സഹോദരന്‍ അയ്യപ്പനും സാമൂഹ്യനീതിയും (ഭാഗം 2)

ഗോള്‍വാള്‍ക്കര്‍ Bunch of Thoughts ല്‍ എഴുതുന്നത്, ജാതിയെ മാത്രം അടിസ്ഥാനമാക്കി പ്രത്യേക പരിഗണനകള്‍ നല്‍കുന്നത്, ഒരു പ്രത്യേക വിഭാഗമെന്ന നിലയില്‍ തുടരുന്നതിലൂടെ അവരില്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുണ്ടാക്കുമെന്നാണ്. അത് ശിഷ്ട സമൂഹവുമായുള്ള അവരുടെ ഉദ്ഗ്രഗ്രഥനത്തിന് ദോഷകരമാണെന്നും ഗോള്‍വാള്‍ക്കര്‍ കരുതുന്നു. നിര്‍ഭാഗ്യവശാല്‍ ഗോള്‍വാള്‍ക്കറുടെ ഈ ആശയമാണ് നവനാസ്തികരെ നയിക്കുന്നത് – സഹോദരന്‍ അയ്യപ്പനും നവനാസ്തികതയും എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം

ഹിന്ദുക്കളുടെ ജാതി സിദ്ധാന്തമനുസരിച്ചുള്ള കര്‍ശനമായ നിയമത്തിന്‍ കീഴില്‍ ആചരിച്ച് പോന്ന അയിത്തം കാരണം ഇന്ത്യക്ക് ഒരിക്കലും ഒരു രാഷ്ട്രമായിത്തീരാന്‍ കഴിയില്ലെന്ന് ദേശീയതയെ സംബന്ധിച്ച പ്രബന്ധത്തില്‍ ടാഗോര്‍ നിരീക്ഷിക്കുന്നുണ്ട്. ജാതി വ്യവസ്ഥയും അതിന്റെ സാംസ്‌കാരിക രൂപങ്ങളുമാണ് ദളിതരെയും ആദിവാസികളെയും പിന്നോക്ക ജാതി വിഭാഗങ്ങളെയും രാഷ്ട്ര ശരീരത്തിലെ അധികാരസ്ഥാനങ്ങളില്‍ നിന്നും ഭരണശക്തിയില്‍ നിന്നും പ്രാതിനിധ്യം നല്‍കാതെ പുറന്തള്ളുന്നതും. ഇങ്ങനെ പുറന്തള്ളപ്പെട്ടതും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളെ ഉള്‍ക്കൊണ്ടാല്‍ മാത്രമേ ജനാധിപത്യം സാര്‍ത്ഥകമാവൂ. ഉള്‍ക്കൊള്ളല്‍ ജനാധിപത്യം പ്രവര്‍ത്തനക്ഷമമാവുന്നത് സംവരണത്തിന്റെ നീതി വാക്യങ്ങള്‍ പാലിക്കപ്പെടുമ്പോള്‍ മാത്രമാണ്. ഇത് മനസ്സിലാക്കണമെങ്കില്‍ സംവരണ രഹിതമായ തൊഴില്‍ മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ മാത്രം മതിയാവും. സംവരണത്തിന്റെ തത്വങ്ങള്‍ പാലിയ്ക്കപ്പെടാത്ത സ്ഥാപനങ്ങളില്‍ അധികാരസ്ഥലികളില്‍ ഭൂരിപക്ഷവും സവര്‍ണ മുന്നോക്ക ജനവിഭാഗങ്ങളായിരിക്കുകയും ദളിതരുടെയും ആദിവാസികളുടെയും പ്രാതിനിധ്യം അവിടെ ശൂന്യമായിരിക്കുകയും ചെയ്യുന്നു.

