അധിനിവേശത്തിന് ന്യായീകരണമൊരുക്കുന്നവരോട് ഖേദപൂര്‍വ്വം…
വെട്ടിപ്പിടുത്തം സ്വാഭാവികമെന്ന അവസ്ഥയില്‍ നിന്ന്, ദേശരാഷ്ട്രങ്ങള്‍ ഉടലെടുത്തതോടെ അവക്ക് അതിര്‍ത്തികളും നിലവില്‍ വരും, വന്നു. എന്നാല്‍ ആ അതിര്‍ത്തികളും ശാശ്വതമല്ല എന്നതാണ് വസ്തുത. അതിര്‍ത്തികള്‍ മാഞ്ഞുപോകുന്ന ഒരു കാലത്തേക്കാണ് ലോകം നീങ്ങുന്നത്, അല്ലെങ്കില്‍ നീങ്ങേണ്ടത്. സാങ്കേതിക വിദ്യകളുടെ വികാസം അതിനു സഹായകരമായ അന്തരീക്ഷമൊരുക്കുന്നുമുണ്ട്. ഒരു രാഷ്ട്രവും ഒരു വിഭാഗം ജനങ്ങളുടെ എന്നു പറയാനാവാത്ത വിധത്തില്‍ മനുഷ്യര്‍ ലോകമെങ്ങും കുടിയേറുകയാണ്. അതൊന്നും തിരിച്ചറിയാതെ മനുഷ്യചരിത്രത്തെ പുറകോട്ടുവലിക്കുന്നതാണ് ഇത്തരത്തിലുള്ള അധിനിവേശങ്ങള്‍ അതു നടത്തുന്നവരുടേയും എന്തിന്റെ പേരിലും അതിനെ പിന്തുണക്കുന്നവരുടേയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും എന്നതില്‍ സംശയമില്ല.
രണ്ടാം ലോകമഹായുദ്ധം ലോകത്തുണ്ടാക്കിയ മാറ്റങ്ങള്‍ ചെറുതല്ല. നേരിട്ടുള്ള സാമ്രാജ്യത്വ അധിനിവേശത്തിനു ഏറെ കുറവുവന്നു എന്നതാണതില്‍ പ്രധാനം. തീര്‍ച്ചയായും പുത്തന്‍ കൊളോണിയലിസം എന്നു വിളിക്കപ്പെടുന്ന പുതിയ രാഷ്ട്രീയ തന്ത്രങ്ങളിലൂടെ സാമ്രാജ്യത്വം അധിനിവേശം പിന്നെയും തുടര്‍ന്നു എന്നത് ശരിയാണ്. പരമാധികാര സ്വതന്ത്ര്യരാഷ്ട്രമെന്ന പ്രതീതി നിലനില്‍ക്കുമ്പോഴും സാമ്പത്തികവും സൈനികവുമടക്കമുള്ള വിവിധ കരാറുകളിലൂടേയും മറ്റും പരോക്ഷമായ അധിനിവേശം നിലനിര്‍ത്താന്‍ സാമ്രാജ്യത്വശക്തികള്‍ ശ്രമിച്ചിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തോടൊപ്പം മറുവശത്ത് സോവിയറ്റ് സോഷ്യല്‍ സാമ്രാജ്യത്വത്തിന്റെ ഉദയമാണ് മറ്റൊന്ന്. ശീതയുദ്ധം എന്നു വിശേഷിക്കപ്പെടുന്ന മത്സരത്തിലൂടെ ഇരു സാമ്രാജ്യത്വശക്തികളും കൂടി ലോകത്തെ വിഭജിച്ചെടുക്കുന്ന കാഴ്ചയാണ് പിന്നീടുള്ള ദശകങ്ങളില്‍ ലോകം കണ്ടത്. ഇവര്‍ പരസ്പരം നേരിട്ട് ഏറ്റുമുട്ടിയില്ലെങ്കിലും മറ്റു രാഷ്ട്രങ്ങളെ തങ്ങളുടെ വരുതിക്കു കീഴിലാക്കുകയായിരുന്നു. നിരവധി തവണ പല രാഷ്ട്രങ്ങളേയും ഈ ശക്തികള്‍ നേരിട്ട് കടന്നാക്രമിക്കുകയും ചെയ്തു. ഈ മത്സരത്തില്‍ വിജയിച്ചത് അമേരിക്കന്‍ സാമ്രാജ്യത്വമായിരുന്നു. സോവിയറ്റ് യൂണിയന്‍ പല രാഷ്ട്രങ്ങളായി ചിന്നിച്ചിതറി. സോവിയറ്റ് ചേരിയിലും ചൈനീസ് ചേരിയിലുമുണ്ടായിരുന്ന സോഷ്യലിസ്റ്റ് എന്നു വിശേഷിക്കപ്പെട്ടിരുന്ന രാജ്യങ്ങളിലെ വ്യവസ്ഥിതിയെല്ലാം ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ഏറെക്കുറെ തകര്‍ന്നു. അമേരിക്കന്‍ സാമ്രാജ്യത്വം ചോദ്യം ചെയ്യാനാവാത്ത ശക്തിയായി. പിന്നീട് നടന്നത് അവരും ചില തീവ്രവാദ മുസ്ലിം സംഘടനകളുമായുള്ള പോരാട്ടങ്ങളായിരുന്നു. അതാകട്ടെ പല രീതിയിലും ഇപ്പോഴും തുടരുന്നു.
