച്ചും സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വാദര്‍ശങ്ങളെക്കുറിച്ചും അഗാധമായി അറിയേണ്ടവരാണ്. പുതിയ വിദ്യാഭ്യാസ നയം എങ്ങും ചര്‍ച്ചചെയ്യാതെ മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചപ്പോള്‍ എസ്.എഫ്.ഐ. നോക്കുകുത്തിയായി നില്‍ക്കുകയായിരുന്നു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ കോര്‍പ്പറേറ്റ് അജണ്ട, അതിന്റെ വര്‍ഗീയ സ്വഭാവം, അത് പ്രസരിപ്പിക്കുന്ന ജനാധിപത്യ വിരുദ്ധത – ഇതിനെതിരെ ഇന്ത്യയില്‍ ആകമാനം പ്രചരണം നടത്തുന്നതില്‍പോലും എസ്.എഫ്.ഐ. പരാജയപ്പെട്ടു.

ക്യാമ്പസിനെ അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള കോര്‍പ്പറേറ്റ് അജണ്ടയെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുന്നതില്‍ എസ്.എഫ്.ഐ.ക്ക് വീഴ്ചപറ്റി. വിദ്യാഭ്യാസ രംഗത്ത് പൊതുവെയും ഉന്നതവിദ്യാഭ്യാസ രംഗത്ത് വിശേഷിച്ചും നിലനില്‍ക്കുന്ന അക്കാദമിക് മുതലാളിത്തം എസ്.എഫ്.ഐ.യുടെ രാഷ്ട്രീയത്തെ നക്കിത്തിന്നു. അക്കാദമിക് മുതലാളിത്തം സൃഷ്ടിക്കുന്ന വാണിജ്യവത്കരണവും വരേണ്യവത്കരണവും വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെയും അതിന്റെ സാമൂഹിക ധര്‍മ്മങ്ങളെയും മൂല്യങ്ങളെയും അട്ടിമറിച്ചു. ലാഭോത്പാദനത്തിനുവേണ്ടിയുള്ള ഒരു ഉല്‍പന്നമായി അവര്‍ വിദ്യാഭ്യാസത്തെ മാറ്റിത്തീര്‍ത്തു. അധികാരോല്‍പാദനത്തിന് അനിവാര്യമായ ഘടകമാണ് വിദ്യാഭ്യാസം എന്നതാണ് അതിന്റെ സാമൂഹിക-രാഷ്ട്രീയ പദവി. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ഭരണകൂടങ്ങളും വിജ്ഞാനോല്‍പാദന കേന്ദ്രങ്ങളും മൂലധനവും തമ്മിലുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണമായി വളര്‍ന്ന് വികസിക്കുകയാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതെല്ലാം തിരിച്ചറിയുന്ന ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനമായി വളരേണ്ട എസ്.എഫ്.ഐ. അര നൂറ്റാണ്ടിനുശേഷം അതിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്നത് അമ്പതുലക്ഷം അംഗസംഖ്യയിലേയ്ക്ക് നടന്നടുക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ്. എസ്.എഫ്.ഐ. കേരള രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും ഏറെ ശ്രദ്ധിക്കപ്പെടാതെ പോകുന്നതുകൊണ്ടാണ് അതിന്റെ സംസ്ഥാന-ദേശീയ നേതാക്കളെ ഏറെ ആരും അറിയപ്പെടാതെ പോകുന്നത്. എസ്.എഫ്.ഐ.യുടെ സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷാണ്. സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവാണ്. വി.പി. സാനു ദേശീയ പ്രസിഡന്റും മയൂഖ് ബി വിശ്വാസ് ദേശീയ ജനറല്‍ സെക്രട്ടറിയുമാണ്. ഇവരെ ആരും അറിയുന്നില്ല. സംഘടനയുടെ അപ്രസക്തതയാണ് അത് വ്യക്തമാക്കുന്നത്. സമൂഹത്തിനെ മാറ്റിപ്പണിയലാണ് രാഷ്ട്രീയ പ്രവര്‍ത്തനം. അതിനുള്ള ശേഷി വിനീഷും സച്ചിന്‍ദേവും സാനുവുമൊന്നും കാണിക്കുന്നില്ല.

കോത്താരി കമ്മീഷന്‍ റിപ്പോര്‍ട്ടും യശ്പാല്‍ കമ്മറ്റി റിപ്പോര്‍ട്ടും അടക്കം ദേശീയ കരിക്കുലം ചട്ടക്കൂടിന്റെ പ്രധാന ലക്ഷ്യം ഇരുപത്തൊന്നാം നൂറ്റാണ്ടിനെ അഭിമുഖീകരിക്കാന്‍ പ്രാപ്തനായ വിദ്യാര്‍ത്ഥിയെ നിര്‍മ്മിക്കലാണ്. സമൂഹത്തില്‍ ഉണ്ടാവുന്ന മൂല്യച്യുതികളെ മറികടക്കാനുള്ള കരുത്ത് വിദ്യാര്‍ത്ഥിക്കുണ്ടാവണം. അതിന് അവന്റെ ക്രിട്ടിക്കല്‍ ഫാക്കല്‍റ്റി വികസിക്കണം. കക്ഷി രാഷ്ട്രീയ നേതാക്കളെ നിര്‍മ്മിക്കുന്ന ഫാക്ടറിയായി എസ്.എഫ്.ഐ. മാറുമ്പോള്‍ അതിന്റെ നേതൃത്വത്തിന്റെ സര്‍ഗശേഷിയുടെ വരിയുടയ്ക്കപ്പെടും. അങ്ങിനെ ഹനുമാന്‍ കോംപ്ലക്‌സ് ബാധിച്ച വാനരക്കൂട്ടമായി അവര്‍ മാറും. അതുകൊണ്ടാണ് എസ്.എഫ്.ഐ. നിശബ്ദ സംഭരണശാലയായി മാറുന്നത്. സംഘടനയ്ക്ക് വേണ്ടത് 50 ആണ്ടിന്റെ മൂപ്പല്ല. അമ്പതാണ്ടിന്റെ പോരാട്ട വീര്യമാണ്. തെറ്റായ കല്‍പനകളെ തള്ളിപ്പറയുക. ശരിയുടെ വഴി തിരിച്ചറിയുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “എസ്. എഫ്. ഐക്ക് 50,  അരാഷ്ട്രീയമാകുന്ന വിദ്യാര്‍ത്ഥിരാഷ്ട്രീയം

  1. Avatar for എന്‍. എം. പിയേഴ്‌സണ്‍

    പ്രകാശൻ

    വിദ്യാർഥി രാഷ്ട്രീയത്തെ മാത്രമായി കുറ്റപ്പെടുത്താനാകുമോ?
    അധ്യാപക സംഘടനകളും പാർട്ടിയും കരിയറിസ്റ്റുകളുടെ താവളമായി മാറുമ്പോൾ കുട്ടികൾ മാത്രം എങ്ങനെ അങ്ങനെ അല്ലാതാകും.
    ഈയിടെ കണ്ട ഒരു ഫേസ്ബുക്ക് പോസ്റ്റ്‌ ഇങ്ങനെ ആയിരുന്നു “ശാഖയിൽ പോയാൽ രാധയാകാം. ബാലസംഘത്തിൽ പോയാൽ മേയറാകാം”ഇതാണോ ബാലസംഗത്തിന്റെ ലക്ഷ്യം
    .

Leave a Reply