‘ഭിന്ന സമുദായങ്ങള്‍ ഉള്ള ഒരു രാജ്യത്ത് സര്‍വീസും നിയമസഭകളും എല്ലാ സമുദായങ്ങളുടെയും താല്‍പര്യങ്ങള്‍ ദീക്ഷിക്കത്തക്കവിധത്തിലുള്ള കാര്യക്ഷമതയുള്ളവരായിത്തീരണമെങ്കില്‍ സമുദായ പ്രാതിനിധ്യവാദം ഒഴിച്ചുകൂടാത്ത ആവശ്യമാണ് ‘ എന്ന് സഹോദരന്‍ അയ്യപ്പന്‍ പ്രസ്താവിക്കുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ വേര് കിടക്കുന്നത് ഇന്ത്യന്‍ ജാതി വ്യവസ്ഥയിലാണ്. ഭിന്നസമുദായങ്ങളുള്ള രാജ്യത്ത് എല്ലാ സമുദായങ്ങളുടെയും പ്രാതിനിധ്യം ഭരണ തൊഴില്‍ രംഗങ്ങളില്‍ ഉണ്ടായില്ലെങ്കില്‍ അത്തരം ഭരണരംഗങ്ങള്‍ സവര്‍ണ കുത്തകയായി മാറിത്തീരുമെന്ന് അയ്യപ്പന്‍ തിരിച്ചറിഞ്ഞിരുന്നു. സംവരണമെന്ന സാമുഹ്യ നീതിയുടെ ഈ ജനാധിപത്യ തത്വം സഹോദരന്റെ ചിന്താലോകത്തില്‍ നിറഞ്ഞിരുന്നു എന്നതാണ് നവനാസ്തികരെ ഏറെ പ്രകോപിതരാക്കുന്നത്. എന്തെന്നാല്‍ ഗോള്‍വാള്‍ക്കറെയും സവര്‍ക്കറെയും മറ്റ് ഹിന്ദുത്വ വാദികളെയും പോലെ നവനാസ്തികരും അവരുടെ അപ്പൊസ്തലന്മാരും സംവരണ വിരുദ്ധരാണ്. ഇന്ത്യയില്‍ സംവരണ വിരുദ്ധത കാത്തു സൂക്ഷിക്കുന്നവര്‍ ആരായാലും അവര്‍ ബോധപൂര്‍വമോ അബോധപൂര്‍വമോ ഹിന്ദുത്വ ശക്തികള്‍ക്ക് ഇന്ധനം പകരുകയുമാണ് ചെയ്യുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗോള്‍വാള്‍ക്കര്‍ Bunch of Thoughts ല്‍ എഴുതുന്നത്, ജാതിയെ മാത്രം അടിസ്ഥാനമാക്കി പ്രത്യേക പരിഗണനകള്‍ നല്‍കുന്നത്, ഒരു പ്രത്യേക വിഭാഗമെന്ന നിലയില്‍ തുടരുന്നതിലൂടെ അവരില്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുണ്ടാക്കുമെന്നാണ്. അത് ശിഷ്ട സമൂഹവുമായുള്ള അവരുടെ ഉദ്ഗ്രഗ്രഥനത്തിന് ദോഷകരമാണെന്നും ഗോള്‍വാള്‍ക്കര്‍ കരുതുന്നു. നിര്‍ഭാഗ്യവശാല്‍ ഗോള്‍വാള്‍ക്കറുടെ ഈ ആശയമാണ് നവനാസ്തികരെ നയിക്കുന്നത്. ജാതി സമ്പ്രദായം ഒരു ഹിന്ദു രാഷ്ട്രത്തെ തിരിച്ചറിയാനുള്ള സവിശേഷ അടയാളമാണെന്നും, പ്രകൃതിദത്തമായ അവശ്യ ഘടകമാണ് ജാതിയെന്നും പ്രഖ്യാപിച്ച (Institution in favour of Nationality) വ്യക്തിത്വമാണ് സവര്‍ക്കര്‍. ജാതി വ്യത്യാസം ശാസ്ത്ര വിരുദ്ധവും ദോഷകരവും അനാവശ്യവുമായതുകൊണ്ട് അതിനെ ഇല്ലാതാക്കാന്‍ നിയമവിരുദ്ധമല്ലാത്ത വിധം കഴിയുന്നതൊക്കെ ചെയ്യാമെന്ന് മിശ്രഭോജനത്തില്‍ സത്യവാചകം ചൊല്ലിക്കൊടുത്ത സഹോദരനെ സവര്‍ക്കര്‍ക്ക് തുല്യനായി സാത്മീകരിക്കാന്‍ ചരിത്രത്തില്‍ സമ്പൂര്‍ണ അജ്ഞനായ ഒരാള്‍ക്കേ കഴിയൂ. ഇന്ത്യയെ സവര്‍ണാധിഷ്ഠിതമായ ഒരു ഹൈന്ദവ ബ്രാഹ്മണ രാഷ്ട്രമായി പരിവര്‍ത്തിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ബ്രാഹ്മണ്യശക്തികള്‍ അതിന്റെ മുന്നുപാധിയായാണ് സംവരണം പല നിലകളില്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. സാമ്പത്തിക സംവരണമെന്ന പേരില്‍ നടപ്പാക്കുന്ന മുന്നോക്ക സംവരണം സംവരണത്തിന്റെ സാമൂഹ്യ ലക്ഷ്യങ്ങളെ തകര്‍ക്കുന്നതും സവര്‍ണാധിപത്യത്തിന്‍ കീഴില്‍ ഭരണ അധികാര തൊഴില്‍ ക്രമങ്ങളെ നിലനിര്‍ത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് സഹോദരന്‍ അയ്യപ്പന്റെ സമുദായപ്രാതിനിധ്യവാദത്തിന് പ്രസക്തിയേറുന്നത്.