ഈ ചരിത്രവുമായി ബന്ധപ്പെടുത്താതെ ഇപ്പോള്‍ റഷ്യ യുക്രൈയിനില്‍ നടത്തുന്ന സൈനിക അധിനിവേശത്തെ കാണാനാകില്ല എന്നത് ശരിയാണ്. അതേസമയം ജനാധിപത്യത്തിനോ സ്വാതന്ത്ര്യത്തിനോ ഒരു സ്ഥാനവുമില്ലാതിരുന്നിട്ടും സോവിയറ്റ് യൂണിയനില്‍ സോഷ്യലിസമാണെന്ന് വിശ്വസിച്ച, എന്തിന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു വിഭാഗം റഷ്യന്‍ അധിനിവേശത്തെ ന്യായീകരിക്കാനായി രംഗത്തിറങ്ങിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ലോകത്തുതന്നെ അത്തരക്കാര്‍ ഏറ്റവും കൂടുതലുള്ള പ്രദേശം കേരളമായിരിക്കും. അമേരിക്കന്‍ സാമ്രാജ്യത്വത്തിനതിരായ സോഷ്യലിസ്റ്റ് പോരാട്ടത്തിന്റെ ഭാഗമായാണ് ഇവര്‍ റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ വ്യാഖ്യാനിക്കുന്നത്. യുദ്ധം ശരിയല്ല എന്ന മുന്‍കൂര്‍ ജാമ്യമെടുത്ത് നിരവധി പക്ഷെകൡലൂടെ ഫലത്തില്‍ ഇവര്‍ ചെയ്യുന്നത് അധിനിവേശത്തിനു പച്ചക്കൊടി കാണിക്കല്‍ തന്നെയാണ്.
ഒരു കാര്യം ശരിയാണ്. ഒരു ഘട്ടത്തില്‍ ഹിറ്റ്‌ലറുമായി ഐക്യത്തിനുപോലും ശ്രമമുണ്ടായെങ്കിലും രണ്ടാംലോകമഹായുദ്ധത്തില്‍ വന്‍ നഷ്ടം നേരിട്ടും ഫാസിസ്റ്റ് ഭീഷണിയെ തടഞ്ഞതില്‍ റഷ്യക്ക് വലിയ പങ്കുണ്ട്. എന്നാല്‍ ഹിറ്റ്‌ലറേക്കാള്‍ ഒരു നിലക്കും മെച്ചമായിരുന്നില്ല സ്റ്റാലിന്‍. സോവിയറ്റ് യൂണിയന്‍ നിലവില്‍ വന്നതുതന്നെ യുക്രൈയനടക്കം വിവിധ രാഷ്ട്രങ്ങളെ ബലമായി കൂട്ടിയോജിപ്പിച്ചായിരുന്നു. അതിനെ എതിര്‍ത്ത ഏഴു മില്യന്‍ യുക്രൈനിയന്‍ എത്തിനിക് വംശജരെയാണ് പട്ടിണിക്കിട്ട് കൊന്നത്. ഹിറ്റ്ലര്‍ക്ക് ജൂതവംശജരെ കൂട്ടകൊലചെയ്യുന്നതിന്റെ മാതൃക അതായിരുന്നു എന്നു വാദിക്കുന്ന ചരിത്രകാരന്മാര്‍ നിരവധിയാണ്. യുദ്ധം അവസാനിച്ചശേഷം ദശകങ്ങളോളം നടന്നത് മുകളില്‍ സൂചിപ്പിച്ചപോലെ ശീതയുദ്ധത്തിന്റെ മറവില്‍ ഇരു സാമ്രാജ്യത്വശക്തികളും ചേര്‍ന്ന് നടത്തിയ അധിനിവേശങ്ങളായിരുന്നു. അതേസമയം മനുഷ്യചരിത്രം ഇന്നോളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയവിപ്ലവമായ ജനാധിപത്യത്തില്‍ നിന്നുള്ള തിരിച്ചുപോക്കായിരുന്നു സോവിയറ്റ് യൂണിയനിലും ചൈനയിലുമടക്കം സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെല്ലാം നിലവില്‍ വന്ന രാഷ്ട്രീയ സംവിധാനം. അധികം വൈകാതെ അനിവാര്യമായത് സംഭവിക്കുകയും ചെയ്തു. ഗോര്‍ബച്ചോവ് ചരിത്രപരമായ അനിവാര്യതയായിരുന്നു. സോവിയറ്റ് യൂമിയന്‍ വിവിധ ദേശരാഷ്ട്രങ്ങളായി വേര്‍പിരിഞ്ഞു. ഇന്ന് റഷ്യയും യുക്രൈയിനും പരമാധികാര സ്വതന്ത്രരാഷ്ട്രങ്ങളാണ്. ഒരുകാലത്ത് സോവിയറ്റ് ഫെഡറേഷന്റെ ഭാഗമായിരുന്നു എന്നതുകൊണ്ട് യുക്രൈന് പരമാധികാരമോ, സ്വന്തം ഭാവി തീരുമാനിക്കാനുള്ള അധികാരമില്ലെന്നാണ് റഷ്യയുടെ ന്യായം. അതാണല്ലോ യുക്രൈയിന്‍ നാറ്റോയില്‍ ചേരുമോ ഇല്ലയോ എന്നതിന്റെ പേരില്‍ ഈ 21-ാം നൂറ്റാണ്ടിലും കാലഹരണപ്പെട്ട സൈനിക അധിനിവേശം നടത്താനുള്ള ഹുങ്ക് അവര്‍ കാണിക്കുന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ജനാധിപത്യം എന്നത് വ്യക്തികള്‍ തമ്മില്‍ മാത്രമല്ല, രാഷ്ട്രങ്ങള്‍ക്കകത്ത് മാത്രമല്ല, രാഷ്ട്രങ്ങള്‍ തമ്മില്‍ തമ്മിലും അനിവാര്യമാണ്. വ്യക്തികള്‍ എല്ലാം തുല്ല്യരാണെന്നു പറയുന്നപോലെ രാഷ്ട്രങ്ങളെല്ലാം തുല്ല്യരാണെന്നതാണ ്അതിന്റെ അടിസ്ഥാനം. എന്നാല്‍ കയ്യുക്കുള്ളവന് അതൊന്നും ബാധകമല്ല എന്ന പ്രാകൃതനിയമമാണ് ഇവിടേയും നിലനില്‍ക്കുന്നത്. ലോകരാഷ്ട്രങ്ങളുടെ പൊതുവേദിയായ ഐക്യരാഷ്ട്രസഭയില്‍പോലും ജനാധിപത്യം നിലവിലില്ല എന്നതിന്റെ തെളിവാണല്ലോ വീറ്റോ അധികാരം. ഇപ്പോഴത്തെ സംഭവത്തില്‍ രക്ഷാസമിതിയിലെ ഒരംഗംപോലും റഷ്യയെ പിന്തുണച്ചില്ലെങ്കിലും റഷ്യതന്നെ തങ്ങള്‍ക്കായി വീറ്റോ പ്രയോഗിക്കുകയാണല്ലോ ഉണ്ടായത്. രാഷ്ട്രങ്ങള്‍ തമ്മിലുള്ള ജനാധിപത്യത്തിനു വിപരീതമാണ് അധിനിവേശം. കാല്‍നൂറ്റാണ്ടായി അധിനിവേശത്തിന് അല്‍പ്പം കുറവുണ്ടെങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴുമത് നിലനില്‍ക്കുന്നു. റഷ്യയുടേയും അമേരിക്കയുടേയുമടക്കം പല രാഷ്ട്രങ്ങളുടേയും നിലനില്‍പ്പുതന്നെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും അധിനിവേശങ്ങളും നിലനിര്‍ത്തുന്ന ആയുധകച്ചവടത്തിലൂടെയാണല്ലോ. എന്നാലും പൊതുവില്‍ പറഞ്ഞാല്‍ ആഗോളവല്‍ക്കരണത്തിന്റെ പുതിയ സാഹചര്യം