സംവരണമാണ് ദേശീയ വാദമെന്നും സംവരണത്തിനെതിരായ ദേശീയ വാദം മേല്‍ജാതിക്കാര്‍ നിക്ഷിപ്ത താല്‍പര്യ സംരക്ഷണാര്‍ത്ഥം ഉയര്‍ത്തുന്ന ജാതി സംരക്ഷണവാദം മാത്രമാണെന്നും സഹോദരന്‍ ഊന്നിപ്പറഞ്ഞിരുന്നു. ഉദ്യോഗസ്ഥ സംവിധാനമാണ് ഭരണത്തെ സ്ഥിരമായി നിയന്ത്രിക്കുന്നത്. അതിനാല്‍ എല്ലാ ജാതി വിഭാഗങ്ങള്‍ക്കും ജനസംഖ്യാനുപാതികമായി സംവരണം ഉദ്യോഗങ്ങളിലുണ്ടായേ കഴിയൂ എന്ന് സഹോദരന്‍ പ്രസ്താവിച്ചു. എങ്കില്‍ മാത്രമേ ജാതി നിര്‍മാര്‍ജനം സാധ്യമാവുകയുള്ളുവെന്നും സഹോദരന്‍ ഉദ്‌ഘോഷിച്ചു. സാമുദായിക സംവരണം എന്റെ രാഷ്ട്രീയ സുവിശേഷമാണെന്ന് അയ്യപ്പന്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പശ്ചാത്തലമിതാണ്. ‘ജനങ്ങളെ ഭരിക്കുന്ന ജനങ്ങളുടെ പ്രതിനിധികളാകണമെങ്കില്‍ ഭിന്ന സമുദായങ്ങളുള്ള രാജ്യത്ത് എല്ലാ സമുദായങ്ങളില്‍ നിന്നും കഴിയുന്നതും ഉദ്യോഗസ്ഥന്മാരും നിയമസഭാ മെമ്പര്‍മാരും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ചില സമുദായങ്ങള്‍ മറ്റു സമുദായങ്ങളെ ഭരിക്കുന്നതായി വരും. അത് ജനകീയ ഭരണമല്ല. സമുദായ ഭരണമാണ് ‘ -സഹോദരന്‍ എഴുതി . ഭരണാധികാരത്തിലുള്ള പങ്ക് സമ്പാദിച്ച് ശക്തരാക്കുന്നതിലൂടെ ജാതിക്കെതിരായ പോരാട്ടം ബലപ്പെടുത്താമെന്ന് സഹോദരന്‍ സിദ്ധാന്തിച്ചു. ഭരണരംഗങ്ങളില്‍ പ്രാതിനിധ്യത്തിനായി വാദിക്കുന്നത് ശിഥിലീകരണ പ്രവര്‍ത്തനമായും സ്വത്വവാദമായും വിലയിരുത്തവര്‍ക്ക് സഹോദരന്‍ അന്ന് തന്നെ മറുപടി കൊടുക്കുന്നുണ്ട്. പ്രശ്‌നത്തിന്റെ ഉള്ളില്‍ കടന്നു നോക്കാത്ത സങ്കുചിതവും ഉപരിപ്ലവവുമായ ചിന്താ സമ്പ്രദായം എന്നാണ് സംവരണ വിരുദ്ധാശയങ്ങളുടെ വക്താക്കളെ അയ്യപ്പന്‍ വിശേഷിപ്പിച്ചത്. സംവരണം സമ്പൂര്‍ണമായി റദ്ദാക്കണമെന്ന് താല്‍പ്പര്യപ്പെടുന്ന ഹിന്ദുത്വ വാദികളുടെ ആശയങ്ങളെ ‘വള്ളി പുള്ളി’ വിടാതെ പിന്തുടരുന്ന നവനാസ്തികര്‍ ഹിന്ദുത്വ വാദികളെ പോലെ തന്നെ ഇന്ത്യന്‍ ഭരണഘടനയെ തത്വത്തില്‍ അംഗീകരിക്കാതെ ഒരു നവനാസ്തിക ഉട്ടോപ്പിയ ഭാവന ചെയ്ത് നടപ്പില്‍ വരുത്തുന്ന ബ്രാഹ്മണ്യ സ്വപ്ന ജീവികളാണ്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