ദേശരാഷ്ട്രങ്ങളുടെ അതിര്‍ത്തികളുടെ കനം കുറച്ചിട്ടുണ്ട്. ലോകം കൈത്തുമ്പിലൊതുങ്ങുകയും പഠിക്കാനും തൊഴിലിനുമെല്ലാം അനായാസമായി ജനങ്ങള്‍ ലോകത്തെവിടേയും എത്തുകയും മിക്കവാറും നഗരങ്ങളെല്ലാം അനേകമനേകം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരുടെ താമസസ്ഥലമാകുക.യും ചെയ്തതെല്ലാം കുറെ മാറ്റങ്ങള്‍ക്കു കാരണമായി. എന്നാല്‍ അതിനെയൊന്നും വകവെക്കാതെയാണ് പുടിന്‍ ഏറെകാലം ഒരു യൂണിയനില്‍ തങ്ങളുടെ സഹോദരരാഷ്ട്രമായിരുന്ന യുക്രൈയിനുനേരെ അക്രമമഴിച്ചുവിട്ടിരിക്കുന്നത്. ജനാധിപത്യത്തിനു പുല്ലുവില കൊടുക്കാതെ 2036വരെ റഷ്യന്‍ പ്രസിഡന്റായി സ്വയം അവരോധിച്ച പുടിന് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ജനാധിപത്യത്തെ കുറിച്ച് മനസ്സിലാകില്ലല്ലോ.
നാറ്റോവിന്റെ പേരിലുള്ള റഷ്യയുടെ അധിനിവേശത്തിന്റെ ലക്ഷ്യം ചെറുതല്ല എന്നു വിശ്വസിക്കുന്നവര്‍ നിരവധിയാണ്. യുക്രൈയിനുശേഷം സോവിയറ്റ് യൂണിയനിലുണ്ടായിരുന്ന പഴയ രാഷ്ട്രങ്ങളേയും കൈപ്പിടിയലൊതുക്കി, ചൈനയും മറ്റുമായി മികച്ച ബന്ധം സ്ഥാപിച്ച് പഴയ സോഷ്യല്‍ സാമ്രാജ്യത്വം പുനസ്ഥാപിക്കലാകാം അത്. അതുവഴി ലോകം ഒന്നടങ്കം സംഘര്‍ഷമുനയില്‍ എത്തുകയായിരിക്കും ഫലം. ഇതുപോലും തിരിച്ചറിയാതെയാണ് കേരളത്തിലെ പല ഇടതുപക്ഷക്കാരും പഴയ ചരിത്രമെല്ലാം അയവിറക്കി, യുദ്ധം ‘വേണ്ടണം’ എന്നു പറഞ്ഞ് റഷ്യന്‍ അധിനിവേശത്തെ പരോക്ഷമായി പിന്തുണക്കുന്നത്. യുക്രൈയിനില്‍ നിന്നു കേട്ടുകൊണ്ടിരിക്കുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ രോദനത്തില്‍ നിന്നുപോലും, പഴയ ലോകമല്ല ഇന്നത്തേത് എന്നിവര്‍ മനസ്സിലാക്കുന്നില്ല. സിപിഎം പുറത്തിറക്കിയ പ്രസ്താവനയുടേയും ഉള്ളടക്കം മറ്റൊന്നല്ല എന്നതാണ് ഖേദകരം. ജനാധിപത്യം അംഗീകരിക്കാത്ത ഒരു രാഷ്ട്രീയസംവിധാനത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ജനാധിപത്യവും മനസ്സിലാകുകയില്ലല്ലോ. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പേരില്‍ ന്യായീകരിക്കാവുന്ന ഒന്നല്ല യുക്രൈയിന്‍ ജനതക്കുനേരെയുള്ള ഈ കടന്നാക്രമണം. മാനവികതക്കായും സാര്‍വ്വദേശീയതക്കായും നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്നവര്‍ക്ക് എങ്ങനെയതിനു കഴിയുന്നു എന്നതാണ് അത്ഭുതം.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടും ആഗോളജനാധിപത്യം എന്ന സങ്കല്‍പ്പത്തിന് യോജിക്കുന്നതല്ല. കൊട്ടിഘോഷിക്കുന്ന ചേരിചേരാനയത്തിന്റെ പേരില്‍ മുമ്പും നിര്‍ണ്ണായക വിഷയങ്ങളില്‍ നിലപാടെടുക്കാത്ത ചരിത്രം ഇന്ത്യക്കുണ്ട്. ഇപ്പോഴിതാ രക്ഷാസമിതിയിലെ മിക്കരാഷ്ട്രങ്ങളും റഷ്യന്‍ നടപടിയെ എതിര്‍ത്തിട്ടും ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരിക്കുന്നു. ഒരു വശത്ത് റഷ്യയും മറുവശത്ത് അമേരിക്കയും നമ്മുടെ സുഹൃത്തുക്കളാണെന്ന വാദമാണ് അതിനായി സര്‍ക്കാര്‍ ഉയര്‍ത്തിയത്. എന്നാലിത് സൗഹൃദത്തിന്റെ പ്രശ്‌നമല്ല, അധിനിവേശത്തിനെതിരായ നിലപാടിന്റെ പ്രശ്‌നമാണെന്നാണ് കേന്ദ്രം മനസ്സിലാക്കേണ്ടിയിരുന്നത്. ഇപ്പോഴിതാ അത്തരം നിലപാടെടുക്കാത്തതിന്റെ തിക്തഫലങ്ങള്‍ നേരിടുന്നത് യുക്രൈയിനിലെ മലയാളിവിദ്യാര്‍ത്ഥികളടക്കമുള്ള ഇന്ത്യക്കാരാണ്. യുക്രൈയിന്‍ സൈന്യവും ജനങ്ങളും അവര്‍ക്ക് രക്ഷപ്പെടാനുള്ള അവസരങ്ങള്‍ നിഷേധിക്കുന്നു എന്ന വാര്‍ത്തയാണ് വരുന്നത്.
വെട്ടിപ്പിടുത്തം സ്വാഭാവികമെന്ന അവസ്ഥയില്‍ നിന്ന്, ദേശരാഷ്ട്രങ്ങള്‍ ഉടലെടുത്തതോടെ അവക്ക് അതിര്‍ത്തികളും നിലവില്‍ വരും, വന്നു. എന്നാല്‍ ആ അതിര്‍ത്തികളും ശാശ്വതമല്ല എന്നതാണ് വസ്തുത. അതിര്‍ത്തികള്‍ മാഞ്ഞുപോകുന്ന ഒരു കാലത്തേക്കാണ് ലോകം നീങ്ങുന്നത്, അല്ലെങ്കില്‍ നീങ്ങേണ്ടത്. സാങ്കേതിക വിദ്യകളുടെ വികാസം അതിനു സഹായകരമായ അന്തരീക്ഷമൊരുക്കുന്നുമുണ്ട്. ഒരു രാഷ്ട്രവും ഒരു വിഭാഗം ജനങ്ങളുടെ എന്നു പറയാനാവാത്ത വിധത്തില്‍ മനുഷ്യര്‍ ലോകമെങ്ങും കുടിയേറുകയാണ്. അതൊന്നും തിരിച്ചറിയാതെ മനുഷ്യചരിത്രത്തെ പുറകോട്ടുവലിക്കുന്നതാണ് ഇത്തരത്തിലുള്ള അധിനിവേശങ്ങള്‍ അതു നടത്തുന്നവരുടേയും എന്തിന്റെ പേരിലും അതിനെ പിന്തുണക്കുന്നവരുടേയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും എന്നതില്‍ സംശയമില്ല.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in