‘സമുദായ പ്രാതിനിധ്യം കൊണ്ടു മാത്രം ജനങ്ങളുടെ ശരിയായ പ്രാതിനിധ്യം സാധിക്കാവുന്ന സ്ഥിതിയില്‍ സമുദായ ക്രമമുള്ള രാജ്യത്ത് സമുദായ പ്രാതിനിധ്യമാണ് യാര്‍ത്ഥ ദേശീയത്വം’ എന്ന അയ്യപ്പന്റെ തത്വ വാക്യങ്ങള്‍ ഉയര്‍ത്തിപിടിക്കേണ്ട ചരിത്ര സന്ദര്‍ഭമാണിത്. സംവരണ വിരോധത്തിന്റെ വക്താക്കള്‍ സാമുദായിക പ്രാതിനിധ്യത്തിന്റെ സാമൂഹ്യനീതി ആശയങ്ങള്‍ക്കും ഉള്‍ക്കൊള്ളല്‍ ജനാധിപത്യത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നത്. യഥാര്‍ത്ഥത്തില്‍ സംവരണ വിരോധികള്‍ ഇന്ത്യയുടെ ഭരണക്രമത്തെ സവര്‍ണാധിഷ്ഠിതമാക്കിത്തീര്‍ക്കാനുള്ള യജ്ഞത്തിലാണ് അഹോരാത്രം. ഇത്തരക്കാരെ കണ്ടിട്ടാവാം അയ്യപ്പന്‍ ഒരിക്കല്‍ പറഞ്ഞു: ‘ഇവരുടെ ഡെമോക്രസി പ്രസംഗങ്ങള്‍ കേട്ടു പ്രാതിനിധ്യം കുറഞ്ഞ സമുദായങ്ങള്‍ അടങ്ങിയിരുന്നാല്‍ ആപത്തുണ്ടെന്നുള്ളതിന് ഒരു സംശയവുമില്ല’.

(തുടരും)

also read

സഹോദരന്‍ അയ്യപ്പനും നവനാസ്തികതയും (ഭാഗം 1)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply